കുടുംബ ബന്ധം മനോഹരമാക്കും ക്രൈസിസ് മാനേജ്‌മെന്റ്

ഹല ബിസ്മ

പ്രയാസങ്ങളും പ്രതിസന്ധികളും നേരിട്ടിട്ടും കുടുംബ ബന്ധത്തെ മനോഹരം എന്ന് ആത്മഗതം ചെയ്യാന്‍ സാധിക്കുന്നത് ക്രൈസിസ് മാനേജ്‌മെന്റ് കൊണ്ടാണ്.

കുടുംബത്തിലേക്ക് ഏത് സമയവും പ്രതിസന്ധികള്‍ കടന്നുവന്നേക്കാം. ചെറുതും വലുതുമായ പ്രതികൂല സാഹചര്യങ്ങളോട് മല്ലിട്ടുകൊണ്ടു തന്നെയാണ് എല്ലാ കുടുംബവും മുന്നോട്ട് പോകുന്നത്. പുറമെ നിന്ന് കാണുമ്പോള്‍ എത്ര മനോഹരം എന്ന് തോന്നുന്ന പല വീടകങ്ങളിലും പ്രയാസങ്ങളും പ്രതിസന്ധികളും സ്വാഭാവികമാണ്. എന്നിട്ടും അതിനെ മനോഹരം എന്ന് ആത്മഗതം ചെയ്യാന്‍ സാധിക്കുന്നത് കൃത്യമായ ക്രൈസിസ് മാനേജ്‌മെന്റ് കൊണ്ടാണ്.

ആരോഗ്യം, സാമ്പത്തികം, വൈകാരിക ബന്ധങ്ങള്‍, കുടുംബത്തിന്റെ സല്‍പ്പേര് തുടങ്ങിയ പല മേഖലകളിലും പ്രതിസന്ധികള്‍ ഉണ്ടാവാം. പ്രതിസന്ധികളല്ല നമ്മുടെ മുമ്പിലുള്ള വെല്ലുവിളി, മറിച്ച് അതിനോട് എങ്ങനെ പ്രതികരിക്കുന്നു എന്നതാണ് കുടുംബത്തെ സന്തുഷ്ടമായി നിലനിര്‍ത്തുന്നതിലെ പ്രധാന ഘടകം.

അല്ലാഹുവിന്റെ വിധിയിലുള്ള അചഞ്ചലമായ വിശ്വാസം, അനിവാര്യമായ ക്ഷമ, കൂടിയാലോചന, നീതി, ഹിക്മത്ത് അടിസ്ഥാനപ്പെടുത്തിയ പ്രായോഗിക പരിഹാരം തുടങ്ങിയ ഘടകങ്ങളില്‍ ഊന്നിയാണ് ഇസ്ലാമിക വീക്ഷണ പ്രകാരം ക്രൈസിസ് മാനേജ്‌മെന്റ് പ്രായോഗികമാവുന്നത്.

കുടുംബ ജീവിതത്തിലും വൈകാരിക ബന്ധങ്ങളിലും ഉണ്ടായ പ്രതിസന്ധികളെ എങ്ങനെയാണ് മറികടന്നിരുന്നത് എന്നതിന് പ്രവാചക ജീവിതത്തിലും സ്വഹാബിമാരുടെ ചരിത്രത്തിലും നിരവധി പാഠങ്ങളുണ്ട്. ആയിശ(റ)ക്കെതിരെ അപവാദ പ്രചരണം ഉണ്ടായ സന്ദര്‍ഭം. പ്രവാചകന് അങ്ങേയറ്റം മനപ്രയാസം നേരിട്ടപ്പോള്‍ ക്ഷമ കൊണ്ടും പ്രാര്‍ഥന കൊണ്ടുമാണ് അതിനെ നേരിട്ടത്. അതുപോലെ, കൂടിയാലോചനയിലൂടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുക എന്നത് പ്രവാചകന്റെ മാതൃകയായിരുന്നു.

ഹുദൈബിയ സന്ധിയുടെ പശ്ചാത്തലത്തില്‍ കഅ്ബാലയം സന്ദര്‍ശിക്കാതെ മടങ്ങാന്‍ നിര്‍ബന്ധിതരായി. ഈ സമയത്ത്, പ്രവാചകന്‍ അനുചരന്മാരോട് മുടി മുറിക്കാന്‍ നിര്‍ദേശിച്ചെങ്കിലും ഹുദൈബിയ സന്ധിയില്‍ അസ്വസ്ഥത തോന്നിയിരുന്ന പലരും ആദ്യഘട്ടത്തില്‍ മുന്നോട്ട് വന്നില്ല.

ഈ സമയത്ത് എന്തുചെയ്യുമെന്ന് പ്രവാചകന്‍ കൂടിയാലോചിച്ചത് അദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്ന പത്‌നി ഉമ്മു സല്‍മ (റ)യോടാണ്. ആദ്യം പ്രവാചകനോട് തന്നെ മുടി മുറിക്കാന്‍ നിര്‍ദേശിച്ചു. അതനുസരിച്ച് പ്രവര്‍ത്തിച്ചതോടെ ആ പ്രതിസന്ധിക്ക് പരിഹാരമായി.

ഇബ്റാഹീം നബി(അ), യൂസുഫ് നബി(അ), അയ്യൂബ് നബി(അ) തുടങ്ങിയ പ്രവാചകന്മാരുടെ ചരിത്രം പരിശോധിച്ചാല്‍ കുടുംബങ്ങളില്‍ നേരിട്ട പ്രതിസന്ധികളും അതിനോട് പ്രതികരിച്ച രീതിയും കണ്ടെത്താനാവും. അതുകൊണ്ട് കുടുംബത്തിലും വീട്ടിലും പ്രശ്‌നങ്ങളുണ്ടാവുക എന്നത് വളരെ സ്വാഭാവികമാണ് എന്നു നാം തിരിച്ചറിയണം. ഏത് പ്രതിസന്ധി ഘട്ടങ്ങളിലും നാം പാലിക്കേണ്ട രീതി ഏകദേശം സമമാണ്. അവയെ ഇങ്ങനെ സംഗ്രഹിക്കാം.

  1. ക്ഷമയിലൂടെയും പ്രാര്‍ഥനയിലൂടെയും അല്ലാഹുവിന്റെ സഹായം തേടുക.
  2. നീതി പാലിക്കുക.
  3. കുടുംബത്തിന്റെ ആഭ്യന്തര കാര്യങ്ങള്‍ പരസ്യമാക്കരുത്.
  4. സംഘര്‍ഷം നിലനില്‍ക്കുമ്പോള്‍ മധ്യസ്ഥ ശ്രമങ്ങള്‍ (ഇസ്ലാഹ്) തേടുക.
  5. കോപം നിയന്ത്രിക്കുക.
  6. പ്രതീക്ഷ നിലനിര്‍ത്തുക.
  7. കൂടിയാലോചനയിലൂടെ പ്രയോഗിക പരിഹാരം കണ്ടെത്തുക.

പ്രതിസന്ധികള്‍ എന്തൊക്കെയാണ്

രോഗം ഒരു പ്രധാന വില്ലനാണ്. കുടുംബത്തിന്റെ എല്ലാ പ്രതീക്ഷകളെയും ദൈനംദിന പ്രവര്‍ത്തനങ്ങളെയും ഉലച്ചുകളയാന്‍ തക്ക ശക്തി അതിനുണ്ട്. പെട്ടെന്നുണ്ടാകുന്ന അപകടമോ ആക്‌സിഡന്റ് പോലുള്ള കാര്യങ്ങളോ ആവാം. ചിലപ്പോള്‍ അത് ഏതാനും ആഴ്ചകള്‍ കൊണ്ട് പൂര്‍വസ്ഥിതിയിലേക്ക് എത്തുകയും ചെയ്യും.

കാന്‍സര്‍ പോലുള്ള രോഗങ്ങള്‍ തിരിച്ചറിയുന്നതോടെ മനസ്സ് തളര്‍ന്നു പോകുന്നുവരുണ്ട്. ഭിന്നശേഷികളോടെ ജനിക്കുന്ന കുഞ്ഞുങ്ങള്‍, ജനിതക വൈകല്യം പോലുള്ള സാഹചര്യങ്ങളും കുടുംബം നേരിടാറുണ്ട്.

ഇത്തരം ഘട്ടങ്ങളില്‍ സാമ്പത്തിക പ്രതിസന്ധിയും വൈകാരിക പ്രതിസന്ധിയും ഒരു പോലെയാണ് കടന്നുവരാറുള്ളത്. സാമ്പത്തികമായി മികച്ചു നില്‍ക്കുന്ന കുടുംബങ്ങളില്‍ പണം ഒരു പ്രശ്‌നമാകില്ലെങ്കിലും ഈ പ്രതിസന്ധി മൂലം കുടുംബത്തിന്റെ താളംതെറ്റുന്നു.

മധ്യവര്‍ഗ കുടുംബങ്ങളിലാകട്ടെ, ഇരട്ട പ്രതിസന്ധിയാണ് രൂപപ്പെടുന്നത്. രോഗിയെ പരിചരിക്കുന്നതിനായി കുടുംബത്തിന്റെ ദൈനംദിന ചര്യകള്‍ താളംതെറ്റുന്നതോടൊപ്പം കടുത്ത സാമ്പത്തിക പ്രതിസന്ധി കൂടി കടന്നുവരുന്നു.

വിവാഹം എന്നത് ഒരു പ്രതിസന്ധി അല്ലെങ്കിലും ഒരു കുടുംബത്തില്‍ വിവാഹവുമായി ബന്ധപ്പെട്ട് നിരവധി പ്രശ്‌നങ്ങള്‍ ഉണ്ടായേക്കാം. വിവാഹ അന്വേഷണം മുതല്‍ വിവാഹം കഴിഞ്ഞുള്ള ആദ്യനാളുകളിലെ ഇരു കുടുംബങ്ങളിലെയും പോക്കുവരവുകള്‍ വരെ നീണ്ടുനില്‍ക്കുന്ന ഈ പ്രൊസസ് ക്ഷമയും അവധാനതയും ഹിക്മത്തും പ്രയോഗിക്കേണ്ട മേഖലകളാണ്.

ഇപ്പോള്‍ പെണ്‍കുട്ടികളുടെ വിവാഹം മാത്രമല്ല, ആണ്‍കുട്ടികളുടെ വിവാഹവും നീണ്ടുപോകുന്ന സ്ഥിതിവിശേഷമുണ്ട്. ഇത് കുടുംബാംഗങ്ങള്‍ക്കിടയില്‍ ഉണ്ടാക്കുന്ന വൈകാരിക അസുന്തലിതാവസ്ഥയും മുറുമുറുപ്പും നയപരമായി കൈകാര്യം ചെയ്തില്ലെങ്കില്‍ വഷളായേക്കാം.

മക്കളുടെ ഉന്നതവിദ്യാഭ്യാസവും ഇന്ന് കുടുംബങ്ങളിലെ ഒരു പ്രധാന വെല്ലുവിളിയാണ്. മക്കളുടെ അഭിരുചി മനസ്സിലാക്കുന്നതിലും കുടുംബത്തിന്റെ സാമ്പത്തിക ഭദ്രത അനുസരിച്ച് കരിയര്‍ പ്ലാന്‍ ചെയ്യുന്നതിലും നന്നായി മുന്നൊരുക്കം ആവശ്യമാണ്. ആണാവട്ടെ, പെണ്ണാവട്ടെ മൂത്ത മക്കള്‍ വലിയ ചെലവ് ആവശ്യമായി വരുന്ന കോഴ്സുകള്‍ക്ക് ചേരുകയും പിന്നാലെ വരുന്നവര്‍ക്ക് മാന്യമായ വിദ്യാഭ്യാസം പോലും നല്‍കാനാവാതെ രക്ഷിതാക്കള്‍ കഷ്ടപ്പെടുകയും ചെയ്യുന്ന കാഴ്ച പല കുടുംബങ്ങളിലുമുണ്ട്.

നല്ല പേരും പെരുമയുമുള്ള കുടുംബങ്ങളുടെ സല്‍പ്പേര് കളയുന്ന സംഭവങ്ങളും ചിലപ്പോള്‍ കുടുംബത്തിലുണ്ടായേക്കാം. വിവാഹാനുബന്ധ പ്രശ്‌നങ്ങള്‍, അവിഹിത ബന്ധങ്ങള്‍, മയക്കുമരുന്ന്, ക്രിമിനില്‍ കുറ്റകൃത്യങ്ങള്‍, സാമ്പത്തിക തട്ടിപ്പുകള്‍ തുടങ്ങിയ പല കാരണങ്ങളാല്‍ ഒരു തെറ്റും ചെയ്യാത്തവര്‍ പോലും വേദന തിന്നുജീവിക്കേണ്ട അവസ്ഥ ഉണ്ടാകാറുണ്ട്.

ക്രൈസിസ് മാനേജ്‌മെന്റ് എങ്ങനെ

കുടുംബത്തിലെ ഓരോ പ്രശ്‌നങ്ങള്‍ക്കും സമഗ്രമായി പരിഹാരം നിര്‍ദേശിക്കുക സാധ്യമല്ല. ഓരോ പ്രശ്‌നത്തെയും ഓരോ കേസായി തന്നെ പരിഗണിച്ചുകൊണ്ട് മാത്രമേ പരിഹരിക്കാനാവൂ. എന്നാല്‍ പൊതുവായി കുടുംബത്തെ ബാധിക്കുന്ന സാമ്പത്തികം, ആരോഗ്യം എന്നീ മേഖലകളിലുള്ള പ്രതിസന്ധികളെ മറികടക്കാന്‍ കൂട്ടായ പരിശ്രമങ്ങളിലൂടെ സാധിക്കും.

എമര്‍ജന്‍സി ഫണ്ട്

കുടംബത്തിലെ ആര്‍ക്കെങ്കിലും രോഗമുണ്ടായാല്‍ അവിടെ ക്വിക്ക് റെസ്‌പോണ്‍സ് എന്ന നിലയില്‍ സാമ്പത്തിക സഹായം നല്‍കാനായി ഓരോ കുടുംബത്തിലും ഒരു എമര്‍ജന്‍സി ഫണ്ട് ഉണ്ടാവണം. പേഴ്‌സണല്‍ ഫിനാന്‍സിന്റെ ഭാഗമായി ഓരോ വ്യക്തികള്‍ക്കും എമര്‍ജന്‍സി ഫണ്ട് ഉണ്ടാവണമെന്ന് സാധാരണ ഉപദേശിക്കാറുണ്ട്.

എന്നാല്‍, വ്യക്തിക്ക് മാത്രമല്ല, ഓരോ കുടുംബത്തിനും അത്തരമൊരു ഫണ്ട് ഉണ്ടാവണം. അത് ഫാമിലി കുറിയിലൂടെയോ മ്യൂച്ചല്‍ ഫണ്ട് നിക്ഷേപത്തിലൂടെയോ കണ്ടെത്താനാവും. അങ്ങനെ മാറ്റിവെക്കുന്ന തുക ഇത്തരം പ്രതിസന്ധി ഘട്ടങ്ങളില്‍ ഉപയോഗിക്കുകയും തൊട്ടടുത്ത അവസരത്തില്‍ തന്നെ റീഫില്‍ ചെയ്യുകയും വേണം. കുടുംബത്തിലെ മുതിര്‍ന്ന അംഗത്തിന്റെ മേല്‍നോട്ടത്തില്‍ അതിനെ കൈകാര്യം ചെയ്യാവുന്നതാണ്.

ഫാമിലി ഇന്‍വെസ്റ്റ്‌മെന്റ്

ഓരോ മാസവും കുടുംബത്തിലെ വരുമാനമുള്ള അംഗങ്ങളെല്ലാം ചേര്‍ന്നാണ് എമര്‍ജന്‍സി ഫണ്ട് സ്വരൂപിക്കേണ്ടത്. അത് അത്യാവശ്യം തുകയായാല്‍ പിന്നീട് വരുന്ന സംഖ്യ കുടുംബത്തിന് വരുമാനമുണ്ടാക്കാവുന്ന ഒരു നിക്ഷേപ സംവിധാനത്തിലേക്ക് കൊണ്ടുപോകണം. സ്വര്‍ണം, ഭൂമി തുടങ്ങിയ പരമ്പരാഗത നിക്ഷേപ സംവിധാനങ്ങള്‍ക്ക് പുറമെ ഹലാല്‍ മ്യൂച്ചല്‍ ഫണ്ടുകളും പരിഗണിക്കാവുന്നതാണ്.

ഹെല്‍ത്ത് ഇന്‍ഷൂറന്‍സ്
കുടുംബത്തിലെ മുഴുവന്‍ അംഗങ്ങളും ഉള്‍പ്പെടുന്ന ഒരു ഫാമിലി ഹെല്‍ത്ത് ഇന്‍ഷൂറന്‍സ് ഉണ്ടായിരിക്കാന്‍ ശ്രദ്ധിക്കുക. ഒരു ജോഡി ദമ്പതിമാരും മക്കളും പ്രായമായ രക്ഷിതാക്കളുമാണ് പൊതുവെ ഒരു ഇന്‍ഷൂറന്‍സ് പ്ലാനില്‍ ഉള്‍പ്പെടുക. അതേസമയം, നമ്മുടെ സാഹചര്യത്തിലെ കുടുംബ സംവിധാനം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് സഹോദരി സഹോദരന്മാരും അവരുടെ മക്കളും ഉള്‍പ്പെടുന്നതാണ്.

അകന്ന കുടുംബാംഗങ്ങളാണ് പ്രശ്‌നപരിഹാരത്തിന് ഇടപെടുന്നത് എങ്കിലും സ്വകാര്യത സംബന്ധിച്ച കാര്യങ്ങളില്‍ സൂക്ഷ്മത പുലര്‍ത്തണം.

അതിനപ്പുറം പിതാമഹന്മാരുടെ സഹോദരങ്ങളുടെ കുടുംബവും ചേരുന്ന വിശാല കുടുംബ ബന്ധവും നമുക്കുണ്ട്. അതിനാല്‍ തന്നെ എമര്‍ജന്‍സി ഫണ്ടും ഇന്‍വെസ്റ്റ്‌മെന്റുമെല്ലാം വിശാല കുടുംബത്തെ കൂടി ഉള്‍പ്പെടുത്തി പ്രാവര്‍ത്തികമാക്കിയാല്‍ അത് ഒട്ടേറെ ഗുണം ചെയ്യും.

കുടുംബത്തിലെ സാമ്പത്തികമായി പ്രയാസപ്പെടുന്നവര്‍ക്ക് വേണ്ടി ചെലവഴിക്കാന്‍ പര്യാപ്തമായ വിധത്തില്‍ ക്യാഷ് വഖ്ഫ് സംവിധാനങ്ങളും ആലോചിക്കാവുന്നതാണ്. നമ്മുടെ നാട്ടില്‍ നടക്കുന്ന വിശാലമായ കുടുംബ സംഗമങ്ങളും കുടുംബ ട്രസ്റ്റുകള്‍ക്കും ഇത്തരം സംവിധാനങ്ങള്‍ ഫലപ്രദമായി മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കും.

വൈകാരിക പിന്തുണ

മുന്നറിയിപ്പില്ലാതെ കടന്നുവരുന്ന രോഗാവസ്ഥ സാമ്പത്തിക പ്രതിസന്ധി മാത്രമല്ല, രോഗിയുടെ കൂട്ടിരിപ്പുകാര്‍ക്ക് ഉണ്ടാക്കുന്നത്. നിത്യരോഗി, പ്രായാധിക്യത്താലുള്ള അസുഖം, ജന്മനായുള്ള അസുഖം, അംഗവൈകല്യം പോലെയുള്ള സന്ദര്‍ഭങ്ങളില്‍ അവരെ പരിചരിക്കാന്‍ ഒരാള്‍ കൂടി ജീവിതം മാറ്റി വെക്കേണ്ട സാഹചര്യമുണ്ടാവുന്നു.

അത്തരം സന്ദര്‍ഭങ്ങള്‍ ഒരു കുടുംബത്തിലുണ്ടായാല്‍ മറ്റുള്ള അംഗങ്ങളുടെ പിന്തുണ കൂടി അനിവാര്യമാണ്. ഉദാഹരണത്തിന്, ഓട്ടിസം ബാധിച്ച ഒരു കുട്ടിയുടെ മാതാവിന് ഒരു നിമിഷം പോലും മാറിനില്‍ക്കാന്‍ പറ്റാത്ത സാഹചര്യം ഉണ്ടാകും. അപ്പോള്‍, അവര്‍ക്ക് കുടുംബത്തിലെയോ മറ്റോ പരിപാടികളില്‍ പങ്കെടുക്കാനോ സ്വന്തം കാര്യങ്ങള്‍ നോക്കാനോ അവസരം ലഭിക്കില്ല.

ഇത് മറ്റ് കുടുംബാംഗങ്ങള്‍ മനസ്സിലാക്കി റൊട്ടേഷന്‍ അടിസ്ഥാനത്തില്‍ കൂട്ടിരിപ്പുകാര്‍ക്ക് ആശ്വാസം നല്‍കേണ്ടതാണ്. സര്‍ക്കാര്‍ തലത്തില്‍ തന്നെ ഇത്തരം സാമൂഹിക സുരക്ഷാ സേവനങ്ങള്‍ നടപ്പിലാക്കേണ്ടതുണ്ട്. കിടപ്പിലായ രോഗികളെ പരിചരിക്കുന്നതിന് വേണ്ടി നാം പരിചയിച്ച് പോന്നിട്ടുള്ള ഒന്നാണ് പാലിയേറ്റീവ് സംവിധാനങ്ങള്‍.

ഒരു രോഗിയുടെ പരിചരണം സമൂഹത്തിന്റെ ഉത്തരവാദിത്തമായാണ് ഇതില്‍ മനസ്സിലാക്കുന്നത്. ഇത് കുടുംബ സംവിധാനത്തിലേക്ക് കൊണ്ടുവരുമ്പോള്‍ കുറെക്കൂടി സൂക്ഷ്മ തലത്തിലും വൈകാരിക തലത്തിലും പിന്തുണ നല്‍കാന്‍ സാധിക്കുന്നു. അതിനാല്‍ തന്നെ, ഓരോ കുടുംബത്തിനും ഒരു പാലിയേറ്റീവ് സംസ്‌കാരം ഉണ്ടാവണം.

ഫാമിലി നെറ്റ്വര്‍ക്ക്

മക്കളുടെ ഉന്നതവിദ്യാഭ്യാസം, കരിയര്‍, തൊഴില്‍ മേഖലകളിലെ പ്രതിസന്ധി പരിഹരിക്കുവാന്‍ വിശാല കുടുംബത്തിലെ അംഗങ്ങള്‍ ഉള്‍പ്പെടുന്ന വിധത്തില്‍ ഫാമിലി നെറ്റ്വര്‍ക്ക് സ്ഥാപിക്കാനാവും. വിവിധ മേഖലകളില്‍ തൊഴില്‍ ചെയ്യുന്ന മുതിര്‍ന്ന അംഗങ്ങള്‍ പരസ്പരം സഹായിക്കുക വഴി പഠനാവസരങ്ങളും തൊഴിലവസരങ്ങളും കണ്ടെത്താന്‍ സാധിക്കും.

കുടുംബങ്ങളിലുണ്ടാകുന്ന പ്രതിസന്ധി എന്നത് വളരെ സ്വാഭാവികമായ ഒന്നാണ്. ഓരോ വ്യക്തിക്ക് മാത്രമുണ്ടാകുന്ന പ്രതിസന്ധി പോലും കൃത്യമായി പരിഹരിച്ചില്ലെങ്കില്‍ കുടുംബം ഒന്നാകെ വേദനിക്കുന്ന സ്ഥിതിയുണ്ടാകും. അതിനാല്‍, ചെറുതും വലുതുമായ പ്രശ്‌നങ്ങള്‍ രമ്യമായി പരിഹരിക്കുവാന്‍ കുടുംബത്തിനുള്ളില്‍ തന്നെ സാധിക്കണം. ആവശ്യമായ സന്ദര്‍ഭങ്ങളില്‍ പുറമെ നിന്നുള്ള സഹായവും തേടാം. എന്നാല്‍ അത്തരം സന്ദര്‍ഭങ്ങളില്‍ പ്രധാനമായി ഫാമിലി അംഗങ്ങളുടെ സ്വകാര്യത എപ്പോഴും സുരക്ഷിതമാകണം.

അകന്ന കുടുംബാംഗങ്ങളാണ് പ്രശ്‌നപരിഹാരത്തിന് ഇടപെടുന്നത് എങ്കിലും സ്വകാര്യത സംബന്ധിച്ച കാര്യങ്ങളില്‍ സൂക്ഷ്മത പുലര്‍ത്തണം. ഒരു വ്യക്തിയുടെയോ കുടുംബത്തിന്റെയോ അഭിമാനത്തിന് ക്ഷമതേല്‍പ്പിക്കുന്ന വിധത്തില്‍ ന്യൂനത പരസ്യപ്പെടുത്താന്‍ പാടില്ല.