ജലം ഇരമ്പുകയാണ്. അതിരുകള്‍ മുറിച്ചുകടന്ന് പുതിയ വഴികള്‍ സ്വയം വെട്ടിയുണ്ടാക്കി അതങ്ങനെ കുതിക്കുകയാണ്. മരങ്ങള്‍ കടപുഴക്കി എറിയുന്നു. പാറക്കല്ലുകളെ തൊഴിച്ചുപായിക്കുന്നു. കെട്ടിടങ്ങള്‍ നിലംപൊത്തുന്നു. മനുഷ്യരും നാല്‍ക്കാലികളും ജലപ്രവാഹത്തിനുള്ളില്‍ മറഞ്ഞുപോകുന്നു. അലമുറയിടലും രോദനവുമെല്ലാം വെള്ളത്തിന്റെ ഗര്‍ജനത്തിനു മുന്നില്‍ അപ്രസക്തമാകുന്നു.
ഉയിരില്ലാത്ത ഉടലുകള്‍, വേറിട്ട കൈകള്‍, പിഞ്ഞിയ കാലുകള്‍, ശിരസ്സുകള്‍... ഞാന്‍ ഫോണ്‍ ഓഫ് ചെയ്തുവെച്ചു. ഇനിയും ദൃശ്യങ്ങള്‍ കാണാന്‍ വയ്യ. കട്ടിലില്‍ മലര്‍ന്നുകിടന്നു. ഉറക്കം വരില്ലെന്ന് തീര്‍ച്ചയാണ്. ഇതുപോലെ ഒരു രാത്രിയില്‍ ഉറങ്ങാന്‍ കിടന്നവരാണ്...