മലീമസമായ, തെരഞ്ഞെടുപ്പ് അട്ടിമറിയുടെ മുഴുവന്‍ ലക്ഷണങ്ങളും നിറഞ്ഞു നിന്ന ഒരു പ്രക്രിയ കൂടിയായിരുന്നു ബിഹാറില്‍ നടന്നത്.
ബിഹാറിലെ നിതീഷ് കുമാറിന്റെ തകര്‍പ്പന്‍ വിജയത്തെ വിലയിരുത്തുമ്പോള്‍ മഹാസഖ്യത്തിന്റെ പോരായ്മകളും പ്രചാരണത്തിലെ പാളിച്ചകളും ജാതി സമവാക്യങ്ങളും മറ്റും ചര്‍ച്ചാ വിഷയമാക്കുന്നതിനേക്കാളും വൃത്തികെട്ട അസംബന്ധം വേറെയുണ്ടാവാനിടയില്ല. മാറിമറിയുന്ന കണക്കുകൂട്ടലുകള്‍ക്കും ജാതി സമവാക്യങ്ങള്‍ക്കുമൊക്കെ ഒരു തെരഞ്ഞെടുപ്പില്‍ ഏറിയാല്‍ എത്രകണ്ട് വിജയം സമ്മാനിക്കാനാവും എന്നതിന് ചില പരിധികള്‍ ഇന്ത്യന്‍ രാഷ്ട്രീയത്തിലുണ്ട്.
ആകെയുള്ള 243ല്‍ 208 സീറ്റും ബി ജെ പി സഖ്യം ജയിച്ചടക്കുകയും അതില്‍ മഹാഭൂരിപക്ഷം സീറ്റുകളിലും 5000ത്തിന് മുകളില്‍ വോട്ടുകള്‍ക്ക് ജയിച്ചു കയറുകയും ചെയ്തതിന്റെ അര്‍ഥം മഹാസഖ്യം ചിത്രത്തില്‍ എവിടെയും ഉണ്ടായിരുന്നില്ല എന്നു തന്നെയാണ്. വിജയത്തിന് വഴിയൊരുക്കിയ ആ വോട്ടുകള്‍ തീര്‍ത്തും സാധാരണമായ ഒരു സമ്മതിദാനാവകാശ പ്രക്രിയയുടെ ഭാഗമായിരുന്നുവെങ്കില്‍ ഇന്ത്യാ ചരിത്രം കണ്ട ഏറ്റവും ഉജ്വലമായ തെരഞ്ഞെടുപ്പു വിജയങ്ങളില്‍ ഒന്നാണിത്.
എന്നാല്‍ അങ്ങേയറ്റം മലീമസമായ, തെരഞ്ഞെടുപ്പ് അട്ടിമറിയുടെ മുഴുവന്‍ ലക്ഷണങ്ങളും നിറഞ്ഞു നിന്ന ഒരു പ്രക്രിയ കൂടിയായിരുന്നു ബിഹാറില്‍ നടന്നത്. തെരഞ്ഞെടുപ്പു കമ്മീഷന്‍ വോട്ടേഴ്സ് പട്ടികയില്‍ നിന്നു നീക്കിയവരേക്കാള്‍ കുറഞ്ഞ മാര്‍ജിനില്‍ 11 സീറ്റുകളില്‍ കോണ്‍ഗ്രസും ആര്‍ ജെ ഡിയും ഉള്‍പ്പെടെയുള്ളവര്‍ ഈ കൊടുങ്കാറ്റിനിടയിലും ജയിച്ചു കയറിയിട്ടുണ്ട്. രണ്ട് നിലയിലാണ് ഇത് മനസ്സിലാക്കപ്പെടുന്നത്.
അതായത് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഈ മണ്ഡലങ്ങളില്‍ നിന്നു വോട്ടര്‍മാരെ തെരഞ്ഞുപിടിച്ച് വെട്ടിയിരുന്നില്ലെങ്കില്‍ എന്താവുമായിരുന്നു അവസ്ഥ എന്ന ചോദ്യം ഒരു ഭാഗത്ത്. വിജയം നിര്‍ണയിച്ച ഘടകമായി ഈ എസ് ഐ ആര്‍ മാറിയ സീറ്റുകളുടെ എണ്ണം എത്രത്തോളമുണ്ടാവാമെന്ന ചോദ്യം മറുഭാഗത്ത്.
47 ലക്ഷം വോട്ടര്‍മാരെയാണ് കമ്മീഷന്‍ ഇത്തവണ പട്ടികയില്‍ നിന്നു നീക്കിയത്. അവര്‍ മരിച്ചു പോയവരോ സംസ്ഥാനത്ത് താമസിക്കാത്തവരോ ആണെന്നായിരുന്നു കാരണം പറഞ്ഞത്. ബി ജെ പിയും കമ്മീഷനും ചേര്‍ന്നുള്ള ഒത്തുകളിയായിരുന്നു ഇതെന്ന് തെളിയിക്കുന്ന രീതിയില്‍ ഓരോ മണ്ഡലങ്ങളിലും ഇങ്ങനെ തഴയപ്പെട്ടവരുടെ വിശദാംശങ്ങള്‍ മാധ്യമങ്ങള്‍ പുറത്തുകൊണ്ടുവന്നു.
അവരൊക്കെയും മുസ്ലിംകളോ ദലിതരോ ബി ജെ പി വിരുദ്ധരോ ആയിരുന്നു. ലക്ഷക്കണക്കിന് വോട്ടര്‍മാരെ പട്ടികയില്‍ നിന്നു നീക്കിയ തെരഞ്ഞെടുപ്പു കമ്മീഷന്റെ ഈ നീക്കം തന്നെയാണ് ബാഹ്യമായ മറ്റെന്ത് കാരണത്തേക്കാളും ബിഹാര്‍ തെരഞ്ഞെടുപ്പിന്റെ വിധി നിര്‍ണയിച്ചത്.
വോട്ടര്‍ പട്ടികാ പരിഷ്‌കരണത്തിന്റെ മറപിടിച്ച് നടപ്പാക്കിയ ഈ വെട്ടിനിരത്തലിനെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹരജികളില്‍ സുപ്രീംകോടതി ഇടപെട്ടതിനു ശേഷം പോലും ബിഹാറില്‍ പ്രത്യേകിച്ച് മാറ്റമൊന്നും ഉണ്ടായിട്ടില്ല. കോടതിയുടെ കണ്ണില്‍ പൊടിയിടുന്ന പണിയാണ് പിന്നീട് കമ്മീഷന്‍ ചെയ്തത്. എസ് ഐ ആര്‍ നടപ്പാക്കുന്നതിനു മുമ്പേ കഴിഞ്ഞ ജൂണ്‍ മാസം വരെയും 7.89 കോടി ഉണ്ടായിരുന്ന ബിഹാറിലെ വോട്ടര്‍ പട്ടിക 'പരിഷ്‌കരിച്ച'തിനു ശേഷം, 7.42 കോടി വോട്ടര്‍മാരാണ് ഇപ്പോഴത്തേതിലുള്ളത്.
വോട്ട് നിഷേധിക്കപ്പെട്ടവരുടെ എണ്ണം 47 ലക്ഷമായി കുറഞ്ഞു. ഈ ലിസ്റ്റ് സുപ്രീംകോടതിയില്‍ ഇന്നേവരെ കമ്മീഷന്‍ സമര്‍പ്പിച്ചിട്ടുമില്ല. അതില്‍ മരിച്ചവരും സ്ഥലത്തില്ലാത്തവരുമൊക്കെ എത്രയെന്ന് ഇനിയാരും അറിയാനും പോകുന്നില്ല. മാത്രവുമല്ല 21.53 ലക്ഷം പുതിയ വോട്ടര്‍മാരെ ചേര്‍ക്കുകയും ചെയ്തു.
ഇവരില്‍ പലരും അന്യ സംസ്ഥാനങ്ങളില്‍ നിന്നുള്ള ബി ജെ പിയുടെ 'വോട്ടു തൊഴിലാളി'കളാണെന്ന സംശയം നിലനില്‍ക്കുന്നുണ്ട്. കമ്മീഷന്‍ നിശ്ചയിച്ച രേഖകള്‍ പ്രകാരം പുതുതായി വോട്ടു ചേര്‍ക്കാന്‍ 16.93 ലക്ഷം അപേക്ഷകള്‍ മാത്രമാണ് ബിഹാറില്‍ ലഭിച്ചതെന്നാണ് ഇന്ത്യന്‍ എക്സ്പ്രസ് പത്രത്തിന്റെ റിപ്പോര്‍ട്ട്. അപ്പോള്‍ ബാക്കിയുള്ള 4.6 ലക്ഷം വോട്ടര്‍മാരെ ആരാണ് പട്ടികയില്‍ തിരുകിക്കയറ്റിയത്? ഈ വോട്ടുകളെ മാത്രം മണ്ഡലം തിരിച്ച് വീതിച്ചാല്‍ ശരാശരി 1900 വോട്ടുകള്‍ ഓരോ മണ്ഡലത്തിലും അധികമാവുന്നുണ്ട്.
ദല്‍ഹിയില്‍ വോട്ട് ചെയ്ത ബി ജെ പിയുടെ നേതാക്കള്‍ പോലും പരിഷ്‌കരിച്ചുവെന്ന് കമ്മീഷന്‍ അവകാശപ്പെടുന്ന ബിഹാറിലെ പരിഷ്‌കരിച്ച പട്ടികയിലുണ്ട്. അതായത് വിജയം ഉറപ്പു വരുത്തുന്നതിന് ബി ജെ പി നിശ്ചയിച്ച നിശ്ചിത എണ്ണം വോട്ടുകള്‍ വെട്ടിക്കളഞ്ഞായാലും കൂട്ടിച്ചേര്‍ത്തുകൊണ്ടായാലും ബിഹാറില്‍ ഉറപ്പുവരുത്തുക മാത്രമാണ് എസ് ഐ ആര്‍ പ്രക്രിയയുടെ അനന്തരഫലമായി സംഭവിച്ചത്.
ആ വോട്ടുകളെ, മണ്ഡലങ്ങളെ കൃത്യമായി പഠിച്ച് ആവശ്യമുള്ളിടത്ത് മതിയായ തോതില്‍ ഉറപ്പു വരുത്താന്‍ ബി ജെ പിക്ക് ആളും അര്‍ഥവും ഉണ്ടായിരുന്നപ്പോള്‍ മഹാസഖ്യത്തിന് ഈ ഇറക്കുമതി വോട്ടര്‍മാരെ കണ്ടെത്താനുള്ള സമയമോ സാഹചര്യങ്ങളോ സംസ്ഥാനത്ത് ഉണ്ടായിരുന്നില്ല.
ബിഹാറിലെ തെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടര്‍പട്ടികയുടെ തീവ്ര പരിഷ്‌കരണം നടന്നപ്പോള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ബോധപൂര്‍വം നുണ പറഞ്ഞുവെന്നാണ് ഒടുവില്‍ വ്യക്തമാവുന്നത്. വോട്ടര്‍ പട്ടിക പരിഷ്‌കരണം 2003ല്‍ നടന്നിട്ടുണ്ടെന്നും അതിന് ഇപ്പോഴത്തെ അതേ അടിസ്ഥാനങ്ങള്‍ തന്നെയാണ് നിശ്ചയിച്ചിരുന്നതെന്നും കമ്മീഷന്‍ അവകാശപ്പെട്ടിരുന്നു.
എന്യൂമറേഷന്‍ ഫോം പൂരിപ്പിക്കുക എന്ന ഏര്‍പ്പാട് തന്നെ 2003ല്‍ ഉണ്ടായിട്ടില്ലെന്നാണ് വിവരാവകാശ രേഖകള്‍ തെളിയിച്ചത്. പട്ടിക പുതുക്കലിന് ഇപ്പോള്‍ ചെയ്തതു പോലെയുള്ള യുദ്ധകാലാടിസ്ഥാനത്തിലുള്ള അവധിയും നിശ്ചയിച്ചിരുന്നില്ല. വോട്ടവകാശം തെളിയിക്കുന്നതിന് അന്ന് നാല് രേഖകള്‍ മാത്രമാണ് നിശ്ചയിച്ചതെങ്കില്‍ ഇപ്പോള്‍ 11 രേഖകള്‍ ഹാജരാക്കാന്‍ ജനങ്ങള്‍ക്ക് അവസരം നല്‍കിയെന്ന മറ്റൊരു നുണയും കമ്മീഷന്‍ പറഞ്ഞു.
2003ല്‍ ഒരു രേഖയും ആവശ്യമുണ്ടായിരുന്നില്ല എന്നതാണ് വസ്തുത. ഓരോ വീടുകളിലെയും വോട്ടര്‍മാരുടെ വിവരങ്ങള്‍ എന്യൂമറേറ്റര്‍ ചോദിച്ചറിയുകയും കുടുംബനാഥന്‍ അത് ഒപ്പിട്ടുകൊടുക്കുകയും മാത്രമാണ് ചെയ്തത്. 2003ല്‍ പൗരത്വ പരിശോധന പൂര്‍ത്തിയായവരുടെ കാര്യത്തില്‍ ഇത്തവണ ഒരു രേഖയും നല്‍കേണ്ടതില്ലെന്ന കമ്മീഷന്റെ നിലപാടിലും കാപട്യമുണ്ട്. അങ്ങനെയൊരു പൗരത്വ പരിശോധന 2003ല്‍ നടന്നിട്ടേയില്ല.
എന്നല്ല അന്നത്തെ വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിന് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് വോട്ടര്‍മാരുടെ പൗരത്വ പരിശോധന നടത്തേണ്ടതില്ലെന്ന കര്‍ശനമായ വിലക്കും മാര്‍ഗനിര്‍ദേശക തത്വങ്ങളില്‍ ഉണ്ടായിരുന്നു. 2003ലെ വോട്ടര്‍ പട്ടിക പരിഷ്‌കരണവുമായി ബന്ധപ്പെട്ട ഈ രേഖയുടെ പകര്‍പ്പ് പലതവണ ആവശ്യപ്പെട്ടിട്ടും കമ്മീഷന്‍ നല്‍കാത്തതിന്റെ കാരണം എന്തായിരുന്നുവെന്നാണ് മനസ്സിലാക്കേണ്ടത്? ഇപ്പോള്‍ പുറത്തു വന്ന ഈ വിവരങ്ങള്‍ അവര്‍ മൂടിവെക്കാന്‍ ആഗ്രഹിച്ചതുകൊണ്ടു തന്നെയല്ലേ?
2020ല്‍ ബി ജെ പിക്കും ആര്‍ ജെ ഡിക്കുമിടയിലെ വോട്ടിംഗ് ശതമാനത്തിന്റെ വ്യത്യാസം വെറും 0.3 ശതമാനം മാത്രമായിരുന്നു. 123 സീറ്റുകള്‍ എന്‍ ഡി എ സഖ്യവും 110 സീറ്റുകള്‍ മഹാഗഡ്ബന്ധനും കയ്യടക്കി. തല്‍സ്ഥാനത്ത് ഇത്തവണ വോട്ടിംഗ് ശതമാനം ആര്‍ ജെ ഡിക്ക് കൂടുകയും എന്നാല്‍ സീറ്റുകള്‍ ബി ജെ പി സഖ്യം തൂത്തുവാരുകയുമാണ് സംഭവിച്ചത്. അങ്ങനെയൊരു തകര്‍പ്പന്‍ വിജയത്തിന് വഴിയൊരുക്കുന്ന എന്തെങ്കിലും സാഹചര്യം നിതീഷ് കുമാറിന്റെ ഭരണം കാഴ്ച വെച്ചിരുന്നോ?
ദേശീയ നീതി ആയോഗിന്റെ കണക്കുകള്‍ പറയുന്നത് ആരോഗ്യ, വിദ്യാഭ്യാസ, അടിസ്ഥാന സൗകര്യ മേഖലകളില്‍ ഇന്ത്യയിലെ ഏറ്റവും മോശപ്പെട്ട സംസ്ഥാനങ്ങളുടെ കൂട്ടത്തിലാണ് ബിഹാറിന്റെ സ്ഥാനമെന്നാണ്. ബിഹാറിലെ ഗ്രാമങ്ങളില്‍ നിന്നും 50 രൂപ ദിവസക്കൂലിക്ക് ആളുകള്‍ പണിയെടുക്കുന്നതിന്റെയും തൊഴുത്തുകള്‍ പോലെയുള്ള വീടുകളില്‍ അന്തിയുറങ്ങുന്നതിന്റെയും റിപ്പോര്‍ട്ടുകള്‍ എത്രയോ മാധ്യമങ്ങള്‍ പുറത്തു വിട്ടിരുന്നു.
ഇന്ത്യന്‍ ജനാധിപത്യത്തിന്റെ അന്ത്യകൂദാശക്ക് കാര്‍മികത്വം വഹിച്ച 'കമ്മീഷണര്‍'മാരുടെ പേരുകള്‍ അത്ര പെട്ടെന്നൊന്നും രാജ്യം മറക്കാനിടയില്ല.
അഴിമതിയുടെ കാര്യത്തില്‍ സഖ്യകക്ഷിയായ ലോക് ജന്‍ശക്തി പാര്‍ട്ടി തന്നെയും മുഖ്യമന്ത്രി നിതീഷ് കുമാറിനെ കുറ്റപ്പെടുത്തിയിരുന്നു.
രാഹുല്‍ ഗാന്ധിയുടെ പരാജയമായി ദേശീയ മാധ്യമങ്ങളും അവരുടെ ചുവടൊപ്പിച്ച് ചില രാഷ്ട്രീയ വിശാരദന്‍മാര്‍ മലയാളത്തിലും എഴുതിവിടുന്ന സിദ്ധാന്തങ്ങളില്‍ വസ്തുതകളേക്കാളും പലമടങ്ങ് അധികമാണ് അബദ്ധങ്ങളുടെ തോത്.
മഹാസഖ്യത്തിന് സംഭവിച്ചുവെന്ന് പറയപ്പെടുന്ന പാളിച്ചകളെ കുറിച്ച സൈദ്ധാന്തിക വിശകലനങ്ങളൊന്നുമല്ല എന്‍ ഡി എ വിജയത്തിന്റെ യഥാര്‍ഥ കാരണങ്ങള്‍. ജാതി സമവാക്യങ്ങള്‍ പിഴച്ചത് മുതല്‍ വോട്ട് ചോരി ആരോപണം തിരിച്ചടിച്ചത് വരെ 'പ്രബുദ്ധ മലയാളി' ചര്‍ച്ച ചെയ്യുന്നുണ്ട്. 2019ല്‍ ചൗക്കീദാര്‍ ചോര്‍ ഹെ എന്നത് തിരിച്ചടിച്ചു എന്ന ഗോദി മീഡിയാ സിദ്ധാന്തത്തെയാണ് ഇക്കൂട്ടര്‍ അനുസ്മരിപ്പിക്കുന്നത്. വോട്ട് ചോരിയെ കുറിച്ച രാഹുലിന്റെ കണക്കുകളെ പ്രബുദ്ധ മലയാളിയുടെ ഇടതുപക്ഷ മാധ്യമങ്ങള്‍ പോലും ചോദ്യം ചെയ്യുന്നുണ്ട്.
ഈ ആരോപണം തിരിച്ചടിച്ചു എന്ന വാദമുയര്‍ത്തുന്നവര്‍, മറുഭാഗത്ത് കേരളത്തില്‍ കൈരളി ടിവിയടക്കം എത്ര മാധ്യമങ്ങള്‍, ഹിന്ദി ടെലിവിഷന്‍ മാധ്യമങ്ങളില്‍ എത്ര പേര്‍ രാഹുല്‍ ഗാന്ധിയുടെ ഈ വാര്‍ത്താ സമ്മേളനങ്ങള്‍ ലൈവ് ആയി കാണിച്ചവരിലുണ്ട്? ബിഹാറിലെ ഗ്രാമങ്ങളിലും മറ്റും അങ്ങനെയൊരു വിവരം ആരും അറിഞ്ഞിട്ടു പോലുമുണ്ടാവാന്‍ ഇടയില്ല. ആന പറന്ന കൊടുങ്കാറ്റിനിടയില്‍ അമ്മാവന്റെ കോണകം പാറുന്നതിന്റെ ആശങ്കയാണ് ഈ ഇടത് നിരീക്ഷകന്മാരുടേത്.
അടുത്ത അസംബ്ലി തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ കോണ്‍ഗ്രസ് വരാതിരിക്കാനാണ് രാഹുല്‍ ഗാന്ധി ടാര്‍ജറ്റ് ചെയ്യപ്പെടുന്നതെന്ന് മനസ്സിലാക്കാന്‍ അത്ര വലിയ രാഷ്ട്രീയ ബുദ്ധിയുടെ ആവശ്യമൊന്നുമില്ല. എന്നാല്‍ ഇതേ ഇടത് സംഘടനകള്‍ ദേശീയ തലത്തില്‍ രാഹുല്‍ ഗാന്ധിയുടെ പിന്നില്‍ നിന്നാണ് പല സംസ്ഥാനങ്ങളിലും മല്‍സരിക്കുന്നതെന്ന് മാത്രമല്ല ബിഹാറിലടക്കം വോട്ട് ചോരി നടന്നതിനെ കുറിച്ച ആരോപണങ്ങളെ ഏറ്റുപിടിക്കുകയും ചെയ്യുന്നുണ്ട്.
എന്താണ് പാഠം?
ഇന്ത്യന്‍ ജനാധിപത്യത്തിന് എന്താണ് ഈ തെരഞ്ഞെടുപ്പില്‍ നിന്നുള്ള പാഠം എന്ന് ആലോചിക്കുന്നതിന് പകരം കേരളം എന്ന 'ഠ' വട്ടത്തിലെ പെട്ടിക്കോളങ്ങള്‍ ശരിപ്പെടുത്താനുള്ള ആലോചനകളാണ് നടന്നു വരുന്നത്. അതിനകത്ത് സാക്ഷാല്‍ ബി ജെ പിക്ക് തന്നെയും ചെറിയ ഇടങ്ങള്‍ അനുവദിച്ചു കൊടുക്കേണ്ടി വന്നാല്‍ തന്നെയും അതിനേക്കാളും വലിയ പ്രശ്നമായാണ് ഇക്കൂട്ടര്‍ക്ക് രാഹുല്‍ ഗാന്ധി മാറുന്നത്.
മഹാസഖ്യത്തിന്റെ ജാതി സമവാക്യങ്ങള്‍ ശരിയായില്ല എന്ന വിമര്‍ശനവും മറ്റും പൂര്‍ണമായും ശരിവെക്കാന്‍ കഴിയുന്ന ഒന്നല്ല. ബിഹാറിലെ ഏറ്റവും വലിയ ജാതി എന്നു വിളിക്കുന്നത് യാദവരെയാണ്. 15 ശതമാനത്തോളം യാദവരും 18 ശതമാനത്തോളം മുസ്ലിംകളുമാണ് ഈ സംസ്ഥാനത്തുള്ളത്. ഇരുവരും ചേരുന്ന കൂട്ടായ്മയാണ് കഴിഞ്ഞ മൂന്ന് ദശാബ്ദമായി ബിഹാര്‍ രാഷ്ട്രീയത്തില്‍ നിര്‍ണായക ശക്തിയായി ഉയര്‍ന്നു നിന്നത്.
സംസ്ഥാത്തെ വോട്ടുബാങ്കിന്റെ മൂന്നിലൊന്ന് വരുന്ന ഈ കൂട്ടായ്മക്ക് പുറമെ കോണ്‍ഗ്രസിനൊപ്പമുള്ള ഉയര്‍ന്ന ജാതിക്കാരായ ബ്രാഹ്മണരും ഭൂമിഹാറുകളും പിന്നാക്ക- ദലിത് വിഭാഗങ്ങളും വി ഐ പി പാര്‍ട്ടിയോടൊപ്പമുള്ള മഹാദലിതുകളും കുശവാഹ, കൊയേരി വിഭാഗങ്ങളും, അവര്‍ക്കെല്ലാം പുറമെ ബി ജെ പിയില്‍ അസംതൃപ്തരായ വലിയൊരു വിഭാഗം വോട്ടുബാങ്കും കൂടുമ്പോള്‍ തത്വത്തില്‍ സമവാക്യങ്ങള്‍ ഏതോ അര്‍ഥത്തില്‍ ശരിയാവുന്നുണ്ട്.
1990കളിലെ മുസ്ലിം-യാദവ സമവാക്യങ്ങള്‍ സംസ്ഥാനത്ത് മാറിയിട്ടുണ്ടെങ്കില്‍ കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ് വരെയും നിലനിന്ന ഈ രാഷ്ട്രീയ ബന്ധങ്ങള്‍ പൊടുന്നനെ മലവെള്ളപ്പാച്ചിലില്‍ ഒലിച്ചു പോകാന്‍ മാത്രം എന്ത് മഹാല്‍ഭുതമാണ് ആ സംസ്ഥാനത്ത് ഈ ഒന്നര വര്‍ഷത്തിനിടയിലുണ്ടായത്? 2020ല്‍ നിന്നും 2025ലേക്ക് വരുമ്പോള്‍ അതുവരെ വെച്ചടി കരുത്തരായി മാറിക്കൊണ്ടിരുന്ന ഒരു രാഷ്ട്രീയ സമീകരണം പൊടുന്നനെ തകര്‍ന്നടിഞ്ഞതിന് ഒരു കാരണം വേണമല്ലോ. അതെന്താണ്?
ചില തെരഞ്ഞെടുപ്പുകളില്‍ ജനത്തിന് മറ്റൊന്നും വിഷയമല്ലാതാവുന്ന അവസ്ഥ ഉണ്ടാവാറുണ്ട്. വോട്ടെടുപ്പില്‍ തന്നെ അവര്‍ക്ക് വിശ്വാസം നഷ്ടപ്പെടുന്ന സാഹചര്യങ്ങളും ഉണ്ടാവാറുണ്ട്. അത്തരമൊരവസ്ഥയിലേക്ക് എത്തിപ്പെട്ട ജനാധിപത്യത്തെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ മൗനാനുവാദത്തോടെ അട്ടിമറിച്ചതിന്റെ കഥയാണ് 2025ലെ ബിഹാര്‍ അസംബ്ലി തെരഞ്ഞെടുപ്പ് നമ്മോട് പറയുന്നത്. അധികാരം കൊണ്ട് ജനത്തിന് ഒരു നേട്ടവും ഉണ്ടാവാന്‍ പോകുന്നില്ലെന്നും വോട്ടു ചെയ്യാനായി ലഭിക്കുന്ന ആ പതിനായിരം തന്നെയാണ് അടുത്ത അഞ്ചു വര്‍ഷക്കാലത്തെ ഭരണം കൊണ്ട് കിട്ടാന്‍ പോകുന്നതിനേക്കാളും മികച്ചതെന്നും ജനം കരുതുന്നിടത്ത് രാഷ്ട്രീയ സമവാക്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് എന്തര്‍ഥമാണുള്ളത്?
അങ്ങനെയൊരു പതിനായിരം രൂപ ഇന്ത്യാ ചരിത്രത്തില്‍ മുമ്പെപ്പോഴെങ്കിലും തെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്ന ഏതെങ്കിലുമൊരു സംസ്ഥാനത്ത് വിതരണം ചെയ്യപ്പെട്ടിട്ടുണ്ടോ? ഇല്ല. പക്ഷേ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആ പതിനായിരം നിയമാനുസൃതമാണെന്ന് സമ്മതിച്ചു കൊടുത്തു. സ്വാഭാവികമായും സ്ത്രീകളുടെ വോട്ടിംഗ് ശതമാനത്തില്‍ വന്‍ തോതിലാണ് വര്‍ധനവ് ഉണ്ടായത്.
ഓരോ മണ്ഡലത്തിലും ശരാശരി 1.04 ലക്ഷം സ്ത്രീ വോട്ടര്‍മാര്‍ മുന്‍കാല തെരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് അധികമായി വോട്ടു ചെയ്തുവെന്നാണ് കണക്കുകള്‍. ബി ജെ പിയുടെ തേരോട്ടത്തിനിടയില്‍ കിടന്ന് ചക്രശ്വാസം വലിച്ചു കൊണ്ടിരുന്ന നിതീഷ് കുമാറിന്റെ ജെ ഡി യുവിന് പാര്‍ട്ടിയുടെ ചരിത്രത്തില്‍ ഏറ്റവുമധികം സീറ്റുകള്‍ കൈപ്പിടിയിലൊതുക്കാനായതിന് ഒരേയൊരു കാരണം ഈ പതിനായിരം രൂപയായിരുന്നു.
തകര്‍ന്നടിയുമായിരുന്ന ബി ജെ പിയെ എസ് ഐ ആറിന്റെ മുട്ടു കൊടുത്തും പതിനായിരം രൂപയുടെ വളമിട്ടും രക്ഷിച്ചെടുത്തത് ആരാണെന്ന് പൊതുജനം കാണുന്നുണ്ട്. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ അന്ത്യകൂദാശക്ക് കാര്‍മികത്വം വഹിച്ച ആ 'കമ്മീഷണര്‍'മാരുടെ പേരുകള്‍ അത്ര പെട്ടെന്നൊന്നും ഇന്ത്യമറക്കാനിടയില്ല.
