ഇസ്ലാമിന്റെ ആദ്യ നൂറ്റാണ്ടുകളില്‍ നടന്ന ഫല്‍സഫയുടെയും ഇല്‍മുല്‍ കലാമിന്റെയും ചര്‍ച്ചകള്‍ തത്വശാസ്ത്രങ്ങള്‍ക്കു വേണ്ടി വ്യാജ ഹദീസുകള്‍ നിര്‍മിക്കുന്നതിനു കൂടി കാരണമായി.
കൂഫക്കാരായിരുന്നു വ്യാജ ഹദീസുകള്‍ നിര്‍മിക്കുന്നതില്‍ മുന്നിട്ടുനിന്ന ഒരു കൂട്ടര്‍. സഹാബിമാരുടെ കാലം മുതല്‍ തന്നെ അവര്‍ അത് ആരംഭിച്ചിരുന്നു. ആയിശ(റ) അദ്ഭുതത്തോടെ പറയുന്നത് ഇമാം സുഹ്‌രി ഉദ്ധരിക്കുന്നു:
''ഇറാഖുകാരേ, ശാമുകാര്‍ നിങ്ങളേക്കാള്‍ എത്രയോ നല്ലതാണ്. വളരെയധികം പ്രവാചക അനുചരന്മാര്‍ അവരിലേക്ക് പോയിട്ടുണ്ട്. അതിനു ശേഷം ഞങ്ങള്‍ക്ക് അറിയാവുന്നതേ അവര്‍ ഞങ്ങളോട് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളൂ. എന്നാല്‍ കുറച്ചു മാത്രം സഹാബിമാരേ നിങ്ങളിലേക്ക് എത്തിച്ചേര്‍ന്നിട്ടുള്ളൂവെങ്കില്‍ പോലും ഞങ്ങള്‍ക്ക് അറിയാവുന്നതും അറിയാന്‍ പാടില്ലാത്തതും നിങ്ങള്‍ ഞങ്ങളോട് ഉദ്ധരിക്കുന്നു'' (താരീഖ് ദിമിശ്ഖി 1:327).
'കള്ളം പറയുന്നവരും വ്യാജം പറയുന്നവരും പരിഹസിക്കുന്നവരുമായ ഒരു ജനതയാണവര്‍' എന്നാണ് കൂഫക്കാരുടെ വ്യാജ ഹദീസ് നിര്‍മാണത്തെപ്പറ്റി അബ്ദുല്ലാഹിബ്‌നു അംരിബ്‌നു ആസ്(റ) പറഞ്ഞത് (ഇബ്‌നു സഅദ് 4:267). കൂഫക്കാരുടെ നിവേദനങ്ങളെപ്പറ്റി 'അവരുടെ റിപ്പോര്‍ട്ടുകളെ ജൂതന്മാരുടെയും ക്രിസ്ത്യാനികളുടെയും നിവേദനങ്ങള്‍ പോലെ നിങ്ങള്‍ പരിഗണിക്കുക; അവരെ വിശ്വസിക്കുകയോ അവിശ്വസിക്കുകയോ ചെയ്യരുത്' എന്നാണ് ഇമാം മാലിക് ഉപദേശിച്ചത് (മിന്‍ഹാജുസ്സുന്ന, ഇബ്‌നു തൈമിയ 2: 467, 468).
അലി(റ)യുടെയും അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും ഉന്നത ഗുണങ്ങളെക്കുറിച്ച് കൂഫക്കാര്‍ മൂന്നു ലക്ഷത്തില്‍പരം നിവേദനങ്ങള്‍ നിര്‍മിച്ചിട്ടുണ്ടെന്ന് അബീയഅ്‌ല ഖലീലി അഭിപ്രായപ്പെടുന്നു (ഇര്‍ശാദ് 1:420). ഇബ്‌നുല്‍ ഖയ്യിം ഈ അഭിപ്രായത്തെ പിന്തുണയ്ക്കുന്നു (മനാര്‍ അല്‍മുനീഫ്, പേജ് 116).
ചില നാട്ടുകാര്‍ അവരുടെ നാടിന്റെ മഹത്വം വര്‍ധിപ്പിക്കാനായി അതിന്റെ പേരില്‍ വ്യാജ ഹദീസുകള്‍ നിര്‍മിച്ചുണ്ടാക്കി. 'കുഴപ്പങ്ങള്‍ വര്‍ധിക്കുമ്പോള്‍ നിങ്ങള്‍ യമനിലേക്ക് പോവുക' എന്നത് ഇത്തരത്തില്‍ നിര്‍മിച്ചുണ്ടാക്കിയ ഹദീസിന് ഉദാഹരണമാണ്. ശൈഖ് മുഖ്ബില്‍ ഹാദി ഈ ഹദീസ് മനുഷ്യ നിര്‍മിതമാണെന്ന് പറയുന്നു. മറ്റു ചിലരാകട്ടെ, ചില നാടിനെയും മനുഷ്യരെയും മോശമായി ചിത്രീകരിക്കാനാണ് ഹദീസുകള്‍ നിര്‍മിച്ചത്. അത്തരത്തില്‍ പെട്ട നിവേദനങ്ങളില്‍ ചിലത് ഇപ്രകാരമാണ്:
'അറബികളുടെ നീതിയേക്കാള്‍ നല്ലത് തുര്‍ക്കികളുടെ അനീതിയാണ്'.
'അല്ലാഹു കാരുണ്യം നിറഞ്ഞ ഒരു കാര്യം ഉദ്ദേശിച്ചാല്‍, അവന്‍ അത് ഏറ്റവും അടുത്തുള്ള മലക്കുകള്‍ക്ക് പേര്‍ഷ്യന്‍ ഭാഷയില്‍ വെളിപ്പെടുത്തും. ഇനി ശിക്ഷിക്കാനാണ് അവന്‍ ഉദ്ദേശിച്ചതെങ്കില്‍ അറബിയില്‍ വെളിപ്പെടുത്തും.'
ആദ്യ നൂറ്റാണ്ടുകളില്‍ ഇസ്‌ലാമിക ലോകത്ത് നടന്ന ഫല്‍സഫയുടെയും ഇല്‍മുല്‍ കലാമിന്റെയും ചര്‍ച്ചകള്‍ തത്വശാസ്ത്രങ്ങള്‍ക്കു വേണ്ടി വ്യാജ ഹദീസുകള്‍ നിര്‍മിക്കുന്നതിനും കാരണമായി.
അതുപോലെ തന്നെ, ഇസ്‌ലാമിലേക്ക് കടന്നുവന്ന കപടവിശ്വാസികള്‍ മനഃപൂര്‍വം ഈ ദീനിനെ പൊളിക്കാനായി വ്യാജ ഹദീസുകള്‍ നിര്‍മിക്കുകയുണ്ടായി. ഇത്തരക്കാരില്‍ പെട്ട അബുല്‍ കരീം ഇബ്‌നു അബില്‍ ഔജ, ഹലാലിനെ ഹറാമാക്കുകയും ഹറാമിനെ ഹലാലാക്കുകയും ചെയ്യുന്ന നാലായിരത്തോളം വ്യാജ ഹദീസുകള്‍ നിര്‍മിച്ചതായി വധശിക്ഷയ്ക്ക് വിധിക്കപ്പെടുന്നതിനു മുമ്പ് സമ്മതിച്ചതായി നമുക്ക് കാണാന്‍ കഴിയും.
കഥാകാരന്മാരാണ് വ്യാജ ഹദീസ് നിര്‍മിച്ചിരുന്ന മറ്റൊരു കൂട്ടര്‍. അവര്‍ അവരുടെ കഥയ്ക്ക് കൊഴുപ്പു കൂട്ടാനും ആളുകളെ ആകര്‍ഷിക്കാനുമായിരുന്നു അപ്രകാരം ചെയ്തിരുന്നത്. ആളുകളെ നന്മയിലേക്ക് ആകര്‍ഷിക്കാനും തിന്മയില്‍ നിന്ന് അകറ്റാനും ഉദ്ദേശിച്ചുകൊണ്ട് മഹത്വങ്ങള്‍ പറയുന്ന ഹദീസുകളും അവരില്‍ ചിലര്‍ ഉണ്ടാക്കിയിരുന്നു. ചെറിയ തിന്മയ്ക്ക് വലിയ ശിക്ഷയും ചെറിയ നന്മയ്ക്ക് വലിയ പ്രതിഫലവും വാഗ്ദാനം ചെയ്യുന്ന ഹദീസുകളാണ് അവര്‍ ഇതിനായി നിര്‍മിച്ചത്.
മൈസറ ബിന്‍ അബ്ദിറബീഹിനെ പോലുള്ളവര്‍ ഇത്തരം വ്യാജ ഹദീസുകള്‍ നിര്‍മിച്ചതായി തുറന്നു പറഞ്ഞിട്ടുമുണ്ട്. ഹാകിം റിപോര്‍ട്ട് ചെയ്ത ഒരു സംഭവം ഇപ്രകാരം വായിക്കാം: ''ഒരിക്കല്‍ അഹ്മദ് ഇബ്‌നു ഹമ്പലും യഹ്‌യബ്‌നു മഈനും റുസ്ഫയിലുള്ള പള്ളിയില്‍ നമസ്‌കരിക്കാനായി എത്തി. അവിടെ വെച്ച് ഒരു കഥാകാരന്‍ എഴുന്നേറ്റു നിന്ന് പറഞ്ഞു: 'അഹ്മദുബ്‌നു ഹമ്പലും യഹ്‌യബ്‌നു മഈനും ഞങ്ങളോട് പറഞ്ഞു. അവരോട് അബ്ദുര്‍റസാഖും അദ്ദേഹത്തോട് മഅ്മര്‍ ഇബ്‌നു റാഷിദും അദ്ദേഹത്തോട് ഹമ്മാമുബ്‌നു മുനബ്ബിഉം.
അദ്ദേഹം അബൂഹുറയ്‌റയില്‍ നിന്ന് നബി(സ) പറഞ്ഞതായി ഇപ്രകാരം പറയുന്നു: അല്ലാഹുവല്ലാതെ മറ്റൊരു ആരാധ്യനുമില്ലെന്ന് ആരെങ്കിലും പറഞ്ഞാല്‍, അതിന്റെ ഓരോ വാക്കില്‍ നിന്നും സ്വര്‍ണകൊക്കും പവിഴത്തൂവലുമുള്ള ഒരു പക്ഷി സൃഷ്ടിക്കപ്പെടും...' എന്നു പറഞ്ഞ് 20 പേജ് വരാവുന്ന ഒരു കഥ അയാള്‍ പറഞ്ഞു.
അഹ്മദുബ്‌നു ഹമ്പലും യഹ്‌യയും പരസ്പരം നോക്കിയിട്ട് ചോദിച്ചു: 'നീ ഇത് അവനോട് പറഞ്ഞതാണോ?' 'അല്ലാഹുവാണ സത്യം, ഞാന്‍ ഈ നിമിഷം വരെ അങ്ങനെയൊന്ന് കേട്ടിട്ടുകൂടിയില്ല'- അദ്ദേഹം മറുപടി പറഞ്ഞു.
അയാള്‍ തന്റെ കഥ പൂര്‍ത്തിയാക്കി സംഭാവനകള്‍ സ്വീകരിക്കുന്നതുവരെ അവര്‍ ഇരുവരും മൗനം പാലിച്ചു. എന്നിട്ട് യഹ്‌യ അയാളോട് വരാന്‍ ആംഗ്യം കാണിച്ചു. സമ്മാനം ലഭിക്കുമെന്ന് കരുതി അയാള്‍ അവിടേക്ക് ചെന്നു. യഹ്‌യ അയാളോട് ചോദിച്ചു: 'ആരാണ് ഈ ഹദീസ് നിങ്ങളോട് പറഞ്ഞത്?' അയാള്‍ പറഞ്ഞു: 'യഹ്‌യബ്‌നു മഈനും അഹ്മദുബ്‌നു ഹമ്പലും.' അദ്ദേഹം പറഞ്ഞു: 'ഞാനാണ് യഹ്‌യബ്‌നു മഈന്‍, ഇത് അഹ്മദുബ്‌നു ഹമ്പല്‍. അല്ലാഹുവിന്റെ റസൂലിന്റെ ഈ ഹദീസിനെക്കുറിച്ച് ഞങ്ങള്‍ ഒരിക്കലും കേട്ടിട്ടില്ല. അതുകൊണ്ടുതന്നെ അത് തെറ്റാണ്. മറ്റാരോ ആണ് ഇതിന് ഉത്തരവാദികള്‍.'
അപ്പോള്‍ ആ കഥാകാരന്‍ പറഞ്ഞു: 'യഹ്‌യബ്‌നു മഈനും അഹ്മദുബ്‌നു ഹമ്പലും വിഡ്ഢികളാണെന്ന് ഞാന്‍ എപ്പോഴും കേട്ടിരുന്നു. പക്ഷേ, ഇതുവരെ എനിക്കത് അറിയില്ലായിരുന്നു.' യഹ്‌യ അയാളോട് പറഞ്ഞു: 'ഞാന്‍ വിഡ്ഢിയാണെന്ന് പറയാന്‍ നിനക്ക് എങ്ങനെ ധൈര്യം വന്നു?' അയാള്‍ പറഞ്ഞു: 'ഈ ലോകത്ത് യഹ്‌യബ്‌നു മഈനും അഹ്മദുബ്‌നു ഹമ്പലും നിങ്ങള്‍ രണ്ടു പേരും മാത്രമേയുള്ളോ?
നിങ്ങളെ കൂടാതെ യഹ്‌യബ്‌നു മഈന്‍ എന്നും അഹ്മദുബ്‌നു ഹമ്പല്‍ എന്നും വിളിക്കപ്പെടുന്ന 19 ആളുകളില്‍ നിന്ന് ഞാന്‍ ഹദീസുകള്‍ എഴുതിയിട്ടുണ്ട്.' അഹ്മദ് തന്റെ കൈ മുഖത്ത് വെച്ചിട്ട് പറഞ്ഞു: 'അവനെ വിട്ടേക്കൂ.' അങ്ങനെ അയാള്‍ അവരെ നിന്ദിക്കുന്നതുപോലെ അവിടെ നിന്ന് എഴുന്നേറ്റു പോയി'' (ജാമിഉ ലി അഖ്‌ലാഖ് അല്‍റാവി 4:233).
'സ്വരാജ്യസ്‌നേഹം സത്യവിശ്വാസത്തിന്റെ ഭാഗമാണ്', 'ചൈനയില്‍ പോയിട്ടെങ്കിലും വിദ്യ അഭ്യസിക്കൂ' മുതലായവ ഒരുകാലത്ത് നമ്മുടെ നാട്ടിലെ പാതിരാ പ്രഭാഷണങ്ങളില്‍ സ്ഥിരം കേള്‍ക്കാറുണ്ടായിരുന്ന നിര്‍മിത ഹദീസുകളാണ് എന്നത് ഇതോടൊപ്പം ചേര്‍ത്തുവായിക്കാവുന്നതാണ്.
മദ്ഹബ് പക്ഷപാതിത്വം
ഹിജ്‌റ 240 ആയപ്പോഴേക്കും പ്രസിദ്ധങ്ങളായ നാല് കര്‍മശാസ്ത്ര മദ്ഹബുകള്‍ ഉദയം ചെയ്തിരുന്നു. അവയുടെ ഇമാമുമാരുടെ വീക്ഷണവ്യത്യാസം അതിനെ അന്ധമായി പിന്തുടര്‍ന്നുവന്നവര്‍ക്കിടയില്‍ കക്ഷിത്വങ്ങള്‍ ഉണ്ടാക്കുകയും അങ്ങനെ ഓരോരുത്തരും അവരവരുടെ മദ്ഹബുകളുടെ വീക്ഷണമാണ് ഏറ്റവും ശരിയായത് എന്ന് വരുത്തിത്തീര്‍ക്കുന്നതിനായി വ്യാജ ഹദീസുകള്‍ നിര്‍മിക്കുകയും ചെയ്യുകയുണ്ടായി.
ചിലര്‍ ഏതെങ്കിലും ഇമാമിനെ പ്രശംസിക്കാനോ ഭര്‍ത്സിക്കാനോ വേണ്ടി ഹദീസുകള്‍ നിര്‍മിച്ചെങ്കില്‍ മറ്റു ചിലര്‍ അവരുടെ മദ്ഹബുകളുടെ ഏതെങ്കിലും അഭിപ്രായത്തെ സാധൂകരിക്കാനായിരുന്നു അപ്രകാരം ചെയ്തത്.
ഇമാം ശാഫിഈയെ ഭര്‍ത്സിക്കാനും ഇമാം അബൂഹനീഫയെ പുകഴ്ത്താനുമായി കെട്ടിയുണ്ടാക്കിയ ഒരു ഹദീസ് ഇപ്രകാരമാണ്: 'എന്റെ സമുദായത്തില്‍ മുഹമ്മദുബ്‌നു ഇദ്‌രീസ് അല്‍ ശാഫിഈ എന്നു പേരായ ഒരാള്‍ ഉണ്ടാകും. പിശാചിനേക്കാള്‍ എന്റെ സമുദായത്തിന് ഉപദ്രവം ചെയ്യുക അയാളായിരിക്കും. അബൂഹനീഫ എന്നു പേരായ ഒരാളും എന്റെ സമുദായത്തില്‍ ഉണ്ടായിത്തീരും. അയാള്‍ എന്റെ സമുദായത്തിന്റെ വിളക്കാണ്, അയാള്‍ എന്റെ സമുദായത്തിന്റെ വിളക്കാണ്' (കിതാബുല്‍ മൗളൂആത്ത്, ഇബ്‌നുല്‍ ജൗസി 1:354).
നമസ്‌കാരത്തില്‍ കൈകള്‍ ഉയര്‍ത്തേണ്ടതില്ല എന്ന മദ്ഹബീ പക്ഷക്കാര്‍ നിര്‍മിച്ച ഒരു വ്യാജ ഹദീസ് ഇങ്ങനെ: 'ആരെങ്കിലും ഒരുവന്‍ നമസ്‌കാരത്തില്‍ കൈ ഉയര്‍ത്തിയാല്‍ അവന്റെ നമസ്‌കാരം സ്വീകരിക്കപ്പെടുകയില്ല.' അപ്പോള്‍, കൈ ഉയര്‍ത്തണം എന്ന വീക്ഷണക്കാര്‍ ഒരു ഹദീസ് നിര്‍മിച്ചു: 'തീര്‍ച്ചയായും, എല്ലാത്തിനും ഒരു കോണിയുണ്ട്. നമസ്‌കാരത്തിന്റെ കോണി എന്നത് ഓരോ അല്ലാഹു അക്ബര്‍ പറയുമ്പോഴും കൈ ഉയര്‍ത്തലാണ്' (കിതാബുല്‍ മൗദൂആത്ത്, ഇബ്‌നുല്‍ ജൗസി 2:23).
അല്ലാഹുവിന്റെ ഗ്രന്ഥമല്ലാതെ മറ്റൊരു ഗ്രന്ഥത്തെയും സ്ഖലിതമുക്തമാക്കാന്‍ അല്ലാഹു സമ്മതിക്കില്ല എന്ന ഇമാം ശാഫിഈയുടെ പ്രസ്താവന സ്മരണീയമാണ്.
ഖുര്‍ആനിക അധ്യായങ്ങളുടെയും വചനങ്ങളുടെയും മഹത്വം പറയുന്നവയാണ് നിര്‍മിത ഹദീസുകളിലെ മറ്റൊരു സുപ്രധാന വിഭാഗം. പ്രസിദ്ധങ്ങളായ പല ഖുര്‍ആന്‍ തഫ്‌സീറുകളിലും ഇത്തരം മഹത്വങ്ങള്‍ ധാരാളമായി സ്ഥാനം പിടിച്ചിട്ടുള്ളത് നമുക്ക് കാണാന്‍ കഴിയും. അബൂ ഇസ്മാഹ് നൂഹുബ്‌നു മര്‍യം ഇത്തരത്തില്‍ വ്യാജ ഹദീസുകള്‍ നിര്‍മിച്ച ഒരാളായിരുന്നു.
ഇബ്‌നു അബ്ബാസില്‍ നിന്ന് ഉദ്ധരിക്കപ്പെടുന്ന ഇത്തരം ഹദീസുകള്‍ അയാള്‍ക്ക് എവിടെ നിന്നു കിട്ടി എന്ന ചോദ്യത്തിന് അയാള്‍ നല്‍കിയ മറുപടി: 'ആളുകള്‍ ഖുര്‍ആനില്‍ നിന്നു പുറംതിരിഞ്ഞ് അബൂഹനീഫയുടെ ഫിഖ്ഹിലേക്കും മുഹമ്മദുബ്‌നു ഇസ്ഹാഖിന്റെ കഥകളിലും മുഴുകിയതായി ഞാന്‍ കണ്ടു. അതിനാല്‍ അല്ലാഹുവിന്റെ പ്രീതി നേടുന്നതിനായാണ് ഞാന്‍ ഈ ഹദീസുകള്‍ കെട്ടിച്ചമച്ചത്.'
ദാരിദ്ര്യം ഇല്ലാതാക്കാന്‍ എല്ലാ ദിവസവും രാത്രി സൂറത്തുല്‍ വാഖിഅഃ പാരായണം ചെയ്യാന്‍ പറയുന്ന ഹദീസ് ഇത്തരത്തിലുള്ള വ്യാജ നിര്‍മിതികള്‍ക്ക് നല്ല ഉദാഹരണമാണ്.
എത്രയൊക്കെ സൂക്ഷ്മത പുലര്‍ത്തിയാലും മാനുഷികമായ വീഴ്ചകള്‍ സംഭവിക്കുക സ്വാഭാവികമാണ്. ഹദീസ് ക്രോഡീകരിച്ച പണ്ഡിതന്മാരുടെ കാര്യത്തിലും അവ പരിശോധിച്ചവരുടെ കാര്യത്തിലും ഇത് സംഭവിച്ചിട്ടുണ്ട്. അല്ലാഹുവിന്റെ ഗ്രന്ഥമല്ലാതെ മറ്റൊരു ഗ്രന്ഥത്തെയും സ്ഖലിതമുക്തമാക്കാന്‍ അല്ലാഹു സമ്മതിക്കുകയില്ല എന്ന ഇമാം ശാഫിഈയുടെ പ്രസ്താവന ഇത്തരുണത്തില്‍ സ്മരണീയമാണ്.
പല ഗ്രന്ഥങ്ങളിലും വ്യാജ നിവേദനങ്ങള്‍ കടന്നുകൂടിയിട്ടുള്ളത് കാണാന്‍ കഴിയും. സുനനു അബൂദാവൂദിലെ ഒരു ഹദീസും തിര്‍മിദിയിലെ 18 ഹദീസുകളും ഇബ്‌നുമാജയിലെ 43 ഹദീസുകളും മനുഷ്യ നിര്‍മിതങ്ങളാണെന്നാണ് ശൈഖ് അല്‍ബാനി പറയുന്നത്. 'ആയിരം ഉപാസകന്മാരേക്കാള്‍ പിശാചിന് (വഴിതെറ്റിക്കാന്‍) പ്രയാസം ഒരു പണ്ഡിതനെയാണ്' (തിര്‍മിദി 2681) എന്ന ഹദീസ് അതിന് ഒരു ഉദാഹരണം മാത്രം.
നിര്‍മിത ഹദീസുകള്‍ക്കു നേരെ അഹ്‌ലുല്‍ ഹദീസിന്റെ പണ്ഡിതന്മാര്‍ എന്നും ജാഗ്രത കൈക്കൊണ്ടിട്ടുള്ളതും ചരിത്രം പരിശോധിച്ചാല്‍ നമുക്ക് കാണാം. വ്യാജ ഹദീസുകള്‍ മാത്രം ക്രോഡീകരിച്ചുകൊണ്ട് പുസ്തകങ്ങള്‍ ഇറക്കി അവര്‍ ഈ സമുദായത്തെ ബോധവത്കരിച്ചു.
വ്യാജ ഹദീസുകള്‍ നിര്‍മിക്കുന്നവരുടെ പേരുവിവരങ്ങള്‍ ക്രോഡീകരിച്ച ഗ്രന്ഥങ്ങളും വ്യാജ ഹദീസിന്റെ ലക്ഷണങ്ങള്‍ പരിചയപ്പെടുത്തുന്ന ഗ്രന്ഥങ്ങളും രചിക്കപ്പെട്ടു. ഇമാം ഇബ്‌നുല്‍ ജൗസിയുടെയും സ്വഗാനിയുടെയും ശൗകാനിയുടെയും മൗദൂആത്തുകള്‍, മുല്ല അലി അല്‍ഖാരിയുടെ 'അല്‍അസ്‌റാറുല്‍ മര്‍ഫൂഅഃ', ഇബ്‌നുല്‍ ഖയ്യിം രചിച്ച 'മനാറുല്‍ മുനീഫ്', ഇബ്‌നു ഹിബ്ബാന്റെ 'അല്‍ മജ്‌റൂഹീന്‍' എന്നിവ പ്രത്യേകം പ്രസ്താവ്യമാണ്.
വ്യാജ ഹദീസുകളുടെ നിര്‍മിതി ഇന്നും നടന്നുവരുന്നുണ്ട്. സോഷ്യല്‍ മീഡിയകളിലൂടെ പ്രചരിക്കുന്ന പ്രവാചക വചനങ്ങളില്‍ നല്ലൊരു ശതമാനം ദുര്‍ബലങ്ങളായ നിവേദനങ്ങളോ വ്യാജമായ നിവേദനങ്ങളോ ആണ് എന്നതാണ് ഏറെ ദുഃഖകരം. മലയാളത്തിലെ പത്രമുത്തശ്ശിമാരുടെ എഡിറ്റോറിയല്‍ പേജുകളില്‍ മഹത്‌വചനം എന്ന പേരില്‍ പഴഞ്ചൊല്ലുകള്‍ പോലും നബിവചനമായി അച്ചടിച്ചുവന്നത് കാണാന്‍ കഴിഞ്ഞിട്ടുണ്ട്.
നിര്‍മിത ഹദീസുകള്‍ക്കു നേരെ കണ്ണും കാതും തുറന്നുവെച്ച് ജാഗ്രത പാലിക്കുക, സോഷ്യല്‍ മീഡിയകളിലൂടെ നബിവചനം എന്ന പേരില്‍ പടച്ചുവിടുന്നതിന്റെയെല്ലാം പ്രചാരകരാകാതിരിക്കുക എന്നതാണ് ചുരുങ്ങിയ പക്ഷം ഓരോ മുസ്‌ലിമും ഇക്കാലത്ത് നിര്‍വഹിക്കേണ്ട കര്‍ത്തവ്യം.
