അലീസയുടെത് ഹൃദയത്തില്‍ തൊടുന്ന കവിതകള്‍

ബൈജു സി പി

അലീസ ശിഹാബ് എന്ന എട്ടാം ക്ലാസുകാരി അക്ഷരങ്ങളുടെ തീച്ചൂടാല്‍ വേവിച്ച കവിതകളുമായി വായനക്കാരെ അമ്പരപ്പിക്കുകയാണ്. വാക്കുകളുടെ മഹാസമുദ്രത്തില്‍ നിന്ന് ഇതാ ഇവിടെ ഞാനുണ്ട് എന്ന് ഉറക്കെ വിളിച്ചുപറയുന്ന ഒരു എഴുത്തുകാരിയാണ് അലീസ.

'ചങ്ങലകള്‍ സ്വാതന്ത്ര്യം പ്രഖ്യാപിക്കുന്ന മാസ്മരികമായ മാറ്റങ്ങളാണ് കവിതയിലൂടെ ലോകത്തെവിടെയും സംഭവിക്കുന്നത്. നെറികേടുകള്‍ക്കെ തിരെയുള്ള ഉഗ്രശബ്ദമായും തളര്‍ന്നുവീഴുന്നവര്‍ക്ക് ഉത്തേജനത്തിന്റെ ആഹ്വാനമായും ഒറ്റപ്പെട്ട മനസ്സുകളുടെ വിലാപങ്ങളായും വരാനുള്ള കാലത്തിന്റെ ഓര്‍മപ്പെടുത്തലുകളായും കവിത ലോകത്ത് എല്ലായിടത്തും പിറക്കുന്നു.

ലോകത്തെ കുറിച്ചുള്ള സ്വപ്നങ്ങളാണ് കവിതകളായി പിറക്കുന്നത്. ഓരോരുത്തര്‍ക്കും ഓരോ കിനാവുകളാണ്. അവര്‍ അവരുടെ സ്വപ്നങ്ങള്‍ക്ക് വിഘാതമാവുന്ന അവസ്ഥകള്‍ക്കെതിരെ എഴുത്തിലൂടെ ആവിഷ്‌കാരങ്ങള്‍ നടത്തുന്നു. ഈ മണ്ണില്‍ ഓരോ കവിതയും സ്വാതന്ത്ര്യമുള്ള പക്ഷികളായി പിറക്കുന്നു.

അതിരുകള്‍ ഇല്ലാത്ത ലോകത്തെക്കുറിച്ചും ജീവിത പരിസരത്തെക്കുറിച്ചും അത് നിര്‍ത്താതെ സംസാരിച്ചുകൊണ്ടിരിക്കുന്നു. അലീസ ശിഹാബ് എന്ന എട്ടാം ക്ലാസുകാരി പെണ്‍കുട്ടി അക്ഷരങ്ങളുടെ തീച്ചൂടാല്‍ വേവിച്ച കവിതകളുമായി വായനക്കാരനെ അമ്പരപ്പിക്കുകയാണ്, 'കയ്യാമത്തില്‍ ഒടുങ്ങാത്ത വിഷസര്‍പ്പങ്ങള്‍' എന്ന ഈ കാവ്യപുസ്തകത്തിലൂടെ.

വാക്കുകളുടെ മഹാസമുദ്രത്തില്‍ നിന്ന് ഇതാ ഇവിടെ ഞാനുണ്ട് എന്ന് ഉറക്കെ വിളിച്ചുപറയുന്ന ഒരു എഴുത്തുകാരിയാണ് അലീസ. ഈ പുസ്തകം വായിക്കുന്നതുവരെ ഒരു വിദ്യാര്‍ഥിയുടെ എഴുത്ത് എന്ന മുന്‍വിധി എനിക്കുണ്ടായിരുന്നു. പക്ഷേ, പുസ്തകത്തിലെ കവിതകളിലൂടെ സഞ്ചരിച്ചപ്പോഴാണ് മാതൃഭൂമി ആഴ്ചപ്പതിപ്പിലെ കുട്ടേട്ടന്റെ ആമുഖം കൃത്യമാണെന്ന് ഉറപ്പായത്.

'പ്രതിഭയ്ക്ക് പ്രായമൊന്നും ബാധകമല്ല എന്ന് തെളിയിക്കുന്ന കവിയാണ് അലീസ' എന്ന് കുട്ടേട്ടന്‍ അടിവരയിടുന്നു. 'തീക്ഷ്ണമായ ബിംബകല്പനകളെ ഹൃദയത്തില്‍ തട്ടും വിധം കൊരുത്തുവെക്കാന്‍ അവള്‍ക്ക് നല്ല മിടുക്കുണ്ട്...' എന്ന് പ്രശസ്ത കവി വീരാന്‍കുട്ടി മാഷും പുസ്തകത്തിന്റെ ആമുഖത്തില്‍ കുറിച്ചുവെക്കുന്നത് യാഥാര്‍ഥ്യമാണെന്ന് ഈ പുസ്തകത്തിലെ കവിതകളിലൂടെ സഞ്ചരിക്കുമ്പോള്‍ മനസ്സിലാകുന്നു.

'ചങ്ങലകളിലെ സ്വാതന്ത്ര്യം' എന്ന കവിതയില്‍ എത്ര ഗംഭീരമായിട്ടാണ് പൊള്ളുന്ന രാഷ്ട്രീയത്തെ അലീസ അവതരിപ്പിക്കുന്നത് എന്ന് കാണാം. 'മനുഷ്യര്‍ എന്നും ചങ്ങലകളിലാണ്' എന്ന് പറഞ്ഞത് റൂസ്സോ ആണ്. മനുഷ്യന്‍ മാത്രമല്ല സ്വാതന്ത്ര്യദാഹികളായ പ്രപഞ്ചത്തിലെ പല ചരാചരങ്ങളും എന്തിന്റെയൊക്കെയോ അടിമകളാണ്. അലീസയുടെ ഈ കവിതയില്‍ ആനയാണ് പ്രതീക കഥാപാത്രം.

ഉത്സവങ്ങളുടെ കണ്ണഞ്ചിപ്പിക്കുന്ന പ്രഭയില്‍ താരപരിവേഷവുമായി നില്‍ക്കുമ്പോഴും 'കാലുകളില്‍ ചങ്ങലക്കിലുക്കം കേള്‍പ്പിക്കുന്നവന്‍/ വിങ്ങല്‍ ഒളിപ്പിച്ച നേത്രങ്ങള്‍/ വിലങ്ങണിയിപ്പിച്ച പാദങ്ങള്‍...' ഇതാണ് അലീസ ആനക്കാഴ്ചയെ കുറിച്ച് എഴുതുന്നത്. എന്നാല്‍ ഏറ്റവും സ്വാതന്ത്ര്യത്തോടെ നീലഗിരി കുന്നുകളില്‍ അലഞ്ഞുനടക്കുന്ന ഒരു ഒറ്റയാനെയും കവിതയിലൂടെ കാണിക്കുന്നുണ്ട്.

അലീസ

'ഉള്ളംകൈ ശൂന്യമായവന്‍/ മണ്ണും മഴയും മാത്രം സ്വന്തമായവന്‍/ ഒളിഞ്ഞിരിക്കുന്ന ചതിക്കുഴികളെയും മറഞ്ഞിരിക്കുന്ന തോക്കിന്‍ കുഴലുകളെയും ഒറ്റയ്ക്ക് നേരിടേണ്ടവന്‍/ എന്നാല്‍ മിഴികളില്‍ ആനന്ദത്തിന്റെ പൊന്‍വെളിച്ചം/പാതകള്‍ സ്വതന്ത്രം, പാദങ്ങളും...'' എന്നെഴുതി എത്ര ഗംഭീരമായാണ് അലീസ കവിത അവസാനിപ്പിക്കുന്നത്.

എത്രയോ ആഴമുള്ള ഒരു രാഷ്ട്രീയമാണ് ഈ കവിത മുന്നോട്ടുവെക്കുന്നത് എന്നത് അമ്പരപ്പിക്കുന്നു! ജീവിതത്തിന്റെ ഉപ്പുമണം പ്രവഹിക്കുന്ന നിരവധി വാക്കുകളുടെ കടലാണ് അലീസയുടെ കവിതകള്‍ എന്ന് ഓരോ കവിതകളും സാക്ഷ്യപ്പെടുത്തുന്നു. ഈ കുട്ടി എത്ര ആഴത്തിലാണ് ഈ ലോകത്തെ കവിതകളിലൂടെ ആവിഷ്‌കരിക്കുന്നത് എന്ന് ഓരോ കവിതയും അടയാളപ്പെടുത്തുന്നുണ്ട്.

'അനീതികളും സാക്ഷികളും, മടക്കയാത്ര, ഇടങ്ങള്‍, ഹയയുടെ വില്‍പത്രം തുടങ്ങി 34 കവിതകളാണ് ഈ കാവ്യപുസ്തകത്തിലുള്ളത്. ആത്മാവ് നഷ്ടപ്പെട്ട ഒരു ലോകത്തിനു മുമ്പിലേക്ക് വാക്കുകളുടെ മഴ പെയ്യിക്കുകയാണ് അലീസ. നന്മയും കാരുണ്യവും സ്നേഹവും നിറഞ്ഞ ഒരു ലോകത്തെക്കുറിച്ച് കവിതകള്‍ നിരന്തരം പറഞ്ഞുകൊണ്ടിരിക്കുന്നു.

ആത്മാവ് നഷ്ടപ്പെട്ട ഒരു ലോകത്തിനു മുമ്പിലേക്ക് വാക്കുകളുടെ മഴ പെയ്യിക്കുകയാണ് അലീസ. നന്മയും കാരുണ്യവും സ്നേഹവും നിറഞ്ഞ ഒരു ലോകത്തെക്കുറിച്ച് കവിതകള്‍ നിരന്തരം പറഞ്ഞുകൊണ്ടിരിക്കുന്നു.

മലപ്പുറം ജില്ലയിലെ കരുവാരക്കുണ്ട് ദാറുന്നജാത്ത് ഓര്‍ഫനേജ് സ്‌കൂളില്‍ ഏഴാം ക്ലാസില്‍ പഠിക്കുമ്പോഴാണ് പുസ്തകം ഇറങ്ങിയത്. ഇപ്പോള്‍ അടക്കാക്കുണ്ട് ക്രസന്റ് ഹൈസ്‌കൂളില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥിയാണ്. തുവ്വൂര്‍ പാലക്കല്‍വെട്ട സ്വദേശിയും കോളജ് അധ്യാപകനുമായ ശിഹാബുദ്ദീന്‍ ഹൈദറിന്റെയും പൊന്നാനി സ്വദേശിനിയും മലപ്പുറം ഫിംഗര്‍ പ്രിന്റ് എക്സ്പേര്‍ട്ടുമായ റുബീനയുടെയും മകളാണ്. അനിയത്തി അയാന ശിഹാബ്.

മാതൃഭൂമി ആഴ്ചപ്പതിപ്പ്, ചന്ദ്രിക, പുടവ മാസിക തുടങ്ങി വിവിധ ആനുകാലികങ്ങളില്‍ കവിതകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വിവിധ കവിതാ രചനാ മത്സരങ്ങളില്‍ ജേതാവാണ്. വേള്‍ഡ് പ്ലസ് ആണ് പ്രസാധകര്‍.