മലയാള പത്രപ്രവര്‍ത്തനത്തില്‍ മുസ്‌ലിം സമാജം ആവിഷ്‌കരിച്ചത്


അതാത് കാലത്തെ സാധ്യതയില്‍ നിന്നു പുതിയ ജ്ഞാനലോകങ്ങള്‍ വിരിയിച്ചെടുക്കാനും പുതിയ കാലത്തേക്കു വേണ്ടത്രയും സമാഹരിക്കാനും പരിശ്രമിച്ചവരാണ് മുസ്‌ലിംകള്‍.

ഴുത്തിനും ജ്ഞാനവിനിമയങ്ങള്‍ക്കും ഏറെ പ്രാമുഖ്യം പ്രഘോഷിച്ച ചരിത്രമാണ് ഇസ്‌ലാമിനുള്ളത്. അറിവിലൂടെ പ്രബുദ്ധരാകണമെന്നാണ് തന്റെ അനുചരന്മാരോട് പ്രവാചകന്റെ ആഹ്വാനം. അതുകൊണ്ടുതന്നെ അതത് കാലത്തെ സാധ്യതയില്‍ നിന്നു പുതിയ ജ്ഞാനലോകങ്ങള്‍ വിരിയിച്ചെടുക്കാനും പുതിയ സങ്കേതങ്ങള്‍ ഉപജീവിച്ചുവരാനുള്ള കാലത്തേക്കു വേണ്ടതത്രയും സമാഹരിച്ച് സൂക്ഷിച്ചുവയ്ക്കാനും പരിശ്രമിച്ചവരാണ് മുസ്‌ലിംകള്‍.

പ്രവാചകകാലത്തെ വിശ്വാസികള്‍ തന്നെ ഈ മേഖലയില്‍ ഉത്സാഹത്തോടെ അധ്വാനിച്ചത് ചരിത്രത്തില്‍ കണ്ടെത്താം. അതിന്റെ സൂക്ഷ്മസാക്ഷ്യമാണ് വിശുദ്ധ ഖുര്‍ആനിന്റെയും പ്രവാചക ജീവിതത്തിന്റെയും അനുബന്ധമാര്‍ന്ന നിരവധി ജ്ഞാനശാസ്ത്രങ്ങളുടെ സമൃദ്ധ ശേഖരം. ഇസ്‌ലാമും ഇസ്‌ലാമിക ചിന്തയും എവിടെയൊക്കെ പ്രഭാവം അറിയിച്ചോ അവിടെയൊക്കെയും വ്യാപകമായ ജ്ഞാനവിപുലന വികാസങ്ങള്‍ സംഭവിച്ചിട്ടുണ്ട്.

അതിനു മതം, അമതം എന്ന ദ്വന്ദ്വമേ ഉണ്ടായിരുന്നില്ല. എല്ലിലും കല്ലിലും പനയോലത്താളുകളിലുമായി അവര്‍ അറിവനുഭവങ്ങളുടെ സാഫല്യങ്ങള്‍ നനുപ്പോടെ സംരക്ഷിച്ചു. അതിന്റെ വായനയും പുനര്‍വായനയും അനുശീലിച്ച് വിശ്വാസിസമൂഹം അവരുടെ സാമൂഹികജീവിതത്തെ നാഗരികമായും സാംസ്‌കാരികമായും നിരന്തരം പുഷ്‌കലമാക്കി.

ഒരു പുരാതന ഗുഹ ചിത്രം

ലോകത്ത് എവിടെയും എന്നപോലെ ഇതേ വൈജ്ഞാനിക നിഷ്ഠ പുലര്‍ത്തിയവരാണ് കേരളീയ മുസ്‌ലിംകളും. പക്ഷേ, കേരളീയ മുസ്‌ലിം സമാജം ഭീതിദമായ ജീവിതാവസ്ഥയിലൂടെയാണ് കഴിഞ്ഞ നൂറ്റാണ്ടുകളിലൊക്കെയും നിരന്തരം കടന്നുപോയത്. ഇന്നും അതിന് ഒട്ടും വ്യത്യാസമില്ല. എന്നല്ല, അന്തരീക്ഷം കാണെക്കാണെ ഇരുണ്ടിരുണ്ടു വരികയുമാണ്.

15-ാം നൂറ്റാണ്ടിന്റെ അന്ത്യത്തോടെ കുരിശുയുദ്ധപ്രോക്തരായ പാശ്ചാത്യന്‍ അധിനിവേശം മലബാറിന്റെ ഹരിതപുളിനങ്ങളെ മാന്തിക്കുടഞ്ഞുതുടങ്ങി. അതോടെ അസ്വാതന്ത്ര്യത്തിനെതിരെയുള്ള മനുഷ്യ സ്വാതന്ത്ര്യ പ്രസ്ഥാനങ്ങള്‍ മുന്നോട്ടു കൊണ്ടുപോകേണ്ട വലിയ ബാധ്യത ഏറ്റെടുക്കേണ്ടിവന്ന ഒരു സമൂഹമാണ് മുസ്‌ലിംകളുടേത്. ഈ സ്വാതന്ത്ര്യ പ്രസ്ഥാന പ്രവര്‍ത്തനം നൂറ്റാണ്ടുകള്‍ വകഞ്ഞ് 1947 വരെ അവര്‍ക്ക് തുടരേണ്ടിയും വന്നു.

അപ്പോഴും ഈ ജനത അവരുടെ ജ്ഞാനലോകങ്ങളെയും സര്‍ഗാത്മക ആവിഷ്‌കാരങ്ങളെയും ആവുംവിധം കാത്തു പോറ്റി. സ്വന്തമായി തന്നെ ഒരു വിനിമയ ഭാഷാസങ്കേതം അവര്‍ വികസിപ്പിച്ചു, അറബിമലയാളം. അതില്‍ നടത്തിയ രചനകളുടെയും പാട്ടുപാഠങ്ങളുടെയും എഴുത്തുപ്രതികള്‍ തയ്യാറാക്കി അവര്‍ വ്യാപകമായിത്തന്നെ പ്രചരിപ്പിക്കുകയും സംരക്ഷിക്കുകയും ചെയ്തു.

ഇതിനായി കൈയെഴുത്ത് തൊഴിലാളികളുടെ ഒരു വിദഗ്ധ സംഘത്തെ തന്നെ വളര്‍ത്തിയെടുത്തു. ഇവര്‍ 'കാത്തിബീങ്ങള്‍' എന്നാണ് അറിയപ്പെട്ടത്. പകര്‍ത്തിയെഴുത്ത് ഉപജീവനമായി സ്വീകരിച്ച നിരവധി കാത്തിബീങ്ങള്‍ അക്കാലത്ത് നമ്മുടെ നാടുകളില്‍ ഉണ്ടായിരുന്നു. ജര്‍മനിയില്‍ വിജയിച്ച ഗുട്ടന്‍ബര്‍ഗ് വിപ്ലവം കേരളത്തിലേക്ക് പ്രഭാവമറിയിക്കുന്നതുവരെയും ഇതുതന്നെയായിരുന്നു നമ്മുടെ സ്ഥിതി.

ഇത്രയും ചെറിയൊരു ദേശത്ത് ജ്ഞാനശേഖരണത്തിനും വിതരണത്തിനും ഇങ്ങനെ വിപുലമായ സന്നാഹം കേരളത്തിലേതുപോലെ സാന്ദ്രതയില്‍ മറ്റെവിടെയെങ്കിലും ഉണ്ടായിരുന്നോ എന്നത് സംശയമാണ്. 15-ാം നൂറ്റാണ്ടിന്റെ മധ്യത്തോടെ ജര്‍മനിയില്‍ ഗുട്ടന്‍ബര്‍ഗ് അച്ചടിയന്ത്രം കണ്ടുപിടിച്ചുവെങ്കിലും ഇതിന്റെ സൗഭാഗ്യസൗകര്യങ്ങള്‍ മലയാളത്തിലേക്ക് സാധ്യമായത് 1847ലാണ്.

1847 ജൂണിലെ ഒരു പെരുമഴക്കാലത്താണ് തലശ്ശേരിക്കടുത്ത നെട്ടൂരിലെ ഇല്ലിക്കുന്ന് ബാസല്‍ മിഷന്‍ ബംഗ്ലാവിലെ പുറംകോലായില്‍ മലയാളത്തിലെ ആദ്യത്തെ അച്ചടിപത്രം പ്രസാധിതമായത്. 'രാജ്യസമാചാരം.' സുവിശേഷ പ്രചാരണവും അപ്പോസ്തലിക പാഠങ്ങളുടെ പ്രക്ഷേപണവും മാത്രമായിരുന്നു ഇതില്‍ ഉണ്ടായിരുന്നത്. അതു മാത്രമായിരുന്നു സ്ഥാപകനായ ഹെര്‍മന്‍ ഗുണ്ടര്‍ട്ടിന്റെ ലക്ഷ്യവും. അയാള്‍ പ്രേഷിതപ്രവൃത്തികള്‍ക്കാണല്ലോ ഇവിടെ എത്തിയത്.

ദേശീയ വിമോചന പ്രസ്ഥാനം മുസ്‌ലിം ജനതയുടെ ആഭിമുഖ്യത്തില്‍ സാമാന്യം തീക്ഷ്ണമായി തന്നെ മലബാറിലെങ്ങും മുന്നോട്ടുപോകുന്ന സംഘര്‍ഷ തീക്കാലമായിട്ടും ആവുംവിധം മുസ്‌ലിം ജനത തങ്ങളുടെ എഴുത്തും അച്ചടിയും പ്രസാധനസന്നാഹവുമായി ഉല്‍സാഹത്തോടെ മുന്നോട്ടുപോയി. അറബിമലയാളമാണല്ലോ അന്നത്തെ മുസ്‌ലിം മാനക വ്യവഹാരഭാഷ.

അനേകം പ്രാദേശിക മലയാള ഭാഷാഭേദങ്ങള്‍ നിലനില്‍ക്കുന്നതില്‍ നിന്നു പൊതുമാനക മലയാളം ഉറന്നെത്തി പൊതുസ്വീകാര്യത നേടിയ കാലവുമല്ല അത്. അതുകൊണ്ട് അറബിമലയാളം തന്നെയാണ് അക്കാലത്തെ മുസ്‌ലിംകള്‍ എഴുത്തിനും വാങ്മയങ്ങള്‍ക്കുമായി ഉപയോഗിച്ചിരുന്നതും. സ്വാഭാവികമായും അച്ചടിപ്രക്രിയയിലും അവര്‍ ഉപയോഗിച്ചത് അറബിമലയാളം തന്നെ. അക്കാലത്തെ മുസ്‌ലിം പുരുഷന്മാരും സ്ത്രീകളും അറബിമലയാളത്തില്‍ സമ്പൂര്‍ണ സാക്ഷരരായിരുന്നു. അതും ഒരു കാരണമായിരിക്കും.

മുസ്‌ലിം മുന്‍കൈയില്‍ ആദ്യമായി അച്ചടിയില്‍ പ്രസാധിതമായത് 'ഹിദായത്തുല്‍ ഇഖ്‌വാന്‍' മാസികയാണെന്ന് രേഖപ്പെടുത്തുന്നത് 'അല്‍മുര്‍ഷിദ്' മാസികയില്‍ കെ എം മൗലവിയാണ്. മമ്പുറം അലവി തങ്ങളുടെ വംശപരമ്പരയിലെ സയ്യിദ് അബ്ദുല്ല കോയ തങ്ങള്‍ ആയിരുന്നു ഇത് പ്രസിദ്ധപ്പെടുത്തിയത്. തിരൂരങ്ങാടിയിലെ ചാലിലകത്ത് അഹ്മദിന്റെ ആമിറുല്‍ ഇസ്‌ലാം ലിത്തോ പ്രസ്സില്‍ നിന്നായിരുന്നു ഇത് മുദ്രണം ചെയ്തിരുന്നത്.

അപ്പോഴേക്കും മുസ്‌ലിം ജനത അച്ചടിവിദ്യയുടെ നൂതന സങ്കേതങ്ങള്‍ പഠിച്ചറിയുകയും അതില്‍ വിജയകരമായി പരീക്ഷണങ്ങള്‍ നടത്തുകയും ചെയ്തുകഴിഞ്ഞിരുന്നു. മൂന്നു വര്‍ഷത്തോളം 'ഹിദായത്തുല്‍ ഇഖ്‌വാന്‍' മാസിക വായനക്കാരില്‍ സജീവമായി നിലനിന്നു. മുസ്‌ലിം ജനസാമാന്യത്തില്‍ മതവിജ്ഞാനം വളര്‍ത്തുകയായിരുന്നു ഈ പ്രസാധനം കൊണ്ട് പത്രാധിപര്‍ ലക്ഷ്യമാക്കിയിരുന്നത്. ഹിദായത്തിന്റെ പ്രസാധനകാലവും അതിലെ ദത്താവിഷ്‌കാര മാതിരികളുമൊന്നും കൃത്യമാവുന്ന ഒരു രേഖകളുമില്ല. 19-ാം നൂറ്റാണ്ടിന്റെ അവസാനത്തിലെപ്പോഴോ ആവാനാണ് സാധ്യത.

ആലപ്പുഴയിലെ വിശ്രുത പണ്ഡിതനും എഴുത്തുകാരനും നവോത്ഥാന പ്രവര്‍ത്തകനുമായിരുന്ന സുലൈമാന്‍ മൗലവി നാട്ടില്‍ ഒരു ലിത്തോ പ്രസ്സ് സ്ഥാപിച്ചു. ആ പ്രസ്സില്‍ നിന്നും അറബിമലയാളത്തില്‍ ഒരു പുതിയ വാരിക പ്രസിദ്ധീകരിക്കപ്പെടുകയുണ്ടായി. അതാണ് 'മണിവിളക്ക്.' 1899ല്‍ പുറത്തിറങ്ങിയ 'മണിവിളക്ക്' മൂന്നു വര്‍ഷത്തോളം മുടങ്ങാതെ വായനക്കാരിലേക്കെത്തി.

കേരളത്തിലെ ആദ്യ മുസ്‌ലിം വനിതാ മാസികയായിരുന്നു കെ സി കോമുക്കുട്ടി മൗലവിയുടെ പത്രാധിപത്യത്തില്‍ 1929ല്‍ പ്രസിദ്ധീകരണം തുടങ്ങിയ 'നിസാഉല്‍ ഇസ്‌ലാം.'

ശുദ്ധമലയാളത്തിലാണ് തന്റെ വാരികയ്ക്ക് മൗലവി പേരിട്ടത് എന്നതും വിസ്മയമാണ്. 'മണിവിളക്കി'ല്‍ സ്ഥിരമായി എഴുതിയിരുന്നത് മക്തി തങ്ങളും വക്കം മൗലവിയും ഹമദാനി തങ്ങളും ഒക്കെ ഉള്‍ക്കൊള്ളുന്ന അക്കാലത്തെ മഹാന്മാര്‍ തന്നെയായിരുന്നു. കൊച്ചിയില്‍ നിന്നു സനാഉല്ലാ മക്തി തങ്ങള്‍ 1894ല്‍ പ്രസിദ്ധീകരിച്ച അറബിമലയാള പാക്ഷികമായിരുന്നു മറ്റൊന്ന്, 'തുഹ്ഫതുല്‍ അഖ്‌യാര്‍ വ ഹിദായത്തുല്‍ അശ്‌റാര്‍.' വലിയ നവോത്ഥാന സുവിശേഷങ്ങള്‍ മുന്നോട്ടുവെച്ചിരുന്ന ഈ പാക്ഷികത്തിന്റെ ആധാരവാക്യം’തന്നെ ഒരു പ്രഖ്യാത പാട്ടുശകലമായിരുന്നു:

അടുക്കള വിട്ടുപോയില്ല
അറിവുള്ളോരെ കണ്ടില്ല
കിതാബൊന്നും പഠിച്ചില്ല
ഫത്‌വക്കൊന്നും മുട്ടില്ല.

ഇതായിരുന്നു ആ ഈരടി. ഒരു വര്‍ഷത്തോളമേ ഈ പ്രസിദ്ധീകരണം നിലനിന്നുള്ളൂവെങ്കിലും അത് മുസ്‌ലിം വായനാസമൂഹത്തില്‍ സൃഷ്ടിച്ച സാംസ്‌കാരിക നവോത്ഥാനം അപാരമായിരുന്നു.

ഈദൃശ മണ്ഡലത്തില്‍ വികസിച്ചുവന്ന മറ്റൊരു വലിയ പ്രസാധന സംരംഭം തിരൂരിലെ സി സെയ്താലിക്കുട്ടിയുടെ 'സലാഹുല്‍ ഇഖ്‌വാന്‍' എന്ന പത്രപ്രസാധനമായിരുന്നു. സി സൈതാലിക്കുട്ടി അടക്കം ആറു പേര്‍ ചേര്‍ന്ന് ഒരു കമ്പനി രൂപീകരിച്ച് രജിസ്റ്റര്‍ ചെയ്താണ് പത്രം തുടങ്ങിയത്. ഒരു മാസത്തില്‍ രണ്ടും മൂന്നും ലക്കങ്ങള്‍ വീതം പ്രസിദ്ധീകരിച്ചുവന്ന ഈ പത്രം എട്ടു വര്‍ഷത്തോളം മുടങ്ങാതെ നിലനിന്നു.

ആമിനുമ്മാന്റകത്ത് പരീക്കുട്ടി മുസ്‌ലിയാര്‍, സനാഉല്ലാ മക്തി തങ്ങള്‍ അടക്കം നിരവധി പ്രഗല്‍ഭര്‍ എഴുതിയിരുന്ന 'സലാഹുല്‍ ഇഖ്‌വാന്‍' മുസ്‌ലിം ജനതയില്‍ ശാസ്ത്രചിന്തയും മതനവീകരണ ബോധ്യങ്ങളും വളര്‍ത്താന്‍ നിരന്തരം പരിശ്രമിച്ചു. 'സലാഹുല്‍ ഇഖ്‌വാന്‍' പത്രവും അറബിമലയാളത്തില്‍ തന്നെയായിരുന്നു.

സി സെയ്താലിക്കുട്ടി 1909ല്‍ അറബിമലയാളത്തില്‍ മറ്റൊരു വാരികയും പ്രസിദ്ധീകരിച്ചിരുന്നു. അതാണ് 'റഫീഖുല്‍ ഇസ്‌ലാം.' മൗലാനാ ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജി, ചാലിലകത്ത് അബ്ദുല്ല മുസ്‌ലിയാര്‍ തുടങ്ങിയ അക്കാലത്തെ പ്രഗല്‍ഭര്‍ 'റഫീഖുല്‍ ഇസ്‌ലാമി'ല്‍ നിരന്തരം ലേഖനങ്ങള്‍ എഴുതാറുണ്ടായിരുന്നു.

അറബിമലയാളത്തില്‍ ഇറങ്ങിയ മറ്റൊരു പ്രസിദ്ധീകരണമാണ് 'അല്‍ഇസ്‌ലാം' മാസിക. 1917ല്‍ കായിക്കരയില്‍ നിന്നു വക്കം അബ്ദുല്‍ ഖാദര്‍ മൗലവിയുടെ പത്രാധിപത്യത്തിലാണ് 'അല്‍ഇസ്‌ലാം' മാസിക പുറത്തിറങ്ങിയത്. 'അല്‍ഇസ്‌ലാമി'ലൂടെയാണ് സൂറഃ ഫാത്തിഹയുടെ അര്‍ഥവും വ്യാഖ്യാനവും മൗലവി പ്രസിദ്ധീകരിച്ചത്. ഖുര്‍ആനിന്റെ മലയാള പരിഭാഷയും വിശദീകരണവും കേട്ട് മലയാളി മുസ്‌ലിം അക്കാലത്ത് ഏറെ പുളകിതനായി.

വക്കം അബ്ദുല്‍ ഖാദര്‍ മൗലവി

സ്ത്രീവിദ്യാഭ്യാസത്തെക്കുറിച്ച് ഇതില്‍ നിരവധി പ്രൗഢലേഖനങ്ങള്‍ വന്നിരുന്നു. കൊടുങ്ങല്ലൂരിലെ എറിയാട് കേന്ദ്രമായി മുസ്‌ലിം സമൂഹത്തില്‍ രൂപപ്പെട്ട നവോത്ഥാന സംരംഭങ്ങളുടെ ഭാഗമായി 1923ല്‍ എറിയാട് നിന്നു കെ എം മൗലവിയുടെ പത്രാധിപത്യത്തില്‍ പുറത്തിറങ്ങിയ അറബിമലയാള മാസികയാണ് 'അല്‍ഇര്‍ഷാദ്.' 'അല്‍ഇര്‍ഷാദി'ന്റെ 14 ലക്കങ്ങള്‍ മാത്രമേ പുറത്തിറക്കാന്‍ മൗലവിക്കും സംഘത്തിനുമായുള്ളൂ.

എങ്കിലും ഈ പ്രസാധനസംരംഭം മുന്നോട്ടുവെച്ച ആലോചനകളും നവോത്ഥാന സ്ഫുലിംഗങ്ങളും മഹത്തരമായിരുന്നു. ഇതേ ലക്ഷ്യത്തോടെ 1928 മുതല്‍ കൊടുങ്ങല്ലൂരില്‍ നിന്നു ഇ മൊയ്തു മൗലവിയുടെ പത്രാധിപത്യത്തില്‍ 'അല്‍ഇസ്‌ലാഹ്' എന്നൊരു വാരികയും പ്രസിദ്ധീകരിക്കപ്പെടുകയുണ്ടായി. ഇ കെ മൗലവിയെയും കെ എം മൗലവിയെയും പോലുള്ള അക്കാലത്തെ ജനകീയ പണ്ഡിതന്മാര്‍ വാരികയില്‍ സ്ഥിരമായി എഴുതാറുണ്ടായിരുന്നു.

കെ എം മൗലവി

മലപ്പുറം ഇരിമ്പിളിയത്തെ ഹൈദര്‍ വൈദ്യര്‍ 1929ല്‍ നാട്ടില്‍ ഹൈദരിയ്യ എന്നൊരു അച്ചുകൂടം സ്ഥാപിച്ചിരുന്നു. ഈ പ്രസ്സില്‍ നിന്ന് അദ്ദേഹത്തിന്റെ മേല്‍നോട്ടത്തില്‍ രണ്ടു മാസികകള്‍ പുറത്തുവന്നിരുന്നു. 1929ല്‍ ഇദ്ദേഹത്തിന്റെ മേല്‍നോട്ടത്തില്‍ ഇറങ്ങിയ 'അല്‍ഹിദായ' മാസികയുടെ പ്രഥമ ലക്കത്തില്‍ തന്നെ എം സി സി അബ്ദുറഹ്മാന്‍ മൗലവിയെപ്പോലുള്ളവരുടെ ലേഖനങ്ങള്‍ ഉണ്ടായിരുന്നു.

കെ സി കോമുക്കുട്ടി മൗലവിയുടെ പത്രാധിപത്യത്തില്‍ ഇതേ അച്ചുകൂടത്തില്‍ നിന്നു പുറത്തുവന്നിരുന്ന വനിതാ മാസികയായിരുന്നു 'നിസാഉല്‍ ഇസ്‌ലാം.' ഇതും 1929ല്‍ തന്നെയാണ് പ്രസിദ്ധീകരണം തുടങ്ങിയത്. കേരളത്തിലെ ആദ്യത്തെ മുസ്‌ലിം വനിതാ മാസികയായിരുന്നു 'നിസാഉല്‍ ഇസ്‌ലാം.'

(അവസാനിച്ചിട്ടില്ല)