അചഞ്ചലമായ വിശ്വാസത്തിന്റെ ശക്തിയും കരുത്തും കൊണ്ട് മാത്രമാണ് മരണമെന്ന അനിവാര്യമായ യാഥാര്‍ഥ്യത്തിനു മുമ്പില്‍ നമുക്കു പിടിച്ചുനില്‍ക്കാനാവുന്നത്.
മരണമെന്ന സത്യത്തെ അറിഞ്ഞ് ഉള്‍ക്കൊള്ളുമ്പോള്‍ തന്നെ ആ യാഥാര്‍ഥ്യത്തിനു മുമ്പില്‍ നാം വല്ലാതെ പകച്ചുപോകുന്നു, പ്രത്യേകിച്ച് അത് നമ്മുടെ പ്രിയപ്പെട്ടവരുടേതാകുമ്പോള്‍. വിശ്വാസത്തിന്റെ കരുത്തു കൊണ്ടു മാത്രമാണ് ഇത്തരത്തിലുള്ള പ്രതിസന്ധികളില്‍ നമുക്ക് പിടിച്ചുനില്‍ക്കാനാകുന്നത്.
വിശ്വാസിയാകുന്നതിനുമുമ്പ് ജാഹിലിയ്യാ കാലത്ത് തന്റെ സഹോദരന്റെ മരണത്തില്‍ ദിവസങ്ങളോളം അലമുറയിട്ട് കരഞ്ഞ് വിലാപകാവ്യങ്ങള്‍ പാടി ഭ്രാന്തിയെപ്പോലെ നടന്ന ഖന്‍സാഅ് വിശ്വാസിനിയായ ശേഷം ഇസ്ലാമിനു വേണ്ടി ജീവാര്‍പ്പണം ചെയ്ത തന്റെ നാല് മക്കളുടെ വേര്‍പാടില്‍ ഉറക്കെ പ്രതിവചിച്ചത് 'എന്റെ പ്രിയപ്പെട്ട മക്കള്‍ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ രക്തസാക്ഷിയാവുക വഴി എനിക്ക് മാന്യത നല്‍കിയ അല്ലാഹുവേ, നിനക്കാണ് സര്‍വ സ്തുതിയും' എന്നാണ്.
അചഞ്ചലമായ വിശ്വാസത്തിന്റെ ശക്തിയും കരുത്തും കൊണ്ട് മാത്രമാണ് മരണമെന്ന യാഥാര്‍ഥ്യത്തിനു മുമ്പില്‍ പിടിച്ചുനില്‍ക്കാനാകുന്നത്. അതുകൊണ്ടാകാം 'സകല സുഖാസ്വാദനങ്ങളെയും നിശ്ശേഷം ഇല്ലാതാക്കുന്ന മരണത്തെ കുറിച്ചുള്ള ചിന്ത നിങ്ങള്‍ അധികരിപ്പിക്കുക' എന്ന് നബി (സ) പറഞ്ഞത്.
ഭൗതികജീവിതത്തിന്റെ സന്തോഷങ്ങളും ആനന്ദങ്ങളും നമുക്ക് നഷ്ടപ്പെടും എന്നത് മാത്രമല്ല, നമ്മുടെ പ്രിയപ്പെട്ടവരുടെ വേര്‍പാടു മൂലം നാം അവരിലൂടെ അനുഭവിച്ചുകൊണ്ടിരുന്ന സന്തോഷങ്ങളും ആനന്ദങ്ങളും ഇല്ലാതാക്കുന്ന മരണം എന്ന സത്യത്തെയാണ് നാം ഏറ്റവും അധികം ഓര്‍ക്കേണ്ടത് എന്നതുകൂടിയാണത്.
വിശ്വാസത്തിന്റെ കരുത്തുകൊണ്ട് മാത്രം ആ സത്യത്തിനു മുമ്പില്‍ പിടിച്ചു നില്‍ക്കുന്ന ഒരു വിഭാഗമായി ഫലസ്തീനി ജനതയെ നാം കാണുകയാണ്. ഇസ്രായേലിന്റെ മനുഷ്യത്വരഹിതമായ നരനായാട്ടില്‍ 10 മക്കളില്‍ 9 പേരും നഷ്ടപ്പെട്ട ആ ഉമ്മയുടെ പ്രതികരണങ്ങളിലും പരലോക മോക്ഷം ലഭിക്കുന്ന തന്റെ മക്കളെ കുറിച്ചുള്ള പ്രതീക്ഷയുണ്ട്.
നമ്മുടെ പ്രിയപ്പെട്ടവരുടെ വേര്‍പാടിലും അതുതന്നെയാണ് നമുക്കുള്ള ഏറ്റവും വലിയ ആശ്വാസവും സമാധാനവും. അതുതന്നെയാണ് അല്ലാഹുവും പറഞ്ഞത്:
ഞങ്ങളുടെ റബ്ബ് അല്ലാഹുവാണെന്ന് പ്രഖ്യാപിക്കുകയും അതിനെ തുടര്‍ന്ന് അവന്റെ വിധി തീരുമാനങ്ങളെ ഉള്‍ക്കൊള്ളുകയും കല്പനാ നിര്‍ദേശങ്ങള്‍ പാലിക്കുകയും ഏതു സന്ദര്‍ഭത്തിലും അചഞ്ചലമായ ഈമാനോടു കൂടി നേരെച്ചൊവ്വേ ജീവിക്കുകയും ചെയ്യുന്നവര്‍ക്ക് മലക്കുകളുടെ ആശീര്‍വാദവും ആശ്വാസവചനങ്ങളും സ്വര്‍ഗത്തെ കുറിച്ചുള്ള സന്തോഷവാര്‍ത്തയും കേള്‍ക്കാവുന്നതാണ്.
ഏതൊരു പ്രതിസന്ധിയിലും ഉലഞ്ഞുപോകാത്ത വിശ്വാസത്തിന്റെ കരുത്തില്‍ നേരെച്ചൊവ്വേ ജീവിക്കുന്നവരുടെ ആത്മമിത്രങ്ങളായി ദുന്‍യാവിലും ആഖിറത്തിലും ഞങ്ങളുണ്ട് എന്നും ആ മലക്കുകള്‍ പറയുന്നതായി ഖുര്‍ആനില്‍ കാണാം:
''ഞങ്ങളുടെ രക്ഷിതാവ് അല്ലാഹുവാണെന്ന് പറയുകയും, പിന്നീട് നേരാംവണ്ണം നിലകൊള്ളുകയും ചെയ്തിട്ടുള്ളവരാരോ അവരുടെ അടുക്കല്‍ മലക്കുകള്‍ ഇറങ്ങിവന്നുകൊണ്ട് ഇപ്രകാരം പറയുന്നതാണ്: നിങ്ങള്‍ ഭയപ്പെടുകയോ ദുഃഖിക്കുകയോ വേണ്ട. നിങ്ങള്‍ക്ക് വാഗ്ദാനം നല്‍കപ്പെട്ടിരുന്ന സ്വര്‍ഗത്തെപ്പറ്റി നിങ്ങള്‍ സന്തോഷമടഞ്ഞുകൊള്ളുക.
ഐഹിക ജീവിതത്തിലും പരലോകത്തും ഞങ്ങള്‍ നിങ്ങളുടെ മിത്രങ്ങളാകുന്നു. നിങ്ങള്‍ക്ക് അവിടെ (പരലോകത്ത്) നിങ്ങളുടെ മനസ്സുകള്‍ കൊതിക്കുന്നതെല്ലാമുണ്ടാകും. നിങ്ങള്‍ക്ക് അവിടെ നിങ്ങള്‍ ആവശ്യപ്പെടുന്നതെല്ലാം ഉണ്ടായിരിക്കും. ഏറെ പൊറുക്കുന്നവനും കരുണാനിധിയുമായ അല്ലാഹുവിങ്കല്‍ നിന്നുള്ള സല്‍ക്കാരമത്രേ അത്'' (ഖുര്‍ആന്‍ 41: 30-32).
ഈ ലോകത്തെ ജീവിതത്തില്‍ സന്തോഷവും സമാധാനവും ലഭിക്കുന്നതിനാണ് എല്ലാ അനുഗ്രഹങ്ങളും ഐശ്വര്യങ്ങളും അല്ലാഹു നല്‍കിയത്. വളരെ പരിമിതമായ ഒരു സമയത്തേക്ക് മാത്രമാണത്. അത് അല്ലാഹു നല്‍കിയതാണ് എന്നതുകൊണ്ടു തന്നെ എപ്പോള്‍ വേണമെങ്കിലും തിരിച്ചെടുക്കാനുള്ള അവകാശവും അവനുണ്ട്.
റബ്ബിനു വേണ്ടി ജീവിതത്തെ സമര്‍പ്പിച്ചവരും അവനിലേക്ക് തിരിച്ചുപോകുമെന്ന് ബോധ്യമുള്ളവരുമായ നമുക്ക് അതെല്ലാം ആ വിധത്തില്‍ മാത്രമാണ് കാണാനും അനുഭവിക്കാനും വിധിച്ചിട്ടുള്ളത്.
ഈ ലോകത്തെ ജീവിതത്തില്‍ സന്തോഷവും സമാധാനവും ലഭിക്കുന്നതിനാണ് എല്ലാ അനുഗ്രഹങ്ങളും ഐശ്വര്യങ്ങളും അല്ലാഹു നല്‍കിയത്. വളരെ പരിമിതമായ ഒരു സമയത്തേക്ക് മാത്രം.
''സ്വത്തും മക്കളും ഭൗതികജീവിതത്തിന്റെ അലങ്കാരങ്ങളാണ്.'' അലങ്കാരങ്ങള്‍ക്ക് അല്‍പായുസ്സാണ് ഉള്ളത്. അതുപോലെ അല്ലാഹു നല്‍കിയ എല്ലാ അനുഗ്രഹങ്ങളും ഇഹലോക ജീവിതത്തിനുള്ളതാണ്. ആഹാരവും വസ്ത്രവും പാര്‍പ്പിടവും എന്തിനേറെ കൈകാലുകള്‍ പോലും.
നമ്മുടെ ലക്ഷ്യമാകട്ടെ പരലോകവും. പരലോകത്തേക്കുള്ള യാത്രയില്‍ അഥവാ ഇതെല്ലാം നല്‍കിയ അല്ലാഹുവിനെ കണ്ടുമുട്ടാനുള്ള യാത്രയില്‍ ഇതിന്റെയൊന്നും ആവശ്യമില്ല എന്ന് നമുക്കറിയാം. ഇതൊന്നും നാം കൂടെ കൊണ്ടുപോകുന്നില്ല.
മൂസാ നബിയുമായി മത്സരത്തില്‍ ഏര്‍പ്പെട്ട ഫിര്‍ഔനിന്റെ ജാലവിദ്യക്കാര്‍, മൂസാ നബി കാണിക്കുന്നത് ജാലവിദ്യയല്ല എന്നു തിരിച്ചറിഞ്ഞ് ഏകനായ നാഥനില്‍ വിശ്വാസമര്‍പ്പിച്ചപ്പോള്‍ അവരുടെ കൈകാലുകള്‍ ഛേദിച്ച ഫിര്‍ഔനിന്റെ ക്രൂരതയ്ക്കു മുമ്പില്‍ കൈകാലുകള്‍ നല്‍കിയ നാഥനിലേക്കുള്ള യാത്രയില്‍ വയറിലിഴയേണ്ടി വന്നപ്പോഴും അവര്‍ക്കത് ഒരു പ്രശ്നമായില്ല.
കാരണം അവരുടെ യാത്ര അതിനേക്കാള്‍ മെച്ചപ്പെട്ടത് നല്‍കാന്‍ കഴിവുള്ള റബ്ബിലേക്കാണ്. മാത്രമല്ല അത് സന്തോഷത്തിന്റെയും സമാധാനത്തിന്റെയും സംതൃപ്തിയുടെയും ആനന്ദത്തിന്റെയും മരണമില്ലാത്ത ലോകമാണ്. നഷ്ടപ്പെട്ടത് എന്തും അവിടെ ലഭിക്കുമെന്ന പ്രതീക്ഷയാണ്.
നിലനില്‍ക്കുന്ന സത്കര്‍മങ്ങളാണ് നിന്റെ രക്ഷിതാവിങ്കല്‍ ഉത്തമമായ പ്രതിഫലമുള്ളതും ഉത്തമമായ പ്രതീക്ഷ നല്‍കുന്നതും.