മനുഷ്യര്‍ പരസ്പര സ്‌നേഹത്തോടെയും ഐക്യത്തോടെയും വസിക്കേണ്ടവരാണ്. അപ്പോള്‍ മാത്രമാണ് ജീവിതം സമാധാനപൂര്‍ണമാവുക.
عن أبي سعيد سعد بن مالك بن سنان الخدري رضي الله عنه أن رسول الله ( ﷺ ) قال: لا ضرر ولا ضرار . رواه ابن ماجه والدار قطني
- അബൂസഈദ് സഅ്ദുബ്‌നു മാലികുബ്‌നു സിനാന്‍ അല്‍ഖുദ്‌രി(റ) പറയുന്നു: ''നബി(സ) പറഞ്ഞു: ഉപദ്രവിക്കാനോ ഉപദ്രവിക്കപ്പെടാനോ പാടില്ല'' (ഇബ്‌നുമാജ, ദാറഖുത്‌നി).
മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കാനും മാനുഷിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാനും മനുഷ്യ സമൂഹങ്ങള്‍ക്കിടയിലുള്ള നീതിബോധവും പരസ്പര സഹവര്‍ത്തിത്വവും ഉറപ്പുവരുത്തുന്നതിനും അനിവാര്യമായ അടിസ്ഥാന കാര്യമാണ് ഈ തിരുവചനത്തില്‍ അടങ്ങിയത്.
മനുഷ്യര്‍ പരസ്പരം ഉപദ്രവിച്ചും അക്രമിച്ചും കഴിയേണ്ടവരല്ല, മറിച്ച് പരസ്പര സ്‌നേഹത്തോടെയും ഐക്യത്തോടെയും വസിക്കേണ്ടവരാണ്. അപ്പോള്‍ മാത്രമാണ് ജീവിതം സമാധാനപൂര്‍ണമാവുക.
ഇസ്‌ലാം എന്ന പദം തന്നെ സമാധാനത്തെ കാംക്ഷിക്കുന്നു. സ്വസ്ഥവും സമാധാനപൂര്‍ണവുമായ ഒരു ജീവിതക്രമമാണ് ഇസ്‌ലാം വിഭാവനം ചെയ്യുന്നത്. അതുകൊണ്ടുതന്നെ ഇസ്‌ലാമിക നിര്‍ദേശങ്ങളൊക്കെയും അതിനനുസരിച്ചുള്ളവയാണ്. ശാരീരികമായോ മാനസികമായോ സാമ്പത്തികമായോ സാമൂഹികമായോ മറ്റൊരാളുടെ അവകാശങ്ങള്‍ കവര്‍ന്നെടുക്കാന്‍ ഇസ്‌ലാം അനുവദിക്കുന്നില്ല.
അതുപോലെത്തന്നെ മറ്റുള്ളവരുടെ ഉപദ്രവങ്ങള്‍ക്ക് ഒരാളും ഇരയായിരിക്കേണ്ടതുമില്ല എന്നതും ഇസ്‌ലാമിന്റെ നീതിനിര്‍വഹണത്തിന്റെ നിര്‍ദേശങ്ങളാകുന്നു. ഈ രണ്ടു രീതിയിലും മനുഷ്യ സമൂഹം നീതിയിലും പരസ്പര സഹിഷ്ണുതയിലും ജീവിക്കണമെന്ന സന്ദേശമാണ് ഈ തിരുവചനം നമുക്ക് നല്‍കുന്നത്.
അക്രമവും അരാജകത്വവും അനീതിയും വ്യാപിക്കുന്ന സമകാലിക സമൂഹത്തില്‍ ഏറെ പ്രസക്തമാണ് ഈ തിരുവചനം. ഒരു സമൂഹത്തിന്റെ വികസന കാഴ്ചപ്പാടിന് ഏറ്റവും അനുയോജ്യവുമത്രേ.
നമ്മുടെ വിശ്വാസത്തിന്റെ പൂര്‍ത്തീകരണം തന്നെ മറ്റുള്ളവരുടെ താല്‍പര്യങ്ങള്‍ മാനിക്കുമ്പോഴാണ് സാധ്യമാവുന്നത്. നമ്മുടെ ആഗ്രഹങ്ങളെ അപരന്റേതു കൂടിയായി കണക്കാക്കാന്‍ നിര്‍ദേശിച്ച പ്രവാചക വചനം തന്നെ മനുഷ്യസമൂഹം സ്‌നേഹത്തോടെ നിലനില്‍ക്കേണ്ടതിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തുന്നു.
നന്മയുടെ സംസ്ഥാപനവും തിന്മയുടെ വിപാടനവും ലക്ഷ്യം വെക്കുന്ന പ്രവാചകന്‍(സ) ആര്‍ക്കും പ്രയാസകരമല്ലാത്ത രീതിയില്‍ ജീവിതം മുന്നോട്ടുനയിക്കാനുള്ള നിര്‍ദേശങ്ങളാണ് മാനവകുലത്തിനു മുന്നില്‍ വെക്കുന്നത്.
നല്ലതും ചീത്തയും സമമാവുകയില്ല. ഏറ്റവും നല്ലതുകൊണ്ട് നീ (തിന്മയെ) പ്രതിരോധിക്കുക. അവന്‍ നിന്റെ ഉറ്റമിത്രമായിത്തീരുമെന്ന (41:34) വിശുദ്ധ ഖുര്‍ആന്‍ വചനവും ഏറെ പ്രസക്തമാകുന്നു.
പരസ്പരം കലഹിച്ചും കലാപങ്ങള്‍ക്ക് നേതൃത്വം നല്‍കിയും കഴിഞ്ഞുകൂടുന്ന മനുഷ്യ സമൂഹത്തിനു മുന്നില്‍ സമാധാനദൂതനായ മുഹമ്മദ് നബി(സ) നല്‍കുന്ന സാരോപദേശങ്ങളില്‍ സുപ്രധാനമായ ഒന്നത്രേ ഇത്.
അക്രമവും അരാജകത്വവും അനീതിയും അധര്‍മവും വ്യാപിക്കുന്ന സമകാലിക സമൂഹത്തില്‍ ഏറെ പ്രസക്തമാണ് ഈ തിരുവചനം. ഒരു സമൂഹത്തിന്റെ വികസന കാഴ്ചപ്പാടിന് ഏറ്റവും അനുയോജ്യവുമത്രേ അത്.