ഒമ്പതു സംവത്സരക്കാലം നീതിപീഠങ്ങള്‍ കയറിയിറങ്ങി ഒരു മാതൃഹൃദയം തേങ്ങുന്നു: ''എനിക്ക് എന്റെ മോനെ തിരിച്ചുതരൂ.'' മകന്‍ നജീബ് അഹ്മദിന്റെ തിരോധാനത്തില്‍ അകംപൊള്ളി നാളുകള്‍ എണ്ണുകയാണ് ഫാത്തിമ നഫീസ്.
ജവഹര്‍ലാല്‍ നെഹ്റു യൂനിവേഴ്സിറ്റിയില്‍ ബയോടെക്നോളജി എംഎസ്സി ഒന്നാം വര്‍ഷ വിദ്യാര്‍ഥിയായിരുന്നു നജീബ് അഹ്മദ്. പൊതുവെ ശാന്തപ്രകൃതക്കാരനായിരുന്ന അവന്‍ പഠിക്കാന്‍ മിടുക്കനായിരുന്നുവെന്ന് ഫാത്തിമ നഫീസ് ഓര്‍ത്തെടുക്കുന്നു. ന്യായമായും കുടുംബത്തിന്റെ ശോഭ ഭാവിപ്രതീക്ഷ അവനില്‍ അര്‍പ്പിച്ചു കുടുംബം.
2016 ഒക്ടോബര്‍ 14 ഒരു ശപിക്കപ്പെട്ട രാത്രി. കോളജ് തെരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങള്‍ തകൃതിയില്‍. നജീബ് താമസിക്കുന്ന ജെഎന്‍യുവിലെ മഹി മണ്ട്ലി ഹോസ്റ്റലിലേക്ക് 11.30ന് ഒരുപറ്റം അഖില ഭാരതീയ വിദ്യാര്‍ഥി പരിഷത്ത് (എബിവിപി) പ്രവര്‍ത്തകര്‍ ഇരച്ചുകയറുന്നു. വാക്കുകള്‍ വാഗ്വാദത്തിലേക്ക് വഴിമാറുന്നു. കുളിമുറിയിലിട്ട് മാരകായുധങ്ങള്‍ ഉപയോഗിച്ച് നജീബിനെ ക്രൂരമായി മര്‍ദിക്കുന്നു. ഒപ്പം മുസ്ലിം ഐഡന്റിറ്റിക്കെതിരെ അത്യന്തം പ്രകോപനപരമായി അധിക്ഷേപ വര്‍ഷം നടത്തുന്നു.
പിറ്റേന്ന് നജീബ് 'അദൃശ്യ'നാവുകയായിരുന്നു! അക്രമികള്‍ നജീബിനെ തട്ടിക്കൊണ്ടുപോയതായി അന്നു മുതല്‍ ജെഎന്‍യു വിദ്യാര്‍ഥി യൂണിയനും അധ്യാപകരും സാക്ഷ്യപ്പെടുത്തുന്നു. മകനെ കണ്ടെത്തുന്നതിന്റെ ഭാഗമായി ഫാത്തിമ നഫീസ് നവംബര്‍ 2016ന് ഡല്‍ഹിയില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു.
ഡല്‍ഹി ഹൈകോടതിയല്‍ ഹേബിയസ് കോര്‍പസ് ഹര്‍ജിയും സമര്‍പ്പിച്ചു. കേസ് അന്വേഷണത്തിന്റെ പ്രഥമ ഘട്ടങ്ങള്‍ ഡല്‍ഹി പോലീസ്, ക്രൈംബ്രാഞ്ച്, ഡല്‍ഹി പോലീസിന്റെ സ്‌പെഷ്യല്‍ ടീം എന്നിവയിലൂടെയാണ് കടന്നുപോയത്. ഡല്‍ഹി എഡിജിപി മനീഷി ചന്ദ്രയുടെ നേതൃത്വത്തിലുള്ള സംഘത്തിനും മറ്റു ബന്ധപ്പെട്ട വൃന്ദങ്ങള്‍ക്കും പ്രസ്താവ്യമായ ഒരു പുരോഗതിയും കേസിന്റെ കാര്യത്തില്‍ കൈവരിക്കാന്‍ കഴിഞ്ഞില്ല.

അന്വേഷണത്തിന്റെ നാള്‍വഴികളിലൊക്കെ അക്ഷന്തവ്യമായ ഉദാസീനതയും കൃത്യവിലോപവും നടന്നു. കാര്യങ്ങള്‍ യഥാവിധിയല്ല നീങ്ങുന്നതെന്ന് ഏതാണ്ട് ബോധ്യമായി. ഈ സാഹചര്യത്തില്‍ 2017 മെയില്‍ കേസ് സിബിഐ ഏറ്റെടുത്തു. സിബിഐയും വാസ്തവത്തില്‍ ഇരുട്ടില്‍ തപ്പുകയായിരുന്നു. പല വിധേനയും പരിശ്രമിച്ചിട്ടും പ്രത്യേകിച്ചൊരു ഫലവുമില്ലെന്നു പറഞ്ഞ് കേസിന് വിരാമം ആവശ്യപ്പെട്ടുകൊണ്ട് സിബിഐ 2018ല്‍ കോടതിയെ സമീപിച്ചു. പക്ഷേ, ഫാത്തിമ നഫീസ് ഈ സന്ദിഗ്ധാവസ്ഥയെ പ്രതിഷേധ ഹരജി കൊണ്ട് നേരിട്ടു.
അടിമുടി നിഷ്‌ക്രിയത്വം
എബിവിപി അക്രമികള്‍ക്കെതിരെ നീതിപൂര്‍വകമായ ഒരു നടപടിയും കൈക്കൊണ്ടിട്ടില്ലെന്നും അക്രമത്തില്‍ അവരുടെ പങ്കാളിത്തം ഗൗരവപൂര്‍വം മുഖവിലയ്ക്കെടുത്തില്ലെന്നും ഫാത്തിമ നഫീസ് നിരീക്ഷിക്കുന്നു. അധികൃതരുടെ ഭാഗത്തു നിന്നുള്ള ഗുരുതരമായ അനാസ്ഥയും മര്‍മപ്രധാനമായ വിഷയങ്ങള്‍ക്കു നേരെയുള്ള കടുത്ത അലംഭാവവവും അവര്‍ ചൂണ്ടിക്കാണിക്കുന്നു.
കുറ്റവാളികളെ കൂടെ നിര്‍ത്തുകയും സംരക്ഷണം ഉറപ്പുവരുത്തുകയും ചെയ്യുന്ന കുറ്റകരമായ സമീപനമാണ് അധികാരികള്‍ സ്വീകരിച്ചത്. പ്രതികളെ കാമ്പസില്‍ പഠനം തുടരാനും തെരഞ്ഞെടുപ്പില്‍ മത്സരിക്കാനും കോളജ് അഡ്മിനിസ്ട്രേഷന്‍ പച്ചക്കൊടി കാണിച്ചു. ഇത് സാമാന്യമര്യാദയെ വെല്ലുവിളിക്കുന്നതായിരുന്നു. ജെഎന്‍യു സ്റ്റുഡന്റ്സ് ഗ്രൂപ്പുകള്‍ അടങ്കലും പറയുന്നത് കുറ്റക്കാരെ രക്ഷപ്പെടുത്തുന്നതില്‍ വഴിവിട്ട നടപടികള്‍ അധികാരിവര്‍ഗം കൈക്കൊണ്ടുവെന്നാണ്.
എന്നു മാത്രമല്ല, നജീബിനെ ക്രിമിനലാക്കി അവതരിപ്പിക്കാനുള്ള തത്രപ്പാടായിരുന്നു പോലീസിനും മീഡിയക്കും. അത്തരം ഗോസിപ്പുകള്‍ക്ക് കൊഴുപ്പേകുമാറുള്ള നരേറ്റീവ് ഉത്തരവാദപ്പെട്ട വൃത്തങ്ങളില്‍നിന്ന് ഉല്‍പാദിപ്പിക്കപ്പെട്ടു. വ്യാജവാര്‍ത്തകളുടെ പുകമറ സൃഷ്ടിച്ച് അകക്കാമ്പ് അട്ടിമറിച്ചു. വമ്പന്മാരായ വക്കീലുമാരുടെ വാഗ്വിലാസങ്ങളില്‍ നജീബിനെ നിര്‍ദയം കൈയേറ്റം ചെയ്തവര്‍ ചാമ്പ്യന്മാരായി ജയിച്ചുകയറി.
അപരാധികള്‍ ആദര്‍ശവത്കരിക്കപ്പെട്ടു. അതുകൊണ്ടുതന്നെ നീതിബോധവും നൈതികതയും നിര്‍ലജ്ജം ചവിട്ടിമെതിക്കപ്പെടുന്ന ദുരന്തം അരങ്ങേറി. കോടതി ഈ ഏജന്‍സികളെയെല്ലാം കണക്കിനു കശക്കുകയുണ്ടായി. സിസി ടിവി ഫൂട്ടേജോ ദൃക്സാക്ഷി വിവരണമോ യാഥാര്‍ഥ്യബോധത്തോടെ വിലയിരുത്തുന്നതില്‍ നിയമ പാലകര്‍ പരാജയപ്പെട്ടതായി കോടതി കണ്ടെത്തി.
നജീബിന്റെ മര്‍ദകരുടെ മൊബൈല്‍ ഫോണുകള്‍ സിബിഐ ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയില്‍ പരിശോധിച്ചു. ആറു ഫോണുകളില്‍ നിന്ന് 122 ജിബി ഡാറ്റ വേര്‍തിരിച്ചെടുത്തെങ്കിലും വിലപ്പെട്ടതെന്നു പറയാവുന്ന ഒരു വിവരവും പുറത്തുവിട്ടില്ല. നജീബ് അഹ്മദ് കോളജ് കാമ്പസില്‍ നിന്ന് പുറത്തേക്കു പോയ ഓട്ടോയുടെ ഡ്രൈവറെ ഭീഷണിപ്പെടുത്തി മൊഴിയെടുക്കുകയുണ്ടായി. നജീബ് സ്വാഭീഷ്ട പ്രകാരം കാമ്പസ് വിട്ടതാണെന്നു വരുത്തിത്തീര്‍ക്കാന്‍ ഡ്രൈവറെ ഭീഷണിപ്പെടുത്തുകയും തെളിവുകള്‍ കെട്ടിച്ചമയ്ക്കുകയും ചെയ്തു.
ജീവശ്വാസം നിലയ്ക്കും വരെ
ഏറ്റവും ഒടുവില്‍ കഴിഞ്ഞ വാരം നജീബ് അഹ്മദിന്റെ അന്വേഷണം അവസാനിപ്പിക്കാനുള്ള ഔദ്യോഗിക നടപടിക്രമങ്ങള്‍ ആരംഭിച്ചു. സിബിഐക്ക് ഡല്‍ഹി കോടതി ഇതുമായി ബന്ധപ്പെട്ട അനുമതി നല്‍കിയിരിക്കുന്നു. സിബിഐ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന് അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് മഹേശ്വരി അംഗീകാരം നല്‍കി.
പക്ഷേ, എന്നെങ്കിലും ഈ വഴിയില്‍ പ്രബലമായ വല്ല തുമ്പും ലഭിക്കുന്നപക്ഷം അന്വേഷണം പുനരാരംഭിക്കുന്നതില്‍ കോടതിക്ക് തടസ്സമില്ല എന്ന് വിധിയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. മകന്റെ വേര്‍പാടില്‍ ഒരു മാതാവിന്റെ വേവും നോവും വായിക്കാന്‍ ഒരുപക്ഷേ മജിസ്ട്രേറ്റിനു കഴിഞ്ഞിരിക്കാം!

അന്വേഷണ ചുമതല പ്രത്യേക സംഘത്തെ ഏല്‍പിക്കണമെന്ന ഫാത്തിമ നഫീസിന്റെ ആവശ്യം കോടതി നിരസിക്കുകയായിരുന്നു. നീതിയുടെ വാതിലുകള്‍ നിരന്തരം അടഞ്ഞുപോകുന്നത് കഠിനമായ അനുഭവമാണ്. വിശിഷ്യാ, നൊന്തുപെറ്റ സ്വന്തം കുഞ്ഞിന്റെ കാര്യത്തിലാകുമ്പോള്‍. എങ്കിലും നീതി പുലരുംവരെ ഈ പോരാട്ടവീഥിയില്‍ തന്നെ ഉണ്ടാവുമെന്ന് അവര്‍ ആണയിടുന്നു. നജീബ് അഹ്മദ് ജീവിച്ചിരിപ്പുണ്ടോ അതോ മരിച്ചോ എന്ന് 2019 മെയില്‍ കോടതി സിബിഐക്കു മുന്നില്‍ ചോദ്യമുന്നയിച്ചു.
ന്യൂനപക്ഷ-പിന്നാക്ക വിഭാഗങ്ങള്‍ അരക്ഷിതത്വത്തിന്റെയും അരികുവത്കരണത്തിന്റെയും ഇരകളാണെന്ന് ഇത് അടിവരയിടുന്നു. രാജ്യത്തെ മുന്‍നിര അന്വേഷണ ഏജന്‍സികള്‍ എന്തുമാത്രം നിഷ്‌ക്രിയരും വിധേയരുമാണെന്ന് നജീബ് കേസ് തെളിയിച്ചു.
''എന്റെ അവസാന ശ്വാസം വരെ ഞാന്‍ പോരാടും. എന്റെ മകന്റെ തിരോധാനം എന്റെ മാത്രം ദുരന്തമല്ല, മറിച്ച്, ഈ രാജ്യത്തെ ഓരോ വിദ്യാര്‍ഥിയുടെയും സുരക്ഷയെക്കുറിച്ചുള്ള ഒരു ചോദ്യമാണ്'' എന്ന് ഫാത്തിമ നഫീസ് പറയുന്നു. ഈ യാത്ര അതീവ സാഹസികവും സങ്കീര്‍ണവുമായിരിക്കുമെന്ന് ഫാത്തിമക്ക് ഉത്തമബോധ്യമുണ്ട്. കാരണം തന്റെ ചോദ്യങ്ങളുടെ മുന ചെന്നു തറയ്ക്കുന്നത് ഇരുട്ടിന്റെ കൊത്തളങ്ങളിലാണ്.
സമരം ഫാത്തിമ നഫീസിനു പുത്തരിയല്ല. തുടര്‍ച്ചയായ പോരാട്ടത്തിലൂടെ ആര്‍ജിച്ച നിശ്ചയദാര്‍ഢ്യത്തിന്റെയും ഉള്‍ക്കരുത്തിന്റെയും കാതലാണത്. മകനു വേണ്ടി അവര്‍ മുട്ടാത്ത വാതിലുകളില്ല. ഒരു സമരകാലത്ത് അവരെ ഇന്ത്യാ ഗേറ്റ് പരിസരത്തുകൂടി വലിച്ചിഴച്ചുകൊണ്ടുപോയി അറസ്റ്റു ചെയ്തു പൊലീസ്. അടിച്ചമര്‍ത്തലിന്റെയും ഭീഷണിയുടെയും ഭാഷയാണ് അധികൃതര്‍ സ്വീകരിച്ചത്.
അസത്യങ്ങളും അതിശയോക്തികളും
നജീബ് അഹ്മദിനെ കണ്ടെത്താനുള്ള ആത്മാര്‍ഥമായ ശ്രമങ്ങളൊന്നും നടക്കാതിരിക്കേ തന്നെ കുറ്റാരോപിതരായ വിദ്യാര്‍ഥികളെ വെള്ളപൂശാനും അവര്‍ക്കെതിരെ പ്രതിരോധത്തിന്റെ കോട്ട കെട്ടാനുമുള്ള കൊണ്ടുപിടിച്ച ശ്രമങ്ങള്‍ അണിയറയില്‍ നടന്നു.
ജെഎന്‍യു സ്റ്റുഡന്റ്‌സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ സെക്രട്ടേറിയറ്റ് അംഗം അവിജിത് ഘോഷ് അന്വേഷണ പ്രക്രിയയിലെ അഴകൊഴമ്പന്‍ രീതിയെ രൂക്ഷമായ ഭാഷയിലാണ് വിമര്‍ശിച്ചത്. സ്പെഷ്യല്‍ ഫോഴ്സും ക്രൈംബ്രാഞ്ചും സിബിഐയടക്കം മുഴുവന്‍ കേന്ദ്ര ഏജന്‍സികളും കടലാസുപുലികളായി മാറി എന്ന് അദ്ദേഹം പരിതപിക്കുന്നു. പ്രതികളുടെ മൊഴി രേഖപ്പെടുത്തലിനും ക്രോസ് ചെക്കിംഗിനും പോലും അധികൃതരുടെ ഭാഗത്തുനിന്നു നീക്കമുണ്ടായില്ല.
കേസില്‍ കുറ്റാരോപിതരായ ഒമ്പതു പേരെ നുണപരിശോധനയ്ക്ക് വിധേയമാക്കണം എന്ന ഹൈക്കോടതി ഉത്തരവ് ഉണ്ടായിട്ടും ഒരാളുടെ വിഷയത്തില്‍ പോലും അത് പൂര്‍ത്തീകരിക്കപ്പെട്ടില്ല. അക്രമികളുടെ ഫോണുകള്‍ പരിശോധിക്കാനോ ആവശ്യമായ ഡാറ്റ ശേഖരിക്കാനോ പോലും അധികാരികള്‍ മിനക്കെട്ടില്ല. പാറ്റേണ്‍ ലോക്ക് തുറക്കാനാകാത്തതും കേടുപാടുകളുമായിരുന്നു കാരണം പറഞ്ഞത്.
ഈ കാലത്ത് ഒരു ഫോണ്‍ അണ്‍ലോക്ക് ചെയ്യാന്‍ കഴിയാത്തത് എന്തുകൊണ്ടാണെന്ന് ഫാത്തിമ നഫീസിന്റെ അഭിഭാഷകന്‍ സിബിഐയെ പരിഹസിക്കുന്നുണ്ട്. നജീബിന്റെ മാനസികാവസ്ഥ ഭദ്രമല്ലെന്ന് വരുത്തിത്തീര്‍ക്കാന്‍ വ്യാജ മെഡിക്കല്‍ ഡോക്യുമെന്റുകള്‍ വരെ ഹാജരാക്കപ്പെട്ടു. ഒടുവില്‍ നജീബ് അഹ്മദിന്റെ തിരോധാനവും ആരോഗ്യാവസ്ഥയും തമ്മിലുള്ള യുക്തിപരമായ ബന്ധം സ്ഥാപിക്കാന്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് ഇത്തരം അസത്യങ്ങളും അതിശയോക്തികളും അവസാനിപ്പിക്കുകയായിരുന്നു.
തീവ്രവാദ ആരോപണം
നജീബ് അഹ്മദിനെ മതതീവ്രവാദിയായി മുദ്രകുത്താനുള്ള ആസൂത്രിത അജണ്ടകളും അണിയറയില്‍ അരങ്ങേറി. മാധ്യമങ്ങള്‍ നജീബിനെ ഐഎസ് ഭീകരതയിലേക്ക് ചേര്‍ത്തുകെട്ടാന്‍ മത്സരിച്ചു. ജുഗുപ്‌സാവഹമായ ഈ പ്രോപഗണ്ടയുടെ പേരില്‍ ടൈംസ് ഓഫ് ഇന്ത്യ, ടൈംസ് നൗ, സീ ന്യൂസ്, ദില്ലി ആജ്തക് പോലെയുള്ള ന്യൂസ് ഔട്ട്ലെറ്റുകള്‍ക്കെതിരെ ഫാത്തിമ നഫീസ് ലീഗല്‍ നോട്ടീസ് അയച്ചു. തുടര്‍ന്ന് നുണകള്‍ പ്രചരിപ്പിക്കരുതെന്നും നിരപരാധികളോട് മാപ്പ് പറയണമെന്നും ഹൈക്കോടതി ഈ പ്രസിദ്ധീകരണങ്ങള്‍ക്ക് നോട്ടീസ് നല്‍കിയിരുന്നു.
അടിവേര് തേടുമ്പോള്‍
നജീബ് അഹ്മദ് സൗമ്യനാണെങ്കിലും സൂക്ഷ്മവും കൃത്യവുമായ രാഷ്ട്രീയ കാഴ്ചപ്പാടുള്ള വ്യക്തിയായിരുന്നു. തീവ്രഹിന്ദുത്വവുമായി രാജിയാകാന്‍ നജീബിന് സാധിക്കുമായിരുന്നില്ല. വിപ്ലവത്തിന്റെ തീപ്പടര്‍പ്പുകള്‍ അയാളുടെ ഇടനെഞ്ചില്‍ പുകഞ്ഞിരുന്നു. ഇതു തന്നെയായിരുന്നു പ്രശ്‌നത്തിന്റെ നാരായ വേര്.
കോളജ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചര്‍ച്ചയാണ് ഒടുവില്‍ പരിധി വിട്ട് കൈയൂക്കിന്റെയും പോര്‍ വിളിയുടെയും കനലിടങ്ങളിലേക്ക് മാറിയത്. തീവ്രഹിന്ദുത്വ ശക്തികള്‍ കോളജ് കാമ്പസില്‍ പിടിമുറുക്കാന്‍ ഏതറ്റം വരെയും പോകാന്‍ കച്ചകെട്ടിയിറങ്ങിയ കാലം. കനയ്യ കുമാറിന്റെയും ഉമര്‍ ഖാലിദിന്റെയും നീതീകരണമില്ലാത്ത അറസ്റ്റിന്റെയും കലാലയങ്ങളില്‍ കലാപത്തിന്റെ കാര്‍മേഘം ഉരുണ്ടുകൂടിയതിന്റെയും പശ്ചാത്തല നിമിത്തങ്ങള്‍ ഇത്തരം സാമൂഹികദ്രോഹ ശക്തികളുടെ വിളയാട്ടമായിരുന്നു.
ഫാസിസ്റ്റ് അവിശുദ്ധ ബാന്ധവങ്ങളെ പ്രീണിപ്പിക്കാനും നിയമവാഴ്ചയെ ചൊല്‍പ്പടിയില്‍ നിര്‍ത്താനുമുള്ള നീക്കങ്ങളിലൊന്നാണ് നജീബ് അഹ്മദിന്റെ തിരോധാനം. ന്യൂനപക്ഷ-പിന്നാക്ക വിഭാഗങ്ങള്‍ അരക്ഷിതത്വത്തിന്റെയും അരികുവത്കരണത്തിന്റെയും ഇരകളാണെന്നുകൂടി ഇത് അടിവരയിടുന്നു. രാജ്യത്തെ മുന്‍നിര അന്വേഷണ ഏജന്‍സികള്‍ എന്തുമാത്രം നിഷ്‌ക്രിയരും വിധേയരുമാണെന്ന് നജീബ് കേസ് തെളിയിച്ചു.