എസ് ഐ ആര്‍: എന്‍ ആര്‍ സിയുടെ ഒളിച്ചുകടത്തലോ?


കേരളം ഉള്‍പ്പെടെ 12 സംസ്ഥാനങ്ങളില്‍ തിടുക്കപ്പെട്ട് എസ് ഐ ആര്‍ നടപ്പാക്കാനുള്ള നടപടികള്‍ക്ക് തുടക്കം കുറിച്ചത് ആശങ്ക സൃഷ്ടിക്കുന്നു.

ബിഹാറിലെ വോട്ടര്‍ പട്ടിക തീവ്ര പുനഃപരിശോധന (എസ് ഐ ആര്‍) സംബന്ധിച്ച സംശയങ്ങളും ദുരൂഹതകളും നീങ്ങിയിട്ടില്ലെന്നിരിക്കെയാണ്, കേരളം ഉള്‍പ്പെടെ 12 സംസ്ഥാനങ്ങളില്‍ തിടുക്കപ്പെട്ട് എസ് ഐ ആര്‍ നടപ്പാക്കാനുള്ള നടപടികള്‍ക്ക് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ തുടക്കം കുറിച്ചിരിക്കുന്നത്. കേരളവും തമിഴ്നാടും ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ അനാവശ്യ ധൃതിക്കെതിരെ ഇതിനകം പരസ്യമായി രംഗത്തെത്തിക്കഴിഞ്ഞു.

എസ് ഐ ആര്‍ ചോദ്യം ചെയ്ത് തമിഴ്നാട് സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. സുപ്രീം കോടതിയില്‍ നിയമയുദ്ധത്തിന് വഴിതുറക്കാന്‍ നവംബര്‍ 6ന് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചുചേര്‍ത്ത സര്‍വകക്ഷി യോഗവും തീരുമാനമെടുത്തു. എന്നാല്‍ നിയമപോരാട്ടത്തിനുള്ള വഴികള്‍ മുന്നില്‍ നില്‍ക്കുമ്പോഴും എസ് ഐ ആര്‍ എന്നത് ഒരു യാഥാര്‍ഥ്യമായിക്കഴിഞ്ഞു.

രാഹുല്‍ ഗാന്ധി ഉന്നയിച്ച വോട്ടുചോരി ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ ഈ പരിശോധനകള്‍ക്ക് വലിയ പ്രസക്തിയുണ്ട്. വോട്ടുചോരി ആരോപണങ്ങളില്‍ നിന്ന് തലയൂരാന്‍ കമ്മീഷന് എസ് ഐ ആര്‍ എന്ന ലൊടുക്കുവിദ്യ മതിയാകുമോ, അതോ രാഹുല്‍ ഇതുവരെ ഉന്നയിച്ചതിനേക്കാളും വലിയ വോട്ടുചോരിയാണോ എസ് ഐ ആര്‍ വഴി നടക്കുന്നത് എന്നീ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം തേടലാണിത്.

എന്തിനിത്ര ധൃതി?

ബിഹാറിനു ശേഷം 12 സംസ്ഥാനങ്ങളിലാണ് എസ് ഐ ആര്‍ നടപ്പാക്കുന്നത്. ഇതില്‍ മൂന്നെണ്ണം കേന്ദ്രഭരണ പ്രദേശങ്ങളാണ്. എസ് ഐ ആര്‍ നടപ്പിലാക്കുന്ന കേരളം, തമിഴ്നാട്, പശ്ചിമ ബംഗാള്‍ എന്നിവ 2026ന്റെ ആദ്യ പകുതിക്കു മുമ്പായി നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടുന്ന സംസ്ഥാനങ്ങളാണ്. തിരഞ്ഞെടുപ്പിനെ നേരിടുന്ന അസമിനെ എസ് ഐ ആറില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

ദേശീയ പൗരത്വ രജിസ്റ്റര്‍ (എന്‍ ആര്‍ സി) നടപടികള്‍ ചൂണ്ടിക്കാട്ടിയാണ് അസമിന് ഇളവ് നല്‍കിയത്. എന്തിനിത്ര ധൃതി എന്ന ചോദ്യം ഇവിടെയാണ് ഉയരുന്നത്. കാരണം തിരഞ്ഞെടുപ്പ് കമ്മീഷന്‍ തയ്യാറാക്കിയ സമയക്രമം അനുസരിച്ച് എസ് ഐ ആര്‍ നടപടികള്‍ പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ പിന്നെ തിരഞ്ഞെടുപ്പിലേക്ക് നീങ്ങാന്‍ ഈ മൂന്നു സംസ്ഥാനങ്ങള്‍ക്കും ഒരു ഇടവേള ഉണ്ടാവില്ല.

എസ് ഐ ആറിനു ശേഷം പ്രസിദ്ധീകരിക്കുന്ന അന്തിമ വോട്ടര്‍ പട്ടികയില്‍ മറ്റൊരു സൂക്ഷ്മ പരിശോധനക്കോ ആക്ഷേപമുന്നയിക്കലിനോ ഇടം ലഭിക്കും മുമ്പ് ഈ സംസ്ഥാനങ്ങള്‍ തിരഞ്ഞെടുപ്പു ചൂടിലേക്ക് നീങ്ങണമെന്ന കൃത്യമായ ബോധ്യം തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനങ്ങള്‍ക്ക് പിന്നിലുണ്ടെന്ന് നിസ്സംശയം പറയാം.

വോട്ടുചോരിയും എസ് ഐ ആറും

കര്‍ണാടകയിലെ മഹാദേവ്പുരയില്‍ വന്‍തോതില്‍ വ്യാജ വോട്ടുകള്‍ ചേര്‍ക്കപ്പെട്ടെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണങ്ങളില്‍ നിന്ന് ഒളിച്ചോടാനുള്ള തന്ത്രം എന്ന നിലയ്ക്കാണ് എസ് ഐ ആറിനെ പലരും ആദ്യ ഘട്ടത്തില്‍ കണ്ടത്. വ്യാജ വോട്ടുകള്‍ ഉണ്ടെന്ന് വാദിക്കുന്ന രാഹുല്‍, എന്തുകൊണ്ട് അത് നീക്കം ചെയ്യുന്ന പ്രവൃത്തിയായ എസ് ഐ ആറിനെ എതിര്‍ക്കുന്നു എന്ന ചോദ്യമുന്നയിച്ചാണ് തിരഞ്ഞെടുപ്പ് കമ്മീഷനും ബി ജെ പിയും ഒരേ സ്വരത്തില്‍ രംഗത്തെത്തിയത്. എന്നാല്‍ വോട്ടുചോരി ആരോപണത്തെ മറികടക്കാനോ വോട്ടര്‍പട്ടിക ശുദ്ധീകരണത്തിനോ വേണ്ടിയല്ല എസ് ഐ ആര്‍ എന്ന് ആദ്യം തിരിച്ചറിഞ്ഞത് രാഹുല്‍ ഗാന്ധി തന്നെയാണ്.

കാരണം വോട്ടുമോഷണം സംഘടിത കൊള്ളയാണെന്നും രണ്ടു രീതിയില്‍ ഇത് രാജ്യവ്യാപകമായി നടന്നിട്ടുണ്ട് എന്നും രാഹുല്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ എസ് ഐ ആര്‍ പ്രഖ്യാപിക്കും മുമ്പേ തന്നെ കണ്ടെത്തിയിരുന്നു. വോട്ടുചോരി എന്നത് വ്യാജമായി വോട്ട് കൂട്ടിച്ചേര്‍ക്കല്‍ മാത്രമല്ല, വോട്ട് നീക്കം ചെയ്യല്‍ കൂടിയാണ് എന്നതിന് അദ്ദേഹം തെളിവുകള്‍ നിരത്തി.

മഹാദേവ്പുര നിയോജകമണ്ഡലത്തില്‍ 1,14,000 വ്യാജ വോട്ടുകള്‍ ചേര്‍ക്കപ്പെട്ടെന്നാണ് രാഹുല്‍ ആരോപിച്ചത്. അത് ഇങ്ങനെയാണ്. 11,956 ഇരട്ട വോട്ടുകള്‍, 40,009 വ്യാജ വിലാസങ്ങളിലുള്ള വോട്ടുകള്‍, 10,452 ബള്‍ക്ക് വോട്ടുകള്‍ (ഒരേ വിലാസത്തില്‍ 60ഉം 80ഉം നൂറും വോട്ടുകള്‍), 4132 തിരിച്ചറിയാന്‍ കഴിയാത്ത ഫോട്ടോ ഉപയോഗിച്ചുള്ള വോട്ടുകള്‍, ഫോം 6 ഉപയോഗിച്ച് പുതുതായി കൂട്ടിച്ചേര്‍ക്കപ്പെട്ട 33,692 വോട്ടുകള്‍ എങ്ങനെയാണിവ. സമാനമായി വ്യാജ ഐപി അഡ്രസ്സുകളും വ്യാജ ഫോണ്‍ നമ്പറുകളും ഉപയോഗിച്ച് മഹാദേവ്പുരയില്‍ വ്യാപകമായി വോട്ടുകള്‍ നീക്കം ചെയ്യപ്പെട്ടതിനുള്ള തെളിവുകളും രാഹുല്‍ ഗാന്ധി പുറത്തുവിട്ടിരുന്നു.

ഇതിന്റെ അടിസ്ഥാനത്തില്‍ കര്‍ണാടക സി ഐ ഡി വോട്ടുകള്‍ നീക്കം ചെയ്യാന്‍ ഉപയോഗിച്ച ഐപി അഡ്രസ് വിശദാംശങ്ങള്‍ തേടി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചത് 18 തവണയാണ്. പക്ഷേ, കമ്മീഷന്‍ മറുപടി നല്‍കിയില്ല. രാഹുല്‍ ഗാന്ധിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ കര്‍ണാടക സര്‍ക്കാര്‍ പ്രത്യേക അന്വേഷണ സംഘത്തിന് (എസ് ഐ ടി) രൂപം നല്‍കുകയും അന്വേഷണം നടന്നുവരുകയുമാണ്. സമാനമാണ് ബിഹാറിന്റെയും സ്ഥിതി.

ബിഹാര്‍: പുറത്തായ 65 ലക്ഷം ആരായിരുന്നു?

എസ് ഐ ആര്‍ വഴി 65 ലക്ഷം വോട്ടുകളാണ് ബിഹാറില്‍ വെട്ടിമാറ്റിയത്. തിരഞ്ഞെടുപ്പ് കമ്മീഷന്‍ തന്നെ പുറത്തുവിട്ട അധികാരിക കണക്കാണിത്. രണ്ടു ചോദ്യങ്ങള്‍ പ്രാഥമികമായി തന്നെ ഇവിടെ ശേഷിക്കുന്നുണ്ട്. ബിഹാറില്‍ ഇത്രയേറെ വ്യാജ വോട്ടുകള്‍ ഉണ്ടായിരുന്നോ എന്നതാണ് ഒരു ചോദ്യം.

വര്‍ഷാവര്‍ഷം നടക്കുന്ന വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിന് എന്ത് വിശ്വാസ്യതയാണുള്ളത് എന്നത് രണ്ടാമത്തെ ചോദ്യം. ഈ ചോദ്യങ്ങള്‍ തല്‍ക്കാലം അവിടെ നില്‍ക്കട്ടെ. ആരാണ് ഈ വെട്ടിമാറ്റപ്പെട്ട 65 ലക്ഷം പേര്‍? ആര്‍ക്കും കൃത്യമായ ഉത്തരമില്ല. സുപ്രീം കോടതി ആവര്‍ത്തിച്ച് ആവശ്യപ്പെട്ട ശേഷമാണ് വെട്ടിമാറ്റപ്പെട്ടവരുടെ പേരുകള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചത്.

അതാകട്ടെ സ്‌ക്രീന്‍ പരിശോധന വഴി എളുപ്പത്തില്‍ കണ്ടെത്താനാവാത്ത ഹാര്‍ഡ് കോപ്പി പകര്‍പ്പായി. സീറോ കംപ്ലയിന്റുമായാണ് ബിഹാറില്‍ എസ് ഐ ആര്‍ പൂര്‍ത്തിയാക്കിയത് എന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ആവര്‍ത്തിച്ചുള്ള വാദം. ഇത് സത്യമാണോ? അല്ല എന്നാണുത്തരം. വെട്ടിമാറ്റപ്പെടുന്നവരില്‍ ഭൂരിഭാഗവും ദരിദ്രരും പാര്‍ശ്വവത്കരിക്കപ്പെട്ടവരും ആണെന്നിരിക്കെ, നിയമപോരാട്ടം എന്ന മാര്‍ഗം എത്ര പേര്‍ക്ക് സ്വീകരിക്കാന്‍ കഴിയും? അതിനുള്ള ചെലവ് ആര് വഹിക്കും?

എച്ച് ഫയല്‍സ്, അഥവാ ഹരിയാനയില്‍ സംഭവിച്ചത്

രണ്ടു കോടി വോട്ടര്‍മാരുള്ള ഹരിയാനയില്‍ 25 ലക്ഷം വോട്ടുകള്‍ വ്യാജമായി ചേര്‍ക്കപ്പെട്ടു എന്നാണ് രാഹുല്‍ ഗാന്ധി ഉന്നയിച്ച ആരോപണം. രണ്ടു കോടിയില്‍ 25 ലക്ഷം വ്യാജ വോട്ട് എന്നാല്‍ ഒരോ 8 വോട്ടിലും ഒരാള്‍ വ്യാജന്‍ എന്നാണ്. മാത്രമല്ല, ഇതുവരെ അദ്ദേഹം നിരത്തിയ തെളിവുകളെല്ലാം ഏതെങ്കിലും സംസ്ഥാനത്തെ ചില മണ്ഡലങ്ങളില്‍ മാത്രം നടന്ന തിരഞ്ഞെടുപ്പ് അട്ടിമറികളെക്കുറിച്ചായിരുന്നു.

അഞ്ചു തരത്തിലാണ് ഹരിയാനയിലെ വോട്ടര്‍ പട്ടികയില്‍ ക്രമക്കേടുകള്‍ നടത്തിയിരിക്കുന്നത്. വോട്ട് ഇരട്ടിപ്പ് വഴി 5,21,619 വ്യാജ വോട്ടുകള്‍, വ്യാജ വിലാസം ഉപയോഗിച്ച് 93,174 വോട്ടുകള്‍, ബള്‍ക്ക് വോട്ട് (ഒരേ വിലാസത്തില്‍ 100ഉം 200ഉം വോട്ടുകള്‍) 19,26,351. ആകെ 25,41,144. ഇതിനു പുറമേ വോട്ട് നീക്കം ചെയ്യല്‍, ഫോറം 6 ഉപയോഗിച്ചുള്ള വോട്ട് കൂട്ടിച്ചേര്‍ക്കല്‍ എന്നിവ വഴി നടന്നിട്ടുള്ള ക്രമക്കേടുകള്‍ ലഭ്യമായിട്ടില്ലെന്നാണ് രാഹുല്‍ പറയുന്നത്.

എസ് ഐ ആര്‍ എന്നത് കേവലം വോട്ടവകാശവുമായി മാത്രം ബന്ധപ്പെട്ടു നില്‍ക്കുന്ന ഒന്നല്ല. പൗരത്വവുമായി കൂടി കൂട്ടിക്കെട്ടിയ നടപടിയാണ്.

മഹാദേവ്പുരയിലെ ക്രമക്കേട് കണ്ടെത്തിയതിനു പിന്നാലെ ഇതുസംബന്ധിച്ച കണക്കുകള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ബ്ലോക്ക് ചെയ്തു എന്നും അദ്ദേഹം ആരോപിക്കുന്നു. നേരത്തെ നടത്തിയ വോട്ടുചോരി ആരോപണങ്ങളെ ഖണ്ഡിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിരത്തിയ ചില വാദങ്ങളെയും രാഹുല്‍ എച്ച് ഫയല്‍സ് വെളിപ്പെടുത്തലിനെ ഖണ്ഡിച്ചു.

സീറോ എന്ന വീട്ടുനമ്പര്‍ ഭവനരഹിതരെ ഉള്‍പ്പെടുത്താന്‍ വേണ്ടി ഉപയോഗിച്ചതാണെന്നായിരുന്നു മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഗ്യാനേഷ് കുമാറിന്റെ വാദം. എന്നാല്‍ ഹരിയാനയിലെ '0' വോട്ടു നമ്പറിലുള്ള വിലാസക്കാരനെ തേടിയെത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് കണ്ടെത്താന്‍ കഴിഞ്ഞത് ഇരുനില മണിമാളിക വീടാണ്. മറ്റു ചില ക്രമക്കേടുകള്‍ ഇങ്ങനെ:

ഒരേ ഫോട്ടോ ഉപയോഗിച്ച് 223 വോട്ട്. അവ്യക്തമോ വ്യാജമോ ആയ ഫോട്ടോ ഉപയോഗിച്ച് 1.24 ലക്ഷം വോട്ടുകള്‍, ഹരിയാനയിലും ഉത്തര്‍പ്രദേശിലും ഒരേ വ്യക്തികള്‍ക്ക് വോട്ടുകള്‍, ഇതില്‍ പലരും ബി ജെ പിയുടെ പ്രവര്‍ത്തകരും നേതാക്കളും. ബി ജെ പി നേതാവിന്റെ വീട്ടില്‍ 66 വോട്ട്. എല്ലാറ്റിനും പുറമേ വെട്ടിമാറ്റിയത് 3.5 ലക്ഷം വോട്ടുകള്‍. ഫലത്തില്‍ കമ്മീഷന്റെ എല്ലാ പ്രതിരോധ ശ്രമങ്ങളെയും അപ്രസക്തമാക്കുന്നതാണ് രാഹുല്‍ ഗാന്ധിയുടെ എച്ച് ഫയല്‍സ് ആക്രമണമെന്ന് ചുരുക്കം.

എന്താണ് പോംവഴി?

എസ് ഐ ആര്‍ ലാഘവബുദ്ധിയോടെ കാണേണ്ട ഒന്നല്ല. അപ്പോള്‍ പിന്നെ ഉയരുന്ന അടുത്ത ചോദ്യമാണ് എന്താണ് പോംവഴി എന്നത്. ഒറ്റ പോംവഴിയേ ഉള്ളൂ. ജാഗ്രതയോടെ നിലകൊള്ളുക. എസ് ഐ ആര്‍ എന്ന അതിതീവ്രതയോടെയും അതീവതിടുക്കത്തോടെയുമുള്ള, അതിനേക്കാള്‍ കൂടുതല്‍ അതീവ ദുരുദ്ദേശ്യത്തോടെയുള്ള വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിനിടെ താനോ താനുമായി ബന്ധപ്പെട്ടവരോ വോട്ടര്‍ പട്ടികയില്‍ നിന്ന് പുറത്താവുന്നില്ല എന്ന് ഉറപ്പു വരുത്താനുള്ള ജാഗ്രത ഓരോ പൗരനും പുലര്‍ത്തുക എന്നതാണത്.

വോട്ട് രാഷ്ട്രീയക്കാര്‍ക്കു വേണ്ടിയുള്ളതല്ലേ, അതവര്‍ നോക്കിക്കൊള്ളും എന്ന പതിവ് അലസത ഇക്കാര്യത്തില്‍ ദോഷം ചെയ്യും. എസ് ഐ ആര്‍ വഴി തിരഞ്ഞെടുപ്പ് കമ്മീഷന്‍ തിരയുന്നത് വോട്ടു ചെയ്യാനുള്ള നിങ്ങളുടെ അവകാശം മാത്രമല്ല, യഥാര്‍ഥത്തില്‍ നിങ്ങളുടെ പൗരത്വം തന്നെയാണ്. ഒരു തരത്തില്‍ പറഞ്ഞാല്‍ എന്‍ ആര്‍ സിയുടെ ഒളിച്ചുകടത്തല്‍. അതുകൊണ്ട് വോട്ടര്‍ പട്ടികയില്‍ നിന്ന് പുറത്താകുന്നില്ല എന്ന് ഉറപ്പുവരുത്താന്‍ എല്ലാ മുന്‍കരുതലുകളും സ്വീകരിക്കേണ്ടിയിരിക്കുന്നു.

രണ്ടു തരത്തിലുള്ള വോട്ടര്‍ പട്ടികയാണ് രാജ്യത്ത് നിലവിലുള്ളത്. തദ്ദേശ തിരഞ്ഞെടുപ്പുകള്‍ക്കായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ തയ്യാറാക്കുന്നതും നിയമസഭ-ലോക്സഭാ തിരഞ്ഞെടുപ്പുകള്‍ക്കായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ തയ്യാറാക്കുന്നതും. ഇതില്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ തയ്യാറാക്കുന്ന പട്ടികയുടെ അടിസ്ഥാനത്തിലാണ് എസ് ഐ ആര്‍ നടപ്പാക്കുന്നത്.

ജാഗ്രത അവസാന നിമിഷം വരെ

എന്യൂമറേഷന്‍ നടപടികള്‍ പൂര്‍ത്തിയായാല്‍ ഉത്തരവാദിത്തം കഴിഞ്ഞുവെന്ന നിലയില്‍ അലസത അരുത്. ഡിസംബര്‍ 9ന് പ്രസിദ്ധീകരിക്കുന്ന കരടു വോട്ടര്‍ പട്ടികയില്‍ പേരുണ്ടെന്ന് ഉറപ്പു വരുത്തണം. പേരു വിട്ടുപോയിട്ടുണ്ടെങ്കില്‍ പരാതി നല്‍കണം. 2026 ജനുവരി 8 വരെയാണ് പരാതി നല്‍കാനുള്ള സമയം. ഈ പരാതികള്‍ കൂടി തീര്‍പ്പാക്കിയ ശേഷം ഫെബ്രുവരി 7ന് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കും. അതിലും പേരുണ്ടെന്ന് ഉറപ്പുവരുത്തണം.

വിട്ടുപോയിട്ടുണ്ടെങ്കില്‍ അവസാന അപ്പീലിനുള്ള രണ്ട് അവസരങ്ങള്‍ ഉപയോഗപ്പെടുത്തണം. മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ക്കാണ് അപ്പീല്‍ സമര്‍പ്പിക്കേണ്ടത്. ഇവിടെയും തഴയപ്പെട്ടാല്‍ പിന്നെ വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കുന്നതിനുള്ള വഴി അടയും.

പ്രവാസികള്‍ക്കും വേണം ജാഗ്രത

വ്യക്തിപരമായ സാന്നിധ്യമല്ല, രേഖകളാണ് എസ് ഐ ആറിനായി കമ്മീഷന്‍ ആധാരമാക്കുന്നത്. അതുകൊണ്ടുതന്നെ അപേക്ഷയും ആവശ്യമെങ്കില്‍ രേഖകളും കൃത്യമായി സമര്‍പ്പിക്കലാണ് പ്രധാനം. ഇക്കാര്യത്തില്‍ വലിയ തോതിലുള്ള അലംഭാവം കാണിക്കുന്നതും ഒപ്പം ആശങ്ക നേരിടുന്നതും പ്രവാസികള്‍ക്കാണ്. ഓണ്‍ലൈനായി പ്രവാസികള്‍ക്ക് എന്യൂമറേഷന്‍ ഫോറം പൂരിപ്പിച്ചു നല്‍കാന്‍ അവസരമുണ്ട്.

എന്നാല്‍ സ്വന്തം വീടുകളില്‍ നിന്ന് നേരിട്ടു പൂരിപ്പിച്ചു നല്‍കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും അതിനുള്ള നിര്‍ദേശങ്ങള്‍ പ്രവാസികള്‍ നല്‍കുകയും ചെയ്യണം. ഇക്കാര്യത്തില്‍ ഓരോ പ്രവാസിയും സ്വന്തം നിലയില്‍ ഉത്തരവാദിത്തം നിര്‍വഹിക്കണം. ആവശ്യമായ രേഖകള്‍ ലഭ്യമാക്കുന്നതിനുള്ള നടപടികളും ഇവര്‍ സ്വയം സ്വീകരിക്കണം. വീണ്ടും പറയട്ടെ, എസ് ഐ ആര്‍ എന്നത് കേവലം വോട്ടവകാശവുമായി മാത്രം ബന്ധപ്പെട്ടു നില്‍ക്കുന്ന ഒന്നല്ല.

പൗരത്വവുമായി കൂടി കൂട്ടിക്കെട്ടിയ നടപടിയാണ്. അതുകൊണ്ടുതന്നെ പരമാവധി ജാഗ്രത പുലര്‍ത്തുക, എസ് ഐ ആറില്‍ നിന്ന് പുറത്താകാതിരിക്കാന്‍ ശ്രദ്ധിക്കുക എന്നത് വ്യക്തിപരമായ ഉത്തരവാദിത്തമായി ഓരോ പൗരനും ഏറ്റടെുക്കേണ്ടതുണ്ട്.