നോമ്പുകാരന്റെ ഇരട്ട സന്തോഷം


അല്ലാഹുവിനു മാത്രം അറിയാന്‍ കഴിയുന്ന വ്രതം എടുത്ത ആള്‍ക്ക്, അവന്‍ ധാരാളമായി പ്രതിഫലം നല്‍കുന്നു എന്നത്രേ അല്ലാഹുവിലേക്ക് നോമ്പിനെ ചേര്‍ത്തിപ്പറഞ്ഞതിന്റെ താല്പര്യം.

عن أبي هريرة رضي الله عنه أن رسول الله صلى الله عليه وسلم قال: (قال الله عز وجل: كل عمل ابن آدم له إلا الصيام؛ فإنه لي وأنا أجزي به، والصيام جنّة، وإذا كان يوم صوم أحدكم فلا يرفث، ولا يصخب، فإن سابّه أحد أو قاتله فليقل: إني امرؤ صائم، والذي نفس محمد بيده لخلوف فم الصائم أطيب عند الله من ريح المسك، للصائم فرحتان يفرحهما: إذا أفطر فرح، وإذا لقي ربه فرح بصومه) رواه البخاري ومسلم.

മഹോന്നതനായ അല്ലാഹു പറഞ്ഞതായി അബൂഹുറയ്‌റ പറയുന്നു: നബി പറഞ്ഞു: ആദം സന്തതികളുടെ കര്‍മങ്ങളെല്ലാം അവന്റേതാണ്, നോമ്പൊഴികെ. അത് എനിക്കുള്ളതാണ്. ഞാനാണ് അതിന് പ്രതിഫലം നല്‍കുക. നോമ്പ് ഒരു പരിചയാണ്. നിങ്ങളിലാരെങ്കിലും നോമ്പുകാരനായിരിക്കുന്ന ദിവസം അവന്‍ ഭാര്യാഭര്‍തൃ സംസര്‍ഗത്തില്‍ ഏര്‍പ്പെടരുത്. ആരെങ്കിലും അവനോട് വഴക്കിടുകയോ അവനെ ചീത്തവിളിക്കുകയോ ചെയ്താല്‍ ഞാന്‍ നോമ്പുകാരനാണെന്ന് അവന്‍ പറഞ്ഞുകൊള്ളട്ടെ. മുഹമ്മദിന്റെ ആത്മാവ് ആരുടെ കൈയിലാണോ അവനാണ് സത്യം, നോമ്പുകാരന്റെ വായയുടെ ഗന്ധം അല്ലാഹുവിന്റെയടുക്കല്‍ കസ്തൂരിയുടെ വാസനയെക്കാള്‍ സുഗന്ധമായിരിക്കും. നോമ്പുകാരന് രണ്ട് സന്തോഷാവസരങ്ങളുണ്ട്. നോമ്പു തുറക്കുമ്പോള്‍ അവന്‍ സന്തോഷിക്കുന്നു. തന്റെ നാഥനെ കണ്ടുമുട്ടുമ്പോള്‍ തന്റെ നോമ്പു കൊണ്ട് അവന്‍ സന്തോഷിക്കും (ബുഖാരി).

ഇസ്‌ലാമിന്റെ പഞ്ചസ്തംഭങ്ങളില്‍ ഒന്നായ നോമ്പിനെ അല്ലാഹുവിലേക്ക് ചേര്‍ത്തിപ്പറഞ്ഞതിലൂടെ അതിനെ മഹത്വവത്കരിക്കുകയാണ്. മനുഷ്യന്‍ ചെയ്യുന്ന ഓരോ കര്‍മവും അവന്റെ രക്ഷയ്ക്കു വേണ്ടിയുള്ളതാണ്. അല്ലാഹുവാണ് അതിന് പ്രതിഫലം നല്‍കുന്നത്.

എന്നാല്‍ നോമ്പിനെ പ്രത്യേകമായി അല്ലാഹുവിലേക്ക് ചേര്‍ത്തിപ്പറഞ്ഞിരിക്കുന്നതില്‍ നിന്ന് ആ കര്‍മത്തിന്റെ പ്രത്യേകത മനസ്സിലാക്കാം. ഒരാള്‍ നോമ്പുകാരനാണെന്നു മനസ്സിലാക്കാന്‍ പുറമേ കാണുന്ന ഒരു മാര്‍ഗവുമില്ല. അല്ലാഹുവിനു മാത്രം അറിയാന്‍ കഴിയുന്ന ആ കര്‍മത്തിന് അല്ലാഹു ധാരാളമായി പ്രതിഫലം നല്‍കുന്നു എന്നത്രേ അല്ലാഹുവിലേക്ക് ആ കര്‍മത്തെ ചേര്‍ത്തിപ്പറഞ്ഞതിന്റെ ഉദ്ദേശ്യം.

ഒരാള്‍ നോമ്പുകാരനാണോ അല്ലയോ എന്നത് മറ്റൊരാള്‍ക്കും മനസ്സിലാക്കാന്‍ സാധിക്കില്ല എന്നിരിക്കെ അയാള്‍ നോമ്പുകാരനാവുന്നത് അല്ലാഹുവിന്റെ പ്രീതി മാത്രം ലക്ഷ്യം വെച്ചുകൊണ്ടാവുമല്ലോ. പ്രകടനപരതയുടെ യാതൊരു ലാഞ്ഛനയും അതില്‍ ഉള്‍പ്പെടുകയില്ല തന്നെ.

അതുകൊണ്ടുതന്നെ ആ നോമ്പുകാരന്റെ മനസ്സില്‍ കാപട്യം കടന്നുകൂടുകയില്ല. വഴക്കും വക്കാണവുമില്ലാതെ, ഏഷണിയും പരദൂഷണവുമില്ലാതെ, കളിവാക്കുകളും കുത്തുവാക്കുകളുമില്ലാതെ, നല്ല വാക്കുകളിലൂടെ, നല്ല പ്രവൃത്തികളിലൂടെ വ്രതം പൂര്‍ത്തിയാക്കുന്നവനു സന്തോഷത്തിന്റെ ധാരാളം അവസരങ്ങള്‍ കാത്തിരിക്കുന്നുവെന്ന് ഈ വചനം പഠിപ്പിക്കുന്നു.

നോമ്പുകാരന്റെ വായയുടെ ഗന്ധം പോലും അല്ലാഹുവിന്റെ അടുക്കല്‍ കസ്തൂരിയുടെ ഗന്ധമായി അനുഭവപ്പെടുമെന്ന് പറഞ്ഞതിന്റെ പൊരുള്‍ തന്നെ നോമ്പുകാരന് അല്ലാഹുവിന്റെ അരികില്‍ ലഭിക്കുന്ന പരിഗണനയെ സൂചിപ്പിക്കുന്നു. ഇരട്ടസന്തോഷത്തിനുടമയാണ് നോമ്പുകാരന്‍.

അതിലൊന്ന് നോമ്പ് തുറക്കുമ്പോള്‍ അവനുണ്ടാവുന്ന ആശ്വാസത്തിന്റെയും ദാഹം ശമിച്ചതിലുള്ള സൗഖ്യത്തിന്റേതുമാണെങ്കില്‍ ഒരു വ്യക്തിയുടെ ഏറ്റവും മഹത്തായ അനുഗ്രഹം തന്റെ സ്രഷ്ടാവിനെ കണ്ടുമുട്ടുകയെന്നതത്രേ. ആ സന്തോഷം നോമ്പുകാരന് ലഭിക്കുമെന്ന സന്ദേശം ഈ നബിവചനം നല്‍കുന്നു.


എം ടി അബ്ദുൽ ഗഫൂർ കോഴിക്കോട് പുന്നശ്ശേരി സ്വദേശി. കോഴിക്കോട് സര്‍വകലാശാലയില്‍ നിന്ന് ബിരുദവും അലീഗര്‍ മുസ്ലിം യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബിരുദാനന്തര ബിരുദവും നേടി. സാമൂഹ്യ സാംസ്‌കാരിക വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളില്‍ സജീവം. ഹയര്‍ സെക്കന്‍ഡറി അധ്യാപകന്‍