ആ കടലിന്റെ ആഴങ്ങളെ ആരും അറിഞ്ഞിട്ടില്ല. ആ കടലിന്റെ വിസ്മയങ്ങളെ ആരും തൊട്ടിട്ടില്ല. ആ കടലിന്റെ ഭംഗി ആരും ആസ്വദിച്ചിട്ടില്ല. എന്നാലോ, ആ കടല്‍ ഒരു കപ്പലിനെ കാത്തിരിപ്പുണ്ട്. നമ്മള്‍ കപ്പലിറക്കാതെ പേടിച്ചു കരയില്‍ തന്നെയാണ്.
മനുഷ്യന്റെ സാധ്യതകള്‍ കപ്പലിറങ്ങാത്ത കടല്‍ പോലെയാണെന്ന് യു.എസ് പ്രഭാഷകന്‍ ബ്രയാന്‍ ട്രേസി പറയുന്നുണ്ട്. കപ്പലിറങ്ങാത്ത കടല്‍ എന്ന ആ വാക്ക് ഓരോ മനുഷ്യനെയും മോഹിപ്പിക്കേണ്ട ഒന്നാണ്. ആ കടലിന്റെ ആഴങ്ങളെ ആരും അറിഞ്ഞിട്ടില്ല. ആ കടലിന്റെ വിസ്മയങ്ങളെ ആരും തൊട്ടിട്ടില്ല. ആ കടലിന്റെ ഭംഗി ആരും ആസ്വദിച്ചിട്ടില്ല.
ആ കടലിന്റെ ചൂടും തണുപ്പും അനുഭവിച്ചിട്ടില്ല. തിരകളുടെ താളം കേട്ടിട്ടില്ല. ക്ഷോഭത്തിന്റെ താപം അറിഞ്ഞിട്ടില്ല. എന്നാലോ, ആ കടല്‍ ഒരു കപ്പലിനെ കാത്തിരിപ്പുണ്ട്. നമ്മളോ, ആ കടലിലേക്ക് കപ്പലിറക്കാതെ പേടിച്ചും മടിച്ചും കരയില്‍ തന്നെയാണ്.
'തുടുവെള്ളാമ്പല്‍ പൊയ്കയല്ല ജീവിതത്തിന്റെ കടലേ കവിതയ്ക്ക് ഞങ്ങള്‍ക്കു മഷിപ്പാത്രം' എന്ന വൈലോപ്പിള്ളിയുടെ കവിതയാണ് ബ്രയാന്‍ ട്രേസിയെ വായിച്ചപ്പോള്‍ ഓര്‍മ വന്നത്. കവിതയെഴുതാനുള്ള മഷിപ്പാത്രം വെള്ളാമ്പലുകളുടെ പൊയ്കയല്ലെന്നും അതിനേക്കാള്‍ വിശാലമായ ജീവിതത്തിന്റെ കടലാണെന്നും കവി പറയുകയാണ്.
ജീവിതമെന്ന കടല്‍, ജീവിതത്തിന്റെ കടല്‍, ജീവനുള്ള കടല്‍. ഭൂമിയേക്കാള്‍ വിസ്മയങ്ങള്‍ കടലിലുണ്ടെന്നാണ് കേള്‍വി. ആരും കാണാത്ത അത്ഭുതങ്ങള്‍ ഒളിപ്പിച്ചുവെച്ച മഹാസാഗരം. ആരും കാണാത്ത സാധ്യതകളുടെ ആഴം. ആരും കാണാത്ത സ്വപ്നങ്ങളുടെ ഓളം.
ആ സാഗരം പോലെ വിശാലമാണ് മനുഷ്യന്റെ സാധ്യതകള്‍. നമ്മള്‍ ഭൂമിയെ കാണുന്നത് പൊട്ടക്കിണറ്റിലിരുന്നാണോ മഹാസാഗരത്തില്‍ എന്നപോലെയാണോ എന്നതാണ് പ്രധാനം. മനുഷ്യന്‍ സാധ്യതകളെ അന്വേഷിക്കുന്നു. ആ സാധ്യതകള്‍ അവനെ അനന്തവും വിശാലവുമായ ലോകങ്ങളിലേക്ക് വഴിനടത്തുന്നു.
നദീതീരങ്ങളിലാണ് പഴയ കാലത്തെ നാഗരികതകള്‍ വളര്‍ന്നത്. നദീതീരങ്ങള്‍ മനുഷ്യരെ ജീവിപ്പിക്കുന്നു എന്നതായിരുന്നു കാരണം. ആ നദികളില്‍ നിന്ന് അവര്‍ക്ക് കുടിക്കാനും കുളിക്കാനും കൃഷി ചെയ്യാനുമുള്ള വെള്ളം ലഭിക്കുന്നു. അതുവഴി അവരും അവരുടെ തലമുറകളും ജീവിതത്തെ അറിയുന്നു.
ഒരു നദി വറ്റുമ്പോള്‍, അതല്ലെങ്കില്‍ ആ നദി വഴിമാറി ഒഴുകുമ്പോള്‍ അതിജീവനത്തിനു വേണ്ടി പുതിയ തീരങ്ങളിലേക്ക് മനുഷ്യന്‍ പലായനം ചെയ്യുന്നു. വീണ്ടും ജീവിതത്തെ കരുപ്പിടിപ്പിക്കുന്നു. ജീവിതം അസാധ്യമായ പഴയ നദീതീരം വറ്റിവരണ്ട ഓര്‍മ മാത്രമാകുന്നു.
ജീവനുണ്ടായ കാലം മുതലേ ഏത് ജീവികളും ചെയ്യുന്നത് സാധ്യതകള്‍ തേടിയുള്ള അലച്ചിലാണ്. സസ്യലതാദികളും മനുഷ്യമൃഗാദികളും അതാണ് ചെയ്യുന്നത്. പടരാനൊരു ഇടമില്ലെങ്കില്‍ ഇടമുള്ളിടത്തേക്ക് വള്ളികള്‍ പടരുന്നു. സൂര്യപ്രകാശത്തിന്റെ ജീവന്‍ കിട്ടുന്നിടത്തേക്ക് മരങ്ങള്‍ ചായുന്നു.
വളരാന്‍ സാധ്യതയുള്ള ഇടങ്ങളില്‍ ചെടികള്‍ തിങ്ങി വളരുന്നു. ഒരിടത്ത് കഴിയില്ലെങ്കില്‍ മറ്റൊരിടം കണ്ടെത്തി മൃഗങ്ങളും അതിജീവനത്തിന്റെ സാധ്യതകള്‍ തേടുന്നു. മനുഷ്യനും സാധ്യതകള്‍ തേടി അലയുന്നവരാണ്. പുതിയ സാധ്യതകളില്‍ അവന്‍ ജീവിതം കണ്ടെത്തുന്നു.
ആ സാധ്യത അസ്തമിക്കുമ്പോള്‍ മറ്റൊരു സാധ്യതക്കായി പുറപ്പെട്ടുപോകുന്നു. പ്രവാസം സംഭവിക്കുന്നതും ഈ അന്വേഷണങ്ങളുടെ ഭാഗമായാണ്. ഒരിടത്ത് പരാജയപ്പെടുമ്പോള്‍ മറ്റൊരിടത്ത് വിജയമുണ്ടെന്ന പ്രതീക്ഷയുമായി മനുഷ്യന്‍ നാടു വിട്ടുപോകുന്നു. ഭൂമി വിശാലമാണെന്ന് അല്ലാഹു വിശുദ്ധ ഖുര്‍ആനില്‍ പറയുന്നുണ്ട്.
കുടുസ്സായ ഒരു ലോകമില്ല. ലോകം ഒരു പൊട്ടക്കിണറുമല്ല. ലോകം കടല്‍ പോലെ വിശാലമാണ്. അതിന്റെ സാധ്യതകള്‍ കപ്പലിറങ്ങാത്ത കടല്‍ പോലെ അത്ഭുതങ്ങള്‍ നിറഞ്ഞതുമാണ്. ആത്മവിശ്വാസമുള്ള ഒരു മനുഷ്യനു മാത്രമേ ഈ വിശാലമായ ഭൂമിയെ അനുഭവിക്കാന്‍ കഴിയുകയുള്ളൂ. അല്ലാത്തവര്‍ വേദനകളും ഇടുക്കവും അനുഭവിച്ച് ജീവിതത്തെ പഴിച്ച് എങ്ങനെയൊക്കെയോ ഒടുങ്ങിപ്പോകുന്നു.
''ഒരാളും ഒരു സ്ഥലത്തും അധികകാലം തങ്ങരുത്. അങ്ങനെ സംഭവിച്ചാല്‍ ആ പ്രദേശമാണ് ഭൂമിയുടെ ഒത്ത നടു എന്ന് അയാള്‍ക്ക് തോന്നും. അതോടെ അയാള്‍ മയ്യത്തായി'' എന്ന് വൈക്കം മുഹമ്മദ് ബഷീര്‍ പറയുന്നുണ്ട്. ഒരേ വീട്, ഒരേ ജോലി, ഒരേ താമസസ്ഥലം എന്നതൊക്കെ നമ്മുടെ കംഫര്‍ട്ട് സോണുകളായിരിക്കാം.
പക്ഷേ, ലോകം കാണാത്ത ഒരു മനുഷ്യന് ഇതാണ് തന്റെ ലോകമെന്ന് തോന്നിപ്പോവുക സ്വാഭാവികമാണ്. അങ്ങനെയുള്ള ജീവിതം മരണം പോലെയാണെന്നാണ് ബഷീര്‍ പറയുന്നത്. അങ്ങനെയുള്ള ജീവിതത്തിന് വേറെയും കുഴപ്പങ്ങളുണ്ട്. തന്റെ അതിരില്‍ നിന്ന് ഒരിഞ്ച് അങ്ങേപ്പുറത്തേക്ക് പോകുന്നത് അയാള്‍ക്ക് സഹിക്കില്ല.
കാരണം, അയാള്‍ കരുതുന്നത് അതാണ് ഭൂമിയുടെ ഒത്ത നടു എന്നും അതാണ് ലോകമെന്നും അതാണ് എല്ലാമെല്ലാം എന്നുമാണ്. ഒരു വീട്ടില്‍ത്തന്നെ തലമുറകളോളം ജീവിക്കുന്ന ഒരാളുടെ മനസ്സില്‍ സ്വാഭാവികമായും ഉണ്ടാകുന്ന മാനസികാവസ്ഥയാണിത്.

ലോകം തനിക്കു ചുറ്റും കറങ്ങുകയാണെന്നും താന്‍ ജീവിക്കുന്ന സ്ഥലമാണ് ലോകത്തിന്റെ മധ്യഭാഗമെന്നും അയാള്‍ക്ക് തോന്നും. തനിക്കു ചുറ്റുമുള്ള വിശാലമായ ലോകത്തേക്ക് ഇറങ്ങാന്‍ മടിയാകും. തനിക്കു ചുറ്റുമുള്ള ജാതി, മതം, ദേശം, ഭാഷ തുടങ്ങി എല്ലാറ്റിനോടും അസഹിഷ്ണുത തോന്നും.
ലോകം ചുറ്റി സഞ്ചരിച്ച ഒരാളുടെ മനസ്സും ലോകം പോലെ വിശാലമാകുന്നത് കാണാം. കുടുസ്സായ ചിന്തകളില്‍ നിന്ന് അയാള്‍ മോചിതനാകും. വിശാലമായ ലോകത്തെ വൈവിധ്യങ്ങളെ അയാള്‍ ഉള്‍ക്കൊള്ളും. ചെറിയ കാര്യങ്ങള്‍ക്ക് അസ്വസ്ഥനാകുന്ന മാനസികാവസ്ഥ ഇല്ലാതാകും. താന്‍ ജീവിക്കുന്നതിനേക്കാള്‍ മോശപ്പെട്ട സാഹചര്യങ്ങളില്‍ പലരും ജീവിക്കുന്നുണ്ടെന്ന് അറിയുകയും തനിക്ക് ലഭിച്ച അനുഗ്രഹങ്ങളില്‍ നന്ദിയുള്ളവനായി മാറുകയും ചെയ്യും.
തന്നേക്കാള്‍ മികച്ച ജീവിതസാഹചര്യങ്ങളെ പഠിക്കുകയും അങ്ങനെയാകാന്‍ ശ്രമിക്കുകയും ചെയ്യും. മതപരവും സാംസ്‌കാരികവുമായ വൈവിധ്യങ്ങളെ ഉള്‍ക്കൊള്ളുകയും സഹിഷ്ണുതയുള്ള മനുഷ്യനായി മാറുകയും ചെയ്യും.
മനസ്സില്‍ സ്വാര്‍ഥതയും അസഹിഷ്ണുതയും വെറുപ്പും വര്‍ഗീയതയും ഉണ്ടെന്ന് തോന്നുന്നുണ്ടെങ്കില്‍ ഒന്ന് ഭൂമിയിലൂടെ സഞ്ചരിക്കണം. മനുഷ്യരെ കാണണം. അവരുമായി സംസാരിക്കണം. കപ്പലിറങ്ങാത്ത കടല്‍ ഏതെന്ന് അപ്പോള്‍ നമുക്ക് മനസ്സിലാകും.
മനസ്സില്‍ സ്വാര്‍ഥതയും അസഹിഷ്ണുതയും വെറുപ്പും വര്‍ഗീയതയും ഉണ്ടെന്ന് തോന്നുന്നുണ്ടെങ്കില്‍ ഒന്ന് ഭൂമിയിലൂടെ സഞ്ചരിക്കണം. മനുഷ്യരെ കാണണം. അവരുമായി സംസാരിക്കണം. അവരുടെ ജീവിത സാഹചര്യങ്ങളെ അറിയണം. കപ്പലിറങ്ങാത്ത കടല്‍ ഏതെന്ന് അപ്പോള്‍ നമുക്ക് മനസ്സിലാകും. അത് നമ്മുടെ മനസ്സു തന്നെയാണ്, നമ്മുടെ ശീലങ്ങള്‍ തന്നെയാണ്, നമ്മുടെ ധാരണകള്‍ തന്നെയാണ്.
ലോകത്തെ അറിയുന്ന നിമിഷത്തില്‍ നമ്മുടെ എല്ലാ ശീലങ്ങളും ധാരണകളും പിടിവാശികളും തകിടം മറിയും. ഒരു തൂവല്‍ പോലെ ലളിതമാണ് ജീവിതമെന്ന് തിരിച്ചറിയും. വലിയ കനം കൊടുക്കാതിരുന്നാല്‍ ആ തൂവലിന് പാറിപ്പറന്ന് നടക്കാം.
വയനാട്ടിലെ മുണ്ടക്കൈ-ചൂരല്‍മല പ്രദേശങ്ങളില്‍ ഉരുള്‍പൊട്ടലുണ്ടായ ശേഷം രക്ഷാപ്രവര്‍ത്തനത്തിന് എത്തിയ സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് ഒരു പരാതിക്കത്ത് കിട്ടി. അയല്‍വാസിയുമായി ബന്ധപ്പെട്ട അതിര്‍ത്തി തര്‍ക്കത്തിന്റെ പരാതിയായിരുന്നു അത്. ദുരന്തത്തിനു ശേഷം ആ അയല്‍വാസിയോ പരാതിക്കാരനോ ബാക്കിയായില്ല.
അതിര്‍ത്തി പോയിട്ട്, അവര്‍ ഇരിക്കുന്ന വീടുകള്‍ പോലും മണ്ണിനടിയിലായി. ഒരു മരുപ്പറമ്പ് പോലെ ആ പ്രദേശം ഉപയോഗശൂന്യമായി. മനുഷ്യന്റെ തര്‍ക്കങ്ങളുടെ ആയുസ്സും അര്‍ഥവും ഇത്രയേ ഉള്ളൂ എന്ന് തിരിച്ചറിയുന്ന നിമിഷമാണിത്.
മനസ്സാകുന്ന കടലിലേക്ക് സാധ്യതകളുടെ കപ്പലിറക്കുക. കാറ്റും കോളും അതിജീവിച്ച് പുതിയ കടല്‍പ്പാതകളിലൂടെ സഞ്ചരിക്കുക. ലോകം വിശാലമാണെന്നും ജീവിതം മനോഹരമാണെന്നും തിരിച്ചറിയുക. പുതിയ വഴികളിലൂടെയുള്ള യാത്ര പുതിയ അവസരങ്ങള്‍ കണ്ടെത്താന്‍ സഹായിക്കും. ആ അവസരങ്ങളില്‍ പുതുജീവിതത്തിന്റെ നാമ്പുകള്‍ തുടിക്കും.