ഇന്ത്യയില്‍ ഒരു വ്യക്തിക്കും നിയമത്തിനു മുന്നില്‍ തുല്യതയോ നിയമങ്ങളുടെ തുല്യസംരക്ഷണമോ രാജ്യം നിഷേധിക്കാന്‍ പാടില്ല എന്നത് അനുച്ഛേദം 14(1) മുഖേന ഓരോ പൗരനും നല്‍കുന്ന മൗലികമായ അവകാശമാണ്.
ജോര്‍ജ് ഓര്‍വെല്‍ തന്റെ ആക്ഷേപഹാസ്യമായ 'ആനിമല്‍ ഫാം' എന്ന പുസ്തകത്തില്‍ All animals are equal, but some animals are more equal than others എന്ന വാക്കുകള്‍ എഴുതുമ്പോള്‍ തന്റെ മനസ്സില്‍ റഷ്യന്‍ വിപ്ലവവും അതിനു ശേഷമുള്ള സ്റ്റാലിന്റെ മാര്‍ക്സിസ്റ്റ്-ലെനിനിസ്റ്റ് ഭരണകാലവുമാണ് ഉണ്ടായിരുന്നതെന്ന് അദ്ദേഹം തന്നെ പറയുന്നുണ്ട്.
ഇന്ത്യ അതിന്റെ 78-ാം സ്വാതന്ത്ര്യദിനം ആചരിക്കാനിരിക്കുന്ന ഈ വര്‍ഷം സുപ്രീം കോടതി ചരിത്രപരമായ ഒരു ചുവടുവെപ്പാണ് വെച്ചിരിക്കുന്നത്. സുപ്രീം കോടതിയില്‍, പട്ടികജാതി-പട്ടികവര്‍ഗ ജീവനക്കാരുടെ നേരിട്ടുള്ള നിയമനത്തിലും സ്ഥാനക്കയറ്റത്തിലും സംവരണം സംബന്ധിച്ച ഒരു ഔപചാരിക നയം പരമോന്നത കോടതി അവതരിപ്പിക്കുകയുണ്ടായി.
രജിസ്ട്രാര്‍മാര്‍, സീനിയര്‍ പേഴ്സണല്‍ അസിസ്റ്റന്റുമാര്‍, അസിസ്റ്റന്റ് ലൈബ്രേറിയന്മാര്‍, ജൂനിയര്‍ കോര്‍ട്ട് അസിസ്റ്റന്റുമാര്‍, ചേംബര്‍ അറ്റന്‍ഡന്റുമാര്‍ എന്നിവയുള്‍പ്പെടെ നിരവധി തസ്തികകള്‍ ഈ നയത്തില്‍ ഉള്‍പ്പെടുന്നു. പട്ടികജാതി വിഭാഗത്തില്‍ നിന്ന് രാജ്യത്തെ പരമോന്നത നീതിപീഠ പദവിയിലേക്ക് ഉയരുന്ന രണ്ടാമത്തെ വ്യക്തിയായ ഇന്ത്യയുടെ ചീഫ് ജസ്റ്റിസ്, ഭൂഷണ്‍ രാമകൃഷ്ണ ഗവായിയുടെ ഭരണകാലത്താണ് ഈ സുപ്രധാന നയംമാറ്റം ഉണ്ടായതെന്നതും ഏറെ പ്രസക്തമാണ്.
എന്നാല്‍, ഈ നയംമാറ്റം ഉണ്ടാകുമ്പോള്‍ തന്നെ പരമോന്നത കോടതിയിലെ ജഡ്ജിമാര്‍ ഈ നയത്തിനു വിധേയമല്ല എന്നതാണ് ഏറെ ശ്രദ്ധേയമായ വസ്തുത. അവിടെയാണ് ജോര്‍ജ് ഓര്‍വെല്ലിന്റെ വരികള്‍ നമ്മോട് ചോദ്യമുയര്‍ത്തുന്നത്. മനുസ്മൃതി അടിസ്ഥാനമാക്കിയ നൂറ്റാണ്ടുകളുടെ ജാതീയ വാഴ്ചയ്ക്കും കൊളോണിയല്‍ ശക്തികളുടെ പതിറ്റാണ്ടുകളായുള്ള ചൂഷണത്തിനും ശേഷം ഇന്ത്യ സ്വാതന്ത്ര്യം പ്രഖ്യാപിക്കുന്ന സമയത്ത് അതിന്റെ ഭരണഘടനയില്‍ സ്വാംശീകരിച്ച ആശയമാണ് 'നിയമത്തിനു മുന്നില്‍ എല്ലാവരും തുല്യരാണ്' എന്ന തത്വം.
ഇന്ത്യക്കുള്ളില്‍ ഒരു വ്യക്തിക്കും നിയമത്തിനു മുന്നില്‍ തുല്യതയോ നിയമങ്ങളുടെ തുല്യസംരക്ഷണമോ രാജ്യം നിഷേധിക്കാന്‍ പാടില്ല എന്നത് അനുച്ഛേദം 14(1) മുഖേന ഓരോ പൗരനും നല്‍കുന്ന മൗലികമായ അവകാശമാണ്. ഈ മൗലികാവകാശം നേടിയെടുക്കാന്‍ സുപ്രീം കോടതിയെ സമീപിക്കാമെന്നതും അനുച്ഛേദം 32 മുഖേന മൗലികാവകാശമായി ചേര്‍ത്തിരിക്കുന്നു.

അതേപോലെ രാജ്യത്തിനു കീഴിലുള്ള ഏതെങ്കിലും പബ്ലിക് ഓഫീസിലേക്കുള്ള ജോലിയോ നിയമനമോ സംബന്ധിച്ച കാര്യങ്ങളില്‍ എല്ലാ പൗരന്മാര്‍ക്കും തുല്യാവസരം ഉണ്ടായിരിക്കും എന്നതും ഇതേ ഭരണഘടനാ അനുച്ഛേദം 16 മുഖേന പൗരന് ഉറപ്പു നല്‍കുന്ന അവകാശമാണ്. ഈ ഭരണഘടനാപരമായ ബോധ്യത്തില്‍ നിന്ന് വേണം ജൂണ്‍ 23നു പ്രാബല്യത്തില്‍ വന്ന സുപ്രീം കോടതി സര്‍ക്കുലറിനെ മനസ്സിലാക്കാന്‍.
200 മില്യണ്‍ ദലിതന്മാരുള്ള ഒരു രാജ്യത്ത് 78 വര്‍ഷത്തിനുള്ളില്‍ രണ്ടു പേരാണ് പരമോന്നത നീതിപീഠത്തില്‍ എത്തിയിട്ടുള്ളതെന്നത് ഇനിയും ആ പരമോന്നത ഇടനാഴികളില്‍ പ്രാതിനിധ്യം ഒരു പ്രശ്നമായി തോന്നിയിട്ടില്ല എന്നതിന്റെ പ്രതിഫലനമാണ്. നമ്മള്‍ നമ്മളാല്‍ നമുക്കു വേണ്ടി വിഭാവനം ചെയ്ത ഈ രാജ്യം അതിന്റെ ദിശ മാറി സഞ്ചരിക്കുന്നുണ്ടോ എന്ന് പരിശോധിക്കേണ്ട ഘട്ടമാണിത്.
ഈ നയംമാറ്റം വലിയ പ്രതീക്ഷകള്‍ നല്‍കുന്നുണ്ട് എന്നത് യാഥാര്‍ഥ്യമാണ്. ഈ സന്ദര്‍ഭത്തിലെങ്കിലും ഇങ്ങനെ നടക്കുന്നു എന്നതും അധഃസ്ഥിത വിഭാഗങ്ങളായ ഇന്ത്യയിലെ ജനങ്ങള്‍ക്ക് ആശ്വാസജനകമാണ്. നിലവില്‍ പ്രാബല്യത്തിലുള്ള സര്‍ക്കുലറും മോഡല്‍ റോസ്റ്ററും അനുസരിച്ച്, പ്രമോഷനുകളില്‍ പട്ടികജാതി ജീവനക്കാര്‍ക്ക് 15% ക്വാട്ടയും പട്ടികവര്‍ഗ ജീവനക്കാര്‍ക്ക് 7.5% ക്വാട്ടയും ലഭിക്കും.
ഈ കണക്കുകള്‍ കേന്ദ്ര സര്‍ക്കാരിന്റെ നേരിട്ടുള്ള നിയമനത്തിനുള്ള സംവരണ മാനദണ്ഡങ്ങളുമായി പൊരുത്തപ്പെടുന്നതാണ്. പ്രമോഷന്‍ സ്ഥാനക്കയറ്റത്തിനായി സുപ്രീം കോടതിയില്‍ ഈ നയം സ്വീകരിച്ചിരിക്കുന്നു എന്നത് തുല്യതയില്ലാത്ത ഒരു നിലപാടുമാണ്.

പക്ഷേ, ഈ നയത്തില്‍ നിന്ന് എന്ത് അടിസ്ഥാനത്തിലാണ് സുപ്രീം കോടതിയിലെ ജഡ്ജിമാരെ മാറ്റിനിര്‍ത്തിയിരിക്കുന്നത് എന്നതിന്റെ ഉത്തരം, രാജ്യത്ത് നിയമം എല്ലാവരെയും ഒരുപോലെയല്ല നോക്കിക്കാണുന്നത് എന്ന സങ്കടകരമായ യാഥാര്‍ഥ്യം തുറന്നുകാട്ടുന്നു.
'അഫര്‍മേറ്റീവ് ആക്ഷന്‍സ് (അഥവാ റിസര്‍വേഷന്‍ പോലുള്ള നയങ്ങള്‍) ഒരിക്കലും സമത്വത്തിന് അപവാദമല്ല, മറിച്ച്, അതിന്റെ സാക്ഷാത്കാരത്തിന് അവിഭാജ്യമാണ്' എന്നാണ് ചീഫ് ജസ്റ്റിസ് ഗവായ് ഇതിനോടനുബന്ധിച്ച് മാധ്യമങ്ങളോട് പറഞ്ഞത്. ഇത് പറയുമ്പോഴും അദ്ദേഹത്തിന് പറയാന്‍ സാധിക്കാതെപോകുന്ന ഒന്നാണ് എന്തുകൊണ്ടാണ് ജഡ്ജിമാര്‍ക്ക് മറ്റ് ഉദ്യോഗസ്ഥരില്‍ നിന്നു വ്യത്യസ്തമായി മറ്റൊരു നയമെന്നത്.
പൊതു തൊഴിലിലെ അവസര സമത്വം
മതം, വംശം, ജാതി, ലിംഗം, വംശാവലി, ജനനസ്ഥലം, താമസസ്ഥലം അല്ലെങ്കില്‍ ഇവയില്‍ ഏതെങ്കിലുമൊന്നിന്റെ പേരില്‍ മാത്രം ഒരു പൗരനും സര്‍ക്കാരിനു കീഴിലുള്ള ഏതെങ്കിലും തൊഴിലിനോ പദവിക്കോ അര്‍ഹതയില്ലാത്തവനോ വിവേചനം കാണിക്കുന്നവനോ ആകരുതെന്നതാണ് അനുച്ഛേദം 16 നല്‍കുന്ന ഭരണഘടനാപരമായ ഉറപ്പ്. അനുച്ഛേദം 16(4എ) പ്രകാരം വേണ്ടത്ര പ്രാതിനിധ്യം ലഭിക്കാത്ത ജനവിഭാഗങ്ങള്‍ക്ക് വിവിധ തസ്തികകളിലേക്ക് സ്ഥാനക്കയറ്റത്തിനും സീനിയോറിറ്റിക്കും സംവരണം ഏര്‍പ്പെടുത്താന്‍ സര്‍ക്കാറിനു സാധിക്കും.
1948 നവംബര്‍ 30നു നടന്ന ഭരണഘടനാ നിര്‍മാണ സഭയിലെ ചര്‍ച്ചയില്‍ ഈ വിഷയം ചര്‍ച്ച ചെയ്യുന്ന സമയത്ത് സഭയുടെ ചെയര്‍മാന്‍ ആയിരുന്ന ഡോ. ബി ആര്‍ അംബേദ്കര്‍ പറഞ്ഞത് ഇങ്ങനെയാണ്: ''അവസര സമത്വം എന്നത് സിദ്ധാന്തത്തില്‍ ഒരു മഹത്തായ തത്വമാണെങ്കിലും, മുന്‍കാലങ്ങളില്‍ ഭരണത്തിനു പുറത്തായിരുന്ന സമൂഹങ്ങള്‍ക്ക് പ്രവേശനം അനുവദിക്കുന്ന ഒരു വ്യവസ്ഥ ഉണ്ടായിരിക്കണം.'' എന്നാല്‍ അവസരസമത്വത്തിന്റെ കാര്യം വരുന്ന സമയത്ത് അതില്‍ തീരുമാനമെടുക്കേണ്ട പരമോന്നത ബോഡിയില്‍ ഇന്നും അതിനുള്ള സംവിധാനം പോലും ചെയ്യാന്‍ രാജ്യം തയ്യാറായിട്ടില്ല എന്നത് ഭരണഘടനയോടുള്ള വഞ്ചനയും അധികാരത്തോടുള്ള കൂറും അധഃസ്ഥിത വര്‍ഗത്തോടുള്ള തുറന്ന വിവേചനവുമാണ്.
മാത്രമല്ല, ഈ രാജ്യത്തിന്റെ അധികാരം ഇത്ര കാലം കൈയാളിയിട്ടുള്ളവരുടെ 'ഞങ്ങള്‍ നിയമത്തിനു മീതെയോ പുറത്തോ ആണ്' എന്ന തോന്നലുമാണ്. ഒരുപക്ഷേ യോഗ്യത(മെറിറ്റ്)യുടെയും കാര്യക്ഷമത(എഫിഷ്യന്‍സി)യുടെയും പേര് മറയാക്കി ഇനിയും രാജ്യം ഈ രീതി തുടരുകയാണെങ്കില്‍, 2025 ആഗസ്ത് 15ന് ആഘോഷിക്കുന്നത് ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനും 78 വര്‍ഷം പിറകിലുള്ള വാര്‍ഷികമായിരിക്കും എന്നു വേണം കരുതാന്‍.
200 മില്യണ്‍ ദലിതന്മാരുള്ള ഒരു രാജ്യത്ത് 78 വര്‍ഷത്തിനുള്ളില്‍ രണ്ടു പേരാണ് പരമോന്നത നീതിപീഠത്തില്‍ എത്തിയിട്ടുള്ളതെന്നത് ഇനിയും പ്രാതിനിധ്യം ഒരു പ്രശ്നമായി തോന്നിയിട്ടില്ല എന്നതിന്റെ പ്രതിഫലനമാണ്.
വര്‍ണാശ്രമത്തിന്റെ പേരില്‍ തൊഴില്‍ വിഭജനം നടത്തിയിരുന്ന അതിവിദൂരമല്ലാത്ത ഒരു ചരിത്രത്തെയാണ് ഇതെല്ലാം നമ്മെ ഓര്‍മപ്പെടുത്തുന്നത്. എം നാഗരാജ് കേസിലെ വിധിപ്രസ്താവത്തില്‍ അന്നത്തെ ഇന്ത്യയിലെ ആദ്യത്തെ ദലിത് ചീഫ് ജസ്റ്റിസ് കൂടിയായ കെ ജി ബാലകൃഷ്ണന്‍ അടങ്ങുന്ന ബെഞ്ച് കേശവാനന്ദ ഭാരതി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള എന്ന വിധിയെ അടിസ്ഥാനമാക്കി പറഞ്ഞത് ഇങ്ങനെയാണ്:
''ഭരണഘടനയെ നിയമപരമായി ഉപയോഗിച്ച് സ്വയം നശിപ്പിക്കാന്‍ ഒരാള്‍ക്കും കഴിയില്ല'' (One cannot legally use the cotnsitution to detseroy itself). ഇവിടെ സുപ്രീം കോടതി ഭരണഘടനാപരമായി അതിന് അനുവദിച്ചുകിട്ടിയിട്ടുള്ള നിയമനിര്‍മാണ അവകാശത്തെ ഉപയോഗപ്പെടുത്തുന്ന സമയത്ത് അത് ഭരണഘടനയ്ക്ക് വിരുദ്ധമാകാന്‍ പാടില്ല എന്നത് സാമാന്യവും അസന്ദിഗ്ധവുമായ ഒരു തത്വമാണ്.
തുല്യതയില്ലാത്ത സ്വാതന്ത്ര്യം സ്വാതന്ത്ര്യമല്ല
ഇന്ത്യാ രാജ്യത്തെ ഓരോ പൗരനും അവകാശപ്പെട്ട തൊഴിലവസരങ്ങളില്‍ അന്യായമായും യാതൊരു അടിസ്ഥാനവുമില്ലാതെയും വിവേചനം നടത്തുന്നത് ഭരണഘടനയുടെയും സുപ്രീം കോടതി വിധികളുടെയും നഗ്നമായ ലംഘനമാണ് എന്നതോടൊപ്പം തന്നെ മനസ്സിലാക്കേണ്ടുന്ന വസ്തുതയാണ്, രാജ്യം സ്വാതന്ത്ര്യം നേടുന്ന സമയത്ത് ഈ രാജ്യത്തെ ഓരോ പൗരനും ഉറപ്പുനല്‍കിയിട്ടുള്ള അവന്റെ അവകാശങ്ങള്‍ നേടിയെടുക്കാനുള്ള സംവിധാനങ്ങള്‍ കൂടി ഉണ്ടാവുക എന്നത്.
തുല്യതയിലേക്ക് എത്താത്ത സ്വാതന്ത്ര്യത്തെ സ്വാതന്ത്ര്യമെന്നു വിളിക്കാന്‍ കഴിയില്ല. ഭരണഘടന നിലവില്‍ വരുന്ന 1950 ജനുവരി 26ന് 'നമ്മള്‍ വൈരുധ്യങ്ങളുടെ ഒരു ജീവിതത്തിലേക്ക് പ്രവേശിക്കാന്‍ പോകുന്നു' എന്നാണ് അംബേദ്കര്‍ അഭിപ്രായപ്പെട്ടത്. രാഷ്ട്രീയപരമായി നമുക്ക് തുല്യത ഉണ്ടാകും, എന്നാല്‍ സാമൂഹികവും സാമ്പത്തികവുമായ ജീവിതത്തില്‍ നമുക്ക് അസമത്വം ഉണ്ടാകും എന്നത് അദ്ദേഹം പലപ്പോഴും ചൂണ്ടിക്കാണിച്ച ഒരു യാഥാര്‍ഥ്യമാണ്. ഇന്ന് തിരിഞ്ഞുനോക്കുന്ന സമയത്ത്, രാജ്യം രാഷ്ട്രീയപരമായ സമത്വത്തെ പോലും അടിയറ വെക്കുന്നതാണ് കാണുന്നത്.
സുപ്രീം കോടതിയുടെ ജൂണ്‍ മാസത്തില്‍ പുറപ്പെടുവിച്ച നയം ഒരു പ്രതീക്ഷയും നാഴികക്കല്ലുമാകുമ്പോള്‍ തന്നെ അതൊരു ദിശാസൂചകമായിക്കൂടി വേണം നമ്മള്‍ കാണാന്‍- രാജ്യം എങ്ങോട്ടാണ് സഞ്ചരിക്കുന്നത് എന്നതിന്റെ സൂചന. രാജ്യത്ത് നിയമവാഴ്ചയുണ്ടാവണം എന്ന് നമ്മള്‍ വിഭാവനം ചെയ്യുന്നുണ്ടെങ്കില്‍ അതിനു വേണ്ട സംവിധാനങ്ങള്‍ കൂടി ഉണ്ടാക്കേണ്ടത് അനിവാര്യമാണ്.
അവസരങ്ങളുടെ വാതിലുകള്‍ തുറന്നാല്‍ മാത്രം പോരാ. നമ്മുടെ എല്ലാ പൗരന്മാര്‍ക്കും ആ വാതിലുകളിലൂടെ നടക്കാനുള്ള കഴിവ് കൂടി ഉണ്ടായിരിക്കണം. അതിനു വേണ്ട സമൂലമായ പരിവര്‍ത്തനമാണ് നമ്മുടെ മുന്നിലുള്ള മാര്‍ഗം. ആ യാത്രയില്‍ ഭരണഘടന വിഭാവനം ചെയ്യുന്ന തുല്യത നമുക്ക് വെളിച്ചം വീശണം.
സ്വാതന്ത്ര്യത്തിലൂന്നിയ അവകാശബോധമായിരിക്കണം നമ്മുടെ ആയുധം. രാഷ്ട്രനിര്‍മാണമെന്നത് സ്വാതന്ത്ര്യത്തോടെ അവസാനിക്കുന്ന ഒന്നല്ല, മറിച്ച്, അത് ജീവനുള്ളിടത്തോളം നമ്മള്‍ നടത്തുന്ന അഭിമാനത്തോടെയുള്ള നിലനില്പിനു വേണ്ടിയുള്ള സമരമാണ്.