നിരവധി സാഹിത്യ പുരസ്‌കാരങ്ങളും അധ്യാപക അവാര്‍ഡും നേടിയ തസ്മിന്‍, എഴുത്തിലെയും ജീവിതത്തിലെയും വിശേഷങ്ങള്‍ പങ്കുവെക്കുന്നു.
സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച 'സുമയ്യ' എന്ന ബാലനോവലിലൂടെ മലയാളികളുടെ മനംകവര്‍ന്ന എഴുത്തുകാരിയാണ് തസ്മിന്‍ ഷിഹാബ്. നൂറു കൂട്ടം ചോദ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് കുട്ടികളുടെയും മുതിര്‍ന്നവരുടെയും മനസ്സില്‍ ഇടം നേടിയ 'സുമയ്യ' മലയാളത്തിനു മികച്ച വായനാനുഭവം നല്‍കി.
സമൂഹത്തില്‍ വ്യാപകമായ നിരവധി അനാചാരങ്ങള്‍ക്കും അന്ധവിശ്വാസങ്ങള്‍ക്കും നേരെ ധീരമായി വിരല്‍ചൂണ്ടുന്നുണ്ട് 'സുമയ്യ'. സ്നേഹവും സഹാനുഭൂതിയും സാമൂഹിക പ്രതിബദ്ധതയും എങ്ങനെയാണ് കുട്ടികളില്‍ രൂപപ്പെടേണ്ടതെന്ന് കൃത്യമായി അനാവരണം ചെയ്യുന്ന കൃതിയാണിത്.
ബാലസാഹിത്യത്തിനുള്ള പ്രൊഫ. ജോസഫ് മുണ്ടശ്ശേരി അവാര്‍ഡ്, സംസ്ഥാന സാംസ്‌കാരിക വകുപ്പിന്റെ ഒ വി വിജയന്‍ സ്മാരക കവിതാ പുരസ്‌കാരം, കേരള ബാലസാഹിത്യ അക്കാദമി പുരസ്‌കാരം, സംസ്ഥാന അധ്യാപക അവാര്‍ഡ് തുടങ്ങിയ ബഹുമതികള്‍ നേടിയ തസ്മിന്‍ എഴുത്തുജീവിതത്തിലെ വിശേഷങ്ങളും കൗതുകങ്ങളും പങ്കുവെക്കുന്നു.
വായനയെ കൂടെ കൂട്ടാന്‍ ഓരോ മനുഷ്യനും വ്യത്യസ്തമായ ഓരോരോ കാരണമുണ്ടായിരിക്കും. അതു ബാല്യവുമായി ബന്ധപ്പെട്ടതാവാം, ഉമ്മയുടെയും മുത്തശ്ശിയുടെയും മടിയില്‍ തലവെച്ച് ഓര്‍മയുറയ്ക്കുന്നതിനും മുമ്പ് കേട്ട കഥകളില്‍നിന്ന് തുടങ്ങിയിരിക്കാം. താങ്കളില്‍ വായന വന്നുചേര്‍ന്നത് ഏത് വിധമായിരുന്നു?
എന്റെ കുട്ടിക്കാലം എനിക്കു തന്ന ചങ്ങാതിമാരായിരുന്നു പുസ്തകങ്ങള്‍. വീട്ടില്‍ അലമാരയില്‍ ഇരിക്കുന്ന വലിയ പുസ്തകങ്ങളെ നോക്കി ഞാന്‍ കൗതുകത്തോടെ നിന്ന കാലം. പിന്നെ അതൊന്ന് തുറന്ന് നോക്കാനും ചില പേജുകളില്‍ കണ്ണുടക്കാനും തുടങ്ങി. അക്കാലത്താണ് വായനയെ ഇഷ്ടപ്പെട്ടു തുടങ്ങിയത്.
എട്ടാം വയസു മുതല്‍ ഞാന്‍ ഇന്നോളം കണ്ട സൗഹൃദങ്ങളില്‍ അനുഭവങ്ങള്‍ പകര്‍ന്ന് ജീവിതം ചൂണ്ടിത്തന്ന് കൂടെ നടക്കുന്ന ഒരൊറ്റ ചങ്ങാതിയേയുള്ളൂ, അത് പുസ്തകമാണ്. കുട്ടിക്കാലത്ത് എന്നെ വായനയിലേക്ക് എത്തിക്കാന്‍ എം പിയും സ്വാതന്ത്ര്യസമര സേനാനിയുമായിരുന്ന എന്റെ മാമ വി സി അഹമ്മദുണ്ണി സാഹിബ് ചെയ്ത ചില കാര്യങ്ങളുണ്ട്. എല്ലാ ദിവസവും വീട്ടില്‍ വരുന്ന മൂന്ന് പത്രങ്ങള്‍ ഒരു വരി പോലും വിടാതെ ഉറക്കെ വായിപ്പിക്കും.
പിന്നെ മഹാന്മാരുടെ ജീവചരിത്രങ്ങള്‍, ആത്മകഥകള്‍, ചരിത്ര പുസ്തകങ്ങള്‍ എല്ലാം മാമയ്ക്ക് വായിച്ച് കേള്‍പ്പിച്ചുകൊടുക്കുന്ന ജോലി എനിക്കായിരുന്നു. അദ്ദേഹം മണിക്കൂറുകളോളം എന്നെ കൊണ്ട് വായിപ്പിക്കുമ്പോള്‍ അന്നെനിക്ക് വിഷമം തോന്നിയിരുന്നു. മുതിര്‍ന്നപ്പോള്‍ ആ വായന എനിക്കനുഗ്രഹമായിരുന്നു എന്ന തിരിച്ചറിവില്‍ ഇന്ന് ഞാന്‍ മാമയെ നന്ദിയോടെയും സ്നേഹാദരങ്ങളോടെയും സ്മരിക്കുന്നു.
സാഹിത്യരംഗത്തേക്ക് കടന്നുവന്ന സാഹചര്യവും എഴുത്തിലെ നാള്‍വഴികളും എങ്ങനെ?
ചെറിയ ക്ലാസില്‍ പഠിക്കുമ്പോള്‍ തന്നെ ഞാന്‍ എഴുതുമായിരുന്നു. എന്നാല്‍ ആര്‍ക്കെങ്കിലും കാണിച്ചുകൊടുക്കാന്‍ മടിയായിരുന്നു. അന്നൊക്കെ കുത്തിക്കുറിച്ചത് കഥയാണോ കവിതയാണോ എന്നൊന്നും എനിക്കറിയില്ല. നന്നായി ചിത്രം വരയ്ക്കുമായിരുന്ന ഞാന്‍ എഴുത്തുകാരിയാകുമെന്ന് ആരും പ്രതീക്ഷിച്ചിട്ടുമുണ്ടാവില്ല.
അഞ്ചാം ക്ലാസില്‍ മലയാളം പഠിപ്പിച്ച മൈത്രി ടീച്ചറാണ് എനിക്ക് എഴുതാന്‍ കഴിവുണ്ടെന്ന് ആദ്യം പറഞ്ഞത്. മലയാളം നോട്ട്ബുക്കില്‍ സ്വന്തമായെഴുതിയ കുറിപ്പുകള്‍ വായിച്ചിട്ട് മൈത്രി ടീച്ചര്‍ ഒന്നു കൂടെ പറഞ്ഞു, നീ ഭാവിയിലൊരു ടീച്ചറാകും എന്ന്. ആ നാവ് പൊന്നായി. പിന്നെ വളര്‍ച്ചയുടെ ഓരോ ഘട്ടങ്ങളിലും വയന കൂടെ നടന്നു. പ്രീഡിഗ്രിക്ക് യു സി കോളജില്‍ ചേര്‍ന്നത് എന്റെ ജീവിതത്തിലെ വഴിത്തിരിവായി.
അവിടുത്തെ വായനശാല എന്റെ വായനയെയും എഴുത്തിനെയും സ്വാധീനിച്ചു. ആ കാലഘട്ടത്തില്‍ കോളജ് മാഗസിനിലാണ് ആദ്യ രചനയായ കവിത പ്രസിദ്ധീകരിച്ചുവന്നത്. വസന്തകാലം എന്നായിരുന്നു കവിതയുടെ പേര്. തുടര്‍ന്ന് മലയാളം അധ്യാപകനായ കെ കെ എബ്രഹാം കവിത എഴുത്തില്‍ ഏറെ പ്രോത്സാഹിപ്പിച്ചു.
തുടര്‍ന്നു മലയാള മനോരമ പത്രത്തിലെ ക്യാമ്പസ് ലൈന്‍ പംക്തിയില്‍ കവിതകള്‍ പ്രസിദ്ധീകരിച്ചു. അത് എഴുത്തില്‍ ആത്മവിശ്വാസം നല്‍കി. കഥയും കവിതയും ലേഖനങ്ങളും മലയാളത്തിലെ മുഖ്യധാരാ മാസികകളില്‍ വെളിച്ചം കണ്ടു. അന്നൊക്കെ സ്വന്തം പേരില്‍ എഴുതാന്‍ ആത്മവിശ്വാസമില്ലാതെ ആതിര എന്ന പേരിലായിരുന്നു എഴുതിയത്.
സ്വന്തം രചനകളിലെ വിഷയങ്ങളും കഥാപാത്രങ്ങളും എങ്ങനെയാണ് താങ്കളെ തേടിയെത്തുന്നത്? അധ്യാപനജോലി ഇക്കാര്യത്തില്‍ പ്രയോജനകരമായിട്ടുണ്ടോ?
ജീവിതത്തില്‍ ഞാന്‍ കണ്ടുമുട്ടിയ വ്യക്തികളും അനുഭവങ്ങളും എന്റെ എഴുത്തിനെ സ്വാധീനിച്ചിട്ടുണ്ട്. പ്രത്യേകിച്ച് ബാലസാഹിത്യ രചനകളില്‍. മുന്നിലൂടെ കടന്നുപോയതും ഇന്നും ചേര്‍ന്നിരിക്കുന്നതുമായ കുട്ടികള്‍ എന്റെ രചനകളില്‍ കഥാപാത്രങ്ങളാവാറുണ്ട്. 'ഉപ്പുമാവ്' എന്ന കുറിപ്പുകളുടെ സമാഹാരത്തില്‍ എന്റെ ക്ലാസ് മുറിയില്‍ ഞാന്‍ കണ്ടതും കേട്ടതും അനുഭവിച്ചതുമായ നിമിഷങ്ങളെയും സംഭവങ്ങളെയുമാണ് കേസ് സ്റ്റഡിയായി എടുത്തത്.
അധ്യാപകര്‍ക്ക് ഒരു കൈപ്പുസ്തകമായി ഉപയോഗിക്കാവുന്ന പുസ്തകമാണ് 'ഉപ്പുമാവ്' എന്ന് വായനക്കാര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. 'സുമയ്യ' എന്ന ബാലനോവല്‍ എഴുതുമ്പോള്‍ ഞാന്‍ തന്നെയാണ് സുമയ്യ എന്ന തോന്നലില്‍ കുട്ടിയായി മാറിയ അനുഭവമുണ്ട്.
എന്റെ കുട്ടിക്കാലത്തെ സംശയങ്ങളും കൗതുകങ്ങളും ചിന്തകളും ആ പുസ്തകത്തിലുടനീളമുണ്ട്. 'ചിറകുള്ള വീട്' എഴുതുമ്പോള്‍ എന്റെ വിദ്യാര്‍ഥിയുടെ ജീവിതമാണ് ചേര്‍ത്തുവെച്ചത്. ഇത്തരത്തില്‍ സ്‌കൂളും വിദ്യാര്‍ഥികളും സുഹൃത്തുക്കളും വ്യക്തി ജീവിതാനുഭവങ്ങളുമെല്ലാം എഴുത്തില്‍ മിന്നിമറയാറുണ്ട്.
ഒമ്പത് വര്‍ഷമായി താങ്കള്‍ മലയാള സാഹിത്യത്തിലെ ശ്രദ്ധേയ സാന്നിധ്യമാണ്. ഇതിനകം 13 പുസ്തകങ്ങള്‍ പ്രകാശിതമായി. തസ്മിന്‍ ഷിഹാബ് എന്ന എഴുത്തുകാരിയുടെ സാഹിത്യയാത്രയെ എങ്ങനെ നിരീക്ഷിക്കുന്നു?
എന്റെ എഴുത്തുകള്‍ പുസ്തകമായി പ്രസിദ്ധീകരിക്കാന്‍ തുടങ്ങിയിട്ട് ഒമ്പത് വര്‍ഷത്തോളമാവുകയാണ്. സാഹിത്യ സാംസ്‌കാരിക രംഗത്ത് സജീവമായി നില്‍ക്കുമ്പോള്‍ നിറഞ്ഞ സംതൃപ്തിയാണുള്ളത്. 13 പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചു. അതില്‍ ബാലസാഹിത്യം, കവിതകള്‍, ലേഖനങ്ങള്‍, അഭിമുഖം, കഥകള്‍ എല്ലാം ഉള്‍പ്പെടുന്നു. എങ്ങനെ ഇത്രയേറെ എഴുതി എന്നത് എനിക്ക് തന്നെ അത്ഭുതമാണ്. പൊരുതി നേടിയതതാണ് എന്റെ വഴികള്‍.
താങ്കളുടെ പ്രസിദ്ധീകൃതമായ പുസ്തകങ്ങള്‍ ഏതെല്ലാം? പ്രധാന കൃതികളിലെ പ്രമേയവും സന്ദേശവും എന്താണ്?
സുമയ്യ എന്ന ബാലനോവലും പുള്ളിക്കുടയും കൂട്ടുകാരും എന്ന കൃതിയും സംസ്ഥാന ബാല സാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടാണ് പ്രസിദ്ധീകരിച്ചത്. കണ്ടന്‍ പറയുന്നതെന്തെന്നാല്‍, ഡ്യൂഡില്‍ ബഗ്, ബാലസാഹിത്യ പഠനങ്ങള്‍ എന്നിവ പൂര്‍ണ ബുക്സ് പുറത്തിറക്കി. ചിറകുള്ള വീട് എന്ന ബാലനോവല്‍ യുവത ബുക്സ് ഇംപ്രിന്റായ പൂമരം ബുക്സും തീവണ്ടി, തല തെറിച്ചവളുടെ സുവിശേഷം, വെയില്‍ത്തുമ്പികള്‍ എന്നീ കവിതാ സമാഹരങ്ങളും യാത്ര, അനുഭവം, എഴുത്ത് എന്നിവ യെസ്പ്രസ് ബുക്സും പ്രസിദ്ധീകരിച്ചു.
ഭാഷയുടെ അടിസ്ഥാന ശേഷികള്‍ ഉറപ്പിച്ചുകൊണ്ട് കുട്ടികളെ വായനയിലേക്കും എഴുത്തിലേക്കും അറിവിലേക്കും കൈപിടിച്ചുയര്‍ത്താന്‍ കഴിഞ്ഞിട്ടുണ്ട്.
മക്കന എന്ന കവിതാ സമാഹാരവും ഉപ്പുമാവ് എന്ന കുറിപ്പുകളുടെ സമാഹാരവും ലോഗോസ് ബുക്സും ഒറ്റനടത്തം എന്ന കവിതാ സമാഹാരം പുലിറ്റ്സര്‍ ബുക്സും പ്രസിദ്ധീകരിച്ചു. പ്രകൃതിയും മനുഷ്യനും തമ്മിലുള്ള അഭേദ്യമായ ബന്ധം, ജീവിത മൂല്യങ്ങള്‍, ക്ലാസ് റൂം അനുഭവങ്ങള്‍, സമകാലിക പ്രശ്നങ്ങള്‍ എല്ലാം രചനയില്‍ ചേര്‍ത്തുവെയ്ക്കാറുണ്ട്. മനുഷ്യനാമത്തിനപ്പുറം മനുഷ്യനാവുക എന്ന സന്ദേശമാണ് എന്റെ രചനയിലൂടെ വയനക്കാരിലേക്ക് പകരുന്നത്.
കഥ, കവിത, നോവല്‍, ലേഖനങ്ങള്‍ തുടങ്ങി വ്യത്യസ്ത രചനകള്‍ താങ്കള്‍ നിര്‍വഹിച്ചിട്ടുണ്ട്. ഇവയില്‍ ഏത് സാഹിത്യരൂപമാണ് കൂടുതല്‍ ആത്മസംതൃപ്തി നല്‍കുന്നത്?
ഞാന്‍ കഥകളും കവിതകളും ബാലസാഹിത്യവും എല്ലാം എഴുതിയിട്ടുണ്ട്. ഇതില്‍ ബാലസാഹിത്യ രചനയാണ് കൂടുതല്‍ ആത്മസുഖം നല്‍കുന്നത്. നമ്മള്‍ കുട്ടിയോളം വളര്‍ന്നുകൊണ്ട് ഒരു വ്യവഹാര രൂപം കുട്ടികള്‍ക്കായി രചിക്കുമ്പോള്‍ എഴുതുന്നയാള്‍ കുട്ടിയാവേണ്ടതുണ്ട്.
പുതിയ കാലത്തെ കുട്ടികളുടെ ചിന്തകളെയും വൈകാരികതയെയും ആനന്ദങ്ങളെയും ആഹ്ലാദങ്ങളെയും അറിവുകളെയും എല്ലാം തിരിച്ചറിയേണ്ടതുണ്ട്. അതിലേക്കെത്താന്‍ എടുക്കുന്ന പ്രയത്നം പൂര്‍ത്തിയാകുമ്പോള്‍ കിട്ടുന്ന സന്തോഷം ഒന്നു വേറെത്തന്നെയാണ്.
ഒരു സൃഷ്ടി എഴുതാനിരിക്കുമ്പോഴും അത് പൂര്‍ത്തീകരിക്കുമ്പോഴും അനുഭവിക്കുന്ന മാനസികാവസ്ഥകള്‍?
ഉള്ളില്‍ ഒരു ത്രെഡ് ഉരുത്തിരിയുന്ന നിമിഷം മുതല്‍ എഴുത്തിന്റെ എല്ലാ ഘട്ടങ്ങളിലൂടെയും കടന്നുപോകുമ്പോള്‍ അനുഭവിക്കുന്നത് സര്‍ഗാത്മകതയുടെ ഒരു തരം പേറ്റുനോവാണ്. എഴുതിയത് എഡിറ്റ് ചെയ്ത് പൂര്‍ണതയിലെത്തുമ്പോഴേക്കും വൈകാരികതയുടെയും ചിന്തകളുടെയും വേലിയേറ്റങ്ങളും വേലിയിറക്കങ്ങളും കൊണ്ട് കലങ്ങി മറിഞ്ഞ അവസ്ഥയിലാവാറുണ്ട്. ഒരു സൃഷ്ടി പൂര്‍ത്തീകരിക്കുന്ന നിമിഷമാണ് ഏറ്റവും വലിയ ആനന്ദ നിമിഷം.
സ്ത്രീ എന്ന നിലയില്‍ എഴുത്തില്‍ പ്രത്യേകിച്ച് എന്തെങ്കിലും വെല്ലുവിളികള്‍ നേരിടുന്നുണ്ടോ? എഴുത്തുജീവിതത്തില്‍ ഏറ്റവും കൂടുതല്‍ ഓര്‍ക്കാന്‍ ഇഷ്ടപ്പെടുന്ന അനുഭവങ്ങള്‍, ബഹുമതികള്‍?
കുടുംബത്തില്‍ നിന്നും ചുറ്റുപാടുകളില്‍ നിന്നും അനുഭവിച്ച ഇകഴ്ത്തലുകള്‍ എനിക്ക് വളരാന്‍ വെള്ളവും വളവുമായി. മുസ്ലിം സ്ത്രീ പൊതുവേദികളില്‍ പ്രത്യക്ഷപ്പെടാന്‍ പാടില്ല എന്ന ചില താക്കീതുകള്‍ നിരന്തരം കേട്ടിട്ടുണ്ട്. കഥയും കവിതയും എഴുതി വഴിതെറ്റുന്നു എന്ന അവഹേളനങ്ങള്‍ നിരന്തരം അനുഭവിച്ചു. എന്നാല്‍ ഒന്നിനും കാത് കൊടുക്കാതെ കുടുംബത്തെ ചേര്‍ത്തു നിര്‍ത്തി എന്റെ അഭിരുചികള്‍ മുറുകെപിടിച്ച് ഞാന്‍ മുന്നേറിയതിന്റെ ഫലമാണെന്റെ എഴുത്തുകള്‍. അതില്‍ ഞാന്‍ സംതൃപ്തയാണ്.
സഹോദരന്‍ അയ്യപ്പന്‍ പുരസ്‌കാരവും പ്രൊഫ. ജോസഫ് മുണ്ടശ്ശേരി പുരസ്‌കാരവും എം എസ് കുമാര്‍ പുരസ്‌കാരവും നേടിയ സുമയ്യ എന്ന ബാലസാഹിത്യ നോവല്‍ കേരള സാഹിത്യ അക്കാദമി അവാര്‍ഡിന്റെ ഫൈനല്‍ ലിസ്റ്റില്‍ എത്തിയിരുന്നു. മലയാളത്തിന്റെ ഗുരുശ്രേഷ്ഠനായിരുന്ന എം കെ സാനു മാഷ് സഹോദരന്‍ അയ്യപ്പന്‍ അവാര്‍ഡ് സമ്മാനിച്ചുകൊണ്ട് നടത്തിയ പ്രസംഗത്തില്‍ ആ കൃതിയെ കുറിച്ച് പറഞ്ഞ വാക്കുകളാണ് എന്റെ ജീവിതത്തില്‍ എനിക്ക് കിട്ടിയ ഏറ്റവും വലിയ അവാര്‍ഡ്.
ബാലസാഹിത്യത്തിനുള്ള പൊതു വിദ്യാഭ്യാസ വകുപ്പിന്റെ പ്രൊഫ. ജോസഫ് മുണ്ടശ്ശേരി അവാര്‍ഡ്, കേരള സര്‍ക്കാര്‍ സാംസ്‌കാരിക വകുപ്പിന്റെ ഒ വി വിജയന്‍ സ്മാരക കവിതാ പുരസ്‌കാരം, ബാലസാഹിത്യത്തിനുള്ള സഹോദരന്‍ അയ്യപ്പന്‍ പുരസ്‌കാരം, പെരുമ്പാവൂര്‍ ആശാന്‍ സ്മാരക സാഹിത്യവേദി പുരസ്‌കാരം, സര്‍ഗഭൂമി കഥാപുരസ്‌കാരം, എം എസ് കുമാര്‍ ബാലസാഹിത്യ പുരസ്‌കാരം, വൈജ്ഞാനിക സാഹിത്യത്തിനുള്ള കേരള ബാലസാഹിത്യ അക്കാദമി പുരസ്‌കാരം, പ്രതിലിപി കവിതാ പുരസ്‌കാരം, കെ എസ് ടി എ സംസ്ഥാനതല കവിത- ലേഖന പുരസ്‌കാരങ്ങള്‍, യു.സി കോളജ് പ്ലാറ്റിനം ജൂബിലി പ്രതിഭാ പുരസ്‌കാരം തുടങ്ങിയവ ലഭിച്ചിട്ടുണ്ട്.
2023/24 വര്‍ഷത്തെ സംസ്ഥാന അധ്യാപക അവാര്‍ഡ് താങ്കളെ തേടിയെത്തി. ബഹുമതിയെ എങ്ങനെ വിലയിരുത്തുന്നു?
ഏറെ അഭിമാനമുണ്ട്. അധ്യാപിക എന്നതിനേക്കാള്‍ ഒരു മെന്റര്‍ ആയി പ്രവര്‍ത്തിച്ചതിന്റെ ഫലം. പ്രൊഫഷനായല്ല പാഷനായാണ് ഞാന്‍ ജോലി ചെയ്യുന്നത്. അതുകൊണ്ടു തന്നെ കുട്ടികള്‍ക്കൊപ്പം പല റോളുകളില്‍ സന്തോഷത്തോടെ നടക്കുന്നു. ഞാന്‍ പ്രവര്‍ത്തിച്ച വിദ്യാലയങ്ങളിലെല്ലാം നിരവധി പാഠ്യ-പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ എനിക്ക് സാധിച്ചിട്ടുണ്ട്.
ഭാഷയുടെ അടിസ്ഥാന ശേഷികള്‍ ഉറപ്പിച്ചുകൊണ്ട് കുട്ടികളെ വായനയിലേക്കും എഴുത്തിലേക്കും അറിവിലേക്കും കൈപിടിച്ചുയര്‍ത്താന്‍ കഴിഞ്ഞിട്ടുണ്ട്. സര്‍ഗാത്മക ക്ലാസ് മുറികള്‍ സൃഷ്ടിച്ച് കുട്ടികളെ ആസ്വദിച്ച് പഠിക്കാന്‍ പ്രാപ്തരാക്കുക എന്നതാണ് ഞാന്‍ ലക്ഷ്യമിടുന്നത്.
മലയാളത്തില്‍ താങ്കളെ ഏറ്റവും കൂടുതല്‍ സ്വാധീനിച്ച രണ്ടു കൃതികള്‍? ഏറ്റവും കൂടുതല്‍ ഇഷ്ടപ്പെടുന്ന ഏതാനും മലയാളി എഴുത്തുകാര്‍?
മലയാളത്തില്‍ എന്നെ ഏറ്റവും കൂടുതല്‍ സ്വാധീനിച്ച കൃതികള്‍ ധാരാളമുണ്ട്. എം ടിയുടെ എല്ലാ കൃതികളും ഇഷ്ടമാണ്. രണ്ടാമൂഴം, കുട്ട്യേടത്തി, നാലുകെട്ട് എന്നീ കൃതികള്‍ ഉള്ളില്‍ എപ്പോഴും നിറഞ്ഞുനില്‍ക്കുന്നുണ്ട്. ഇന്ദുഗോപന്റെ വിലായത്ത് ബുദ്ധ, ബെന്യാമിന്റെ ആടുജീവിതം' കെ ആര്‍ മീരയുടെ മീരാസാധു, ഉണ്ണി ആറിന്റെ 'കഥകള്‍', അങ്ങനെ പല പല പുസ്തകങ്ങളെയും എഴുത്തുകാരെയും ഞാന്‍ ഇഷ്ടപ്പെടുന്നു. ഈ അടുത്ത് വായിച്ച 'കമ്പിളിക്കണ്ടത്തെ കല്‍ഭരണികള്‍' എന്ന ബാബു എബ്രഹാമിന്റെ ഓര്‍മക്കുറിപ്പുകളുടെ സമാഹാരം ഉള്ളാകെ പൊള്ളിച്ചു.
കുടുംബ വിശേഷങ്ങള്‍?
തൃശൂര്‍ ജില്ലയിലെ അഴീക്കോട് കല്ലിങ്കല്‍ കെ കെ അബ്ദുറഹിമാന്റെയും എം എ ആമിയുടെയും മകളായി 1979ലാണ് ജനനം. അഴീക്കോട് ഐ എം യു പി സ്‌കൂള്‍, ആലങ്ങാട് കെ ഇ എം ഹൈസ്‌കൂള്‍, ആലുവ യു സി കോളജ്, എറണാകുളം സെന്റ് ജോസഫ്സ് ട്രെയ്നിങ് കോളജ് ഫോര്‍ വുമണ്‍, കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത യൂണിവേഴ്സിറ്റി എന്നിവിടങ്ങളില്‍ നിന്നു വിദ്യാഭ്യാസം നേടി.
ഇപ്പോള്‍ പെരുമ്പാവൂര്‍ ഗവ. ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ അധ്യാപികയാണ്. പറവൂര്‍ സ്വദേശി ഷിഹാബ് ജീവിത പങ്കാളി. മൂത്ത മകന്‍ മുഹമ്മദ് സല്‍മാന്‍ കര്‍ണാടകയില്‍ ഹോട്ടല്‍ മാനേജ്മെന്റ് പഠിക്കുന്നു. രണ്ടാമത്തെ മകന്‍ മുഹമ്മദ് റിസ്വാന്‍ പെരുമ്പാവൂര്‍ ഗവ. ബോയ്സ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിയാണ്.
