സൂറഃ ഫാത്തിഹയില്‍, നിന്നെ മാത്രമേ ഞങ്ങള്‍ ആരാധിക്കുന്നുള്ളൂ എന്നു നാം ഉരുവിടുമ്പോള്‍, നാം സൃഷ്ടിക്കപ്പെട്ടതിന്റെ ഉദ്ദേശ്യത്തെക്കുറിച്ച് ഓര്‍മിപ്പിക്കുകയാണ്.
ഏതൊരു കാര്യത്തിന്റെയും വിജയം അതിന്റെ ഉദ്ദേശ്യം നിറവേറ്റുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു. അതിനാല്‍ നമ്മുടെ നിലനില്പിന്റെ ഉദ്ദേശ്യം അറിയാതെ വിജയം എന്താണെന്ന് തിരിച്ചറിയാന്‍ ഒരു മാര്‍ഗവുമില്ല. അല്‍ഫാത്തിഹയില്‍, 'നിന്നെ മാത്രമേ ഞങ്ങള്‍ ആരാധിക്കുന്നുള്ളൂ' എന്നു നാം ചൊല്ലുമ്പോള്‍, നാം സൃഷ്ടിക്കപ്പെട്ടതിന്റെ ഉദ്ദേശ്യത്തെക്കുറിച്ച് ഓര്‍മിപ്പിക്കപ്പെടുന്നു.
നമ്മുടെ വിജയം ദൈവവുമായുള്ള നമ്മുടെ ബന്ധം കെട്ടിപ്പടുക്കുന്നതിലും അവന്റെ വെളിപ്പെടുത്തലുകളില്‍ നിന്ന് നാം പഠിക്കുന്ന സദ്ഗുണങ്ങള്‍ ഉള്‍ക്കൊള്ളാന്‍ പരിശ്രമിക്കുന്നതിലുമാണ് അടിസ്ഥാനപരമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നത് അംഗീകരിക്കുന്നു.
മുന്‍ഗണന അല്ലാഹുവിന്
'നിന്നെയല്ലാതെ മറ്റാരെയും ഞങ്ങള്‍ ആരാധിക്കുന്നില്ല' (നഅ്ബുദു ഇയ്യാക്) എന്നതിനു പകരം 'നിന്നെ മാത്രമേ ഞങ്ങള്‍ ആരാധിക്കുന്നുള്ളൂ' (ഇയ്യാക നഅ്ബുദ്) എന്നു പറയുന്നതില്‍ വലിയ അര്‍ഥതലങ്ങള്‍ പല പണ്ഡിതന്മാരും ചൂണ്ടിക്കാണിക്കുന്നു. നമ്മുടെ ആരാധനയുടെ ഏറ്റവും പ്രധാനപ്പെട്ട സവിശേഷത അത് അല്ലാഹുവിനു മാത്രമായി അര്‍പ്പിക്കപ്പെടുന്നു എന്നതാണ്.
അതിനാലാണ് അവനെ ആദ്യം പരാമര്‍ശിക്കുന്നത്. ഇത് ഇഖ്‌ലാസ് (ആത്മാര്‍ഥത) ആണ് കാണിക്കുന്നത്. നമ്മുടെ സ്വന്തം പ്രവൃത്തികളാല്‍ നാം അഹങ്കാരികളാകരുത്. മറ്റുള്ളവരുടെ അംഗീകാരം തേടുന്നതിലൂടെ നമ്മുടെ പ്രവൃത്തികള്‍ മലിനമാകാന്‍ അനുവദിക്കരുത്. നമ്മള്‍ എന്ത് ചെയ്താലും അത് അല്ലാഹുവിനു വേണ്ടി മാത്രമാണ്.
ലോകത്തെ ആരും നിങ്ങളുടെ പ്രവൃത്തികളില്‍ ശ്രദ്ധ ചെലുത്തുന്നില്ലെങ്കിലും അവ അംഗീകരിക്കുന്നില്ലെങ്കിലും അവ അല്ലാഹുവിന് ഇഷ്ടമുള്ളതാണെങ്കില്‍ അതാണ് പ്രധാനം. എല്ലാവരും സോഷ്യല്‍ മീഡിയയില്‍ വ്യൂസിനും ലൈക്കുകള്‍ക്കും ഫോളോവേഴ്‌സിനും വേണ്ടി മുറവിളി കൂട്ടുന്ന ഒരു കാലഘട്ടത്തില്‍ എത്ര മനോഹരമായ ഓര്‍മപ്പെടുത്തല്‍!
സന്മാര്‍ഗദര്‍ശനം
സൂറഃ അല്‍ഫാത്തിഹ ഒരു ദുആ (പ്രാര്‍ഥന) ആണ്. ഒരാള്‍ക്ക് അല്ലാഹുവിനോട് ചോദിക്കാവുന്ന ഏറ്റവും ലളിതമായ, കാര്യമായ മാര്‍ഗനിര്‍ദേശത്തിനുള്ള അഭ്യര്‍ഥന അതില്‍ അടങ്ങിയിരിക്കുന്നു. സത്യം വെളിവാക്കപ്പെടുകയും (ഹിദായത്തുല്‍ ഇര്‍ഷാദ്) സത്യം സ്വീകരിക്കാനും പിന്തുടരാനുമുള്ള കഴിവും ഇച്ഛാശക്തിയും നല്‍കപ്പെടുകയും (ഹിദായത്തു തൗഫീഖ്) ചെയ്യുന്നതാണ് മാര്‍ഗനിര്‍ദേശം. വാസ്തവത്തില്‍ 'ഇഹ്ദിന ഇലാ അല്‍ സിറാത് അല്‍ മുസ്തഖീം' (നേരായ പാതയിലേക്ക് നമ്മെ നയിക്കുക) അല്ലെങ്കില്‍ 'ഇഹ്ദിന ലില്‍ സിറാത് അല്‍ മുസ്തഖീം' (നേരായ പാതയിലേക്ക് നമ്മെ നയിക്കുക) എന്നിങ്ങനെ ഇലാ, ലില്‍ ഉപയോഗിക്കുന്ന വാചകഘടനയായിരുന്നെങ്കില്‍ അത് പാത പിന്തുടരുന്നതില്‍ ദൈവിക പരിപാലനത്തിന്റെ പ്രാധാന്യം ഊന്നിപ്പറയുകയില്ലായിരുന്നു (ഹിദായത്തു തൗഫീഖ്).

ദൈവിക മാര്‍ഗനിര്‍ദേശത്തിനായിട്ടുള്ള ഒരു പ്രാര്‍ഥനയായതിനാല്‍, സത്യം നമുക്ക് കാണിച്ചുതരുമ്പോള്‍ അത് സ്വീകരിക്കാന്‍ നമ്മെ പ്രാപ്തരാക്കുന്നതില്‍ നമുക്ക് എപ്പോഴും അവന്റെ സഹായം ആവശ്യമുണ്ടെന്ന എളിമയുള്ള സമ്മതം ഇതില്‍ അടങ്ങിയിരിക്കുന്നു.
ഹിദായത്ത് അനുഗ്രഹമാണ്
അല്ലാഹുവിന്റെ അനുഗ്രഹത്തെക്കുറിച്ച് പരാമര്‍ശിക്കുമ്പോള്‍, ക്രിയ നേരിട്ട് അല്ലാഹുവിനോട് (നീ അനുഗ്രഹിച്ചവരുടെ) ചേര്‍ക്കുന്നു. ഇതിനു വിപരീതമായി, ഒരു സര്‍വനാമം ഉപയോഗിച്ച് ദൈവത്തോട് നേരിട്ട് കോപം ചേര്‍ക്കുന്നില്ല. (അതായത്, അറബിയിലെ വാക്യം 'നീ കോപിച്ചവര്‍' എന്നു പറയുന്നില്ല). ഈ വ്യത്യാസത്തിന് പിന്നില്‍ ഒരു സൂക്ഷ്മതയുണ്ട്.
മാര്‍ഗനിര്‍ദേശം എന്നത് നമുക്ക് ഒരിക്കലും അര്‍ഹതയുണ്ടെന്ന് അവകാശപ്പെടാന്‍ കഴിയാത്ത, അവനില്‍ നിന്നുള്ള ഒരു സമ്മാനമാണ്. അതേസമയം ശിക്ഷ നമ്മുടെ പാപങ്ങളുടെയും അവന്‍ നമുക്ക് പശ്ചാത്തപിക്കാന്‍ നല്‍കുന്ന എല്ലാ അവസരങ്ങളും അവഗണിച്ചതിന്റെയും ഫലമാണ്. ദുഷ്പ്രവൃത്തികള്‍ അല്ലാഹുവിന്റെ കോപം നേടിത്തരുന്നുവെന്നും ഇത് കാണിക്കുന്നു.
വഴിതെറ്റി പോകുന്നവര്‍
തെറ്റിന്റേതായ രണ്ടാമത്തെ പാത സൂചിപ്പിക്കാന്‍ ഈ വാക്യത്തില്‍ ഉപയോഗിച്ചിരിക്കുന്ന പദം 'അല്‍ ദാല്ലീന്‍' എന്നാണ്. ഇത് വഴിതെറ്റിപ്പോയവരെയും സൂചിപ്പിക്കുന്നു. അല്ലാഹുവിന്റെ സന്ദേശത്തെ അവഗണിക്കുന്നവരുടെ മനഃപൂര്‍വമായ തിരഞ്ഞെടുപ്പുകളാണ് വഴിതെറ്റല്‍ എന്ന് വ്യക്തമാക്കുന്നതിനാണ് നിഷ്‌ക്രിയ രൂപത്തിന് (അല്‍ മുദല്ലീന്‍: വഴിതെറ്റിക്കപ്പെട്ടവര്‍) പകരം ആക്ടീവ് പാര്‍ട്ടിസിപ്പിള്‍ രൂപത്തില്‍ (അല്‍ ദാല്ലീന്‍: വഴിതെറ്റിപ്പോയവര്‍) എന്ന വാക്ക് ഉപയോഗിച്ചിരിക്കുന്നതെന്ന് പണ്ഡിതന്മാര്‍ നിരീക്ഷിക്കുന്നു.
അറിവിന്റെ, പ്രവൃത്തിയുടെ പ്രാധാന്യം
സൂറഃയുടെ അവസാനം രണ്ട് വഴികളെക്കുറിച്ച് പരാമര്‍ശിക്കുന്നുണ്ടെന്ന് ഇസ്ലാമിക പണ്ഡിതന്മാര്‍ വിശദീകരിച്ചിട്ടുണ്ട്. കോപം സമ്പാദിക്കുന്നവരുടെ വഴിയും വഴിതെറ്റുന്നവരുടെ വഴിയുമാണത്. ആദ്യത്തേത് അറിവുണ്ടെങ്കിലും അത് ചെയ്യുന്നതില്‍ പരാജയപ്പെടുന്നവരെ സൂചിപ്പിക്കുന്നു. രണ്ടാമത്തേത് അറിവില്ലാതെ പ്രവര്‍ത്തിക്കുന്നവരെ സൂചിപ്പിക്കുന്നു. അതിനാല്‍ ഇത് ഇസ്‌ലാമിലെ അറിവിന്റെയും പ്രവൃത്തിയുടെയും പ്രാധാന്യവുമായി ബന്ധപ്പെട്ടിരിക്കുന്നു. നാം എപ്പോഴും നമ്മുടെ അറിവ് വര്‍ധിപ്പിക്കുകയും നമ്മള്‍ പഠിച്ച അറിവ് പ്രയോഗിക്കുകയും വേണം.
രണ്ട് പട്ടികകള്‍
സൂറത്തിന്റെ ആദ്യ പകുതിയില്‍ അല്ലാഹുവിന്റെ അഞ്ച് നാമങ്ങളും രണ്ടാം പകുതിയില്‍ അഞ്ച് മനുഷ്യ പ്രവൃത്തികളും പരാമര്‍ശിക്കുന്നു. ഈ രണ്ട് പട്ടികകളും തമ്മില്‍ മനോഹരമായ ഒരു ബന്ധമുണ്ട്. 'നീ അല്ലാഹുവായതിനാല്‍ നിന്നെ മാത്രം ഞങ്ങള്‍ ആരാധിക്കുന്നു, നീ റബ്ബായതിനാല്‍ നിന്നോട് സഹായം തേടുന്നു, നീ അര്‍റഹ്മാന്‍ ആയതിനാല്‍ നിന്റെ സന്മാര്‍ഗം തേടുന്നു, നീ അര്‍റഹീം ആയതിനാല്‍ അത് പിന്തുടരുന്നതില്‍ ഞങ്ങള്‍ക്ക് സ്ഥിരോത്സാഹം നല്‍കണമേ എന്ന് ഞങ്ങള്‍ നിന്നോട് അപേക്ഷിക്കുന്നു.
അധ്യായത്തില്‍ വ്യക്തിവാദം എന്ന ആശയം തന്നെ തള്ളിക്കളയുന്നു. മുസ്‌ലിംകള്‍ എന്ന നിലയില്‍ നമുക്ക് ഒരു കൂട്ടായ ഐഡന്റിറ്റിയുണ്ട് എന്ന് സൂറഃയിലുടനീളം ഊന്നിപ്പറയുന്നു.
നിന്റെ അനുഗ്രഹം ലഭിക്കുന്നവരുടെ കൂട്ടത്തില്‍ ഞങ്ങളെ ഉള്‍പ്പെടുത്തേണമേ എന്നും വഴിതെറ്റിയവരുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്തരുതേ എന്നും ഞങ്ങള്‍ നിന്നോട് അപേക്ഷിക്കുന്നു. കാരണം നീയാണ് പ്രതിഫലനാളില്‍ ഞങ്ങളെയെല്ലാം വിധിക്കുന്ന യജമാനന്‍' എന്ന് ഒരാള്‍ പറയുന്നതുപോലെയാണിത്.
നേരായ പാത
അല്ലാഹു അനുഗ്രഹിച്ചവര്‍ ആരൊക്കെയാണ്? ഖുര്‍ആനില്‍ തന്നെ ഇതിന് ഉത്തരം നല്‍കുന്നുണ്ടെന്ന് പണ്ഡിതന്മാര്‍ പലപ്പോഴും ചൂണ്ടിക്കാണിക്കാറുള്ളത് പ്രവാചകന്മാര്‍, സിദ്ദീഖീന്‍ (സത്യത്തിന്റെ ആളുകള്‍), രക്തസാക്ഷികള്‍, നീതിമാന്‍മാര്‍ (ഖുര്‍ആന്‍ 4:69) എന്നിവരെയാണ്. ഈ പാത മുമ്പ് സഞ്ചരിച്ചിട്ടുണ്ട് എന്ന വസ്തുത അത് യഥാര്‍ഥവും കൈവരിക്കാവുന്നതുമാണെന്ന് കാണിക്കുന്നു. പ്രവാചകന്മാരും നമുക്കു മുമ്പുള്ള നീതിമാന്മാരും ഇതിനകം സഞ്ചരിച്ച ഒരു പാതയാണിത്.
മുസ്‌ലിം ഐഡന്റിറ്റി
ഈ അധ്യായത്തില്‍ വ്യക്തിവാദം എന്ന ആശയം തന്നെ തള്ളിക്കളയുന്നു. മുസ്‌ലിംകള്‍ എന്ന നിലയില്‍ നമുക്ക് ഒരു കൂട്ടായ ഐഡന്റിറ്റിയുണ്ട്, സൂറഃയിലുടനീളം അത് ഊന്നിപ്പറയുന്നത് നാം കാണുന്നു: 'നിന്നെ മാത്രമേ ഞങ്ങള്‍ ആരാധിക്കുന്നുള്ളൂ, നിന്നോട് മാത്രമേ ഞങ്ങള്‍ സഹായം ചോദിക്കുന്നുള്ളൂ, ഞങ്ങളെ നേരായ പാതയിലേക്ക് നയിക്കേണമേ' എന്നതിലെല്ലാം ഈ ബഹുത്വം കാണാം.
മുസ്‌ലിംകള്‍ എന്ന നിലയില്‍, മുഴുവന്‍ ഉമ്മഃയുടെയും പ്രയോജനത്തെക്കുറിച്ച് നാം ചിന്തിക്കണമെന്ന് നമുക്കറിയാം. മുഹമ്മദ് നബി(സ) പറഞ്ഞു: ''പരസ്പര സ്‌നേഹം, വാത്സല്യം, സഹാനുഭൂതി എന്നിവയില്‍ വിശ്വാസികള്‍ക്ക് സാദൃശ്യം ഒരു ശരീരത്തോടാണ്. അതിന്റെ ഏതെങ്കിലും അവയവം വേദനിക്കുമ്പോള്‍ ഉറക്കമില്ലായ്മയും പനിയും കാരണം ശരീരം മുഴുവന്‍ വേദനിക്കുന്നു.''
വിവ. അഫീഫ ഷെറിന്‍
ആദ്യഭാഗം വായിക്കാന്‍ ക്ലിക്ക് ചെയ്യുക: ഫാത്തിഹയിലെ വചനങ്ങളുടെ സവിശേഷമായ സംവാദന ശൈലി