സര്‍വശക്തനായ ദൈവം എന്നത് വിശ്വാസികളുടെ ഫാന്റസി മാത്രമോ!


'ദൈവത്തിനു പൊക്കാന്‍ കഴിയാത്ത പാറ ദൈവത്തിന് ഉണ്ടാക്കാന്‍ കഴിയുമോ?'- വിശ്വാസികള്‍ ഉയര്‍ത്തുന്ന ദൈവസങ്കല്പം നിലനില്‍ക്കുന്നതല്ലെന്നും അത് വൈരുധ്യങ്ങളുള്ള ഒരു അസ്തിത്വ സങ്കല്പമാണ് എന്നും പറയാന്‍ വേണ്ടി ഉന്നയിക്കുന്ന വാദമാണിത്.

'ദൈവത്തിനു പൊക്കാന്‍ കഴിയാത്ത പാറ ദൈവത്തിന് ഉണ്ടാക്കാന്‍ കഴിയുമോ?'- വിശ്വാസികള്‍ പറയാറുള്ള ദൈവസങ്കല്പം നിലനില്‍ക്കുന്നതല്ല എന്നും അത് വൈരുധ്യങ്ങളുള്ള ഒരു അസ്തിത്വ സങ്കല്പമാണ് എന്നും പറയാന്‍ വേണ്ടി ഉന്നയിക്കുന്ന വാദമാണിത്. പ്രധാനമായും എല്ലാത്തിനും കഴിവുള്ള/ സര്‍വശക്തനായ ഒരു ദൈവത്തിന്റെ നിലനില്പിനെയാണ് ചോദ്യം ചെയ്യുന്നത്. ഉത്തരം എങ്ങനെ പറഞ്ഞാലും അത് അബദ്ധമാവുന്ന രീതിയിലാണ് ഈ ചോദ്യത്തിന്റെ ഘടന.

സാധ്യത 1: ദൈവത്തിനു പൊക്കാന്‍ കഴിയാത്ത പാറ ദൈവത്തിനു സൃഷ്ടിക്കാന്‍ കഴിയും എന്ന ഉത്തരം നല്‍കിയാല്‍ സര്‍വശക്തനായ ദൈവത്തിനു പൊക്കാന്‍ കഴിയാത്ത ഒരു പാറയുള്ള സാഹചര്യമുണ്ടാവാം എന്നു വന്നു.

സാധ്യത 2: ദൈവത്തിനു പൊക്കാന്‍ കഴിയാത്ത പാറ ദൈവത്തിന് ഉണ്ടാക്കാന്‍ കഴിയില്ല എന്നു പറഞ്ഞാല്‍, സര്‍വശക്തന് ഒരു പ്രത്യേക തരം പാറ പോലും ഉണ്ടാക്കാന്‍ കഴിയില്ല എന്നും വന്നു.

ഈ ചോദ്യത്തിലൂടെ ഉന്നയിക്കുന്ന വാദം: 'സര്‍വശക്തനായ, എല്ലാത്തിനും കഴിയുന്ന ഒരു ദൈവം' എന്നത് വിശ്വാസികളുടെ ഒരു ഫാന്റസി മാത്രമാണ്. അത്തരം ഒരു അസ്തിത്വത്തിന് നിലനില്‍ക്കല്‍ സാധ്യമല്ല. അത് ഇത്തരം വൈരുധ്യങ്ങള്‍ക്ക് കാരണമാവും.

മറുപടി: ഈ ചോദ്യവും ഇതിന്റെ സാധ്യമായ രണ്ട് ഉത്തരങ്ങളും അവയ്ക്കുള്ള നിരീശ്വരവാദികളുടെ പ്രതികരണവും ചില പ്രത്യേക ഭാഗങ്ങള്‍ മാര്‍ക്ക് ചെയ്ത രീതിയില്‍ ഒന്നുകൂടി വായിക്കുക. ചോദ്യം: 'ദൈവ'ത്തിനു പൊക്കാന്‍ 'കഴിയാത്ത' പാറ ദൈവത്തിന് ഉണ്ടാക്കാന്‍ കഴിയുമോ?

ഉത്തരം 1: ദൈവത്തിനു പൊക്കാന്‍ കഴിയാത്ത പാറ ദൈവത്തിനു സൃഷ്ടിക്കാന്‍ കഴിയും. നിരീശ്വരവാദികളുടെ പ്രതികരണം: 'സര്‍വശക്തനായ ദൈവത്തിനു പൊക്കാന്‍ കഴിയാത്ത' ഒരു പാറയുള്ള സാഹചര്യമുണ്ടാവുമോ?

ഉത്തരം 2: ദൈവത്തിനു പൊക്കാന്‍ കഴിയാത്ത പാറ ദൈവത്തിന് ഉണ്ടാക്കാന്‍ കഴിയില്ല. നിരീശ്വരവാദികളുടെ പ്രതികരണം: സര്‍വശക്തന് ഒരു പ്രത്യേക തരം പാറ പോലും ഉണ്ടാക്കാന്‍ കഴിയില്ല എന്നും വന്നു.

ഈ മാര്‍ക്ക് ചെയ്ത ഭാഗങ്ങള്‍ നോക്കിയാല്‍ ചോദ്യത്തിലും ഉത്തരത്തിലുമില്ലാത്തതും നിരീശ്വരവാദികളുടെ പ്രതികരണത്തിലുള്ളതുമായ ഒരു പ്രയോഗം എല്ലാവരും ശ്രദ്ധിച്ചിട്ടുണ്ടാവും.

ചോദ്യത്തിലും ഉത്തരത്തിലുമെല്ലാം 'ദൈവത്തിന് ഉണ്ടാക്കാന്‍ കഴിയുമോ', 'ദൈവത്തിനു പൊക്കാന്‍ കഴിയുമോ' എന്നതിനെയാണ് നാം കണക്കിലെടുത്തത് എങ്കില്‍ നിരീശ്വരവാദികളുടെ പ്രതികരണത്തിലേക്ക് വരുമ്പോള്‍ 'സര്‍വശക്തനായ ദൈവത്തിന് പൊക്കാന്‍ കഴിയില്ലേ', 'സര്‍വശക്തനായ ദൈവത്തിന് ഉണ്ടാക്കാന്‍ കഴിയില്ലേ' എന്നിങ്ങനെയായി അത് മാറുന്നു. അഥവാ, ദൈവം എന്ന പ്രയോഗം 'സര്‍വശക്തന്‍' എന്ന പ്രയോഗത്തെക്കൊണ്ട് വെച്ചുമാറ്റപ്പെടുന്നു.

ഈ വെച്ചുമാറ്റലാണ് ഈ ചോദ്യത്തിലെ തന്ത്രം. ഇനി ചോദ്യത്തിലെ ദൈവം എന്ന പ്രയോഗത്തെ മാറ്റി 'സര്‍വശക്തന്‍' എന്നാക്കി വായിക്കാം. അതോടെ ഈ ചോദ്യത്തിനുള്ള മറുപടി നമുക്ക് ലഭിക്കും.

ചോദ്യം: സര്‍വശക്തന് (എല്ലാത്തിനും കഴിയുന്നവന്) പൊക്കാന്‍ കഴിയാത്ത പാറ സര്‍വശക്തന് ഉണ്ടാക്കാന്‍ കഴിയുമോ? ഈ ചോദ്യത്തിലെ മാര്‍ക്ക് ചെയ്ത ഭാഗങ്ങള്‍ കൂട്ടിവായിച്ചുനോക്കൂ. ഇവിടെ ഉണ്ടാക്കാന്‍ പറയുന്ന പാറ ഏത് വിധമുള്ളതാണ്?

ആ പാറയുടെ നിര്‍വചനം (Definition): എല്ലാത്തിനും കഴിയുന്നവന് (സര്‍വശക്തന്) പൊക്കാന്‍ കഴിയാത്തത്. 'എല്ലാത്തിനും കഴിയുന്നവന്', 'കഴിയാത്തത്' ഈ രണ്ടു പ്രയോഗങ്ങള്‍ ഒരുമിച്ച് ഉപയോഗിക്കാന്‍ പറ്റുമോ? അത് വൈരുധ്യമല്ലേ? ഈ രണ്ടിലൊരു പ്രയോഗം മാറ്റിയാല്‍ മാത്രമേ ഈ ചോദ്യം ശരിയാവൂ. ഈ രണ്ടു പ്രയോഗങ്ങളും ഒരുമിച്ച് ഉപയോഗിക്കല്‍ അസാധ്യമാണ്. ഈ ചോദ്യം തെറ്റും അബദ്ധവുമാണ്.

ഈ ചോദ്യത്തിലെ അബദ്ധം ബോധ്യപ്പെടാന്‍ ഇതിനോട് സമാനമായ ചില ചോദ്യങ്ങള്‍ നല്‍കാം: ത്രികോണത്തിന്റെ നാലാം വശം അളക്കാന്‍ (സര്‍വശക്തനായ) ദൈവത്തിന് കഴിയുമോ? സമചതുരത്തിന്റെ നീളം കൂടിയ വശം കണ്ടെത്താന്‍ (സര്‍വശക്തനായ) ദൈവത്തിന് കഴിയുമോ? മൂന്നു കാലുകളുള്ള ഇരുകാലിയെ സൃഷ്ടിക്കാന്‍ ദൈവത്തിന് കഴിയുമോ?

ഈ ചോദ്യങ്ങളോടുള്ള നിങ്ങളുടെ പ്രതികരണം എങ്ങനെയായിരിക്കും? ഇവയെല്ലാം ദൈവത്തിന് കഴിയുമെന്നോ കഴിയില്ല എന്നോ ഉള്ള ഉത്തരം നിങ്ങള്‍ നല്‍കുമോ അതോ ചോദ്യം തെറ്റാണ് എന്നു പറയുമോ?

സ്വാഭാവികമായും ചോദ്യം തെറ്റാണ് എന്നായിരിക്കും നമ്മുടെ മറുപടി. നാലാം വശം, ത്രികോണം ഈ രണ്ടും കൂടി ഒരുമിച്ചു നിലനില്‍ക്കില്ല. ഒന്നുകില്‍ നാലാം വശം എന്നത് മാറ്റി ഒന്നോ രണ്ടോ മൂന്നോ വശത്തെപ്പറ്റിയുള്ള ചോദ്യം ചോദിക്കണം. അല്ലെങ്കില്‍ ത്രികോണം മാറ്റി ചതുര്‍ഭുജം, പഞ്ചഭുജം, ഷഡ്ഭുജം, സപ്തഭുജം പോലെ നാലോ അതിലധികമോ വശങ്ങളുള്ള ആകൃതിയാക്കണം.

ഇവ രണ്ടിലൊന്ന് മാറ്റാത്തിടത്തോളം ആ ചോദ്യം നിലനില്‍ക്കുന്നതല്ല, അതിനൊരു ഉത്തരവും സാധ്യമല്ല. ഇതുപോലെ തന്നെയാണ് സമചതുരം + നീളം കൂടിയ വശം, മൂന്നു കാലുകള്‍ + ഇരുകാലി എന്നീ പ്രയോഗങ്ങളും ഒരുമിച്ചു നിലനില്‍ക്കുന്നതല്ല. സമാനമായി ദൈവവുമായി ബന്ധപ്പെട്ട് നാം ഇവിടെ പരിശോധിക്കുന്ന ചോദ്യത്തിലുള്ള 'സര്‍വശക്തന്‍' + 'കഴിയാത്ത' പ്രയോഗങ്ങളും ഒരുമിച്ച് നിലനില്‍ക്കല്‍ സാധ്യമല്ല. ഏതെങ്കിലും ഒന്ന് മാറ്റിയാലേ ഈ ചോദ്യം പരിഗണനീയമാവൂ.

ഉത്തരം ചുരുക്കത്തില്‍: ചോദ്യത്തില്‍ സൂചിപ്പിച്ച പാറയ്ക്ക് വേണ്ട പ്രത്യേകത, അത് ദൈവത്തിനു പൊക്കാന്‍ കഴിയാത്തതായിരിക്കണം എന്നാണ്. ഇതിലെ ദൈവം എന്ന പ്രയോഗം ഒരുതരം തന്ത്രമാണ്. എല്ലാത്തിനും കഴിയുന്നവന് (സര്‍വശക്തന്) ഇങ്ങനെയൊരു പാറ ഉണ്ടാക്കാന്‍ കഴിയുമോ എന്നതാണ് ചോദ്യത്തിന്റെ കാതല്‍.

ദൈവത്തിന്റെ ആ പ്രത്യേകത തന്നെ ദൈവം എന്ന വാക്കിനു പകരം ഉപയോഗിച്ച് ചോദ്യത്തെ മാറ്റിയാല്‍ ആ പാറയുടെ നിര്‍വചനം: എല്ലാത്തിനും കഴിയുന്നവന് (സര്‍വശക്തന്) പൊക്കാന്‍ കഴിയാത്തത് എന്നായി മാറും. ഈ പ്രത്യേകത ഒന്നുകൂടി വായിക്കുക. അത് ത്രികോണത്തിന്റെ നാലാം വശം പോലെ, ഇരുകാലിയുടെ മൂന്നാം കാല്‍ പോലെ, സമചതുരത്തിന്റെ നീളം കൂടിയ വശം പോലെ വൈരുധ്യമുള്ള, നേര്‍വിപരീതമായ കാര്യങ്ങള്‍ അടങ്ങിയതാണ് എന്ന് മനസ്സിലാക്കാം.

'കഴിയാത്തത്' എന്ന പ്രയോഗം 'എല്ലാത്തിനും കഴിയുന്നവനിലേക്ക്' ചേര്‍ത്തുവെക്കാന്‍ പറ്റില്ലല്ലോ. ഈ രണ്ടില്‍ ഒരു പ്രയോഗം എടുത്തുമാറ്റിയാലേ ഈ പാറയുടെ നിലനില്‍പിനെപ്പറ്റി പറയാന്‍ പോലും സാധിക്കൂ. അതുകൊണ്ട് ഈ ചോദ്യം തെറ്റായ ചോദ്യമാണ്, അത് ഉത്തരം അര്‍ഹിക്കുന്നില്ല.

ദൈവസങ്കല്പം വ്യാജമോ?

ഒരു മതത്തില്‍ വിശ്വസിക്കുന്നവര്‍ മറ്റു മതങ്ങള്‍ മുന്നോട്ടുവെക്കുന്ന ദൈവങ്ങള്‍ എല്ലാം വ്യാജമാണ് എന്നു പറയുന്നു. ഈ ലോകത്ത് നിലനില്‍ക്കുന്ന എല്ലാ ദൈവസങ്കല്‍പങ്ങളെയും പറ്റി മറ്റു മതസ്ഥര്‍ ഇങ്ങനെത്തന്നെയാണ് ധരിക്കുന്നത്. ഏതു ദൈവസങ്കല്‍പത്തെ എടുത്താലും അതില്‍ വിശ്വസിക്കുന്നവരേക്കാള്‍ കൂടുതല്‍ അവിശ്വസിക്കുന്നവരാണുതാനും. അതായത്, ലോകത്ത് വിശ്വാസത്തിലുള്ള എല്ലാ ദൈവങ്ങളെയും ഭൂരിഭാഗം ദൈവവിശ്വാസികളും വ്യാജമാക്കുന്നു. അതിനര്‍ഥം ദൈവസങ്കല്‍പമേ വ്യാജമാണ് എന്നല്ലേ?

മതനിരപേക്ഷമായി സംസാരിക്കാന്‍ ശ്രമിക്കുന്ന ചിലരെങ്കിലും എല്ലാ മതങ്ങളും പൂര്‍ണമായി സത്യമാണ് എന്നും, എല്ലാ മതങ്ങളുടെയും ദൈവത്തെപ്പറ്റിയുള്ള നിലപാടുകളും ശരിയാണ് എന്നും പറയാറുണ്ട്. പക്ഷേ, യുക്തിപരമായി അത് അസംബന്ധമാണ്. നമുക്ക് ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ വിശ്വസിക്കുന്ന മൂന്നു മതങ്ങളുടെ ദൈവവിശ്വാസം എങ്ങനെയാണ് എന്ന് പരിശോധിക്കാം:

ക്രൈസ്തവത

ത്രിയേകത്വം. ദൈവം ഒന്നേയുള്ളൂ, പക്ഷേ അത് പിതാവ്, പുത്രന്‍, പരിശുദ്ധാത്മാവ് എന്നിങ്ങനെ മൂന്നു രീതികളില്‍ നിലനില്‍ക്കുന്നു. പിതാവിനാണ് പരമാധികാരം. പക്ഷേ മറ്റുള്ളവയും അതേ ദൈവത്തിന്റെ ഭാവങ്ങളാണ്.

ഇസ്‌ലാം

ദൈവം ഒന്നേയുള്ളൂ, അവനാണ് പരമാധികാരം. ഒന്നിലും അവന് പങ്കുകാരില്ല.

ഹൈന്ദവത

സങ്കീര്‍ണമായ ദൈവസങ്കല്‍പം. ഒത്തിരി പ്രാദേശികമായ വകഭേദങ്ങള്‍ നിലനില്‍ക്കുന്നു. പൊതുവായി പറയാവുന്നത്: പരമേശ്വരനായ ഒരു ദൈവമുണ്ട്. ആ ദൈവത്തിനാണ് പരമാധികാരം. ആ ദൈവത്തിന് പല അവതാരങ്ങളും ഭാവങ്ങളുമുണ്ട് (ത്രിമൂര്‍ത്തി, ദശാവതാരം). ദൈവത്തിനു കീഴിലുള്ളതും ജനങ്ങളാല്‍ ആരാധിക്കപ്പെടുന്നതുമായ അനേകം ദേവന്മാരും പ്രാദേശികവും സാംസ്‌കാരികവുമായ ഉപദൈവങ്ങളുമുണ്ട്.

ഇവയെ കൂടാതെ മനുഷ്യനില്‍ തന്നെയാണ് ദൈവമുള്ളത്, പ്രകൃതിയിലും പ്രപഞ്ചത്തിലുമാണ് ദൈവമുള്ളത് എന്നെല്ലാം പറയുന്ന ബ്രഹ്മം/ അദ്വൈതം പോലുള്ള സങ്കല്‍പങ്ങളും ഹൈന്ദവ ദര്‍ശനങ്ങളായി നിലനില്‍ക്കുന്നു. ഇത്തരം ഒത്തിരി ആശയങ്ങളുള്ളതുകൊണ്ടാണ് ഹൈന്ദവത ഒരു മതമല്ല, അത് അനേകം മതങ്ങള്‍ കൂടിച്ചേര്‍ന്ന ഒരു സംസ്‌കാരമാണ് എന്നു പറയുന്നത്.

ഒറിജിനല്‍ ബ്രാന്‍ഡ് ഉള്ളതുകൊണ്ടാണല്ലോ അതിന്റെ വ്യാജനുകള്‍ നിലനില്‍ക്കുന്നത്. അതുപോലെ യാഥാര്‍ഥ്യമായ ഒരു ദൈവസങ്കല്പം നിലനില്‍ക്കുന്നതുകൊണ്ടാണല്ലോ അനേകം തെറ്റായ/വ്യാജ ദൈവസങ്കല്പങ്ങള്‍ രൂപപ്പെട്ടത്.

ദൈവവുമായി ബന്ധപ്പെട്ട ഇസ്‌ലാമിക-ഹൈന്ദവ-ക്രൈസ്തവ ദര്‍ശനങ്ങളെല്ലാം ഒരേസമയം ശരിയാവുക സാധ്യമല്ല. അവയൊന്നും പരസ്പര പൂരകമല്ല. ഒരേസമയം ദൈവം ഒന്നു മാത്രമാവുകയും അത് മൂന്നു രീതിയില്‍ നിലനില്‍ക്കുകയും അതിന് പത്ത് അവതാരങ്ങള്‍ ഉണ്ടായിരിക്കുകയും ചെയ്യുക സാധ്യമല്ലല്ലോ. ദൈവം പങ്കുകാരനില്ലാത്തവനാവുകയും അവന് അനേകം പങ്കുകാരുണ്ടാവുകയും ഒരേസമയം സംഭവിക്കില്ലല്ലോ.

അതിനാല്‍ 'എല്ലാ മതങ്ങളും ശരിയാണ്' എന്ന പ്രസ്താവനക്കാര്‍ അവരുടെ സാമൂഹികമോ രാഷ്ട്രീയമോ ആയ നേട്ടങ്ങള്‍ക്കു വേണ്ടി പറയുന്ന ഉപചാരവാക്കുകള്‍ മാത്രമാണവ. അതിനപ്പുറം യുക്തിപരമായി ആ അഭിപ്രായത്തിനൊരു പ്രസക്തിയുമില്ല.

പക്ഷേ, ഈ ദൈവസങ്കല്‍പങ്ങള്‍ അവലോകനം ചെയ്യുമ്പോള്‍ നമുക്ക് മനസ്സിലാക്കാവുന്ന ഒരു കാര്യം, അഭൗതികമായ ദൈവാസ്തിത്വം അംഗീകരിക്കുന്ന ആശയങ്ങളെല്ലാം പരമമായ ഒരു ദൈവത്തെപ്പറ്റി പറയുന്നുണ്ട്. ആ ദൈവം നിലനില്‍ക്കുന്ന രൂപങ്ങളും ഭാവങ്ങളും പ്രകൃതവും വ്യാഖ്യാനങ്ങളുമെല്ലാം മാറുമെന്നു മാത്രം.

ഇങ്ങനെ പല വീക്ഷണങ്ങളുള്ള ഒരു വിഷയത്തെ സമീപിക്കുമ്പോള്‍ സ്വീകരിക്കാവുന്ന സാധ്യമായ ഏറ്റവും മികച്ച നിലപാടെന്താണ്? അത് മുഴുവന്‍ നിഷേധിക്കലാണോ അതോ അവയെല്ലാം ഒരുപോലെ പറയുന്ന പൊതുതത്വത്തെ സ്വീകരിക്കലാണോ?

ചില തീര്‍പ്പുകളിലേക്ക് നിര്‍ബന്ധമായും എത്തണമെന്ന വാശിയില്ലാതെ തുറന്ന മനസ്സോടെ, സത്യാന്വേഷികളായി വിഷയങ്ങളെ സമീപിക്കുന്നവര്‍ ആ വ്യത്യസ്ത വാദങ്ങളിലെ പൊതുതത്വത്തെ സ്വീകരിക്കുകയാണ് ചെയ്യുക. ദൈവത്തിന്റെ വിഷയത്തില്‍ ആ പൊതുതത്വം മുകളില്‍ സൂചിപ്പിച്ചതുപോലെ പരമമായ ഒരു ദൈവം നിലനില്‍ക്കുന്നുണ്ട് എന്നാണ്.

മറ്റൊരു രീതിയില്‍ പറഞ്ഞാല്‍, ഒരു ബ്രാന്‍ഡിന്റെ പേരില്‍ പത്ത് വ്യാജ ബ്രാന്‍ഡുകള്‍ മാര്‍ക്കറ്റില്‍ ഉണ്ടെന്ന് സങ്കല്പിക്കുക. ഒരാള്‍ ഇവയിലേക്കെല്ലാം നോക്കി 'വ്യാജനും ഒറിജിനലും ഏതാണ് എന്നതില്‍ അഭിപ്രായവ്യത്യാസമുണ്ട്. അതുകൊണ്ട് ഇത്തരത്തില്‍ ഒരു ഒറിജിനല്‍ ബ്രാന്‍ഡ് തന്നെയില്ല' എന്നു പറഞ്ഞാല്‍ എന്തായിരിക്കും നമ്മുടെ പ്രതികരണം?

ഒരു ഒറിജിനല്‍ ബ്രാന്‍ഡ് ഉള്ളതുകൊണ്ടാണല്ലോ അതിന്റെ ഒമ്പതു വ്യാജനുകള്‍ നിലനില്‍ക്കുന്നത്. അതുപോലെ യാഥാര്‍ഥ്യമായ ഒരു ദൈവസങ്കല്പം നിലനില്‍ക്കുന്നതുകൊണ്ടാണല്ലോ ദൈവവുമായി ബന്ധപ്പെട്ട അനേകം തെറ്റായ/വ്യാജ ദൈവസങ്കല്പങ്ങള്‍ നിലനില്‍ക്കുന്നത്. ചില നിരീശ്വരവാദികള്‍ ഹീറോയിസമായി പറയാറുള്ള ഒരു കാര്യം കൂടി ഇവിടെ സൂചിപ്പിക്കാം:

'നിങ്ങള്‍ ലോകത്തുള്ള മറ്റെല്ലാ ദൈവങ്ങളും വ്യാജവും നിങ്ങളുടെ ദൈവം മാത്രം യാഥാര്‍ഥ്യവുമാണ് എന്നു പറയുന്നു. ഞങ്ങള്‍ ആ ദൈവം കൂടി വ്യാജമാണെന്ന് പറയുന്നു, അത്രേയുള്ളൂ. നിങ്ങള്‍ 99% നിരീശ്വരവാദി, ഞങ്ങള്‍ 100% നിരീശ്വരവാദി.' ഇതും അടിസ്ഥാനപരമായി ഇവിടെ വിശദീകരിച്ച വാദത്തിന്റെ മറ്റൊരു രൂപമാണ്.

ഇതിനുള്ള പ്രതികരണമായി ഒരു ഉദാഹരണം സൂചിപ്പിക്കാം: ഒരു കവിതയെ ചൂണ്ടി ഇത് തന്റെ രചനയാണ് എന്ന് പത്തു പേര്‍ വാദിക്കുന്നു എന്നു കരുതുക. ആ കവിത എഴുതിയ ആളെ വ്യക്തമായി അറിയുന്ന ഒരാള്‍, കൃത്യമായ തെളിവുകള്‍ ഉന്നയിച്ച് വ്യാജ അവകാശവാദം ഉന്നയിക്കുന്ന ഒമ്പതു പേരെയും നിഷേധിച്ച് യഥാര്‍ഥ എഴുത്തുകാരന്‍ ആരാണ് എന്നു സ്ഥാപിക്കുകയും ചെയ്യുന്നു.

അപ്പോള്‍ അപ്പുറത്തു നിന്ന് മറ്റൊരാള്‍ 'ഈ കവിത എഴുതിയത് ആരാണ് എന്നതില്‍ ഒന്നിലധികം അഭിപ്രായങ്ങള്‍ വന്നതുകൊണ്ടും അവയില്‍ അധിക പേരും വ്യാജന്മാരാണ് എന്ന് തോന്നുന്നതുകൊണ്ടും അവരെയെല്ലാം ഒരുപോലെ നിഷേധിച്ച് ഈ കവിത ആരും രചിച്ചതല്ല എന്ന തീര്‍പ്പിലേക്കെത്താം' എന്നു പറഞ്ഞാല്‍ നാം അംഗീകരിക്കുമോ?

തെളിവുകള്‍ ഉന്നയിച്ച് യഥാര്‍ഥ എഴുത്തുകാരനെ കാണിച്ചുകൊടുത്ത ആളോട് 'നിങ്ങള്‍ ചെയ്യുന്നത് മണ്ടത്തരമാണ്, നിങ്ങള്‍ രചയിതാവാണ് എന്ന് അവകാശവാദം ഉന്നയിക്കുന്ന ഒമ്പതു പേരെയും നിഷേധിച്ച് 90% നിഷേധിയാകുന്നു, ഞാന്‍ ആ ഒരാളെ കൂടി നിഷേധിച്ച് 100% നിഷേധിയാകുന്നു' എന്നു പറഞ്ഞാല്‍ നാം ആ മറുപടിയെ ഹീറോയിസമായി കാണുകയാണോ ചെയ്യുക, അതോ പുച്ഛത്തോടെ അവഗണിക്കുമോ?

വ്യാജ എഴുത്തുകാര്‍ അവകാശവാദം കൊണ്ടുവരുന്നു എന്നതുകൊണ്ട് കവിത രചിക്കപ്പെട്ടതല്ലാതാവുന്നില്ലല്ലോ. അതുപോലെ സ്രഷ്ടാവിനെ സംബന്ധിച്ച വ്യാജ സങ്കല്പങ്ങള്‍ സൃഷ്ടിപ്പിനെയും ഇല്ലാതാക്കുന്നില്ല. വ്യാജ ദൈവങ്ങള്‍ ദൈവത്തിന്റെ ഉണ്മയെ നിഷേധിക്കുകയല്ല, മറിച്ച് ബലപ്പെടുത്തുകയാണ് ചെയ്യുന്നത്.

ഇത്തരത്തില്‍ ഒത്തിരി വ്യാഖ്യാനങ്ങള്‍ നിലനില്‍ക്കുന്ന ഒരു കാര്യത്തിന്റെ യഥാര്‍ഥ വ്യാഖ്യാനം ഏതാണ് എന്നതാണ് സത്യാന്വേഷിയുടെ വിഷയമാവേണ്ടത്. അതിനു ബൗദ്ധികമായി അവന്‍ അധ്വാനിക്കണം. പക്ഷേ, ചിലര്‍ക്ക് ബൗദ്ധികാധ്വാനം ആവശ്യമുള്ള ഇടങ്ങളിലെല്ലാം 'നിഷേധം' എന്ന ഒറ്റമൂലി കൊണ്ട് തടിതപ്പാനാണ് താല്‍പര്യം.