സ്വാതന്ത്ര്യ സമരമുഖത്തും മൂവര്‍ണക്കൊടിയിലും അവരുടെയും കൈയൊപ്പുണ്ട്


ഝാന്‍സി റാണിയെപ്പോലെ ജന്‍മനാടിനു വേണ്ടി പോരാടി ജീവത്യാഗം ചെയ്ത നിരവധി മുസ്ലിം വനിതാരത്‌നങ്ങള്‍ ഇന്ത്യന്‍ സ്വാതന്ത്ര്യ സമര പാതയിലുണ്ട്. ചരിത്രത്താളുകളില്‍ മായ്ക്കപ്പെട്ടെങ്കിലും സ്വാതന്ത്ര്യസമര ഏടുകളില്‍ അവരെ വിസ്മരിക്കാനാവില്ല.

വൈദേശിക ആധിപത്യത്തില്‍ നിന്ന് ഇന്ത്യ സ്വാതന്ത്ര്യത്തിലേക്ക് കാലെടുത്തുവെച്ചത് നിരവധി പേരുടെ ജീവത്യാഗത്തിന്റെ ഫലമായാണ്. ജന്മനാടിന്റെ സ്വാതന്ത്ര്യത്തിനായി പോരാടുന്നത് കടമയായി കണ്ട കാലമായിരുന്നു അത്. 1857ലെ ഒന്നാം സ്വാതന്ത്ര്യ സമരം മുതല്‍ നാടൊന്നിച്ച് ബ്രിട്ടീഷുകാര്‍ക്കെതിരെ അണിനിരന്നു.

അതില്‍ നല്ലൊരു ഭാഗം വനിതകളായിരുന്നു എന്നതാണ് ചരിത്രസത്യം. ജീവിതത്തിന്റെ പല മേഖലയിലുള്ള സ്ത്രീകള്‍ സമരത്തില്‍ പങ്കുകൊണ്ടിരുന്നു. പല സമയത്തും പോരാട്ടത്തിന്റെ നേതൃസ്ഥാനം വരെ ഏറ്റെടുത്തിരുന്നുവെന്ന് ചരിത്ര താളുകളിലുണ്ട്.

സ്വാതന്ത്ര്യസമര പോരാട്ടത്തിലെ വനിതയെ കുറിച്ചു പറയുമ്പോള്‍ ഝാന്‍സി റാണിയെയാണ് ഓര്‍മ വരിക. എന്നാല്‍ ഇവരെപ്പോലെ ജന്‍മനാടിനു വേണ്ടി പോരാടി ജീവത്യാഗം ചെയ്ത നിരവധി മുസ്ലിം വനിതാരത്‌നങ്ങളുണ്ട്.

ചരിത്രത്താളുകളില്‍ വിസ്മൃതരാണെങ്കിലും സ്വാതന്ത്ര്യസമര ഏടുകളില്‍ അവരുണ്ട്. അബാദി ബാനു ബീഗം (ബീ അമ്മ), ബീഗം ഹസ്രത്ത് മഹല്‍, അസീസന്‍ ബീഗം, സീനത്ത് മഹല്‍, അസീമ ബീഗം, സൈറാ ബീഗം തുടങ്ങിയവര്‍.

കൊട്ടാരത്തില്‍ നിന്ന് പോരാട്ടത്തിന്

അവധിലെ ഭരണാധികാരിയായിരുന്ന വാജിദ് അലി ഷായുടെ ഭാര്യയായിരുന്നു ബീഗം ഹസ്രത്ത് മഹല്‍. പ്രജാതല്‍പരനായ വാജിദ് അലി ജനക്ഷേമം മുന്‍നിര്‍ത്തി ഭരണം നടത്തുന്നതിനിടയിലാണ് ബ്രിട്ടീഷ് ഭരണകൂടം അദ്ദേഹത്തെ സ്ഥാനഭ്രഷ്ടനാക്കുകയും തുടര്‍ന്ന് കല്‍ക്കത്തയിലേക്ക് നാടുകടത്തുകയും അവിടെ തടവിലാക്കുകയും ചെയ്തത്. അവധിനെ അവരുടെ പ്രവിശ്യയുടെ കീഴിലാക്കി.

ബീഗം ഹസ്രത്ത് മഹല്‍

ഇതേത്തുടര്‍ന്ന് രാജാ ജയ്ലാല്‍ സിംഗിന്റെ സഹായത്തോടെ ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടുകയും ലഖ്‌നോയുടെ നിയന്ത്രണം പിടിച്ചെടുക്കുകയും ചെയ്തു. തന്റെ 11 വയസ്സു മാത്രമുള്ള മകന്‍ ബീര്‍ജിസിനെ അവിടത്തെ ഗവര്‍ണറായി പ്രഖ്യാപിക്കുകയും ചെയ്തു. തുടര്‍ന്ന് ബ്രിട്ടീഷുകാരോട് പോരാടാന്‍ നാനാ സാഹിബിനോട് ചേര്‍ന്ന് തന്റെ സൈന്യത്തിന് നേതൃത്വം നല്‍കി.

ഏഴു ലക്ഷം സൈനികര്‍ ഇതില്‍ ഉണ്ടായിരുന്നുവെന്ന് ചരിത്രം രേഖപ്പെടുത്തുന്നു. 1857 മെയ് 17ന് ലഖ്നോയില്‍ വെച്ച് ബീഗത്തിന്റെ നേതൃത്വത്തിലുള്ള സൈന്യം ബ്രിട്ടീഷുകാരുമായി ഏറ്റുമുട്ടി. നിരവധി വെള്ളക്കാരെ തന്റെ വാളു കൊണ്ട് വെട്ടിക്കൊന്നാണ് അവര്‍ മുന്നേറിയത്. യുദ്ധത്തില്‍ ആദ്യം മേല്‍ക്കൈ നേടിയെങ്കിലും പിന്നീട് പിടിച്ചുനില്‍ക്കാനായില്ല.

പരാജയപ്പെട്ട് പിന്‍വാങ്ങിയെങ്കിലും ഗറില്ലാ യുദ്ധമുറയുമായി അവര്‍ ബ്രിട്ടീഷുകാരെ നേരിട്ടു. ബുല്‍ജിയില്‍ മൂന്നു ദിവസം നീണ്ടുനിന്ന പോരാട്ടം നടന്നു. അവസാനം ബീഗത്തെ പിടികൂടാന്‍ ബ്രിട്ടീഷ് സേന തീരുമാനിക്കുകയായിരുന്നു. ഇതറിഞ്ഞ ബീഗവും കുടുംബവും ഹിമാലയം വഴി നേപ്പാളില്‍ അഭയം തേടി. 1879ല്‍ ഇവര്‍ മരണപ്പെട്ടു. കാഠ്മണ്ഡു സിനറി മസ്ജിദിനു സമീപമാണ് ബീഗം അന്ത്യവിശ്രമം കൊള്ളുന്നത്.

ബീഗം ഓഫ് അവധ് എന്ന പേരില്‍ അറിയപ്പെടുന്ന ഹസ്രത്ത് മഹലിന്റെ സ്മരണാര്‍ഥം ലഖ്‌നോയിലെ ഹസ്രത്ത് ജംഗിലുള്ള ഓള്‍ഡ് വിക്ടോറിയ പാര്‍ക്കിന് അവരുടെ പേര് നല്‍കി. 1984ല്‍ അവരുടെ പേരില്‍ സ്റ്റാമ്പ് പുറത്തിറക്കി ആദരിക്കുകയും ചെയ്തു.

25-ാം വയസ്സില്‍ രക്തസാക്ഷി

ഒന്നാം സ്വാതന്ത്ര്യസമരകാലത്ത് സ്ത്രീകള്‍ക്ക് എന്തു ചെയ്യാന്‍ കഴിയുമെന്ന് ആലോചിച്ച അസീസന്‍ ബീഗം സ്ത്രീകളുടെ ഒരു സൈന്യത്തെ ഉണ്ടാക്കിയാണ് പോരാട്ടവഴിയില്‍ സാന്നിധ്യമറിയിച്ചത്. 1832ല്‍ ലഖ്‌നൗവില്‍ ജനിച്ച അസീസന്‍ കാണ്‍പൂരിലെ രാജാവായ പേഷ്വാ നാനാജി റാവുവിന്റെ കൊട്ടാരം പ്രതിഭകളില്‍ ഒരാളായിരുന്നു. അവിടെ വെച്ചാണ് സ്വാതന്ത്ര്യ സമരത്തില്‍ ജ്വലിച്ചുനിന്ന അസീമുല്ലാ ഖാനുമായി പരിചയപ്പെട്ടത്.

അസീസന്‍ ബീഗം

തുടര്‍ന്ന് സ്വാതന്ത്ര്യ സമരത്തില്‍ സജീവമാകാന്‍ വനിതകളെ സംഘടിപ്പിച്ചു. ചങ്കൂറ്റത്തോടെയും തന്റേടത്തോടെയും സമരഭൂമിയില്‍ സധൈര്യം മുന്നേറിയ വനിതാ വിംഗ് കാണ്‍പൂര്‍ ആസ്ഥാനമായാണ് രൂപീകരിച്ചത്. ആയിരത്തിലധികം പേര്‍ ഈ സൈന്യത്തില്‍ ഉണ്ടായിരുന്നതായി ചരിത്രരേഖകളിലുണ്ട്.

ബ്രിട്ടീഷ് സൈന്യത്തിന് നിരന്തരം തലവേദന സൃഷ്ടിച്ച വനിതാ സേന 1857 മെയ് 10ന് കാണ്‍പൂരില്‍ വെച്ചുണ്ടായ പോരാട്ടത്തില്‍ അവരെ പരാജയപ്പെടുത്തുകയും ചെയ്തു. ഇതോടെ ബീഗത്തെ പിടികൂടണമെന്ന് പട്ടാളം തീരുമാനിച്ചു. ഇതറിഞ്ഞ് ഒളിവില്‍ പോയ അസീസനെ കഠിന പരിശ്രമത്തിനൊടുവില്‍ ബിദൂരില്‍ വെച്ച് പിടികൂടി. പട്ടാള കോടതി അവര്‍ക്ക് വധശിക്ഷ വിധിച്ചു.

ശിക്ഷാവിധിയില്‍ കുലുങ്ങാതിരുന്ന ബീഗത്തിനു മുന്നില്‍ പട്ടാളം ഒരു ഉപാധി വെച്ചു. അന്നത്തെ സ്വാതന്ത്ര്യസമര പോരാളിയും തന്റെ വഴികാട്ടിയുമായ അസീമുല്ലാ ഖാനെ കുറിച്ച് വിവരം നല്‍കിയാല്‍ വെറുതെ വിടാം എന്നായിരുന്നു ഉപാധി. ജീവന്‍ പോയാലും അസീമുല്ല എവിടെയാണെന്ന് പറയാന്‍ തയ്യാറല്ലെന്ന് അവര്‍ സധൈര്യം അറിയിച്ചു. രാജ്യസ്‌നേഹത്തിന്റെ മറുവാക്കായിരുന്ന ബീഗം 25ാം വയസ്സിലാണ് ബ്രിട്ടീഷുകാരുടെ വെടിയുണ്ടയേറ്റ് രക്തസാക്ഷിയായത്.

കുഞ്ഞുങ്ങളെ കൊന്നിട്ടും തളര്‍ന്നില്ല

ഒന്നാം സ്വാതന്ത്ര്യസമര ചരിത്രത്തില്‍ മറക്കാനാവാത്ത പേരാണ് സീനത്ത് മഹലിന്റേത്. മുഗള്‍ രാജവംശത്തിലെ അവസാന രാജാവായിരുന്ന ബഹദൂര്‍ഷായുടെ പ്രിയ പത്‌നിയായിരുന്നു സീനത്ത് മഹല്‍. ബഹദൂര്‍ഷാക്ക് അഭയം നല്‍കാമെന്നു പറഞ്ഞ് അദ്ദേഹത്തെയും ഭാര്യയെയും ബന്ധനസ്ഥനാക്കി ചങ്ങലക്കിട്ട് തെരുവിലൂടെ നടത്തിച്ചു വെള്ളപ്പട്ടാളം.

സീനത്ത് മഹല്‍

മാത്രമല്ല, ആ ദമ്പതികളുടെ മക്കളായ മീര്‍സാ ഖിള്ര്‍, മീര്‍സാ മഗല്‍, മീര്‍സാ അബൂബക്കര്‍ എന്നിവരുടെ ശിരസ്സ് അറുത്തെടുത്ത് തളികയില്‍ വെച്ചുകൊടുത്തു. ഇതു കണ്ട് ഞെട്ടിയെങ്കിലും സ്വാതന്ത്ര്യസമര പോരാട്ടത്തില്‍ നിന്ന് പിന്‍മാറില്ലെന്ന് ഉറക്കെ പ്രഖ്യാപിച്ചു. അവസാനം 1858 ഒക്ടോബര്‍ 17ന് റങ്കൂണിലേക്ക് നാടുകടത്തി. അവിടെ ഏകാന്ത തടവിലിട്ടു. നിരന്തര പീഡനത്തിനൊടുവില്‍ 1868ല്‍ ബഹദൂര്‍ഷായും 1886ല്‍ സീനത്ത് മഹലും മരണത്തിന് കീഴടങ്ങി.

സ്ത്രീരത്‌നം

പോരാട്ടവീര്യം കൊണ്ട് എതിരാളികള്‍ വരെ സ്ത്രീരത്‌നം എന്നു വിശേഷിപ്പിച്ച ഒന്നാം സ്വാതന്ത്ര്യസമര നായികയാണ് സൈറാ ബീഗം. ബ്രിട്ടീഷ് പട്ടാള മേധാവിയായിരുന്ന വൈ.ഡബ്ല്യൂ.ആര്‍. ഹെഡാന്‍ ആണ് അവരെ സ്ത്രീരത്‌നമെന്നു വിശേഷിപ്പിച്ചത്.

1857ലെ ആദ്യ സമരത്തില്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ അതിശക്തമായ പോരാട്ടം നടത്തിയ വനിതാ പോരാളിയാണ് സൈറ. വാള്‍പ്പയറ്റിലും ആയുധാഭ്യാസത്തിലും വിദഗ്ധയായ അവര്‍ ഉന്നം തെറ്റാതെ വെടിവെക്കുന്നതില്‍ അഗ്രഗണ്യയായിരുന്നു. ഡല്‍ഹിയില്‍ ചാന്ദ്‌നി ചൗക്കില്‍ ഒരു മതപണ്ഡിതന്റെ മകളായിട്ടാണ് സൈറ ജനിച്ചത്.

ഇന്നു കാണുന്ന മൂവര്‍ണ ദേശീയ പതാക രൂപകല്പന ചെയ്തത് സുരയ്യ ത്വയ്യിബ്ജി ആണ്. ഫ്‌ളാഗ് ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യയും ഇക്കാര്യം സാക്ഷ്യപ്പെടുത്തുന്നു. ഫ്‌ളാഗ് കമ്മിറ്റിയില്‍ സുരയ്യ അംഗമായിരുന്നു.

യുദ്ധത്തെ കുറിച്ച് ഹെഡാന്‍ പറയുന്നത് ഇങ്ങനെ: യുദ്ധം ആരംഭിച്ചപ്പോള്‍ പട്ടാളമിറങ്ങി വെടിവെപ്പ് തുടങ്ങി. പലരും മരിച്ചുവീണു. ബാക്കിയുള്ളവര്‍ ചിതറി ഓടാന്‍ തുടങ്ങി. അതിനിടയിലാണ് ഇന്ത്യക്കാരുടെ ഭാഗത്തു നിന്ന് ഒരാള്‍ കുതിരപ്പുറത്ത് തോക്കും വാളുകളുമായി കുതിച്ചെത്തിയത്. അവര്‍ മുഖം മറച്ചിരുന്നു. കൈയിലെ നിറതോക്കു കൊണ്ട് നിരവധി പട്ടാളക്കാരെ കൊന്നൊടുക്കി. തനിച്ച് കുതിരപ്പുറത്തെത്തിയ ആ ധൈര്യശാലിയുടെ പേരാണ് സൈറാ ബീഗം.

ആളെ തിരിച്ചറിഞ്ഞെങ്കിലും പട്ടാളക്കാര്‍ക്ക് ബീഗത്തെ പിടികൂടാന്‍ കഴിഞ്ഞില്ല. ദിവസങ്ങളോളം നടന്ന യുദ്ധത്തിനൊടുവില്‍ തന്ത്രപൂര്‍വം കെണിയൊരുക്കിയാണ് വെള്ളപ്പട്ടാളം സൈറാ ബീഗത്തെ പിടികൂടിയത്. അംബാല ജയിലില്‍ അടയ്ക്കപ്പെട്ട ബീഗത്തെ നീണ്ട വിചാരണക്കൊടുവില്‍ തൂക്കിലേറ്റുകയായിരുന്നു.

ഗാന്ധിജിയുടെ ധീരവനിത

1921ല്‍ ഗാന്ധിജി 'യങ് ഇന്ത്യ'യില്‍ 'ധീരവനിത' എന്ന പേരില്‍ ഒരു ലേഖനം എഴുതി. ദേശീയ പ്രസ്ഥാനത്തിലൂടെ, സര്‍വ മതസാഹോദര്യത്തിലൂടെ ജന്‍മനാടിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി മുന്നില്‍ നിന്ന് പ്രയത്‌നിച്ച അംജദി ബീഗത്തെ കുറിച്ചായിരുന്നു ആ ലേഖനം. സ്വാതന്ത്ര്യസമര നേതാവ് മൗലാനാ മുഹമ്മദലിയുടെ ഭാര്യയായിരുന്നു അംജദി ബീഗം.

ഹിന്ദുസ്ഥാനിയില്‍ മധുരമായി പ്രസംഗം നടത്തുന്ന ബീഗം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ബീയുമ്മയോടൊപ്പം യാത്ര ചെയ്താണ് സ്വാതന്ത്ര്യ സന്ദേശം കൈമാറിയത്. അവരുടെ അധരങ്ങളില്‍ നിന്ന് ഉതിര്‍ന്നുവീണ വാക്കുകള്‍ കാരണം അവര്‍ ധീരനായ ഭര്‍ത്താവിന്റെ ധീരയായ പത്‌നിയാണെന്ന് തനിക്ക് തോന്നിയെന്ന് ഗാന്ധിജി എഴുതി. ഞങ്ങളുടെ സഹയാത്രിക എന്നതില്‍ അഭിമാനമുണ്ടെന്നും കുറിച്ചു.

ദേശീയപതാകയിലെ മുസ്ലിം സ്ത്രീ

ദേശീയ പതാക ഒരുക്കുന്നതില്‍ പങ്കാളിയായ മുസ്ലിം പെണ്ണാണ് സുരയ്യ ത്വയ്യിബ്ജി. ഹിന്ദു-മുസ്ലിം സംസ്‌കാരങ്ങള്‍ പ്രതിനിധീകരിക്കുന്ന ചുവപ്പ്, പച്ച, വെള്ള നിറങ്ങളും ചര്‍ക്കയും ചേര്‍ന്ന പതാകയാണ് ഗാന്ധിജി നിര്‍ദേശിച്ചത്. അപ്രകാരം ആന്ധ്രാ കോണ്‍ഗ്രസ് പ്രവര്‍ത്തകയായ പിങ്കലി വെങ്കയ്യ ഒരു പതാക രൂപകല്‍പന ചെയ്തു.

സുരയ്യ ത്വയ്യിബ്ജി

എന്നാല്‍ മതങ്ങളെ പ്രതിനിധീകരിക്കുന്ന ചുവപ്പ് മാറ്റി കുങ്കുമവും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ കൊടിയിലുള്ളതിനാല്‍ ചര്‍ക്ക മാറ്റി അശോകചക്രവും വേണമെന്ന് കോണ്‍സ്റ്റിറ്റിയൂഷന്‍ അസംബ്ലി നിര്‍ദേശം വന്നപ്പോള്‍ ആ നിര്‍ദേശത്തിലുള്ള, ഇന്നു നാം കാണുന്ന തരത്തിലുള്ള ദേശീയ പതാക രൂപകല്‍പന ചെയ്തത് സുരയ്യ ത്വയ്യിബ്ജി ആണ്.

ഫ്‌ളാഗ് ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യയും ഇക്കാര്യം സാക്ഷ്യപ്പെടുത്തുന്നു. ഫ്‌ളാഗ് കമ്മിറ്റിയില്‍ സുരയ്യ അംഗമായിരുന്നു. ഹൈദരാബാദ് സ്വദേശിയായ സുരയ്യയുടെ ഭര്‍ത്താവ് ബദറുദ്ദീന്‍ കലാകാരനായിരുന്നു. അവരുടെ സഹായത്തോടെ തയ്യാറാക്കിയ പതാകയാണ് സ്വാതന്ത്ര്യത്തിന്റെ രാവില്‍ ജവഹര്‍ലാല്‍ നെഹ്‌റു വാനിലേക്കുയര്‍ത്തിയത്.