മണ്ണിനെയും കൃഷിയെയുമറിഞ്ഞു, മനസ്സില്‍ പച്ചപ്പിന്റെ കുളിരു പടര്‍ന്നു


കേരളത്തിന്റെ പല ദിക്കുകളില്‍ നിന്നായി എണ്‍പതോളം സ്ത്രീകളടങ്ങുന്ന എം ജി എം സഹപ്രവര്‍ത്തകരായിരുന്നു യാത്രയിലുണ്ടായത്.

ച്ചപ്പിനെ നെഞ്ചേറ്റിയ ഒരു കൂട്ടം വനിതകള്‍ തൃശൂര്‍ കാര്‍ഷിക സര്‍വകലാശാലയിലേക്ക് എം ജി എം സംസ്ഥാന സമിതിയുടെ കീഴില്‍ നടത്തിയ യാത്ര മനസ്സില്‍ എന്നും പച്ച പിടിച്ചു നില്‍ക്കുന്ന ഒരുപിടി ഓര്‍മകളുടേത് കൂടിയായി. കേരളത്തിന്റെ പല ദിക്കുകളില്‍ നിന്നായി എണ്‍പതോളം സ്ത്രീകളടങ്ങുന്ന എം ജി എം സഹപ്രവര്‍ത്തകരാണ് യാത്രയിലുണ്ടായത്.

കാര്‍ഷിക വകുപ്പിന് കീഴില്‍ ഇത് മൂന്നാം തവണയാണ് കൃഷിയെ അടുത്തറിയാന്‍ പ്രവര്‍ത്തകര്‍ ഒരുമിക്കുന്നത്. ഈ യാത്ര ഗവേഷണാത്മകമായ ഒരു അനുഭവം കൂടിയായിരുന്നു. കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളില്‍ നിന്നുള്ള 50 പേരായിരുന്നു കോഴിക്കോടു നിന്നുള്ള ബസ്സില്‍. കണ്ണൂര്‍, കൊല്ലം, ആലപ്പുഴ എന്നിവിടങ്ങളില്‍ നിന്ന് ട്രെയിനിലും തൃശൂരില്‍ നിന്നുള്ളവര്‍ ട്രാവലറിലുമാണ് എത്തിയത്.

പുത്തനനുഭവങ്ങളും കുറെ പുതിയ സൗഹൃദങ്ങളും പഴയ കൃഷി യാത്രാ സൗഹൃദങ്ങള്‍ പുതുക്കലും സന്തോഷത്തിന്റെ പാട്ടും എണ്ണിയാല്‍ തീരാത്ത പലഹാരപ്പെരുമയും ചിരിയും അറിവും നിറഞ്ഞ കുളിരുള്ളൊരു യാത്ര.

സംസ്ഥാന പ്രസിഡണ്ട് സല്‍മ അന്‍വാരിയ്യ, സംസ്ഥാന സെക്രട്ടറി ആയിശ ടീച്ചര്‍, കാര്‍ഷിക വകുപ്പ് കണ്‍വീനര്‍ പാത്തൈകുട്ടി ടീച്ചര്‍, സറീന മുസ്തഫ എന്നിവരാണ് ഈ 'പച്ച യാത്ര'ക്ക് നേതൃത്വം നല്‍കിയത്. കാര്‍ഷിക സര്‍വകലാശാല മേധാവി ഡോ. മണി ചെല്ലപ്പന്റെ മുന്‍കൂട്ടിയുള്ള അനുമതി കാര്യങ്ങള്‍ എളുപ്പമാക്കി.

രാവിലെ പത്തരയോടെ ഞങ്ങള്‍ സര്‍വകലാശാലാ ക്യാമ്പസില്‍ പ്രവേശിച്ചു. സല്‍മ ടീച്ചറുടെ ക്യുഎല്‍എസ് വിദ്യാര്‍ഥികളും യൂനിവേഴ്‌സിറ്റിയിലെ മുന്‍ അധ്യാപകരുമായ പ്രൊഫ. പി എ നസീം നസ്‌റുല്ല, പ്രൊഫ. റഹ്മത്തുനിസ, ഫോറസ്റ്റ് ഡിപ്പാര്‍ട്ട്‌മെന്റ് പ്രൊഫസര്‍ കുഞ്ഞാമുവിന്റെ ഭാര്യ സരിത എന്നിവര്‍ സ്വീകരിക്കാന്‍ കാത്തുനില്‍പ്പുണ്ടായിരുന്നു.

യാതൊരു അസ്വസ്ഥതയും തിരക്കുമില്ലാതെ ഞങ്ങളെ കൊണ്ടുനടക്കുകയും പരിചയപ്പെടുത്തുകയും സംശയങ്ങളും കൗതുകങ്ങളും നിവര്‍ത്തിച്ച് തരികയും ചെയ്ത് അവര്‍ ആ ദിവസം മുഴുവന്‍ ഞങ്ങളോടൊപ്പം ചിലവഴിച്ചു.

ലൈബ്രേറിയന്‍ ശ്രീകുമാര്‍ ഹ്രസ്വവും പ്രൗഢവുമായ വാക്കുകളിലൂടെ ഞങ്ങള്‍ക്ക് ഔദ്യോഗിക സ്വീകരണം നല്‍കി. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ലൈബ്രറികളിലൊന്നാണ് അവിടെയുള്ളത്. കേരള അഗ്രികള്‍ച്ചറല്‍ യൂനിവേഴ്‌സിറ്റിയെ പരിചയപ്പെടുത്തിയത് റിട്ടയേഡ് പ്രൊഫ. ഡോ. അഹമദ് ആയിരുന്നു.

വീഡിയോ പ്രദര്‍ശനവും ചെറുവിവരണങ്ങളുമായി അദ്ദേഹം സെഷന്‍ ഭംഗിയാക്കി. ഒട്ടേറെ സാധ്യതകളുള്ള ഒരു മേഖലയാണ് അഗ്രികള്‍ച്ചറല്‍ കോഴ്‌സ് എന്നത് അത്ഭുതമുണര്‍ത്തുന്ന അറിവായിരുന്നു പലര്‍ക്കും.

ഷെഡ്യൂള്‍ പ്രകാരം അടുത്ത യൂണിറ്റുകളിലേക്ക് ഞങ്ങള്‍ രണ്ടു സംഘങ്ങളായി തിരിഞ്ഞാണ് പോയത്. നഴ്‌സറിയിലൂടെ എറെ കൗതുകത്തോടെ ചുറ്റിക്കറങ്ങി. ചെടികളെയും മരങ്ങളെയും പായലുകളെയും കുറിച്ചുള്ള ധാരാളം പുതിയ കാര്യങ്ങള്‍ കാണാനും കേള്‍ക്കാനും സാധിച്ചു. കഥകളില്‍ കേട്ടിട്ടുള്ള നാഗലിംഗം എന്ന കമണ്ഡലു മരവും അതിലെ പൂക്കളും ആദ്യ കാഴ്ചയായി.

നഴ്‌സറിയിലെ സ്റ്റാഫായ രശ്മി പോളിന്റെ നേതൃത്വത്തില്‍ തൈകളിലെ ബഡ്ഡിങിനെ കുറിച്ച് പറഞ്ഞും മാവിന്‍ തൈയില്‍ ബഡ്ഡിങ്ങ് രീതി കാണിച്ച് തന്നും വിശദമാക്കി.

ഫുഡ് പ്രോസസിങ് യൂണിറ്റില്‍ നിന്ന് സ്‌ക്വാഷ്, ജാം നിര്‍മാണ രീതി കാണാനും പഠിക്കാനും സാധിച്ചു. സജി ഗോമസ് അന്നത്തെ മിക്‌സഡ് ഫ്രൂട്ട് ജാമിന്റെ ചേരുവകളെ കുറിച്ച് വിശദമാക്കുകയും നിര്‍മാണത്തിലെ സൂക്ഷ്മത വ്യക്തമാക്കുകയും ചെയ്തു.

ബയോ കണ്‍ട്രോള്‍ യൂണിറ്റ്, മഷ്‌റൂം യൂണിറ്റ്, ബയോ കമ്പോസ്റ്റിങ് യൂണിറ്റ് തുടങ്ങിയവയില്‍ നിന്നെല്ലാം നിരവധി അറിവുകള്‍ സ്വായത്തമാക്കാന്‍ ഓരോരുത്തരും മത്സരിച്ചു. ചിലരുടെ സംശയങ്ങളും അതിന് വിദ്യയില്‍ നിന്ന് ലഭിച്ച കൃത്യമായ മറുപടികളും കൃഷിയിലെ ജൈവ കീട നിയന്ത്രണത്തിനുള്ള നല്ലൊരു പാഠം തന്നെയായിരുന്നു.

കൃഷി വൈവിധ്യം മാത്രമല്ല, കേരളത്തിന്റെ പലഹാര വൈവിധ്യങ്ങളെ ഇത്രമേല്‍ അടുത്തറിഞ്ഞ മറ്റൊരു ദിനം ഓര്‍മയിലില്ല.

മഷ്‌റൂം യൂണിറ്റിലെ വിവരങ്ങളിലും കാഴ്ചകളിലും ആവേശം പൂണ്ട പലരും മഷ്‌റൂം വിത്തുമായാണ് അവിടെ നിന്നിറങ്ങിയത്. കമ്പോസ്റ്റിങ് യൂണിറ്റില്‍ ബീന മണ്ണിര കമ്പോസ്റ്റിനെ കുറിച്ച് വളരെ വിശദമായി പറയുകയും പലഘട്ടങ്ങളും കൃത്യമായി കാണുകയും ചെയ്തു. കമ്പോസ്റ്റ് മിശ്രിതവും കമ്പോസ്റ്റിനുള്ള മണ്ണിരകളും ചിലര്‍ വാങ്ങി.

ഉച്ചഭക്ഷണത്തിന് നേരെ കാന്റീനിലേക്ക്. നേരത്തെ ബുക്ക് ചെയ്തത് കൊണ്ട് കൂടുതല്‍ കാത്തുനില്‍ക്കേണ്ടി വന്നില്ല. ചോറും കറികളും മീന്‍ പൊരിച്ചതുമുള്‍പ്പെടെയുള്ള നല്ലൊരൂണ്. നമസ്‌കാരവും കഴിഞ്ഞ് അടുത്ത യൂണിറ്റിലേക്ക്. കൊക്കോ യൂനിറ്റിന്റെ ഗേറ്റിന് മുന്‍പില്‍ ബസിറങ്ങുമ്പോള്‍ തന്നെ കാണാം, വിശാലമായ കൊക്കോമരങ്ങളാല്‍ തണല്‍ വിരിച്ച ഉദ്യാനം.

നടുവിലെ പാതയിലൂടെ മുന്നോട്ട് പോവുമ്പോള്‍ മരങ്ങളില്‍ വ്യത്യസ്ത പ്രായത്തിലുള്ള കൊക്കോ പഴങ്ങള്‍ എണ്ണിയാല്‍ തീരാത്തത്ര. കോക്കോയില്‍ നിന്ന് എങ്ങനെ ചോക്ലേറ്റിലെത്തുന്നു എന്നത് വിശദമായി കണ്ടും കേട്ടും മനസ്സിലാക്കി.

പാകമായ കോക്കോ പഴം പൊട്ടിച്ച് കൊണ്ടുവന്ന് അതിന്റെ പുളിപ്പിക്കലും ഉണക്കലും പൊടിക്കലും തുടങ്ങി കൊക്കോ ക്രീമിലേക്കും കൊക്കോ ബട്ടറിലേക്കും എത്തിനില്‍ക്കുന്ന കാര്യങ്ങള്‍ വളരെ നന്നായി ദീപ വിവരിച്ചു. കൊക്കോ സീഡ് പൊടിക്കുമ്പോള്‍ പൊടി രൂപത്തിലല്ല ക്രീം രൂപത്തിലാണ് ലഭിക്കുന്നത് എന്നതും വെളുത്ത നിറത്തിലുള്ള ബട്ടര്‍ അതില്‍ നിന്ന് ലഭിക്കും എന്നുള്ളതും പലര്‍ക്കും പുതിയ അറിവായിരുന്നു.

കടകളില്‍ നിന്ന് ലഭിക്കുന്ന കൊക്കോ പൗഡറുകളിലൊന്നും ശരിയായ കൊക്കോയല്ല, മറിച്ച് മറ്റേതോ പൊടികളിലേക്ക് കൊക്കോ സീഡിന്റെ തൊലികള്‍ ഫ്‌ളേവറിന് വേണ്ടി പൊടിച്ച് ചേര്‍ത്തുണ്ടാക്കുന്ന വെറുമൊരു ഉല്‍പന്നം മാത്രമാണെന്നും പൊതുവെ ആര്‍ക്കും അറിയില്ലായിരിക്കാം.

ഇതിനായി ഉപയോഗിക്കുന്ന കൊക്കോ സീഡിന്റെ തൊലി ഭക്ഷ്യയോഗ്യമല്ലാത്ത ഒന്നാണെന്ന് കൂടിയറിഞ്ഞപ്പോള്‍ ഏതെല്ലാമായിരിക്കാം യഥാര്‍ഥമെന്നത് വലിയൊരു ചോദ്യമായി മനസ്സിനെ അലട്ടി.

കോളജ് ഓഫ് ഫോറസ്ട്രിയിലേക്കാണ് പിന്നീട് പോയത്. അവിടുത്തെ പ്രൊഫസറും സല്‍മ ടീച്ചറുടെ വിദ്യാര്‍ഥി സരിതയുടെ ഭര്‍ത്താവുമായ കുഞ്ഞാമു വളരെ വിശദമായി പ്രകൃതി പ്രതിഭാസങ്ങളെ കുറിച്ച് ക്ലാസെടുത്തു. മഴയും കാടും പ്രകൃതിയും ജീവനും ജീവിതവും എങ്ങനെ ബന്ധപ്പെട്ടുകിടക്കുന്നു എന്നത് വളരെ കുറഞ്ഞ സമയത്തിനുള്ളില്‍ അദ്ദേഹം വിവരിച്ചു.

ഭക്ഷണ ശേഷമുളള ആലസ്യമോ വെയിലോ ചൂടോ വകവെക്കാതെ അടുത്ത ലക്ഷ്യമായ മെഡിസിനല്‍ പ്ലാന്റ് യൂണിറ്റിലേക്കും വിത്തുല്‍പാദന യൂണിറ്റിലേക്കും വെച്ചുപിടിച്ചു. നസീം എല്ലാവര്‍ക്കും കഴിക്കാന്‍ ചോക്ലേറ്റ് മിഠായികള്‍ നല്‍കി. ഒറിജിനല്‍ കൊക്കോ ചോക്ലേറ്റ് എല്ലാവരും തെല്ലിഷ്ടത്തോടെ നുണഞ്ഞു.

ഒരു ചായയാവാം എന്നോര്‍ത്തപ്പോഴേക്കും പരിപ്പുവടയും ചായയും വഴിയരികില്‍ റെഡി. ചായ കുടി കഴിഞ്ഞ് വണ്ടിയില്‍ കയറി നേരെ എഐടിഐസി മണ്ണൂത്തിയിലേക്ക്. കയ്യില്‍ കവര്‍ കരുതണമെന്ന നിര്‍ദേശം നേരത്തേ തന്നെയുള്ളതിനാല്‍ ഓരോ യൂനിറ്റിലും കവറുമായാണ് ഓരോരുത്തരും ഇറങ്ങിയത്. ഇവിടെയും അങ്ങനെ തന്നെ.

ഒട്ടേറെ ഫലവൃക്ഷ തൈകള്‍, പച്ചക്കറി തൈകള്‍, ടിഷ്യൂ കള്‍ച്ചേര്‍ഡ് തൈകള്‍, വിത്തുകള്‍ എന്നിവയാല്‍ വ്യത്യസ്തതയുള്ള നഴ്‌സറി മുഴുവന്‍ ഞങ്ങള്‍ പലതും വാങ്ങിക്കാനായി കയറിയിറങ്ങി. ബില്ല് ചെയ്യാനും തൈകള്‍ വാങ്ങാനും വണ്ടിയില്‍ വെക്കാനുമെല്ലാം ഒരു വീട്ടുകാര്‍ എന്ന പോലെ എല്ലാവരും പരസ്പരം സഹായിച്ചും സഹകരിച്ചും ഒത്തുചേര്‍ന്നപ്പോള്‍ ഈ കാര്‍ഷിക യാത്രക്ക് വല്ലാത്തൊരു മൊഞ്ചുള്ള മടക്കമായി.

ഒരു മുഴുദിന പഠന യാത്രയിലെ സൗഹൃദങ്ങള്‍ യാത്ര പറയുകയാണ്. പാത്തൈ കുട്ടി ടീച്ചറാണ് കാര്‍ഷിക വകുപ്പ് കണ്‍വീനര്‍ എന്ന നിലയില്‍ മൂന്ന് വര്‍ഷത്തെയും യാത്രക്ക് മുന്നില്‍ നിന്നത്. കൃഷിയോടുള്ള താല്‍പര്യവും ആത്മബന്ധവും വല്ലാത്ത ആത്മാര്‍ഥതയുമുണ്ട് ടീച്ചര്‍ക്ക്.

ബസില്‍ വീണ്ടും ആരവങ്ങളുയര്‍ന്നു. പലഹാരപ്പൊതികള്‍ തുറന്നുകൊണ്ടിരിക്കുന്നു. ഒരിനം ഒരറ്റത്ത് നിന്ന് തുടങ്ങി മറ്റേ അറ്റത്തെത്തുമ്പോഴേക്കും മറ്റൊരിനം ആദ്യം മുതല്‍ വിതരണം തുടങ്ങിയിട്ടുണ്ടാവും. കൃഷി വൈവിധ്യം മാത്രമല്ല, കേരളത്തിന്റെ പലഹാര വൈവിധ്യങ്ങളെ ഇത്രമേല്‍ അടുത്തറിഞ്ഞ മറ്റൊരു ദിനമോര്‍മയിലില്ല.