ആവശ്യക്കാരന് ഔചിത്യം പാടില്ലേ?

മഖ്ദൂമി

സാഹചര്യത്തിന്റെയും സന്ദര്‍ഭത്തിന്റെയും അടിസ്ഥാനത്തില്‍ അനുയോജ്യമായ രീതിയില്‍ പെരുമാറുക, സംസാരിക്കുക, ഇടപെടുക, അരുതാത്തത് ചെയ്യാതിരിക്കുക എന്നതാണ് ഔചിത്യബോധം.

ആവശ്യക്കാരന് ഔചിത്യം അരുതെന്നാണ് ചൊല്ല്. അതു ശരിയാണോ?

സമയവും സന്ദര്‍ഭവും സാഹചര്യവും അനുസരിച്ച് ഇടപെടുക എന്നതാണ് ഔചിത്യം. ആളറിഞ്ഞ്, അവസ്ഥയറിഞ്ഞ് സംസാരിക്കുകയും പെരുമാറുകയും ചെയ്യുക എന്നര്‍ഥം. സാഹചര്യത്തിന്റെയും സന്ദര്‍ഭത്തിന്റെയും അടിസ്ഥാനത്തില്‍ അനുയോജ്യമായ രീതിയില്‍ പെരുമാറുക, സംസാരിക്കുക, ഇടപെടുക എന്നതാണ് ഔചിത്യബോധം.

സാമൂഹിക-കുടുംബ-വ്യക്തി ജീവിതത്തില്‍ ഔചിത്യബോധം ഉണ്ടായേ തീരൂ. സ്ഥലവും കാലവും സാഹചര്യവും വ്യക്തികളുമായുള്ള ബന്ധവും അനുസരിച്ചാവണം നമ്മുടെ സംസാരവും പെരുമാറ്റവും. ആരോടാണ് എന്താണ് പറയുന്നത്, ചെയ്യുന്നത് എന്ന ബോധം ഉള്ളിലുണ്ടാവണം. ലക്കും ലെവലുമില്ലാത്ത സംസാരവും പ്രവര്‍ത്തനവും സ്വഭാവ വൈകൃതത്തിന്റെ ഭാഗമാണ്.

വസ്ത്രധാരണത്തില്‍, സംസാരശൈലിയില്‍, വ്യവഹാരങ്ങളില്‍ എല്ലായിടത്തും ഔചിത്യബോധം ആവശ്യമാണ്. പരസ്പരം അംഗീകരിക്കാനും ആദരിക്കാനും പരിഗണിക്കാനും കഴിയുക എന്നതാണ് പ്രധാനം. ഔചിത്യബോധം വ്യക്തിയുടെ അറിവിനെയും വിവേകത്തെയും മാന്യതയെയും പ്രതിനിധീകരിക്കുന്നു.

എന്ത്, എപ്പോള്‍, എങ്ങനെ ചെയ്യണമെന്നും പറയണമെന്നുമുള്ള വകതിരിവാണ് ഔചിത്യം. വലിയ വിദ്യാഭ്യാസ യോഗ്യതയും ഉയര്‍ന്ന ജോലിയുമൊക്കെയുള്ള പലരും ഔചിത്യബോധമില്ലാതെ സംസാരിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നത് കണ്ടിട്ടുണ്ട്.

മറ്റുള്ളവരെ പരിഗണിക്കാനും വിലമതിക്കാനും അവരുടെ സമയത്തിനുകൂടി വില കല്‍പിക്കാനും സാധിക്കുന്നവര്‍ക്കേ ഔചിത്യബോധത്തോടെ പെരുമാറാനാവൂ. അല്ലാത്തവര്‍ സ്വയം പരിഹാസ്യരാവുകയും പലയിടത്തും കോമാളികളെ പോലെ വിലയിരുത്തപ്പെടുകയുമാണ് ചെയ്യുക.

ഔചിത്യ ബോധം സംസ്‌കാരത്തിന്റെ ഭാഗമാണ്. മൃഗങ്ങള്‍ക്ക് ഔചിത്യബോധമില്ല. ആവശ്യങ്ങള്‍ മാത്രമേയുള്ളൂ. മനുഷ്യന്‍ മൃഗമായിക്കൂടാ.

യുക്തിയും സന്ദര്‍ഭബോധവുമുള്ള പെരുമാറ്റമാണ് ഔചിത്യം. ഒരിടത്ത് എന്തു ചെയ്യണമെന്നും എന്തു പറയണമെന്നും എങ്ങനെ പ്രതികരിക്കണം എന്നുമുള്ള വകതിരിവ് ഉണ്ടാകണം. നമ്മുടെ സാമൂഹിക ഇടപെടലുകളും പെരുമാറ്റവും ഭാഷാ ഉപയോഗവുമെല്ലാം നമ്മുടെ വ്യക്തിത്വത്തെയും ഔന്നത്യത്തെയുമാണ് അടയാളപ്പെടുത്തുക.

ഈ ബോധം ഇല്ലാതായാല്‍ നമ്മുടെ പെരുമാറ്റത്തില്‍ അസ്വാഭാവികത ഉണ്ടാകുകയും മറ്റുള്ളവര്‍ക്ക് അത് അസഹ്യമായി അനുഭവപ്പെടുകയും ചെയ്യും. ഔചിത്യബോധമില്ലാത്തവനെ മറ്റുള്ളവര്‍ക്ക് സഹിക്കാനാവില്ല. അവരുടെ സാന്നിധ്യം പോലും മറ്റുള്ളവര്‍ വെറുക്കും. നമ്മുടെ ആവശ്യത്തേക്കാള്‍ പ്രധാനമായിരിക്കാം മറ്റുള്ളവരുടെ അവസ്ഥകള്‍.

ഔചിത്യം സംസ്‌കാരത്തിന്റെ ഭാഗമാണ്. മൃഗങ്ങള്‍ക്ക് ഔചിത്യബോധമില്ല. ആവശ്യങ്ങള്‍ മാത്രമേയുള്ളൂ. മനുഷ്യന്‍ മൃഗമായിക്കൂടാ. മൃഗങ്ങളെ പോലും പരിശീലനത്തിലൂടെ ഔചിത്യബോധമുള്ളവയാക്കാന്‍ സാധിക്കുന്നുണ്ട്. പിന്നെ മനുഷ്യനാണോ മാറാന്‍ പ്രയാസം?