സര്‍വമത സത്യവാദം; മറച്ചുപിടിക്കലുകളും അബദ്ധങ്ങളും


ഖുര്‍ആന്‍ നിലവിലുള്ള ബൈബിള്‍ അതേപടി സത്യപ്പെടുത്തുകയാണ് എന്ന വാദം തെറ്റാണ്. തന്ത്രപരമായി ചില മറച്ചുപിടിക്കലുകള്‍ നടത്തുന്നു.

ആര്‍ക്കു വേണ്ടിയാണ് സി എച്ച് മുസ്തഫ ഓശാന പാടുന്നത് എന്ന കാര്യം അദ്ദേഹത്തിന്റെ വാദങ്ങളില്‍ നിന്ന് വ്യക്തമാണ്. ബൈബിള്‍ സംബന്ധിച്ച വാദങ്ങളെ മുഹമ്മദ് ഈസ ഖണ്ഡിച്ചപ്പോള്‍ അദ്ദേഹത്തിന് മറുപടിയൊന്നുമുണ്ടായിരുന്നില്ല.

തന്റെ വാദഗതി കെട്ടിപ്പടുക്കുന്നതിനായി ഉപയോഗപ്പെടുത്തിയ ഒന്ന് സൂറതു മാഇദയിലെ 48-ാം വാക്യമാണ്: ''പ്രവാചകരേ, നിനക്ക് നാമിതാ ഈ വേദപുസ്തകം സത്യസന്ദേശമായി അവതരിപ്പിച്ചു തന്നിരിക്കുന്നു. അതിന്റെ മുമ്പിലുള്ള വേദഗ്രന്ഥങ്ങളെ ശരിവെക്കുന്നതും അതിനെ ഭദ്രമായി കാത്തു രക്ഷിക്കുന്നതുമത്രേ അത്.''

ഇവിടെ ഇദ്ദേഹം ധ്വനിപ്പിക്കുന്നത് മോസസിന് അല്ലാഹു അവതരിപ്പിച്ചുകൊടുത്ത തൗറാത്ത് തന്നെയാണ് പഴയ നിയമം എന്ന പേരില്‍ നിലവിലുള്ള ബൈബിളില്‍ ഉള്ളതെന്നും അതുപോലെ യേശുവിന് അല്ലാഹു അവതരിപ്പിച്ചുകൊടുത്ത ഇന്‍ജീല്‍ തന്നെയാണ് പുതിയ നിയമം എന്ന പേരില്‍ നിലവിലുള്ള ബൈബിളില്‍ ഉള്ളതെന്നുമാണ്.

ഇവിടെ ഇദ്ദേഹം തന്ത്രപരമായി ചില മറച്ചുപിടിക്കലുകള്‍ നടത്തുകയാണ്. ഖുര്‍ആന്‍ നിലവിലുള്ള ബൈബിള്‍ അതേപടി സത്യപ്പെടുത്തുകയാണ് എന്നത്രേ ഇദ്ദേഹത്തിന്റെ വാദം. എന്നാല്‍ ഖുര്‍ആന്‍ സത്യപ്പെടുത്തുന്നത് ബൈബിളിന്റെ ഭാഗമായി നിലനില്‍ക്കുന്ന അട്ടിമറിക്കപ്പെടാത്ത സത്യസന്ദേശങ്ങള്‍ അടങ്ങുന്ന വചനങ്ങളെ മാത്രമാണ്. ഇക്കാര്യം ഖുര്‍ആന്‍ മറ്റു വാക്യങ്ങളില്‍ വ്യക്തമാക്കുന്നുണ്ട്.

ആലുഇംറാന്‍ 50-ാം വാക്യത്തില്‍ പറയുന്നു: 'എന്റെ മുമ്പിലുള്ള തൗറാത്തിനെ സത്യപ്പെടുത്തുന്നവനായിക്കൊണ്ടും നിങ്ങളുടെ മേല്‍ നിഷിദ്ധമാക്കപ്പെട്ട കാര്യങ്ങളില്‍ ചിലത് നിങ്ങള്‍ക്ക് അനുവദിച്ചുതരാന്‍ വേണ്ടിയുമാകുന്നു (ഞാന്‍ നിയോഗിക്കപ്പെട്ടിട്ടുള്ളത്)'

ഈ വാക്യത്തില്‍ തൗറാത്തിനെ സത്യപ്പെടുത്തുന്നു എന്ന് പറയുന്നതോടൊപ്പം നിഷിദ്ധമാക്കപ്പെട്ട ചില കാര്യങ്ങള്‍ അനുവദിച്ചുതരുന്നുവെന്ന് പറയുന്നു. അന്‍ആം 91-ാം വാക്യത്തില്‍ പറയുന്നു: ''എന്നാല്‍ സത്യപ്രകാശമായിക്കൊണ്ടും മനുഷ്യര്‍ക്ക് മാര്‍ഗദര്‍ശകമായിക്കൊണ്ടും മൂസാ കൊണ്ടുവന്ന ഗ്രന്ഥം ആരാണ് അവതരിപ്പിച്ചത്? നിങ്ങള്‍ അതിനെ കടലാസ് തുണ്ടുകളാക്കി ചില ഭാഗങ്ങള്‍ വെളിപ്പെടുത്തുകയും മറ്റു പലതും ഒളിപ്പിച്ചുവെക്കുകയും ചെയ്യുന്നുണ്ടല്ലോ?''

ഈ വാക്യം തൗറാത്തിന്റെ ചില ഭാഗങ്ങള്‍ അവര്‍ മറച്ചുപിടിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുന്നു. എന്നാല്‍ മുസ്തഫ ഈ വസ്തുത മറച്ചുപിടിക്കുന്നു.

സൂറതുല്‍ബഖറ 174-ാം വാക്യത്തില്‍ പറയുന്നു: 'അല്ലാഹു അവതരിപ്പിച്ച വേദഗ്രന്ഥത്തിലുള്ള കാര്യങ്ങള്‍ മറച്ചുവെക്കുകയും അതിനു തുച്ഛമായ നേട്ടങ്ങള്‍ നേടിയെടുക്കുകയും ചെയ്യുന്നവരാരോ അവര്‍ തങ്ങളുടെ വയറുകളില്‍ നിറയ്ക്കുന്നത് നരകാഗ്‌നിയല്ലാതെ മറ്റൊന്നുമല്ല.' ഈ വാക്യത്തില്‍ വേദഗ്രന്ഥത്തിലുള്ള കാര്യങ്ങള്‍ മറച്ചു പിടിക്കുന്ന പ്രവണതയുണ്ടായിട്ടുണ്ടെന്ന് ചൂണ്ടിക്കാണിക്കുന്നു.

ആലുഇംറാന്‍ 78-ാം വാക്യത്തില്‍ പറയുന്നു: ''വേദഗ്രന്ഥത്തിലെ വാചകശൈലികള്‍ വളച്ചൊടിക്കുന്ന ചിലരും അവരുടെ കൂട്ടത്തിലുണ്ട്. അത് വേദഗ്രന്ഥത്തില്‍ പെട്ടതാണെന്ന് നിങ്ങള്‍ ധരിക്കാന്‍ വേണ്ടിയാണത്. അത് വേദഗ്രന്ഥത്തിലുള്ളതല്ല. അവര്‍ പറയും അത് അല്ലാഹുവിന്റെ പക്കല്‍ നിന്നുള്ളതാണെന്ന്. എന്നാല്‍ അത് അല്ലാഹുവിങ്കല്‍ നിന്നുള്ളതല്ല. അവര്‍ അറിഞ്ഞുകൊണ്ട് അല്ലാഹുവിന്റെ പേരില്‍ കള്ളം പറയുകയാണ്.''

വേദഗ്രന്ഥത്തില്‍ നടത്തിയ അട്ടിമറികളെപ്പറ്റി ഈ വാക്യം സൂചിപ്പിക്കുന്നു. സൂറതുല്‍ബഖറ 79-ാം വചനത്തില്‍ പറയുന്നു: 'എന്നാല്‍ സ്വന്തം കൈകള്‍ കൊണ്ട് ഗ്രന്ഥം എഴുതിയുണ്ടാക്കുകയും എന്നിട്ട് അത് അല്ലാഹുവിങ്കല്‍ നിന്ന് ലഭിച്ചതാണെന്ന് പറയുകയും ചെയ്യുന്നവര്‍ക്കാകുന്നു നാശം'. കൃത്രിമമായി എഴുതിയുണ്ടാക്കി വേദമോ വേദഭാഗങ്ങളോ ആണെന്ന് പ്രചരിപ്പിക്കുന്ന രീതിയെ ഈ വചനം വ്യക്തമാക്കുന്നു.

ഇപ്രകാരം നിരവധി ഖുര്‍ആന്‍ വാക്യങ്ങളാല്‍ അല്ലാഹു അവതരിപ്പിച്ച പൂര്‍വ വേദങ്ങളില്‍ മനുഷ്യന്‍ നടത്തിയ കൈയേറ്റങ്ങളെപ്പറ്റി പരാമര്‍ശിക്കുന്നുണ്ട്. ഇതില്‍ നിന്നെല്ലാം വ്യക്തമാകുന്നത് പൂര്‍വ വേദങ്ങളില്‍ ശരിയായതിനെ സത്യപ്പെടുത്തുകയും തെറ്റായതിനെ തിരുത്തുകയും ചെയ്തുകൊണ്ടാണ് ഖുര്‍ആന്‍ അവതീര്‍ണമായത് എന്നാണ്. എന്നാല്‍ മുസ്തഫ തന്റെ പ്രഭാഷണങ്ങളിലും എഴുത്തിലും വ്യംഗ്യേന പരിശ്രമിക്കുന്നത് പൂര്‍വ വേദങ്ങള്‍ നിലവിലുള്ള രൂപത്തില്‍ അതേപ്പടി പിന്തുടരാനുള്ള മാനസിക പശ്ചാത്തലം ഒരുക്കാനും അത് ആ വേദഗ്രന്ഥങ്ങളുടെ ഭാഗമായി ഇപ്പോള്‍ നിലനില്‍ക്കുന്ന അന്ധവിശ്വാസങ്ങളെയും അനുബന്ധ വിശ്വാസങ്ങളെയും വെള്ളപൂശാനുമാണ്.

അദ്ദേഹം തന്റെ പ്രഭാഷണങ്ങളില്‍ പരാമര്‍ശിച്ച ബൈബിളിനെ പറ്റിത്തന്നെ സാമാന്യധാരണ പോലുമില്ലാതെയാണ് ഇത്തരം വാദങ്ങള്‍ ഉന്നയിക്കുന്നത്. ബൈബിളില്‍ തന്നെ രേഖപ്പെട്ടുകിടക്കുന്ന പരാമര്‍ശങ്ങള്‍ പോലും അദ്ദേഹം കണ്ടിട്ടുണ്ടാവില്ല.

ബൈബിള്‍ പഴയനിയമത്തിന്റെ യിരെമ്യാവ് പുസ്തകത്തില്‍ ഇപ്രകാരം രേഖപ്പെട്ടുകിടക്കുന്നു: ''ഞങ്ങള്‍ ജ്ഞാനികളാണ്, കര്‍ത്താവിന്റെ നിയമം ഞങ്ങള്‍ അനുസരിക്കുന്നു എന്ന് നിങ്ങള്‍ക്കെങ്ങനെ പറയാന്‍ കഴിയും? നിയമജ്ഞന്മാരുടെ വ്യാജമായ തൂലിക നിയമത്തെ വ്യാജമാക്കിയിരിക്കുന്നു'' (യിരമ്യ 8:8). വേദഗ്രന്ഥത്തില്‍ കൈകടത്തല്‍ ഉണ്ടായിട്ടുണ്ടെന്ന് ഈ പരാമര്‍ശം വ്യക്തമാക്കുന്നു.

ഏതൊരു പ്രവാചകന്റെ ജീവിതവുമായും ബന്ധപ്പെട്ട് മൂന്നു തരം സ്രോതസ്സുകളുണ്ട്. ഒന്ന്, പ്രവാചകന് ലഭിച്ച ദിവ്യവെളിപാടുകളുടെ അടിസ്ഥാനത്തില്‍ രേഖപ്പെടുത്തപ്പെട്ട വേദഗ്രന്ഥഭാഗം. വേദഗ്രന്ഥത്തില്‍ പ്രവാചകനുണ്ടായ വെളിപാടുകള്‍ മാത്രമേ ഉണ്ടാവൂ. വെളിപാടുകളിലെ ഓരോ പദവും ദൈവികമാണ്. ഒരിക്കലും തെറ്റു പറ്റാത്ത പരാമര്‍ശങ്ങളാണ് അവയിലുണ്ടാവുക.

രണ്ട്, പ്രവാചകന്റെ വചനങ്ങളും പ്രവര്‍ത്തനങ്ങളും. പ്രവാചകന്‍ മതത്തിന്റെ ഭാഗമായി സംസാരിക്കുന്നതും പ്രവര്‍ത്തിക്കുന്നതും ദൈവിക മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ചാണെങ്കിലും അതു വിവരിക്കുന്ന പദങ്ങള്‍ക്ക് വെളിപാടുകളിലുള്ള പദങ്ങളുടെ അപ്രമാദിത്വമില്ല. പ്രവാചകനില്‍ നിന്നുള്ളതെന്ന് സ്ഥിരപ്പെട്ട ആശയങ്ങള്‍ക്ക് അപ്രമാദിത്വമുണ്ട്. മൂന്ന്, പ്രവാചകനെക്കുറിച്ച് സമകാലികരോ അല്ലാത്തവരോ ആയ വ്യക്തികള്‍ രേഖപ്പെടുത്തിയ ചരിത്രങ്ങള്‍. അവ ചരിത്രത്തിന്റെ സത്യസന്ധത അളക്കാന്‍ ഉപയോഗിക്കുന്ന മാനദണ്ഡങ്ങള്‍ ഉപയോഗിച്ച് പരിശോധിച്ചതിനു ശേഷം ശരിയാണെന്ന് ബോധ്യപ്പെടുന്നപക്ഷം സ്വീകാര്യമാണ്.

ഖുര്‍ആന്‍ ഒന്നാമത്തെ വിഭാഗത്തിലും സുന്നത്ത് രണ്ടാമത്തെ വിഭാഗത്തിലും നബിചരിത്രങ്ങള്‍ മൂന്നാമത്തെ വിഭാഗത്തിലും ഉള്‍പ്പെടുന്നു. ബൈബിളില്‍ ഈ മൂന്നു തരത്തിലുള്ള വാക്യങ്ങളും ഇടകലര്‍ന്നു കിടക്കുന്നുണ്ട്. ഈ കാര്യത്തെപ്പറ്റി യാതൊരു ധാരണയുമില്ലാതെയാണ് മുസ്തഫ ബൈബിളിന് ഒന്നിച്ച് സ്ഥിരീകരണ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത്.

ബൈബിളിലെ പഴയ നിയമത്തിന്റെ ഭാഗമായ പ്രഥമ ഗ്രന്ഥമായ ഉല്‍പത്തി പുസ്തകത്തില്‍ നിന്നുതന്നെ ഈ മൂന്നു തരം വചനങ്ങള്‍ക്കുള്ള ഉദാഹരണം കാണുക:

ഒന്ന്: ദൈവവചനമെന്ന നിലയ്ക്ക് ഉദ്ധരിക്കപ്പെടുന്ന പരാമര്‍ശം: 'കര്‍ത്താവ് അബ്രഹാമിനോട് അരുള്‍ ചെയ്തു: നിന്റെ ദേശത്തെയും ബന്ധുക്കളെയും പിതൃഭവനത്തെയും വിട്ട് ഞാന്‍ കാണിച്ചുതരുന്ന നാട്ടിലേക്ക് പോവുക. ഞാന്‍ നിന്നെ വലിയൊരു ജനതയാക്കും. നിന്നെ ഞാന്‍ അനുഗ്രഹിക്കും. നിന്റെ പേര് ഞാന്‍ മഹത്തരമാക്കും. അങ്ങനെ നീ ഒരനുഗ്രഹമായിരിക്കും' (ഉല്‍പത്തി 12:1,2).

രണ്ട്: പ്രവാചക വചനമെന്ന നിലയ്ക്ക് ഉദ്ധരിക്കപ്പെടുന്ന ഭാഗം: 'ഈജിപ്തില്‍ എത്താറായപ്പോള്‍ ഭാര്യ സാറായിയെ വിളിച്ച് അവന്‍ പറഞ്ഞു: നീ കാണാന്‍ അഴകുള്ളവളാണെന്ന് എനിക്കറിയാം. നിന്നെ കാണുമ്പോള്‍ ഈജിപ്തുകാര്‍ പറയും: ഇവള്‍ അവന്റെ ഭാര്യയാണ്. എന്നിട്ട് എന്നെ അവര്‍ കൊന്നുകളയും. നിന്നെ ജീവിക്കാന്‍ അനുവദിക്കുകയും ചെയ്യും. നീ മൂലം എനിക്ക് ആപത്തുണ്ടാകാതിരിക്കാന്‍, നിന്നെ പ്രതി എന്റെ ജീവന്‍ രക്ഷിക്കാന്‍ വേണ്ടി, നീ എന്റെ സഹോദരിയാണെന്ന് പറയണം' (ഉല്‍പത്തി 12:11-13).

മൂന്ന്: മറ്റുള്ളവര്‍ വിവരിക്കുന്ന ചരിത്ര പരാമര്‍ശമെന്ന നിലയ്ക്ക് ഉദ്ധരിക്കപ്പെട്ടത്. 'അബ്രഹാം ഭാര്യയോടും സ്വന്തമായ സകലത്തോടും കൂടെ ഈജിപ്തില്‍ നിന്ന് നെഗെബിലേക്കു പോയി. ലോത്തും കൂടെയുണ്ടായിരുന്നു' (ഉല്‍പത്തി 13:1).

ഇതില്‍ നിന്നു ബൈബിളിന്റെ ഭാഗമായി ക്രോഡീകരിച്ചുവെക്കപ്പെട്ട എല്ലാം തന്നെ ദൈവിക വചനങ്ങളല്ലെന്ന് വ്യക്തമാണ്. എന്നാല്‍ മുസ്തഫക്ക് ഇതു സംബന്ധിച്ച് വ്യക്തമായ ധാരണയില്ലാത്തതിനാലും വളച്ചൊടിക്കാനുള്ള താല്‍പര്യത്തിലും നിലവിലുള്ള ബൈബിള്‍ അതേപടി സ്വീകരിക്കാന്‍ ആഹ്വാനം ചെയ്യുകയാണ്.

ദൈവിക വചനങ്ങളായി അംഗീകരിച്ച് ബൈബിള്‍ അതേപടി പിന്തുടരണമെന്ന മുസ്തഫയുടെ വാദം എത്രമാത്രം അബദ്ധജടിലമാണ്!

ഇതോടൊപ്പം ബൈബിളിലെ എല്ലാ പുസ്തകങ്ങളും ഒരുപോലെ എല്ലാ ക്രൈസ്തവ വിഭാഗങ്ങളും ദൈവവചനങ്ങളായി അംഗീകരിക്കുന്നില്ല എന്ന വസ്തുതയും സര്‍വവേദ സത്യവാദക്കാരന് അറിഞ്ഞുകൂടേ. പ്രൊട്ടസ്റ്റന്റുകള്‍ 39 പുസ്തകങ്ങള്‍ മാത്രം പഴയ നിയമത്തിന്റെ ഭാഗമായി അംഗീകരിക്കുമ്പോള്‍ കത്തോലിക്കര്‍ 46 പുസ്തകങ്ങള്‍ ബൈബിളിന്റെ ഭാഗമായി അംഗീകരിക്കുന്നുണ്ട്.

ബൈബിള്‍ പഴയ നിയമത്തിന്റെ ഭാഗമായ ആദ്യ അഞ്ച് പുസ്തകങ്ങള്‍ പഞ്ചപുസ്തകങ്ങള്‍ എന്ന് അറിയപ്പെടുന്നു. ഇവയാണ് ബൈബിളിന്റെ സുപ്രധാന ഭാഗം. ഇവയെപ്പറ്റി തന്നെ ക്രൈസ്തവ പണ്ഡിതനായ ഡോ. മാത്യു വെള്ളാണിക്കല്‍ ചീഫ് എഡിറ്ററായ 'ബൈബിള്‍ വിജ്ഞാനകോശ'ത്തില്‍ ഇപ്രകാരം കാണാം:

'പഞ്ചഗ്രന്ഥിയുടെ ഉറവിടങ്ങളും അവയുടെ കുലങ്ങളും ഒരു കാര്യം വ്യക്തമാക്കുന്നു. അതായത് അവയെല്ലാം ബിസി പത്താം നൂറ്റാണ്ടിനും ആറാം നൂറ്റാണ്ടിനും ഇടയില്‍ രൂപപ്പെട്ടതാണെന്ന്. അപ്പോള്‍ പഞ്ചഗ്രന്ഥിയിലെ ഏറ്റവും പഴക്കമുള്ള രേഖ പോലും പരമ്പരാഗതമായി കണക്കാക്കപ്പെട്ടിരുന്നതുപോലെ പതിമൂന്നാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന മോശ എഴുതിയതാകാന്‍ വഴിയില്ല' (പേജ് 441).

ഇതോടൊപ്പം ആവര്‍ത്തന പുസ്തകം 34:10ല്‍ 'കര്‍ത്താവിന്റെ ദാസനായ മോശ അവിടുന്ന് അരുളി ചെയ്തതുപോലെ മൊവാബു ദേശത്തു വെച്ച് മരിച്ചു' എന്ന് രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു. ഇതിനാല്‍ തന്നെ ഇത് മോശ എഴുതിയതല്ലെന്ന് വ്യക്തം.

ബൈബിളിന്റെ ഭാഗമായ പുതിയ നിയമത്തിലെ ആദ്യത്തെ നാലു പുസ്തകങ്ങളാണ് ഇന്ന് സുവിശേഷങ്ങള്‍ എന്ന പേരില്‍ അറിയപ്പെടുന്നത്. മത്തായി, മാര്‍ക്കോസ്, ലൂക്കോസ്, യോഹന്നാന്‍ തുടങ്ങിയവരുടെ പേരിലുള്ളവയാണ് ഈ സുവിശേഷങ്ങള്‍. ഇവയാണ് പുതിയ നിയമത്തിലെ ഏറ്റവും പ്രധാന ഭാഗങ്ങള്‍.

ഇവയെപ്പറ്റി സുവിശേഷകര്‍ തന്നെ യേശുവിന്റെ ജീവിതത്തിന് ദൃക്സാക്ഷികളായിരുന്നില്ലെന്ന വസ്തുത വ്യാഖ്യാത ബൈബിള്‍ പണ്ഡിതനായ റെയ്മണ്ട് ബ്രണ്ണന്‍ വ്യക്തമാക്കുന്നത് ഇപ്രകാരമാണ്: 'സുവിശേഷ കര്‍ത്താക്കളിലാരും മിക്കവാറും യേശുവിന്റെ പരസ്യജീവിതത്തിന് സാക്ഷികളായിരുന്നില്ല. അവരെല്ലാവരും രണ്ടാം തലമുറക്കാരെന്ന് വിശേഷിപ്പിക്കാവുന്ന ക്രിസ്ത്യാനികളത്രേ. മറ്റുള്ളവരില്‍ നിന്നാണ് അവര്‍ യേശുവിനെപ്പറ്റി കേട്ടത്. അങ്ങനെ ലഭിച്ച പൈതൃകത്തെ സുവിശേഷ ഗ്രന്ഥങ്ങളുടെ ലിഖിത രൂപത്തില്‍ ക്രോഡീകരിക്കുകയാണ് അവര്‍ ചെയ്്തത്' (Responses to 101 Questions on the Bible, p. 57).

ദൈവിക വചനങ്ങളായി അംഗീകരിച്ച് ബൈബിള്‍ അതേപടി പിന്തുടരണമെന്ന മുസ്തഫയുടെ വാദം എത്രമാത്രം അബദ്ധജടിലമാണ്! ഭിന്നവിശ്വാസധാരകളെല്ലാം ഒരുപോലെ ശരിയാണെന്ന വാദം എന്തുമാത്രം വിഡ്ഢിത്തമാണ്! വിഗ്രഹാരാധനയും ത്രിയേകത്വവാദവും ഏകദൈവവിശ്വാസവും ഒരുപോലെ ശരിയാകുന്ന വിചിത്ര വിശ്വാസലോകം സൃഷ്ടിക്കാനുള്ള ശ്രമം എന്തുമാത്രം വിരോധാഭാസമാണ്!