عن أبي هريرة رضي الله عنه قال : قال رسول الله صلى الله عليه وسلم : كل سلامى من الناس عليه صدقة ، كل يوم تطلع فيه الشمس : تعدل بين اثنين صدقة، وتعين الرجل في دابّته فتحمله عليها أو ترفع له متاعه صدقة، والكلمة الطيبة صدقة، وبكل خطوة تمشيها إلى الصلاة صدقة، وتميط الأذى عن الطريق صدقة ( رواه البخاري ومسلم)
അബൂഹുറയ്‌റ(റ) പറയുന്നു: നബി(സ) പറഞ്ഞിരിക്കുന്നു: സൂര്യനുദിക്കുന്ന എല്ലാ ദിനത്തിലും മനുഷ്യരുടെ ഓരോ സന്ധികള്‍ക്കും ധര്‍മം ചെയ്യാനുണ്ട്. രണ്ടാളുകള്‍ക്കിടയില്‍ നീതി നടപ്പാക്കുന്നത് ധര്‍മമാകുന്നു. ഒരാളെ അദ്ദേഹത്തിന്റെ യാത്രാമൃഗത്തിന്റെ മേല്‍ കയറാന്‍ സഹായിക്കുകയോ യാത്രാ വിഭവങ്ങള്‍ അതിന്മേല്‍ കയറ്റിവെക്കാന്‍ സഹായിക്കുകയോ ചെയ്യുന്നത് ധര്‍മമാകുന്നു. നല്ല വാക്ക് ദാനമാകുന്നു. നമസ്‌കാരത്തിലേക്കുള്ള ഓരോ ചവിട്ടടികളും ധര്‍മമാകുന്നു. വഴിയില്‍ നിന്ന് ഉപദ്രവം നീക്കുന്നതും ധര്‍മമാകുന്നു. (ബുഖാരി, മുസ്‌ലിം)
സമ്പത്തുകൊണ്ട് മാത്രമല്ല, ശരീരം കൊണ്ടും മനസ്സുകൊണ്ടും ദാനം എന്ന പുണ്യപ്രവൃത്തി നിര്‍വഹിക്കാമെന്ന് ഈ ഹദീസ് നമ്മെ പഠിപ്പിക്കുന്നു. ദൈവസ്മരണ, സഹാനുഭൂതി, സഹായമനസ്ഥിതി തുടങ്ങിയവയെല്ലാം ദാനധര്‍മങ്ങളത്രെ. നമ്മുടെ ശരീരം അല്ലാഹു നല്കിയ മഹത്തായ അനുഗ്രഹമാണ്. അതിന് അല്ലാഹുവിനോട് നന്ദി ചെയ്യുക എന്നത് അവനോടുള്ള ബാധ്യതയത്രെ. നന്ദി പ്രകടനം നാവുകൊണ്ട് മാത്രമല്ല, മനസ്സുകൊണ്ടും ശരീരം കൊണ്ടും നിര്‍വഹിക്കാവുന്നതാണ്.
മനുഷ്യര്‍ തമ്മിലുള്ള സാഹോദര്യബന്ധം പ്രധാനമാണ്. സൗഹൃദത്തിനും സ്‌നേഹത്തിനും കോട്ടം തട്ടുന്ന ഒന്നും അവരില്‍ നിന്നുണ്ടാവാന്‍ പാടില്ല. നീതിയുടെ വാക്ക് ഉച്ചരിച്ചും നീതിപൂര്‍വം തീര്‍പ്പ് കല്‍പിച്ചും അവര്‍ക്കിടയില്‍ യോജിപ്പുണ്ടാക്കുന്നത് ദൈവകാരുണ്യത്തിന് കാരണമാകുന്ന ധര്‍മമാകുന്നു. ‘സത്യവിശ്വാസികള്‍ പരസ്പരം സഹോദരങ്ങളാകുന്നു. അതിനാല്‍ നിങ്ങളുടെ രണ്ട് സഹോദരങ്ങള്‍ക്കിടയില്‍ നിങ്ങള്‍ രഞ്ജിപ്പുണ്ടാക്കുക. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും ചെയ്യുക. നിങ്ങള്‍ക്ക് കാരുണ്യം ലഭിച്ചേക്കാം” (വി.ഖു 49:10)
തന്റെ സഹോദരന്റെ ആവശ്യങ്ങള്‍- അതെത്ര ചെറുതായാലും- നിര്‍വഹിക്കാന്‍ അവനെ സഹായിക്കുന്നത് പുണ്യകര്‍മമാണ്. തന്റെ വാഹനത്തില്‍ സഹോദരനും കൂടി സൗകര്യമൊരുക്കുന്നതും സഹോദരനെ അവന്റെ വാഹനത്തില്‍ കയറാന്‍ സഹായിക്കുന്നതും അവന്റെ കൈവശമുള്ള സാധനങ്ങള്‍ വാഹനത്തില്‍ കയറ്റിവെക്കാന്‍ സഹായിക്കുന്നതും വഴിയില്‍നിന്ന് മാലിന്യങ്ങള്‍ നീക്കി സഞ്ചാര സൗകര്യമൊരുക്കുന്നതുമെല്ലാം പുണ്യകര്‍മങ്ങളാണ്. പുണ്യത്തിലും ധര്‍മനിഷ്ഠയിലും നിങ്ങള്‍ അന്യോന്യം സഹായിക്കുക (5:2) എന്ന വിശുദ്ധ വചനം ഈ ധര്‍മബോധത്തെ അടയാളപ്പെടുത്തുന്നു.
വിശ്വാസി എപ്പോഴും നല്ല വാക്കിന്റെ ഉടമയായിരിക്കും. വിശ്വാസിയില്‍നിന്ന് മറ്റുള്ളവര്‍ അനുഭവിക്കുന്നതും ഈ നന്മയാകുന്നു. കുത്തുവാക്കുകളോ അപവാദങ്ങളോ ഏഷണിയോ പരദൂഷണമോ ഇല്ലാതെ നല്ല വാക്കുകള്‍കൊണ്ട് മറ്റുള്ളവരെ അഭിമുഖീകരിക്കാന്‍ നമുക്ക് കഴിയണം. അല്ലാഹുവിന്റെ പള്ളികള്‍ ആരാധനകള്‍ കൊണ്ട് സജീവമാക്കുകയെന്നത് വളരെ പ്രാധാന്യമര്‍ഹിക്കുന്ന കാര്യമാണ്. സംഘ നമസ്‌കാരത്തിനായുള്ള ഓരോ കാല്‍വെപ്പിലും പുണ്യം വാഗ്ദാനം ചെയ്തുകൊണ്ട് അതിന് പ്രേരിപ്പിക്കുകയാണീ വചനം. നമുക്ക് എണ്ണിയാലൊടുങ്ങാത്ത അനുഗ്രഹങ്ങള്‍ നല്‍കിയ നാഥനോടുള്ള നന്ദി പ്രകടനമത്രെ ഇതൊക്കെയും