ദഅ്‌വത്ത് സംരംഭങ്ങളെ താഴ്ത്തിക്കെട്ടാന്‍ ഹദീസ് നിഷേധ ആരോപണം വഴിയൊരുക്കിയിരിക്കുന്നു. അപ്പോള്‍, എന്താണ് ഹദീസ് നിഷേധമെന്നും ആരാണ് വഴിതെറ്റിയവരെന്നും ആലോചിക്കേണ്ടതുണ്ട്.
ഇസ്‌ലാമിക പ്രബോധനരംഗത്ത് ചിലര്‍ മറ്റു ചിലരെ ഹദീസ് നിഷേധിയെന്നും ചേകനൂരിയെന്നും മുഅ്തസിലിയെന്നും ഖവാരിജ് എന്നും മറ്റും ആരോപിച്ചുകൊണ്ടിരിക്കുന്നു. ഞങ്ങള്‍ ഇതൊന്നുമല്ല, യഥാര്‍ഥ ഇസ്‌ലാമിക പ്രമാണങ്ങള്‍ അവലംബിക്കുന്നവരാണെന്നും നിങ്ങള്‍ പറയുന്ന വിഭാഗങ്ങളോടെല്ലാം തെളിവു നിരത്തി നേരിടുന്ന സത്യത്തിന്റെ ആളുകളാണെന്നും പറഞ്ഞിട്ടും ആരോപകര്‍ പിന്‍മാറുന്നില്ലെന്ന് മാത്രമല്ല, ധിക്കാര സമീപനം സ്വീകരിക്കുകയും ചെയ്യുന്നു.
ആകയാല്‍ ദഅ്‌വത്ത് സംരംഭങ്ങളെ താഴ്ത്തിക്കെട്ടാന്‍ അതെല്ലാം വഴിയൊരുക്കിയിരിക്കുകയാണ്. ഈ പശ്ചാത്തലത്തില്‍ എന്താണ് ഹദീസ് നിഷേധമെന്നും ആരാണ് വഴിതെറ്റിയവരെന്നും ആര്‍ക്കൊക്കെയാണ് ഭ്രംശം സംഭവിച്ചിട്ടുള്ളതെന്നും ആലോചിക്കേണ്ടതുണ്ട്.
പ്രവാചകന്റെയും ഉത്തമ നൂറ്റാണ്ടുകളുടെയും ശേഷം വിശുദ്ധ ഖുര്‍ആന്‍ വ്യാഖ്യാനിക്കാനും മനസ്സിലാക്കാനും നബിചര്യ (ഹദീസ്) വേണ്ട എന്നു വാദിച്ച് ചിലര്‍ രംഗത്തുവന്നു. അവരുടെ ന്യായം, ഖുര്‍ആന്‍ ഉള്‍ക്കൊള്ളാന്‍ ഭാഷാനൈപുണിയും നിഘണ്ടുക്കളും ഉപയോഗപ്പെടുത്തിയാല്‍ മതിയെന്നതായിരുന്നു. ഇസ്‌ലാമിക സൗധത്തെ തകര്‍ക്കാന്‍ അകത്തും പുറത്തും പരിശ്രമിക്കുന്ന ഇസ്‌ലാമികവിരുദ്ധ ലോബിയുടെ വകയായിരുന്നു ഇതെല്ലാം.
അത്തരക്കാരും അവരെ പിന്‍പറ്റിയവരും 'അഹ്‌ലുല്‍ റഅ്‌യി വല്‍ അഖ്ല്‍' എന്നാണ് അറിയപ്പെട്ടത്. എന്നാല്‍ ഖുര്‍ആന്‍ നേരായ വിധം ഉള്‍ക്കൊള്ളാനും വിലയിരുത്താനും നബിചര്യയാണ് അവലംബിക്കേണ്ടതെന്നും ഖുര്‍ആനിന്റെ പാതയിലൂടെ സഞ്ചരിച്ച് ഇസ്‌ലാമിക നിയമങ്ങളുടെ പ്രാവര്‍ത്തിക രംഗം കണ്ടെത്താന്‍ അതാണ് വേണ്ടതെന്നും ഗ്രഹിച്ച മുസ്‌ലിംകള്‍ ഹദീസുകളെ നിരാകരിച്ചവര്‍ക്കെതിരെയും നിലകൊണ്ടു.
ഖുര്‍ആന്‍ വ്യാഖ്യാനിക്കാന്‍ നബിചര്യയാണ് സ്വീകരിക്കേണ്ടതെന്ന വാദമുള്ള വിഭാഗം 'അഹ്‌ലുസ്സുന്ന'യെന്നും 'അഹ്‌ലുല്‍ ഹദീസ്' എന്നും പ്രസിദ്ധരായി. വിശുദ്ധ ഖുര്‍ആനിലെ ആയത്തുകളെ അഹ്‌ലുല്‍ ഹദീസുകാര്‍ ഹദീസുകളുടെ ബലാബലം നോക്കിയ ശേഷവും ഖുര്‍ആനിക വചനങ്ങളുടെ അത്യുന്നതമായ സ്ഥാനത്തിനു ശക്തിയേകും വിധവും നബിചര്യക്ക് അനുസൃതമായും വിശദമാക്കിക്കൊണ്ടിരുന്നു.

ഒന്നാം പ്രമാണമായ ഖുര്‍ആനും രണ്ടാം പ്രമാണമായ ഹദീസും കര്‍മശാസ്ത്ര അറിവുകളും, എന്തിനധികം ഭാഷാശൈലികളും പ്രയോഗങ്ങളും പോലും ശക്തമായി സജീവമാക്കാനുതകുന്ന നിദാനശാസ്ത്ര അറിവുകളുടെ പിന്‍ബലത്തോടെയാണ് ഉള്‍ക്കൊള്ളേണ്ടതെന്ന് ഉറപ്പിച്ചു.
ഖുര്‍ആന്‍ പൂര്‍ണമായും ഉള്‍ക്കൊള്ളാന്‍ ഹദീസുകളെ അവലംബിക്കുക തന്നെ വേണം. ഹദീസ് നിഷേധം മൂലം യഥാര്‍ഥ പാതയിലെത്തില്ല.
തദടിസ്ഥാനത്തില്‍ വിശുദ്ധ ഖുര്‍ആന്‍ അല്ലാഹുവിന്റെ വചനങ്ങളും വാക്കുകളും ആശയവുമാണെന്നും അത് ഖണ്ഡിതമായ, സംശയരഹിതമായ, ബലവത്തായ പ്രമാണമാണെന്നും അതിന്റെ അവതരണ തുടക്കം മുതല്‍ ഒടുക്കം വരെ ദുരൂഹതകളേതുമില്ലാതെ ക്രോഡീകൃതമായതാണെന്നും അംഗീകരിച്ചുപോന്നു. അഥവാ ഹദീസ് നിഷേധികള്‍ പോലും ഖുര്‍ആന്‍ അംഗീകരിച്ചവരാണെന്ന് സാരം. എങ്കിലും അവര്‍ ഖുര്‍ആന്‍ വ്യാഖ്യാനിക്കാന്‍ നബിചര്യ വേണമെന്നില്ല എന്നതിലാണുള്ളത്.
അവരിലേക്ക് ചേര്‍ത്തുകൊണ്ട് ചിലരെ വിമര്‍ശിക്കുന്ന ദുഷ്ടസ്വഭാവത്തില്‍ നിന്നാണ് ഹദീസ് നിഷേധത്തിനെതിരെ പടപൊരുതുന്നവര്‍ പോലും ആരോപിക്കപ്പെടുന്നത്. അത്തരക്കാര്‍ ഖുര്‍ആനിക ആശയങ്ങളെ പോലും അറിഞ്ഞോ അറിയാതെയോ മൂടിവെക്കുകയാണ്. മറ്റൊരു വിഭാഗത്തെ ഹദീസ് നിഷേധികളായി ചിത്രീകരിക്കുന്നവര്‍ സ്വയം ഖുര്‍ആന്‍ നിഷേധികളാകുന്നുണ്ട് എന്നവര്‍ മനസ്സിലാക്കുന്നില്ല.
മുസ്‌ലിം ലോകത്ത് ചില പ്രശ്‌നങ്ങളുണ്ടായത് സൂചിപ്പിക്കാം. മുസ്‌ലിംകളുടെ ആദ്യ നൂറ്റാണ്ടില്‍ പ്രവാചകനോടൊപ്പം ജീവിച്ച ഉത്തമരുടെയും അവരില്‍ നിന്നു മതം പഠിച്ചു സൂക്ഷ്മതയോടെ നിലകൊണ്ട താബിഉകളുടെയും കാലശേഷം തൊട്ടടുത്ത നൂറ്റാണ്ടിലേക്ക് കടന്നപ്പോഴേക്ക് ജനങ്ങളുടെ സൂക്ഷ്മതാബോധത്തില്‍ മാറ്റമുണ്ടായിക്കൊണ്ടിരുന്നു. ചേരിതിരിവുകള്‍ മൂലം ഒട്ടനേകം സങ്കീര്‍ണമായ പ്രശ്‌നങ്ങള്‍ രൂപംകൊണ്ടു.
ഈയൊരവസ്ഥയില്‍ രണ്ടാം പ്രമാണമായ നബിചര്യയെ സൂക്ഷിക്കല്‍ വലിയൊരു കടമയായിത്തീര്‍ന്നു. അല്ലാത്തപക്ഷം നബിചര്യകള്‍ നഷ്ടപ്പെടുമെന്ന വക്കിലെത്തി. ശീആ, ഖവാരിജ്, മുഅ്തസിലി, ത്വരീഖത്തുകള്‍ എല്ലാം തന്നെ കക്ഷി ചേര്‍ന്ന് തമ്മിലടിക്കുന്നതിനാലും, രാഷ്ട്രീയവും ഭരണപരവുമായ ചില കാരണത്താല്‍ പക്ഷം ചേര്‍ന്നതിനാലും ഓരോ വിഭാഗവും അവരവര്‍ക്ക് അനുകൂലമായി ഹദീസുകള്‍ നിര്‍മിച്ചുണ്ടാക്കുക പോലും ചെയ്തു.
മദ്ഹബുകാരും ത്വരീഖത്തുകാരും ഇവിടെ വെറുതെയിരുന്നില്ല. താല്‍പര്യക്കാരെ തൃപ്തിപ്പെടുത്താന്‍ അവരും ഹദീസുകള്‍ കെട്ടിച്ചമച്ചു. ഇസ്‌ലാമിനെ തകര്‍ക്കാന്‍ ഗൂഢശ്രമങ്ങള്‍ അണിയറയില്‍ മെനഞ്ഞെടുക്കുന്ന ജൂതരും അടങ്ങിയിരുന്നില്ല. പ്രവാചകനെയും മുസ്‌ലിംകളെയും തമ്മിലകറ്റാനുള്ള പ്രവര്‍ത്തനങ്ങളുമായി ഇസ്‌ലാം വിരുദ്ധലോബികളും കപടരും രംഗത്തുണ്ടായിരുന്നു.
നബിചര്യകള്‍ നഷ്ടപ്പെടാതെ ക്രോഡീകരിച്ചു കാത്തുവെക്കാന്‍ അനിവാര്യമായ ആലോചനകള്‍ക്ക് ഖലീഫ ഉമറുബ്‌നു അബ്ദില്‍അസീസ്(റ) തുടക്കവും പ്രചോദനവുമായി. അനേകം കൂടിയാലോചനകള്‍ നടന്നു. നബിചര്യകളുടെ ശേഖരണവും ക്രോഡീകരണവും സജീവമായി. വിശുദ്ധ ഖുര്‍ആന്‍ പോലെ ക്രോഡീകൃതമല്ലാതിരുന്ന നബിവചനങ്ങള്‍ കൃത്യമായി നബിയിലേക്ക് ചേര്‍ത്തു പറയാന്‍ പറ്റുന്ന വിധം ഉറപ്പുവരുത്തല്‍ അതീവ ശ്രമകരമായിരുന്നു. ശേഖരിച്ച മുഴുവനും ഒറ്റയടിക്ക് പ്രവാചകനിലേക്ക് ചേര്‍ത്തുപറയാന്‍ കഴിയാത്തതിനാല്‍ ഹദീസുകള്‍ക്ക് അളവുകോലും നിദാനശാസ്ത്രവും രൂപപ്പെടുത്തി.
വളരെ ഗൗരവപൂര്‍വം ശ്രദ്ധിക്കേണ്ടൊരു കാര്യമുണ്ട്. 1400 വര്‍ഷം മുമ്പ് പ്രവാചകന്‍(സ) പറഞ്ഞതും ചെയ്തതും പഠിപ്പിച്ചതുമായ അറിവുകളെയാണ് നാം വിലയിരുത്തുന്നത്. അഥവാ ഇതെല്ലാം രിവായത്തിലൂടെയാണ് (റിപ്പോര്‍ട്ട്) നമുക്ക് ലഭിക്കുന്നത്. 1920കളിലും 1940കളിലും സംഭവിച്ചതായി നാം മനസ്സിലാക്കുന്ന പല ചരിത്രസംഭവങ്ങള്‍ പോലും എത്രമാത്രം വികലമായ രൂപത്തിലാണ് ലഭിച്ചിട്ടുള്ളത് എന്നിരിക്കെ 1400-1500 വര്‍ഷം പഴക്കമുള്ള ചരിത്രങ്ങള്‍ കൈമാറുന്ന ഘട്ടത്തില്‍ എന്തെല്ലാം സംഭവിക്കാനിടയുണ്ട്!
അതിനാലാണ് സ്വീകാര്യത ഉറപ്പാക്കാനുതകുന്ന മാനദണ്ഡങ്ങളും നിദാനശാസ്ത്രവുമൊക്കെ ഇസ്‌ലാമിക പ്രമാണങ്ങള്‍ കേള്‍പ്പിക്കുമ്പോള്‍ ഉദ്ധരിക്കുന്നത്. നാനാവശവും പരിശോധിച്ച് സ്വഹീഹ് ആയത് മാത്രമേ സ്വീകരിക്കേണ്ടതുള്ളൂ എന്നു പറയുന്നത്. ഹദീസുകള്‍ക്ക് സനദ് (റിപ്പോര്‍ട്ടര്‍ പരമ്പര), മത്‌ന് (ഉദ്ധരിക്കപ്പെടുന്ന വസ്തുത) എന്നീ രണ്ടു ഭാഗമുണ്ട്. ഖുര്‍ആനിന് അങ്ങനെയൊന്നില്ല. മാത്രമല്ല, ഹദീസ് നിദാനശാസ്ത്രത്തില്‍ ഹദീസുകളുടെ സ്വീകാര്യതയുടെ സൂചന ചെയ്തതായി പറയപ്പെടുന്ന സാങ്കേതിക പദാശയങ്ങളൊന്നും ഖുര്‍ആനിലില്ല.

ഹദീസ് ശേഖരണ-ക്രോഡീകരണ രംഗം സൂക്ഷ്മതയോടെയും അവധാനതയോടെയുമാണ് അവര്‍ കൈകാര്യം ചെയ്തത്. അതിനാല്‍ ഹദീസുകളില്‍ മഖ്ബൂലും മര്‍ദൂദും (സ്വീകാര്യമായതും അസ്വീകാര്യമായതും) കാണാം. ഹദീസുകള്‍ ശേഖരിച്ചു ക്രോഡീകരിച്ചുവെക്കുന്ന പണ്ഡിതന്റെയും പ്രവാചകന്റെയുമിടയില്‍ നിലകൊള്ളുന്ന വ്യക്തികളെപ്പറ്റിയും (റിപ്പോര്‍ട്ടര്‍മാരുടെ പരമ്പരയിലുള്ളവരെ) അവരുടെ ജീവിത-സ്വഭാവശൈലികളെപ്പറ്റിയും ഈ ഘട്ടത്തില്‍ അറിയേണ്ടതുണ്ട്. അവരുടെ തഖ്‌വ, ഇല്‍മ്, ആദാബ്, സ്വഭാവമഹിമ എന്നിവയെല്ലാം വിലയിരുത്തിയ ശേഷം നൂറു ശതമാനവും ഉത്തമരായിരുന്നവരാണ് അവരെന്ന് സര്‍വാംഗീകൃതമായെങ്കിലാണ് ഹദീസുകള്‍ പ്രമാണമാവുക.
മുഹദ്ദിസുകള്‍ ശേഖരിച്ച് ക്രോഡീകരിച്ചുകൊണ്ടിരിക്കുമ്പോള്‍ തന്നെ അവരുടെ വകയായി അനേകം ഹദീസുകള്‍ ഗ്രന്ഥങ്ങളില്‍ ചേര്‍ക്കാതെ ഒഴിവാക്കിയിട്ടുണ്ടെന്നതാണ് പരമാര്‍ഥം.
ഹദീസുകളുടെ പരിശോധനക്കായി ഉണ്ടാക്കിയ അളവുകോലുകളില്‍ ചിലത് ഇപ്രകാരമാണ്: 1. തരം താഴ്ന്ന പദപ്രയോഗങ്ങള്‍ ഹദീസില്‍ കണ്ടെത്തിയാല്‍ അഥവാ ഘടനാപ്രശ്‌നമോ സുവ്യക്തതയോ ഇല്ലാത്ത പദപ്രയോഗങ്ങള്‍ നബിയില്‍ നിന്നുണ്ടാവില്ല. കേള്‍ക്കുന്ന മാത്രയില്‍ തന്നെ അരോചകമായി തോന്നുന്നതും നബിചര്യയിലുണ്ടാവില്ല.
- വ്യാഖ്യാനം വേണ്ടത്ര ആവശ്യമില്ലാത്തവിധം അംഗീകരിക്കപ്പെട്ട യുക്തിസഹമായ കാര്യങ്ങള്‍ക്ക് എതിരാവാതിരിക്കുക. എതിരായാല്‍ അതിലെ ആശയം കുഴപ്പത്തിലാകും. അത്തരമൊന്നും ഹദീസുകളിലുണ്ടാകാവതല്ല. ഉദാ: നൂഹ് നബിയുടെ കപ്പല്‍ ത്വവാഫും നമസ്‌കാരവും നിര്‍വഹിച്ചത്.
- അടിസ്ഥാന തത്വങ്ങള്‍ക്കും പ്രാഥമിക ബുദ്ധിക്കും എതിരാവും വിധം കെട്ടിച്ചമയ്ക്കപ്പെട്ടതാവുക അഥവാ 'മൗളൂഅ്' ആകല്‍. ഉദാഹരണമായി, ലോകം സൃഷ്ടിച്ചത് മുഹമ്മദ് നബി ഇവിടെ ജനിച്ചതിനാലാണെന്ന് പറയുംപോലെ.
- ഖുര്‍ആന്‍ വചനങ്ങള്‍ക്ക് എതിരാകല്‍. അതല്ലെങ്കില്‍ ഖുര്‍ആനില്‍ നിന്നും ഹദീസില്‍ നിന്നും സ്വീകരിച്ചു വരുന്ന തത്വങ്ങള്‍ക്കെതിരാവുക. ഉദാ: വ്യഭിചാര സന്തതിയുടെ ഏഴു തലമുറയ്ക്ക് സ്വര്‍ഗപ്രവേശം ലഭിക്കില്ലെന്ന് പറയുംപോലുള്ളത്. ഇത് ഖുര്‍ആനിന് എതിരാണ്.
ഖുര്‍ആന്‍ സ്ഥിരീകരിച്ച ആശയത്തിനെതിരാണെന്ന് തോന്നും വിധം ഹദീസില്‍ വന്നാല്‍ പ്രസ്തുത ഹദീസ് മാറ്റിവെക്കല്‍ ഹദീസ് നിഷേധമാവില്ല. അഖീദക്കും അമലിനും ഉറപ്പായ തെളിവുകള്‍ വേണം. അമലുകള്‍ക്ക് ദുര്‍ബല ഹദീസുകളായാലും മതിയാകുമെന്നത് തെറ്റായ ആശയമാണ്.
- പ്രവാചക കാലഘട്ടത്തിലെ സ്ഥിരപ്പെട്ട ചരിത്രസംഭവങ്ങള്‍ക്കെതിരായവ സ്വീകാര്യമാവില്ല. ഉദാ: നബിയുടെ കാലത്തില്ലാത്ത ജിസ്‌യ സമ്പ്രദായം നബിയുടെ കാലത്ത് നിര്‍ത്തല്‍ ചെയ്തു എന്നതുപോലെ.
- ഒരു റിപ്പോര്‍ട്ടര്‍ അയാളുടെ സ്വന്തം മദ്ഹബിനു മാത്രം അനുകൂലമാകും വിധം നബിയുടെ ഹദീസുകളെ ഉദ്ധരിച്ചു കാണുന്നത്.
- ഒരു ഹദീസില്‍ വന്ന സംഭവം ഒട്ടനേകം പേര്‍ സാക്ഷികളായിട്ടും ഒറ്റപ്പെട്ട ഒരാള്‍ മാത്രം ഉദ്ധരിക്കുക. ഈ പ്രവണത ഹദീസ് സ്വീകാര്യതക്ക് മതിയാവില്ല.
- ചെറിയ കാര്യങ്ങള്‍ക്ക് വമ്പിച്ച പ്രതിഫലം പറയപ്പെട്ടു കാണുന്ന ഹദീസുകള്‍ പരിശോധന നടത്തേണ്ടതാണ്. ചിലപ്പോള്‍ അത്തരം ചെറിയ കാര്യം ചെയ്തില്ലെങ്കില്‍ ഭയാനകമായ ശിക്ഷയെപ്പറ്റി താക്കീതുകളും ഉണ്ടായേക്കാം. ഉദാ: ഒരാള്‍ ഒരു ദിക്‌റ് ചൊല്ലിയാല്‍ അല്ലാഹു അയാള്‍ക്കു വേണ്ടി എഴുപതിനായിരം നാവുള്ള കൊക്കുള്ള ഒരു പക്ഷിയെ സൃഷ്ടിക്കും. പ്രസ്തുത പക്ഷി എഴുപതിനായിരം ഭാഷയില്‍ അയാള്‍ക്കു വേണ്ടി ഇസ്തിഗ്ഫാര്‍ നടത്തും. ഇത്തരം റിപ്പോര്‍ട്ടുകള്‍ ശരിയല്ല.
- പ്രവാചകന്റെ മഹത്വത്തിനു നിരക്കാത്തത് ഉദ്ധരിക്കപ്പെടുക. ധാരാളം രിവായത്തുകള്‍ ഈ ഇനത്തില്‍ ഹദീസ് ഗ്രന്ഥങ്ങളില്‍ കാണാം. സിഹ്‌റ് സംബന്ധമായത് ഇതില്‍പെടും.
ഇതിനു പുറമേ രാഷ്ട്രീയക്കാരും മറ്റും കെട്ടിയുണ്ടാക്കിയ പലതുമുണ്ട്. ഇസ്‌ലാമിന്റെ ശത്രുക്കള്‍ അത്തരക്കാരെ പാട്ടിലാക്കി പ്രവാചകനെതിരെ നിര്‍മിച്ച വ്യാജ ഹദീസുകള്‍ ഒട്ടനേകമുണ്ട്. അതിനാല്‍ മേല്‍ ചൂണ്ടിക്കാട്ടിയ കാരണങ്ങളാല്‍ നിദാനശാസ്ത്രപ്രകാരം പരിശോധനകള്‍ക്കു ശേഷമല്ലാതെ ഹദീസുകള്‍ പരിഗണിക്കില്ല. അതിരുവിട്ട വാദഗതിക്കാര്‍ ചിലര്‍ ഹദീസുകളായി ഉള്ളതെല്ലാം വഹ്‌യാണെന്നും അതിലെ ഒരു ഹദീസ് മാറ്റിവെക്കുന്നത് വഹ്‌യിനെയാണ് നിഷേധിക്കുന്നത് എന്നൊക്കെ പറയാറുണ്ട്.
യഥാര്‍ഥത്തില്‍ ഈ വാദവും ശരിയല്ല. കാരണം അങ്ങനെയായാല്‍ ഖുര്‍ആനിന് പ്രത്യേകതകളൊന്നുമില്ലാതാകും. അവര്‍ അതിനായി ഉദ്ധരിക്കുന്ന സൂറത്തുന്നജ്മിലെ ആദ്യ വചനങ്ങള്‍ ഖുര്‍ആനിനെ മാത്രമാണ് ഉദ്ദേശിക്കുന്നത്.
എന്നാല്‍ പ്രവാചകന് ഖുര്‍ആനല്ലാത്ത ബോധനമുണ്ടായിട്ടുണ്ട്. അത് ഏതെല്ലാമെന്ന് മുഹദ്ദിസുകള്‍ വേര്‍തിരിച്ചിട്ടില്ല. ഇത്തരം വഹ്‌യിനെ ഇല്‍ഹാമിയായ ബോധനമെന്നാണ് പറയുക. ഖുര്‍ആനിന്റെ വ്യാഖ്യാനം പ്രവാചകന്‍ കാണിച്ചുതരികയും പഠിപ്പിക്കുകയും ചെയ്തതിനാല്‍ ഖുര്‍ആന്‍ മുഴുവനായി ദിവ്യബോധനമായും ഹദീസുകള്‍ ഇല്‍ഹാമിയായ വഹ്‌യുള്ളതും ഇല്ലാത്തതുമുണ്ടാകുമെന്നും അംഗീകരിക്കേണ്ടതുണ്ട്.
എന്തുതന്നെയായിരുന്നാലും ഖുര്‍ആന്‍ പൂര്‍ണമായും ഉള്‍ക്കൊള്ളാന്‍ ഹദീസുകളെ അവലംബിക്കുക തന്നെ വേണം. ഹദീസ് നിഷേധം മൂലം യഥാര്‍ഥ പാതയിലെത്തില്ല. ഏതെങ്കിലുമൊരു ഹദീസിന് ന്യൂനതകള്‍ കണ്ടെത്തി മാറ്റിവെക്കുന്നത് ഹദീസ് നിഷേധമായി മുഹദ്ദിസുകള്‍ പറഞ്ഞിട്ടില്ലെന്ന് മാത്രമല്ല, അവരെല്ലാം തന്നെ പ്രത്യേകം ചില കാരണങ്ങളാല്‍ ചില ഹദീസുകളെ സ്വഹീഹും ളഈഫുമൊക്കെ ആക്കിയിട്ടുണ്ട്.
അവര്‍ക്ക് അവരുടെ പരിശോധനയില്‍ കണ്ടെത്തിയ പോരായ്മകളായിരിക്കും മാറ്റിവെക്കാന്‍ പ്രചോദനം. ഇതൊന്നും ഹദീസ് നിരാകരണമല്ല, പ്രമാണങ്ങളെ ശക്തിപ്പെടുത്തലാണ്. ഖുര്‍ആന്‍ പൂര്‍ണമായി മനസ്സിലാക്കാന്‍ ഹദീസുകളുടെ ആവശ്യമില്ലെന്ന ചിന്താഗതിയാല്‍ ഒഴിവാക്കുന്നതാണ് ഹദീസ് നിഷേധം.
ക്രോഡീകരിക്കപ്പട്ട എല്ലാ ഹദീസുകളും വഹ്‌യായി ലഭിച്ചതല്ല. മുഹദ്ദിസുകള്‍ ശേഖരിച്ച് ക്രോഡീകരിച്ചുകൊണ്ടിരിക്കുമ്പോള്‍ തന്നെ അവരുടെ വകയായി അനേകം ഹദീസുകള്‍ ഗ്രന്ഥങ്ങളില്‍ ചേര്‍ക്കാതെ ഒഴിവാക്കിയിട്ടുണ്ടെന്നതാണ് പരമാര്‍ഥം. മുഹദ്ദിസുകള്‍ ആരും പ്രവാചകന്മാരെപ്പോലെ പാപസുരക്ഷിതരുമല്ല. ചുരുക്കത്തില്‍, ആരെയെങ്കിലും ഹദീസ് നിഷേധികളെന്ന് അനാവശ്യമായി ആരോപിക്കുന്നത് ശരിയല്ല.
ബ്ലര്‍ബ്...................
ബ്ലര്‍ബ്..............