ഏതാണ്ട് നാലായിരം വര്‍ഷത്തെ പാരമ്പര്യമുണ്ട് പൗരാണിക ഈജിപ്തിന്റെ പ്രതാപം വിളിച്ചോതുന്ന കര്‍ണാക് ക്ഷേത്രത്തിന്. പുരാതന ഈജിപ്ഷ്യന്‍ രാജവംശങ്ങളുടെ കാലം തൊട്ട് ഗ്രീക്കോ-റോമന്‍ കാലഘട്ടം വരെ കര്‍ണാക് ക്ഷേത്രം ഔന്നത്യത്തോടെ നിന്നിരുന്നു.
പൗരാണിക ഈജിപ്തിന്റെ പ്രതാപം വിളിച്ചോതുന്ന അനിതരസാധാരണമായ നിര്‍മിതിയാണ് കര്‍ണാക് ക്ഷേത്രം. ലക്‌സര്‍ നഗരത്തിനടുത്ത്, നൈല്‍ നദിയുടെ കിഴക്കന്‍ കരയില്‍ സ്ഥിതി ചെയ്യുന്ന ക്ഷേത്രം, അംബരചുംബികളായ പിരമിഡുകളെ പോലെത്തന്നെ ഫറോണിക് ആര്‍ക്കിടെക്ച്വറല്‍ വൈദഗ്ധ്യത്തിന്റെ ആഴം നമ്മെ ബോധ്യപ്പെടുത്തുന്നു.
ഏതാണ്ട് നാലായിരം വര്‍ഷത്തെ ചരിത്ര പാരമ്പര്യമുണ്ട് ക്ഷേത്രത്തിന്. പുരാതന ഈജിപ്ഷ്യന്‍ രാജവംശങ്ങളുടെ കാലഘട്ടം (ബി.സി 2000) തൊട്ട് ഗ്രീക്കോ-റോമന്‍ കാലഘട്ടം വരെ (എ.ഡി. 400) കര്‍ണാക് ക്ഷേത്രം ഔന്നത്യത്തോടെ തലയുയര്‍ത്തി നിന്നിരുന്നു.
അമൂണ്‍ ദേവനെ (Amun Ra) ആരാധിക്കാനായി നിര്‍മിച്ചതാണ് ക്ഷേത്രം. എന്നിരുന്നാലും, മുത്ത് (Mut), മൊന്തു (Mon-tu), ഖോണ്‍സു (Khonsu) എന്നീ മൂര്‍ത്തികളുടെ ആരാധനാ കേന്ദ്രങ്ങളും വന്‍ സമുച്ഛയത്തില്‍ ഉള്‍ച്ചേര്‍ന്നിട്ടുണ്ടെന്ന് ചരിത്രകാരന്മാര്‍ അഭിപ്രായപ്പെടുന്നു.
ഫറോവമാര്‍ക്കു മുമ്പുള്ള മധ്യ രാജവംശ കാലത്താണ് ക്ഷേത്രത്തിന്റെ പണി ആരംഭിച്ചതെങ്കിലും ഫറോവ രാജവംശ കാലഘട്ടത്തിലാണ് ക്ഷേത്രം വന്‍തോതില്‍ വികസിപ്പിച്ചത്. ഫറോവമാരായ തുട്‌മോസിസ്-3, ഹത്‌ഷെപ്‌സുത്, സെറ്റി-1, റാംസെസ്-2 തുടങ്ങിയവര്‍ നിര്‍മാണനരംഗത്ത് ശില്‍പചാതുരിയുടെ മിഴിവേകിയെന്ന് ചരിത്രം പറയുന്നു.
ക്ഷേത്രത്തിലെ ഏറെ ശ്രദ്ധേയമായ ഗ്രേറ്റ് ഹൈപോസ്റ്റൈല്‍ മണ്ഡപത്തിന് (Great Hypostyle Hall) 54,000 ചതുരശ്ര അടി വിസ്തീര്‍ണമുണ്ട്. മണ്ഡപത്തെ താങ്ങിനിര്‍ത്തുന്ന 134 വന്‍ കല്‍ത്തൂണുകള്‍ ആരെയും ആകര്‍ഷിക്കും. 12 തൂണുകള്‍ക്ക് വലിയ തെങ്ങിനേക്കാള്‍ പൊക്കമുണ്ട് (70 അടി). ഏഴു മനുഷ്യര്‍ക്ക് അനായാസം ഒരുമിച്ചുനില്‍ക്കാന്‍ പറ്റുന്ന വണ്ണവും!
തൂണുകളില്‍ തീര്‍ത്ത കൂറ്റന്‍ മണ്ഡപം സെറ്റി-1, റാംസെസ്-2 എന്നീ ഫറോവമാരുടെ കാലത്താണ് പൂര്‍ത്തിയായത് എന്നതിന് പുതിയ ചരിത്രരേഖകള്‍ കണ്ടെത്തിയിട്ടുണ്ട്. ക്ഷേത്രത്തിന്റെ അകത്തളത്തില്‍ 120 മീറ്റര്‍ നീളവും 77 മീറ്റര്‍ വീതിയുള്ള ചേതോഹരമായ ജലാശയം ഉണ്ടായിരുന്നു.
പുരാതന ഈജിപ്തുകാരുടെ നിരുപമമായ നിര്‍മാണ ചാതുരിയും വാസ്തുവിദ്യയും കര്‍ണാക് ക്ഷേത്രത്തില്‍ നിറഞ്ഞുനില്‍ക്കുന്നു. ക്ഷേത്രത്തിന്റെ ഭിത്തികളില്‍ ഫറോവമാരുടെ യുദ്ധവിജയ ചരിത്രങ്ങള്‍ ചിത്രലിപികളില്‍ (ഹൈറോഗ്ലിഫിക്‌സ്) ആലേഖനം ചെയ്തിട്ടുണ്ട്.
പകരംവെക്കാനില്ലാത്ത വിശ്വ പൈതൃക സ്മാരകമായി യുനെസ്‌കോ 1979ല്‍ കര്‍ണാക് ക്ഷേത്രത്തെ 'ലക്‌സര്‍ ടെമ്പിള്‍' എന്ന പേരില്‍ അംഗീകരിച്ചു. ഇന്ന് ലക്‌സറിലെ പ്രധാനപ്പെട്ട വിനോദസഞ്ചാരകേന്ദ്രവും കൂടിയാണത്.
ആരാണ് ആ ഫിര്‍ഔന്‍?
മൂസാ നബി(അ)യുടെ കാലത്തെ ഫറോവ റാംസെസ്-2 ആയിരിക്കാനാണ് കൂടുതല്‍ സാധ്യതയെന്ന് ഭൂരിപക്ഷം ചരിത്രകാരന്മാരും അഭിപ്രായപ്പെടുന്നുണ്ട്. ബൈബിള്‍ പരാമര്‍ശിക്കുന്ന 'എക്‌സോഡസ്' (ഇസ്രായേല്യരുടെ ഈജിപ്ത് വിട്ടുപോക്ക്) ഈ കാലത്താണ് സംഭവിച്ചതെന്ന് വിശ്വസിക്കപ്പെടുന്നു. പുതിയ ഫറോവ രാജവംശ കാലഘട്ടത്തിലെ ഏറ്റവും ശക്തനായ ഫറോവയായിരുന്നു റാംസെസ്-2.
കര്‍ണാക് ക്ഷേത്രത്തെ വശ്യമനോഹരമാക്കുന്നത് 134 തൂണുകളില്‍ തീര്‍ത്ത മണ്ഡപമാണ്. ഇതിന്റെ പണി തുടങ്ങിയതും പൂര്‍ത്തിയാക്കിയതും സെറ്റി-1, അദ്ദേഹത്തിന്റെ മകന്‍ റാംസെസ്-2 എന്നീ ഫറോവമാരാണ്. പിതാവ് സെറ്റി-1 തുടക്കമിട്ട നിര്‍മാണ പ്രവര്‍ത്തനം പൂര്‍ത്തിയാക്കിയത് റാംസെസ് രണ്ടാമന്റെ ദീര്‍ഘമായ ഭരണകാലത്താണ്. അക്കാര്യം തൂണുകളില്‍ ആലേഖനം ചെയ്തിട്ടുമുണ്ട്.

കല്‍ത്തൂണുകളില്‍ റാംസെസ് രണ്ടാമന്റെ പേരും യുദ്ധവിജയങ്ങളും എഴുതിവെച്ചിട്ടുണ്ട്. ക്ഷേത്രഭിത്തികളില്‍ കദേശ് യുദ്ധത്തില്‍ ഹിറ്റൈറ്റുകളെ തോല്‍പിച്ച റാംസെസിന്റെ വീരഗാഥകള്‍ ചിത്രലിപികളില്‍ കൊത്തിവെച്ചിട്ടുണ്ട്. ക്ഷേത്രത്തിന്റെ പ്രവേശനമുഖത്ത് ആ ഫറോവയുടെ വലിയ പ്രതിമകള്‍ സ്ഥാപിച്ചിട്ടുണ്ട്.
ഫറോവയുടെ അധികാരം ദൈവികമാണെന്നു പ്രജകളെ ബോധ്യപ്പെടുത്താന്‍ ഈ ക്ഷേത്രം സഹായിച്ചുവെന്ന് ചരിത്രകാരന്മാര്‍ അനുമാനിക്കുന്നു. ഖുര്‍ആന്‍ അക്കാര്യം വെളിപ്പെടുത്തുന്നത് കാണുക: ''ഞാന്‍ നിങ്ങളുടെ അത്യുന്നതനായ രക്ഷിതാവാകുന്നുവെന്ന് അവന്‍ പറഞ്ഞു'' (79:24).
അനുഗൃഹീതമായ ഭൂപ്രകൃതിയില്‍ അഹങ്കാരം കൊള്ളുന്ന ഫിര്‍ഔനെയും ഖുര്‍ആന്‍ ചിത്രീകരിക്കുന്നു: ''എന്റെ പ്രജകളേ, ഈജിപ്തിന്റെ പരമാധികാരം എനിക്കുള്ളതല്ലേ? ഈ താഴ്‌വരകളിലൂടെ ഒഴുകിക്കൊണ്ടിരിക്കുന്ന നദികളും?'' (സുഖ്‌റുഫ് 51). ഫിര്‍ഔനിന്റെ ദൈവത്വ അവകാശവാദത്തെ ഈ സൂക്തങ്ങള്‍ അനാവരണം ചെയ്യുന്നു.
ക്ഷേത്രഭിത്തികളില്‍ ഫറോവയെ അമുണ്‍-റാ ദേവനുമായി ബന്ധപ്പെടുത്തി ദൈവപരിവേഷം ചാര്‍ത്തുന്ന ചിത്രങ്ങളുമുണ്ട്. റാംസെസ്-2ന്റെ ഭരണകാലത്തെ, യഹൂദന്മാരുടെ 'പുറപ്പാടിന്റെ കാലഘട്ട'മായി രേഖപ്പെടുത്തിയ ചരിത്രകാരന്മാരുണ്ട്. തൂണുകളില്‍ രമ്യഹര്‍മ്യങ്ങള്‍ തീര്‍ക്കുന്ന ഫിര്‍ഔനിനെ ഖുര്‍ആന്‍ 'തൂണുകളുടെ ഉടമ' എന്നു വിശേഷിപ്പിച്ചിട്ടുണ്ടല്ലോ.
'തൂണുകളുടെ ആളായ ഫിര്‍ഔന്‍...' (89:10). മറ്റൊരു വചനത്തിലും ഖുര്‍ആന്‍ ഇത് ആവര്‍ത്തിക്കുന്നുണ്ട്: ''അവര്‍ക്കു മുമ്പ് നൂഹിന്റെ ജനതയും ആദ് സമുദായവും തൂണുകള്‍ തീര്‍ത്ത ഫിര്‍ഔനും നിഷേധിച്ചുതള്ളിയിട്ടുണ്ട്'' (38:12).
കര്‍ണാക് ക്ഷേത്രത്തിലെ 134 തൂണുകള്‍, പ്രത്യേകിച്ച് മണ്ഡപത്തിലെ 70 അടിയുള്ള 21 വന്‍ തൂണുകള്‍ ഫറോവയുടെ അഹങ്കാരത്തിന്റെ പ്രതീകങ്ങള്‍ കൂടിയാണ്. ബൈബിളിലെ 'പിറോം' (Pi-Ramesses) എന്ന നഗരം റാംസെസ്-2ന്റെ തലസ്ഥാനമായ പി-റാംസെസുമായി (പൂര്‍വ ഡെല്‍റ്റ) യോജിക്കുന്നുണ്ട്.
അയാളുടെ ദീര്‍ഘകാല ഭരണവും (66 വര്‍ഷം) യുദ്ധനീക്കങ്ങളും ചേര്‍ത്തുവായിക്കുമ്പോള്‍ ബൈബിളിലെ 'എക്‌സോഡസ്' കഥയുമായി സാദൃശ്യം പുലര്‍ത്തുന്നുവെന്ന് കണ്ടെത്താം (Exodus 1:11). മൂസാ നബി (അ) ജനിക്കുന്നതിനു മുമ്പുള്ള കാലം തൊട്ട് അദ്ദേഹം പ്രബോധനം നടത്തുന്ന ദീര്‍ഘമായ കാലത്തൊക്കെ ഒരേ ഫറോവ തന്നെയായിരുന്നല്ലോ ഈജിപ്ത് ഭരിച്ചിരുന്നത്.
മറ്റു ഫറോവമാരായ മെര്‍നെപ്താഹ്, തുട്‌മോസിസ്-3 എന്നിവര്‍ക്ക് വളരെ ചെറിയ സാധ്യത പറയുന്നുണ്ടെങ്കിലും ദീര്‍ഘമായ ഭരണകാലഘട്ടം എന്ന നിലയ്ക്കും തൂണുകളുടെ നിര്‍മിതി പരിഗണിക്കുമ്പോഴും റാംസെസ്-2 എന്ന ഫറോവയ്ക്കാണ് കൂടുതല്‍ സാധ്യത.
ഇബ്‌നു കസീര്‍, ത്വബ്‌രി, ഖുര്‍തുബി തുടങ്ങിയ മഹാരഥന്മാരുടെ തഫ്‌സീറുകളില്‍ ഫറോവമാരുടെ ബഹുശ്രേണിയിലുള്ള ശക്തിവിശേഷത്തിന്റെ പ്രതീകങ്ങളായി തൂണുകളെ കാണുന്നു. സ്തൂപങ്ങളും കല്‍ത്തൂണുകളില്‍ തീര്‍ത്ത മണ്ഡപങ്ങളും പിരമിഡുകളുമെല്ലാം 'തൂണുകളുടെ ഉടമ' എന്ന ഖുര്‍ആനിക വിശേഷണത്തില്‍ ഉള്‍ച്ചേര്‍ന്നിട്ടുണ്ടെന്ന് അവര്‍ അഭിപ്രായപ്പെടുന്നു. ''ഫിര്‍ഔന്‍ പറഞ്ഞു: ഞാനല്ലാതെ വല്ല ദൈവവും നിങ്ങള്‍ക്കുള്ളതായി ഞാനറിഞ്ഞിട്ടില്ല'' (ഖസസ് 38).
മൂസാ നബിയുടെ കാലഘട്ടത്തിലെ ഫറോവ കഠിനമായ ദൈവനിഷേധിയും അതിലേറെ സ്വേച്ഛാധിപതിയുമാണെന്ന സത്യം ഖുര്‍ആന്‍ അയാളുടെ വാക്കുകള്‍ ഉദ്ധരിച്ച് പേര്‍ത്തും പേര്‍ത്തും ബോധ്യപ്പെടുത്തുകയാണ്. ഫറോവ സംസ്‌കാരത്തിന്റെ അടിത്തറ തന്നെ കൂറ്റന്‍ സൗധങ്ങളുടെ നിര്‍മാണമാണ്. പിരമിഡുകളും കര്‍ണാക് ക്ഷേത്രം പോലുള്ള രമ്യഹര്‍മ്യങ്ങളും ഉദാഹരണങ്ങളാണ്.
പൗരാണിക ഈജിപ്തുകാര്‍ സാംസ്‌കാരികമായും വൈജ്ഞാനികമായും വളര്‍ന്ന സമൂഹമായിരുന്നു. ശാസ്ത്ര-സാങ്കേതിക മേഖലകളിലും അവര്‍ മികവു പുലര്‍ത്തിയിരുന്നു. രസതന്ത്രം, ആര്‍ക്കിടെക്ച്വറല്‍ വൈദഗ്ധ്യം, ജ്യോതിഷം, ജ്യോതിശാസ്ത്രം, മമ്മിഫിക്കേഷന്‍, സെറാമിക് ടെക്‌നോളജി തുടങ്ങിയ മേഖലകളിലെല്ലാം അവര്‍ മുന്നേറിയിരുന്നുവെന്ന് ചരിത്രത്തില്‍ കാണാം. പ്രകൃതിദത്ത സുഖസൗകര്യങ്ങളുടെ പറുദീസയായിരുന്നു അന്ന് ആ നാട്.
ചിത്രലിപി വെളിപ്പെടുത്തുന്നത്
1820കളില്‍ ജീന്‍ ഫ്രാങ്കോയിസ് ചാംപോളിന്‍ എന്ന ഫ്രഞ്ച് ഗവേഷകന്‍ ഈജിപ്ഷ്യന്‍ ചിത്രലിപി (Hieroglyphs) അപഗ്രഥിച്ചപ്പോഴാണ് കര്‍ണാക് ക്ഷേത്രഭിത്തികളിലും പിരമിഡുകളിലുമെല്ലാം ആലേഖനം ചെയ്തത് എന്തെന്ന് ആധുനിക ലോകത്തിനു മനസ്സിലായത്.
ഈജിപ്‌തോളജിസ്റ്റുകള്‍ ചിത്രലിപി വീണ്ടും വിശകലനം ചെയ്തപ്പോള്‍ അവര്‍ക്ക് അന്നത്തെ ഫറോവയുടെ വലംകൈയായി നിന്ന ആളുടെ പേര് 'ഹാമാന്‍' ആണെന്നു മാത്രമല്ല മനസ്സിലായത്, 'ശിലാ-ഖനിത്തൊഴിലാളികളുടെ തലവന്‍' (Chief of the stone quarry workers) എന്ന സ്ഥാനപ്പേരും വായിച്ചെടുക്കാനായി.
അവരുടെ ഇഷ്ടദേവനായ അമുനെ വിളിച്ചുകൊണ്ടുള്ള പ്രാര്‍ഥന ചിത്രലിപിയില്‍ ഇങ്ങനെ വായിച്ചെടുക്കാം: 'അമുന്‍, ശിലാക്ഷേത്ര സമുച്ചയങ്ങളുടെ മേല്‍നോട്ടക്കാരനായ ഹാമാനെ അങ്ങ് അനുഗ്രഹിക്കൂ.' ഇത്തരത്തിലുള്ള രണ്ടു പ്രാര്‍ഥനകള്‍ ക്ഷേത്രഭിത്തികളില്‍ കണ്ടെത്തി. അമുന്‍ ദേവന്റെ കൂടെ അന്നത്തെ ഫറോവ നില്‍ക്കുന്ന ചിത്രങ്ങളും ഭിത്തികളില്‍ വരച്ചിട്ടുണ്ട്. ഫറോവയ്ക്ക് ദൈവിക പരിവേഷം ചാര്‍ത്തുന്ന ചിത്രങ്ങള്‍.
മോറിസ് ബുക്കായിയുടെ ഊഴം
1974ല്‍ ഫ്രാന്‍സിലെ ശാസ്ത്രജ്ഞനായ മോറിസ് ബുക്കായിക്ക് റാംസെസ്-2ന്റെ മമ്മിയെക്കുറിച്ചു പഠിക്കാന്‍ അവസരം ലഭിച്ചത് ഈ ഗവേഷണരംഗത്ത് നിര്‍ണായക ഘടകമായി. റാംസെസിന്റെ മമ്മി ഫംഗല്‍ ഇന്‍ഫെക്ഷനു വിധേയമായതായി കണ്ടെത്തി. അതു 'ചികിത്സി'ക്കാന്‍ ഫ്രഞ്ച് സര്‍ക്കാര്‍ ഈജിപ്തിനോട് അനുവാദം ചോദിച്ചു.
മമ്മി പാരീസിലേക്കു കൊണ്ടുപോയി. ഒരു സംഘം ഭിഷഗ്വരന്മാര്‍ വിദഗ്ധ പരിശോധന നടത്തി. ആ സംഘത്തില്‍, പിന്നീട് ഇസ്‌ലാമിക ലോകത്തും ഗ്രന്ഥരചനാരംഗത്തും പ്രശസ്തനായിത്തീര്‍ന്ന, സര്‍ജനും ഗവേഷകനുമായ മോറിസ് ബുക്കായിയും ഉണ്ടായിരുന്നു.
മമ്മിയുടെ ദേഹത്ത് വലിയ അളവില്‍ ഉപ്പിന്റെ അവശിഷ്ടങ്ങള്‍ (Salt Residues) അദ്ദേഹം നിരീക്ഷിച്ചു. കോശങ്ങളിലും കലകളിലും കണ്ടെത്തിയ ആനുപാതികമല്ലാത്ത ലവണാംശം, റാംസെസ്-2 സമുദ്രജലത്തില്‍ മുങ്ങിമരിച്ചതാവാം എന്ന നിഗമനത്തില്‍ അദ്ദേഹത്തെ കൊണ്ടെത്തിച്ചു. ശ്വാസകോശവും അദ്ദേഹം പഠനവിധേയമാക്കി.
പുരാതന ഈജിപ്തുകാരുടെ നിര്‍മാണ ചാതുരിയും വാസ്തുവിദ്യയും കര്‍ണാക് ക്ഷേത്രത്തില്‍ നിറഞ്ഞുനില്‍ക്കുന്നു. ക്ഷേത്ര ഭിത്തികളില്‍ ഫറോവമാരുടെ യുദ്ധവിജയ ചരിത്രങ്ങള്‍ ചിത്രലിപികളില്‍ ആലേഖനം ചെയ്തിട്ടുണ്ട്.
മുങ്ങിമരിച്ചതിന്റെ അല്ലെങ്കില്‍ വെള്ളത്തില്‍ ശ്വാസംമുട്ടി മരിച്ചതിന്റെ (Suffocation) വ്യക്തമായ ലക്ഷണങ്ങള്‍ കണ്ടെത്താനായി. മറ്റു ശരീരക്ഷതങ്ങളോ പരിക്കോ ഗുരുതരമായ രോഗങ്ങളോ മമ്മിയില്‍ കണ്ടെത്തിയതുമില്ല.
റാംസെസ്-2ന്റെ മമ്മിയുടെ പാരീസ് യാത്ര രസകരമായിരുന്നു. 1881ല്‍ കണ്ടെത്തിയ ഫിര്‍ഔനിന്റെ മൃതദേഹത്തിന് 3000ലധികം വര്‍ഷങ്ങള്‍ക്കു ശേഷം പാസ്‌പോര്‍ട്ട് തയ്യാറാക്കേണ്ടിവന്നു, പാരിസിലേക്കു പറക്കാന്‍! പാസ്‌പോര്‍ട്ടിലെ വിവരണം ഇങ്ങനെ: പേര്: റാംസെസ്-2, തൊഴില്‍: രാജാവ് (deceased), യാത്രയുടെ ഉദ്ദേശ്യം: വൈദ്യ ചികിത്സ.
ഔദ്യോഗിക ബഹുമതിയോടെയാണ് ഈജിപ്ത് എയറില്‍ പാരിസില്‍ എത്തിയത്. പൂര്‍ണ സൈനിക ബഹുമതിയോടെ ലീ ബൗര്‍ഗറ്റ് എയര്‍പോര്‍ട്ടില്‍ ഫ്രഞ്ച് ഗവണ്‍മെന്റ് മമ്മി ഏറ്റുവാങ്ങി. എക്‌സ്-റേ, സി.ടി. സ്‌കാന്‍ എന്നിവ നടത്തിയപ്പോള്‍ വാതരോഗത്തിന്റെ ചെറുലക്ഷണങ്ങളും ദന്തക്ഷയവും പഴയകാല യുദ്ധത്തിലേറ്റ മുറിവുകളുടെ ഉണങ്ങിയ പാടുകളും കണ്ടെത്തി.
ഇതിനു പുറമെയാണ് ഉപ്പിന്റെ ആധിക്യം ശരീരകോശങ്ങളില്‍ നിരീക്ഷിച്ചത്. ശ്വാസനാളത്തില്‍ വീര്‍പ്പുമുട്ടിയതിന്റെ ലക്ഷണങ്ങളുമുണ്ട്. ഗാമാ വികിരണങ്ങള്‍ പ്രയോഗിച്ച് ഫ്യൂമിഗേറ്റ് ചെയ്ത് ഫംഗസ് ബാധ ഒഴിവാക്കി, 1976 സെപ്തംബര്‍ മുതല്‍ 1977 മെയ് വരെ നീണ്ടുനിന്ന എട്ടു മാസത്തെ ചികിത്സയ്ക്കു ശേഷം, സ്റ്റെറിലൈസ് ചെയ്ത ലിനനില്‍ പൊതിഞ്ഞ് കെയ്‌റോയിലേക്ക് മമ്മി തിരിച്ചു പറക്കുകയായിരുന്നു.
''ഇന്ന് നിന്റെ ശരീരം നാം സംരക്ഷിക്കും; നീ പിന്നീടുള്ളവര്‍ക്ക് ഒരു ദൃഷ്ടാന്തമാവാന്‍'' (10:92) എന്ന ഖുര്‍ആന്‍ വാക്യത്തില്‍ മോറിസ് ബുക്കായി അത്ഭുതപ്പെട്ടു. മൂസാ നബി(അ)യുടെ കാലത്തെ സമുദ്രത്തില്‍ മുങ്ങിമരിച്ച ഫറോവ റാംസെസ്-2 ആണെന്ന് ഈ പുതിയ ശരീരശാസ്ത്ര പഠനവും തെളിയിക്കുന്നു.
വിജ്ഞാനകോശങ്ങള്‍ ചരിത്രം തിരുത്തുന്നു
കര്‍ണാക് ക്ഷേത്രസമുച്ചയത്തിന്റെ നിര്‍മാണം ഫറോവമാര്‍ക്കു മുമ്പുള്ള മധ്യരാജവംശ കാലഘട്ടത്തില്‍ (ഏതാണ്ട് ക്രി.മു. 2055-1650) ആരംഭിച്ചിരുന്നുവെങ്കിലും ഫറോവമാരുടെ പുതിയ രാജവംശ കാലഘട്ടത്തില്‍ (ക്രി.മു. 1550-1070) അഭൂതപൂര്‍വമായി വികസിപ്പിച്ചെടുത്തു എന്നാണ് ചരിത്രകാരന്മാര്‍ ഇപ്പോള്‍ തിരുത്തുന്നത്.
ഫറോവമാര്‍ക്കു മുമ്പുള്ള ഹോറെംഹെബ് അല്ലെങ്കില്‍ അമെന്‍ഹോട്ടെപ്-3 ആണ് തൂണുകളില്‍ തീര്‍ത്ത മണ്ഡപത്തിന്റെ ശില്‍പികളെന്ന് ചരിത്രകാരന്മാര്‍ ഈയടുത്ത കാലം വരെയും വിശ്വസിച്ചിരുന്നു.
19ാം രാജവംശത്തിലെ (ക്രി.മു. 1292-1189) ഫറോവമാരായ സെറ്റി-1, റാംസെസ്-2 എന്നിവരാണ് 134 ഭീമന്‍ കല്‍ത്തൂണുകളുള്ള ഗ്രേറ്റ് ഹൈപോസ്റ്റൈല്‍ മണ്ഡപം പണിതതെന്ന് വിക്കിപീഡിയ (2019) അടക്കമുള്ള ആധുനിക വിജ്ഞാനകോശങ്ങള്‍ പുതുതായി രേഖപ്പെടുത്തുന്നുണ്ട്.