ശുപാർശ പറയുന്ന ഖുർആൻ


വിശ്വാസ-കര്‍മ-ധര്‍മ വിഷയങ്ങളെ ചേര്‍ത്തുവെക്കുന്ന ഈ അധ്യായങ്ങള്‍ ഇഹത്തിലും പരത്തിലും വിശ്വാസികള്‍ക്ക് ഗുണം ചെയ്യും.

عن أبي أمامة قال: سمعت رسول الله صلى الله عليه وسلم يقول: " اقرؤوا القرآن، فإنه يأتي يوم القيامة شفيعا لأصحابه، اقرؤوا الزهراوين: البقرة وسورة آل عمران، فإنهما يأتيان يوم القيامة كأنهما غمامتان، أو كأنهما غيايتان ١، أو كأنهما فرقان من طير صواف، يحاجان لصاحبهما ; اقرؤوا سورة البقرة، فإن أخذها بركة، وتركها حسرة، ولا تستطيعها البطلة "

അബൂഉമാമ അല്‍ബാഹിലി പറയുന്നു: നബി പറഞ്ഞു: നിങ്ങള്‍ ഖുര്‍ആന്‍ വായിക്കുക. തീര്‍ച്ചയായും അത് അന്ത്യദിനത്തില്‍ അതിന്റെ ഉടമസ്ഥര്‍ക്ക് ശുപാര്‍ശ പറയും. പ്രശോഭിതമായ രണ്ട് അധ്യായങ്ങള്‍ അല്‍ബഖറയും ആലുഇംറാനും നിങ്ങള്‍ വായിക്കുക. കാരണം തീര്‍ച്ചയായും അവ രണ്ടും തണലിട്ടുകൊടുക്കുന്ന മേഘങ്ങളായി വരും, അല്ലെങ്കില്‍ അണിയായി പറക്കുന്ന പക്ഷികളുടെ രണ്ട് വിഭാഗമായി വരും. എന്നിട്ട് അവയുടെ ആളുകള്‍ക്കു വേണ്ടി വാദിച്ചുകൊണ്ടിരിക്കും. നിങ്ങള്‍ അല്‍ബഖറ വായിക്കുക. തീര്‍ച്ചയായും അത് സ്വീകരിക്കുന്നത് അനുഗ്രഹമാണ്. അത് ഉപേക്ഷിക്കുന്നത് നഷ്ടവുമാണ്. അലസതയുള്ളവര്‍ക്ക് അത് സാധിക്കുകയില്ല'' (മുസ്‌ലിം).

ഖുര്‍ആന്‍ പഠനത്തെയും അതിന്റെ പ്രാധാന്യത്തെയും സൂചിപ്പിക്കുന്ന തിരുവചനമാണിത്. മാനവരാശിക്ക് ദിശ നിര്‍ണയിച്ചു നല്‍കുന്ന ഈ വേദഗ്രന്ഥം ഹൃദയത്തോട് ചേര്‍ത്തുവെക്കുന്നവര്‍ക്ക് ലഭിക്കുന്ന ആശ്വാസവും പ്രതിഫലവും മഹത്തരമത്രേ.

ഇരുട്ടില്‍ നിന്ന് വെളിച്ചത്തിലേക്ക് നയിക്കുന്ന വിശുദ്ധ വേദത്തിന്റെ പൊരുളറിഞ്ഞ് അതിനെ സമീപിക്കാനും ജീവിതത്തില്‍ വിജയം കൈവരിക്കാനും നമുക്ക് പ്രേരണയാണീ തിരുവചനം: ''തീര്‍ച്ചയായും ഈ ഖുര്‍ആന്‍ ഏറ്റവും ശരിയായതിലേക്ക് വഴി കാണിക്കുകയും സത്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുന്ന സത്യവിശ്വാസികള്‍ക്ക് വലിയ പ്രതിഫലമുണ്ട് എന്ന സന്തോഷവാര്‍ത്ത അറിയിക്കുകയും ചെയ്യുന്നു'' (17:9) എന്ന ഖുര്‍ആനിന്റെ പ്രസ്താവന ഈ കാര്യത്തിലേക്ക് സൂചന നല്‍കുന്നു.

എല്ലാ കാര്യത്തിനും വ്യക്തത നല്‍കുന്നതും സന്മാര്‍ഗവും കാരുണ്യവുമായ ഈ വിശുദ്ധ ഗ്രന്ഥത്തിന്റെ നിര്‍ദേശങ്ങള്‍ പഠിക്കുകയും പ്രാവര്‍ത്തികമാക്കുകയും അതുമായി മനസ്സ് ചേര്‍ത്തുവെക്കുകയും ചെയ്യുകയെന്നത് വിജയത്തിന്റെ വഴിയായി ഈ വചനം പരിചയപ്പെടുത്തുന്നു.

ഓരോരുത്തരും അവനവന്റെ കാര്യത്തില്‍ വ്യാകുലചിത്തനാവുന്ന അന്ത്യദിനത്തില്‍ ഖുര്‍ആന്‍ അത് പിന്‍പറ്റിയവര്‍ക്ക് ശുപാര്‍ശയായിരിക്കും എന്നത് സമാശ്വാസത്തിന്റെ നീരുറവയത്രേ.

ഖുര്‍ആനിലെ അധ്യായങ്ങള്‍ക്ക് ഓരോന്നിനും പ്രത്യേകമായ സവിശേഷതകള്‍ പല സന്ദര്‍ഭങ്ങളിലും പറഞ്ഞതുപോലെ ഈ വചനത്തില്‍ അല്‍ബഖറ, ആലുഇംറാന്‍ എന്നീ അധ്യായങ്ങളെ പ്രത്യേകം പ്രതിപാദിച്ചിരിക്കുന്നു. വിശ്വാസ-കര്‍മ-ധര്‍മ വിഷയങ്ങളെ ചേര്‍ത്തുവെക്കുന്ന ഈ അധ്യായങ്ങള്‍ ഇഹത്തിലും പരത്തിലും വിശ്വാസികള്‍ക്ക് ഗുണം ചെയ്യും.

യാതൊരു തണലുമില്ലാത്ത ദിനത്തില്‍ ആശ്വാസത്തിന്റെ തണല്‍ വിരിച്ചുകൊണ്ട് മേഘങ്ങള്‍ സംരക്ഷണമേകുന്ന, പക്ഷികള്‍ ചിറകു വിരിക്കുന്ന ഹൃദ്യമായ അനുഭവങ്ങളെക്കുറിച്ച് വിവരിക്കുന്നതിലൂടെ വിശുദ്ധ ഖുര്‍ആനുമായി ഹൃദയബന്ധം ചാര്‍ത്തുന്നതിനു പ്രേരിപ്പിക്കുന്ന ഈ തിരുവചനം ഒരിക്കലും നഷ്ടപ്പെടാത്ത അനുഗൃഹീതമായ ജീവിതം നയിക്കാന്‍, കുഴപ്പത്തിലായതിനെ നന്നാക്കിയെടുക്കാന്‍ വിശുദ്ധ ഖുര്‍ആനെ ചേര്‍ത്തുവെക്കുകയാണ് പരിഹാരമെന്ന് സന്ദേശം നല്‍കുന്നു.


എം ടി അബ്ദുൽ ഗഫൂർ കോഴിക്കോട് പുന്നശ്ശേരി സ്വദേശി. കോഴിക്കോട് സര്‍വകലാശാലയില്‍ നിന്ന് ബിരുദവും അലീഗര്‍ മുസ്ലിം യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബിരുദാനന്തര ബിരുദവും നേടി. സാമൂഹ്യ സാംസ്‌കാരിക വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളില്‍ സജീവം. ഹയര്‍ സെക്കന്‍ഡറി അധ്യാപകന്‍