ജോര്‍ദാന്‍ താഴ്‌വരയിലെ ഒലീവ് മരങ്ങള്‍


പുരാതന ശാമില്‍പ്പെട്ട സ്ഥലമാണ് ജോര്‍ദാന്‍. മുമ്പ് സിറിയ, ലബനാന്‍, ജോര്‍ദാന്‍, ഫലസ്തീന്‍ എന്നിവ ശാമിന്റെ ഭാഗമായിരുന്നു. ഇപ്പോള്‍ ഇസ്രായേലും ഉള്‍പ്പെടുന്നു.

ജീവിതയാത്രയിലെ ഒരു ഇടവേളയില്‍, കാലം കാത്തുവെച്ച ചരിത്രസത്യങ്ങള്‍ അറിയാനും സീനാ താഴ്വരയുടെ കഥ കേള്‍ക്കാനും ഒലീവ് പൂക്കളുടെ സൗരഭ്യം ആസ്വദിക്കാനും ചെങ്കടലിന്റെ കാറ്റിന്റെ കുളിര്‍മ അനുഭവിക്കാനുമായി ഞങ്ങള്‍ യാത്ര പുറപ്പെട്ടു. പുലര്‍ച്ചെ നാലു മണിക്ക് കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ നിന്ന് എയര്‍ അറേബ്യ വിമാനം ചിറകുകള്‍ വിടര്‍ത്തി വാനില്‍ ഉയര്‍ന്നു.

താഴേക്ക് നോക്കുമ്പോള്‍ കെട്ടിടങ്ങളിലെ വിളക്കുകള്‍ നക്ഷത്രങ്ങളെപ്പോലെ മിന്നിത്തിളങ്ങി. സഹയാത്രികരുടെ മുഖങ്ങളില്‍ സമ്മിശ്ര ഭാവങ്ങള്‍. നഫീസ എന്ന തലശ്ശേരിക്കാരി, പ്രിയപ്പെട്ടവനെ പിരിഞ്ഞ് പഠനാവശ്യാര്‍ഥം ജോര്‍ജിയയിലേക്ക് പോകുന്നു. തെലങ്കാനയില്‍ നിന്നുള്ള റെജി, ഇസ്രായേലിലേക്ക് തീര്‍ഥാടന യാത്രയിലാണ്.

എയര്‍ഹോസ്റ്റസ് ബോയ്‌സ് ഭക്ഷണം വിതരണം ചെയ്തു. കൂട്ടത്തില്‍ ഒരു മലയാളി പയ്യനുണ്ടായിരുന്നു. വിമാനത്തിന്റെ എന്‍ജിന്‍ ശബ്ദം താരാട്ടുപോലെ കേട്ട്, സീറ്റ് ബെല്‍റ്റിന്റെ സുരക്ഷയില്‍ ഞാന്‍ ഉറക്കത്തിലേക്ക് വഴുതിവീണു. പുലര്‍ച്ചെ 5.45 ആയപ്പോള്‍ കിഴക്ക് വാനില്‍, കടലിന്റെ അറ്റത്ത് ഒരു നേര്‍ത്ത ഓറഞ്ചു വര പ്രത്യക്ഷപ്പെട്ടു.

ആറു മണിയായപ്പോഴേക്കും വര്‍ണിക്കാന്‍ വാക്കുകളില്ലാത്തവിധം നീല, മഞ്ഞ, ഓറഞ്ച്, ചുവപ്പ് നിറങ്ങള്‍ ആകാശത്ത് അടുക്കടുക്കായി രൂപംകൊണ്ടു. ലോകം മുഴുവന്‍ പുതിയൊരു ദിവസത്തിലേക്ക് ഉണര്‍ന്നു. ആകാശത്തെ വെളുത്ത മേഘങ്ങള്‍ പഞ്ഞിമിഠായി പോലെ തോന്നി. അവയ്ക്കിടയിലൂടെയുള്ള യാത്ര സ്വപ്‌നം പോലെയായിരുന്നു.

പെട്ടെന്ന് വിമാനം ചെറുതായി കുലുങ്ങി. ഭയം മനസ്സിലൂടെ പറന്നുപോയി. എന്നാല്‍ യാത്ര വീണ്ടും ശാന്തമായി. ജീവിതവും ഒരു യാത്രയല്ലേ, ഉയര്‍ച്ചതാഴ്ചകളും സന്തോഷങ്ങളും സങ്കടങ്ങളും നിറഞ്ഞൊരു യാത്ര. ലാന്‍ഡിങ് അറിയിപ്പ് വന്നപ്പോള്‍ എല്ലാവരും സീറ്റ് ബെല്‍റ്റിട്ടു.

വിന്‍ഡോ സീറ്റിലിരുന്ന് താഴേക്ക് നോക്കുമ്പോള്‍ ഭൂമി ഒരു കളിപ്പാട്ടം പോലെ ചെറുതായിരിക്കുന്നു. താഴെ കാണുന്ന വാഹനങ്ങളും കെട്ടിടങ്ങളും എത്രയോ ചെറുതാണ്! വിമാനം മെല്ലെ നിലം തൊട്ടപ്പോള്‍ ലക്ഷ്യത്തിലെത്തിയ സന്തോഷം, സ്വപ്‌നങ്ങളിലേക്കുള്ള വാതില്‍ തുറന്നിരിക്കുന്നു.

ചരിത്രവും പ്രകൃതിയും

അതിരാവിലെ ഷാര്‍ജയില്‍ ഇറങ്ങി, അവിടെ നിന്ന് എയര്‍ അറേബ്യയുടെ കണക്ഷന്‍ ഫ്‌ലൈറ്റിലാണ് അമ്മാനിലേക്ക് പുറപ്പെട്ടത്. ജോര്‍ദാന്റെ തലസ്ഥാനമായ അമ്മാന്‍ എയര്‍പോര്‍ട്ടിനു പുറത്ത് ഞങ്ങളെ കൊണ്ടുപോകാന്‍ ബസും ഡ്രൈവര്‍ മീലാദും ഗൈഡ് ഫൈസലും കാത്തുനിന്നിരുന്നു.

പുരാതന ശാമില്‍പ്പെട്ട സ്ഥലമാണ് ജോര്‍ദാന്‍. മുമ്പ് സിറിയ, ലബനാന്‍, ജോര്‍ദാന്‍, ഫലസ്തീന്‍ എന്നിവ ശാമിന്റെ ഭാഗമായിരുന്നു. ഇപ്പോള്‍ ഇസ്രായേലും ഉള്‍പ്പെടുന്നു. ഒരു പശ്ചിമേഷ്യന്‍ രാജ്യമായ ജോര്‍ദാന്‍, വടക്ക് സിറിയ, കിഴക്ക് ഇറാഖ്, തെക്കുകിഴക്ക് സുഊദി അറേബ്യ, പടിഞ്ഞാറ് ഇസ്രായേല്‍, വെസ്റ്റ് ബാങ്ക് എന്നിവയുമായി അതിര്‍ത്തി പങ്കിടുന്നു.

ലോകത്തെ ഏറ്റവും താഴ്ന്ന പ്രദേശമായ ചാവുകടല്‍ ജോര്‍ദാനിലും ഇസ്രായേലിലുമായി സ്ഥിതി ചെയ്യുന്നു. ജോര്‍ദാന്റെ തെക്കുഭാഗത്ത് ചെങ്കടലിലെ അഖബ ഉള്‍ക്കടല്‍ രാജ്യത്തിന് ചെറിയ തീരപ്രദേശം നല്‍കുന്നു. 92,000 ച.കി. മീറ്റര്‍ വിസ്തീര്‍ണമുള്ള ഇവിടെ 11 ദശലക്ഷത്തിലധികം ജനങ്ങള്‍ താമസിക്കുന്നുണ്ട്.

ഉച്ചഭക്ഷണത്തിനു ശേഷം മുഅ്ത യുദ്ധക്കളത്തിലേക്ക് പോയി. ബുഫെ സമ്പ്രദായത്തിലുള്ള ഭക്ഷണത്തില്‍ പഴവര്‍ഗങ്ങളും ഇലവര്‍ഗങ്ങളും പ്രാദേശിക വിഭവങ്ങളും ഉള്‍പ്പെട്ടിരുന്നു. ഹോട്ടലിന്റെ ഒരു ഭാഗത്ത് വസ്ത്രങ്ങളും സൗന്ദര്യവര്‍ധക വസ്തുക്കളും തുടങ്ങി ആന്റിക്കായ പല അലങ്കാര സാധനങ്ങളും വില്‍പനക്കായി മനോഹരമായി പ്രദര്‍ശിപ്പിച്ചിരുന്നു.

മുഅ്ത യുദ്ധത്തില്‍ ശഹീദായ ജഅ്ഫറുബ്നു അബീത്വാലിബ്, സൈദുബ്നു ഹാരിസ്, അബ്ദുല്ലാഹിബ്നു റവാഹ എന്നിവരുടെ ഖബറുകള്‍ സന്ദര്‍ശിച്ചു. വിശുദ്ധ ഖുര്‍ആനില്‍ സൂറഃ അല്‍കഹ്ഫില്‍ പരാമര്‍ശിച്ച അസ്ഹാബുല്‍ കഹ്ഫിന്റെ ഗുഹയിലേക്കായിരുന്നു യാത്ര. അമ്മാനില്‍ നിന്ന് ഏകദേശം 10 കി.മീ അടുത്തായി റഖീം എന്ന സ്ഥലത്താണ് ഗുഹ. ഇതിനകത്ത് ഏഴ് പേരുടെ ഖബറുകളും കാണാം. ഓരോ സ്ഥലത്തേക്ക് പോകുമ്പോഴും ബസില്‍ വെച്ച് ആ സ്ഥലത്തിന്റെ പ്രാധാന്യവും ചരിത്രവും അമീര്‍ വിവരിച്ചുതന്നു.

രാത്രി അമ്മാനിലെ അല്‍ ഫനാര്‍ പാലസ് ഹോട്ടലിലാണ് താമസിച്ചത്. അധികം എരിവോ മസാലകളോ ചേര്‍ക്കാത്ത, ഒലീവെണ്ണയില്‍ പാകം ചെയ്ത ഭക്ഷണം വളരെ ഇഷ്ടപ്പെട്ടു. ജോര്‍ദാനിലെ ആദ്യ ദിനം ചരിത്രത്തിന്റെയും പ്രകൃതിയുടെയും സുന്ദര കാഴ്ചകള്‍ കൊണ്ട് സമ്പന്നമായിരുന്നു. രാത്രി 16 ഡിഗ്രി തണുപ്പില്‍ സുഖമായുറങ്ങി.

ചരിത്രപാതകളിലൂടെ

പ്രഭാതഭക്ഷണത്തിന് ഉരുളക്കിഴങ്ങ് ഫ്രൈ, ഉരുളക്കിഴങ്ങ് പുഴുങ്ങി ഉടച്ചത്, ഖുബ്ബൂസ്, ബ്രെഡ്, മുട്ട തുടങ്ങി വ്യത്യസ്തയിനം ഭക്ഷ്യവിഭവങ്ങളും പഴങ്ങളും ഉണ്ടായിരുന്നു. വിവിധ തരം സാലഡുകള്‍ മനോഹരമായി ഒരുക്കിവെച്ചിരുന്നു. ബ്രേക്ഫാസ്റ്റ് കഴിക്കുമ്പോള്‍ ഫലസ്തീനിലെ അസ്മയെ പരിചയപ്പെട്ടു. ധാരാളം ഫലസ്തീനികള്‍ കുടുംബമായി ഈ ഹോട്ടലില്‍ താമസിക്കുന്നുണ്ട്. അവര്‍ കുട്ടികളെ ഒരുക്കി സ്‌കൂളില്‍ വിടുന്നത് കണ്ടു.

മൂസാ നബിയുടെ സഹയാത്രികന്‍ 'ഫതാ മൂസ' എന്നറിയപ്പെടുന്ന യൂശഇന്റെ ഖബറിടം ഉയര്‍ന്ന കുന്നിന്‍പ്രദേശമായ അസ്സല്‍ത് എന്ന സ്ഥലത്താണ്. ഇവിടെ നിന്ന് നോക്കിയാല്‍ ഫലസ്തീനും ജോര്‍ദാന്‍ നദിയും കാണാം. പിന്നീട് പോയത് മദ്യന്‍ ജനങ്ങളിലേക്ക് അയച്ച പ്രവാചകന്‍ ശുഐബ് നബിയുടെ മസാറയിലേക്കായിരുന്നു. പത്തര മണിയായിട്ടും വെയിലിന് ചൂട് വന്നിട്ടില്ല. 17 ഡിഗ്രിയാണ് താപനില കാണിക്കുന്നത്.

മൂടിക്കെട്ടിയ അന്തരീക്ഷം, എങ്ങും ശാന്തത. ശാം യുദ്ധത്തില്‍ ശഹീദായ ളിറാറുബ്നു അസ്വറിന്റെ ഖബറിടവും കണ്ടു. ഇസ്ലാമിക ചരിത്രത്തിലെ പ്രശസ്തയായ വനിതാ സൈനിക ഖൗല ബിന്‍ത് അസ്വറിന്റെ സഹോദരനാണ് അദ്ദേഹം. സ്വര്‍ഗം കൊണ്ട് സന്തോഷവാര്‍ത്ത അറിയിക്കപ്പെട്ട അബൂ ഉബൈദതുബ്നു ആമിറുബ്നു ജര്‍റാഹ് എന്ന സഹാബിയുടെ ഖബറിടവും കണ്ടു.

റോഡരികില്‍ ഒലീവ് മരങ്ങളും പൈന്‍ മരങ്ങളും സൈപ്രസ് മരങ്ങളും നിരനിരയായി നില്‍ക്കുന്നു! പെട്ടെന്ന് കശ്മീരിലെത്തിയ പോലെയാണ് തോന്നിയത്. പൂക്കള്‍ക്കെല്ലാം കടുത്ത നിറമാണ്!

ഉച്ചയ്ക്ക് ചാവുകടലിന്റെ തീരത്തുള്ള റസ്റ്റോറന്റില്‍ നിന്ന് ഭക്ഷണം. അവരുടെ വാഹനത്തില്‍ ഞങ്ങളെ ചാവുകടലിന്റെ തീരത്ത് എത്തിച്ചു. സമുദ്രനിരപ്പില്‍ നിന്ന് ഏകദേശം 423 മീറ്റര്‍ താഴെയാണ് ചാവുകടല്‍ ഉള്ളത്. ഇതൊരു കടലല്ല, തടാകമാണ്. സാധാരണ സമുദ്രജലത്തേക്കാള്‍ 8-9 മടങ്ങ് ഉപ്പിന്റെ അംശം കൂടുതലാണ്. അതുകൊണ്ട് ഇതില്‍ മത്സ്യങ്ങളോ മറ്റു ജീവജാലങ്ങളോ വളരില്ല. ലൂത്ത് നബിയുടെ സമുദായമായ സദൂം ജനതയ്ക്ക് അല്ലാഹു ശിക്ഷ ഇറക്കിയ സ്ഥലമാണിത്.

ജോര്‍ദാന്‍ പതാക തെരുവുവിളക്കുകാലില്‍ അടക്കം എല്ലായിടത്തുമുണ്ട്. മിക്ക കെട്ടിടങ്ങള്‍ക്കു മുകളിലും സൗരോര്‍ജ പാനലും കണ്ടു. രാത്രി വിഭവസമൃദ്ധമായ അത്താഴത്തിനു ശേഷം ഹോട്ടല്‍മുറിയിലെത്തി പ്രാര്‍ഥനകളോടെ കണ്ണടച്ചു.

ഒലീവ് മരങ്ങളുടെ സൗന്ദര്യം

വിറച്ചും പനിച്ചും ഉണര്‍ന്ന പ്രഭാതം. ഒരു ഗുളിക കഴിച്ചു. അല്‍ ഫനാര്‍ ഹോട്ടലില്‍, കഴിഞ്ഞ ദിവസം പരിചയപ്പെട്ട അസ്മയെ എന്റെ കണ്ണുകള്‍ പരതി. പക്ഷേ, അവളെ കണ്ടില്ല. ഇനി ഇസ്രായേലിലേക്കാണ് പോകുന്നത്. ആളുകള്‍ റോഡരികില്‍ മാറിനിന്ന് പുകവലിക്കുന്നു. ജോര്‍ദാന്‍ താഴ്വരയില്‍ റോഡിന് ഇരുവശവുമുള്ള കാഴ്ചകള്‍ അതിമനോഹരമാണ്.

റോഡരികില്‍ ഒലീവ് മരങ്ങളും പൈന്‍ മരങ്ങളും സൈപ്രസ് മരങ്ങളും നിരനിരയായി നില്‍ക്കുന്നു! പെട്ടെന്ന് കശ്മീരിലെത്തിയ പോലെയാണ് തോന്നിയത്. പൂക്കള്‍ക്കെല്ലാം കടുത്ത നിറമാണ്! പ്രകൃതിയുടെ ഓരോ മനോഹര ദൃശ്യവും എന്റെ സിരകളെ പുളകമണിയിച്ചു. എന്റെ ഹൃദയം അല്ലാഹുവിന്റെ മഹത്വത്തില്‍ ലയിച്ചു. ഓരോ രോമകൂപവും അവന് സ്തുതി ചൊല്ലി.

താഴ്വരയില്‍ ചെമ്മരിയാടുകള്‍ മേയുന്നു. അവിടെ വിവിധയിനം കൃഷികളുണ്ട്. ഇവിടത്തെ കല്ലുകള്‍ക്കും പാറകള്‍ക്കുമൊക്കെ ഇളംമഞ്ഞ നിറമാണ്. കെട്ടിടങ്ങളും ഇതേ നിറത്തിലാണ്. ജോര്‍ദാന്‍ വിദ്യാഭ്യാസത്തിനും കൃഷിക്കുമാണ് കൂടുതല്‍ പ്രാധാന്യം നല്‍കുന്നത്.

9.15ഓടെ അതിര്‍ത്തിയിലെ ചെക്കിംഗ് നടപടികള്‍ക്കു ശേഷം, ജോര്‍ദാന്‍ നദിക്കു കുറുകെയുള്ള കിംഗ് ഹുസൈന്‍ പാലത്തിലൂടെ ഇസ്രായേല്‍ ബോര്‍ഡറിലേക്ക് പ്രവേശിച്ചു. ജോര്‍ദാന്‍ നദി വെള്ളമില്ലാതെ വരണ്ടുകിടക്കുന്നു.