അല്ലാഹുവിന്റെ ഇഷ്ടക്കാരനാണോ നിങ്ങൾ? പരീക്ഷണങ്ങൾ സ്വാഭാവികം


ഏറ്റവും ഉന്നതരായ പ്രവാചകന്മാരും മഹാന്മാരായ പൂർവ്വികരും ഈ പരീക്ഷണങ്ങളിലൂടെ തീച്ചൂളയിലിട്ട് കടഞ്ഞെടുക്കുകയായിരുന്നു. അത് പോലെ തന്നെ, അവർ സഹിച്ച പരീക്ഷണങ്ങളുടെ കഥകളും ചരിത്രങ്ങളും നമുക്ക് പാഠവുമാണ്.

തൻ്റെ ഏറ്റവും ഇഷ്ടക്കാരെയാണ് അള്ളാഹു ഏറ്റവുംകൂടുതൽ പരീക്ഷിക്കുക, അവർ പരീക്ഷയിൽ മികച്ച വിജയം നേടുകയുംചെയ്യും. ഏറ്റവും കൂടു തൽ പരീക്ഷിക്കപ്പെട്ടത് പുണ്യപ്രവാചകനാണ്, പിന്നെ ഇബ്റാഹീംനബി, പിന്നെ മൂസാനബിയും. അതേ ക്രമത്തിൽ തന്നെ പരലോകത്തെ അവരുടെ സ്ഥാനവും.

സൂറ: അൽബഖറ: (214)ൽ അള്ളാഹു പറയുന്നു:

أَمْ حَسِبْتُمْ أَن تَدْخُلُوا۟ ٱلْجَنَّةَ وَلَمَّا يَأْتِكُم مَّثَلُ ٱلَّذِينَ خَلَوْا۟ مِن قَبْلِكُم ۖ مَّسَّتْهُمُ ٱلْبَأْسَآءُ وَٱلضَّرَّآءُ وَزُلْزِلُوا۟ حَتَّىٰ يَقُولَ ٱلرَّسُولُ وَٱلَّذِينَ ءَامَنُوا۟ مَعَهُۥ مَتَىٰ نَصْرُ ٱللَّهِ ۗ أَلَآ إِنَّ نَصْرَ ٱللَّهِ قَرِيبٌۭ﴿٢١٤﴾

[അല്ല, നിങ്ങള്‍ സ്വര്‍ഗത്തിലങ്ങ് പ്രവേശിച്ചുകളയാമെന്നു വിചാരിക്കുകയാണോ; നിങ്ങളുടെ മുന്‍ഗാമികളായ സത്യവാഹകരെ ബാധിച്ചതൊന്നും നിങ്ങളെ ബാധിച്ചിട്ടില്ലാതിരിക്കെ! പീഡകളും വിപത്തുകളും അവരെ ബാധിച്ചു. അതതു കാലത്തെ ദൈവദൂതനും കൂടെയുള്ള വിശ്വാസികളും 'ദൈവസഹായം എപ്പോ ഴാണ് വന്നെത്തുക' എന്ന് വിലപിക്കുവോളം അവര്‍ വിറപ്പിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. (തല്‍സമയം അവര്‍ക്ക് സാന്ത്വനമരുളപ്പെട്ടു:) അറിയുക, അള്ളാഹു വിന്റെ സഹായം ആസന്നമായിരിക്കുന്നു].

അവർ അതിശക്തമായ കാറ്റിൽ പിടിച്ചുകുലുക്കപ്പെട്ടു, വലിയ തേക്ക് മരം പോലെ മുകൾ ഭാഗം നാല് ഭാഗത്തേക്കും ആടിയുലഞ്ഞു. എത്രത്തോളമെന്നാൽ, ഈമാനിക വീര്യത്തിൻ്റെയും ക്ഷമയുടെയും മനക്കരുത്തിൻ്റെയും ദൈവസഹായപ്രതീക്ഷയുടെയും വിഷയത്തിൽ ഏറ്റവും ഉയർന്ന പദവിയിലുള്ള അത്യുന്നതന്മാരായ അള്ളാഹുവിൻ്റെ പ്രവാചകന്മാർപോലും ചോദിച്ചുപോയി: 'എപ്പോഴാണ് അള്ളാഹുവിൻ്റെ സഹായം വരിക ?' എങ്കിൽപിന്നെ താഴെ പടിയിലുള്ള മറ്റുള്ള സത്യവിശ്വാസികളുടെ കാര്യം പറയണോ! പക്ഷേ, അവരൊക്കെയും പിടിച്ചുനിന്നു, അടിഭാഗത്തിന് ഒരിളക്കവും സംഭവിച്ചില്ല.

അള്ളാഹുവിൻ്റെ സഹായവാഗ്ദാനത്തിൽ നൂറ് ശതമാനം ഉറപ്പുള്ള പ്രവാചകന്മാർക്ക് വെപ്രാളവും മനപ്രയാസവും ഉണ്ടാകാമോ എന്ന് ചിലരെങ്കിലും ചോദിച്ചേക്കാം.

എന്നാൽ, ഉറപ്പിൻ്റെ കുറവല്ല അവരുടെ വെപ്രാളത്തി ന് കാരണം. ഉറപ്പിൻ്റെ കുറവ് അവർക്ക് ഒരു തരിമ്പുമുണ്ടായിരുന്നില്ല, ഉണ്ടാവാൻ പാടുമില്ല. പ്രത്യുത, പ്രയാസങ്ങളുടെയും പരീക്ഷണങ്ങളുടെയും കഠിനകഠോരത തന്നെയായിരുന്നു പരിഭ്രാന്ത്രിയുടെ കാരണം എന്നതാണ് അതിന്റെ മറുപടി. മാത്രമല്ല, അള്ളാഹുവിൻ്റെ സഹായം വരും എന്ന ശക്തമായ ഉറപ്പല്ലാതെ അത് കൃത്യമായി എപ്പോൾ വരുമെന്നും, ഈ കടുത്ത പ്രതിസന്ധികൾ എത്ര കാലം ഇങ്ങിനെ നീണ്ടു പോവും എന്നതിനെക്കുറിച്ച ഒരുറപ്പും അള്ളാഹു അവർക്ക് നൽകിയിട്ടില്ലല്ലൊ (അപൂർവ്വം ചിലപ്പോൾ മാത്രം നൽകിയിട്ടുണ്ടാവാം).

അത് കൊണ്ടാണല്ലോ 'അള്ളാഹുവിൻ്റെ സഹായം എപ്പോഴാണ്' എന്ന് തന്നെ അവർ ചോദിച്ചത്. 'അള്ളാഹു സഹായിക്കുമോ' എന്നല്ല അവർ ചോദിച്ചത്. സഹായം ഉറപ്പില്ലായിരുന്നെങ്കിൽ അങ്ങിനെയാണല്ലോ ചോദിക്കേണ്ടിയിരുന്നത്! അള്ളാഹുവിന്റെ ഭാഗത്ത് നിന്നുള്ള പ്രത്യേകമായ ഒരു സഹായമില്ലായിരുന്നുവെങ്കിൽ ഒരു നിലക്കും ഒരു സാധാരണ മനുഷ്യകഴിവ്‌ വെച്ച് നേരിടാൻ ഒരാൾക്കും - ഒരു നബിക്ക് പോലും - കഴിയാത്തത്ര കടുപ്പമേറിയതായിരുന്നു ആ പരീക്ഷണങ്ങൾ.

അതിൽ പ്രവാചകന്മാരുടെ അനുയായികളായി വരുന്നവർക്ക് എത്രത്തോളം സാന്ത്വനവും പ്രജോദനവുമുണ്ട് എന്ന് പറയേണ്ട തില്ലല്ലോ.

അള്ളാഹുവിൻ്റെ സഹായത്തിൽ പ്രവാചകന്മാർക്ക് പൂർണ്ണ ഉറപ്പുണ്ടായിരുന്നുവെന്നും, ആ ഉറപ്പ് അവർ കൂടെയുള്ള വിശ്വാസികൾക്ക് പകർന്നു നൽകി അവരെ സമാശ്വസിപ്പിക്കുകയും ചെയ്തിട്ടുണ്ടായിരുന്നു എന്നും തെളിയി ക്കുന്ന ഒരു സംഭവം ഇതാ ഇമാംബുഖാരി (3612) പ്രമുഖ സ്വഹാബിവര്യനായ ഖബ്ബാബ് ഇബ്നുൽ അറത്തിൽ(റ)നിന്നുദ്ധരിക്കുന്നു:

عن خباب بن الأرت رضي الله عنه، قال: شَكَوْنَا إلى رَسولِ اللَّهِ صَلَّى اللهُ عليه وسلَّمَ وهو مُتَوَسِّدٌ بُرْدَةً له في ظِلِّ الكَعْبَةِ، قُلْنَا له: أَلَا تَسْتَنْصِرُ لَنَا؟ أَلَا تَدْعُو اللَّهَ لَنَا؟ قالَ: كانَ الرَّجُلُ فِيمَن قَبْلَكُمْ يُحْفَرُ له في الأرْضِ، فيُجْعَلُ فِيهِ، فيُجَاءُ بالمِنْشَارِ فيُوضَعُ علَى رَأْسِهِ فيُشَقُّ باثْنَتَيْنِ، وما يَصُدُّهُ ذلكَ عن دِينِهِ، ويُمْشَطُ بأَمْشَاطِ الحَدِيدِ ما دُونَ لَحْمِهِ مِن عَظْمٍ أَوْ عَصَبٍ، وما يَصُدُّهُ ذلكَ عن دِينِهِ، واللَّهِ لَيُتِمَّنَّ هذا الأمْرَ، حتَّى يَسِيرَ الرَّاكِبُ مِن صَنْعَاءَ إلى حَضْرَمَوْتَ، لا يَخَافُ إلَّا اللَّهَ، أَوِ الذِّئْبَ علَى غَنَمِهِ، ولَكِنَّكُمْ تَسْتَعْجِلُونَ.

[ഖബ്ബാബ് പറഞ്ഞു: 'ഞങ്ങൾ ഞങ്ങളുടെ പ്രയാസങ്ങളുടെ വിഷയം പ്രവാചകനോട് പരാതിപറഞ്ഞു, പ്രവാചകൻ വിശുദ്ധ കഅ്ബാലയത്തിൻ്റെ തണലിൽ തലചായ്ച്ച് കിടക്കുകയായിരുന്നു. ഞങ്ങൾ അവിടത്തോട് ചോദിച്ചു: അങ്ങ് ഞങ്ങൾക്ക് വേണ്ടി അള്ളാഹുവിൻ്റെ സഹായമഭ്യർത്ഥിക്കുന്നില്ലേ? ഞങ്ങൾക്കായി പ്രാർത്ഥിക്കുന്നില്ലേ? പ്രവാചകൻ പറഞ്ഞു: നിങ്ങളുടെ മുമ്പ് കഴിഞ്ഞു പോയ സമുദായങ്ങളിലെ ചിലരെ ശത്രുക്കൾ കൊണ്ട്‌വന്ന് കുഴികുത്തി ആ കുഴിയിൽ ഇറക്കും. ശേഷം ഈർച്ച വാൾ കൊണ്ട്‌ വന്ന് അവരുടെ തലക്ക് മധ്യത്തിൽ വെച്ച് ഈർന്ന് മുറിച്ച് ശരീരം രണ്ട് പൊളിയാക്കിയിടും. അതൊന്നും ആദർശത്തിൽ നിന്ന് അവരെ ഒട്ടും പിന്തിരിപ്പിക്കുമായിരുന്നില്ല.

ഇരുമ്പ് ചീർപ്പുകൾ കൊണ്ടുവന്ന് അവരുടെ മാംസങ്ങൾ എല്ലിൽ നിന്ന് വേർപ്പെടുന്ന വിധത്തിൽ വാർന്നെടുക്കും. അതൊന്നും ആദർശത്തിൽ നിന്ന് അവരെ പിന്തിരി പ്പിക്കുമായിരുന്നില്ല. അള്ളാഹുവാണ് സത്യം, ഈ കാര്യം - വിശുദ്ധ ഇസ്‌ലാം - അള്ളാഹു ലക്ഷ്യത്തിലെത്തിക്കുക തന്നെ ചെയ്യും. അങ്ങിനെ, സ്വനആഇൽ നിന്ന് ഹദർമൗതിലേക്ക് ഒരു യാത്രക്കാരന് യാത്ര ചെയ്യാൻ പറ്റുന്നവിധം സുരക്ഷിതത്വം വരും. അവന് അള്ളാഹുവിനെയും, അവന്‌റെ ആട്ടിൻപറ്റങ്ങളെ ആക്രമി ക്കുന്ന ചെന്നായ്ക്കളെയുമല്ലാതെ ഒന്നിനെയും ഭയപ്പെടേണ്ടി വരില്ല. പക്ഷേ, നിങ്ങൾ ധൃതികൂട്ടുകയാണ്'].

വേറെയും പല ഖുർആൻസൂക്തങ്ങളിലും പ്രവാചകന്മാരുടെ ഈ വിഷമത്തിൻ്റെയും പരിഭ്രാന്തിയുടെയും അവസ്ഥ പരാമർശവിധേയമായിട്ടുണ്ട്.

സൂറ: അൽഹിജ്ർ (97)ൽ അള്ളാഹു പറയുന്നു:

وَلَقَدْ نَعْلَمُ أَنَّكَ يَضِيقُ صَدْرُكَ بِمَا يَقُولُونَ ﴿٩٧ ﴾

[ഈ ജനം താങ്കളെക്കുറിച്ച് പറയുന്ന വര്‍ത്തമാനങ്ങളില്‍ താങ്കളുടെ മനസ്സ് ഇടുങ്ങിപ്പോവുന്നതായി നാം അറിയുന്നുണ്ട്].

സൂറ: അല്‍അന്‍ആം (33)ൽ അള്ളാഹു പ്രവാചകനോട് പറഞ്ഞതായി കാണാം:

قَدْ نَعْلَمُ إِنَّهُۥ لَيَحْزُنُكَ ٱلَّذِى يَقُولُونَ ۖ

[പ്രവാചകാ, ഇക്കൂട്ടര്‍ പറയുന്ന വര്‍ത്തമാനങ്ങള്‍ താങ്കളെ ദുഃഖിപ്പിക്കുന്നത് നാം അറിയുന്നുണ്ട്].

സൂറ: യൂസുഫ് (110)ൽ അള്ളാഹു പറഞ്ഞതായി കാണാം:

حَتَّىٰٓ إِذَا ٱسْتَيْـَٔسَ ٱلرُّسُلُ وَظَنُّوٓا۟ أَنَّهُمْ قَدْ كُذِبُوا۟ جَآءَهُمْ نَصْرُنَا فَنُجِّىَ مَن نَّشَآءُ ۖ وَلَا يُرَدُّ بَأْسُنَا عَنِ ٱلْقَوْمِ ٱلْمُجْرِمِينَ﴿١١٠﴾

[(വളരെക്കാലം പ്രബോധനം ചെയ്യുകയും ജനങ്ങള്‍ അത് ചെവിക്കൊളളാതിരിക്കുകയും ചെയ്യുകയെന്ന അനുഭവം മുന്‍പ്രവാചകന്മാര്‍ക്കും ഉണ്ടായിട്ടുളളതാകുന്നു). എത്രത്തോളമെന്നാല്‍, പ്രവാചകന്മാര്‍ ജനങ്ങളോടാശയറ്റവരാവുകയും തങ്ങളോട് പറയപ്പെടുന്നത് കളവാണെന്ന് ജനങ്ങള്‍ക്ക് തോന്നിത്തുടങ്ങുകയും ചെയ്യുന്നത് വരെ. അപ്പോള്‍, ആകസ്മികമായി, ദൈവദൂതന്മാര്‍ക്ക് നമ്മുടെ സഹായമെത്തി. ഇത്തരം സന്ദര്‍ഭങ്ങളുണ്ടാകുമ്പോള്‍, നാം ഉദ്ദേശിക്കുന്നവരെ രക്ഷപ്പെടുത്തുക എന്നതാകുന്നു നമ്മുടെ സമ്പ്രദായം. എന്നാല്‍, ധിക്കാരികളായ ജനത്തില്‍ നിന്ന് നമ്മുടെ ശിക്ഷയെ നീക്കിക്കളയാന്‍ കഴിയുകയില്ല തന്നെ].

ഒരു പ്രവാചകനാണെങ്കിൽ പോലും ഇത്തരം പ്രതിസന്ധികളെ മറികടക്കാൻ വമ്പിച്ച പ്രയാസം വരുമെന്നും, അതിന് അള്ളാഹുവിന്‌റെ ഭാഗത്ത് നിന്നുള്ള പ്രത്യേക സഹായം തന്നെ വേണ്ടിവരുമെന്നുമാണ് ഖുർആൻ ഇവിടെ പറയുന്നത്.

ഏറ്റവും ഉന്നതരായ പ്രവാചകന്മാരും മഹാന്മാരായ പൂർവ്വികരും ഈ പരീക്ഷണങ്ങളിലൂടെ തീച്ചുളയിലിട്ട് കടഞ്ഞെടുക്കുകയായിരുന്നു. അത് പോലെ തന്നെ, അവർ സഹിച്ച പരീക്ഷണങ്ങളുടെ കഥകളും ചരിത്രങ്ങളും നമുക്ക് പാഠവുമാണ്.

സത്യവും അതിന്‌റെ വാഹകരും ജയിച്ചടക്കുമെന്നും, മിഥ്യയും കൂട്ടാളികളും തകർന്നടിയുമെന്നുമുള്ള വലിയപാഠം. പക്ഷേ, വളരെ സുവ്യക്തമാണെങ്കിലും ഈപാഠം എല്ലാവരും പഠിക്കില്ല, ബുദ്ധിയും വിവേകവുമുള്ളവർ മാത്രമേ പഠിക്കൂ. അല്ലാത്തവർക്ക് ഇത്രയും എളുപ്പമുള്ളതായിട്ടും ഈ പാഠം മനസ്സിലാവില്ല, അവർ തോറ്റ് പോവും. അതാണ് സൂറ:യൂസുഫിലെ തൊട്ടടുത്ത സൂക്തത്തിൽ തന്നെ (111) അള്ളാഹു പറയുന്നത്:

لَقَدْ كَانَ فِى قَصَصِهِمْ عِبْرَةٌۭ لِّأُو۟لِى ٱلْأَلْبَٰبِ ۗ مَا كَانَ حَدِيثًۭا يُفْتَرَىٰ وَلَٰكِن تَصْدِيقَ ٱلَّذِى بَيْنَ يَدَيْهِ وَتَفْصِيلَ كُلِّ شَىْءٍۢ وَهُدًۭى وَرَحْمَةًۭ لِّقَوْمٍۢ يُؤْمِنُونَ﴿١١١﴾

[അവരുടെ ഈ കഥകളില്‍, ബുദ്ധിയും വിവേകവുമുള്ളവര്‍ക്ക് പാഠമുണ്ട്. ഖുർആനില്‍ ഈ പറഞ്ഞു കൊണ്ടിരിക്കുന്നതൊന്നും കെട്ടിച്ചമച്ച വൃത്താന്തങ്ങളല്ല. പ്രത്യുത, അതിന് മുമ്പ് അവതീര്‍ണമായ വേദപ്രമാണങ്ങളെയെല്ലാം സത്യപ്പെടുത്തുന്നതും, സകല സംഗതികളുടെയും വിശദീകരണവും, സത്യവിശ്വാസം കൈക്കൊണ്ട ജനത്തിനുളള സന്മാര്‍ഗവും, ദൈവകാരുണ്യവുമാകുന്നു].

ഭൂരിപക്ഷ സമ്മർദം എന്ന ഭീഷണി

സാമൂഹികസമ്മർദ്ദം അല്ലെങ്കിൽ ഭൂരിപക്ഷ സമ്മർദം എന്ന ഭീഷണിക്ക് മുമ്പിൽ, അല്ലെങ്കിൽ, പ്രകോപനങ്ങൾക്കും പ്രലോഭനങ്ങൾക്കും മുമ്പിൽ ഒട്ടും വഴങ്ങിക്കൊടുക്കാതിരിക്കണമെങ്കിൽ വിശ്വാസി വലിയ രീതിയിൽ തന്നെ കഷ്ടപ്പെ ടേണ്ടിവരുമെന്നാണ് ഖുർആൻ സൂക്തങ്ങൾ വിളിച്ചു പറയുന്നത്.

പൊതുസമൂഹം എന്ന സമ്മർദ്ദ ശക്തിയെ ഖുർആൻ ചിത്രീകരിക്കുന്ന രീതി ഇങ്ങനെയാണ് (അൽഇസ്റാ: 73):

وَإِن كَادُوا۟ لَيَفْتِنُونَكَ عَنِ ٱلَّذِىٓ أَوْحَيْنَآ إِلَيْكَ لِتَفْتَرِىَ عَلَيْنَا غَيْرَهُۥ ۖ وَإِذًۭا لَّٱتَّخَذُوكَ خَلِيلًۭا﴿٧٣﴾

[നബിയേ, നിങ്ങളെ കുഴപ്പത്തിലകപ്പെടുത്തി, നാമയക്കുന്ന ദിവ്യസന്ദേശങ്ങളിൽ നിന്ന് പിന്തിരിപ്പിക്കുന്നതിനുള്ള ശ്രമത്തിൽ ഈ ജനം ഒരു വിട്ടുവീഴ്ചയും വരുത്തിയിട്ടില്ല. നിങ്ങൾ സ്വയംകൃതവചനങ്ങൾ നമ്മുടെ പേരിൽ വെച്ച് കെട്ടാൻ വേണ്ടി. അങ്ങിനെ ചെയ്താൽ തീർച്ചയായും അവർ നിങ്ങളെ സ്വന്തക്കാരനായി സ്വീകരിക്കും].

തൊട്ടടുത്ത സൂക്തത്തിൽ അള്ളാഹു പറയുന്നു:

وَلَوْلَآ أَن ثَبَّتْنَٰكَ لَقَدْ كِدتَّ تَرْكَنُ إِلَيْهِمْ شَيْـًۭٔا قَلِيلًا﴿٧٤﴾

[നാം നിങ്ങളെ ഉറപ്പിച്ച് നിർത്തിയിട്ടില്ലായിരുന്നുവെങ്കിൽ നിങ്ങൾ അവരുടെ താൽപര്യത്തിലേക്ക് അല്പസ്വല്പം ചാഞ്ഞുപോവാൻ വലിയ സാധ്യതയുണ്ടായിരുന്നു].

പരിശുദ്ധ പ്രവാചകൻപോലും വഴിതെറ്റാതെ പോയത് അള്ളാഹുവിന്‌റെ കരുണാകടാക്ഷം കൊണ്ട് മാത്രമാണെന്ന് സൂചിപ്പിച്ച് സൂറ: അന്നിസാഅ്(113)ൽ അള്ളാഹു പറയുന്നു:

وَلَوْلَا فَضْلُ ٱللَّهِ عَلَيْكَ وَرَحْمَتُهُۥ لَهَمَّت طَّآئِفَةٌۭ مِّنْهُمْ أَن يُضِلُّوكَ وَمَا يُضِلُّونَ إِلَّآ أَنفُسَهُمْ ۖ وَمَا يَضُرُّونَكَ مِن شَىْءٍۢ ۚ وَأَنزَلَ ٱللَّهُ عَلَيْكَ ٱلْكِتَٰبَ وَٱلْحِكْمَةَ وَعَلَّمَكَ مَا لَمْ تَكُن تَعْلَمُ ۚ وَكَانَ فَضْلُ ٱللَّهِ عَلَيْكَ عَظِيمًۭا﴿١١٣﴾

[നബിയേ, താങ്കളില്‍ അള്ളാഹുവിന്റെ അനുഗ്രഹവും കാരുണ്യവും ഉണ്ടായി രുന്നില്ലെങ്കില്‍, അവരിലൊരുപറ്റം താങ്കളെ വഴിപിഴപ്പിക്കാൻ തീരുമാനിക്കുക തന്നെ ചെയ്തതായിരുന്നു. യഥാര്‍ഥത്തിലോ, അവര്‍ അവരെത്തന്നെയല്ലാതെ മറ്റാരെയും പിഴപ്പിക്കുന്നുണ്ടായിരുന്നില്ല. താങ്കൾക്ക് ഒരു ദ്രോഹവുമേല്‍പിക്കാ ന്‍ അവര്‍ക്ക് കഴിയുമായിരുന്നില്ല. അള്ളാഹു താങ്കൾക്ക് വേദവും തത്ത്വജ്ഞാ നവും അവതരിപ്പിച്ചു തന്നിരിക്കുന്നു. താങ്കൾക്കറിവില്ലാതിരുന്നത് പഠിപ്പിക്കു കയും ചെയ്തിരിക്കുന്നു. താങ്കളുടെ മേല്‍ അവന്റെ അനുഗ്രഹം മഹത്തരമായ തല്ലോ].

അഥവാ, ഒരു പ്രവാചകനാണെങ്കിൽ പോലും ഇത്തരം പ്രതിസന്ധികളെ മറികടക്കാൻ വമ്പിച്ച പ്രയാസം വരുമെന്നും, അതിന് അള്ളാഹുവിന്‌റെ ഭാഗത്ത് നിന്നുള്ള പ്രത്യേക സഹായം തന്നെ വേണ്ടിവരുമെന്നുമാണ് ഖുർആൻ ഇവിടെ പറയുന്നത്.

അള്ളാഹുവിന്റെ നിയമങ്ങൾക്ക് അനുസരിക്കുന്നതിലും അവന്റെ കല്പനകൾക്ക് വഴിപ്പെടുന്നതിലും ഓരോ വിശ്വാസിയും എപ്പോഴും കരുണാവാരിധിയുടെ മേൽ തവക്കുൽ ചെയ്ത് തന്നെ മുന്നേറണം.

മറ്റൊരു ശക്തിക്കും, നമുക്ക് തന്നെയോ, നമ്മെ സഹായിക്കാൻ കഴിയില്ല. സൂറ: അൽഫാതിഹയിലെ 'നിനക്ക് മാത്രം ഞങ്ങൾ ഇബാദത്ത് ചെയ്യുന്നു' എന്ന് പറഞ്ഞതിന് തൊട്ടുപിറകെ 'നിന്നോട് മാത്രം ഞങ്ങൾ സഹായമർത്ഥിക്കുന്നു' എന്ന് പറഞ്ഞ തിന്റെ സാംഗത്യവും ഇതാണ്.

സത്യപ്രബോധനത്തിന്റെയും പരിഷ്‌കരണ പ്രവര്‍ത്തനങ്ങളുടെയും മാര്‍ഗത്തില്‍ ത്യാഗപരിശ്രമങ്ങള്‍ ചെയ്യുമ്പോള്‍ മുമ്പില്‍ വന്നുചേരുന്ന വിഷമങ്ങളെയും ബുദ്ധിമുട്ടുകളെയും നേരിടാനുള്ള ശക്തി നമസ്‌കാരത്തില്‍നിന്നും അള്ളാഹുവിനോടുള്ള അടിമത്തത്തില്‍ ഉറച്ചുനില്‍ക്കുന്നതില്‍നിന്നും മാത്രമേ ലഭിക്കുകയുള്ളൂ.

നിങ്ങള്‍ക്ക് സമാശ്വാസം ലഭിക്കുന്നതും അതില്‍നിന്നു തന്നെ. അതു നിങ്ങളില്‍  സഹനശീലമുണ്ടാക്കും; നിങ്ങളുടെ മനോദാര്‍ഢ്യം വര്‍ധിപ്പിക്കും. ലോകം മുഴുവന്‍ ആക്ഷേപിച്ചാലും ശകാരിച്ചാലും തടസ്സപ്പെടുത്തിയാലും അവസാനമായി അള്ളാഹുവിന്റെ പ്രീതി ലഭിക്കുന്ന ഈ സേവനമാര്‍ഗത്തില്‍ പതറാതെ നിലകൊള്ളാന്‍ അതു നിങ്ങള്‍ക്ക് ശക്തിയേകും.

അതാണ് സൂറ: അല്‍ഹിജ്ര്‍ (97-99)ൽ അള്ളാഹു നൽകിയ നിർദ്ദേശം:

وَلَقَدْ نَعْلَمُ أَنَّكَ يَضِيقُ صَدْرُكَ بِمَا يَقُولُونَ﴿٩٧﴾فَسَبِّحْ بِحَمْدِ رَبِّكَ وَكُن مِّنَ ٱلسَّٰجِدِينَ﴿٩٨﴾وَٱعْبُدْ رَبَّكَ حَتَّىٰ يَأْتِيَكَ ٱلْيَقِينُ﴿٩٩﴾

[ഈ ജനം താങ്കളെക്കുറിച്ച് പറയുന്ന വര്‍ത്തമാനങ്ങളില്‍ താങ്കളുടെ മനസ്സ് ഇടുങ്ങിപ്പോവുന്നതായി നാം അറിയുന്നുണ്ട്. (അതിനു പരിഹാരം ഇതാകുന്നു:) താങ്കളുടെ റബ്ബിന്റെ സ്തുതി കീര്‍ത്തനം ചെയ്യുക. അവന്റെ സന്നിധിയില്‍ സാഷ്ടാംഗം പ്രണമിക്കുക. വന്നെത്തുമെന്ന് ഉറപ്പുളള ആ അന്ത്യനിമിഷം (മര ണം) വരെ റബ്ബിന് ഇബാദത്തു ചെയ്തുകൊണ്ടിരിക്കുക].


ഡോ. അബ്ദുന്നസ്വീര്‍ അല്‍മലൈബാരി ആറ് വര്‍ഷം കേരളത്തിലെ പള്ളി ദര്‍സിലും രണ്ട് വര്‍ഷം കാരന്തൂര്‍ മര്‍കസിലും പഠിച്ച ശേഷം ഈജിപ്തിലെ കെയ്‌റോ അല്‍ അസ്ഹര്‍ സര്‍വകലാശാലയില്‍ നിന്ന് ഡിഗ്രിയും പിജിയും എം.ഫിലും പി.എച്.ഡി.യും കരസ്ഥമാക്കി. 2014 മുതല്‍ 2019 വരെ ഇന്തോനേഷ്യയിലെ ചിയാഞ്ചൂര്‍ ഇമാം ശാഫിഈ യൂണിവേഴ്‌സിറ്റിയില്‍ ലക്ചറര്‍. നിലവില്‍ ശാന്തപുരം അല്‍ ജാമിഅ അല്‍ ഇസ്ലാമിയ്യയില്‍ ഗസ്റ്റ് ലക്ചറര്‍. ആറ് രാജ്യങ്ങളില്‍ നിന്നായി അമ്പതോളം ഗ്രന്ഥങ്ങള്‍ പ്രസിദ്ധീകരിച്ചു.