യന്ത്രങ്ങള്‍ക്ക് അവധി കൊടുക്കേണ്ട കാലത്ത്


യന്ത്രങ്ങള്‍ ഏറെക്കുറേ കവര്‍ന്നുകഴിഞ്ഞ ഇന്നത്തെ മനുഷ്യജീവിതം പതിറ്റാണ്ടുകള്‍ക്കു മുമ്പേ സ്വപ്നം കാണാന്‍ പോലും കഴിയാതിരുന്ന തരത്തിലാണ് മുന്നോട്ടുനീങ്ങുന്നത്. അത്രത്തോളം യന്ത്രങ്ങള്‍ വീടും ചുറ്റുപാടും കൈയടക്കിയിരിക്കുന്നു.

''ഏറ്റവും കുറഞ്ഞ കാലം കൊണ്ടുതന്നെ ഓരോ മനുഷ്യനും ഇവിടെ അനാവശ്യ വസ്തുവാകുന്നുണ്ട്. അനാവശ്യ ജീവിതം ഒരിക്കലും ഉണങ്ങാത്ത വ്രണം പോലെയാണ്.'' ഹബീസി എഴുതിയ 'അസമയം' എന്ന നോവലില്‍ നിന്നുള്ള ഒരു വാചകമാണിത്.

ജീവിതത്തെ വെറുക്കുന്ന പീറ്റര്‍ എന്ന കഥാപാത്രം ഇസബെല്ലക്ക് അയക്കുന്ന സന്ദേശം. മനുഷ്യന്റെ ആയുസ്സ് നീട്ടാന്‍ കഴിയുന്ന ശാസ്ത്രപരീക്ഷണങ്ങളുടെ ആരാധികയാണ് ഇസബെല്ല. യന്ത്രങ്ങളുമായുള്ള നിരന്തര സമ്പര്‍ക്കവും പുതിയ യന്ത്രങ്ങളുടെ കടന്നുകയറ്റവും മനുഷ്യനെ നിസ്സഹായനും പതിയെപ്പതിയെ മറ്റൊരു യന്ത്രവുമാക്കി മാറ്റുമെന്ന് സമര്‍ഥിക്കുന്ന ശാസ്ത്ര നോവലാണിത്.

യന്ത്രങ്ങളുടെ മഹാസാമ്രാജ്യമായ 'ബിലീഫി'ല്‍ ക്രയോണിക്സിലെ ഏറ്റവും പുതിയ പരീക്ഷണങ്ങള്‍ നടക്കുകയാണ്. വീണ്ടും ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ കഴിയുമെന്ന പ്രതീക്ഷയില്‍ ലിക്വിഡ് നൈട്രജന്‍ ഉപയോഗിച്ച് മൈനസ് 370 ഡിഗ്രി ഫാരനില്‍ ക്ലയന്റുകളുടെ ചേതനയറ്റ ശരീരങ്ങള്‍ അവിടെ സൂക്ഷിച്ചിട്ടുണ്ട്.

ക്രയോണിക്സിലെ ഏറ്റവും പുതിയ പരീക്ഷണം വിജയത്തോട് അടുത്തിരിക്കുന്ന ഘട്ടമാണ്. കൂടുതല്‍ കാലം പ്രായത്തെ ചെറുത്തുനില്‍ക്കാന്‍ സഹായിക്കുന്ന സെല്‍ തെറാപ്പി, പിമജെഡിന്‍ ട്രീറ്റ്മെന്റ് എന്നീ നൂതന രീതികളും 'ബിലീഫി'ല്‍ പരീക്ഷിക്കപ്പെടുകയാണ്.

കറുത്ത മഴയ്ക്കു ശേഷം പുകമഞ്ഞിന്റെ കട്ടി കൂടിയ ആവരണത്തിനു കീഴില്‍ ശ്വാസം മുട്ടുന്ന തരാര്‍ എന്ന നാട്. ഓക്സിജന്‍ കുറ്റികള്‍ക്കായി കലാപം ഉയര്‍ത്തുന്ന ബെക്ഷേഴ്സ് സ്ട്രീറ്റ്. അങ്ങനെയങ്ങനെ നാളെ എന്തായിത്തീരും എന്ന സ്വപ്നാന്വേഷണം നോവലിസ്റ്റ് നടത്തിയത് പതിറ്റാണ്ടുകള്‍ക്കു മുമ്പായിരുന്നു.

അന്ന് ആരും അത്രകണ്ട് വിശ്വസിക്കാതിരുന്ന ഒരു ഭാവനാലോകമായിരിക്കും ഇത്. എന്നാല്‍ യന്ത്രങ്ങള്‍ ഏറെക്കുറേ കവര്‍ന്നുകഴിഞ്ഞ ഇന്നത്തെ മനുഷ്യജീവിതം പതിറ്റാണ്ടുകള്‍ക്കു മുമ്പേ സ്വപ്നം കാണാന്‍ പോലും കഴിയാതിരുന്ന തരത്തിലാണ് മുന്നോട്ടുനീങ്ങുന്നത്. അത്രത്തോളം യന്ത്രങ്ങള്‍ വീട് കൈയടക്കിയിരിക്കുന്നു.

ജീവനും ജീവിതവും നിയന്ത്രിക്കാവുന്ന തരത്തിലാണ് കൃത്രിമ ലോകത്തിന്റെ പോക്ക്. ഒരുകാലത്ത് യന്ത്രങ്ങള്‍ നമുക്കു വേണ്ടിയായിരുന്നു. നമ്മുടെ ആവശ്യങ്ങള്‍ വളരെ വേഗത്തില്‍ നിറവേറ്റാന്‍. നമുക്ക് മറ്റൊരാളെയൊന്ന് വിളിക്കാന്‍. അയാളെയൊന്ന് കാണാന്‍. വെളിച്ചത്തിനും തണുപ്പിനും. യാത്രയ്ക്കും വിശ്രമത്തിനും. ജോലി എളുപ്പമാക്കുന്നതിന്.

എന്നാല്‍ ഇന്ന് യന്ത്രങ്ങള്‍ നമുക്കു വേണ്ടി എന്നതിനേക്കാള്‍ നാം യന്ത്രങ്ങള്‍ക്കു വേണ്ടി എന്നായി കാര്യങ്ങള്‍. നമ്മുടെ വീട് നമ്മുടേതാണോ? മണ്ണിനോടും പ്രകൃതിയോടും ഒട്ടി ജീവിച്ചിരുന്ന മനുഷ്യന്‍ യന്ത്രങ്ങളോടും അവ തീര്‍ക്കുന്ന മാന്ത്രിക ലോകത്തോടുമൊപ്പമാണ് ഇന്ന് കഴിയുന്നത്.

മൊബൈല്‍ ഫോണ്‍ മാത്രം ഉദാഹരണമായെടുക്കാം. അതില്ലെങ്കില്‍ ജീവിക്കാനാവാത്ത സ്ഥിതിയാണ്. ഉണ്ണാനുള്ള വകയൊഴിച്ച് മറ്റെല്ലാം അതിലുണ്ട്. കാല്‍ക്കുലേറ്റര്‍, വാച്ച്, ഡയറി, റേഡിയോ, റെക്കോര്‍ഡര്‍, കോണ്‍ടാക്ട് ഡയറി, കലണ്ടര്‍, ക്യാമറ, നിഘണ്ടു, ഇന്റര്‍നെറ്റ്, മാപ്, പത്രം, ചാനല്‍, ഷോപ്പിങ് തുടങ്ങിയവയെല്ലാം മൊബൈല്‍ ഫോണിലാക്കി കൈപ്പിടിയില്‍ ഒതുക്കിയാണ് ഇന്ന് മിക്ക മനുഷ്യരും നടക്കുന്നത്.

ഇതിനെല്ലാം പുറമെ പാട്ടു കേള്‍ക്കാനും കളിക്കാനും ചാറ്റിങിനും പ്രാര്‍ഥനാ സമയം അറിയാനും സൗജന്യ ഫോണ്‍ വിളിക്കും വീഡിയോ കോളിനും ഫോട്ടോ-വീഡിയോ എഡിറ്റിങിനും ബാങ്കിംഗ് ഇടപാടുകള്‍ക്കും മൊബൈല്‍ ഫോണ്‍ മനുഷ്യനെ സഹായിക്കുന്നു. മൊബൈല്‍ ഫോണ്‍ മനുഷ്യനെ സഹായിക്കുന്നു എന്ന വാചകത്തിന് അടിവരയിടണം.

ഭാഷയുടെ വരമ്പുകളായിരുന്നു ഒരുകാലത്ത് നവമാധ്യമങ്ങളുടെ ജനകീയ സ്വഭാവത്തെ അലട്ടിയിരുന്നത്. എന്നാല്‍ ഇന്ന് ഏതു ഭാഷയിലും സംവദിക്കാനുള്ള ആപ്ലിക്കേഷനുകള്‍ ലഭ്യമാണ്. ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, വാട്സ്ആപ്പ്, എക്‌സ് (ട്വിറ്റര്‍) തുടങ്ങിയ സാമൂഹിക മാധ്യമങ്ങള്‍ മനുഷ്യന്റെ ദൈനംദിന ജീവിതത്തിലെ വലിയൊരു ഭാഗം പറിച്ചെടുത്തിരിക്കുന്നു. ചിലരുടെ തീനും കുടിയുമെല്ലാം സോഷ്യല്‍ മീഡിയയില്‍ തന്നെയാണ്. വീട്ടില്‍ പൂച്ച പെറ്റാലും മാവു പൂത്താലും അത് സ്റ്റാറ്റസിനുള്ള വിശേഷമാണ്.

പൊടുന്നനെ മൊബൈല്‍ കാണാതാവുമ്പോള്‍ ശരീരത്തിലെ ഒരു അവയവം നഷ്ടപ്പെട്ട പോലെ വേദനിക്കുമെങ്കില്‍ ആ യന്ത്രം നമ്മെ കീഴ്പ്പെടുത്തി എന്നുതന്നെയാണ് അര്‍ഥം. അതില്ലാതെ ഒരടി നമുക്ക് മുന്നോട്ടുപോകാനാവില്ല. പുതിയൊരു മൊബൈല്‍ കിട്ടി അതിന്റെ താളത്തിലേക്ക് മാറുന്നതുവരെ ഈ അവസ്ഥ തുടരും.

മൊബൈലും ടാബുമൊക്കെ നമ്മുടെ ശരീരത്തോടൊപ്പമുള്ള യന്ത്രമായി മാറി. യാത്ര ചെയ്യുമ്പോള്‍ സ്ഥിരമായി ഫോണില്‍ പാട്ടു കേള്‍ക്കുകയോ വീഡിയോ കാണുകയോ ചെയ്യുന്ന ഒരാള്‍ക്ക് പെട്ടെന്നൊരു നാള്‍ ആ സൗകര്യം ഇല്ലാതാകുമ്പോള്‍ അസ്വസ്ഥത അനുഭവപ്പെടുന്നുണ്ടെങ്കില്‍ ആ യന്ത്രങ്ങളെ അയാളല്ല, അയാളെ ആ യന്ത്രങ്ങളാണ് നിയന്ത്രിച്ചതെന്ന് വ്യക്തം.

യന്ത്രങ്ങള്‍ക്ക് അനുസരിച്ച് മനുഷ്യന്‍ കണ്ടീഷന്‍ ചെയ്യപ്പെടുന്നതിന്റെ ഉദാഹരണങ്ങളാണ് നമുക്കു ചുറ്റും കണ്ടുകൊണ്ടിരിക്കുന്നത്. ഓരോ ദിവസവും ചെലവു കുറച്ചും സൗകര്യങ്ങള്‍ കൂട്ടിയും യന്ത്രങ്ങള്‍ വിപണിയില്‍ എത്തിക്കൊണ്ടിരിക്കുകയാണ്.

ഫ്രിഡ്ജ്, ടി.വി, വാഷിങ് മെഷീന്‍, ഗ്രൈന്‍ഡര്‍, ഇസ്തിരിപ്പെട്ടി, വാട്ടര്‍ ടാങ്ക്, എ.സി, വാട്ടര്‍ ഹീറ്റര്‍, റൈസ് കുക്കര്‍, ഗ്യാസ് സ്റ്റൗ, ഇന്‍ഡക്ഷന്‍ കുക്കര്‍, മിക്സി എന്നിങ്ങനെ വീട്ടുപണികള്‍ എളുപ്പമാക്കാനും സുഖം കൂട്ടാനും യന്ത്രങ്ങള്‍ ഏറെയാണ്. ഇതില്‍ ഏതെങ്കിലും ഒന്ന് പണിമുടക്കിയാല്‍ നമ്മുടെ ജീവിതത്തിന്റെ താളവും തെറ്റിപ്പോകുന്നു.

ഇത് എഐ കാലമാണ്. എല്ലാ മേഖലയും നിര്‍മിതബുദ്ധി കൈയടക്കിയിരിക്കുന്നു. മനുഷ്യന്റെ സ്വകാര്യത അപ്രസക്തമായി. സ്മാര്‍ട്ട് ഫോണുകള്‍ അടുത്തു വെച്ച് സംസാരിക്കാനോ ചിന്തിക്കാനോ പോലും പറ്റാത്ത അവസ്ഥയാണ്. നമ്മുടെ ഏത് ശബ്ദമാണ്, ഏത് ആംഗ്യങ്ങളാണ്, ഏത് മാനസികാവസ്ഥയാണ് യന്ത്രങ്ങള്‍ പിടിച്ചെടുക്കുക എന്നു പറയുക വയ്യ.

ആധുനിക യന്ത്രങ്ങളുടെ എല്ലാ സാധ്യതകളും ഉപയോഗിക്കണം. ഒപ്പം, യന്ത്രം നമ്മെ കീഴടക്കിയിട്ടുണ്ടോ എന്നറിയാന്‍ ഓരോരുത്തരും സ്വയം പരീക്ഷണത്തിനു വിധേയരാവുകയും വേണം.

വ്യക്തിഗത വിവരങ്ങള്‍ ശേഖരിച്ച് വ്യക്തികള്‍ക്ക് ആവശ്യമായത് നല്‍കുക എന്നതാണ് എഐ കാര്യമായി ചെയ്തുകൊണ്ടിരിക്കുന്നത്. സ്വകാര്യത ഇല്ലാതാകുന്നു എന്നതിനൊപ്പം മനുഷ്യ പുരോഗതിയില്‍ വലിയ മാറ്റങ്ങളുണ്ടാക്കാനും എഐക്ക് സാധിക്കുന്നുണ്ട്. ആരോഗ്യ-വിദ്യാഭ്യാസ മേഖലകളിലാണ് ഈ മാറ്റങ്ങള്‍ ഏറെയും ഉപകാരപ്പെടുന്നത്.

മനുഷ്യ കേന്ദ്രിതമായ യന്ത്രങ്ങളുടെ ഉപയോഗം എന്ന ആശയം വികസിപ്പിക്കാന്‍ സാധിച്ചാല്‍ മാത്രമേ യന്ത്രങ്ങളുടെ അടിമത്തത്തില്‍ നിന്ന് മോചനം സാധ്യമാവുകയുള്ളൂ. അതല്ലെങ്കില്‍ ആ യന്ത്രങ്ങള്‍ നമ്മെത്തന്നെ ഇല്ലാതാക്കും. ചൈനീസ് ഫാക്ടറിയില്‍ പരീക്ഷണത്തിനിടെ റോബോട്ട് തൊഴിലാളിയെ ആക്രമിച്ച വാര്‍ത്ത ഈയിടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.

ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തു വന്നു. രണ്ട് ജീവനക്കാര്‍ക്ക് അരികിലായി ഒരു ക്രെയിനില്‍ തൂങ്ങിക്കിടക്കുന്ന റോബോട്ടാണ് അക്രമാസക്തമായത്. അപ്രതീക്ഷിതമായി റോബോട്ട് സജീവമാവുകയും കൈകളും കാലുകളും ചലിപ്പിക്കുകയും ചെയ്തു. എന്ത് ചെയ്യണമെന്നറിയാതെ തൊഴിലാളികള്‍ ഭയപ്പെട്ടു നില്‍ക്കുന്നത് ദൃശ്യങ്ങളില്‍ കാണാം.

പെട്ടെന്ന് തൊഴിലാളികളില്‍ ഒരാളെ റോബോ പിന്തുടരാന്‍ ശ്രമിച്ചു. റോബോ ലക്ഷ്യമിട്ട തൊഴിലാളി ഒഴിഞ്ഞുമാറാന്‍ ശ്രമിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ഒടുവില്‍ ജീവനക്കാരില്‍ ഒരാള്‍ അതിന്റെ പവര്‍ ഓഫ് ചെയ്തതോടെയാണ് രംഗം ശാന്തമായത്.

എല്ലാ രംഗങ്ങളിലും ഇങ്ങനെ ശാന്തമാക്കാന്‍ സാധിച്ചുകൊള്ളണമെന്നില്ല. യന്ത്രങ്ങള്‍ മനുഷ്യനെ നിയന്ത്രിക്കുന്ന സയന്‍സ് ഫിക്ഷനുകള്‍ ധാരാളമായി പുറത്തിറങ്ങുന്നുണ്ട്. റോബോട്ടുകളെ മാത്രം കഥാപാത്രങ്ങളായി നൂറുകണക്കിന് സയന്‍സ് ഫിക്ഷനുകളും സിനിമകളുമുണ്ട്.

റോബോട്ടുകളുമായുള്ള യുദ്ധത്തില്‍ മനുഷ്യന്‍ പരാജയപ്പെട്ടുപോകുമോ എന്നു പോലും ശാസ്ത്രലോകം ഭയപ്പെടുന്നു. ഫിക്ഷനുകള്‍ എല്ലാം ഭാവനകളല്ല. ഭാവിയില്‍ സംഭവിച്ചേക്കാവുന്ന അപകടങ്ങളെ സംബന്ധിച്ച പ്രവചനങ്ങള്‍ കൂടിയാണ്.

ആധുനിക യന്ത്രങ്ങളുടെ എല്ലാ സാധ്യതകളും ഉപയോഗിക്കണം. അതോടൊപ്പം, യന്ത്രം നമ്മെ കീഴടക്കിയിട്ടുണ്ടോ എന്നറിയാന്‍ ഓരോരുത്തരും സ്വയം പരീക്ഷണത്തിനു വിധേയരാവുകയും വേണം. നമ്മെ നിയന്ത്രിക്കുന്നു എന്നു തോന്നുന്ന യന്ത്രങ്ങളെ നിശ്ചിത സമയത്തേക്ക് മാറ്റിനിര്‍ത്തണം. ജീവിതത്തിലെ ചില നേരങ്ങള്‍ യന്ത്രരഹിത സമയമാക്കി മാറ്റണം.

മനുഷ്യരുമായുള്ള സഹവാസത്തിന് കൂടുതല്‍ സമയം കൊടുക്കണം. യന്ത്രങ്ങളെ നിയന്ത്രിക്കുന്നത് നമ്മളാണെന്നും നമ്മളെ നിയന്ത്രിക്കാന്‍ മാത്രം ഒരു യന്ത്രവും വളര്‍ന്നിട്ടില്ലെന്നും സ്വയം ബോധ്യപ്പെടുന്ന പരീക്ഷണങ്ങള്‍ക്ക് സമയം കണ്ടെത്തണം.


ഷെരീഫ് സാഗര്‍ എഴുത്തുകാരൻ, പത്രപ്രവർത്തകൻ