രണ്ടു വര്‍ഷമാണ് ഡോക്ടര്‍മാര്‍ ആയുസ്സ് വിധിച്ചത്. എന്നാല്‍ അമ്പരപ്പിക്കുന്ന ധിഷണയുമായി അദ്ദേഹം ശാസ്ത്രലോകത്തിന് വിസ്മയമായി.
ശരീരം തളര്‍ന്ന്, ഒടിഞ്ഞുതൂങ്ങി വീല്‍ചെയറില്‍ ഇരിക്കുന്ന ഒരു മനുഷ്യന്‍. അയാള്‍ ഹൃദയത്തിനകത്ത് ഒരു ആകാശം കെട്ടിയുണ്ടാക്കി. സ്വപ്നങ്ങളുടെ ആകാശം. ബഹിരാകാശവും കടന്ന് അതിന്റെ അതിരുകള്‍ വ്യാപിച്ചു. സ്റ്റീഫന്‍ ഹോക്കിംഗ് എന്ന പ്രതിഭയെക്കുറിച്ചാണ് പറയുന്നത്.
ശരീരം അനക്കാന്‍ കഴിയാത്ത അവസ്ഥയില്‍ ജീവിച്ച ആ മനുഷ്യനെ നൂറ്റാണ്ടിന്റെ ശാസ്ത്ര പ്രതിഭ എന്നാണ് ലോകം വിളിച്ചത്. ഒരേ ഇരിപ്പില്‍ നീണ്ട അറുപതു വര്‍ഷങ്ങളാണ് സ്റ്റീഫന്‍ ഹോക്കിംഗ് ജീവിച്ചത്. മനസ്സുകൊണ്ടു മാത്രം മനുഷ്യന് ജയിക്കാനാകുമോ എന്ന ചോദ്യത്തിന്റെ ഉത്തരമായിരുന്നു ആ ഇരിപ്പ്.
മോട്ടോര്‍ ന്യൂറോണ്‍ എന്ന അസുഖമാണ് സ്റ്റീഫന്‍ ഹോക്കിംഗിന്റെ ജീവിതം വീല്‍ചെയറിലാക്കിയത്. അസുഖം കണ്ടെത്തിയപ്പോള്‍ രണ്ടു വര്‍ഷമാണ് ഡോക്ടര്‍മാര്‍ ആയുസ്സ് വിധിച്ചത്. ഏറിയാല്‍ മൂന്നോ നാലോ കൊല്ലം. എന്നാല്‍ അമ്പരപ്പിക്കുന്ന ധിഷണയുമായി അദ്ദേഹം ശാസ്ത്രലോകത്തിന് വിസ്മയമായി ജീവിത വര്‍ഷങ്ങളെ കൊണ്ടാടി.
പ്രപഞ്ച രഹസ്യങ്ങളുടെ ചുരുളുകള്‍ ഓരോന്നോരോന്നായി അഴിച്ചെടുക്കാനുള്ള തീവ്രമായ ആഗ്രഹത്തിലൂടെയാണ് സ്റ്റീഫന്‍ ഹോക്കിംഗ് ശാസ്ത്ര ലോകത്തിന് വിസ്മയങ്ങള്‍ സമ്മാനിച്ചത്. ശരീരത്തിന് പുറത്ത് എന്ത് സംഭവിച്ചാലും അകം കീഴടങ്ങാതെ മുന്നോട്ടു കുതിയ്ക്കാന്‍ ലോകത്തെ മുഴുവന്‍ അംഗപരിമിതര്‍ക്കും സ്റ്റീഫന്‍ വഴികാട്ടി.
1000 വര്‍ഷത്തിനകം ഭൂമി ഒരു തീഗോളമായി മാറുമെന്ന് അദ്ദേഹം പ്രവചിക്കുന്നുണ്ട്. ഭൂമിയില്‍ മനുഷ്യന്റെ ആയുസ്സ് എണ്ണപ്പെട്ടു കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു. ജീവിയ്ക്കാന്‍ മറ്റൊരു ഗ്രഹം കണ്ടെത്തിയേ പറ്റൂ എന്നാണ് അദ്ദേഹത്തിന്റെ അവസാന കാലത്തെ പ്രഭാഷണങ്ങളുടെ കാതല്‍.
ശാസ്ത്രലോകം സമ്മിശ്രമായാണ് ഈ വാദങ്ങളോട് പ്രതികരിച്ചതെങ്കിലും ഭൗതിക ശാസ്ത്രത്തിന്റെ ഉള്ളറിഞ്ഞ ഒരു ശാസ്ത്രജ്ഞന്‍ അപ്രകാരം ഭൂമിയെ വായിക്കുന്നത് പുതിയ തലമുറ ഗൗരവത്തോടെ ചിന്തിക്കേണ്ട വിഷയമാണ്. മാറുന്ന ലോകക്രമത്തിലും ബ്രിട്ടീഷുകാരനായ അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. അമേരിക്കയില്‍ ട്രംപ് അധികാരത്തില്‍ വന്നപ്പോഴുണ്ടായ നീരസം സ്റ്റീഫന്‍ ഹോക്കിംഗ് തുറന്നു പറയുക തന്നെ ചെയ്തു.
റോബോട്ടുകളെയല്ല, മുതലാളിത്തത്തെയാണ് ലോകം ഭയക്കേണ്ടതെന്ന് നിര്‍ഭയത്വത്തോടെ എഴുതി. യന്ത്രങ്ങള്‍ ഉണ്ടാക്കുന്ന ഉല്‍പന്നങ്ങള്‍ നീതിപൂര്‍വം മനുഷ്യര്‍ക്കിടയില്‍ വിതരണം ചെയ്യപ്പെട്ടാലേ കാര്യമുള്ളൂ എന്ന സ്റ്റീഫന്റെ പറച്ചില്‍ കുത്തക മുതലാളിത്തത്തിനുള്ള കുത്തായിരുന്നു. യന്ത്രങ്ങളുടെ ഗുണം പറയുമ്പോഴും മനുഷ്യപക്ഷത്തുനിന്ന് മാത്രം അവയെ വിലയിരുത്തി.
'ബ്രീഫ് ഹിസ്റ്ററി ഓഫ് ടൈം' ആണ് ഹോക്കിംഗിന്റെ ബെസ്റ്റ് സെല്ലര്‍. അത് പിന്നീട് സിനിമയായി. ലോകത്ത് ഏറെ വായിക്കപ്പെടുന്ന പുസ്തകങ്ങളാണ് സ്റ്റീഫന്‍ ഹോക്കിംഗ് എഴുതിയത്. 'യൂണിവേഴ്സ് ഇന്‍ എ നട്ട്ഷെല്‍' എന്നത് സ്റ്റീഫന്‍ ഹോക്കിംഗിന്റെ മറ്റൊരു വിഖ്യാതമായ പുസ്തകമാണ്.
ഒരു കായത്തോടിനുള്ളിലെ വിത്തുപോലെ ഒതുക്കപ്പെട്ടതാണെങ്കിലും അനന്തമായ ഈ പ്രപഞ്ചത്തിലെ രാജാക്കന്മാരായി നാം ഭാവിക്കുന്നു എന്ന ഹാംലെറ്റിലെ ഷേക്ക്സ്പിയര്‍ സംഭാഷണമാണ് ഈ പേരിന്റെ പ്രചോദനം.
ഭൗതിക ശാസ്ത്രത്തെ അടുത്തറിഞ്ഞവര്‍ക്കു മാത്രമേ അഹങ്കാരം തൊട്ടുതീണ്ടാതെ ഈ ആശയം ഉള്‍ക്കൊള്ളാനാകൂ. അറിവിന്റെ അനന്തമായ ആകാശത്തു നില്‍ക്കുമ്പോഴും സ്റ്റീഫന്‍ ജീവിതത്തിന്റെ നിലയും വിലയും അറിഞ്ഞു പെരുമാറി. അംഗപരിമിതികളൊന്നും മുന്നോട്ടുള്ള പ്രയാണത്തിന് തടസ്സമല്ലെന്ന് ലോകത്തെ പഠിപ്പിച്ചു.
ഇനി നമ്മള്‍ നമ്മുടെ കൈകളിലേക്കും കാലുകളിലേക്കും നോക്കണം. കണ്ണാടിയില്‍ പോയി സ്വന്തം ശരീരത്തെ ഒന്ന് വിലയിരുത്തണം. എത്ര ഭംഗിയിലും അടുക്കിലും ചിട്ടയിലുമാണ് നമുക്ക് ഈ ശരീരം ലഭിച്ചിരിക്കുന്നത്! എത്ര സന്തോഷത്തോടെയാണ് കണ്ണുതുറന്ന് ഈ കുറിപ്പ് വായിക്കുന്നത്.
ഇത്രയൊക്കെ സൗകര്യങ്ങള്‍ ലഭിച്ചിട്ടും കൂടുതല്‍ പഠിക്കാനോ ലോകത്തിന് നന്മകള്‍ ചെയ്യാനോ നമുക്ക് സമയമുണ്ടോ? കൈകാലുകളും സമ്പൂര്‍ണ ശാരീരിക ശേഷിയുമുണ്ടായിട്ടും ലോകത്തിനു വേണ്ടി ഒന്നും ചെയ്യാതെ മരിച്ചു പോകുന്നവന് മുന്നില്‍ സ്റ്റീഫന്‍ ഹോക്കിംഗ് മാതൃകയാണ.് ദൃഢനിശ്ചയം, ആത്മവിശ്വാസം എന്നീ പദങ്ങള്‍ക്ക് പരിഗണിക്കാവുന്ന പര്യായമാണ്. പിറന്നതും പിറക്കാനിരിക്കുന്നതുമായ ഓരോ കുഞ്ഞിനും ആ ജീവിതത്തില്‍നിന്ന് പ്രചോദനമുണ്ട്, ജയിക്കാനുള്ള ഊര്‍ജമുണ്ട്.
മലയാളത്തില്‍ മനോഹരമായി എഴുതുന്ന, ചിത്രം വരയ്ക്കുന്ന മാരിയത്ത് സി എച്ച് വീല്‍ചെയറിലിരുന്ന് ജീവിതത്തിന്റെ സൗന്ദര്യത്തെ ആസ്വദിക്കുന്നവളാണ്. മാരിയത്തിന്റെ ജീവിതാനുഭവങ്ങളാണ് വരികളിലും വരകളിലുമായി വെളിച്ചം കണ്ടത്. മുപ്പതാമത്തെ വയസ്സില്‍ അവര്‍ ആത്മകഥയെഴുതി, 'കാലം മായ്ച്ച കാല്‍പാടുകള്‍'. വെല്ലുവിളികളെ പുഞ്ചിരിയോടെ നേരിട്ട പെണ്‍കുട്ടിയുടെ കഥയാണത്.
പതിനാലാമത്തെ വയസ്സില്‍ പോളിയോ ബാധിച്ച് ജീവിതം മുഴുവന്‍ വീല്‍ചെയറിലായിട്ടും ദൃഢനിശ്ചയം കൊണ്ട് ജീവിതത്തെ തിരിച്ചുപിടിച്ച കെ വി റാബിയയുടെ ജീവിതവും നമ്മുടെ മുന്നിലുണ്ട്. സാക്ഷരതാ യജ്ഞത്തിലൂടെയാണ് രാജ്യം റാബിയയെ അറിഞ്ഞത്. യു എന്‍ പുരസ്‌കാരവും പത്മശ്രീയും റാബിയയെ തേടിയെത്തി.
'സ്വപ്നങ്ങള്‍ക്ക് ചിറകുകളുണ്ട്' എന്നാണ് റാബിയയുടെ ആത്മകഥയുടെ പേര്. ചിറകുള്ള സ്വപ്നങ്ങളെ താലോലിച്ച് ഇരുന്ന ഇരിപ്പില്‍ ഉയരങ്ങളിലേക്ക് പറക്കുകയായിരുന്നു റാബിയ.
കശ്മീരില്‍ ഒരു പെണ്‍കുട്ടിയുണ്ട്. അവളുടെ പേര് സുമാര്‍ത്തി. ഒരു പനിയാണ് അവളുടെ ജീവിതം മാറ്റിയത്. ഓടിച്ചാടി നടന്ന പത്ത് വയസ്സുകാരിയുടെ ജീവിതം ആ പനി വന്നതിന് ശേഷം വീല്‍ചെയറിലായി. അരയ്ക്ക് താഴെ തളര്‍ന്ന മകളുമായി കശ്മീര്‍ താഴ്വരയിലെ ആ കുടുംബം ആശുപത്രികളായ ആശുപത്രികളൊക്കെ കയറിയിറങ്ങി.
മുംബൈയിലെത്തി ശസ്ത്രക്രിയ ചെയ്തുനോക്കി. സര്‍ജറിക്ക് ശേഷം ലഭിച്ച ഷൂസിലായി പിന്നെ നടത്തം. എന്നാല്‍ ആ നടത്തം വലിയ പ്രയാസമായി തോന്നിയതോടെ ഷൂ ഉപേക്ഷിച്ചു. പിന്നെ വീല്‍ചെയര്‍ മാത്രമായി. നടക്കാന്‍ വയ്യാതായതോടെ പഠനം മുടങ്ങി.
സുഹൃത്തുക്കള്‍ സ്‌കൂളിലേക്ക് പോകുന്നത് ആ പെണ്‍കുട്ടി വീല്‍ചെയറിലിരുന്ന് സങ്കടത്തോടെ നോക്കിയിരുന്നു. അച്ഛന്‍ മരിച്ചതോടെ ജീവിതോപാധികളുടെ വാതിലടഞ്ഞു. ജീവിക്കാന്‍ ഇനി എന്തുചെയ്യുമെന്നോര്‍ത്ത് സങ്കടപ്പെടാതെ അവള്‍ 2015ല്‍ സ്വന്തമായി ഒരു ബൂട്ടീക്ക് ആരംഭിച്ചു. എന്നാല്‍ പിന്നീട് കാഴ്ചക്ക് പ്രശ്നം വന്നതോടെ അതും അടച്ചിടേണ്ടി വന്നു.
ചുറ്റുമുള്ള ഏത് വെല്ലുവിളിയെയും സൗന്ദര്യബോധത്തോടെ സമീപിക്കാനുള്ള മനസ്സുണ്ടെങ്കില്‍ ആര്‍ക്കും പറക്കാമെന്നതിന് തെളിവാണിവര്‍.
തോല്‍ക്കാന്‍ അവള്‍ ഒരുക്കമായിരുന്നില്ല. സദാഫ് മസാലൈ എന്ന പേരില്‍ ശ്രീനഗറില്‍ സ്പൈസസ് ഫാക്ടറി ആരംഭിച്ചു. ചുരുങ്ങിയ സമയം കൊണ്ട് ബിസിനസ്സ് പച്ചപിടിച്ചു. ഇന്ന് നിരവധി പേര്‍ക്ക് ജോലി നല്‍കുന്ന ബിസിനിസ്സുകാരിയും വീല്‍ചെയറിലിരുന്ന് ബാസ്‌ക്കറ്റ് ബോള്‍ കളിച്ച് വിസ്മയിപ്പിക്കുന്ന പെണ്‍കുട്ടിയുമാണ് സുമാര്‍ത്ത.
ശരീരത്തിന്റെ കുറവുകളേക്കാള്‍ വലുതാണ് മനസ്സിന്റെ ശക്തിയെന്ന് തെളിയിക്കുന്നതാണ് സുമാര്‍ത്തയുടെ ജീവിതം.
വീല്‍ചെയറില്‍ തുടര്‍ച്ചയായി കൂടുതല്‍ സമയം ഓടിയ റെക്കോര്‍ഡ് നേടിയത് ചൈനയിലെ സീ ജുന്‍വുവാണ്. 2012ല്‍ സ്‌കൂള്‍ അത്ലറ്റിക്സിലാണ് 25.8 കിലോമീറ്റര്‍ ഓടി ഈ കുട്ടി അത്ഭുതം കാണിച്ചത്. കനേഡിയന്‍ സ്വദേശി റിക്ക് ഹാന്‍സന്‍ വീല്‍ചെയറിലിരുന്ന് നാല് ഭൂഖണ്ഡങ്ങളിലൂടെ 34 രാജ്യങ്ങള്‍ സന്ദര്‍ശിച്ചു. വീല്‍ചെയര്‍ മാരത്തണിലെ റെക്കോര്‍ഡ് ഓസ്ട്രിയക്കാരനായ തോമസ് ഗീര്‍സ്ചിച്ലറിനാണ്.
വീല്‍ചെയറിലിരുന്ന് ടെന്നീസ് കളിച്ച് ഏഴ് പാരാലിമ്പിക് കിരീടങ്ങള്‍ നേടിയ നെതര്‍ലന്റിലെ എസ്തര്‍ വെര്‍ജിയറെ മറക്കാനാവില്ല. വീല്‍ചെയറിലിരുന്ന് ചാടാനാകുമോ? എന്നാല്‍ അങ്ങനെയും റെക്കോര്‍ഡിട്ടവരുണ്ട്. ആരോണ്‍ ഹോതറിംഗ്ഹാം വീല്‍ചെയറില്‍ ഏറ്റവും ഉയര്‍ന്ന റാമ്പ് ജമ്പ് നടത്തി.
വീല്‍ചെയറില്‍ സഹാറ മരുഭൂമി താണ്ടിയ മിടുക്കിയുണ്ട്. പൊള്ളുന്ന ചൂടും വീശുന്ന മണല്‍ക്കാറ്റും കാര്യമാക്കാതെ 2016 നവംബറില്‍ മണല്‍ക്കൂനകള്‍ കടന്ന് ക്രച്ചസിലും പിന്നെ ഇഴഞ്ഞും ചിഗാഗ പര്‍വതനിരകള്‍ താണ്ടി ജയിച്ചവളുടെ പേരാണ് ലൂയിസ പിയേഴ്സ്.
വീല്‍ചെയര്‍ ജീവിതത്തെ പഴിക്കാതെ 8000 അടി ഉയരത്തിലുള്ള മച്ചുപിച്ചുവിന്റെ ഉച്ചിയിലെത്തിയ ഒരാളുണ്ട്. ചിലിയിലെ അല്‍വാരോ സില്‍ബര്‍സ്റ്റൈനാണ് ഈ നേട്ടം സ്വന്തമാക്കിയത്. സുഹൃത്തുക്കളുടെ സഹായത്തോടെ എവറസ്റ്റും കിളിമഞ്ചാരോയുമൊക്കെ കീഴടക്കിയവര്‍ നിരവധിയാണ്.
പറഞ്ഞതിനേക്കാള്‍ പറയാന്‍ വിട്ടുപോയവരായിരിക്കും. ഇല്ലായ്മകളെക്കുറിച്ച് വേവലാതിപ്പെടാതെ ഹൃദയത്തിനകത്ത് പ്രതീക്ഷയുടെയും സ്വപ്നങ്ങളുടെയും ചിറകുകള്‍ തുന്നിപ്പിടിപ്പിച്ച് ഈ മനുഷ്യര്‍ ഉയരങ്ങളിലേക്ക് പറക്കുകയായിരുന്നു. ചുറ്റുമുള്ള ഏത് വെല്ലുവിളിയെയും സൗന്ദര്യബോധത്തോടെ സമീപിക്കാനുള്ള മനസ്സുണ്ടെങ്കില്‍ ആര്‍ക്കും പറന്ന് പറന്നു നടക്കാമെന്നതിന് തെളിവാണിവര്‍.
ജീവിതം മുഴുവന്‍ വീല്‍ചെയറിലായിപ്പോയല്ലോ എന്നുകരുതി അവര്‍ വെറുതെയിരുന്നില്ല. എല്ലാ ശാരീരികശേഷിയും സ്വന്തമായിട്ടും ജീവിതത്തില്‍ ഒന്നുമാകാന്‍ കഴിയാത്തവരേക്കാള്‍ ഉയരത്തിലാണ് അവര്‍ എത്തിയത്.
ആകാശം അകലെയല്ല, നമ്മുടെ ഹൃദയത്തിലാണ്. വെറുതെ സങ്കടപ്പെട്ടിരിക്കാതെ, എല്ലാ ഇടുക്കങ്ങളുടെയും കൂട് വിട്ട് പറക്കുക തന്നെ വേണം.
