സുഗന്ധം പരത്തുക എന്നത് പൂക്കളുടെ ധര്‍മമാണ്. അറുത്തെടുത്ത് ഞെരിച്ചാലും പൂക്കള്‍ സുഗന്ധം പരത്തിക്കൊണ്ടേയിരിക്കും.
ശിഷ്യന്‍ ഗുരുവിനോട് ചോദിച്ചു: ''എന്താണ് സ്നേഹം?''
ഗുരു പറഞ്ഞു: ''ഇറുത്തെടുക്കുന്നവന്റെ കൈയില്‍ കിടന്ന് ഞെരിയുമ്പോഴും പൂക്കള്‍ പരത്തുന്ന സുഗന്ധമാണ് സ്നേഹം.''
പൂക്കള്‍ സുഗന്ധം പൊഴിക്കുന്നത് തിരിച്ചെന്തെങ്കിലും പ്രതീക്ഷിച്ചല്ല. സുഗന്ധം പരത്തുക എന്നത് പൂക്കളുടെ ധര്‍മമാണ്. അറുത്തെടുത്ത് ഞെരിച്ചാലും പൂക്കള്‍ ആ ധര്‍മം നിര്‍വഹിക്കും. നമ്മളെയിങ്ങനെ ഇറുത്ത്, ഞെരിച്ച് ഇല്ലാതാക്കുന്ന മനുഷ്യരെ നമുക്ക് സ്നേഹിക്കാന്‍ സാധിക്കുന്നുണ്ടോ? അതിനെയാണ് ഉപാധികള്‍ കൂടാതെയുള്ള സ്നേഹം എന്നു വിളിക്കുന്നത്.
കേള്‍ക്കുമ്പോള്‍ കുറച്ച് പ്രയാസം തോന്നുമെങ്കിലും ഇങ്ങനെ മനുഷ്യരെ സ്നേഹിച്ചു തുടങ്ങിയാല്‍ പിന്നെ ഈ ഭൂലോകത്ത് യാതൊരു പ്രശ്നവുമുണ്ടാകില്ല. നിത്യജീവിതത്തില്‍ അനുഭവിക്കുന്ന പ്രശ്നങ്ങളുടെ വലിയൊരു പങ്ക് മറ്റുള്ളവര്‍ നമ്മോട് പെരുമാറിയ രീതി സംബന്ധിച്ച ആകുലതകളാണ്.
'എന്നാലും അവന്‍ എന്നോട് ഇത് ചെയ്തില്ലേ, ഞാനവന് എന്തെല്ലാം കൊടുത്തു, എങ്ങനെയെല്ലാം സ്നേഹിച്ചു, എന്നിട്ടും അവന്‍ എന്നോട് എന്തിനിത് ചെയ്തു' എന്നൊക്കെ പറഞ്ഞാണ് ആ ട്രോമയിലൂടെ നാം കടന്നുപോവുക. എന്നാല്‍, ഉപാധികളില്ലാതെയാണ് സ്നേഹിച്ചതെങ്കില്‍ നമ്മെ ഉപദ്രവിക്കുന്ന വേണ്ടപ്പെട്ടവരെ അവരുടെ പാട്ടിനു വിടാനുള്ള മാനസികാവസ്ഥയുണ്ടാകും. കുറച്ചധികം പാടുപെട്ട് സമ്പാദിക്കേണ്ട ഒരു ജീവിതമൂല്യമാണിത്.
സ്നേഹിക്കുന്നവര്‍ എത്ര മോശമായി പെരുമാറിയാലും നമുക്ക് വേദനിക്കില്ല, ഉപാധികളില്ലാതെയാണ് സ്നേഹിച്ചതെങ്കില്‍. ഇണകള്‍ തമ്മിലാണെങ്കിലും കൂട്ടുകാര്‍ തമ്മിലാണെങ്കിലും മക്കളോടാണെങ്കിലും സ്നേഹത്തെ ഇങ്ങനെയാണ് സമീപിക്കുന്നതെങ്കില്‍ സമാധാനവും സന്തോഷവും അനുഭവിച്ച് മുന്നോട്ടുപോകാം.
അവര്‍ തിരിച്ച് സ്നേഹിച്ചില്ലെങ്കിലും നമുക്ക് പരിഭവമില്ല. കാരണം, തിരിച്ചുകിട്ടണമെന്ന് കരുതിയല്ല നമ്മള്‍ സ്നേഹിച്ചത്. ഇനി അവര്‍ തിരിച്ച് സ്നേഹിച്ചാലോ, അത് സന്തോഷത്തിന്റെ വാതിലുകള്‍ തുറന്നുതരുന്നു. ഇല്ലെങ്കിലോ, അപ്പോഴും സമാധാനം മാത്രം. അതായിരിക്കണം മനോഭാവം. അതല്ലെങ്കില്‍ തിരിച്ചുകിട്ടാത്ത സ്നേഹത്തെ ഓര്‍ത്ത് പരിഭവിച്ച് നമ്മള്‍ നമ്മെത്തന്നെ ദ്രോഹിച്ചുകൊണ്ടിരിക്കും.
സുഭാഷ് ചന്ദ്രന്റെ 'സമുദ്രശില' എന്ന നോവലിലെ പ്രധാന കഥാപാത്രമായ അംബ ഒരിക്കലും കണ്ടിട്ടില്ലാത്ത കാമുകനു വേണ്ടി വിമാനത്താവളത്തില്‍ കാത്തിരിക്കുന്ന ഒരു ഭാഗമുണ്ട്. ''ഒരു മനുഷ്യ സ്ത്രീക്ക് സാധ്യമായ പരമാവധി സ്നേഹത്തില്‍ ഞാന്‍ റൂമിയെ സ്നേഹിക്കുന്നു'' എന്നാണ് അംബ പറയുന്നത്.
അതുപോലെ കാമുകന്റെ രൂപം എങ്ങനെയായാലും അവനെ സ്വീകരിക്കാന്‍ അവളുടെ മനസ്സ് പ്രാപ്തമായിരുന്നു. ''രൂപമല്ല, വിശ്വാസമാണ് സ്ത്രീയുടെ പ്രണയത്തിന്റെ താക്കോല്‍'' എന്നാണ് അംബ പറയുന്നത്. ഈ വിമാനത്തില്‍ പറന്നിറങ്ങാന്‍ പോകുന്നത് 'കോട്ടിട്ട ഒരു കുരങ്ങാണെങ്കിലും' താന്‍ അയാളെ സ്വീകരിക്കുക തന്നെ ചെയ്യുമെന്ന് അംബ പറയുകയാണ്.
ഇന്‍സ്റ്റഗ്രാമിലെ ഫോട്ടോ കണ്ട് കാമുകിയെ കാത്തിരിക്കുകയും യഥാര്‍ഥ രൂപം കണ്ട് ബോധം കെട്ടുവീഴുകയും ചെയ്ത കാമുകനെക്കുറിച്ചുള്ള വാര്‍ത്ത ഈയിടെ വായിച്ചിരുന്നു. വല്ലാതെ പ്രതീക്ഷിക്കുകയും പ്രതീക്ഷക്ക് വിപരീതമായി സംഭവിക്കുകയും ചെയ്യുമ്പോള്‍ അനുഭവിക്കുന്ന ആഘാതമാണിത്. പ്രതീക്ഷയും സ്വപ്നങ്ങളുമൊക്കെ വേണം, എന്നാല്‍ പ്രതീക്ഷിക്കാത്തതും സംഭവിച്ചേക്കാമെന്ന വിചാരം കൂടി ഉണ്ടാകണം.
പ്ലാന്‍ ബി ഉണ്ടാകണമെന്ന് ചില കാര്യങ്ങള്‍ക്ക് ഒരുങ്ങുമ്പോള്‍ പറയാറില്ലേ? ഒരിടത്ത് പാളിയാല്‍ അടുത്ത പദ്ധതി പുറത്തെടുക്കുന്നതിനെയാണ് പ്ലാന്‍ ബി എന്നു പറയുന്നത്. പ്രതീക്ഷിക്കാത്തത് സംഭവിച്ചേക്കാം എന്നൊരു കരുതലാണിത്. പാടേ പൊളിഞ്ഞ് പാളീസാകാതിരിക്കാന്‍ പ്ലാന്‍ ബി എന്നൊരു സംഗതി ജീവിതത്തില്‍ എപ്പോഴും ഉണ്ടാവണം.
തിരിച്ചുകിട്ടാത്ത സ്നേഹം മനസ്സിന്റെ വിങ്ങലാണെന്ന് മാധവിക്കുട്ടി പറയുന്നുണ്ട്. അത് ശരി തന്നെ. എന്നാല്‍, ആ വിങ്ങലിനെ ദൂരെ കളഞ്ഞ് നമ്മുടെ മുന്നോട്ടുള്ള വഴികളെ എളുപ്പമാക്കാനുള്ള ഉപാധിയാണ് ഉപാധികളില്ലാത്ത സ്നേഹം. നിബന്ധനകളോടെയുള്ള ഏത് സ്നേഹവും ജീവിതത്തില്‍ പ്രയാസങ്ങള്‍ ഉണ്ടാക്കും.
ഭാര്യയില്‍നിന്നോ ഭര്‍ത്താവില്‍നിന്നോ സ്ഥിരമായി കിട്ടുന്ന പരിഗണനകള്‍ ഇല്ലാതാകുന്ന നേരത്ത് ദേഷ്യവും സങ്കടവും വരുന്നത് സ്നേഹമില്ലാത്തതുകൊണ്ടല്ല, ആ സ്നേഹം ഈ പരിഗണനകള്‍ക്കു വേണ്ടിയായിരുന്നു എന്നതുകൊണ്ടാണ്. സമാധാനമെന്ന സത്യത്തെ തേടുന്നവന്‍ ചുറ്റുമുള്ളവരെയും ഈ ലോകത്തെയും സ്നേഹിക്കേണ്ടത് ഉപാധികള്‍ ഇല്ലാതെയാണ്.
സമാധാനത്തില്‍ ജനിച്ചുവീഴുന്ന നമ്മള്‍ ചുറ്റുമുള്ള സാഹചര്യങ്ങളാല്‍ സമാധാനം നഷ്ടപ്പെട്ടവരായി മാറുന്നതിന്റെ പ്രധാന കാരണങ്ങളിലൊന്ന് ചുറ്റുമുള്ളതിനെ നാം ഉപാധികളോടെ സ്നേഹിക്കുന്നു എന്നതാണ്. നിബന്ധനകളോടെ സ്നേഹിക്കുമ്പോള്‍ തിരിച്ച് കിട്ടുന്നതിനെക്കുറിച്ചുള്ള വിചാരങ്ങളാണ് മനസ്സിലുണ്ടാവുക. തിരിച്ചുകിട്ടുമ്പോഴുള്ള സന്തോഷത്തിനു വേണ്ടിയാണ് ചിലര്‍ സ്നേഹിക്കുന്നതുതന്നെ.
എന്നാല്‍, തിരിച്ചുകിട്ടാതെ പോകുമ്പോഴുള്ള മനസ്സിന്റെ വിങ്ങലും ഭാരവും ഒഴിവാക്കാന്‍ നിര്‍ബന്ധബുദ്ധിയോടെ സ്നേഹിക്കാതിരിക്കുക എന്നത് മാത്രമാണ് പരിഹാരം. ദൈവത്തെ സ്നേഹിക്കുന്നതില്‍ പോലും നിബന്ധനകള്‍ വെക്കുന്നവരാണ് നമ്മള്‍. അപ്പോള്‍പ്പിന്നെ നിബന്ധനകളില്ലാതെ എങ്ങനെ മനുഷ്യനെ സ്നേഹിക്കാന്‍ സാധിക്കും?
ഈ ചോദ്യത്തിനാണ് ഉത്തരം കാണേണ്ടത്. നിബന്ധനകളില്ലാതെ സ്നേഹിക്കാന്‍ കഴിയുമ്പോള്‍ മാത്രമാണ് മാതാപിതാക്കളെയും ഭാര്യയെയും മക്കളെയും അയല്‍വാസികളെയും കൂട്ടുകാരെയുമൊക്കെ ആത്മാര്‍ഥമായി സ്നേഹിക്കാന്‍ സാധിക്കുക. തിരിച്ചുകിട്ടുമെന്നു കരുതി കൊടുക്കാതിരിക്കുക. കൊടുത്തത് തിരിച്ചുകിട്ടാനായി കാത്തിരിക്കാതിരിക്കുക.
ചെയ്യാനുള്ള നന്മകളും കര്‍ത്തവ്യങ്ങളും നിര്‍വഹിച്ച് മുന്നോട്ട് ഗമിക്കുക. നമുക്ക് കിട്ടാനുള്ളതാണെങ്കില്‍ കിട്ടുക തന്നെ ചെയ്യും. വാശിപിടിക്കാതിരിക്കുക, പരിഭവം പറയാതിരിക്കുക. തിരിച്ചു ലഭിക്കുന്ന സ്വാഭാവിക സമ്മാനങ്ങളില്‍ സന്തോഷിക്കുക.
സ്‌നേഹം തിരിച്ചുകിട്ടാത്ത മനസ്സകത്തെ വിങ്ങലിനെ ദൂരെ കളഞ്ഞ് നമ്മുടെ മുന്നോട്ടുള്ള വഴികളെ എളുപ്പമാക്കാനുള്ള ഉപാധിയാണ് ഉപാധികളില്ലാത്ത സ്നേഹം.
ചിലര്‍ സ്വന്തം മക്കളെ പോറ്റുന്നതുപോലും ഉപാധികള്‍ വെച്ചാണ്. നീ ക്ലാസില്‍ ഒന്നാമനായില്ലെങ്കില്‍, നിനക്ക് എ പ്ലസ് കിട്ടിയില്ലെങ്കില്‍ എന്നൊക്കെയാണ് ഭീഷണി. കിട്ടിയില്ലെങ്കില്‍ നിങ്ങള്‍ എന്തു ചെയ്യും? തൂക്കിക്കൊല്ലുമോ? ഉപാധികളില്ലാതെ സ്നേഹിക്കുന്നവര്‍ മക്കളോട് ഇങ്ങനെയൊക്കെ പറയുമെങ്കിലും, കിട്ടിയില്ലെങ്കിലും പരിഭവിക്കില്ല, പകരം അവരെ ആശ്വസിപ്പിക്കും. അടുത്ത തവണ അടിച്ചെടുക്കാമെന്ന് ആത്മവിശ്വാസം നല്‍കും.
ജോണ്‍ എന്ന ഒരു കുട്ടിയുടെ കഥയുണ്ട്. സ്‌കൂളിന് അഞ്ച് ദിവസം അവധി പ്രഖ്യാപിച്ചപ്പോള്‍ അവന്‍ വളരെ സന്തോഷിച്ചു. അച്ഛനും അമ്മയും ജോണിനെ അടുത്തുള്ള ബീച്ചിലേക്ക് കൊണ്ടുപോയി. വലിയ റസ്റ്റോറന്റില്‍ കയറി അവര്‍ അത്താഴം കഴിച്ചു. അവന് ഇഷ്ടപ്പെടുന്ന സിനിമയും കണ്ടു. സന്തോഷത്തോടെ രണ്ട് ദിവസം കടന്നുപോയി.
പിന്നെ ബാക്കിയുള്ളത് മൂന്നു ദിവസമാണ്. ആ ദിവസങ്ങളില്‍ അമ്മ വീട് വൃത്തിയാക്കാന്‍ തീരുമാനിച്ചു. ക്ലീനിങിന് തന്നെ സഹായിക്കാമോ എന്ന് അമ്മ ജോണിനോട് ചോദിച്ചു. അവന്‍ സന്തോഷത്തോടെ പുല്ല് വെട്ടാനും ചെടികള്‍ക്ക് വെള്ളം നനയ്ക്കാനും വസ്ത്രങ്ങള്‍ അലക്കാനും അമ്മയെ സഹായിച്ചു. അമ്മ അവനെയോര്‍ത്ത് അഭിമാനിക്കുകയും സന്തോഷിക്കുകയും ചെയ്തു.
പക്ഷേ, പണിയൊക്കെ കഴിഞ്ഞപ്പോള്‍ ജോണ്‍ അമ്മയ്ക്ക് ഒരു കടലാസ് കൊടുത്തു. അവന്‍ ചെയ്ത ജോലികളുടെ കൂലിയാണ് അതില്‍ എഴുതിയിരുന്നത്. ആ കുറിപ്പ് കണ്ട് സങ്കടപ്പെട്ട അമ്മ മറ്റൊരു കുറിപ്പുണ്ടാക്കി അവന് കൊടുത്തു. ഒമ്പതു മാസം വയറ്റില്‍ ചുമന്ന് നൊന്ത് പ്രസവിച്ചതിന് ഫീസ് കിട്ടിയില്ല, അസുഖം വന്നപ്പോള്‍ പരിചരിച്ചതിന് ഫീസ് കിട്ടിയില്ല, ഭക്ഷണം നല്‍കിയതിനും നീ പറയുന്നതൊക്കെ വാങ്ങിത്തരുന്നതിനും പകരമൊന്നും കിട്ടിയില്ല... അവനു വേണ്ടി ചെയ്തതൊക്കെ എഴുതിയ കുറിപ്പായിരുന്നു അത്. ഇതുകണ്ട് മനസ്സ് നൊന്ത ജോണ്‍ അമ്മയെ കെട്ടിപ്പിടിച്ച് മാപ്പ് പറഞ്ഞു എന്നതാണ് കഥ.
കണക്കു നോക്കാതെയാണ് ഈ അഞ്ച് അവധി ദിവസങ്ങള്‍ കടന്നുപോയതെങ്കില്‍ അവരുടെ ജീവിതം സന്തോഷത്തിലും സമാധാനത്തിലും മുന്നോട്ടുപോകുമായിരുന്നു. ഒരാള്‍ കണക്കു പറഞ്ഞുതുടങ്ങിയാല്‍ അടുത്തയാളും കണക്ക് നോക്കും. എത്ര കൂട്ടിയാലും ഗുണിച്ചാലും ഒന്നും കിഴിച്ചെടുക്കാനില്ലാത്ത കണക്കിന്റെ പേരാണ് സ്നേഹം. കണക്കില്ലാതെ സ്നേഹിക്കാന്‍ പഠിച്ചുനോക്കൂ, കണക്കറ്റ സന്തോഷത്തിലേക്ക് ജീവിതം വഴികാട്ടുക തന്നെ ചെയ്യും.