ജനിതക ശാസ്ത്രം വിധിച്ചു; മനുഷ്യകുലം ഒരൊറ്റ ഉറവിടത്തില്‍ നിന്ന്

ടി പി എം റാഫി

മനുഷ്യകുലത്തെ ഒരു പിതാവിന്റെയും മാതാവിന്റെയും സന്തതികളായി വിവരിച്ചപ്പോള്‍ ശാസ്ത്രത്തിന്റെ ഉത്തരങ്ങള്‍ വേറിട്ടുനിന്നു.

നുഷ്യന്റെ ആവിര്‍ഭാവം എങ്ങനെയായിരുന്നു? വിശുദ്ധ ഖുര്‍ആന്‍ അടക്കമുള്ള പ്രധാന വേദഗ്രന്ഥങ്ങള്‍, മനുഷ്യകുലത്തെ ഒരു പിതാവിന്റെയും മാതാവിന്റെയും സന്തതികളായി വിവരിച്ചപ്പോള്‍ ശാസ്ത്രത്തിന്റെ ഉത്തരങ്ങള്‍ വേറിട്ടുനിന്നു.

അതുകൊണ്ടുതന്നെ ആധുനിക ജീവശാസ്ത്രത്തോടു പുറംതിരിഞ്ഞുള്ള കാഴ്ചപ്പാടായി പലരും മതദര്‍ശനങ്ങളെ വിലയിരുത്തി. എന്നാല്‍ ജനിതക ശാസ്ത്രം അതിന്റെ ആഴങ്ങളിലേക്കു കടന്നപ്പോള്‍, മതാത്മക വീക്ഷണങ്ങളോട് നന്നായി സാദൃശ്യം പുലര്‍ത്തുന്ന പുതിയ നിഗമനത്തിലേക്ക് ശാസ്ത്രലോകം വളരുകയാണ്.

''മനുഷ്യരേ, നിങ്ങളെ ഒരേ അസ്തിത്വത്തില്‍ നിന്നു സൃഷ്ടിക്കുകയും അതില്‍ നിന്നുതന്നെ അതിന്റെ ഇണയെ സൃഷ്ടിക്കുകയും അവര്‍ ഇരുവരില്‍ നിന്നുമായി ഒട്ടേറെ പുരുഷന്മാരെയും സ്ത്രീകളെയും വ്യാപിപ്പിക്കുകയും ചെയ്ത രക്ഷിതാവിനെ നിങ്ങള്‍ സൂക്ഷിക്കുവിന്‍'' (അന്നിസാഅ് 1).

സ്ത്രീകളുമായി ബന്ധപ്പെട്ട ഒരുപാടു വിഷയങ്ങള്‍ പ്രതിപാദിക്കുന്ന അധ്യായമായതുകൊണ്ടായിരിക്കാം ഇതിനു 'സ്ത്രീകള്‍' (നിസാഅ്) എന്നാണ് പേരിട്ടത്. ഇതിലെ ആദ്യ വചനം തന്നെ ഏറ്റവും പൂര്‍വികയായ പൊതുമാതാവിലേക്ക് നീളുന്നതു കാണാം.

മനുഷ്യര്‍ക്ക് ഒരു പൊതു ഉദ്ഭവം ഉണ്ടെന്ന് ജനിതക ശാസ്ത്ര ഗവേഷണങ്ങള്‍ തെളിയിക്കുന്നു. മൈറ്റോകോണ്‍ഡ്രിയല്‍ ഡിഎന്‍എ പഠനങ്ങള്‍ വെളിപ്പെടുത്തുന്നത്, ലോകം മുഴുവന്‍ വ്യാപിച്ചുകിടക്കുന്ന മനുഷ്യരാശി വളരെ പൗരാണികയായ ഒരു സ്ത്രീയുടെ ജനിതക പാതയില്‍ നിന്നു മാത്രമാണ് പിറവിയെടുത്തത് എന്ന വിസ്മയിപ്പിക്കുന്ന യാഥാര്‍ഥ്യമാണ്.

ശാസ്ത്ര ഗവേഷകര്‍ ഇതിനെ 'മൈറ്റോകോണ്‍ഡ്രിയല്‍ ഹവ്വ' (Mitochondrial Eve) എന്നു പേരിട്ടു. ഓരോ മനുഷ്യനിലേക്കും മാതാവിലൂടെ മാത്രമാണ് മൈറ്റോകോണ്‍ഡ്രിയല്‍ ഡിഎന്‍എ പാരമ്പര്യം കൈമാറുന്നത്. പുരുഷന്മാരിലൂടെ അതു പകരുന്നില്ല.

മകള്‍ക്ക് അമ്മയില്‍ നിന്ന്, അവര്‍ക്ക് അവരുടെ അമ്മയില്‍ നിന്ന് ഈ കോണി പൂര്‍വികയായ ഒരു മാതാവിലേക്ക് കയറിപ്പോകുന്നു. അതുപോലെ പിതൃവഴിയിലെ ജനിതക രേഖകളെ 'വൈ-ക്രോമോസോമല്‍ ആദം' (ഥഇവൃീാീീൊമഹ അറമാ) എന്നു വിളിക്കുന്നു.

മൈറ്റോകോണ്‍ഡ്രിയല്‍ ഹവ്വ

മൈറ്റോകോണ്‍ഡ്രിയ എന്നത് മനുഷ്യ കോശങ്ങള്‍ക്കുള്ളില്‍ കാണുന്ന സൂക്ഷ്മ ഊര്‍ജോല്‍പാദന കേന്ദ്രങ്ങളാണ്. 1987ല്‍ കാലിഫോര്‍ണിയ സര്‍വകലാശാലയിലെ ജെനറ്റിസ്റ്റുകള്‍ നടത്തിയ ഡിഎന്‍എ വിശകലനത്തിലൂടെ ലഭിച്ചത് വിപ്ലവകരമായ അറിവാണ്. മൈറ്റോകോണ്‍ഡ്രിയല്‍ ഡിഎന്‍എക്ക് ചില സവിശേഷതകളുണ്ട്.

ഇത് നേരത്തെ സൂചിപ്പിച്ചതുപോലെ, അമ്മയില്‍ നിന്നു മാത്രമാണ് കുട്ടികളിലേക്ക് പകരുന്നത്. കാന്‍ സ്റ്റോനെകിങ്ങും വിത്സണും (1987, Nature) വ്യത്യസ്ത ഭൂപ്രദേശങ്ങളിലെ 147 ജനവിഭാഗങ്ങളില്‍ നിന്നുള്ള മൈറ്റോകോണ്‍ഡ്രിയല്‍ ഡിഎന്‍എ പഠനവിധേയമാക്കി. എല്ലാവരുടെയും ജനിതക പാതകള്‍ ഒരു പൊതുസ്രോതസ്സിലേക്കാണ് മടങ്ങിയത്.

ഹ്യൂമന്‍ ജീനോം പ്രോജക്ട് (2001), ആധുനിക മനുഷ്യരുടെ ജനിതകവൈവിധ്യം ആഫ്രിക്കയിലാണ് ഏറ്റവും കൂടുതലെന്നു കണ്ടെത്തി. മനുഷ്യ വംശത്തിന്റെ തറവാട് ആഫ്രിക്കയാണെന്ന് ഇതു സൂചിപ്പിക്കുന്നു. എംഐടി, ഹാര്‍വാഡ് എന്നീ സര്‍വകലാശാലകള്‍ നടത്തിയ പഠനങ്ങള്‍ (2010) നമ്മുടെ ആദിമരായ ഹോമോസാപ്പിയന്‍സിന്റെ വ്യാപനം ഏതാണ്ട് 60,000 വര്‍ഷങ്ങള്‍ക്കു മുമ്പായിരിക്കണം എന്ന നിഗമനത്തിലെത്തി.

'ഒരൊറ്റ സത്തയില്‍ നിന്നുതന്നെ നിങ്ങളെ സൃഷ്ടിച്ചുണ്ടാക്കിയവനാണവന്‍. അതില്‍നിന്നുതന്നെ അതിന്റെ ഇണയെയും അവനുണ്ടാക്കി, അവളോടൊത്ത് അവന്‍ സമാധാനമടയാന്‍ വേണ്ടി. അങ്ങനെ അവന്‍ അവളെ പ്രാപിച്ചപ്പോള്‍ അവള്‍ ലഘുഭാരം വഹിച്ചു. എന്നിട്ട് അവളതുമായി നടന്നു.

പിന്നീട് അവള്‍ക്ക് ഭാരം കൂടിവന്നപ്പോള്‍ അവരിരുവരും രക്ഷിതാവിനോടു പ്രാര്‍ഥിച്ചു' (7:189). ഖുര്‍ആനിലെ 'ഒരൊറ്റ സത്ത' എന്ന പദപ്രയോഗം മനുഷ്യ വംശത്തിന്റെ 'ഏക ജനിതക ഉറവിടം' എന്ന ശാസ്ത്ര സങ്കല്‍പത്തോട് അക്ഷരാര്‍ഥത്തില്‍ യോജിച്ചുനില്‍ക്കുന്നു.

മൈറ്റോകോണ്‍ഡ്രിയോണും ഡിഎന്‍എയും

നമ്മുടെ കോശങ്ങളില്‍ ഊര്‍ജം ഉല്‍പാദിപ്പിക്കുന്ന 'ഓര്‍ഗനെല്ലസ്' ആണ് മൈറ്റോകോണ്‍ഡ്രിയ. അവയ്ക്കു സ്വന്തമായി ന്യൂക്ലിയസിലെ ഡിഎന്‍എയില്‍ നിന്നു വേറിട്ടുനില്‍ക്കുന്ന വര്‍ത്തുളാകൃതിയിലുള്ള ചെറു ഡിഎന്‍എയുണ്ട്. മനുഷ്യരില്‍ മൈറ്റോകോണ്‍ഡ്രിയല്‍ ഡിഎന്‍എ മാതാവില്‍ നിന്നാണ് സിക്താണ്ഡത്തിലേക്ക് കൈമാറുന്നത്.

പിതാവിന്റെ ബീജത്തില്‍ നിന്ന് ഈ മേഖലയില്‍ കാര്യമായ സംഭാവനയില്ല. ഇതിനര്‍ഥം മൈറ്റോകോണ്‍ഡ്രിയല്‍ ഡിഎന്‍എക്ക് മാതാവിന്റേതിനോടാണ് സാദൃശ്യം എന്നാണ്. മാതാവിന് അവരുടെ മാതാവിനോടും. ഇങ്ങനെ 'ജനിതക ട്രീ'യിലൂടെ കയറിയാല്‍ അവയെല്ലാം പ്രാക്തനയായ ഒരേയൊരു മാതാവില്‍ സംഗമിക്കുന്നുവെന്ന് ജനിതക പഠനങ്ങള്‍ വ്യക്തമാക്കുന്നു.

മൈറ്റോകോണ്‍ഡ്രിയല്‍ ഡിഎന്‍എക്ക് ന്യൂക്ലിയാര്‍ ഡിഎന്‍എയേക്കാള്‍ വേഗത്തില്‍ പരിവര്‍ത്തനങ്ങള്‍ സംഭവിക്കുന്നു. ഈ മ്യൂട്ടേഷന്‍ നിരക്ക് ആധാരമാക്കിയാണ് ജനിതക ശാസ്ത്രജ്ഞര്‍ മനുഷ്യരാശിയുടെ 'മോളിക്യുലാര്‍ ക്ലോക്ക്' വിഭാവനം ചെയ്തത്.

ആദം അഥവാ ആദ്യ പുരുഷന്‍

'മൈറ്റോകോണ്‍ഡ്രിയല്‍ ഹവ്വ' പോലെ പുരുഷനില്‍ നിന്നു പാരമ്പര്യമായി പകര്‍ന്നുകിട്ടുന്ന 'വൈ' ക്രോമോസോം പഠിച്ചപ്പോള്‍ അതും ഒരൊറ്റ പൂര്‍വിക പുരുഷനിലേക്ക് കയറിപ്പോകുന്നുണ്ടെന്നു മനസ്സിലാക്കി. 'വൈ-ക്രോമോസോമല്‍ ആദം' എന്നതുകൊണ്ട് അര്‍ഥമാക്കുന്നതും മറ്റൊന്നല്ല. വൈ-ക്രോമോസോം പിതാവില്‍ നിന്ന് മകനിലേക്കാണ് പകരുന്നത്.

അതില്‍ നടക്കുന്ന ചെറിയ മ്യൂട്ടേഷനുകള്‍ തലമുറകളിലൂടെ 'പിതൃരേഖ' പിന്തുടരാന്‍ സഹായിക്കുന്നു. മൈറ്റോകോണ്‍ഡ്രിയല്‍ ഡിഎന്‍എ, വൈ-ക്രോമോസോം, ഓട്ടോസോമല്‍ ഡിഎന്‍എ എന്നിവയെല്ലാം പൂര്‍വികമായ ഏക ഉറവിടത്തിലേക്കാണ് നമ്മെ കൊണ്ടുചെന്നെത്തിക്കുന്നത്. ഈ MRCA (Most Recent Common Ancestor) ശാസ്ത്രലോകത്ത് വിസ്മയം വിതറുകയാണ്.

മൈക്കേല്‍ ഹാമ്മര്‍ (യൂണിവേഴ്‌സിറ്റി ഓഫ് അരിസോണ, 1995) ലോകത്തെ വിവിധ ജനതതികളില്‍ നിന്നുള്ള പുരുഷ വൈ-ക്രോമോസോം പഠിച്ചപ്പോള്‍ അവരുടെ ജനിതക വീഥി ഒരു പൊതുപിതാവിലേക്ക് വിരല്‍ ചൂണ്ടുന്നതായി കണ്ടെത്തി.

അമേരിക്കന്‍ ജേണല്‍ ഓഫ് ഹ്യൂമന്‍ ജെനറ്റിക്‌സ് 2011ല്‍ പ്രസിദ്ധീകരിച്ച ക്രുസിയാനിയുടെ പ്രബന്ധം വ്യക്തമാക്കുന്നത്, ആ ആദിമ പിതാവിന്റെയും ജന്മഗേഹം ആഫ്രിക്കയാണ് എന്നുതന്നെയാണ്. പിന്നീട് നടത്തിയ Whole Y sequencing (2013, University of Stanford) പഠനങ്ങള്‍ ആ പ്രാക്തന ചരിത്രത്തിലേക്കുള്ള വാതായനങ്ങള്‍ തുറന്നിടുന്നു.

'ഔട്ട് ഓഫ് ആഫ്രിക്ക' സിദ്ധാന്തം

ജനിതക ശാസ്ത്രവും പുരാവസ്തു ശാസ്ത്രവും കൈകോര്‍ത്തപ്പോള്‍ ലഭിച്ച ഏറ്റവും ശക്തമായ അറിവ് ഇതാണ്: 'ഹോമോസാപിയന്‍സ് ആഫ്രിക്കയില്‍ നിന്നാണ് ഉദ്ഭവിച്ചത്. പിന്നീടാണ് ലോകം മുഴുവന്‍ വ്യാപിച്ചത്.' ഹ്യൂമന്‍ ജീനോം ഡൈവേഴ്സിറ്റി പ്രോജക്ട് (1999-2005) ആഫ്രിക്കന്‍ ജനവിഭാഗങ്ങളില്‍ കൂടുതല്‍ ജനിതക വൈവിധ്യം കണ്ടെത്തി.

എത്യോപ്യ, കെനിയ എന്നിവിടങ്ങളില്‍ നിന്നു വീണ്ടെടുത്ത ഓമോ കിബിഷ്, ഹെര്‍ട്ടോമന്‍ എന്നീ മനുഷ്യ ഫോസിലുകള്‍ ഏറ്റവും പ്രാചീനരായ മനുഷ്യ സമൂഹങ്ങളുടെ ചുരുളഴിക്കുന്നു. ഏതാണ്ട് 60,000 വര്‍ഷം മുമ്പ് നമ്മുടെ പൂര്‍വികരായ 'ഹോമോസാപിയന്‍സ്' ആഫ്രിക്കയില്‍ നിന്ന് ഏഷ്യയിലേക്കും യൂറോപ്പിലേക്കും പടര്‍ന്നു. (അത്യാധുനികരായ നമ്മള്‍ 'ഹോമോസാപിയന്‍സ് സാപിയന്‍സ്' എന്നാണ് അറിയപ്പെടുന്നത്).

ഈ കുടിയേറ്റത്തെയാണ് 'ഔട്ട് ഓഫ് ആഫ്രിക്ക മൈഗ്രേഷന്‍' എന്നു വിളിക്കുന്നത്. ഈ ജീവിതസപര്യയിലൂടെയാണ് ഇന്നത്തെ ഏഷ്യക്കാരും യൂറോപ്യന്മാരും ഓസ്‌ട്രേലിയന്‍ ആബോറിജിനലുകളും ഉദ്ഭവിച്ചത്. ഖുര്‍ആന്‍ വ്യക്തമാക്കുന്നു: 'നിങ്ങള്‍ക്കു നാം ഭൂമിയില്‍ സ്വാധീനം നല്‍കുകയും നിങ്ങള്‍ക്ക് അവിടെ നാം ജീവിതമാര്‍ഗങ്ങള്‍ സംവിധാനിക്കുകയും ചെയ്തിരിക്കുന്നു' (7:10).

'വാനലോകങ്ങളുടെയും ഭൂമിയുടെയും സ്രഷ്ടാവാകുന്നു അവന്‍. നിങ്ങള്‍ക്കു വേണ്ടി നിങ്ങളുടെ വംശത്തില്‍ നിന്നുതന്നെ അവന്‍ ഇണകളെ പടച്ചു. അതിലൂടെ നിങ്ങളെ അവന്‍ സൃഷ്ടിച്ച് വര്‍ധിപ്പിക്കുന്നു' (42:11).

കാലത്തിന്റെ ജനിതക മണിക്കൂറുകള്‍

മനുഷ്യന്റെ ജനിതക വിവരശേഖരം തലമുറകളിലൂടെ സൂക്ഷ്മമായ പരിവര്‍ത്തനങ്ങള്‍ക്കു വിധേയമാകുന്നുണ്ട്. ഈ 'മ്യൂട്ടേഷനു'കള്‍ മാനവ ചരിത്രകാലം കൃത്യമായി അടയാളപ്പെടുത്തുന്നു. 'മോളിക്യുലാര്‍ ക്ലോക്ക്' എന്ന ആശയം ഇതാണ്.

ഡിഎന്‍എയില്‍ ഓരോ തലമുറയിലും കുറച്ച് ബേസ് പെയറുകള്‍ മാറ്റത്തിനു വിധേയമാകുന്നുണ്ട്. ഉദാഹരണത്തിന്, 100 മില്യണ്‍ ബേസ് പെയറുകളില്‍ ശരാശരി ഒന്ന് എന്ന നിരക്കിലാണ് ഇതു നടക്കുന്നത്. ഈ നിരക്ക് പ്രയോജനപ്പെടുത്തി ശാസ്ത്രജ്ഞര്‍ തലമുറകളുടെ ഉള്‍പ്പിരിവുകളുടെ കാലഘട്ടം ഗണിച്ചെടുക്കുന്നു. കിമുറ എന്ന ജനിതക ശാസ്ത്രജ്ഞനാണ് ഈ ഘടികാരം വിഭാവനം ചെയ്തത്.

ഹ്യൂമന്‍ മ്യൂട്ടേഷന്‍ കണ്‍സോര്‍ഷ്യം (2012, ചമൗേൃല) പ്രസിദ്ധീകരിച്ച പ്രബന്ധം മനുഷ്യരില്‍ ഓരോ തലമുറയിലും ശരാശരി 60 പുതിയ മ്യൂട്ടേഷനുകള്‍ സംഭവിക്കുന്നുവെന്ന് വ്യക്തമാക്കുന്നു. മനുഷ്യന്‍ വളരുന്നത് ഘട്ടംഘട്ടമായാണെന്ന് പ്രബന്ധം അഭിപ്രായപ്പെടുന്നു.

'നിങ്ങള്‍ക്കെന്തു പറ്റി? അല്ലാഹുവിന് ഒരു ഗാംഭീര്യവും നിങ്ങള്‍ പ്രതീക്ഷിക്കുന്നില്ല. നിങ്ങളെ അവന്‍ പല ഘട്ടങ്ങളിലായി സൃഷ്ടിച്ചിരിക്കുന്നു' (71:13,14). 'അല്ലാഹു നിങ്ങളെ ഭൂമിയില്‍ ഒരു മുളയ്ക്കല്‍ മുളപ്പിച്ചിരിക്കുന്നു. പിന്നെ അതിലേക്കുതന്നെ നിങ്ങളെ അവന്‍ മടക്കുകയും നിങ്ങളെ ഒരിക്കല്‍ അവന്‍ പുറത്തുകൊണ്ടുവരികയും ചെയ്യും' (71:17,18). ഇതിലെ 'ഘട്ടംഘട്ടമായി' എന്ന പദപ്രയോഗം, മനുഷ്യവംശത്തിന്റെ ക്രമപ്രവൃദ്ധമായ ജനിതക പരിവര്‍ത്തനത്തിലേക്കും വളര്‍ച്ചയിലേക്കും സൂചന നല്‍കുന്നു.

നിയാണ്ടര്‍താലുകള്‍, ഡെനിസോവകള്‍

ആധുനിക മനുഷ്യരുടെ (Homo Sapiens) 'മുന്‍ഗാമി'കളായി അതിപ്രാചീന യുഗങ്ങളില്‍ പടിഞ്ഞാറന്‍ ഏഷ്യയിലും യൂറോപ്പിലും നിയാണ്ടര്‍താലുകള്‍ എന്ന മര്‍ത്ത്യകുലം ഉണ്ടായിരുന്നു. അവര്‍ക്ക് ഹോമോസാപിയന്‍സുമായി സാദൃശ്യമുണ്ടെങ്കിലും ബന്ധമില്ലെന്ന് പലരും കരുതി. സ്വാന്റോ പാബോ (മാക്‌സ് പ്ലാങ്ക് ഇന്‍സ്റ്റിറ്റ്യൂട്ട്, 2010) നിയാണ്ടര്‍താലുകളുടെ ജീനോം പൂര്‍ണമായി ഡീകോഡ് ചെയ്തു.

'മൈറ്റോകോണ്‍ഡ്രിയല്‍ ഹവ്വ' പോലെ പുരുഷനില്‍ നിന്നു പാരമ്പര്യമായി പകര്‍ന്നുകിട്ടുന്ന 'വൈ' ക്രോമോസോം ഒരൊറ്റ പൂര്‍വിക പുരുഷനിലേക്കാണ് കയറിപ്പോകുന്നത്.

ഈ നൊബേല്‍ ജേതാവ് വ്യക്തമാക്കുന്നത്, യൂറോപ്യന്മാരിലും ഏഷ്യക്കാരിലും ഒന്നു മുതല്‍ നാലു വരെ ശതമാനം ഡിഎന്‍എ ബന്ധം നിയാണ്ടര്‍താലുമായി നിലനില്‍ക്കുന്നുവെന്നാണ്. അതായത്, ഹോമോസാപിയന്‍സ് ആഫ്രിക്കയില്‍ നിന്നു കുടിയേറിയപ്പോള്‍ നിയാണ്ടര്‍താലുമായി അല്‍പമെങ്കിലും മിശ്രജനനം (Interbreeding) നടന്നിരുന്നുവെന്ന്.

ദക്ഷിണേഷ്യന്‍ ജനതയുടെയും മെലനേഷ്യന്‍ ദ്വീപുവാസികളുടെയും ഡിഎന്‍എയില്‍ ഡെനിസോവ എന്ന മറ്റൊരു അതിപ്രാചീന മനുഷ്യവംശത്തിന്റെ കൈമുദ്രകളും കണ്ടെത്തിയിട്ടുണ്ട്. നിയാണ്ടര്‍താലുകളും ഡെനിസോവകളും ഹോമോസാപിയന്‍സുകളെപ്പോലെ പ്രതിഭാധനരായിരുന്നില്ലെന്ന നിഗമനത്തിനാണ് ശാസ്ത്രത്തിന്റെ പിന്‍ബലമുള്ളത്.

നമ്മെക്കാള്‍ വലുതും (1500 സി സി) കരുത്തുള്ളതുമായ മസ്തിഷ്‌കം അവര്‍ക്കുണ്ടായിരുന്നുവെങ്കിലും മസ്തിഷ്‌കത്തിന്റെ വലിയ ഭാഗവും ദൃഷ്ടിസജ്ജീകരണത്തിനും ശരീരനിയന്ത്രണത്തിനും മാത്രമാണ് പ്രയോജനപ്പെട്ടത്. അതുകൊണ്ടുതന്നെ ചരിത്രത്തില്‍ ഹോമോസാപിയന്‍സുകളെപ്പോലെ ധൈഷണികമായി അവര്‍ വളര്‍ന്നില്ല.

ശാസ്ത്രസാങ്കേതികവിദ്യകളിലും ഭാഷാസങ്കേതങ്ങളിലും ഭാവനാസമ്പന്നതയിലും അവര്‍ വളരെ പിന്നിലായിരുന്നു. കലകളിലും കാല്‍പനിക ചിന്തകളിലും സ്വത്വപ്രകാശനത്തിലും സര്‍ഗാത്മക രചനകളിലും അവര്‍ ചരിത്രത്തില്‍ ഒന്നുമായിരുന്നില്ല.

നിയാണ്ടര്‍താലുകള്‍ അക്രമാസക്തരും പരസ്പരം കലഹിക്കുന്നവരും രക്തം ചിന്തുന്നവരുമായിരുന്നുവെന്ന് ഫോസില്‍ പഠനങ്ങള്‍ സൂചിപ്പിക്കുന്നു. സ്‌പെയിനിലെ എല്‍ സിഡ്രോണ്‍, ഫ്രാന്‍സിലെ മൂല-ഗെര്‍സി തുടങ്ങിയ നിയാണ്ടര്‍താല്‍ താവളങ്ങളില്‍ നിന്നു കണ്ടെത്തിയ അവരുടെ അസ്ഥികളില്‍ ധാരാളം ചതവുകളും ക്ഷതങ്ങളും നിരീക്ഷിക്കുകയുണ്ടായി. നരഭോജനം അവരില്‍ പതിവായിരുന്നു. ഇതിനു പുറമെ ആചാരപരമായ നരഭോജനവും അവര്‍ നടത്തിയിരുന്നു.

ഖുര്‍ആന്‍ ചിത്രീകരിക്കുന്നത് കാണുക: 'നിന്റെ രക്ഷിതാവ് മലക്കുകളോടു പറഞ്ഞ സന്ദര്‍ഭം: ഞാന്‍ ഭൂമിയില്‍ ഖലീഫയെ (പിന്‍ഗാമിയെ) നിയമിക്കാന്‍ പോകുന്നു. അവര്‍ പറഞ്ഞു: അവിടെ അവ്യവസ്ഥ ഉണ്ടാക്കുകയും രക്തം ചൊരിയുകയും ചെയ്യുന്നവരെയാണോ നീ നിയമിക്കുന്നത്? ഞങ്ങളാകട്ടെ, നിന്നെ സ്തുതിക്കുകയും പ്രകീര്‍ത്തിക്കുകയും പരിശുദ്ധപ്പെടുത്തുകയും ചെയ്യുന്നവരാണല്ലോ. അല്ലാഹു പ്രതിവചിച്ചു: നിങ്ങള്‍ അറിയാത്തത് ഞാനറിയുന്നു' (2:30).

ഈ പ്രതീകാത്മക ചോദ്യത്തില്‍, മലക്കുകള്‍ എന്തുകൊണ്ടായിരിക്കാം ആശങ്കയറിയിച്ചത്? മനുഷ്യനെ സൃഷ്ടിക്കാന്‍ പോകുന്നു എന്നു കേട്ട മാത്രയില്‍ അവര്‍ ഭൂമിയില്‍ അക്രമാസക്തരാകുമെന്നും പരസ്പരം രക്തം ചൊരിയുമെന്നും അവര്‍ എങ്ങനെ മനസ്സിലാക്കി? ഭൂമിയിലെ 'മുന്‍ഗാമി'കളെപ്പോലെ ഇവരുമായേക്കാമെന്ന ന്യായമായ സംശയത്തില്‍ നിന്നാണ് മലക്കുകള്‍ ഈ ചോദ്യമുന്നയിച്ചതെന്ന് പ്രമുഖ ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ അഭിപ്രായപ്പെടുന്നു.

മനുഷ്യരാശിയെ ആകെ ഉള്‍ക്കൊള്ളുന്ന വര്‍ഗനാമമാവാം 'ഖലീഫ' എന്ന ഏകവചനം. മുന്‍ഗാമിയിലെ പൈതൃകങ്ങള്‍ അവനില്‍ സ്വാഭാവികമായും കണ്ടേക്കാമല്ലോ. എല്ലാ ചരാചരങ്ങളും ദൈവിക നിയമത്തിന് തീര്‍ത്തും കീഴ്‌പെടുന്നവരാണെങ്കിലും മനുഷ്യനു മാത്രം ഇച്ഛാസ്വാതന്ത്ര്യമുണ്ടെന്ന് ഖുര്‍ആന്‍ അസന്ദിഗ്ധമായി വ്യക്തമാക്കുന്നു.

മനുഷ്യനെന്ന സവിശേഷ സൃഷ്ടിക്ക്, ആ നിലയ്ക്ക് ഏതു വിതാനത്തിലേക്കും ഉയരാനും താഴാനും കഴിയും. വിവേചനാധികാരമുള്ള, ധിഷണാശാലികളായ പൂര്‍ണ മനുഷ്യനെയാണ് 'ഖലീഫ' എന്ന പദം കൊണ്ട് ഖുര്‍ആന്‍ പ്രതിനിധാനം ചെയ്യുന്നത്.

'ആദമിന്റെ മക്കളെ നാം ആദരിച്ചിരിക്കുന്നു' (17:70) എന്ന ഖുര്‍ആന്റെ വിശേഷണത്തിന് ഒട്ടേറെ അര്‍ഥതലങ്ങളുണ്ട്. മനുഷ്യനു മുമ്പില്‍ സാഷ്ടാംഗം പ്രണമിക്കണം (38:72) എന്നു പോലും അല്ലാഹു മലക്കുകളോട് കല്‍പിക്കുന്നുണ്ട്. ഉത്തരവാദിത്തം ഏറ്റെടുക്കാനുള്ള മനുഷ്യന്റെ പ്രാപ്തിയെയും (33:72) ഖുര്‍ആന്‍ എടുത്തുകാട്ടുന്നു.

അല്ലാഹു 'ആദമിന് എല്ലാറ്റിന്റെയും പേരും പൊരുളും പഠിപ്പിച്ചു' (2:31), 'മനുഷ്യനെ അവന്‍ പേന കൊണ്ടു പഠിപ്പിച്ചു' (96:4), അവന് ആവിഷ്‌കാര വൈഭവം (ബയാന്‍) പ്രദാനം ചെയ്തു (റഹ്മാന്‍ 4) എന്നൊക്കെയുള്ള ഖുര്‍ആന്‍ പരാമര്‍ശങ്ങള്‍ മനുഷ്യവംശത്തെ മൊത്തത്തില്‍ ഉദ്ദേശിച്ചുള്ളതാണ്.

ഖുര്‍ആന്‍ വ്യാഖ്യാതാവ് യൂസുഫലി എഴുതുന്നു: 'മനുഷ്യനെന്ന രക്ഷാധികാരിക്ക് വേണ്ടത്ര ഉള്‍ക്കാഴ്ചയും കഴിവും പ്രാപ്തിയും ഇല്ലായിരുന്നുവെങ്കില്‍, വിശ്വം മുഴുവന്‍ വിസമ്മതിച്ച വിശ്വസ്ത ദൗത്യം (അമാനത്ത്) ഏറ്റെടുക്കാനാവില്ലല്ലോ. ഭൂമിയിലെ സംരക്ഷണാധികാരം മനുഷ്യനു മാത്രം പതിച്ചുനല്‍കുന്ന അല്ലാഹുവിന് അവന്റെ കാര്യശേഷിയിലും വിവേചനാധികാരത്തിലും നൈതികബോധത്തിലും പ്രതീക്ഷയുണ്ടെന്നര്‍ഥം.' മലക്കുകള്‍ക്കു മനസ്സിലാകാതെ പോയതും 'ഖലീഫ'യില്‍ ഒളിഞ്ഞിരിക്കുന്ന ഈ മഹാ സത്യമാണ്.

ജനിതക 'ജാതകം'

മനുഷ്യന്‍ മഹാ സമസ്യയാണ്. അവന്റെ കോശങ്ങളിലെ പാരമ്പര്യത്തിന്റെ 'ബ്ലൂപ്രിന്റു'കളായ ഡിഎന്‍എ തെളിയിക്കുന്നത് എന്താണ്? വംശം, ഭാഷ, വര്‍ണം എന്നീ വ്യത്യാസങ്ങള്‍ വെറും ഭൗതികമാണ് എന്നല്ലേ? ജീനോം അപഗ്രഥനം മറച്ചുവെക്കാനാവാത്ത സത്യമാണ് നമ്മെ ബോധ്യപ്പെടുത്തുന്നത്:

'നാം ഒരൊറ്റ കുടുംബമാണ്, ഒരേയൊരു ജനിതക ഉറവിടത്തില്‍ നിന്നു പൊട്ടിമുളച്ചവര്‍.' ഇന്നു ഗവേഷകര്‍ക്ക് ഇതു ലോകത്തോടു വിളിച്ചുപറയാന്‍ ഒട്ടും സന്ദേഹമില്ല. ഇക്കാര്യം തന്നെയാണ് വിശുദ്ധ ഖുര്‍ആന്‍ പേര്‍ത്തും പേര്‍ത്തും നമ്മെ ബോധ്യപ്പെടുത്തുന്നത്: 'ആകാശഭൂമികളുടെ സൃഷ്ടിപ്പിലും നിങ്ങളുടെ ഭാഷകളുടെയും വര്‍ണങ്ങളുടെയും വൈവിധ്യത്തിലും സൂക്ഷ്മജ്ഞാനമുള്ളവര്‍ക്ക് ഒട്ടേറെ ദൃഷ്ടാന്തങ്ങളുണ്ട്' (30:22).

'മനുഷ്യരേ, നിങ്ങളെ ഒരു പുരുഷനില്‍ നിന്നും ഒരു സ്ത്രീയില്‍ നിന്നുമാണ് നാം സൃഷ്ടിച്ചിരിക്കുന്നത്. നിങ്ങള്‍ പരസ്പരം തിരിച്ചറിയാന്‍ വേണ്ടി നിങ്ങളെ നാം വിവിധ വംശങ്ങളും ഗോത്രങ്ങളുമാക്കി. അല്ലാഹുവിന്റെ അടുത്ത് ഏറ്റവും ഉത്തമന്മാര്‍ സൂക്ഷ്മശാലികളായ മനുഷ്യരാണ്' (49:13).


ടി പി എം റാഫി വർഷങ്ങളായി ശബാബ് വാരികയിൽ എഴുതുന്നു. ഖുർആൻ വൈജ്ഞാനിക മേഖലയാണ് ഇഷ്ടവിഷയം. ആനുകാലികങ്ങളിൽ ശാസ്ത്ര മേഖലയിലെ വിവിധ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു. അഞ്ചു പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്.