കുട്ടികളുടെ തട്ടം പിടിച്ചു വലിക്കുമ്പോള്‍


ഒന്നാം ക്ലാസ് മുതല്‍ മഫ്ത ധരിച്ചാണ് ഞാന്‍ സ്‌കൂളിലേക്ക് പോയിരുന്നത്. ചെറുപ്പം മുതലേ അതെന്റെ ജീവിതത്തിന്റെ ഭാഗമായിരുന്നു.

രു ക്രിസ്ത്യന്‍ മാനേജ്മെന്റ് സ്‌കൂളില്‍ മുസ്ലിം പെണ്‍കുട്ടി ഹിജാബ് ധരിച്ച് വന്നതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടയിലാണ് വര്‍ഷങ്ങള്‍ക്കു മുന്‍പ് എനിക്കുണ്ടായ സമാന ദുരനുഭവങ്ങള്‍ മനസ്സിലേക്കോടിയെത്തിയത്. നാലാം ക്ലാസ് വരെ വീടിന്റെ തൊട്ടടുത്തുള്ള സാധാരണ എല്‍പി സ്‌കൂളില്‍ ആയിരുന്നു എന്റെ പഠനം.

ഒന്നാം ക്ലാസ് മുതല്‍ തന്നെ മഫ്ത ധരിച്ചാണ് ഞാന്‍ സ്‌കൂളിലേക്ക് പോയിരുന്നത്. ചെറുപ്പം മുതലേ അതെന്റെ ജീവിതത്തിന്റെ ഭാഗം തന്നെയായിരുന്നു. കൂട്ടുകാരുടെ കൂടെ ആര്‍ത്തുല്ലസിച്ച് നടന്നിരുന്ന മനോഹരമായ ഒരു കുട്ടിക്കാലം തന്നെയായിരുന്നു ആ വിദ്യാലയത്തില്‍ എനിക്കുണ്ടായിരുന്നത്.

നാലാം ക്ലാസ് കഴിഞ്ഞതോടെ കോഴിക്കോട് ടൗണിലുള്ള കുറച്ചുകൂടി നല്ല സ്‌കൂളിലേക്ക് മാറി. അതൊരു ക്രിസ്ത്യന്‍ മാനേജ്മെന്റ് സ്‌കൂള്‍ ആയിരുന്നു. വളരെ ബുദ്ധിമുട്ടുള്ള ഒരു പരീക്ഷ എഴുതി വിജയിച്ചാണ് അഡ്മിഷന്‍ നേടുന്നത്. ഒരുപാട് പ്രതീക്ഷകളോടെയാണ് ആ സ്‌കൂളിലേക്ക് കാലെടുത്തു വെച്ചത്.

ഒരുപാട് മുസ്ലിം വിദ്യാര്‍ഥിനികള്‍ അവിടെയുണ്ടായിരുന്നെങ്കിലും ഞാന്‍ മാത്രമായിരുന്നു അഞ്ചാം ക്ലാസിലേക്ക് മഫ്ത കുത്തി വന്നിരുന്ന പെണ്‍കുട്ടി.

തുടക്കം മുതല്‍ തന്നെ അധ്യാപകരില്‍ നിന്ന് വേര്‍തിരിവ് എനിക്ക് നേരിടേണ്ടിവന്നു. അത് പതിയെ വര്‍ധിച്ചുകൊണ്ടേയിരുന്നു.

നാലാം ക്ലാസ് വരെ ഞാന്‍ ഏറ്റവും ഇഷ്ടപ്പെട്ടിരുന്ന പി ടി പീരീഡ് പുതിയ സ്‌കൂളില്‍ എനിക്ക് വേദനിപ്പിക്കുന്ന അനുഭവങ്ങളാണ് സമ്മാനിച്ചത്. എന്റെ തട്ടമായിരുന്നു എല്ലാവരുടെയും പ്രശ്നം. ഏറ്റവും കൂടുതല്‍ എന്നെ വേദനിപ്പിച്ചത് കായിക അധ്യാപികയായിരുന്നു.

മറ്റു കുട്ടികളുടെ മുന്നില്‍ വെച്ച് പലപ്പോഴും അവര്‍ എന്നെ പരസ്യമായി അപമാനിച്ചു. തട്ടം നിര്‍ബന്ധിച്ച് അഴിപ്പിക്കുകയും പല കുത്തുവാക്കുകളും പറഞ്ഞ് വേദനിപ്പിക്കുകയും ചെയ്തു. ആ പിരീഡ് ഉള്ള ദിവസം സ്‌കൂളില്‍ പോകാന്‍ തന്നെ എനിക്ക് പേടി തോന്നി.

ഒരിക്കല്‍ ക്ലാസില്‍ വെച്ച് മറ്റൊരു അധ്യാപിക, 'ഈ ക്ലാസില്‍ ഒരുപാടു മുസ്ലിം കുട്ടികളുണ്ടല്ലോ. അവരാരും ഈ തട്ടം കുത്തുന്നില്ലല്ലോ. ഹവ്വ മാത്രം എന്തിനാണ് ഈ തട്ടം കുത്തി വരുന്നത്' എന്ന് ചോദിച്ചു.

ഹിജാബ് എനിക്ക് തന്ന ഒരു സുരക്ഷിതത്വം ഉണ്ട്. ആ സുരക്ഷിതത്വമായിരുന്നു അവരെന്നില്‍ നിന്ന് പറിച്ചുമാറ്റാന്‍ ശ്രമിച്ചത്. ഞാന്‍ മാനസികമായി വല്ലാതെ തളര്‍ന്നു. ആ സ്‌കൂള്‍ എന്റെ പേടി സ്വപ്നമായി മാറി. ചിറകു നഷ്ടപ്പെട്ട ഒരു പൂമ്പാറ്റയെ പോലെ എങ്ങനെയോ മൂന്നുവര്‍ഷം ഞാന്‍ ആ സ്‌കൂളില്‍ കഴിച്ചുകൂട്ടി.

ഒരിക്കല്‍ എന്നെ പ്രിന്‍സിപ്പല്‍ റൂമിലേക്ക് വിളിച്ചു. ഇനിമുതല്‍ സ്‌കൂളിലേക്ക് തട്ടമിട്ട് വരരുത് എന്ന് കര്‍ശനമായി പറഞ്ഞു. ഇപ്പോള്‍ നമ്മള്‍ വാര്‍ത്തകളില്‍ കണ്ട പ്രിന്‍സിപ്പലിന്റെ അതേ ശൈലിയായിരുന്നു വര്‍ഷങ്ങള്‍ക്കു മുമ്പ് എന്റെ പ്രിന്‍സിപ്പലിനും ഉണ്ടായിരുന്നത്.

അവരത് പറഞ്ഞുകൊണ്ടിരുന്നപ്പോള്‍ ഞാന്‍ ചിന്തിച്ചത് അവരുടെയും ആ ആ സ്‌കൂളിലെ ഭൂരിഭാഗം അധ്യാപികമാരുടെയും തലയില്‍ ഉണ്ടായിരുന്ന തട്ടത്തെ കുറിച്ചാണ്. എന്റെ തട്ടത്തിനു മാത്രം എന്താണ് ഇത്ര പ്രശ്നം എന്ന് ആ കുഞ്ഞു മനസ്സില്‍ ഞാന്‍ ഒരുപാട് ചിന്തിച്ചു. അന്നും ഇന്നും എനിക്ക് അതിന് ഉത്തരം ലഭിച്ചിട്ടില്ല.

പരസ്പരം മനസ്സിലാക്കാനും അംഗീകരിക്കാനും ആദരിക്കാനും കഴിയാത്ത സാഹചര്യത്തില്‍ നേടുന്ന വിദ്യാഭ്യാസം എത്രമാത്രം ഫലപ്രദമാവും.

വീണ്ടും ഇതേ പ്രയാസങ്ങള്‍ തുടര്‍ന്നപ്പോള്‍ ഉപ്പ ആ സ്‌കൂളില്‍ നിന്ന് എന്നെ മാറ്റി ചേര്‍ക്കാന്‍ തീരുമാനിച്ചു. ടി സി വാങ്ങി പോകുന്നതിന്റെ കാരണം തട്ടമിടാന്‍ അനുവദിക്കാത്തത് കൊണ്ടാണ് എന്ന് എഴുതാന്‍ ഉപ്പ അവരോട് ആവശ്യപ്പെട്ടു. എന്നാല്‍ അവരതിന് തയ്യാറായില്ല. ഉപ്പ എന്നെ മറ്റൊരു സ്‌കൂളിലേക്ക് മാറ്റിച്ചേര്‍ത്തു.

കൂട്ടിലടയ്ക്കപ്പെട്ട പക്ഷിക്ക് സ്വാതന്ത്ര്യം ലഭിച്ചാല്‍ ഉണ്ടാകുന്ന അനുഭൂതിയായിരുന്നു അന്ന് ഞാന്‍ അനുഭവിച്ചത്. എനിക്ക് നഷ്ടപ്പെട്ടുപോയ ചിറകുകള്‍ തിരികെ ലഭിച്ചു. എങ്കിലും ഇപ്പോഴും തിരിഞ്ഞുനോക്കുമ്പോള്‍ ആ മൂന്നു വര്‍ഷങ്ങള്‍ എന്റെ ജീവിതത്തിലെ ഇരുണ്ട അധ്യായങ്ങള്‍ തന്നെയാണ്.

ആ സ്‌കൂളിന്റെ മുന്നിലൂടെ എപ്പോഴെങ്കിലും പോകേണ്ടി വരുമ്പോള്‍ ഇപ്പോഴും ആ വേദനിപ്പിക്കുന്ന ഓര്‍മ്മകള്‍ എന്നെ വേട്ടയാടാറുണ്ട്. ഇങ്ങനെയുള്ള ദുരനുഭവങ്ങള്‍ നേരിടേണ്ടി വരുമ്പോള്‍ അതേ സാഹചര്യത്തില്‍ കടിച്ചുതൂങ്ങി നില്‍ക്കാതെ അവിടെനിന്ന് മാറിനില്‍ക്കുന്നത് കുട്ടികള്‍ അനുഭവിക്കുന്ന അരക്ഷിതാവസ്ഥക്കും മാനസിക പ്രതിസന്ധിക്കും ഫലം ചെയ്യും.

പരസ്പരം മനസ്സിലാക്കാനും അംഗീകരിക്കാനും ആദരിക്കാനും കഴിയാത്ത സാഹചര്യത്തില്‍ നേടുന്ന വിദ്യാഭ്യാസം എത്രമാത്രം ഫലപ്രദമാവുമെന്ന് ആലോചിക്കേണ്ടതുണ്ട്. പല സ്‌കൂളുകളിലും ഇത്തരം പ്രശ്‌നങ്ങളുണ്ട്.

വീട്ടില്‍ നിന്ന് തട്ടമിട്ടു പോകുന്ന വിദ്യാര്‍ഥിനികള്‍ സ്‌കൂള്‍ ഗേറ്റില്‍ വെച്ച് അത് ഊരി ബാഗില്‍ വെക്കാന്‍ തയ്യാറാകുന്നതാണ് പല സ്‌കൂളിലും നിലനില്‍ക്കുന്ന വിവേചനം പുറത്തറിയാതിരിക്കാന്‍ കാരണം. അങ്ങനെ വരുമ്പോള്‍ ശിരോവസ്ത്രം അഴിച്ചുമാറ്റാന്‍ തയ്യാറാകാതെ വരുന്ന വിദ്യാര്‍ഥിനി എങ്ങനെ ഒറ്റപ്പെടാതിരിക്കും?