ടൈം പോവര്‍ട്ടി കേവലം സമയത്തിന്റെ കുറവല്ല. മൂല്യങ്ങള്‍ക്കനുസരിച്ച് ജീവിക്കാന്‍ കഴിയാത്ത അവസ്ഥയാണ്. നമുക്ക് പ്രിയപ്പെട്ടവരുമായി അര്‍ഥവത്തായ ബന്ധം സ്ഥാപിക്കാനും വ്യക്തിപരമായി വളരാനും മാനസികാരോഗ്യം നിലനിര്‍ത്താനും കഴിയാത്ത സാഹചര്യമാണത്.
തിരക്കേറിയ ലോകത്ത് നമ്മള്‍ സാധാരണയായി കേള്‍ക്കുന്ന ഒരു പരാതിയാണ് 'സമയമില്ല' എന്നത്. കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാന്‍, കുട്ടികളോടൊപ്പം കളിക്കാന്‍, എന്തിന്, സ്വന്തം കാര്യങ്ങള്‍ ശ്രദ്ധിക്കാന്‍ പോലും നമുക്ക് സമയം കിട്ടുന്നില്ല. ഇതാണ് സമയദാരിദ്ര്യം (Time Poverty) എന്നറിയപ്പെടുന്നത്.
ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ആളുകളോടൊപ്പം സമയം ചെലവഴിക്കാന്‍ കഴിയാത്ത ഈ ദുരവസ്ഥ നമ്മുടെ ജീവിതത്തെ കാര്യമായി ബാധിക്കുന്നു. സമയം എന്നത് ഒരിക്കല്‍ നഷ്ടപ്പെട്ടാല്‍ തിരികെ ലഭിക്കാത്ത അമൂല്യമായ ഒന്നാണെന്ന് നമുക്കറിയാം.
എന്നാല്‍ ഈ കാലത്ത്, തിരക്കേറിയ ജോലികളും പുതിയ സാങ്കേതികവിദ്യകളും അതിവേഗ ഇന്റര്‍നെറ്റും സ്മാര്‍ട്ട് ഫോണുകളും വന്നതോടെ സമയത്തിന് നമ്മള്‍ വേണ്ടത്ര വില കല്‍പിക്കുന്നില്ല. തന്റെ സമയത്തെ ഏറ്റവും ഫലപ്രദമായി ഉപയോഗിക്കാന്‍ ഒരാള്‍ ശ്രമിക്കാതിരിക്കുന്നതാണ് ജീവിതത്തിന്റെ എല്ലാ മേഖലകളിലും അയാള്‍ പരാജയപ്പെടുന്നതിന്റെ പ്രധാന കാരണം എന്ന് നാം മനസ്സിലാക്കേണ്ടതുണ്ട്.
സമയദാരിദ്ര്യം
ടൈം പോവര്‍ട്ടി എന്നത് കേവലം സമയത്തിന്റെ കുറവല്ല. മൂല്യങ്ങള്‍ക്കനുസരിച്ച് ജീവിക്കാന്‍ കഴിയാത്ത നമ്മുടെ അവസ്ഥയാണ്. നമുക്ക് പ്രിയപ്പെട്ടവരുമായി അര്‍ഥവത്തായ ബന്ധം സ്ഥാപിക്കാനും വ്യക്തിപരമായി വളരാനും മാനസികാരോഗ്യം നിലനിര്‍ത്താനും കഴിയാത്ത ഒരു സാഹചര്യമാണിത്. ആധുനിക ജീവിതശൈലി കാരണം പലപ്പോഴും നാം നേരിടുന്ന ഒരു പ്രധാന വെല്ലുവിളിയാണിത്.
ആസക്തി നഷ്ടമാക്കുന്ന ജീവിതം
വര്‍ക്കഹോളിസം അഥവാ ജോലിയോടുള്ള അമിതമായ ആസക്തി, ഒരു വ്യക്തിയുടെ ജീവിതത്തിന്റെ എല്ലാ തലങ്ങളെയും ദോഷകരമായി ബാധിക്കുന്ന അവസ്ഥയാണ്. ജോലിയില്ലാതെ ഒരു നിമിഷം പോലും ഇരിക്കാന്‍ കഴിയാത്തതും എപ്പോഴും ജോലിയെക്കുറിച്ച് മാത്രം ചിന്തിക്കുന്നതും ഇതിന്റെ പ്രധാന ലക്ഷണങ്ങളാണ്. ഇത് വ്യക്തിബന്ധങ്ങളെയും മാനസികാരോഗ്യത്തെയും സാരമായി ബാധിക്കുന്നു.
വര്‍ക്കഹോളിസത്തിന്റെ ലക്ഷണങ്ങള്‍
വര്‍ക്കഹോളിസമുള്ള ഒരാളില്‍ താഴെ പറയുന്ന ലക്ഷണങ്ങള്‍ കണ്ടേക്കാം: എപ്പോഴും ജോലിയെക്കുറിച്ച് മാത്രം ചിന്തിക്കുക. ജോലിയില്ലാത്ത സമയങ്ങളില്‍ അസ്വസ്ഥതയും ഉത്കണ്ഠയും അനുഭവപ്പെടുക. കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാന്‍ മടി കാണിക്കുക. അല്ലെങ്കില്‍ അതിനായി സമയം കണ്ടെത്താന്‍ സാധിക്കാതെ വരിക.
വിശ്രമിക്കാനോ ഒഴിവുസമയങ്ങള്‍ ആസ്വദിക്കാനോ കഴിയാതെ വരിക. തന്റെ വിജയങ്ങളെക്കുറിച്ച് യാഥാര്‍ഥ്യബോധമില്ലാത്ത ധാരണകള്‍ വെച്ചുപുലര്‍ത്തുക.
ആഘാതം കുടുംബജീവിതത്തില്‍
ജോലിയോടുള്ള അമിതാസക്തി കുടുംബബന്ധങ്ങളെ താറുമാറാക്കുന്നു. ഇത് വിവാഹമോചനം, കുട്ടികളിലെ പെരുമാറ്റ പ്രശ്‌നങ്ങള്‍, കുടുംബത്തില്‍ പൊതുവായ മാനസിക സമ്മര്‍ദം എന്നിവയ്ക്ക് വഴിയൊരുക്കുന്നു.
പങ്കാളികള്‍ തമ്മില്‍ വൈകാരികമായ അകല്‍ച്ച ഉണ്ടാവുക, കുട്ടികള്‍ക്ക് മാതാപിതാക്കളില്‍ നിന്നുള്ള മതിയായ ശ്രദ്ധയും സ്‌നേഹവും ലഭിക്കാതെ വരുക, കുടുംബത്തില്‍ വഴക്കുകളും അഭിപ്രായവ്യത്യാസങ്ങളും വര്‍ധിക്കുക, കുടുംബാംഗങ്ങള്‍ക്കൊപ്പം തീരെ സമയം ചെലവഴിക്കാന്‍ കഴിയാതെ വരിക, വിനോദങ്ങളും സന്തോഷനിമിഷങ്ങളും തീരെ ഇല്ലാതാവുക തുടങ്ങിയവയെല്ലാം ഇത്തരം വ്യക്തികളുടെ കുടുംബത്തില്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങളാണ്.
മാനസികാരോഗ്യത്തിലുള്ള സ്വാധീനം
നിരന്തരമായ ജോലിഭാരവും വര്‍ക്കഹോളിസവും മാനസികാരോഗ്യത്തെ ഗുരുതരമായി ബാധിക്കും. ഇത് വിഷാദം, ഉത്കണ്ഠ, ബേണ്‍ഔട്ട് സിന്‍ഡ്രോം (അമിത ജോലിഭാരം കാരണം ഉണ്ടാകുന്ന മാനസിക തളര്‍ച്ച) എന്നിവയിലേക്ക് നയിച്ചേക്കാം.
വിഷാദരോഗം, ഉത്കണ്ഠാ രോഗങ്ങള്‍, അമിതമായ മാനസിക സമ്മര്‍ദം, ഉറക്കമില്ലായ്മ, ആത്മവിശ്വാസക്കുറവ്, ജീവിതത്തിന് അര്‍ഥമില്ലായ്മ തോന്നുക തുടങ്ങിയവ വര്‍ക്കഹോളിസത്തിന്റെ പ്രധാന മാനസികാരോഗ്യ പ്രത്യാഘാതങ്ങളാണ്.
വര്‍ക്കഹോളിസം ഒരു വ്യക്തിയുടെ ആരോഗ്യകരമായ ജീവിതത്തെയും ബന്ധങ്ങളെയും ഇല്ലാതാക്കുന്ന ഒരു അവസ്ഥയാണ്. ഇതിന് കൃത്യമായ ശ്രദ്ധയും പരിഹാരവും ആവശ്യമാണ്.
പങ്കാളിക്കൊപ്പം നല്ല സമയം
വിവാഹത്തിന്റെ ആദ്യ വര്‍ഷങ്ങളില്‍ ദമ്പതിമാര്‍ ഒന്നിച്ച് സമയം ചെലവഴിക്കാന്‍ ശ്രമിക്കുമ്പോള്‍, കാലക്രമേണ ഈ ശ്രദ്ധ കുറഞ്ഞുവരുന്നു. ജോലിയുടെ സമ്മര്‍ദം, കുട്ടികളുടെ ഉത്തരവാദിത്തം, സാമൂഹിക പ്രതിബദ്ധതകള്‍ എന്നിവയെല്ലാം ചേര്‍ന്ന് ദമ്പതിമാര്‍ തമ്മിലുള്ള അടുപ്പം കുറയ്ക്കുന്നു.
താറുമാറാകുന്ന ലൈംഗിക ജീവിതം
വര്‍ക്കഹോളിക് പുരുഷന്മാരും സ്ത്രീകളും ജോലിക്ക് അമിത പ്രാധാന്യം നല്‍കുകയും അതിനായി കൂടുതല്‍ സമയം ചെലവഴിക്കുകയും ചെയ്യുന്നത് കുടുംബബന്ധങ്ങളെയും ലൈംഗികാരോഗ്യത്തെയും പ്രതികൂലമായി ബാധിച്ചേക്കാം.
ഒരുപാട് നേരമുള്ള ജോലി സമ്മര്‍ദത്തിന് ഇടയാക്കുകയും അത് ലൈംഗിക തൃഷ്ണയും പങ്കാളിയുമായുള്ള മാനസികവും ലൈംഗികവുമായ അടുപ്പവും പ്രവര്‍ത്തനവും വളരെയധികം കുറയാന്‍ കാരണമാവുകയും ചെയ്യുമെന്നതില്‍ സംശയമില്ല. ജോലിക്ക് അമിത പ്രാധാന്യം നല്‍കി സമയം നോക്കാതെയുള്ള ഒരാളുടെ പ്രവര്‍ത്തനങ്ങള്‍ പലപ്പോഴും അയാള്‍ക്ക് സ്വയം പരിചരിക്കുന്നതിനും ഹോബികളില്‍ ഏര്‍പ്പെടുന്നതിനും എന്തിനേറെ സമാധാനപരമായ ഉറക്കം ലഭിക്കുന്നതിനുപോലും തടസ്സങ്ങള്‍ സൃഷ്ടിക്കുന്നു.
ഇത് സ്വാഭാവികമായി ലഭിക്കേണ്ടുന്ന ഹാപ്പി ഹോര്‍മോണുകളായ ഡോപമൈന്‍, ഓക്‌സിടോസിന്‍, സെറോടോണിന്‍, എന്‍ഡോര്‍ഫിന്‍ എന്നിവ ലഭിക്കാനുള്ള അവസരങ്ങള്‍ നഷ്ടപ്പെടുത്തുകയും സ്ട്രെസ് ഹോര്‍മോണുകളായ കോര്‍ട്ടിസോള്‍, എപ്പിനെഫ്രിന്‍ തുടങ്ങിയവ അമിതമായി ഉല്‍പാദിപ്പിക്കപ്പെടാന്‍ കാരണമാവുകയും ചെയ്യുന്നു. ഇത് ശരീരത്തിന്റെ സ്വാഭാവിക ഉന്മേഷത്തെയും മാനസിക സന്തോഷത്തെയും ഇല്ലാതാക്കുകയും മാനസിക സമ്മര്‍ദം വര്‍ധിപ്പിക്കുകയും ചെയ്യുന്നു.
ഈ അവസ്ഥയില്‍ നിന്ന് മോചനം നേടുന്നതിന് (Work-Life balance) തൊഴില്‍-ജീവിത സന്തുലിതാവസ്ഥയ്ക്ക് മുന്‍ഗണന നല്‍കാനും ബന്ധങ്ങളിലെ ഊഷ്മളത വീണ്ടും ജ്വലിപ്പിക്കാനും ബോധപൂര്‍വമായ ശ്രമം ആവശ്യമാണ്. വര്‍ക്കഹോളിക് ആയ ഒരാള്‍ ജോലി പലപ്പോഴും സമ്മര്‍ദത്തിന്റെ പ്രധാന ഉറവിടമാണെന്നും സ്‌ട്രെസ് ആരോഗ്യകരമായ ലിബിഡോയ്ക്ക് ഏറ്റവും വലിയ ഭീഷണിയാണെന്നും തിരിച്ചറിയുന്നില്ല.

അത് മനസ്സിലാക്കി പുറത്തുകടക്കാനുള്ള വഴികള്‍ തേടുക എന്നത് പരമപ്രധാനമാണ്. ജീവിതത്തില്‍ നാം മറ്റുള്ളവരുമായി ചെലവഴിക്കുന്ന സമയത്തിന് വലിയ പ്രാധാന്യമുണ്ട്. എന്നാല്‍ വെറുതെ ഒരുമിച്ച് ഇരിക്കുന്നതിനേക്കാള്‍, ആ സമയം എത്രത്തോളം ഗുണനിലവാരമുള്ളതാണ് (Quality Time) എന്നതാണ് പ്രധാനം.
ബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും സന്തോഷം വര്‍ധിപ്പിക്കുന്നതിനും ഗുണനിലവാരമുള്ള സമയം അത്യാവശ്യമാണ്. ഇതിന്റെ പ്രധാന സവിശേഷതകള്‍:
പരസ്പരം മുഴുശ്രദ്ധ നല്‍കല്‍
ഗുണനിലവാരമുള്ള സമയത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട സവിശേഷതയാണിത്. സംസാരിക്കുന്ന വ്യക്തിക്ക് പൂര്‍ണമായ ശ്രദ്ധ നല്‍കുകയും അവര്‍ പറയുന്നത് ശ്രദ്ധയോടെ കേള്‍ക്കുകയും ചെയ്യുക. ഇത് ആ വ്യക്തിയെ നിങ്ങള്‍ വിലമതിക്കുന്നു, അല്ലെങ്കില്‍ മാനിക്കുന്നു എന്നതിന്റെ സൂചനയായാണ് അയാള്‍ മനസ്സിലാക്കുന്നത്.
ഫോണും മറ്റും ഒഴിവാക്കല്‍
ഒരുമിച്ചായിരിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍, ടിവി, അല്ലെങ്കില്‍ മറ്റ് ശ്രദ്ധ തെറ്റിക്കുന്ന കാര്യങ്ങള്‍ ഒഴിവാക്കുന്നത് വളരെ പ്രധാനമാണ്. ഇത് ആ നിമിഷത്തില്‍ പൂര്‍ണമായി മുഴുകാനും പരസ്പരം കൂടുതല്‍ അടുക്കാനും സഹായിക്കും.
പൊതുതാല്‍പര്യങ്ങള്‍ പങ്കിടല്‍
ഒരുമിച്ച് ആസ്വദിക്കാന്‍ കഴിയുന്ന കാര്യങ്ങളില്‍ ഏര്‍പ്പെടുന്നത് ബന്ധങ്ങളെ ദൃഢമാക്കും. അത് ഒരുമിച്ച് സിനിമ കാണുന്നതാകാം, പുതിയൊരു ഹോബി പഠിക്കുന്നതാകാം, അല്ലെങ്കില്‍ യാത്ര ചെയ്യുന്നതാകാം. പൊതുവായ താല്‍പര്യങ്ങള്‍ പങ്കിടുന്നത് കൂടുതല്‍ അടുപ്പം സൃഷ്ടിക്കുന്നു.
തുറന്ന സംഭാഷണം
ഭയമില്ലാതെ മനസ്സു തുറന്ന് സംസാരിക്കാന്‍ കഴിയുന്ന അന്തരീക്ഷം ഉണ്ടാകണം. സന്തോഷങ്ങളും ദുഃഖങ്ങളും ആശങ്കകളും തുറന്നു പങ്കുവെക്കുന്നത് ബന്ധങ്ങളുടെ ആഴം കൂട്ടും. സത്യസന്ധമായ ആശയവിനിമയം ഗുണനിലവാരമുള്ള സമയത്തിന്റെ അടിസ്ഥാന ശിലയാണ്.
പരസ്പര പിന്തുണയും സ്‌നേഹവും
വാക്കുകളിലൂടെയും പ്രവൃത്തികളിലൂടെയും പരസ്പരം പിന്തുണയും സ്‌നേഹവും പ്രകടിപ്പിക്കേണ്ടത് അത്യാവശ്യമാണ്. ചെറിയ അഭിനന്ദനങ്ങളോ ഒരു ആലിംഗനമോ, ബുദ്ധിമുട്ടുള്ള സമയങ്ങളില്‍ കൂടെ നില്‍ക്കുന്നതോ ഒക്കെ ഗുണനിലവാരമുള്ള സമയത്തിന്റെ ഭാഗമാണ്.
ഈ സവിശേഷതകള്‍ ശ്രദ്ധിച്ചാല്‍, നിങ്ങള്‍ ചെലവഴിക്കുന്ന സമയം വെറും 'സമയം' അല്ലാതായി മാറുകയും നിങ്ങളുടെ ബന്ധങ്ങള്‍ കൂടുതല്‍ ദൃഢവും സന്തോഷകരവുമാവുകയും ചെയ്യും.
കുട്ടികളുമൊത്ത് നല്ല നിമിഷങ്ങള്‍
മാതാപിതാക്കളുടെ തിരക്കേറിയ ജീവിതശൈലി കുട്ടികളില്‍ ഗുരുതരമായ സ്വാധീനം ചെലുത്തുന്നുണ്ട്. കുട്ടികള്‍ക്ക് അവരുടെ ശരിയായ വികാസത്തിന് മാതാപിതാക്കളുടെ സമയവും ശ്രദ്ധയും വളരെ അത്യാവശ്യമാണ്. കുട്ടികളുമായി കൂടുതല്‍ സമയം ചെലവഴിക്കുന്നതും ഉല്ലസിക്കുന്നതും കുട്ടികളിലും രക്ഷിതാകളിലും ഒരേപോലെ മാനസികാരോഗ്യം നിലനിര്‍ത്തും.
വൈകാരിക അകല്‍ച്ച, പെരുമാറ്റ പ്രശ്‌നങ്ങള്‍, അക്കാദമിക പ്രകടനത്തിലെ ഇടിവ്, കുറഞ്ഞ ആത്മവിശ്വാസം, സാമൂഹിക വൈദഗ്ധ്യത്തിന്റെ അഭാവം എന്നിവ കുട്ടികളിലുണ്ടാകുന്ന പ്രത്യാഘാതങ്ങളാണ്. അറിയുക, കുട്ടികള്‍ക്ക് വേണ്ടത് നിങ്ങളുടെ സമ്മാനങ്ങളല്ല, നിങ്ങളുടെ സാന്നിധ്യമാണ്.
സ്വയം പരിചരണവും ഹോബികളും
പലപ്പോഴും ടൈം പോവര്‍ട്ടിയുടെ പേരില്‍ അധികമാളുകളും അവഗണിക്കുന്ന ഒരു മുന്‍ഗണനയാണ് സ്വയം പരിചരണം (Self-care). നമ്മുടെ ശാരീരികവും മാനസികവുമായ ആരോഗ്യം നിലനിര്‍ത്തുന്നതിന് സ്വയം പരിചരണം വളരെയധികം അത്യന്താപേക്ഷിതമാണ്.
എന്നാല്‍ തിരക്കേറിയ ജീവിതത്തില്‍, പലപ്പോഴും ആദ്യം നാം ത്യജിക്കുന്നതും അവഗണിക്കുന്നതും നമ്മുടെ ഈ സ്വയം പരിചരണമാണ്. ഇത് ദീര്‍ഘകാലാടിസ്ഥാനത്തില്‍ നമ്മുടെ ആരോഗ്യത്തെയും സന്തോഷത്തെയും പ്രതികൂലമായി ബാധിക്കുന്നു. ഓര്‍ക്കുക, നമ്മുടെ മാനസികാരോഗ്യം നന്നായാല്‍ മാത്രമാണ് നമ്മുടെ ചുറ്റുമുള്ളവര്‍ക്ക് നല്ല പരിഗണനയും അനുഭവങ്ങളും നല്‍കാന്‍ നമുക്ക് കഴിയൂ. അതുകൊണ്ട് സ്വയം പരിചരണമായിരിക്കണം നമ്മുടെ ഏറ്റവും ആദ്യത്തെ പ്രയോറിറ്റി.
ദീര്‍ഘനേരമുള്ള തുടര്‍ച്ചയായ ജോലി സമ്മര്‍ദത്തിന് ഇടയാക്കുകയും അത് ലൈംഗിക താല്പര്യവും പങ്കാളിയുമായുള്ള മാനസികവും ലൈംഗികവുമായ അടുപ്പവും പ്രവര്‍ത്തനവും കുറയാന്‍ കാരണമാവുകയും ചെയ്യും.
സ്വയം പരിചരണത്തിനു വേണ്ട ഘടകങ്ങള്‍ ഇവയാണ്: പര്യാപ്തമായ ഉറക്കം: ശരീരത്തിനും മനസ്സിനും വേണ്ടത്ര വിശ്രമം ലഭിക്കുന്നതിന് ആവശ്യമായ ഉറക്കം ഉറപ്പാക്കുക.
സമീകൃതാഹാരം: പോഷകസമൃദ്ധമായ ഭക്ഷണം കഴിക്കുന്നത് ശാരീരിക ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്.
വ്യായാമം: പതിവായ ശാരീരിക വ്യായാമം ശാരീരികവും മാനസികവുമായ ഉന്മേഷം നല്‍കുന്നു.
ധ്യാനവും മാനസിക വിശ്രമവും: മനസ്സിനെ ശാന്തമാക്കാനും സമ്മര്‍ദം കുറയ്ക്കാനും ധ്യാനം പോലുള്ളവ സഹായിക്കും.
പ്രിയതരമായ പ്രവര്‍ത്തനങ്ങള്‍: സന്തോഷം നല്‍കുന്ന കാര്യങ്ങളില്‍ ഏര്‍പ്പെടുന്നത് മനസ്സിന് ഉന്മേഷം നല്‍കും. ഉദാഹരണത്തിന് ചാരിറ്റി പ്രവര്‍ത്തനങ്ങള്‍, പൊതുപ്രവര്‍ത്തനങ്ങള്‍, ഹോബികള്‍ തുടങ്ങിയവ.
സാമൂഹിക ബന്ധങ്ങള്‍: സുഹൃത്തുക്കളോടും കുടുംബാംഗങ്ങളോടും നല്ല ബന്ധം പുലര്‍ത്തുന്നത് മാനസികാരോഗ്യത്തിന് പ്രധാനമാണ്.
ഹോബികള്‍
സ്വയം പരിചരണത്തില്‍ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് ഹോബികള്‍. നമ്മുടെ ഹോബികളും താല്‍പര്യങ്ങളും നമ്മുടെ വ്യക്തിത്വത്തിന്റെ അവിഭാജ്യ ഘടകങ്ങളാണ്. ഇവ കേവലം വിനോദങ്ങള്‍ക്കപ്പുറം നമ്മുടെ സര്‍ഗാത്മകത വര്‍ധിപ്പിക്കാനും മാനസിക സമ്മര്‍ദം കുറയ്ക്കാനും ജീവിതത്തിന് അര്‍ഥം കണ്ടെത്താനും സഹായിക്കുന്നു.
ഒഴിവുസമയങ്ങളില്‍ ഇഷ്ടമുള്ള കാര്യങ്ങളില്‍ ഏര്‍പ്പെടുന്നത് പുതിയ ഊര്‍ജം നല്‍കുകയും ജീവിതത്തെ കൂടുതല്‍ ആസ്വാദ്യകരമാക്കുകയും ചെയ്യും. അതുകൊണ്ടു തന്നെ നിങ്ങളുടെ ഹോബികള്‍ക്കായി സമയം കണ്ടെത്തുക വളരെ പ്രധാനമാണ്.
പ്രധാന ഗുണങ്ങള്‍
മാനസിക സമ്മര്‍ദം കുറയ്ക്കല്‍: ഹോബികളില്‍ ഏര്‍പ്പെടുന്നത് ദൈനംദിന ജീവിതത്തിലെ സമ്മര്‍ദങ്ങളില്‍ നിന്ന് മോചനം നല്‍കുന്നു.
സൃഷ്ടിശേഷിയുടെ വികാസം: പുതിയ കാര്യങ്ങള്‍ പരീക്ഷിക്കാനും സ്വന്തമായ ശൈലികള്‍ വികസിപ്പിക്കാനും ഹോബികള്‍ സഹായിക്കുന്നു.
ആത്മവിശ്വാസം വര്‍ധിപ്പിക്കല്‍: ഒരു ഹോബിയില്‍ നാം കഴിവ് തെളിയിക്കുമ്പോള്‍ അത് ആത്മവിശ്വാസം വര്‍ധിപ്പിക്കും. ഹോബികള്‍ പലപ്പോഴും പുതിയ കഴിവുകള്‍ പഠിക്കാന്‍ നമ്മെ പ്രോത്സാഹിപ്പിക്കുന്നു.
സമാന താല്‍പര്യമുള്ളവരുമായി ബന്ധം: സമാന ചിന്താഗതിക്കാരെ കണ്ടുമുട്ടാനും പുതിയ സൗഹൃദങ്ങള്‍ സ്ഥാപിക്കാനും ഹോബികള്‍ അവസരം നല്‍കുന്നു.
സ്വയം പരിചരണത്തിലൂടെയും ഹോബികളിലൂടെയും നമുക്ക് കൂടുതല്‍ ആരോഗ്യകരവും സന്തോഷകരവുമായ ജീവിതം നയിക്കാന്‍ സാധിക്കും എന്നതില്‍ സംശയമില്ല.
പരിഹാര മാര്‍ഗങ്ങള്‍
ടൈം മാനേജ്‌മെന്റ്: മുന്‍ഗണനകള്‍ നിശ്ചയിക്കല്‍, ദിനചര്യ ആസൂത്രണം ചെയ്യല്‍, അനാവശ്യ പ്രവര്‍ത്തനങ്ങള്‍ ഒഴിവാക്കല്‍, NO പറയാന്‍ പഠിക്കുക തുടങ്ങിയവ.
ഡിജിറ്റല്‍ സൗകര്യങ്ങള്‍ പരിമിതപ്പെടുത്തല്‍: സോഷ്യല്‍ മീഡിയ ഉപയോഗം കുറയ്ക്കല്‍, ഡിജിറ്റല്‍ ഡീടോക്സ്, ടെക്നോളജി ഫ്രീ സോണുകള്‍ സൃഷ്ടിക്കല്‍ എന്നിവ ശ്രദ്ധിക്കാം.
കുടുംബത്തിനുള്ള സമയം സംരക്ഷിക്കല്‍: ക്വാളിറ്റി ടൈം നിര്‍ണയിക്കല്‍, പൊതുപ്രവര്‍ത്തനങ്ങള്‍ ചെയ്യല്‍, ഒരുമിച്ച് ഭക്ഷണം കഴിക്കല്‍ എന്നിവ ആസൂത്രണം ചെയ്യല്‍.
സ്വയം പരിചരണത്തിന് പ്രാധാന്യം: ദിവസേനയുള്ള വിശ്രമ സമയം, ശാരീരിക വ്യായാമം, ധ്യാനം അല്ലെങ്കില്‍ യോഗ, പര്യാപ്തമായ ഉറക്കം എന്നിവ ശ്രദ്ധിക്കാം.
വിദഗ്ധ സഹായം തേടല്‍
വര്‍ക്കഹോളിസമോ മാനസിക സമ്മര്‍ദമോ നിയന്ത്രിക്കാന്‍ കഴിയുന്നില്ലെങ്കില്‍, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടണം.
സന്തുലിത ജീവിതത്തിലേക്ക്
സമയദാരിദ്ര്യം അതിജീവിക്കുക എളുപ്പമല്ല, എന്നാല്‍ അസാധ്യവുമല്ല. ഇത് നമ്മുടെ മൂല്യങ്ങളെയും മുന്‍ഗണനകളെയും പുനഃപരിശോധിക്കാനുള്ള അവസരമാണ്.
ജോലി പ്രധാനമാണ്. ജോലി നമ്മുടെ ജീവിതത്തിന്റെ ഒരു ഭാഗമാണ്, എങ്കിലും മുഴുജീവിതവുമല്ല. ഉപജീവനത്തിനും സ്വപ്‌നങ്ങള്‍ സാക്ഷാത്കരിക്കുന്നതിനും ജോലി ആവശ്യമാണ്. എന്നാല്‍ അത് നമ്മുടെ വ്യക്തിത്വത്തെയും അനുഭവങ്ങളെയും പൂര്‍ണമായി നിര്‍വചിക്കുന്നില്ല.
ജോലിക്ക് പുറത്തുള്ള ബന്ധങ്ങള്‍, അനുഭവങ്ങള്‍, സന്തോഷങ്ങള്‍ എന്നിവയാണ് ജീവിതത്തിന് പൂര്‍ണത നല്‍കുന്നത്.
വിജയം സമ്പത്ത് മാത്രമല്ല, സന്തോഷവുമാണ്: സമൂഹം പലപ്പോഴും വിജയത്തെ പണത്തിന്റെയും പദവിയുടെയും അടിസ്ഥാനത്തില്‍ അളക്കുന്നു. എന്നാല്‍ യഥാര്‍ഥ വിജയം മാനസിക സമാധാനത്തിലും പ്രിയപ്പെട്ടവരുമായുള്ള ബന്ധത്തിലും ആത്മതൃപ്തിയിലും കിടക്കുന്നു. ധനം ഇല്ലാതെ ജീവിക്കാന്‍ കഴിയില്ല, പക്ഷേ ധനം മാത്രമുള്ള ജീവിതം അര്‍ഥശൂന്യമാണ്.
നിങ്ങളുടെ സാന്നിധ്യം നിങ്ങളുടെ സമ്മാനങ്ങളേക്കാള്‍ വിലപ്പെട്ടതാണ്: പ്രിയപ്പെട്ടവരുടെ ജന്മദിനങ്ങളിലും പ്രത്യേക അവസരങ്ങളിലും നമ്മള്‍ ചിലപ്പോള്‍ വിലപിടിപ്പുള്ള സമ്മാനങ്ങള്‍ നല്‍കുന്നു, പക്ഷേ സമയം നല്‍കുന്നില്ല. വിലയേറിയ ഗാഡ്ജറ്റുകളോ ആഭരണങ്ങളോ ഒരിക്കല്‍ വാങ്ങിക്കൊടുത്താല്‍ മതി.
എന്നാല്‍ നിങ്ങളുടെ സാന്നിധ്യവും ശ്രദ്ധയും വീണ്ടും വീണ്ടും ആവശ്യമാണ്. അച്ഛനോടൊപ്പം കളിക്കുന്ന ഒരു മണിക്കൂറോ ഇണയ്ക്കൊപ്പം ചെലവഴിക്കുന്ന ഒരു സായാഹ്നമോ എന്തൊരു സമ്മാനത്തേക്കാളും വിലപ്പെട്ടതാണ്.
പ്രിയപ്പെട്ടവരോടൊപ്പം ഉണ്ടായിരിക്കുകയെന്നത് ഏറ്റവും പ്രധാനം: ദിവസവും നമ്മുടെ കൈയില്‍ 24 മണിക്കൂറാണ് ഉള്ളത്. ഇതില്‍ നിന്ന് ജോലിക്കും ഉറക്കത്തിനും ആവശ്യമായ സമയം കുറച്ചാല്‍ ബാക്കിയുള്ളത് എങ്ങനെ ചെലവഴിക്കണം എന്നതാണ് ചോദ്യം. ഫോണില്‍ സ്‌ക്രോള്‍ ചെയ്യുന്നതിനോ ടിവി കാണുന്നതിനോ അനാവശ്യ ചിന്തകളില്‍ മുഴുകുന്നതിനോ പകരം, കുടുംബത്തോടൊപ്പം ചെലവഴിക്കുന്ന സമയം ഏറ്റവും ഫലപ്രദമായ നിക്ഷേപമാണ്.
പ്രിയപ്പെട്ടവര്‍ കാത്തിരിക്കുന്നു
സമയദാരിദ്ര്യം എന്നത് നമ്മുടെ ജീവിതനിലവാരത്തെ ഗുരുതരമായി ബാധിക്കുന്ന ആധുനിക കാലത്തെ 'രോഗം' തന്നെയാണ്. എപ്പോഴും സമയമില്ല എന്ന പരാതിയും തിരക്കിട്ട ജീവിതവും വ്യക്തിബന്ധങ്ങളെയും മാനസികാരോഗ്യത്തെയും ദോഷകരമായി ബാധിക്കുന്നു.
എന്നാല്‍, ബോധപൂര്‍വമായ തിരഞ്ഞെടുപ്പുകളിലൂടെയും ജീവിതശൈലിയിലെ ചെറിയ മാറ്റങ്ങളിലൂടെയും ഈ അവസ്ഥ നമുക്ക് അതിജീവിക്കാന്‍ കഴിയും.
ഒരു കാര്യം ഓര്‍ക്കുക: ജീവിതത്തിന്റെ അവസാനത്തില്‍, നമ്മള്‍ എത്ര സമയം ജോലി ചെയ്തു എന്നതിലല്ല, മറിച്ച്, പ്രിയപ്പെട്ടവരോടൊപ്പം എത്ര അമൂല്യ നിമിഷങ്ങള്‍ ചെലവഴിച്ചു എന്നതിലാണ് യഥാര്‍ഥ സന്തോഷം കണ്ടെത്തുന്നത്.
നഷ്ടപ്പെട്ട സമയം ഒരിക്കലും തിരികെ ലഭിക്കില്ല.
അതിനാല്‍, ഇന്നുതന്നെ സമയദാരിദ്ര്യത്തില്‍ നിന്ന് മുക്തി നേടാനും സന്തോഷവും സംതൃപ്തിയുമുള്ള സമ്പന്നമായ ജീവിതത്തിലേക്ക് കടന്നുപോകാനും നമുക്ക് തീരുമാനമെടുക്കാം. നിങ്ങളുടെ പ്രിയപ്പെട്ടവര്‍ നിങ്ങള്‍ക്കായി കാത്തിരിക്കുന്നു!