ന്യൂട്ടന്റെ ചലനനിയമങ്ങള്‍ വെച്ച് രവിചന്ദ്രന്‍ മഹാവിസ്‌ഫോടന സിദ്ധാന്തത്തെ അപഗ്രഥിക്കാന്‍ ശ്രമിച്ചത്, സാമാന്യം ശാസ്ത്രജ്ഞാനമുള്ള യുക്തിവാദികളെപ്പോലും ചിരിപ്പിച്ചിട്ടുണ്ടാകും. 'ബാഹ്യബലം ഏല്‍ക്കുന്നതുവരെയും ഒരു വസ്തു അതിന്റെ വിശ്രമാവസ്ഥയിലോ ഏകതാനമായ സഞ്ചാരത്തിലോ തന്നെ നിലനില്‍ക്കും' എന്ന ന്യൂട്ടന്റെ ഒന്നാം ചലനനിയമം കൊണ്ടാണ് ബിഗ്ബാങ് വിശദീകരിക്കാന്‍ ഈ മനുഷ്യന്‍ പാടുപെട്ടത് !
കോഴിക്കോട് നടന്ന, സി രവിചന്ദ്രനും ശുഹൈബ് ഹൈതമിയും തമ്മിലുള്ള സംവാദത്തില്‍ നിന്നാണ് (ലിറ്റ്മസ്-24) നാസ്തികര്‍ കാലങ്ങളായി കൊണ്ടുനടക്കുന്ന കാലഹരണപ്പെട്ട പ്രപഞ്ചവീക്ഷണം വീണ്ടും മറനീക്കി പുറത്തുവന്നത്. പ്രകോപനങ്ങളില്‍ വശംവദനാകാതെ ഹൈതമിയാണ് അന്നു വേദിയില്‍ നിറഞ്ഞുനിന്നതെന്നത് നിഷ്പക്ഷപതികള്‍ സമ്മതിക്കാതിരിക്കില്ല. രവിചന്ദ്രനെപ്പോലുള്ളവര്‍ മുന്നോട്ടുവെക്കുന്ന, ആധുനിക ഭൗതികശാസ്ത്രത്തെ അവഹേളിക്കുന്ന തരത്തിലുള്ള ചിന്തകള്‍ വിലയിരുത്തുകയാണ് ഈ ലേഖനത്തിന്റെ ലക്ഷ്യം.