ഹിജാബ് അവളുടെ അഭിമാനവും നിലപാടുമാണ്

സി ടി ആയിശ

അമിതത്വമോ അധമത്വമോ ഇല്ലാതെ അത് രണ്ടിനുമിടയിലുള്ള മിതമായ രീതിയും ശൈലിയും ഇസ്ലാം ആവശ്യപ്പെടുന്നു.

വിശ്വാസിയുടെ ജീവിതം എങ്ങനെ ആയിരിക്കണമെന്ന് വളരെ വ്യക്തമായി വരച്ചു കാണിച്ചിരിക്കുന്നു ഇസ്ലാം. എല്ലാ കാര്യത്തിലുമുള്ള സൂക്ഷ്മത, ശക്തമായ ദൈവവിശ്വാസം, പരലോക ചിന്ത എന്നിവ മനുഷ്യനെ തെറ്റുകളില്‍ നിന്ന് രക്ഷിക്കുകയും നല്ല മനുഷ്യനായി ജീവിക്കാന്‍ പ്രാപ്തനാക്കുകയും ചെയ്യുന്നു.

അമിതത്വമോ അധമത്വമോ ഇല്ലാതെ അത് രണ്ടിനുമിടയിലുള്ള മിതമായ രീതിയും ശൈലിയും ഇസ്ലാം ആവശ്യപ്പെടുന്നു. ആരാധനകളില്‍, ഇടപാടുകളില്‍, സംസാരങ്ങളില്‍, സാമ്പാദ്യങ്ങളില്‍, വേഷ വിധാനങ്ങളില്‍, ബന്ധങ്ങളില്‍ തുടങ്ങി മുഴുവന്‍ കാര്യങ്ങളിലും എങ്ങനെയാണ് നിലകൊള്ളേണ്ടത് എന്ന് വിശ്വാസി പഠിപ്പിക്കപ്പെടുന്നുണ്ട്.

സമ്പാദ്യത്തിന്റെ രണ്ടര ശതമാനം സകാത്തായി സമൂഹത്തിന്റെ ആവശ്യങ്ങള്‍ പരിഹരിക്കാനായി നല്‍കണമെന്നത് സൃഷ്ടികര്‍ത്താവിന്റെ കല്പനയാണ്. നിശ്ചിത സമയം വെച്ച് അഞ്ച് നേരത്തെ നമസ്‌കാരത്തെ അവന്‍ ചിട്ടപ്പെടുത്തിയിരിക്കുന്നു. പലിശ സമ്പാദ്യത്തില്‍ കലരാതിരിക്കാന്‍ അതീവ സുരക്ഷയോടെ അത് കൈകാര്യം ചെയ്യാന്‍ അവനുണര്‍ത്തുന്നു.

അശ്രദ്ധയും അലസതയുമില്ലാതെ ചെറുതും വലുതുമായ ഓരോ കാര്യത്തിലും സൂക്ഷ്മതയോടെ അറിഞ്ഞു ജീവിക്കുക എന്നതാണ് വിശ്വാസിയുടെ ബാധ്യത. മനുഷ്യന്‍ ആദരണീയനായ സൃഷ്ടിയാണെന്ന് ഖുര്‍ആന്‍ പ്രഖ്യാപിക്കുന്നു. അതിനാല്‍ വിശിഷ്ടമായ പ്രവര്‍ത്തനങ്ങള്‍ മാത്രമേ അവനില്‍ നിന്നുണ്ടാകാന്‍ പാടുള്ളു.

അവന്റെ സ്വത്തും ശരീരവും അഭിമാനവും എന്നും പവിത്രമായി കാത്തുസൂക്ഷിക്കേണ്ടതാണ്. വെറുതെയൊരു ജീവിതം ജീവിച്ച് പോകാനല്ല, മറിച്ച് മഹത്തായ ലക്ഷ്യവും അതിനുള്ള മാര്‍ഗവും അവനു മുന്നില്‍ വ്യക്തമാക്കിയിരിക്കുന്നു. ജനന മരണങ്ങള്‍ക്കിടയിലുള്ള അവന്റെ കര്‍മങ്ങളെ വിലയിരുത്തിയാണ് അവന്‍ ഭാഗ്യവാനാണോ ദൗര്‍ഭാഗ്യവാനാണോ എന്ന് വിലയിരുത്തുന്നത്.

ജീവിതത്തില്‍ വിജയിക്കുക എന്നത് അവന്റെ ആത്യന്തിക ലക്ഷ്യമായതിനാല്‍ അത് പലതും കാട്ടിക്കൂട്ടി കിട്ടുന്ന വിജയമല്ല എന്നും സത്യസന്ധവും നന്ദിബോധവുമുള്ള സൂക്ഷ്മതയുടെ പര്യവസാനമാണ് ആ വിജയവും സ്വര്‍ഗമെന്ന ഭാഗ്യവും എന്നവന്‍ തിരിച്ചറിയുന്നു.

പ്രകടനപരതയും പ്രദര്‍ശനവുമല്ല ജീവിതം. ആരെയെങ്കിലും കാണിക്കാനോ നന്ദി വാക്കിനോ പ്രശംസക്കോ വേണ്ടി വിശ്വാസിയില്‍ നിന്ന് ഒന്നുമുണ്ടാകുന്നില്ല. ബന്ധങ്ങളില്‍ രക്തബന്ധം, കുടുംബ ബന്ധം, സൗഹൃദങ്ങള്‍, വൈവാഹിക ബന്ധങ്ങള്‍, അയല്പക്കം... അങ്ങനെ ഓരോ ബന്ധങ്ങളിലും ഇടപെടേണ്ടുന്ന രീതി വ്യക്തമാക്കപ്പെട്ടിരിക്കുന്നു.

വിവാഹം നിഷിദ്ധമായ അടുത്ത ബന്ധുക്കളൊഴികെ ബാക്കിയുള്ളവര്‍ക്ക് മുന്നില്‍ വസ്ത്രധാരണത്തില്‍ പാലിക്കേണ്ട സൂക്ഷ്മത ഖുര്‍ആനും നബിചര്യയും വ്യക്തമാക്കുന്നു. മുഖവും മുന്‍കയ്യും ഒഴികെയുള്ളവ സ്ത്രീകള്‍ മറക്കണമെന്ന നിര്‍ദേശം അവളുടെ സുരക്ഷക്ക് വേണ്ടിയാണ്. ആകര്‍ഷകമായ അവളുടെ ശരീരഘടന നേരിയതും ഇറുകിയതുമല്ലാത്ത വസ്ത്രം കൊണ്ട് മറയ്ക്കണമെന്നത് സ്ത്രീയുടെ സുരക്ഷക്കും അവളുടെ സുഗമമായ സഞ്ചാരത്തിനും വേണ്ടിയാണ്.

അത് സ്ത്രീയെ ബന്ധനത്തിലാക്കുകയല്ല, മറിച്ച് അവളെ പരിഗണിക്കുകയും ആത്മവിശ്വാസവും അഭിമാനബോധവുമുള്ളവളാക്കിത്തീര്‍ക്കുകയുമാണ്. സ്ത്രീശരീരം പല രംഗങ്ങളിലും പ്രദര്‍ശിപ്പിക്കപ്പെടുന്ന, പ്രദര്‍ശന-കച്ചവട വസ്തുവായി മാറുന്ന കാഴ്ചകളുടെ ലോകത്ത്, തന്റെ മറ്റെല്ലാ കാര്യങ്ങളിലും കണിശമായ നിര്‍ദേശങ്ങളുള്ള ഇസ്ലാം ഇവിടെയും കണിശത പുലര്‍ത്തുന്നു.

ഇസ്ലാമിക അനുഷ്ഠാനങ്ങളും ആചാരങ്ങളും ജീവിതത്തില്‍ ഏറെ ഇഷ്ടത്തോടെ പുലര്‍ത്തുന്ന വിശ്വാസികളാണ് ഹിജാബും സ്വീകരിക്കുന്നത്. അത് അവളുടെ ഉയര്‍ച്ചക്കും വളര്‍ച്ചക്കും തടസ്സമല്ലെന്ന് അവര്‍ ഗ്രഹിക്കുന്നു. അങ്ങനെ മനസ്സിലാക്കിയും വിശ്വാസത്തോടെയും മാത്രമാണ് അവള്‍ തട്ടമിടുന്നതും മാറിടം മറയ്ക്കുന്നതും.

ഹിജാബ് ധരിക്കുന്നതും ധരിക്കാത്തതുമായ സ്ത്രീകളെ കാണാം. അതുപോലെ ഇസ്ലാമിക ആരാധനാനുഷ്ഠാനങ്ങള്‍ പാലിക്കുകയും പാലിക്കാതിരിക്കുകയും ചെയ്യുന്നവരെ മുസ്ലിം സമുദായത്തില്‍ കാണാം. തന്റെ കാരുണ്യവാനായ സ്രഷ്ടാവും തിരുനബിയും വിശ്വാസികള്‍ക്കായി നിര്‍ദേശിച്ച കാര്യങ്ങളെല്ലാം ഉത്തമമായതാണെന്ന് മനസ്സിലാക്കുകയും വിശ്വസിക്കുകയും ചെയ്യുന്നവര്‍ അത് ജീവിതത്തില്‍ പാലിക്കുന്നു.

ഒരു കാര്യവും ആരുടെ മേലും മതം അടിച്ചേല്‍പ്പിക്കുന്നില്ല. മതത്തില്‍ യാതൊരുവിധ ബലാല്‍കാരവുമില്ല. ഓരോ മനുഷ്യനും ബുദ്ധിയും കഴിവും സ്വാതന്ത്ര്യവുമുണ്ട്. തന്റെ ഇരുലോകത്തെയും വിജയവും സമാധാനവും മുന്നില്‍ കാണുന്നു വിശ്വാസി, അവന്റെ ഓരോനീക്കവും അതിനനുസരിച്ചായിരിക്കും.

സത്യവിശ്വാസികളായ പുരുഷന്മാരോടും സ്ത്രീകളോടും അവരുടെ ദൃഷ്ടികള്‍ ശ്രദ്ധിക്കാന്‍ ഖുര്‍ആന്‍ ആവശ്യപ്പെടുന്നു. കണ്ണും കാതും നാവും ശ്രദ്ധിക്കുന്നതിലൂടെ മോശമായ ഏതു കാര്യത്തിലേക്ക് എത്തുന്നതിനെയും ജാഗ്രത പുലര്‍ത്തണമെന്ന് ആവശ്യപ്പെടുന്നു. ജാഹിലിയ്യാ കാലത്തെ സൗന്ദര്യപ്രദര്‍ശനം പോലെ നിങ്ങള്‍ സൗന്ദര്യം പ്രദര്‍ശിപ്പിക്കരുതെന്ന് ഖുര്‍ആന്‍ ഉണര്‍ത്തുന്നു.

ജീവിതത്തിന്റെ നിഖില മേഖലകളിലും എല്ലാ കാര്യങ്ങളിലും ശ്രദ്ധയോടെ ജീവിക്കുന്ന ഒരാള്‍ക്ക് ഹിജാബും ഒരു നിലപാടാണ്.

മറ്റുള്ളവര്‍ തന്നിലേക്ക് അടുക്കാനുള്ള മോശമായ ഏതു നീക്കവും പാടില്ല എന്ന് വ്യക്തമാക്കുന്നു. അതിനായുള്ള വശ്യമായ സംസാരം, കൊഞ്ചിക്കുഴഞ്ഞ വര്‍ത്തമാനങ്ങള്‍, അത്തരം നോട്ടങ്ങള്‍, ശരീരപ്രദര്‍ശനം നടത്തുന്ന വസ്ത്രധാരണം, അങ്ങനെ താണുപോകുന്ന ഏതു നീക്കത്തെയും ഇസ്ലാം നിഷിദ്ധമാക്കുന്നു. നമ്മുടെ ശരീരത്തെ സംരക്ഷിക്കാനുള്ള അയവുള്ള വസ്ത്രവും ഹിജാബും മാത്രമല്ല, അതിനുമപ്പുറം ഏറ്റവും നല്ല വ്യക്തിത്വത്തോടെ ആള്‍ക്കാരോട് ഇടപെടണമെന്നും നമ്മുടെ മോശമായ നീക്കങ്ങള്‍ നീചവൃത്തികളിലേക്ക് നമ്മെ എത്തിക്കുമെന്നും ബോധ്യപ്പെടുത്തുന്നു.

ഹിജാബ് വിശ്വാസിനിക്ക് അഭിമാനവും അവളുടെ നിലപാടുമാണ്. ശരീരത്തിലേറെ ഭാഗവും മറച്ചുകൊണ്ട് തന്നെയാണ് എല്ലാ മനുഷ്യരും പുറത്തിറങ്ങുന്നത്. വസ്ത്രം അഭിമാനത്തിന്റെ ഭാഗമായത് കൊണ്ടാണ് മാറ് മറയ്ക്കാനുള്ള അവകാശപ്പോരാട്ടമുണ്ടായത്. മുഴുവനായി ശരീരം മറയ്ക്കുന്നവരുണ്ട്. എല്ലാ കാര്യത്തിലും എങ്ങനെയാവണം എന്ന നിര്‍ദേശങ്ങളുള്ള വിശ്വാസി അവളുടെ തലയും കഴുത്തും മാറിടവും കൂടി മറയ്ക്കാനുള്ള ഒരു തുണി ഉപയോഗപ്പെടുത്തുമ്പോള്‍ അതുവഴി മറ്റാര്‍ക്കും ബുദ്ധിമുട്ടോ ശല്യമോ ഉണ്ടാകുന്നില്ല.

വിശ്വാസികളുടെ ജീവിതത്തിലെ എല്ലാ കാര്യങ്ങളിലും നിര്‍ബന്ധമായ ചില ചിട്ടകളും അനുഷ്ഠാനങ്ങളുമുണ്ട്. അഞ്ചു നേരത്തെ നിര്‍ബന്ധമായ നമസ്‌കാരം, റമദാനിലെ നിര്‍ബന്ധമായ വ്രതാനുഷ്ഠാനം, സമ്പാദ്യത്തിലെ രണ്ടര ശതമാനം സകാത്ത് തുടങ്ങി പാലിക്കല്‍ നിര്‍ബന്ധമായ ഇക്കാര്യങ്ങളിലൂടെയെല്ലാം ലക്ഷ്യമിടുന്നത് പരിപാവനമായ കാര്യങ്ങളാണ്.

ത്യാഗം, കരുണ, ക്ഷമ, അന്യനെ അറിയല്‍, വൃത്തിബോധം, സേവന മനസ്ഥിതി, പരിശുദ്ധി, സ്രഷ്ടാവിനോടുള്ള നന്ദി ബോധം എല്ലാം നശ്വരമാണെന്ന അറിവ്, കര്‍മഫലം അനുഭവിക്കേണ്ടിവരുമെന്ന വിശ്വാസം ഇങ്ങനെ പോകുന്നു അതിന്റെ ഗുണഫലങ്ങള്‍. നല്ലൊരു മനുഷ്യനെ വാര്‍ത്തെടുക്കാനുള്ള നിര്‍ബന്ധമായ പരിശീലനങ്ങളും കുറ്റകൃത്യങ്ങള്‍ ചെയ്തുപോയാല്‍ തെറ്റിന്റെ ആഴമനുസരിച്ചുള്ള ശിക്ഷാ നടപടികളുമുണ്ട്.

വിശ്വാസിയുടെ നിര്‍ബന്ധദാനവും ദാന ധര്‍മങ്ങളും പലിശ ഉപയോഗിക്കാതിരിക്കലും അവന്റെ അടിയുറച്ച വിശ്വാസത്തിന്റെ ഭാഗമാണെങ്കില്‍, വിശ്വാസിയുടെ വസ്ത്രധാരണവും വിശ്വാസത്തിന്റെ ഭാഗമാണ്. മതം അനുശാസിക്കുന്ന അനുഷ്ഠാനങ്ങളും സംസ്‌കാരവും ഈ ഭൂമിയില്‍ നന്മ വിതയ്ക്കാനും സമാധാനത്തിനും വേണ്ടിയാണ്. അത് മുഴുവന്‍ പാലിക്കുന്നതിലൂടെ വെളിച്ചം വിതറുന്ന ഒരു മനുഷ്യനായി വിശ്വാസി മാറുന്നു.

എവിടെയും കുഴപ്പമുണ്ടാക്കാനോ ആരെയെങ്കിലും നോവിക്കാനോ യഥാര്‍ത്ഥ വിശ്വാസിക്കാവില്ല. ശരീര ഭാഗങ്ങള്‍ മറയ്ക്കുക എന്നത് നല്ലൊരു സംസ്‌കാരമായിക്കാണുന്നവരേറെയാണ്. അത് പല കുഴപ്പങ്ങളില്‍ നിന്നും അവളെ രക്ഷിക്കുന്നു.

സൂറത്തു അഹ്സാബിലെ സൂക്തം 59 ശ്രദ്ധേയമാണ്: ''അവര്‍ മേലാടകളില്‍നിന്നും താഴ്ത്തിയിട്ടുകൊള്ളണമെന്നും അവര്‍ തിരിച്ചറിയപ്പെടാന്‍ വളരെ എളുപ്പമുള്ളതാണത്. അപ്പോഴവര്‍ക്കു ശല്യം ബാധിക്കുകയില്ല...''

എല്ലാ കാര്യങ്ങളിലും ജീവിതത്തിന്റെ നിഖില മേഖലകളിലും ശ്രദ്ധയോടെ ജീവിക്കുന്ന ഒരാള്‍ക്ക് ഹിജാബും ഒരു നിലപാടാണ്. അത് ആരെയും ബുദ്ധിമുട്ടിക്കുന്നില്ല ഒരു തരത്തിലും. മനസ്സ് വിശാലമാകുമ്പോള്‍ ഓരോരുത്തരെയും അവര്‍ അവരായിത്തന്നെ നമുക്ക് ഉള്‍ക്കൊള്ളാനാകും. വീണ്ടും വീണ്ടും ജീവിതം നമ്മോട് പറഞ്ഞു കൊണ്ടേയിരിക്കുന്നു 'സഹിഷ്ണുത' എന്നത് നിസ്സാര കാര്യമേയല്ല.


സി ടി ആയിശ അധ്യാപിക, എം ജി എം സംസ്ഥാന ജന.സെക്രട്ടറി