പ്രയാസങ്ങളില്ലാതെ നന്മയുണ്ടാക്കാന്‍ പടച്ചവനു കഴിയില്ലേ?


ചില ജോലികളിലൂടെയും ബുദ്ധിമുട്ടുകളിലൂടെയും മാത്രം പൂര്‍ത്തിയാവുന്ന 'പ്രക്രിയകള്‍' സമ്മാനിക്കുന്ന നന്മകളുണ്ട്.

പ്രയാസങ്ങളില്ലാതെ നന്മയുണ്ടാക്കാന്‍ പടച്ചവനു കഴിയില്ലേ? പിന്നെ എന്തിന് നന്മകള്‍ക്കു വേണ്ടി ഈ ലോകത്ത് പടച്ചവന്‍ പ്രയാസങ്ങള്‍ നല്‍കണം? -ദൈവനിഷേധികളുടെ ചോദ്യമാണിത്.

സര്‍വശക്തനും സകല നന്മകളുള്ളവനുമായ ദൈവം നിലനില്‍ക്കുന്നുണ്ടെങ്കില്‍ ഈ ലോകത്ത് നന്മകള്‍ മാത്രമല്ലേ കാണാന്‍ പാടുള്ളൂ. ഇവിടെ തിന്മകള്‍ കാണുന്നുവെന്നത് അങ്ങനെയൊരു ദൈവമില്ല എന്നതിന്റെ തെളിവല്ലേ എന്ന ചോദ്യത്തിന്റെ മറുപടിയായി, പ്രയാസങ്ങളെ തിന്മയായി വ്യാഖ്യാനിക്കുന്നതാണ് ഈ ചോദ്യത്തിലെ പ്രശ്‌നമെന്നും പ്രയാസങ്ങള്‍ക്ക് നന്മയുടെ പര്യവസാനമുണ്ടായിരിക്കുമെന്നും സാഹചര്യങ്ങളെ മുഴുവനായി പരിഗണിച്ചാല്‍ അവയെ നമുക്ക് നന്മയായി മനസ്സിലാക്കാന്‍ കഴിയുമെന്നും സൂചിപ്പിച്ചിരുന്നു. അതിനുള്ള മറുചോദ്യമാണ് ഇത്.

എന്തിനാണ് ഭക്ഷണം കഴിക്കുന്നതെന്നു ചോദിച്ചാല്‍ 'വിശപ്പ് മാറാന്‍', 'ശരീരം ആരോഗ്യത്തോടെ നിലനില്‍ക്കാനുള്ള ഊര്‍ജം ലഭിക്കാന്‍' എന്നിങ്ങനെയുള്ള ഉത്തരങ്ങളായിരിക്കും പ്രാഥമികമായി നാം പറയുക. ഈ നമുക്ക് ഭക്ഷണത്തെ കൂടാതെ വിശപ്പ് മാറുന്നതും ഊര്‍ജം ലഭിക്കുന്നതുമായ യാന്ത്രിക സംവിധാനം ഓപ്ഷനായി നല്‍കിയാല്‍ അത് സ്വീകരിക്കുമോ?

അല്ലെങ്കില്‍ 'സര്‍വശക്തനായ പടച്ചവന് അങ്ങനെ സംവിധാനിക്കാന്‍ കഴിയില്ലേ? എന്നിട്ട് എന്തുകൊണ്ട് ഭക്ഷണം കഴിക്കുക എന്ന ഒരു ജോലി മനുഷ്യനെക്കൊണ്ട് എടുപ്പിക്കുന്നു' എന്ന് ചോദിക്കുകയാണെങ്കില്‍ നമുക്ക് അതൊരു നല്ല ചോദ്യമായി തോന്നുമോ? ഭൂരിഭാഗം മനുഷ്യര്‍ക്കും അങ്ങനെ തോന്നാന്‍ സാധ്യതയില്ല. കാരണം ഭക്ഷണം കഴിക്കുക എന്ന പ്രക്രിയയിലൂടെ നമുക്ക് ലഭിക്കുന്ന ആസ്വാദനവും തൃപ്തിയും സന്തോഷവുമെല്ലാം അധിക മനുഷ്യരും ഇഷ്ടപ്പെടുന്നു. അതിന് മൂല്യം നല്‍കുന്നു.

ഇത്തരത്തില്‍ ചില ജോലികളിലൂടെയും ബുദ്ധിമുട്ടുകളിലൂടെയും മാത്രം പൂര്‍ത്തിയാവുന്ന 'പ്രക്രിയകള്‍' സമ്മാനിക്കുന്ന നന്മകളുണ്ട്. ആ പ്രക്രിയകളുടെ അഭാവത്തില്‍ ആ നന്മകള്‍ തീരെ ഇല്ലാതിരിക്കുകയോ അപൂര്‍ണമാവുകയോ ചെയ്യാം. അതിനുള്ള ഒരു ഉദാഹരണമാണ് സഹാനുഭൂതിയും കരുണയുമെല്ലാം. ഈ സ്വഭാവങ്ങള്‍ പ്രകടമാക്കുന്നത് മനുഷ്യന് സന്തോഷമുണ്ടാക്കുന്നതും സംതൃപ്തി നല്‍കുന്നതുമാണ്.

സാമ്പത്തികമായ അഭിവൃദ്ധി നല്‍കുന്നതിനേക്കാള്‍ സംതൃപ്തി മനുഷ്യന് ഈ വികാരങ്ങള്‍ നല്‍കുന്നുണ്ട് എന്നു വേണമെങ്കില്‍ പറയാം. മനുഷ്യപ്രകൃതം ഇത്തരം കാര്യങ്ങള്‍ നന്മയുടെ സ്ഥാനങ്ങളില്‍ മുകളില്‍ വരുംവിധമാണ് സംവിധാനിക്കപ്പെട്ടിട്ടുള്ളത്.

വിശക്കുന്ന ഒരു മനുഷ്യന് വിശപ്പകറ്റാന്‍ കഴിയുന്നത് കണ്‍മുന്നില്‍ കാണുന്ന മനുഷ്യന്‍ എത്ര സംതൃപ്തനാവും! വേദനിക്കുന്നവന്റെ വേദനയുടെ ശമനവും വിഷമിക്കുന്നവന്റെ ആശ്വാസവുമെല്ലാം തങ്ങളെക്കൊണ്ട് സാധിക്കുന്നതിനെ മനോഹരമായ അനുഭവങ്ങളായി കാണുന്നവരാണ് മനുഷ്യരില്‍ ഭൂരിഭാഗവും. പക്ഷേ, പലരും അതിനുള്ള അവസരങ്ങളെപ്പറ്റി അശ്രദ്ധരാണെന്നു മാത്രം. ഇന്ന് പ്രത്യേകിച്ചും ഭൂരിഭാഗം പേരും വളരെ പെട്ടെന്ന് ലഭിക്കുന്ന സുഖങ്ങളില്‍ മതിമറക്കുകയും സമയമെടുത്ത്, ആഴത്തില്‍ ലഭിക്കുന്ന, ആശ്വാസത്തിന്റെയും സംതൃപ്തിയുടെയും അളവ് കൂടിയ സന്തോഷങ്ങളില്‍ അശ്രദ്ധരുമാണ്.

ആ അശ്രദ്ധ ഇത്തരത്തില്‍ മനുഷ്യന് ഏറ്റവും കൂടുതല്‍ ആശ്വാസം ലഭിക്കുന്ന നന്മകള്‍ അവന്‍ സ്വയം നഷ്ടപ്പെടുത്തുന്ന അവസ്ഥയിലേക്കാണ് അവനെ എത്തിക്കുന്നത്.
പ്രയാസം അനുഭവിക്കുന്നവരും ബുദ്ധിമുട്ടുന്നവരും ഉണ്ടെങ്കിലേ മനുഷ്യന് സഹാനുഭൂതിയും കരുണയും സഹായവുമെല്ലാം പ്രയോഗവത്കരിക്കാന്‍ കഴിയൂ. ഈ നന്മകള്‍ പൂര്‍ണമായും പ്രകടമാവണമെങ്കില്‍ തീരെ യാന്ത്രികമല്ലാത്ത വിധം പല ആഴങ്ങളിലുള്ള പ്രയാസങ്ങള്‍ അനുഭവിക്കുന്ന മനുഷ്യരും, വെല്ലുവിളികള്‍ക്കിടയില്‍ അവരെ സഹായിക്കാനുള്ള സാധ്യതകളുമെല്ലാം നിലനില്‍ക്കണം.

രോഗിയോട് കരുണ കാണിക്കാനും രോഗിയെ പരിചരിക്കാനും പറ്റണമെങ്കില്‍ രോഗവും രോഗബാധിതരും അനിവാര്യമാണ്. അത്തരത്തില്‍ തന്നെ അപകടങ്ങളും ദുരന്തങ്ങളുമെല്ലാം വലിയ നന്മയുടെ പ്രകടനങ്ങള്‍ക്ക് വഴിവെക്കുന്നതായി കാണാം. മറ്റുള്ളവര്‍ അനുഭവിക്കുന്ന പ്രയാസങ്ങളുടെ ആഴം കൂടുംതോറും അതേ അനുപാതത്തില്‍ വലിയ മാനുഷിക മൂല്യങ്ങളുടെയും നന്മകളുടെയും പ്രയോഗവത്കരണവും പ്രതികരണങ്ങളായി വരുന്നതിന് നമ്മള്‍ സാക്ഷികളാണ്.

ചൂരല്‍മലയും കൊറോണയും പ്രളയവുമടക്കം ഇവ്വിഷയകമായി മലയാളികള്‍ക്ക് മനസ്സിലാക്കാവുന്ന ഉദാഹരണങ്ങള്‍ അനേകമുണ്ട്. ലളിതമായി പറഞ്ഞാല്‍ ഇത്തരം നന്മകള്‍ക്ക് അതിനു മുമ്പുള്ള പ്രക്രിയകള്‍ അനിവാര്യമാണെന്നു സാരം. സര്‍വശക്തനായ ദൈവത്തിന് ആ പ്രക്രിയകള്‍ ഇല്ലാതെ ഈ നന്മകള്‍ സംഭവ്യമാക്കിക്കൂടേ എന്നു വീണ്ടും ചോദിക്കുന്നവരുണ്ട്. പര്യവസാനത്തിന്റെ പൂര്‍ണതയ്ക്ക് അനിവാര്യമായ പ്രക്രിയകള്‍ ചൂണ്ടിക്കാണിച്ചതിനു ശേഷം ഈ ചോദ്യത്തിന് പ്രസക്തിയില്ല.

ദൈവത്തിന് ഒരു ബാങ്ക് നോട്ട് (ബാങ്കിലൂടെ പ്രിന്റ് ചെയ്തു വരുന്ന നോട്ട്) ശൂന്യതയില്‍ നിന്ന് ഉണ്ടാക്കാന്‍ കഴിയുമോ എന്ന് ചോദിച്ചാലുള്ള പ്രതികരണമെന്തായിരിക്കും...? ഒരു കറന്‍സി ബാങ്ക് നോട്ടാവുന്നത് ബാങ്കിലൂടെ പ്രിന്റ് ചെയ്തു വരുന്ന പ്രക്രിയയിലൂടെയാണ്. ആ പ്രക്രിയ ഇല്ലെങ്കില്‍ അത് വെറും നോട്ട് മാത്രമാണ്. ശൂന്യതയില്‍ നിന്ന് ഒരു നോട്ടുണ്ടാക്കിയാല്‍ അത് ശൂന്യതയില്‍ നിന്നുണ്ടാക്കിയ നോട്ടാണ്, ബാങ്ക് നോട്ടല്ല.

മാവില്‍ കായ്ച്ച് വളര്‍ന്ന് അതില്‍ നിന്നു പറിച്ചെടുക്കുന്ന മാങ്ങ ശൂന്യതയില്‍ നിന്ന് ഉണ്ടാക്കാന്‍ കഴിയുമോ? 80 വയസ്സ് വരെ ജീവിച്ചുതീര്‍ത്ത ഒരു മനുഷ്യനെ ഒരു നിമിഷം കൊണ്ട് സൃഷ്ടിക്കാന്‍ കഴിയുമോ?

ഒരിക്കലുമില്ല, ഒരു നിമിഷം കൊണ്ട് സൃഷ്ടിക്കുകയാണെങ്കില്‍ അത് 80 വയസ്സ് വരെ ജീവിച്ചുതീര്‍ത്ത ഒരു മനുഷ്യനല്ല (അങ്ങനെ ഒരു മനുഷ്യനെ പുനര്‍ജനിപ്പിക്കാന്‍ കഴിഞ്ഞേക്കും, സൃഷ്ടി എന്നത് ആരംഭത്തെ സൂചിപ്പിക്കുന്നതാണ്), ശൂന്യതയില്‍ നിന്ന് ഉണ്ടാക്കുകയാണെങ്കില്‍ അത് മാവില്‍ കായ്ച്ച് വളര്‍ന്ന മാങ്ങയല്ല.

ഇവിടെ പറഞ്ഞ കാര്യങ്ങളെല്ലാം അവയുടെ വിശേഷണങ്ങള്‍ നേടുന്നത് നിശ്ചിതമായ പ്രക്രിയകളിലൂടെയാണ്. ആ പ്രക്രിയകള്‍ ഇല്ലാതെ അവയില്ല. അതുപോലെത്തന്നെയാണ് സഹാനുഭൂതിയും കരുണയും പോലുള്ള നന്മകളും. അതിന്റേതായ പ്രക്രിയകളിലൂടെ മാത്രമേ അവ പൂര്‍ണമാവൂ.

ഇനി ഈ ലോകത്ത് പ്രയാസങ്ങള്‍ അസംഭവ്യമായ ഒരവസ്ഥയെപ്പറ്റി ചിന്തിച്ചുനോക്കൂ. 'ചില' പ്രയാസങ്ങളല്ല, 'എല്ലാ' പ്രയാസങ്ങളും ഇല്ലാതാവുന്ന അവസ്ഥയേ ഈ ചോദ്യം ഉന്നയിക്കുന്നവരുടെ സങ്കല്‍പത്തെ തൃപ്തിപ്പെടുത്തൂ. കാരണം ഓരോ പ്രയാസങ്ങളും ഓരോരുത്തര്‍ക്കും വ്യത്യസ്തമായിട്ടാണ് അനുഭവപ്പെടുക. ചിലര്‍ക്ക് ചെറുതായി തോന്നുന്ന പ്രയാസങ്ങള്‍ മറ്റു ചിലര്‍ക്ക് വലുതായി തോന്നാം. അങ്ങനെ സകല പ്രയാസങ്ങളും ഇല്ലാതാവണമെങ്കില്‍ എല്ലാവര്‍ക്കും അവര്‍ ആഗ്രഹിച്ചത് ലഭിക്കുന്ന/ നടക്കുന്ന ഒരു അവസ്ഥ സംജാതമാവണം.

വേദനയുടെ ശമനവും വിഷമിക്കുന്നവന്റെ ആശ്വാസവുമെല്ലാം മനോഹരമായ അനുഭവങ്ങളായി കാണുന്നവരാണ് മനുഷ്യരില്‍ ഭൂരിഭാഗവും.

അങ്ങനെയൊരു ലോകത്തെ അത്ര ആസ്വാദ്യവും മികച്ചതുമായി നമുക്ക് വിലയിരുത്താന്‍ സാധിക്കുമോ? എത്രത്തോളം വിരസമായിരിക്കും അത്? പ്രയാസങ്ങള്‍ ഒന്നുമില്ലാത്ത, ഒരാള്‍ക്കും മറ്റൊരാളില്‍ നിന്നും ഒന്നും ലഭിക്കേണ്ടതില്ലാത്ത, ഇവിടെ സൂചിപ്പിച്ച പ്രക്രിയകള്‍ ഒന്നുമില്ലാത്ത ലോകം. മടുപ്പുളവാക്കുന്ന, ചലഞ്ചുകളില്ലാത്ത, പ്രവചനാതീതമായ ഭാവിയുടെ ഭംഗിയും സൗന്ദര്യവുമില്ലാത്ത ലോകം.

ഈ സംവിധാനങ്ങളിലൂടെ ലഭിക്കുന്ന പ്രതീക്ഷകളുടെയും കണക്കുകൂട്ടലുകളുടെയും യാദൃച്ഛികതകളുടെയും ശമനങ്ങളുടെയും സംതൃപ്തിയുടെയും മാധുര്യമില്ലാത്ത വരണ്ട ലോകം. ഉയര്‍ച്ചകള്‍ മാത്രമുള്ള ലോകത്ത് ഉയര്‍ച്ചകള്‍ക്ക് മൂല്യവും വിലയും പ്രത്യേകതയുമുണ്ടാവുമോ? താഴ്ചകളല്ലേ ഉയര്‍ച്ചക്ക് മൂല്യം നല്‍കുന്നത്? ആവര്‍ത്തിച്ച് പ്രയത്‌നങ്ങളും പ്രയാസങ്ങളുമില്ലാതെ സുഖങ്ങള്‍ ലഭിക്കുന്നതുകൊണ്ട് അവയ്‌ക്കൊന്നും മൂല്യങ്ങള്‍ കല്‍പിക്കാന്‍ കഴിയാത്ത വിധം സകലതിലും മടുപ്പുണ്ടാവുന്ന ലോകം. അങ്ങനെയൊരു ലോകം എങ്ങനെ നന്മയില്‍ ഈ ലോകത്തേക്കാള്‍ മുന്നില്‍ വരും?

മാത്രമല്ല, മരണം പോലും ഇത്തരമൊരു ലോകത്ത് സാധ്യമാവണമെന്നില്ല. അത് വലിയ പ്രയാസങ്ങളില്‍ ഒന്നാണല്ലോ. ഈ ലോകത്തിന്റെ അടിസ്ഥാന ഘടനയെ തന്നെ ആ ഫാന്റസി ബാധിക്കും എന്നര്‍ഥം. മറ്റൊരു രൂപത്തില്‍ പറഞ്ഞാല്‍, ഈ ലോകം ഈ അടിസ്ഥാന ഘടനയില്‍ നിലനില്‍ക്കണമെങ്കില്‍ ഇവിടെ പ്രയാസങ്ങള്‍ കൂടിയേ തീരൂ.

അപ്പോള്‍ സ്വര്‍ഗം സകല സുഖങ്ങളുമുള്ള, പ്രയാസങ്ങളില്ലാത്ത ഇത്തരം ഒരു വരണ്ട ലോകമല്ലേ? ഒരിക്കലുമല്ല, നാം ഈ ലോകം മാത്രമേ അനുഭവിച്ചിട്ടുള്ളൂ. ഇത് മാത്രമേ കാണുകയും കേള്‍ക്കുകയും ചിന്തയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തിട്ടുള്ളൂ. ഈ ലോകത്തിന്റെ ക്രമീകരണം അനുസരിച്ച് പ്രയാസങ്ങള്‍ ഒന്നുമില്ലാത്ത, സുഖങ്ങള്‍ മാത്രമുള്ള ഒരവസ്ഥ വിരസമായിരിക്കും എന്നാണ് ഉദ്ദേശിച്ചത്. സ്വര്‍ഗം സുഖങ്ങള്‍ക്കപ്പുറം സന്തോഷങ്ങളുടെ ലോകമാണ്.

സുഖം നൈമിഷികമായ ആസ്വാദനമാണ്. സന്തോഷം നീണ്ടുനില്‍ക്കുന്ന സംതൃപ്തിയാണ്. സുഖത്തിലൂടെ നമുക്ക് സന്തോഷം ലഭിക്കുന്ന സാഹചര്യങ്ങളുണ്ടായേക്കാം. പക്ഷേ എപ്പോഴും സുഖം സന്തോഷം നല്‍കിക്കൊള്ളണമെന്നില്ല. ഒരു സുഖത്തിന് നമ്മില്‍ സന്തോഷമുണ്ടാക്കാന്‍ പറ്റാത്ത അവസ്ഥയെയാണ് മടുപ്പ് എന്നു പറയുന്നത്.

ആവര്‍ത്തിച്ച് സുഖങ്ങള്‍ മാത്രം ലഭിക്കുന്നത് നമുക്ക് മടുപ്പായി തോന്നാം. പുതിയ ഒരു ഉത്പന്നം വാങ്ങി ആദ്യ ഉപയോഗങ്ങളില്‍ നമുക്ക് സന്തോഷം ലഭിക്കുന്നതുപോലെ തുടര്‍ന്ന് ലഭിച്ചുകൊള്ളണമെന്നുണ്ടോ? ഇതിനപ്പുറം ധാര്‍മികബോധവും ചിന്താസംഘട്ടനങ്ങളും സുഖം സന്തോഷത്തിലേക്ക് പരിവര്‍ത്തിക്കപ്പെടുന്നതിനെ തടയും.

വ്യഭിചാരവും സ്വയംഭോഗവും ചെയ്യുന്ന മനുഷ്യരില്‍ ഇത്തരത്തില്‍ സുഖത്തോടൊപ്പം സന്തോഷത്തേക്കാള്‍ അസംതൃപ്തിയും ഖേദവും നിരാശയും കാണുന്നതായുള്ള പഠനങ്ങളുണ്ട്. സുഖങ്ങള്‍ക്ക് എപ്പോഴും ഒരേ തോതില്‍ സന്തോഷം നല്‍കാന്‍ കഴിയുന്ന അവസ്ഥ നമുക്ക് പരിചയമുണ്ടോ? ഇല്ല.

മാത്രമല്ല എപ്പോഴും സമാധാനമുള്ള അവസ്ഥ ഈ ലോകത്ത് ബുദ്ധിക്ക് സ്ഥിരതയില്ലാത്ത, മാനിയ ബാധിച്ച ആളുകള്‍ക്കല്ലാതെ അനുഭവിക്കാനും നേടിയെടുക്കാനും കഴിയില്ല. ഏതു സ്ഥാനത്തുള്ള വ്യക്തിക്കും ഈ ലോകത്ത് അസമാധാനങ്ങളും അസ്വസ്ഥതകളും അനുഭവിക്കേണ്ടിവരും.

കാരണം ഈ ലോകം അത്തരത്തിലാണ് ക്രമീകരിക്കപ്പെട്ടിട്ടുള്ളത്. എന്നാല്‍ സ്വര്‍ഗം ക്രമീകരിക്കപ്പെട്ടിട്ടുള്ളത് അങ്ങനെയല്ല. സ്വര്‍ഗത്തെപ്പറ്റി പടച്ചവന്‍ പറയുന്നു: ''അവിടെ അവര്‍ അനാവശ്യമോ കുറ്റകരമായതോ ആയ ഒന്നും കേള്‍ക്കുകയില്ല, സമാധാനം, സമാധാനം എന്ന് പറയപ്പെടുന്നതല്ലാതെ'' (56: 25,26).

എപ്പോഴും സന്തോഷമുള്ള, സമാധാനം മാത്രമുള്ള ആ ലോകം എങ്ങനെയായിരിക്കും? അതിലെ സംവിധാനങ്ങള്‍ എവ്വിധമായിരിക്കും? നമുക്കറിയില്ല. ആ സ്വര്‍ഗത്തിന്റെ അവസ്ഥ മനുഷ്യന്‍ ഇതുവരെ കണ്ടതിനോടോ കേട്ടതിനോടോ സാമ്യപ്പെടുത്താവുന്നതോ അവന് സങ്കല്‍പിക്കാന്‍ കഴിയുന്നതോ പോലുമല്ല.

''എന്റെ സാലിഹുകളായ അടിമകള്‍ക്ക് ഞാന്‍ ഇതുവരെ ഒരു കണ്ണും കണ്ടിട്ടില്ലാത്തതും ഒരു കാതും കേട്ടിട്ടില്ലാത്തതും ഒരു മനുഷ്യ ഹൃദയത്തിലേക്കും പ്രവേശിച്ചിട്ടില്ലാത്തതും ഒരുക്കിവെച്ചിട്ടുണ്ട്'' (ബുഖാരി 4780).
പടച്ചവന് ആ സ്വര്‍ഗത്തെപ്പോലുള്ള അവസ്ഥ ഇവിടെ സംവിധാനിക്കുകയോ അല്ലെങ്കില്‍ ആ സ്വര്‍ഗം എല്ലാവര്‍ക്കും നല്‍കുകയോ ചെയ്തുകൂടേ?

ഒരു മത്സരത്തിലെ സമ്മാനം എല്ലാവര്‍ക്കും നല്‍കിക്കൂടേ എന്നു ചോദിക്കുന്നതുപോലെയാണ് ഇത്. എല്ലാവര്‍ക്കും സമ്മാനം നല്‍കാന്‍ കഴിവുള്ള സ്‌പോണ്‍സറാണെങ്കില്‍ പോലും അര്‍ഹരായവരെ മാത്രം തിരഞ്ഞെടുത്ത് ആ സമ്മാനം നല്‍കുന്നിടത്തല്ലേ അതിന്റെ മൂല്യം നിലനില്‍ക്കുന്നത്? എല്ലാവര്‍ക്കും ലഭിക്കുന്നു എങ്കില്‍ പിന്നെ അതിന് മൂല്യവും സ്ഥാനവും ഇല്ലല്ലോ.

അര്‍ഹര്‍ക്ക് മാത്രം തിരഞ്ഞെടുത്തു കൊടുക്കുന്നതുകൊണ്ടാണല്ലോ നൊബേല്‍ പോലെയുള്ള അനേകം പുരസ്‌കാരങ്ങള്‍ സ്‌പെഷ്യല്‍ ആവുന്നത്. അത് എല്ലാവര്‍ക്കും നല്‍കുകയാണെങ്കില്‍ പിന്നെ ആ പുരസ്‌കാരങ്ങള്‍ക്ക് വിലയുണ്ടാവുമോ?

കടലില്‍ മാത്രമേ തിരയുള്ളൂ എന്നതല്ലേ തിരയെയും കടലിനെയും പ്രത്യേകതയുള്ളതാക്കുന്നത്? എല്ലാ വെള്ളങ്ങളിലും തിര കാണുന്നുവെങ്കില്‍ അതിന് പിന്നെ പ്രത്യേക സ്ഥാനമൊന്നുമില്ലല്ലോ. വെള്ളത്തിന്റെ ഒരു സാധാരണ സ്വഭാവമായി നാം അതിനെ കാണും.
പടച്ചവനാണ് സര്‍വാധികാരി. അവനാണ് സകല സംവിധാനങ്ങളുടെയും രീതി എപ്രകാരം വേണമെന്നു തീരുമാനിക്കുന്നവന്‍. സ്വര്‍ഗത്തിന്റെ സ്രഷ്ടാവായ അവന്‍ ആ ലോകത്തെ അത്തരത്തില്‍ അര്‍ഹര്‍ക്ക് മാത്രം നല്‍കുന്ന ഒന്നായാണ് ക്രമീകരിച്ചത്. അവന് അതിനുള്ള അധികാരം ഉണ്ടുതാനും.