ഏറനാടന്‍ മലമടക്കുകളില്‍ കുതിരപ്പുറത്തേറി ബ്രിട്ടീഷുകാര്‍ക്കെതിരെ സധൈര്യം പോരിനിറങ്ങിയ ധീരവനിതയാണ് മാളു ഹജ്ജുമ്മ. കുതിരസവാരിയും ആയുധാഭ്യാസവും വശമുണ്ടായിരുന്ന മാളു, ബ്രിട്ടീഷ് പട്ടാളവുമായി നേര്‍ക്കുനേര്‍ പോരാട്ടം നയിച്ചു.
ഏറനാടന്‍ മലമടക്കുകളില്‍ കുതിരപ്പുറത്തേറി ബ്രിട്ടീഷുകാര്‍ക്കെതിരെ സധൈര്യം പോരിനിറങ്ങിയ ധീരവനിതയാണ് മാളു ഹജ്ജുമ്മ. വെള്ളക്കാര്‍ക്കെതിരെ സന്ധിയില്ലാ സമരം പ്രഖ്യാപിക്കുകയും പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്ത സ്വദേശാഭിമാനി വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ഭാര്യയാണ് മാളു ഹജ്ജുമ്മ.
കുതിരസവാരിയും ആയുധാഭ്യാസവും വശമുണ്ടായിരുന്ന മാളു ഹാജിപ്പാറയില്‍ വെച്ച് ബ്രിട്ടീഷ് പട്ടാളവുമായി നേര്‍ക്കുനേര്‍ പോരാട്ടം നയിച്ചു. വെള്ളക്കാര്‍ക്കെതിരെ നാട്ടിലെ സ്ത്രീകളെ സംഘടിപ്പിക്കുകയും പോരാട്ടത്തിന് പോകുന്ന പുരുഷന്മാര്‍ക്ക് പിന്തുണ നല്‍കുകയും ചെയ്തു.
മലബാറില്‍ സ്വന്തം രാജ്യം പ്രഖ്യാപിച്ച വാരിയംകുന്നനെ കുറിച്ച് വാര്‍ത്ത നല്‍കിയ ദേശീയ-വിദേശ മാധ്യമങ്ങള്‍ അതോടൊപ്പം മാളു ഹജ്ജുമ്മയെ രാജ്ഞി എന്നാണ് വിശേഷിപ്പിച്ചത്. വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ സ്വത്ത് ബ്രിട്ടീഷ് സര്‍ക്കാര്‍ കണ്ടുകെട്ടിയപ്പോള്‍ അത് വീണ്ടെടുക്കാനായി ബ്രിട്ടീഷ് കോടതിയില്‍ സ്വന്തമായി കേസ് നല്‍കുകയും വാദിച്ച് ജയിക്കുകയും ചെയ്തു. ആ സ്വത്തുക്കള്‍ ഉപയോഗിച്ചാണ് കരുവാരക്കുണ്ടില്‍ ആദ്യ സ്‌കൂള്‍ സ്ഥാപിച്ചത്.
അറബി, മലയാളം, ഇംഗ്ലീഷ് ഭാഷകളില്‍ കഴിവു തെളിയിച്ച മാളു, മഞ്ചേരി തഹസില്‍ദാര്‍ ഓഫീസില്‍ അല്‍പകാലം ക്ലാര്‍ക്കായി ജോലി ചെയ്തിരുന്നു. സ്ത്രീകള്‍ പള്ളിയില്‍ പോലും പോകാത്ത കാലത്ത് കരുവാരക്കുണ്ട് പള്ളി കമ്മിറ്റിയില്‍ അംഗമായിരുന്നു മാളു ഹജ്ജുമ്മ.
ഇവര്‍ക്കായി പള്ളിയില്‍ പ്രത്യേക മുറിയില്‍ ഇരിപ്പിടമൊരുക്കുകയും തീരുമാനങ്ങള്‍ക്കായി പുരുഷന്മാര്‍ കാത്തുനില്‍ക്കുകയും ചെയ്തിരുന്നു. കരുവാരക്കുണ്ട് പ്രദേശത്ത് ആദ്യമായി ബലിയറുത്ത സ്ത്രീയും ഇവരാണ്.
1921ല്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാട്ടം കനത്ത സമയത്ത് മാളു ഹജ്ജുമ്മ സ്ത്രീകളെ സംഘടിപ്പിച്ച് പോരാട്ടത്തിന് പിന്തുണ നല്‍കി. അന്ന് കരുവാരക്കുണ്ടില്‍ വെച്ച് അവര്‍ നടത്തിയ പ്രസംഗം ചരിത്രത്തിന്റെ ഭാഗമാണ്:
''...വെള്ളക്കാരുമായി യുദ്ധമുണ്ടായാല്‍ ആരും ഭയപ്പെടരുത്. വെള്ളക്കാരന്റെ ഭരണം ഒടുക്കണം. അതിനായി വാരിയംകുന്നന്‍ നമ്മോടൊപ്പമുണ്ട്. പൂക്കോട്ടൂരും പൂച്ചോലമാടും ചന്തക്കുന്നും നമ്മുടെ അനേകം ആളുകള്‍ ശഹീദായി. വാഗണ്‍ കൂട്ടക്കൊല വെള്ളക്കാരുടെ ഭീകരതക്ക് തെളിവാണ്.

അവരെ ഓടിക്കുന്നതില്‍ നമ്മുടെ പങ്ക് നാം ചെയ്യണം. ആണുങ്ങള്‍ യുദ്ധത്തിന് പോകുമ്പോള്‍ നാം അവരെ സന്തോഷത്തോടെ സലാം പറഞ്ഞ് യാത്രയാക്കണം. കൂടെ പോകാന്‍ കഴിയുന്നവര്‍ പോകണം. മറ്റുള്ളവര്‍ കാട്ടിലും പാറക്കെട്ടിലും ഒളിച്ചിരിക്കണം. കഴിയുന്നത്ര ഭക്ഷണം ശേഖരിക്കണം.
ശഹീദ് ആകുന്ന പോരാളികളെ കല്ലുവെട്ടുകുഴിയില്‍ പായയും പനമ്പും വിരിച്ച് അതില്‍ കിടത്തി മറവ് ചെയ്യണം. ഒരു മയ്യിത്ത് പോലും ജീര്‍ണിക്കാന്‍ ഇടവരരുത്. അത് വെള്ളക്കാരന്റേതായാലും ശരി. ആ ജോലി നാം ധൈര്യമായി ഏറ്റെടുക്കണം. ആണുങ്ങള്‍ക്ക് ധൈര്യം പകരേണ്ടത് നാമാണ്.''
1879ല്‍ മലപ്പുറം ജില്ലയിലെ കരുവാരക്കുണ്ട് ചീനിപ്പാടത്താണ് പറവെട്ടി ഫാത്തിമ എന്ന മാളു ഹജ്ജുമ്മയുടെ ജനനം. സാമ്പത്തികമായും സാമൂഹികമായും ഉന്നതിയിലായിരുന്ന ഉണ്ണിമുഹമ്മദ് ഹാജിയുടെ മകന്‍ കോയാമു ഹാജിയുടെ മകളായിരുന്നു മാളു. സ്‌കൂള്‍ വിദ്യാഭ്യാസം അന്യമായിരുന്ന അക്കാലത്ത് മക്കളുടെ വിദ്യാഭ്യാസത്തിനായി പ്രത്യേകം അധ്യാപകനെ നിയോഗിച്ച കുടുംബമാണിത്.
ആജ്ഞാശക്തിയും ധൈര്യവും മതബോധവും ഒത്തിണങ്ങിയ മാളു ഹജ്ജുമ്മ കരുവാരക്കുണ്ട് പള്ളി കമ്മിറ്റിയില്‍ അംഗമായിരുന്നു. ഇവര്‍ക്കായി പള്ളിയില്‍ പ്രത്യേക മുറിയില്‍ ഇരിപ്പിടമൊരുക്കുകയും തീരുമാനങ്ങള്‍ക്കായി പുരുഷന്മാര്‍ കാത്തുനില്‍ക്കുകയും ചെയ്തിരുന്നു.
ഇതുവഴി മലയാളം, ഇംഗ്ലീഷ്, അറബി ഭാഷകള്‍ സ്വായത്തമാക്കി. കണ്ണത്ത് സ്‌കൂളില്‍ നാലു വരെ പഠിച്ചു. ആജ്ഞാശക്തിയും ധൈര്യവും മതബോധവും ഒത്തിണങ്ങിയ മാളു നല്ല നീളവും അതിനൊത്ത തടിയുമുള്ള സ്ത്രീയായിരുന്നു. നീളന്‍ പെണ്‍കുപ്പായവും കാച്ചിത്തുണിയും വലിയ മക്കനയുമായിരുന്നു വേഷം.
അരയില്‍ ബെല്‍റ്റും അതില്‍ തൂക്കിയിട്ട കത്തിയും കൈയിലൊരു ചൂരല്‍വടിയും ഉണ്ടായിരുന്നു. ബ്രിട്ടീഷുകാരുമായി ഏറ്റുമുട്ടിയതിനു ശേഷമാണ് കത്തി കൊണ്ടുനടക്കുന്ന ശീലം തുടങ്ങിയത്.
1920ലാണ് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ വിവാഹം കഴിക്കുന്നത്. രണ്ടുപേരും നേരത്തെ കല്യാണം കഴിഞ്ഞവരായിരുന്നു. കുട്ടികള്‍ ഉണ്ടായിരുന്നില്ല. വലിയ ധര്‍മിഷ്ഠയായിരുന്ന മാളു തന്റെ അധീനതയിലുണ്ടായിരുന്ന ഏക്കര്‍കണക്കിന് ഭൂമി പള്ളിക്കും മതസ്ഥാപനങ്ങള്‍ക്കും സ്‌കൂളിനും വേണ്ടി ദാനം ചെയ്തു.
ഹജ്ജിന് പോകാന്‍ അടിസ്ഥാന സൗകര്യങ്ങള്‍ കുറവുള്ള അക്കാലത്ത് മാളു ഏഴു തവണ ഹജ്ജ് നിര്‍വഹിച്ചതായി ചരിത്രത്തില്‍ കാണാം. 1960ലാണ് മാളു ഹജ്ജുമ്മയുടെ വിയോഗം. കരുവാരക്കുണ്ടില്‍ ആ മഹതി അന്ത്യവിശ്രമം കൊള്ളുന്നു.