തങ്ങളുടെ മുന്‍ഗാമികള്‍ നൂറ്റാണ്ടുകളോളം അടക്കിഭരിച്ച ഒരു രാജ്യത്ത് സകല പ്രതാപങ്ങളും കൈവെടിഞ്ഞ് പാര്‍ശ്വവത്കരിക്കപ്പെട്ട ഒരു സമുദായത്തിന്റെ വിമോചനത്തിന്റെ വഴി വിദ്യാഭ്യാസമാണ് എന്ന തിരിച്ചറിവാണ് സയ്യിദ് അഹ്മദ് ഖാന്‍ എന്ന നേതാവിനെ മറ്റ് മുസ്‌ലിം രാഷ്ട്രീയ-മത-സാമൂഹിക നേതാക്കളില്‍ നിന്ന് വ്യത്യസ്തനാക്കുന്നത്.
1869ലാണ് സര്‍ സയ്യിദ് അഹമ്മദ് ഖാന്‍ ലണ്ടന്‍ സന്ദര്‍ശന വേളയില്‍ ലോകപ്രസിദ്ധങ്ങളായ ഓക്‌സ്ഫഡ്, കാംബ്രിഡ്ജ് സര്‍വകലാശാലകള്‍ സന്ദര്‍ശിച്ചത്. അതു കഴിഞ്ഞ് ആറു വര്‍ഷത്തിനു ശേഷമാണ് അതേ മാതൃക അനുവര്‍ത്തിച്ച് തത്തുല്യമായ നിലവാരത്തിലും നിര്‍മാണചാതുരിയിലും ഒരു ലോകോത്തര സര്‍വകലാശാല ഇന്ത്യയില്‍ സ്ഥാപിക്കുന്നത്.