എന്താണ് വഹാബിയ്യത്ത്, ആരാണ് വഹാബികള്‍ എന്ന് അറിവില്ലാത്ത സാമാന്യ മുസ്‌ലിംകള്‍ പരസ്പരം തെറ്റിദ്ധരിക്കാന്‍ ആരോപണങ്ങള്‍ വഴിയൊരുക്കി.
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ പ്രവര്‍ത്തനങ്ങള്‍ അതിന്റെ പ്രാരംഭ ദശയില്‍ തന്നെ മുസ്‌ലിംകള്‍ക്കിടയിലുള്ള ഭിന്നിപ്പിനും വിദ്വേഷ പ്രചാരണത്തിനുമാണ് ആക്കം കൂട്ടിയത്. മുസ്‌ലിംകളില്‍പ്പെട്ട ഒരു വിഭാഗത്തോട് സലാം പറയാനോ അവര്‍ സലാം പറഞ്ഞാല്‍ മടക്കാനോ പാടില്ലെന്ന് കണിശമായി പഠിപ്പിക്കപ്പെട്ടതിന്റെ കാരണം അവര്‍ വഹാബികളാണെന്നത് മാത്രമായിരുന്നു.
എന്താണ് വഹാബിയ്യത്ത്, ആരാണ് വഹാബികള്‍ എന്ന് കൃത്യമായി അറിവില്ലാത്ത സാമാന്യ മുസ്‌ലിംകള്‍ പരസ്പരം തെറ്റിദ്ധരിക്കാനും വിരോധം ഉള്ളിലൊതുക്കി ജീവിക്കുന്നതിനും ഇത് വഴിയൊരുക്കി. ഇസ്‌ലാമില്‍ നിന്ന് ബഹുദൂരം വഴിപിഴച്ചുപോയ വഹാബികള്‍ ഇസ്‌ലാമിന്റെയും മുസ്‌ലിംകളുടെയും ശത്രുക്കളായതിനാല്‍ അവരുമായി യാതൊരു നിലയ്ക്കുള്ള ബന്ധവും പാടില്ലെന്നു വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടു.
ഈ പ്രചാരണത്തിന് അടിസ്ഥാനമുണ്ടോ എന്ന് ആരും പരിശോധിച്ചില്ല. 18-ാം നൂറ്റാണ്ടില്‍ സുഊദി അറേബ്യയില്‍ മുഹമ്മദുബ്‌നു അബ്ദുല്‍ വഹാബ് ആരംഭിച്ച ഇസ്‌ലാമിക സമുദ്ധാരണ യജ്ഞത്തെയാണ് 'വഹാബി പ്രസ്ഥാനം' എന്ന് സമസ്തക്കാര്‍ പറഞ്ഞുവന്നത്.
ഖുര്‍ആനും ഹദീസും അടിസ്ഥാനമാക്കി ഇസ്‌ലാമിന്റെ യഥാര്‍ഥ വിശ്വാസവും ആചാരവും മുറുകെപ്പിടിച്ച് ജീവിക്കാന്‍ മുസ്‌ലിംകളെ ബോധവത്കരിക്കുകയാണ് ഈ പ്രസ്ഥാനത്തിന്റെ ലക്ഷ്യം. സാമൂഹിക വിപ്ലവം എന്ന അര്‍ഥത്തില്‍ വിലയിരുത്താവുന്ന ഈ പരിവര്‍ത്തനത്തിന് വഹാബിയ്യത്ത് എന്ന് പേരിട്ടത് ഇസ്‌ലാമിന്റെ ശത്രുക്കളായിരുന്നു.
കേരള ജംഇയ്യത്തുല്‍ ഉലമയോ ആ സംഘടനയുടെ നേതാക്കളോ തങ്ങള്‍ വഹാബികളാണെന്ന് എവിടെയും സ്വയം പരിചയപ്പെടുത്തിയിട്ടില്ല. പക്ഷേ, വിദ്വേഷ പ്രചാരണത്തിന്റെ ഭാഗമായി തല്‍പരകക്ഷികള്‍ ഇസ്‌ലാമിന്റെ ശത്രുക്കളുടെ ആക്ഷേപത്തെ അതേപടി ഏറ്റുപിടിച്ച് മുസ്‌ലിംകള്‍ക്കിടയില്‍ തെറ്റിദ്ധാരണ പടര്‍ത്തി കേരള ജംഇയ്യത്തുല്‍ ഉലമ ഉള്‍ക്കൊള്ളുന്ന വിഭാഗത്തെ ശത്രുപക്ഷത്ത് പ്രതിഷ്ഠിക്കുകയായിരുന്നു.
ബ്രിട്ടീഷുകാരുടെ മേല്‍ക്കോയ്മയുടെ കീഴിലായിരുന്നു മിക്ക മുസ്‌ലിം രാഷ്ട്രങ്ങളും. പ്രത്യേകിച്ച് തുര്‍ക്കി. മുസ്‌ലിം ഭൂരിപക്ഷമുള്ള നാടായിരുന്നെങ്കിലും ബ്രിട്ടീഷുകാരുടെ ആസൂത്രിത പ്രവര്‍ത്തനങ്ങളുടെ ഫലമായി അവര്‍ ഇസ്‌ലാമില്‍ നിന്ന് ബഹുദൂരം അകന്നുപോയി. ഇസ്‌ലാമിക ആചാരങ്ങളൊക്കെ വികലമാക്കുന്നതിന്റെ ഭാഗമായി ബാങ്ക് അടക്കമുള്ള കാര്യങ്ങളെല്ലാം തുര്‍ക്കി ഭാഷയിലാക്കണമെന്നതായിരുന്നു അവരുടെ ആവശ്യം.
തെറ്റിദ്ധാരണയുടെ പുകപടലങ്ങള്‍ സൃഷ്ടിച്ച് സത്യത്തെ തമസ്‌കരിക്കാനുള്ള ആസൂത്രിത നീക്കങ്ങള്‍ തന്നെയായിരുന്നു സമസ്ത നേതാക്കളിലും കണ്ടത
മുസ്‌ലിം ഖലീഫമാരുടെ പരമ്പര പരിശോധിക്കുമ്പോള്‍ അതിന്റെ അവസാനത്തെ കണ്ണി എത്തിച്ചേരുന്നത് തുര്‍ക്കി ഖലീഫയിലാണ്. ഖലീഫാപദവി എടുത്തുകളയുന്ന നടപടിക്ക് നേതൃത്വം കൊടുത്തത് ബ്രിട്ടീഷുകാരായിരുന്നു. ഇക്കാരണത്താലാണ് ബ്രിട്ടീഷുകാരില്‍ നിന്നുള്ള സ്വാതന്ത്ര്യസമര പോരാട്ടത്തില്‍ അവിസ്മരണീയ അധ്യായമായി എഴുതിച്ചേര്‍ക്കപ്പെട്ടത്.
ഒരു മുസ്‌ലിം ഖലീഫ എന്ന നാമമാത്ര വിശേഷണം പോലും നമ്മുടെ രാജ്യെത്ത മുസ്‌ലിംകളുടെ അന്തസ്സാര്‍ന്ന ഭാവിയുടെ അടയാളമായി കെ ജെ യുവിന്റെ നേതൃത്വത്തിലുള്ള നേതാക്കള്‍ മനസ്സിലാക്കിയതുകൊണ്ടാണ് ബ്രിട്ടീഷുകാരോടുള്ള സമര പോരാട്ട ചരിത്രത്തില്‍ ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ ഭാഗമായി അവരും പങ്കാളികളായത്.
തുര്‍ക്കിയുടെ മേല്‍ക്കോയ്മയിലായിരുന്ന അറബ് ഗോത്രങ്ങളില്‍ ഭരണം നടത്തിയിരുന്നത് ഗോത്രവര്‍ഗങ്ങളായിരുന്നു. ഇസ്‌ലാം വിരോധിച്ച ശിര്‍ക്കും മറ്റ് അനാചാരങ്ങളും ആ നാടുകളില്‍ തിരിച്ചുവരാന്‍ തുടങ്ങി. മുസ്‌ലിംകളെ ഭിന്നിപ്പിക്കുക എന്ന ഗൂഢലക്ഷ്യമായിരുന്നു അവര്‍ക്ക് ഉണ്ടായിരുന്നത്. അതിനു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ കൊണ്ട് മുസ്‌ലിംകള്‍ക്കിടയിലും ഭിന്നതയും വിഭാഗീയതയും വളര്‍ന്നു.
വിശുദ്ധ കഅ്ബാലയം ലോക മുസ്‌ലിംകളുടെ ആരാധനാ കേന്ദ്രമാണ്. കഅ്ബാലയത്തിന്റെ നാലു ഭാഗങ്ങളില്‍ നാലു മദ്ഹബുകളുടെ അടിസ്ഥാനത്തില്‍ വെവ്വേറെ ജമാഅത്തുകള്‍ നടക്കുന്ന സ്ഥിതിയുണ്ടായി. ഒരേ അല്ലാഹുവിലും ഒരേ പ്രവാചകനിലും ഒരേ കിതാബിലും വിശ്വസിക്കുന്നവര്‍, ഒരു ഖിബ്‌ലയിലേക്ക് തിരിഞ്ഞ് നമസ്‌കരിക്കുന്നവര്‍, ഭിന്നത കാരണം ഒരേ ഇമാമിനു കീഴില്‍ ഒരു ജമാഅത്തായി നമസ്‌കരിക്കാന്‍ കഴിയാതെ ശാഫിഇ, ഹനഫി, മാലികി, ഹന്‍ബലി മദ്ഹബുകളുടെ പേരില്‍ വെവ്വേറെ ജമാഅത്തുകളായി നമസ്‌കരിച്ചു.
ഇസ്‌ലാമിന്റെ ശത്രുക്കള്‍ ആഗ്രഹിച്ചതുപോലെ മുസ്‌ലിംകളില്‍ ഭിന്നതയും വിഭാഗീയതയും ശക്തിപ്പെട്ടുവന്നതിന്റെ നേര്‍സാക്ഷ്യമാണ് കഅ്ബക്കകത്ത് കാണാന്‍ സാധിച്ച ഈ വ്യത്യസ്ത ജമാഅത്ത് നമസ്‌കാരങ്ങള്‍.
വ്യക്തമായ വിജയം
23 വര്‍ഷത്തെ നബിയുടെ പ്രബോധന ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ വഴിത്തിരിവായത് ഹുദൈബിയാ സന്ധിയായിരുന്നു. മക്കാ വിജയത്തിലേക്ക് വാതില്‍ തുറന്ന ഈ സന്ധിവ്യവസ്ഥകള്‍ പരസ്പര സഹകരണത്തിന്റെയും സഹവാസത്തിന്റെയും അവസരങ്ങള്‍ കൂടി സമ്മാനിക്കുന്നതായിരുന്നു.
ബദ്ര്‍, ഉഹ്ദ്, അഹ്‌സാബ് യുദ്ധങ്ങള്‍ക്കു ശേഷം മുസ്‌ലിംകള്‍ ഉംറക്കു പോയപ്പോള്‍ അവര്‍ക്ക് ഹറമില്‍ പ്രവേശിക്കാന്‍ അനുമതി നിഷേധിച്ച് അവരെ തടഞ്ഞു. ഒടുവില്‍ സമാധാനസന്ധിയില്‍ ഏര്‍പ്പെട്ട മുസ്‌ലിംകള്‍ ആ വര്‍ഷം ഉംറ ചെയ്യാതെ തിരിച്ചുപോകാനും അടുത്ത വര്‍ഷം വന്ന് ഉംറ നിര്‍വഹിക്കാനുമുള്ള ധാരണയായിരുന്നു. ഹുദൈബിയയില്‍ പ്രസ്തുത സന്ധിക്കു ശേഷമാണ് 'തീര്‍ച്ചയായും നാം നിനക്ക് വ്യക്തമായ വിജയം നല്‍കിയിരിക്കുന്നു' എന്ന വചനം (48:1) അവതരിച്ചത്.
മക്ക ജയിച്ചടക്കി ഭരണത്തിന്റെ ചെങ്കോല്‍ മുസ്‌ലിംകള്‍ക്ക് സ്വന്തമായ സാഹചര്യം അന്ന് അവിടെ ഉണ്ടായിട്ടില്ല. എന്നിട്ടും നബിയെയും വിശ്വാസികളെയും അല്ലാഹു സന്തോഷവാര്‍ത്ത അറിയിക്കുന്നത് വ്യക്തമായ വിജയം നാം നല്‍കിയിരിക്കുന്നുവെന്നതാണ്. മുസ്‌ലിംകളോടുള്ള എല്ലാ വിരോധവും വെറുപ്പും മാറ്റിവെച്ച് പരസ്പരം ഇടപഴകാനും ആശയങ്ങള്‍ കൈമാറാനും സഹവസിക്കാനുമുള്ള അവസ്ഥ സംജാതമാവുന്നത് ഇസ്‌ലാമിക പ്രബോധനത്തിന്റെ പ്രത്യക്ഷ വിജയമായി ഉള്‍ക്കൊള്ളണമെന്ന് അല്ലാഹു പ്രവാചകനെയും അനുയായികളെയും പഠിപ്പിക്കുകയാണ്.
വിഭാഗീയതയും ഛിദ്രതയും മനസ്സുകളെ വിഷലിപ്തമാക്കുമ്പോള്‍ പരസ്പര സഹകരണത്തിന്റെയും സഹവാസത്തിന്റെയും വാതിലുകളാണ് അടഞ്ഞുപോകുന്നത്. സഹവര്‍ത്തനത്തിലൂടെ സത്യം മനസ്സിലാക്കാനുള്ള അവസരങ്ങളെല്ലാം നിഷേധിച്ച് പരസ്പരം വെറുപ്പും വിഭാഗീയതയും വളര്‍ത്താനുള്ള ഗൂഢനീക്കങ്ങളാണ് ഇസ്‌ലാമിന്റെ ശത്രുചേരിയില്‍ നിന്ന് പ്രബോധനത്തിന്റെ പ്രാരംഭ ഘട്ടത്തില്‍ ഉണ്ടായതെന്ന് ചരിത്രം വ്യക്തമാക്കിത്തരുന്നു.
മുശ്‌രിക്കുകളുടെ ഭാഗത്തുനിന്ന് മുസ്‌ലിംകളെ ഭിന്നിപ്പിക്കാനും അകറ്റിനിര്‍ത്താനുമായി നടത്തിയ ഗൂഢനീക്കങ്ങളെല്ലാം പാളിപ്പോയ ഒരു നടപടിയായി ഹുദൈബിയാ സന്ധിയെ നമുക്ക് വിലയിരുത്താനാവും. കാലാന്തരത്തില്‍ മുസ്‌ലിം സമുദായത്തിന്റെ ഐക്യത്തിനും കെട്ടുറപ്പിനും കനത്ത പ്രഹരമേല്‍പിച്ച സമസ്ത നേതാക്കളുടെ ദുഷ്പ്രചാരണങ്ങളിലും പ്രകടമായി കാണുന്നത് തെറ്റിദ്ധാരണയുടെ പുകപടലങ്ങള്‍ സൃഷ്ടിച്ച് സത്യത്തെ തമസ്‌കരിക്കാനുള്ള ആസൂത്രിത നീക്കങ്ങള്‍ തന്നെയായിരുന്നു.
(അവസാനിച്ചിട്ടില്ല)
തയ്യാറാക്കിയത്: ഡോ. റജീഷ് നരിക്കുനി
