സ്രഷ്ടാവിലേക്ക് അടുപ്പിക്കുന്ന സുന്നത്ത് നോമ്പുകള്‍


തിന്മകള്‍ നിറഞ്ഞ ലോകത്തു നിന്ന് മനുഷ്യനെ അകറ്റിനിര്‍ത്താന്‍ ഭക്തിയുടെ പ്രതിരോധ സംവിധാനം തീര്‍ക്കേണ്ടതുണ്ട്. ആ ലക്ഷ്യം നേടിയെടുക്കാന്‍ സഹായിക്കുന്ന ആരാധനാ കര്‍മങ്ങളില്‍ പ്രമുഖമാണ് വ്രതം.

തിന്മകള്‍ ധാരാളം നിറഞ്ഞ ലോകത്താണ് മനുഷ്യന്‍ ജീവിക്കുന്നത്. അതില്‍ നിന്നെല്ലാം അവനെ അകറ്റിനിര്‍ത്താന്‍ ഭക്തിയുടെ ഒരു പ്രതിരോധ സംവിധാനം തീര്‍ക്കേണ്ടതുണ്ട്. പ്രസ്തുത ലക്ഷ്യം നേടിയെടുക്കുന്നതിന് സഹായിക്കുന്ന ആരാധനാ കര്‍മങ്ങളില്‍ പ്രമുഖമാണ് വ്രതം.

അല്ലാഹു അനുവദിച്ച അനുഗ്രഹങ്ങളില്‍ ചിലതിനെ നിര്‍ണിത സമയത്തേക്ക് അവന്റെ തൃപ്തി ലക്ഷ്യമാക്കി അകറ്റിനിര്‍ത്തുക വഴി മനോസ്ഥൈര്യം കൈവരിക്കാന്‍ കഴിഞ്ഞ ഒരുവന്, അല്ലാഹു വിലക്കിയതില്‍ നിന്ന് അകന്നുപോകാന്‍ ബുദ്ധിമുട്ടുണ്ടാകില്ല. അതിനാലാണ് നോമ്പ് ഒരു പരിചയും നരകത്തില്‍ നിന്നു രക്ഷപ്പെടുത്തുന്ന സുശക്തമായ കോട്ടയുമാണ് (അഹ്മദ് 9225) എന്ന് പ്രവാചക തിരുമേനി(സ) പറഞ്ഞത്.

ഓരോ സത്പ്രവര്‍ത്തനങ്ങള്‍ക്കും 10 മുതല്‍ 700 ഇരട്ടി വരെയാണ് പരലോകത്ത് പ്രതിഫലം ലഭിക്കുക. എന്നാല്‍ വ്രതത്തിന്റെ പ്രതിഫലം എത്രയെന്ന് പറയാതെ അല്ലാഹു അത് രഹസ്യമാക്കി വെച്ചിരിക്കുകയാണ്. അത് എനിക്കുള്ളതാണ്, ഞാന്‍ തന്നെ അതിന് പ്രതിഫലം നല്‍കുകയും ചെയ്യും (മുസ്‌ലിം 2763) എന്നാണ് തത്‌സംബന്ധമായി അല്ലാഹു അരുളിയത്. അതിനാല്‍ നോമ്പ് പോലെ അല്ലാഹുവിന്റെ അടുക്കല്‍ നിന്നു നമുക്ക് പ്രയോജനകരമായ മറ്റൊരു കാര്യമില്ല (നസാഈ 2221).

ഒരു ദിവസത്തെ വ്രതാനുഷ്ഠാനം കൊണ്ടുതന്നെ നരകത്തില്‍ നിന്ന് ഒരു മനുഷ്യന്റെ മുഖം എഴുപത് വര്‍ഷക്കാലത്തേക്ക് അകറ്റപ്പെടും (മുസ്‌ലിം 2767) എന്നു പറയുമ്പോള്‍ അതിന്റെ പ്രതിഫലം നമ്മുടെ ഊഹങ്ങള്‍ക്കും അപ്പുറമാണെന്നതില്‍ സംശയമില്ലല്ലോ. നോമ്പ് അനുഷ്ഠിക്കുന്നവര്‍ക്കായി സ്വര്‍ഗത്തില്‍ റയ്യാന്‍ എന്നു വിളിക്കപ്പെടുന്ന കവാടമുണ്ട്. അവരല്ലാതെ മറ്റാരും അതിലൂടെ പ്രവേശിക്കുകയില്ല. അങ്ങനെ അവരിലെ അവസാനത്തെ വ്യക്തിയും പ്രവേശിച്ചുകഴിഞ്ഞാല്‍ അത് അടയ്ക്കപ്പെടും. അതിലൂടെ പ്രവേശിച്ചവര്‍ക്ക് കുടിക്കാന്‍ നല്‍കപ്പെടും. അതിനു ശേഷം ഒരിക്കലും അവര്‍ക്ക് ദാഹിക്കുകയില്ല (നസാഈ 2236).

ഖുദ്‌സിയായ ഹദീസില്‍ അല്ലാഹു പറഞ്ഞതായി ഇപ്രകാരം കാണാം: അവന്റെ മേല്‍ നിര്‍ബന്ധമാക്കിയ കര്‍മങ്ങള്‍ നിര്‍വഹിച്ചുകൊണ്ട് എന്റെ സാമീപ്യം നേടുന്നതുപോലെ ഒരടിമയും എന്റെ സാമീപ്യം നേടിയിട്ടില്ല. എന്നിട്ട് ഐച്ഛികമായ (സുന്നത്തായ) കര്‍മങ്ങള്‍ നിര്‍വഹിച്ചുകൊണ്ട് എന്റെ അടിമ എനിക്കേറെ പ്രിയപ്പെട്ടവനാകും വിധം എന്നോട് അടുക്കുന്നു (ബുഖാരി 6502).

റമദാന്‍ നോമ്പ് മാത്രമാണ് ഇസ്‌ലാമില്‍ നിര്‍ബന്ധമാക്കപ്പെട്ട വ്രതാനുഷ്ഠാനം. എന്നാല്‍, അല്ലാഹുവിനോട് കൂടുതല്‍ അടുക്കുന്നതിനും അവന് ഏറ്റവും പ്രിയങ്കരനായിത്തീരുന്നതിനും വേണ്ടി സുന്നത്തായ ധാരാളം നോമ്പുകള്‍ നിശ്ചയിച്ചിട്ടുണ്ട്. സ്വര്‍ഗപ്രാപ്തിക്ക് നിര്‍ബന്ധമായ കര്‍മങ്ങള്‍ മാത്രം മതിയാകുമെങ്കിലും സുന്നത്തായ കര്‍മങ്ങള്‍ കൊണ്ട് ധാരാളം നന്മകളും പ്രയോജനങ്ങളുമുണ്ട്.

കര്‍മങ്ങളുടെ തോതനുസരിച്ച് സ്വര്‍ഗത്തില്‍ ലഭിക്കാവുന്ന പദവികളും വ്യത്യാസപ്പെട്ടുകൊണ്ടിരിക്കും. കൂടുതല്‍ സുന്നത്തുകള്‍ അനുഷ്ഠിക്കുക വഴി അല്ലാഹുവിന്റെ സാമീപ്യം കൂടുതല്‍ കരസ്ഥമാക്കാനും കഴിയും. ''ഓരോരുത്തര്‍ക്കും അവരവര്‍ പ്രവര്‍ത്തിച്ചതിന്റെ ഫലമായി പല പദവികളുണ്ട്'' (അല്‍അന്‍ആം 132). നിശ്ചയം, സ്വര്‍ഗവാസികള്‍, അവര്‍ തമ്മിലുള്ള പദവി വ്യത്യാസം കാരണം ചക്രവാളത്തില്‍ കിഴക്കു നിന്ന് പടിഞ്ഞാറോട്ട് നീങ്ങുന്ന തിളക്കമുള്ള നക്ഷത്രത്തെ കാണുന്നതുപോലെ അവര്‍ക്കു മുകളില്‍ മണിമാളികകളിലുള്ളവരെ കാണും (ബുഖാരി 3083, മുസ്‌ലിം 2831).

അപ്പോള്‍ ബുദ്ധിമാനായ ഒരു വിശ്വാസി സ്വര്‍ഗത്തിലേക്കുള്ള പദവികള്‍ കൂടി ലക്ഷ്യമാക്കേണ്ടതുണ്ട്.

അല്ലാഹു നിര്‍ബന്ധമാക്കിയ കര്‍മങ്ങളില്‍ നിന്ന് ഒന്നും കുറയ്ക്കില്ല, സുന്നത്തായ കര്‍മങ്ങളൊന്നും അനുഷ്ഠിക്കുകയുമില്ല എന്നു പറഞ്ഞ ഗ്രാമീണനോട് അവന്‍ ആ പറഞ്ഞതില്‍ സത്യസന്ധത പുലര്‍ത്തുന്നുവെങ്കില്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കും (ബുഖാരി 6956, നസാഈ 2090) എന്ന് തിരുദൂതര്‍ അരുളിയിട്ടുണ്ട്.

എന്നിരുന്നാലും നിര്‍ബന്ധ കര്‍മങ്ങളില്‍ മാനുഷികമായ വീഴ്ചകള്‍ സംഭവിക്കുക സ്വാഭാവികമാണ്. നിര്‍ബന്ധമായ നോമ്പുകളില്‍ വന്നുപോയ വീഴ്ചകള്‍ സുന്നത്തായ നോമ്പു കൊണ്ട് പരിഹരിക്കപ്പെടുമെന്നാണ് പ്രവാചക വചനങ്ങളുടെ ആശയത്തില്‍ നിന്ന് (നസാഈ 466, തിര്‍മിദി 413) ഗ്രഹിക്കാന്‍ കഴിയുന്നത്.

പൊതുവായ സുന്നത്ത് നോമ്പുകള്‍ എന്നും നിര്‍ണിതമായ സുന്നത്തു നോമ്പുകള്‍ എന്നും ഐച്ഛിക വ്രതത്തെ രണ്ടായി വിഭജിക്കാറുണ്ട്.

നോമ്പ് പാടില്ലെന്ന് പറഞ്ഞ ദിവസമൊഴികെ മറ്റേതു ദിവസവും മുസ്ലിമിന്ന് നിര്‍വഹിക്കാന്‍ കഴിയുന്നവയാണ് സുന്നത്ത് നോമ്പുകള്‍. ഒന്നിടവിട്ട ദിവസങ്ങളില്‍ നോമ്പെടുക്കുന്നത് (ബുഖാരി 1131) ഇത്തരത്തില്‍പെട്ട ഒന്നാണ്. ആയിശ(റ) ഉദ്ധരിക്കുന്ന ഒരു ഹദീസില്‍ ഇപ്രകാരം കാണാം: ഒരിക്കല്‍ പ്രവാചകന്‍ എന്റെ അരികില്‍ വന്നിട്ട് ചോദിച്ചു: (ഭക്ഷിക്കാനായി) നിന്റെ അരികില്‍ വല്ലതുമുണ്ടോ? ഇല്ല എന്ന് മഹതി മറുപടി പറഞ്ഞപ്പോള്‍ റസൂല്‍ പറഞ്ഞു: എന്നാല്‍ എനിക്ക് നോമ്പാണ് (തിര്‍മിദി 733, മുസ്‌ലിം 1154). ഈ സംഭവം പൊതുവായ സുന്നത്ത് നോമ്പിന് ഉദാഹരണമാണ്.

നബി(സ) നിശ്ചയിച്ചുതന്ന പ്രത്യേക ദിവസങ്ങളിലും നിര്‍ണിതമായ എണ്ണത്തിലും ഉള്ള നോമ്പുകളാണ് നിര്‍ണിതമായ സുന്നത്ത് നോമ്പുകള്‍ കൊണ്ട് ഉദ്ദേശിക്കുന്നത്. പ്രത്യേക വ്യക്തികള്‍ക്ക് മാത്രമുള്ളത്, പ്രത്യേക സമയത്ത് മാത്രമുള്ളത് എന്നിങ്ങനെ നിര്‍ണിതമായ സുന്നത്ത് നോമ്പുകളെ രണ്ടായി തിരിക്കാറുണ്ട്. അവിവാഹിതരോട് അവരുടെ വികാരശമനത്തിനും പവിത്രത സംരക്ഷിക്കുന്നതിനും ഉപയുക്തമാകാനായി നോമ്പ് അനുഷ്ഠിക്കാന്‍ കല്‍പിച്ചത് (ബുഖാരി 5066, മുസ്‌ലിം 1400) ആദ്യത്തെ വിഭാഗത്തിലും തിങ്കള്‍, വ്യാഴം ദിവസങ്ങളിലെ നോമ്പുകള്‍, ഓരോ മാസത്തിലെയും മൂന്നു നോമ്പുകള്‍ മുതലായവ രണ്ടാമത്തെ വിഭാഗത്തിലും ഉള്‍പ്പെടുന്നു.

അറഫ നോമ്പ്

ദുല്‍ഹിജ്ജയിലെ ഒമ്പതാം ദിവസമാണ് അറഫാ ദിനം. അറഫയില്‍ സംഗമിക്കാത്തവര്‍ക്ക് മാത്രം മുസ്തഹബ്ബായുള്ള നോമ്പാണിത്. അറഫയില്‍ നില്‍ക്കുന്നവര്‍ നോമ്പ് നോല്‍ക്കാതിരിക്കലാണ് ഉത്തമം എന്ന് ഇമാം ശാഫിഈ പറഞ്ഞതായി ഇമാം നവവി രേഖപ്പെടുത്തുന്നു (മജ്മൂഅ് 6:428). അറഫ നോമ്പിനെപ്പറ്റി നബി(സ) പറഞ്ഞു: അറഫാ ദിനത്തിലെ നോമ്പ്, കഴിഞ്ഞ വര്‍ഷത്തെയും വരാനിരിക്കുന്ന വര്‍ഷത്തെയും (ചെറിയ) പാപങ്ങള്‍ക്ക് പ്രായശ്ചിത്തമാകുമെന്ന് അല്ലാഹുവിങ്കല്‍ നിന്നു ഞാന്‍ പ്രതീക്ഷിക്കുന്നു (മുസ്‌ലിം 1162).

ശവ്വാലിലെ ആറു ദിനങ്ങള്‍

അബൂഅയ്യൂബില്‍ അന്‍സാരി(റ)യില്‍ നിന്ന് നിവേദനം ചെയ്യുന്ന ഒരു ഹദീസില്‍ നബി(സ) പറഞ്ഞതായി കാണാം: ആരെങ്കിലും റമദാന്‍ വ്രതമനുഷ്ഠിക്കുകയും അതേത്തുടര്‍ന്ന് ശവ്വാലില്‍ ആറു ദിവസം നോമ്പ് അനുഷ്ഠിക്കുകയും ചെയ്താല്‍ അവന്‍ (ഫലത്തില്‍ വര്‍ഷം) മുഴുവന്‍ നോമ്പ് അനുഷ്ഠിച്ചതിന് സമാനമാണ് (മുസ്‌ലിം 1164).

ഈ ഹദീസിനെ വിശദീകരിച്ചുകൊണ്ട് ഇമാം ശൗക്കാനി എഴുതുന്നു: ഹദീസില്‍ നിന്നു വ്യക്തമാകുന്നത് തുടക്കത്തിലായാലും മധ്യത്തിലായാലും അവസാനത്തിലായാലും ശവ്വാലില്‍ ആറു ദിവസം നോമ്പ് അനുഷ്ഠിച്ചാല്‍ മതിയെന്നാണ്. ഈ ദിവസങ്ങള്‍ തുടര്‍ച്ചയായിരിക്കണമെന്നോ, അവയ്ക്കിടയില്‍ (ഈദുല്‍ ഫിത്ര്‍) ദിവസം ഒഴികെയുള്ള ഇടവേളകള്‍ ഇല്ലാതെയായിരിക്കണമെന്നോ ഉള്ള നിബന്ധനകള്‍ ഒന്നുമില്ല. എന്നിരുന്നാലും അപ്രകാരം നോമ്പ് അനുഷ്ഠിക്കുകയാണെങ്കില്‍ അതാണ് നല്ലത്.

എല്ലാ രൂപങ്ങളും ശരിയാണെങ്കിലും, അവയ്ക്കും റമദാന്‍ മാസത്തിനും ഇടയില്‍ പെരുന്നാളിന്റെ ദിനമൊഴികെ ഒരു ഇടവേളയുമില്ലാതെ നോമ്പ് അനുഷ്ഠിക്കുന്നതാണ് കൂടുതല്‍ ഉത്തമം (വബില്‍ അല്‍ ഗമാം 1:520).

ഇമാം മുസ്‌ലിം, തിര്‍മിദി, അബൂദാവൂദ് മുതലായവര്‍ ഉദ്ധരിക്കുന്ന മേല്‍ ഹദീസിന്റെ പരമ്പരയില്‍ സഅ്ദ് ബിന്‍ സഈദ് ബിന്‍ ഖൈസ് എന്നൊരു റാവി വരുന്നുണ്ട്.

അദ്ദേഹത്തെ പലരും ദുര്‍ബലനാക്കുന്നു എന്ന കാരണത്താല്‍ ശവ്വാലിലെ ആറു നോമ്പിന് അടിസ്ഥാനമില്ല എന്നൊരു വാദവും കേള്‍ക്കാം. എന്നാല്‍ സഅ്ദ് ഇല്ലാത്ത സ്വീകാരയോഗ്യമായ പരമ്പരകളിലൂടെ ഇബ്‌നുമാജ 1715, ഇബ്‌നു ഖുസൈമ 2115, ബസ്സാര്‍ 8334 മുതലായവര്‍ ഈ ഹദീസിന്റെ ആശയം നിവേദനം ചെയ്യുന്നുണ്ട്.

ആശൂറാഅ്, താസൂആഅ് നോമ്പുകള്‍

അബൂഹുറയ്‌റ(റ)യില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ഒരു ഹദീസ് ഇപ്രകാരം: റസൂല്‍(സ) പറഞ്ഞു: നോമ്പുകളില്‍ വെച്ച് റമദാന്‍ കഴിഞ്ഞാല്‍ ഏറ്റവും ശ്രേഷ്ഠമായത് അല്ലാഹുവിന്റെ മാസമായ മുഹര്‍റം മാസത്തിലെ നോമ്പാണ് (മുസ്‌ലിം 2812). മുഹര്‍റം മാസത്തിലെ ഒമ്പതാമത്തെ ദിനത്തിന് താസൂആ എന്നും പത്താമത്തെ ദിനത്തിന് ആശൂറാഅ് എന്നും വിളിക്കുന്നു. ഈ ദിനങ്ങളില്‍ നോമ്പെടുക്കല്‍ സുന്നത്താണ്, പ്രത്യേകിച്ച് പത്താമത്തെ ദിനത്തില്‍.

മൂസാ നബി(അ)യെയും അനുചരന്മാരെയും അല്ലാഹു രക്ഷിച്ച ദിവസമാണ് ആശൂറാഅ്. നന്ദിസൂചകമായി മൂസാ നബി(അ) അന്ന് നോമ്പ് അനുഷ്ഠിച്ചു. ആയിശ(റ) പറയുന്നു: ജാഹിലിയ്യാ കാലത്ത് ഖുറൈശികള്‍ ആശൂറാഇന്റെ നോമ്പ് അനുഷ്ഠിച്ചിരുന്നു. നബിയും അത് അനുഷ്ഠിച്ചിരുന്നു. തിരുമേനി മദീനയിലേക്ക് വന്നപ്പോള്‍ അത് അനുഷ്ഠിക്കുകയും ജനങ്ങളോട് അനുഷ്ഠിക്കാന്‍ കല്‍പിക്കുകയും ചെയ്തു. റമദാന്‍ (നോമ്പ്) നിര്‍ബന്ധമാക്കിയപ്പോള്‍ ആശൂറാഇന്റെ നോമ്പ് ഉപേക്ഷിച്ചു.

നോമ്പ് അനുഷ്ഠിക്കാന്‍ ഉദ്ദേശിക്കുന്നവര്‍ അത് അനുഷ്ഠിക്കുകയും ഉദ്ദേശിക്കാത്തവര്‍ അത് ഒഴിവാക്കുകയും ചെയ്തു (ബുഖാരി 4504). ആശൂറാഅ് ദിനവും റമദാന്‍ മാസത്തിലും ഒഴികെ മറ്റൊരു ദിവസവും നോമ്പെടുക്കാന്‍ പ്രവാചകന്‍(സ) ഇത്രയധികം താല്‍പര്യം കാണിക്കുന്നത് ഞാന്‍ കണ്ടിട്ടില്ല എന്ന് ഇബ്‌നു അബ്ബാസും(റ) പറയുന്നു (ബുഖാരി 2006). കഴിഞ്ഞുപോയ ഒരു വര്‍ഷത്തെ ചെറിയ പാപങ്ങള്‍ക്കുള്ള പ്രായശ്ചിത്തമായി ആശൂറാഅ് ദിനത്തിലെ നോമ്പിനെ കണക്കാക്കാവുന്നതാണ് (മുസ്‌ലിം 1976).

യഹൂദരില്‍ നിന്ന് വ്യത്യസ്തരാകാന്‍ ആശൂറാഅ് ദിനത്തോടൊപ്പം തലേ ദിവസമോ പിറ്റേന്നോ നോമ്പെടുക്കാവുന്നതാണ്. അടുത്ത വര്‍ഷം ഞാന്‍ ജീവിച്ചിരിപ്പുണ്ടെങ്കില്‍ തീര്‍ച്ചയായും ഒമ്പതിന് നോമ്പെടുക്കും (മുസ്‌ലിം 1134) എന്ന പ്രവാചക വചനത്തിന്റെ വെളിച്ചത്തില്‍ താസൂആ നോമ്പ് അനുഷ്ഠിക്കുന്നതും സുന്നത്തില്‍ ഉള്‍പ്പെടുന്നതാണ് (അല്ലാഹു അഅ്‌ലം).

മാസത്തിലെ മൂന്നു നോമ്പുകള്‍

നബി(സ) പറഞ്ഞു: ഹൃദയത്തിലെ ചൂടിനെ (മാലിന്യങ്ങളെ) നീക്കിക്കളയുന്ന ഒന്നിനെപ്പറ്റി ഞാന്‍ നിങ്ങള്‍ക്ക് പറഞ്ഞുതരട്ടെയോ? മാസത്തില്‍ മൂന്നു ദിവസം നോമ്പനുഷ്ഠിക്കുക (നസാഈ 2385, അഹ്മദ് 23070). ഹൃദയത്തിലെ ചൂട് എന്നതുകൊണ്ട് അര്‍ഥമാക്കുന്നത് അതിലെ വഞ്ചനയും വെറുപ്പും കോപവും കാപട്യങ്ങളുമാണ്. മാസത്തില്‍ മൂന്നു ദിവസം നോമ്പ് അനുഷ്ഠിക്കുന്നതുകൊണ്ട് ഹൃദയവിശുദ്ധി കൈവരിക്കാനാകും എന്നാണ് ഈ ഹദീസ് നമ്മെ പഠിപ്പിക്കുന്നത്.

വര്‍ഷം മുഴുവനും അല്ലെങ്കില്‍ പകുതി നോമ്പ് അനുഷ്ഠിക്കുന്നതിനെപ്പറ്റി ചോദിക്കപ്പെട്ടപ്പോള്‍ അതിനെ നിരുത്സാഹപ്പെടുത്തിക്കൊണ്ടാണ് റസൂല്‍(സ) ഈ ഉപദേശം നല്‍കുന്നത്. മറ്റൊരിക്കല്‍ നബി(സ) പറഞ്ഞു: ഓരോ മാസത്തിലും മൂന്നു ദിവസം നോമ്പ് അനുഷ്ഠിക്കുന്നത് വര്‍ഷം മുഴുവനും നോമ്പ് അനുഷ്ഠിക്കുന്നതിന് തത്തുല്യമാണ് (ബുഖാരി 1979).

നബി(സ) പറഞ്ഞു: ഓരോ മാസത്തിലും മൂന്നു ദിവസം നോമ്പ് അനുഷ്ഠിക്കുന്നത് വര്‍ഷം മുഴുവനും നോമ്പ് അനുഷ്ഠിക്കുന്നതിന് തത്തുല്യമാണ്.

ചന്ദ്രമാസത്തിന്റെ തുടക്കമോ അവസാനമോ മധ്യഭാഗമോ എന്ന വ്യത്യാസമില്ലാതെ ഏത് മൂന്നു ദിവസവും നോമ്പ് അനുഷ്ഠിക്കാവുന്നതാണ് (മുസ്‌ലിം 1160). എന്നിരുന്നാലും വെളുത്ത വാവ് ദിനങ്ങളില്‍ (13, 14, 15 ദിവസങ്ങളില്‍) നോമ്പ് അനുഷ്ഠിക്കുന്നതിനെപ്പറ്റിയും തിങ്കള്‍, വ്യാഴം ദിവസങ്ങളില്‍ നോമ്പ് അനുഷ്ഠിക്കുന്നതിനെപ്പറ്റിയും ഹദീസുകളില്‍ പ്രത്യേകം പരാമര്‍ശിക്കുന്നത് കാണാം. ഇബ്‌നു മില്‍ഹാനല്‍ ഖൈസ്(റ) തന്റെ പിതാവില്‍ നിന്ന് നിവേദനം ചെയ്യുന്ന റിപ്പോര്‍ട്ടില്‍ ഇപ്രകാരം കാണാം: വെളുത്ത വാവ് ദിനങ്ങളില്‍ (അയ്യാമുല്‍ ബീള് അഥവാ) 13ലും 14ലും 15ലും നോമ്പ് അനുഷ്ഠിക്കാന്‍ നബി(സ) ഞങ്ങളോട് കല്‍പിക്കാറുണ്ടായിരുന്നു (അബൂദാവൂദ് 2449).

അതുപോലെത്തന്നെ, അല്ലാഹുവിന്റെ ദൂതന്‍ (മാസത്തിലെ) മൂന്നു ദിവസങ്ങളില്‍ നോമ്പെടുക്കാന്‍ കല്‍പിക്കാറുണ്ടായിരുന്നു: ആദ്യത്തെ ആഴ്ചയിലെ തിങ്കള്‍, വ്യാഴം ദിവസങ്ങളും (രണ്ടാമത്തെ) തിങ്കളാഴ്ചയും എന്ന് ഉമ്മുസലമയും(റ) പറയുന്നു (നസാഈ 2418).

ശഅ്ബാനിലെ നോമ്പ്

ഉസാമ ബിന്‍ സൈദി(റ)ല്‍ നിന്നു നിവേദനം ചെയ്യുന്ന ഹദീസില്‍ അദ്ദേഹം നബി(സ) യോട് ചോദിച്ചതായി കാണാം: അല്ലാഹുവിന്റെ ദൂതരേ, (റമദാന്‍ കഴിഞ്ഞാല്‍ പിന്നെ) ശഅ്ബാനില്‍ താങ്കള്‍ നോമ്പ് അനുഷ്ഠിക്കുന്നത്രയും മറ്റൊരു മാസത്തിലും നോമ്പെടുക്കുന്നത് ഞാന്‍ കണ്ടിട്ടില്ലല്ലോ. അപ്പോള്‍ തിരുമേനി പറഞ്ഞു: റജബിനും റമദാനിനും ഇടയില്‍ ആളുകള്‍ അവഗണിക്കുന്ന ഒരു മാസമാണിത്; ലോക രക്ഷിതാവിലേക്ക് കര്‍മങ്ങള്‍ ഉയര്‍ത്തപ്പെടുന്ന മാസവും. ആയതിനാല്‍ ഞാന്‍ നോമ്പുകാരനായിരിക്കെ എന്റെ കര്‍മങ്ങള്‍ ഉയര്‍ത്തപ്പെടുന്നത് ഞാന്‍ ഇഷ്ടപ്പെടുന്നു (നസാഈ 2357).

തിങ്കള്‍, വ്യാഴം നോമ്പുകള്‍

പ്രവാചക തിരുമേനി പതിവായി അനുഷ്ഠിച്ചിരുന്ന സുന്നത്തു നോമ്പുകളാണ് തിങ്കള്‍, വ്യാഴം ദിവസങ്ങളിലേത്. അല്ലാഹുവിന്റെ ദൂതന്‍ തിങ്കള്‍, വ്യാഴം ദിവസങ്ങളില്‍ നോമ്പ് അനുഷ്ഠിക്കാന്‍ ശ്രദ്ധിച്ചിരുന്നു (നസാഈ 2187) എന്ന് ആയിശ(റ) നിവേദനം ചെയ്യുന്ന ഹദീസില്‍ കാണാം. തിങ്കളാഴ്ചകളിലെയും വ്യാഴാഴ്ചകളിലെയും നോമ്പിനെക്കുറിച്ച് പ്രവാചകനോട് ചോദിച്ചപ്പോള്‍, ലോക രക്ഷിതാവിന്റെ സമക്ഷത്തില്‍ കര്‍മങ്ങള്‍ കാണിച്ചുകൊടുക്കപ്പെടുന്ന രണ്ട് ദിവസങ്ങളാണത്, അതിനാല്‍ നോമ്പുകാരനായിക്കൊണ്ട് എന്റെ കര്‍മങ്ങള്‍ അവന്റെ മുന്നില്‍ സമര്‍പ്പിക്കപ്പെടണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു എന്നാണ് മറുപടി പറഞ്ഞത് (നസാഈ 2358).

മറ്റൊരു സന്ദര്‍ഭത്തില്‍ തിങ്കളാഴ്ച ദിവസത്തെ നോമ്പിനെക്കുറിച്ച് ചോദിച്ചപ്പോള്‍, അന്നാണ് ഞാന്‍ ജനിച്ചത്, ആ ദിവസമാണ് എനിക്ക് (വഹ്‌യ്) ലഭിച്ചത് (മുസ്‌ലിം 1162) എന്നായിരുന്നു നബി തിരുമേനി(സ)യുടെ മറുപടി.

നോമ്പ് വിരോധിച്ച ദിവസങ്ങള്‍

ബലിപെരുന്നാള്‍ ദിവസവും ചെറിയ പെരുന്നാള്‍ ദിവസവും നോമ്പ് അനുഷ്ഠിക്കുന്നത് അല്ലാഹുവിന്റെ റസൂല്‍ വിരോധിച്ചിട്ടുണ്ട് (ബുഖാരി 1990). അതുപോലെത്തന്നെ ബലി പെരുന്നാളിനെ തുടര്‍ന്നുവരുന്ന ദുല്‍ഹിജ്ജ 11, 12, 13 (അയ്യാമുത്തശ്‌രീഖ്) ദിനങ്ങളില്‍ നോമ്പ് അനുഷ്ഠിക്കുന്നതും നിഷിദ്ധമാക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഹജ്ജ് നിര്‍വഹിക്കുന്ന മനുഷ്യന് ബലിമൃഗത്തെ ലഭിക്കാതിരുന്നാല്‍ പ്രസ്തുത ദിനങ്ങളില്‍ നോമ്പ് അനുഷ്ഠിക്കാവുന്നതാണ് (മുവത്വ 841, ബുഖാരി 1998).

വെള്ളിയാഴ്ച മാത്രമായും ശനിയാഴ്ച മാത്രമായും വ്രതമനുഷ്ഠിക്കുന്നതിന് കറാഹത്തിന്റെ പരിധിയില്‍ വരുന്ന വിരോധമുണ്ട്. എന്നാല്‍ തൊട്ടടുത്തുള്ള മറ്റു ദിവസങ്ങളുമായി ഈ ദിനങ്ങള്‍ ചേര്‍ത്ത് നോമ്പ് അനുഷ്ഠിക്കാവുന്നതാണ് (തിര്‍മിദി 743, 744). ശഅ്ബാനിന്റെ അവസാനത്തില്‍, പ്രത്യേകിച്ച് റമദാനിന്റെ തൊട്ടുമുമ്പായി ഒന്നോ രണ്ടോ ദിവസം നോമ്പ് അനുഷ്ഠിക്കുന്നതിനും ഹദീസുകളില്‍ വിരോധം വന്നിട്ടുണ്ട്. എന്നാല്‍ ശഅ്ബാനിന്റെ ആദ്യപകുതിയില്‍ തന്നെ നോമ്പനുഷ്ഠിച്ചുവരികയും അത് തുടര്‍ന്നുപോവുകയും ചെയ്യുകയാണെങ്കില്‍ അതില്‍ വിരോധമില്ല (ബുഖാരി 1914).

റഫറന്‍സ്:

(1) സഹീഹുല്‍ ബുഖാരി

(2) സഹീഹ് മുസ്‌ലിം

(3) സുനന്‍ നസാഈ

(4) ജാമിഅ് തിര്‍മിദി

(5) റിയാളുസ്വാലിഹീന്‍

(6) മിന്‍ഹാജുല്‍ മുസ്‌ലിം, അബൂബക്കര്‍ ജസാഇരി

(7) അല്‍ ലുബാബ് ഫീ ഫിഖ്ഹുസുന്ന, മുഹമ്മദ് സുബ്ഹി.


അനസ് എടവനക്കാട് എഴുത്തുകാരൻ, എറണാംകുളം ജില്ലയിലെ എടവനക്കാട് സ്വദേശി. ദുർബല ഹദീസുകൾക്ക് ഒരാമുഖം എന്ന കൃതിയുടെ രചയിതാവ്. ഇസ്‌ലാമിക വിഷയങ്ങളിൽ നിരവധി കനപ്പെട്ട ലേഖനങ്ങളും ഗവേഷണ പഠനങ്ങളും എഴുതിയിട്ടുണ്ട്. നിലവിൽ ഖത്തറിൽ ജോലി ചെയ്യുന്നു.