ഹൃദയത്തെ ഖുര്‍ആനുമായി ആഴത്തില്‍ ചേര്‍ത്തുവയ്ക്കുന്നതിനും ഏകാഗ്രത വര്‍ധിപ്പിക്കുന്നതിനും ഏറ്റവും മികച്ച മാര്‍ഗങ്ങളില്‍ ഒന്ന് സൂറഃ ഫാത്തിഹയുടെ അര്‍ഥങ്ങള്‍ മനസ്സിലാക്കുകയാണ്.
നമ്മുടെ ഹൃദയത്തെ ഖുര്‍ആനുമായി ആഴത്തില്‍ ബന്ധിപ്പിക്കുന്നതിനും ഏകാഗ്രത മെച്ചപ്പെടുത്തുന്നതിനും ഏറ്റവും മികച്ച മാര്‍ഗങ്ങളില്‍ ഒന്ന് ഖുര്‍ആനിലെ സൂറത്തുല്‍ ഫാത്തിഹയുടെ അര്‍ഥങ്ങള്‍ മനസ്സിലാക്കുക എന്നതാണ്. ഇത് ഖുര്‍ആനിലേക്കുള്ള തുടക്കമാണ്. കാരണം ഖുര്‍ആനിന്റെ മാര്‍ഗനിര്‍ദേശവും സന്ദേശവും സ്വീകരിക്കുന്നതിനുള്ള താക്കോലുകള്‍ ഇതില്‍ അടങ്ങിയിരിക്കുന്നു.
ഇബ്‌നു തൈമിയ്യ പറയുന്നു: ''ഒരാള്‍ ഒരു സൂറത്ത് പലതവണ ഓതിയേക്കാം, സൂറത്തുല്‍ ഫാത്തിഹ പോലും. എന്നിട്ടും അയാള്‍ പാരായണം ചെയ്യുമ്പോള്‍ ഇതുവരെ വെളിപ്പെടാത്ത പുതിയ അര്‍ഥതലങ്ങള്‍ അയാള്‍ക്ക് വെളിപ്പെടും. അയാള്‍ ഈ അര്‍ഥങ്ങളില്‍ വിശ്വസിക്കുകയും അതുവഴി അയാളുടെ അറിവും പ്രവൃത്തികളും വര്‍ധിക്കുകയും ചെയ്യുന്നു. ഖുര്‍ആന്‍ അശ്രദ്ധമായി പാരായണം ചെയ്യുന്നവനില്‍ നിന്ന് വ്യത്യസ്തമായി, ധ്യാനത്തോടെ (തദബ്ബുര്‍) പാരായണം ചെയ്യുന്ന എല്ലാവര്‍ക്കും ഇത് അനുഭവപ്പെടുന്ന ഒന്നാണ്.''
തഫ്‌സീറുകളില്‍ നിന്ന് വേര്‍തിരിച്ചെടുത്ത ഫാത്തിഹയുടെ മഹത്വങ്ങളാണ് ഈ ലേഖനത്തില്‍ വിശകലനം ചെയ്യുന്നത്. ഫാത്തിഹയിലെ ഏഴ് ചെറിയ ആയത്തുകളിലൂടെയും ധാര്‍മിക പാഠങ്ങള്‍ എപ്രകാരമാണ് പകരുന്നതെന്ന് മനസ്സിലാക്കാം. The Straight Path: How Surah Al-Fatihah Addresses Modern Ideologies എന്ന പുസ്തകത്തില്‍ പ്രതിപാദിച്ചിട്ടുള്ളവയുടെ രത്‌നച്ചുരുക്കമാണ് ഇവിടെ ഉള്‍പ്പെടുത്തിയത്.
'അല്‍ഹംദുലില്ലാഹ്' (സര്‍വ സ്തുതിയും അല്ലാഹുവിനാണ്) എന്നാല്‍ എല്ലാ നന്മകളും അല്ലാഹുവില്‍ നിന്നാണെന്നും അവന്‍ എല്ലാ വിധത്തിലും പൂര്‍ണനാണെന്നുമാണ് ഉദ്ദേശ്യം. ഈ പ്രസ്താവനയിലൂടെ, അല്ലാഹുവിനോടുള്ള പരമമായ സ്‌നേഹവും നന്ദിയും നാം പ്രകടിപ്പിക്കുകയാണ്. ഹംദ് (സ്തുതി) എന്ന വാക്ക് ശുക്ര്‍ (നന്ദി) എന്നതിനെ ഉള്‍ക്കൊള്ളുന്നുണ്ടെങ്കിലും, അത് അതിനപ്പുറത്തേക്കു പോകുന്നു.

കാരണം ഒരാള്‍ അല്ലാഹുവിനെ അവന്റെ അനുഗ്രഹങ്ങള്‍ക്ക് മാത്രമല്ല അവന്റെ മനോഹരമായ നാമങ്ങളെയും ഗുണങ്ങളെയും സ്തുതിക്കുന്നു. ഇത് സനാഅ് (സ്തുതി എന്നതിന്റെ മറ്റൊരു വാക്ക്) ഉള്‍ക്കൊള്ളുന്നു. അതായത് ഹൃദയത്തോട് കൂടുതല്‍ അടുത്ത് നില്‍ക്കുന്നു. അല്ലാഹു മറ്റെന്തിനേക്കാളും നമുക്ക് പ്രിയപ്പെട്ടവനാണെന്ന് ഉറപ്പാക്കലാണ് ഇത്. നമ്മുടെ ആത്മാവിന്റെ സ്‌കാന്‍ നമുക്ക് മുന്നില്‍ വെച്ച് സൂറ അതിന്റെ അര്‍ഥങ്ങള്‍ നമ്മള്‍ പാലിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്തുന്നു.
അല്ലാഹുവിനുള്ള സ്തുതി
അല്‍ഹംദുലില്ലാഹ് എന്ന വാചകം വസ്തുതയായും അതേസമയം ഒരു നിര്‍ദേശമായും പ്രവര്‍ത്തിക്കുന്നു. 'ദൈവത്തെ സ്തുതിക്കുക' (ഇഹ്മദു അല്ലാഹ്) അല്ലെങ്കില്‍ 'സ്തുതി ദൈവത്തിന്റേതാണെന്ന് പറയുക' (ഖുല്‍ അല്‍ഹംദുലില്ലാഹ്) എന്ന രീതിയില്‍ നിന്ന് മാറി നേരിട്ട് പ്രഖ്യാപനം നടത്തുകയാണ് ചെയ്യുന്നത്.
സ്രഷ്ടാവിനെ സ്തുതിക്കുക എന്നത് മനുഷ്യന്റെ ഏറ്റവും സ്വാഭാവികമായ പ്രേരണയാണെന്ന് ഇത് നമ്മെ കാണിക്കുന്നു. നാം അത് തിരിച്ചറിഞ്ഞാലും ഇല്ലെങ്കിലും സ്തുതി സ്രഷ്ടാവിനുള്ളതാണ്. ഒരു ക്രിയയ്ക്ക് പകരം ഒരു നാമം ഉപയോഗിച്ച് വാക്യം പ്രകടിപ്പിക്കുന്നതിലൂടെ (ഉദാ: 'ഞങ്ങള്‍ അല്ലാഹുവിനെ സ്തുതിക്കുന്നു'), അത് ഒരു കാലഘട്ടത്തിനുള്ളില്‍ ഒതുങ്ങിപ്പോകുന്നുമില്ല.
റബ്ബിനെ അറിയുക
അല്ലാഹുവാണ് ഞങ്ങളുടെ റബ്ബ് എന്ന് നാം പ്രഖ്യാപിക്കുമ്പോള്‍ അത് എന്താണ് അര്‍ഥമാക്കുന്നത്? ഇബ്‌നു ജരീര്‍ അത്ത്വബരി വിശദീകരിക്കുന്നതുപോലെ, ഭാഷാപരമായി, ഈ വാക്ക് അനുസരിക്കേണ്ട യജമാനനെ (അല്‍ സയ്യിദ് അല്‍മുതാ), ഉടമ (അല്‍മാലിക്), ഒരു കാര്യം ശരിയാക്കുന്നവന്‍ (അല്‍ മുസ്‌ലിഹ് ലില്‍ ഷയ്) എന്നിവയെ അര്‍ഥമാക്കുന്നു.
ആദ്യത്തെ അര്‍ഥം അവന്റെ മാര്‍ഗനിര്‍ദേശം അനുസരിക്കാന്‍ നാം ആത്മാര്‍ഥമായി പരിശ്രമിക്കുന്നു എന്നാണ്. രണ്ടാമത്തേത്, നമ്മുടെ കൈവശമുള്ളതെല്ലാം അവന്‍ നമ്മെ ഏല്‍പിച്ചതാണെന്ന് ഓര്‍മിപ്പിക്കുന്നു. മൂന്നാമത്തേത്, ഒരു ലക്ഷ്യം നിറവേറ്റുന്നതിനാണ് അവന്‍ നമ്മെ സൃഷ്ടിച്ചതെന്നും യഥാര്‍ഥ പുണ്യം കൈവരിക്കുന്നതിനുള്ള മാര്‍ഗനിര്‍ദേശം നല്‍കുന്നുവെന്നും ഓര്‍മിപ്പിക്കുന്നു.
പ്രപഞ്ചത്തിലെ എല്ലാറ്റിനെയും അവന്‍ പരിപാലിക്കുന്നതുപോലെ, നമ്മുടെ ആത്മാക്കളെ പരിപോഷിപ്പിക്കുന്നതിനുള്ള ഏറ്റവും മികച്ച മാര്‍ഗനിര്‍ദേശം നമ്മുടെ റബ്ബ് നമുക്ക് നല്‍കുന്നുണ്ട്. മേല്‍പറഞ്ഞ അര്‍ഥങ്ങള്‍ നമ്മള്‍ യഥാര്‍ഥത്തില്‍ ആന്തരികവത്കരിച്ചാല്‍, ഇസ്‌ലാം ഒരു സമ്പൂര്‍ണ വീക്ഷണവും ഏറ്റവും ധാര്‍മികവും സദ്ഗുണപൂര്‍ണവുമായ ജീവിതം നയിക്കാനുള്ള പാതയും എങ്ങനെ വാഗ്ദാനം ചെയ്യുന്നുവെന്ന് നമുക്ക് കാണാം.
അല്ലാഹുവിന്റെ സ്‌നേഹം
ഈ അധ്യായം അല്ലാഹുവിന്റെ റഹ്മ (കരുണ) എന്ന ഗുണത്തെ ഊന്നിപ്പറയുന്നു, അതായത് അവന്‍ കരുണാമയനും ദയാലുവും കരുതലുള്ളവനും സ്‌നേഹനിധിയുമാണ്. ഭാഷാപരമായി ഈ പദം റഹീം (ഗര്‍ഭപാത്രം) എന്ന പദവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇത് അല്ലാഹുവിന് സൃഷ്ടികളോടുള്ള കാരുണ്യത്തിന്റെ ആഴമേറിയ സ്വഭാവത്തെ കാണിക്കുന്നു. ഒരു അമ്മയുടെ കുഞ്ഞിനോടുള്ള സ്‌നേഹത്തിലും കരുതലിലും വലുതാണ് ഇത്.
അല്ലാഹുവിന്റെ നീതി പൂര്‍ണം
'വിധി പറയുന്ന ദിവസത്തിന്റെ യജമാനന്‍' എന്ന വാക്യം അല്ലാഹുവിന്റെ നീതി പൂര്‍ണമായും പ്രകടമാകുന്ന ദിവസത്തെ ഓര്‍മിപ്പിക്കുന്നു. ആ ദിവസം അവന്‍ പറയും: ''ഞാന്‍ ആണ് യഥാര്‍ഥ ഉടമ (അല്‍ മാലിക്), ഞാനാണ് യഥാര്‍ഥ ന്യായാധിപന്‍ (അല്‍ ദയ്യാന്‍). സ്വര്‍ഗത്തിലേക്കുള്ള ആരും സ്വര്‍ഗത്തില്‍ പ്രവേശിക്കുകയോ നരകത്തിലേക്കുള്ള ആരും നരകത്തില്‍ പ്രവേശിക്കുകയോ ചെയ്യരുത്. അവനു മേലുള്ള ഏതെങ്കിലും പരാതി ഞാന്‍ വിധിക്കുന്നതുവരെ, അത് ഒരു അടിയോളം ചെറുതാണെങ്കില്‍ പോലും.''

ഇസ്‌ലാം പഠിപ്പിക്കുന്ന തികഞ്ഞ നീതിയും സമ്പൂര്‍ണ ഉത്തരവാദിത്തവുമാണ് ഇത്. അതായത് ദൈവിക നീതിയുടെ കോടതിയില്‍ മറ്റൊരാളുടെ അവകാശങ്ങള്‍ക്കെതിരായ ചെറിയ ലംഘനത്തിനു പോലും തക്കതായ ശിക്ഷ ഉണ്ടാകും.
വ്യാകരണ- മനശ്ശാസ്ത്രപരമായ മാറ്റങ്ങള്‍
ഇസ്‌ലാമിക വീക്ഷണകോണില്‍ അല്ലാഹുവിനെയും അവന്റെ ദിവ്യഗുണങ്ങളെയും കുറിച്ചുള്ള ശരിയായ അറിവ് നേടുന്നതാണ് ഈ ലോകത്ത് എങ്ങനെ ജീവിക്കാമെന്നും ധാര്‍മിക പെരുമാറ്റം പിന്തുടരാമെന്നും അറിയാനുള്ള അടിസ്ഥാനം. അല്‍ ഫാത്തിഹയില്‍ ഇത് പ്രതിഫലിക്കുന്നത് നമുക്ക് കാണാം.
ന്യായവിധി ദിവസത്തിലും അവന്റെ സമ്പൂര്‍ണ പരമാധികാരത്തിനും നീതിക്കും കീഴില്‍ നാം അല്ലാഹുവിന്റെ മുമ്പാകെ കണക്കു ബോധിപ്പിക്കേണ്ടിവരുമെന്ന് അത് ഓര്‍മിപ്പിക്കുന്നു.
അല്ലാഹുവിനെക്കുറിച്ച് സംസാരിക്കുന്നതില്‍ നിന്ന് അല്ലാഹുവിനോട് നേരിട്ട് സംസാരിക്കുന്നതിലേക്ക് ഒരു വ്യാകരണപരമായ മാറ്റമുണ്ട്. 'അല്ലാഹുവിന് സ്തുതി' എന്നതില്‍ നിന്ന് 'നിന്നെ മാത്രമേ ഞങ്ങള്‍ ആരാധിക്കുന്നുള്ളൂ' (ഇയ്യാക നഅ്ബുദു) എന്നതിലേക്കുള്ള മാറ്റം. ദൈവത്തിന്റെ പൂര്‍ണതയുടെ ഗുണങ്ങളെക്കുറിച്ച് ശരിയായ ധാരണ നേടിയ ശേഷം ക്രിയാപദങ്ങള്‍ ഉപയോഗിച്ച് സംസാരിക്കുന്ന ശൈലി ഇത് കാണിക്കുന്നു.
തൗഹീദിന്റെ വിഭാഗങ്ങള്‍
ആരാധനയുടെയും പ്രാര്‍ഥനയുടെയും മര്യാദകള്‍ പഠിപ്പിക്കുന്നതിനു പുറമേ, അല്‍ഫാത്തിഹയുടെ പ്രാരംഭ വാക്യങ്ങളില്‍ തൗഹീദിന്റെ (ഏകദൈവവിശ്വാസം) വിഭാഗങ്ങളും കാണപ്പെടുന്നു. പ്രപഞ്ചത്തിന്റെ ഏക നാഥനും സ്രഷ്ടാവുമായ റബ്ബ് എന്ന നിലയില്‍ ദൈവത്തെ വിവരിക്കുന്നതില്‍ തൗഹീദ് അല്‍ റുബൂബിയ (അല്ലാഹുവിന്റെ കര്‍ത്തൃത്വത്തിന്റെ ഏകത്വം), അവന്റെ അതുല്യമായ മഹത്തായ കാരുണ്യത്തെയും ന്യായവിധി ദിനത്തിലെ അവന്റെ പരമാധികാരത്തെയും വിവരിക്കുന്ന വാക്യങ്ങളില്‍ തൗഹീദ് അല്‍ അസ്മ വല്‍ സിഫാത്ത് (അല്ലാഹുവിന്റെ ദിവ്യനാമങ്ങളുടെയും ഗുണങ്ങളുടെയും ഏകത്വം), അവനെ മാത്രം ആരാധിക്കുന്നതിനെ വിവരിക്കുന്നതില്‍ തൗഹീദ് അല്‍ ഉലൂഹിയ്യ (അല്ലാഹുവിന്റെ മാത്രം ആരാധനയ്ക്കുള്ള അവകാശത്തിന്റെ ഏകത്വം) എന്നിവ കാണാം.
ആരാധനയുടെ വികാരങ്ങള്‍
ആരാധനയുടെ എല്ലാ വികാരങ്ങളും ഈ അധ്യായത്തില്‍ കാണാം. ഇബ്‌നുല്‍ ഖയ്യിം പറയുന്നു: ''അല്ലാഹുവിലേക്കുള്ള യാത്രയില്‍ ഹൃദയം ഒരു പക്ഷിയെപ്പോലെയാണ്: സ്‌നേഹമാണ് അതിന്റെ തല. ഭയവും പ്രത്യാശയും അതിന്റെ ചിറകുകളാണ്.'' ആദ്യ വാക്യമായ അല്‍ഹംദുലില്ലാഹ് സ്‌നേഹത്തെ അര്‍ഥമാക്കുന്നു. അര്‍റഹ്മാന്‍, അര്‍റഹീം എന്നീ ദിവ്യനാമങ്ങളാല്‍ സൂചിപ്പിച്ചിരിക്കുന്ന അല്ലാഹുവിന്റെ വിശാലവും അപാരവുമായ കാരുണ്യത്തെക്കുറിച്ച് നമ്മെ ഓര്‍മിപ്പിക്കുന്നതിലൂടെ രണ്ടാമത്തെ വാക്യം പ്രത്യാശയെ അര്‍ഥമാക്കുന്നു.
മൂന്നാമത്തെ വാക്യം ഭയത്തെ അര്‍ഥമാക്കുന്നു. കാരണം ന്യായവിധി ദിവസത്തിലും അവന്റെ സമ്പൂര്‍ണ പരമാധികാരത്തിനും നീതിക്കും കീഴില്‍ നാം അല്ലാഹുവിന്റെ മുമ്പാകെ കണക്കു ബോധിപ്പിക്കേണ്ടിവരുമെന്ന് അത് ഓര്‍മിപ്പിക്കുന്നു. മാത്രമല്ല, 'നിന്നെ മാത്രമേ ഞങ്ങള്‍ ആരാധിക്കുന്നുള്ളൂ' എന്ന വാക്യത്തില്‍ സ്‌നേഹം പുനഃപരിശോധിക്കുന്നു. 'നീ അനുഗ്രഹം നല്‍കിയവരുടെ പാത' എന്ന വാക്യത്തില്‍ പ്രത്യാശ പുനഃപരിശോധിക്കുന്നു. 'കോപം അനുഭവിക്കുകയോ വഴിതെറ്റുകയോ ചെയ്തവരുടെ പാതയല്ല' എന്ന വാക്യത്തില്‍ ഭയം പുനഃപരിശോധിക്കുന്നു.
(അവസാനിക്കുന്നില്ല)
വിവ. അഫീഫ ഷെറിന്‍