സര്‍വമത സത്യവാദത്തിന്റെ വൈരുധ്യാധിഷ്ഠിത അകംപൊരുള്‍


വികലവാദങ്ങള്‍ ഒളിച്ചുകടത്തുന്നതിന്, ശരിയായ പ്രസ്താവനകള്‍ക്കിടയില്‍ അസത്യങ്ങളും അര്‍ധസത്യങ്ങളും അല്‍പസത്യങ്ങളും തിരുകിക്കയറ്റുന്നു.

പ്രവാചകന്‍(സ) പ്രബോധന പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതു മുതല്‍ എതിര്‍പ്പുകളും ഉടലെടുത്തിട്ടുണ്ട്. പ്രവാചകന്‍ തന്റെ ബന്ധുക്കളെ മക്കയിലെ മലഞ്ചെരുവില്‍ ഒരുമിച്ചുകൂട്ടി ദീനിന്റെ അടിസ്ഥാന ആദര്‍ശങ്ങള്‍ വിളംബരം ചെയ്തപ്പോള്‍ പ്രത്യക്ഷത്തിലുള്ള എതിര്‍പ്പിന്റെ കുന്തമുന ആദ്യം ഉയര്‍ത്തിയത് പിതൃവ്യന്‍ അബൂലഹബ് തന്നെയായിരുന്നു. അബൂലഹബും ഉത്ബത്തും ശൈബത്തുമൊക്കെ നേര്‍ക്കുനേരെ ഇസ്‌ലാമിന് പ്രതിമുഖം നിന്നു.

ഇസ്‌ലാമിക സമൂഹം ശക്തിപ്പെടുകയും വളര്‍ച്ച പ്രാപിക്കുകയും ചെയ്തപ്പോള്‍ പ്രത്യക്ഷത്തിലുള്ള എതിര്‍പ്പിന്റെ ശക്തികള്‍ പരാജയപ്പെട്ടു. അതേസമയം ഇസ്‌ലാമിക സമൂഹത്തിനകത്ത് കടന്നുകൂടി ഇസ്‌ലാമിനെ ദുര്‍ബലപ്പെടുത്താനും പരാജയപ്പെടുത്താനുമുള്ള ശ്രമങ്ങള്‍ ഉണ്ടായി.

കപടവിശ്വാസികളായ ഇത്തരക്കാരുടെ ശ്രമങ്ങള്‍ വളരെ ഗൂഢവും ഗോപ്യവുമായിരുന്നു. അബ്ദുല്ലാഹിബ്‌നു ഉബയ്യുബ്‌നു സുലൂല്‍, അബ്ദുല്ലാഹിബ്‌നു സബഅ് എന്നിവര്‍ ഇത്തരക്കാരായിരുന്നു. ഇവര്‍ ഇസ്‌ലാമിക സമൂഹത്തില്‍ ആശയക്കുഴപ്പമുണ്ടാക്കാനും അതുവഴി നിഷ്‌കളങ്കരായ വിശ്വാസികളെ വഴിതെറ്റിക്കാനും ശ്രമിച്ചു.

ഇത്തരത്തിലുള്ള മാര്‍ഗഭ്രംശങ്ങളില്‍ നിന്ന് രക്ഷ തേടാനുള്ള ആഹ്വാനം അടങ്ങുന്ന ഖുര്‍ആനിക വാക്യം ശ്രദ്ധേയമാണ്: ''മനുഷ്യരുടെ രക്ഷിതാവും രാജാവും ആരാധ്യനുമായ നാഥനോട് ഞാന്‍ ശരണം തേടുന്നു. ജനമനസ്സുകളില്‍ ദുര്‍ബോധനം ചെയ്ത് മാറിനില്‍ക്കുകയും ആവര്‍ത്തിച്ച് ആശയക്കുഴപ്പമുണ്ടാക്കുകയും ചെയ്യുന്ന മനുഷ്യരിലെയും ജിന്നുകളിലെയും പിശാചുക്കളുടെ ദ്രോഹത്തില്‍ നിന്ന്'' (അന്നാസ് 1-6).

ഈ അധ്യായത്തില്‍ പരാമര്‍ശിച്ച 'മനുഷ്യ മനസ്സുകളില്‍ ഗോപ്യമായി ദുര്‍മന്ത്രണം നടത്തുന്ന തിന്മയുടെ ശക്തികളുടെ ഗൂഢമായ പ്രവര്‍ത്തനങ്ങള്‍ നിലയ്ക്കാതെ നടന്നുവരുന്ന ഒരു പ്രക്രിയയാണ്. ഇസ്‌ലാമിന്റെ വൈരികളുടെ നിഗൂഢ ഫാക്ടറികളില്‍ ഇത്തരം ആശയങ്ങളും വ്യക്തികളും രൂപപ്പെടുത്തപ്പെട്ടതിന് ചരിത്രം സാക്ഷിയാണ്.

പ്രവാചക വേഷം കെട്ടി രംഗത്തുവന്ന മീര്‍സാ ഗുലാം അഹ്മദ് ഖാദിയാനി ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ പണിപ്പുരയില്‍ നിന്ന് പടച്ചുവിടപ്പെട്ട വ്യാജ പ്രവാചകനായിരുന്നു. ചേകന്നൂര്‍ മൗലവി സയണിസത്തിന്റെയും ഓറിയന്റലിസത്തിന്റെയും മോഡേണിസ്റ്റ് വികല വാദത്തിന്റെയും സൃഷ്ടിയായിരുന്നു.

അദ്ദേഹത്തിന്റെ വാദമുഖങ്ങളുടെ സ്രോതസ്സുകള്‍ ജൂതപണ്ഡിതനായ ഇഗ്നാസ് ഗോള്‍സിയറിന്റെയും മോഡേണിസ്റ്റായ അബൂറയ്യയുടെയും വികല ചിന്തകളും പഠനങ്ങളുമായിരുന്നു. ഇത്തരം വികല വാദ ഉല്‍പന്നങ്ങളുടെ പുതിയ ഒരു പതിപ്പും ബ്രാന്‍ഡുമാണ് മട്ടന്നൂര്‍ സ്വദേശി സി എച്ച് മുസ്തഫയുടേത്.

ഇദ്ദേഹത്തിന്റെ പിന്നാമ്പുറത്തുള്ളത് ശിയാ വിഭാഗത്തിന്റെ വികല ആശയവാദങ്ങളും ഫാഷിസ്റ്റുകളുടെ ഫാക്ടറിയില്‍ രൂപംകൊണ്ട വൈരുധ്യാധിഷ്ഠിത സര്‍വമത-സര്‍വവേദ സത്യവാദങ്ങളുമാണ്. ഇദ്ദേഹം തന്നെ തന്റെ ആശയധാരയുടെ പിന്തുണക്കാര്‍ ആരാണെന്ന് പറയാതെ പറയുന്നുണ്ട്.

നബി(സ)യുടെ അനുചരന്മാരെ അപഹസിക്കുകയും ഇകഴ്ത്തുകയും ചെയ്യുന്ന പ്രവണതയും പ്രമുഖ ഹദീസ് പണ്ഡിതന്മാരെ വിലയിടിച്ചു കാണിക്കുന്ന രീതിയും ശിയാ സഹവര്‍ത്തനത്തിന്റെ ഉപോല്‍പന്നമാണ്. ഫാഷിസ്റ്റ് ബാന്ധവത്തിന്റെ പ്രത്യക്ഷ തെളിവുകള്‍ അദ്ദേഹം തന്നെ എഴുതി നല്‍കിയ രേഖയിലും യൂട്യൂബ് പ്രഭാഷണങ്ങളിലും പ്രകടമാണ്.

തലശ്ശേരി കോടതിയില്‍ ഒരു കേസിന്റെ ഭാഗമായി അദ്ദേഹം നല്‍കിയ രേഖയില്‍ ഇപ്രകാരം കാണാം: ''ഞാനും എതിര്‍കക്ഷിയും ഒരുമിച്ച് ജമാഅത്തെ ഇസ്‌ലാമി എന്ന സംഘടനയില്‍ പ്രവര്‍ത്തിച്ചിരുന്നു. എന്നാല്‍ പിന്നീട് ഞാന്‍ ശ്രീനാരായണ ഗുരു ദര്‍ശനങ്ങളിലും വീക്ഷണങ്ങളിലും ആകൃഷ്ടനാവുകയും എട്ടു വര്‍ഷത്തോളമായി ശ്രീനാരായണ ഗുരുവിന്റെ വീക്ഷണങ്ങളെപ്പറ്റി പഠിക്കുകയും ശ്രീനാരായണീയരുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുകയും ചെയ്തിരുന്നു. ആയത് എതിര്‍കക്ഷിക്കും അവരുടെ സഹോദരനും ഇഷ്ടപ്പെട്ടിരുന്നില്ല.''

ഇദ്ദേഹം ഫാഷിസ്റ്റുകളുടെ പിന്തുണയോടുകൂടി സംഘടിപ്പിക്കപ്പെട്ട ഒരു പരിപാടിയില്‍ നടത്തുന്ന പ്രഭാഷണം യൂട്യൂബില്‍ കേള്‍ക്കാം: ''നിങ്ങള്‍ എന്റെ മതത്തിലോട്ട് വാ, ഈ തൊഴുത്തിലോട്ട് വാ, നിങ്ങള്‍ പ്രസവിക്കുമെന്നാണ്. ഈ പ്രസവിക്കാത്ത മച്ചിപ്പശു ഏത് തൊഴുത്തില്‍ കെട്ടിയാലും പ്രസവിക്കൂലാന്ന് ഈ മണ്ടന്മാരുണ്ടോ അറിയുന്നു! മതംമാറ്റം പോലെ വൃത്തികേടുള്ള, വൃത്തികെട്ട പ്രഹസനം വേറൊന്നില്ല. ഏത് മതത്തില്‍ നിന്ന് ഏത് മതത്തിലേക്കാ മാറേണ്ടത്?

എല്ലാ മതങ്ങളും സത്യമാണെങ്കില്‍, എല്ലാ വേദങ്ങളും സത്യമാണെങ്കില്‍, എല്ലാ ദര്‍ശനങ്ങളും സത്യമാണെങ്കില്‍ ഒരു മതത്തില്‍ നിന്ന് മറ്റൊരു മതത്തിലേക്ക് മാറുക എന്നതിനേക്കാള്‍ അശ്ലീലകരമായ മറ്റെന്താണുള്ളത്. മതംമാറ്റം എന്നത് വലിയൊരു വ്യവസായമാണ്. ഇതൊക്കെ എനിക്ക് ഈ സദസ്സിലേ പറയാന്‍ പറ്റുകയുള്ളൂ. വലിയ വ്യവസായമാണ്. കഴിയുമെങ്കില്‍ അത് നിയമപരമായി നിരോധിക്കണമെന്നാണ് ഞാന്‍ പറയുക.''

ഈ പ്രഭാഷണത്തില്‍ നിന്ന് ഇദ്ദേഹത്തിന്റെ ഉദ്ദേശ്യം എന്താണെന്നും ആരുടെ അച്ചാരം വാങ്ങിയാണ് പ്രവര്‍ത്തിക്കുന്നതെന്നും വ്യക്തമാണ്. ഈ വാദങ്ങള്‍ അരക്കിട്ടുറപ്പിക്കുന്നതിനു വേണ്ടി ഇദ്ദേഹം എഴുതിയ രണ്ട് പുസ്തകങ്ങളും ഇക്കാര്യം സുതരാം വ്യക്തമാക്കുന്നുണ്ട്. 'ഖുര്‍ആന്‍ അകംപൊരുള്‍: മാനവിക വ്യാഖ്യാനം', 'ഇസ്‌ലാമിലെ മോക്ഷ സിദ്ധാന്തം' എന്നീ രണ്ട് ഗ്രന്ഥങ്ങളും ഈ ആശയം പ്രചരിപ്പിക്കുന്നതിനുള്ള ദുര്‍വ്യാഖ്യാനമാണ്.

ഇതിനു മുസ്‌ലിം സമുദായത്തില്‍ അംഗീകാരം കിട്ടുന്നതിനു വേണ്ടി ഇദ്ദേഹം സ്വീകരിച്ചിട്ടുള്ള തന്ത്രങ്ങളില്‍ പെട്ടതാണ്, താന്‍ ജമാഅത്തെ ഇസ്‌ലാമിയുടെ ആശയക്കാരനായ കെ ടി അബ്ദുറഹീം മൗലവിയുടെ ശിഷ്യനാണെന്നും അദ്ദേഹത്തില്‍ നിന്നു പഠിച്ച കാര്യങ്ങളാണ് താന്‍ പ്രചരിപ്പിക്കുന്നത് എന്ന വാദം. രണ്ടാമത് അദ്ദേഹം ചെയ്ത മറ്റൊരു തന്ത്രം, സമസ്തക്കാര്‍ക്കിടയില്‍ അംഗീകാരമുള്ള മുസ്‌ലിം രാഷ്ട്രീയ പാര്‍ട്ടിയുടെ സമുന്നതനായ ഒരു നേതാവിനെക്കൊണ്ട് തന്റെ 'ഖുര്‍ആന്‍ അകംപൊരുള്‍' എന്ന ഗ്രന്ഥത്തിനും മുജാഹിദുകള്‍ക്കിടയില്‍ അറിയപ്പെടുന്ന ഒരു പണ്ഡിതനെക്കൊണ്ട് തന്റെ 'ഇസ്‌ലാമിലെ മോക്ഷസിദ്ധാന്തം' എന്ന ഗ്രന്ഥത്തിനും അവതാരിക എഴുതിച്ചു എന്നതാണ്.

സി എച്ച് മുസ്തഫ ബൈബിള്‍ ഇന്‍ഡക്‌സ് തന്നെ ആദ്യമായി കാണുന്നത് അന്നാണെന്ന് മുഹമ്മദ് ഈസ വെല്ലുവിളിക്കുന്നുണ്ട്.

ഇവര്‍ രണ്ടു പേരെയും തെറ്റിദ്ധരിപ്പിച്ച് എഴുതി വാങ്ങിയ അവതാരിക ഉപയോഗിച്ച് ആളുകളെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമാണ് ഇദ്ദേഹം നടത്തിയിട്ടുള്ളത്. ഇവര്‍ രണ്ടുപേരും ഈ കുതന്ത്രം തിരിച്ചറിഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ ആശയങ്ങളുമായി തങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

അദ്ദേഹത്തിന്റെ ഗുരുനാഥനായി പരിചയപ്പെടുത്തിയ കെ ടി അബ്ദുറഹീം മൗലവിക്ക് ഇദ്ദേഹത്തിന്റെ ഇത്തരം വിതണ്ഡവാദങ്ങള്‍ ഉള്ളതായി അദ്ദേഹത്തിന്റെ പ്രഭാഷണങ്ങളിലോ പുസ്തകങ്ങളിലോ രേഖപ്പെട്ടു കിടക്കുന്നുമില്ല. എന്നാല്‍ സി എച്ച് മുസ്തഫ ഈ വിഭാഗങ്ങള്‍ക്കിടയിലെ പ്രബുദ്ധര്‍ക്കിടയില്‍ തന്ത്രപരമായി നുഴഞ്ഞുകയറി ആശയക്കുഴപ്പമുണ്ടാക്കാനാണ് ഇതുവഴി ഉദ്ദേശിച്ചിരുന്നത്.

ഇദ്ദേഹം ഇത്തരം വാദഗതികള്‍ ഒളിച്ചുകടത്തുന്നതിന് സ്വീകരിക്കുന്ന മറ്റൊരു തന്ത്രം ശരിയായ പ്രസ്താവനകള്‍ക്കിടയില്‍ അസത്യങ്ങളും അര്‍ധസത്യങ്ങളും അല്‍പസത്യങ്ങളും തിരുകിക്കയറ്റുക എന്നതാണ്. നോട്ടുകെട്ടില്‍ നല്ല നോട്ടുകള്‍ക്കിയില്‍ കള്ളനോട്ടുകള്‍ തിരുകിക്കയറ്റുന്ന സൂത്രമാണ് ഇദ്ദേഹം പ്രയോഗിക്കുന്നത്. അദ്ദേഹത്തിന്റെ യൂട്യൂബ് പ്രഭാഷണങ്ങളില്‍ തന്നെയുള്ള ചില പരാമര്‍ശങ്ങള്‍ ഈ കൂട്ടിക്കലര്‍ത്തല്‍ വ്യക്തമാക്കുന്നുണ്ട്:

  1. പ്രവാചകന്മാര്‍ എല്ലാ കാലത്തും വന്നിട്ടുണ്ട്.
  2. പ്രവാചകന്മാരുടെ അധ്യാപനങ്ങളില്‍ നിന്ന് സമുദായങ്ങള്‍ വഴിതെറ്റുമ്പോള്‍ അവരെ സന്മാര്‍ഗത്തിലേക്ക് നയിക്കാന്‍ വീണ്ടും പ്രവാചകന്മാര്‍ വരുന്നു.
  3. എല്ലാ പ്രവാചകന്മാരുടെയും അടിസ്ഥാന സന്ദേശം ഒന്നായിരുന്നു.
  4. മുഹമ്മദ് നബിയില്‍ ഉത്തമ മാതൃകയുണ്ട് എന്ന് ഖുര്‍ആന്‍ പറയുന്നു. ഇബ്‌റാഹീം നബിയിലും മാതൃകയുണ്ടെന്ന് ഖുര്‍ആന്‍ പറയുന്നു.
  5. സാമുദായികവാദവും ശ്രേഷ്ഠവാദവും ജനങ്ങളെ പറ്റിക്കാനുള്ള പണികള്‍ മാത്രമാണ്.
  6. മറ്റൊരു വേദം ബോധ്യപ്പെട്ട ഒരാളെ നാം എന്തിന് നരകത്തില്‍ പറഞ്ഞയക്കണം?
  7. ഖുര്‍ആന്‍ ഒരു വേദത്തെയും ദുര്‍ബലപ്പെടുത്തുന്നില്ല, മറിച്ച്, എല്ലാ വേദങ്ങളെയും സത്യപ്പെടുത്തുകയാണ് ചെയ്തിട്ടുള്ളത്.

ഉദാഹരണത്തിന് ഇവിടെ ഉദ്ധരിച്ചിട്ടുള്ള ഇദ്ദേഹത്തിന്റെ മേല്‍ പ്രസ്താവനകളില്‍ സത്യങ്ങളും അസത്യങ്ങളും ഭാഗിക സത്യങ്ങളും കൂട്ടിക്കലര്‍ത്തിയതായി സൂക്ഷ്മമായി പരിശോധിച്ചാല്‍ മനസ്സിലാകും. വിശുദ്ധ ഖുര്‍ആന്‍ ആലുഇംറാന്‍ അധ്യായത്തില്‍ 71-ാം വാക്യത്തില്‍ വേദക്കാരോടായി ഉന്നയിച്ച ഒരു ചോദ്യം ഇവിടെ ഏറെ പ്രസക്തമാണ്:

''വേദക്കാരേ, നിങ്ങള്‍ എന്തിനാണ് സത്യത്തെ അസത്യവുമായി കൂട്ടിക്കലര്‍ത്തുകയും അറിഞ്ഞുകൊണ്ട് സത്യം മറച്ചുവെക്കുകയും ചെയ്യുന്നത്?''

ഈ മറച്ചുപിടിക്കലിന്റെയും ഒളിച്ചുകടത്തലിന്റെയും ഭാഗമായുള്ള ഒരു പരാമര്‍ശമാണ് 'ഇസ്‌ലാമിലെ മോക്ഷസിദ്ധാന്തം' എന്ന പുസ്തകത്തില്‍ അദ്ദേഹം രേഖപ്പെടുത്തിയ വാചകം: ''എല്ലാ വേദങ്ങളും സത്യവും നിത്യപ്രസക്തങ്ങളുമാണ്. ഒരു വേദവും കാലഹരണപ്പെട്ടിട്ടില്ല. അവയെല്ലാം ദൈവവചനങ്ങള്‍ തന്നെ. ഏത് വേദത്തെ പിന്‍പറ്റിയാലും മോക്ഷമുണ്ട്'' (പേജ് 25).

ഇതേ കാര്യം അദ്ദേഹത്തിന്റെ ഒരു യൂട്യൂബ് പ്രഭാഷണത്തില്‍ കാണാം: ''ഈ പൗരോഹിത്യം ഉണ്ടാക്കിയ കെട്ടുകഥകള്‍ക്കു പിറകെയല്ല നിങ്ങള്‍ പോകേണ്ടത്. മറിച്ച് സുവിശേഷങ്ങള്‍ക്കനുസരിച്ച് ജീവിതത്തെ ക്രമപ്പെടുത്തണം, സുവിശേഷങ്ങളിലുള്ള ജീവിതപാഠങ്ങള്‍ ഉള്‍ക്കൊള്ളണം, അതിനനുസരിച്ച് നിങ്ങള്‍ നിങ്ങളെ സ്വയം പുനഃക്രമീകരിക്കണം എന്നാണ് ഒരു ക്രിസ്ത്യന്‍ സുഹൃത്തിനോട് പറയേണ്ടത്. അല്ലാതെ നിങ്ങള്‍ നിങ്ങളുടെ ബൈബിള്‍ വലിച്ചെറിയൂ, നിങ്ങളുടെ ബൈബിള്‍ ഒക്കെ കള്ളമാണ്, ഞങ്ങളിലേക്ക് വരൂ, മതം മാറണം, എന്നിട്ട് ഞങ്ങളുടെ കൂടെ വരൂ, എങ്കില്‍ സ്വര്‍ഗം നേടാം എന്നല്ല പറയേണ്ടത്.

ഓരോ വേദക്കാരെയും അതത് വേദമനുസരിച്ച് ജീവിക്കണം എന്ന് പ്രോത്സാഹിപ്പിക്കലാണ്, പിന്തുണക്കലാണ്, അവരെ അതിനു വേണ്ടി ശക്തിപ്പെടുത്തലാണ്. ആ വേദം പഠിപ്പിച്ചു കൊടുക്കാന്‍ മറ്റു വേദക്കാര്‍ക്ക് നിര്‍ബന്ധമാണ്, ബാധ്യതയുണ്ട്. മറ്റ് വേദങ്ങള്‍ പഠിക്കണം. ഞാന്‍ പറയുന്നു: ഈ വേദങ്ങള്‍ തിരുത്തിയെന്ന് വലിയ വായില്‍ പ്രസംഗിക്കുന്ന ആളുകളുണ്ടല്ലോ, ഇവര്‍ വേദങ്ങള്‍ പഠിച്ചവരാണോ? പ്രസംഗിക്കാന്‍ വേണ്ടി മൂന്നോ നാലോ ശ്ലോകങ്ങള്‍ വല്ലയിടത്തുനിന്നും കാണാതെ പഠിച്ച് പറയുന്നു എന്നതിനപ്പുറത്ത് വേദങ്ങളെ കുറിച്ച് ആധികാരികമായി പഠിക്കുകയോ ആ വേദങ്ങളെക്കുറിച്ച് ചിന്തിക്കുകയോ ഒന്നും ചെയ്തിട്ടില്ല. മറിച്ച് ഇത് പരമ്പരാഗതമായി പറഞ്ഞുവരുന്നത് വീണ്ടും ആവര്‍ത്തിക്കുന്നുവെന്ന് മാത്രം.''

ഇവിടെ സി എച്ച് മുസ്തഫ വേദങ്ങളെല്ലാം സമഗ്രമായി പഠിച്ച ഒരു പണ്ഡിതന്റെ ഭാവത്തോടെ മറ്റുള്ളവരെ കൊച്ചാക്കി അഹങ്കാരപീഠം കയറിയിരിക്കുന്നതാണ് കാണുന്നത്. ഇദ്ദേഹത്തിന്റെ ഇത്തരം വീരസ്യം പറയല്‍ ശ്രദ്ധയില്‍പെട്ട ബൈബിളും ഖുര്‍ആനും സമഗ്ര താരതമ്യം നടത്തി ഇസ്‌ലാമിന്റെ സത്യതയെ പുല്‍കിയ മുഹമ്മദ് ഈസ പെരുമ്പാവൂര്‍, സി എച്ച് മുസ്തഫയുടെ അനുയായികളുടെ ഒരു യൂട്യൂബ് ചര്‍ച്ചയില്‍ കയറി ഇടപെടുകയുണ്ടായി.

ശിഷ്യന്മാരായ കുഞ്ഞാടുകള്‍ക്ക് ഇദ്ദേഹത്തിന്റെ ചോദ്യങ്ങള്‍ക്കു മുമ്പില്‍ പിടിച്ചുനില്‍ക്കാനായില്ല. തുടര്‍ന്ന് അനുയായികളെ പിടിച്ചുനിര്‍ത്താന്‍ വേണ്ടി മുസ്തഫ തന്നെ നേരിട്ട് മുഹമ്മദ് ഈസയുടെ അരികില്‍ വരാന്‍ നിര്‍ബന്ധിതനായി. മുഹമ്മദ് ഈസ ബൈബിളിന്റെ ഇന്‍ഡെക്‌സ് എടുത്ത് മുസ്തഫയുടെ കൈയില്‍ കൊടുത്ത് 'ഇതില്‍ ഏത് പുസ്തകങ്ങളാണ് മോസസും യേശുവും നേരിട്ട് ദൈവവചനങ്ങളായി ഉദ്ധരിച്ചിട്ടുള്ളത്' എന്ന് ചോദിക്കുകയുണ്ടായി. മുസ്തഫ ബൈബിള്‍ ഇന്‍ഡക്‌സ് തന്നെ ആദ്യമായി കാണുന്നത് അന്നാണെന്ന് മുഹമ്മദ് ഈസ വെല്ലുവിളിക്കുകയുണ്ടായി.

(അവസാനിക്കുന്നില്ല)