നഗരക്കാഴ്ചകള്‍ മങ്ങിയപ്പോള്‍ നാടിന്റെ നന്മകള്‍ പുറത്തേക്ക് എത്തിനോക്കി. വായനശാലകള്‍, മൈതാനങ്ങള്‍, വയലുകള്‍, കാടുകള്‍... നാടിന്റെ പച്ചപ്പ് ഇവിടം ധന്യമാക്കുന്നു. പക്ഷെ തന്റെ വീട്ടിലേക്കുള്ള മണ്‍പാത അയാളെ അമ്പരപ്പിച്ചു.
ഉറ്റിവീണ മഴത്തുള്ളികള്‍ അയാളുടെ ചിന്തകളെ മുറിച്ചു. 'കണ്ണൂര്‍' എന്ന വലിയ ബോര്‍ഡ് ഓര്‍മകള്‍ക്ക് മേലെ ഒരു കവചം തീര്‍ത്തു. ലഗേജുമായി ചാടി എണീറ്റപ്പോള്‍ നാട്ടില്‍ വന്ന മാറ്റം അയാളെ വിസ്മയിപ്പിച്ചു. വന്ദേ ഭാരത് തന്റെ ചിന്തകളെക്കാള്‍ വേഗത്തില്‍ പറക്കുന്നതായി തോന്നി.
ഒരു കാപ്പി മൊത്തിക്കുടിച്ച ശേഷം സ്റ്റേഷനില്‍ നിന്നിറങ്ങി. ഊബര്‍ വിളിച്ച് ജന്മനാടായ ആഡൂരിലേക്ക്. വഴിയോരക്കാഴ്ചകള്‍ അമീറിനെ വിസ്മയം കൊള്ളിച്ചു.
വലിയ വലിയ മാളുകള്‍, വാട്ടര്‍ തീം പാര്‍ക്കുകള്‍, ടര്‍ഫുകള്‍, പാര്‍ക്കുകള്‍... പത്തു വര്‍ഷങ്ങള്‍ പത്തു യുഗങ്ങള്‍ പോലെ. മറ്റൊരു തീവണ്ടിയുടെ ബോഗികള്‍ അകലേക്ക് മറഞ്ഞു. പത്ത് വര്‍ഷത്തെ സ്മരണകളും മനസ്സാകുന്ന പ്ലാറ്റ്‌ഫോമില്‍ ചാടി ഇറങ്ങി.
ഒരു മണിക്കൂര്‍ യാത്രയ്‌ക്കൊടുവില്‍ തന്റെ ജന്മനാടായ കണ്ണവത്തേക്ക്. നഗരക്കാഴ്ചകള്‍ മങ്ങിയപ്പോള്‍ നാടിന്റെ നന്മകള്‍ പുറത്തേക്ക് എത്തിനോക്കി. വായനശാലകള്‍, മൈതാനങ്ങള്‍, വയലുകള്‍, കാടുകള്‍... നാടിന്റെ പച്ചപ്പ് ഇവിടം ധന്യമാക്കുന്നു.
'അംബര ചുംബികളായ കൊട്ടാരങ്ങള്‍ ഇവിടെയും ഉണ്ടല്ലോ...' അയാള്‍ നാടിന്റെ മാറ്റം ആസ്വദിച്ചു. തന്റെ വീട്ടിലേക്കുള്ള മണ്‍പാത അയാളെ അമ്പരപ്പിച്ചു.
'വഴിതെറ്റിയോ...?'
ഈ വഴി മാത്രം എന്തേ വികസനങ്ങളെ അതിജീവിച്ചു? പാതയോരത്തെ കരിയിലകള്‍ മര്‍മര ശബ്ദം കേള്‍പ്പിച്ചു. കരിയിലകളാലും പൂക്കളാലും അലങ്കരിക്കപ്പെട്ട മണ്‍പാത ഏതോ ശവപ്പറമ്പിലേക്കുള്ള വഴി പോലെ തേങ്ങി.
ഈ വഴിയെന്തേ ഇത്ര വിജനം...? കാഴ്ചയുടെ ഞെട്ടല്‍ അയാളുടെ ചിന്തകളെ വഴിതെറ്റിച്ചു. ദൂരെ എവിടെയോ കാലന്‍ കോഴി കൂവി. ആകാശം മേഘാവൃതമായി, തന്റെ മനസ്സ് പോലെ. പരിസരത്തു നിന്ന് ചീവീടുകള്‍ പശ്ചാത്തല സംഗീതം മുഴക്കി. സ്മരണകള്‍ മിന്നല്‍ പിണര്‍ പോലെ വൈദ്യുതാഘാതമേല്‍പ്പിച്ചു.
മണ്‍പാത അവസാനിച്ചത് സ്വന്തം ജന്മഗൃഹത്തിനു മുന്നില്‍. ലഗേജുമായി അമീര്‍ മുറ്റത്തെത്തി.
'ഉമ്മാ... ഉമ്മാ..'
അയാള്‍ നീട്ടി വിളിച്ചു. ഒരനക്കവുമില്ല.
ഉമ്മറത്ത് രണ്ട് മണ്‍കലങ്ങള്‍ പൊടിപിടിച്ചു കിടക്കുന്നു. മുറ്റത്തിന്റെ ഒരു കോണില്‍ നുരുമ്പിപ്പോയ ഈര്‍ക്കില്‍ ചൂലിന്റെ ജഡം തന്നെ നോക്കി പരിഹസിക്കുന്നതായി തോന്നി. ശ്മശാന മൂകത മാത്രം.
ഒരുപാട് തവണ ബെല്ലടിച്ചിട്ടും ശബ്ദമൊന്നും കേട്ടില്ല. അമീര്‍ പഴയ ആ മരവാതില്‍ ചവിട്ടി തകര്‍ത്തു. തന്റെ പഴയ ചൂരല്‍കസേരയില്‍ ചാരിയിരിക്കുന്നു തന്റെ പ്രിയപ്പെട്ട ഉമ്മ. വെറുമൊരു അസ്ഥിപഞ്ജരമായി.
'ഉമ്മാ... പൊന്നുമ്മാ...'
അയാള്‍ പ്രജ്ഞയറ്റ് താഴെ വീണു.
മണിക്കൂറുകള്‍ യുഗങ്ങള്‍ പോലെ ഇഴഞ്ഞു നീങ്ങി. ഇരമ്പിപ്പാഞ്ഞെത്തിയ മഴവെള്ളം അയാളുടെ ബോധത്തെ തൊട്ടുണര്‍ത്തി.
'തന്റെ പൊന്നുമ്മ, തന്റെ സ്വര്‍ഗത്തിന്റെ താക്കോല്‍... ഇതാ ഇവിടെ അനാഥ ജഡമായി കാലയവനികക്കുള്ളില്‍ മറഞ്ഞുപോയി... തന്റെ മാത്രം തെറ്റുകാരണം... തന്റെ അശ്രദ്ധ കാരണം... തന്റെ സുബര്‍ക്കത്തിനു മേലെ വെക്കേണ്ട ആ കാല്‍പാദം ഇനി ഒരിക്കലും തിരിച്ചുകിട്ടാത്ത കഠിന നോവായി അരങ്ങത്തുനിന്നു മറഞ്ഞല്ലോ...!'
ചിന്തകള്‍ അയാളുടെ കണ്ണുകളെ ഈറനണിയിച്ചു. അപരാധബോധത്താല്‍ അയാള്‍ ചൂളിപ്പോയി.
സ്മരണകള്‍ മറവിയുടെ മേഘങ്ങള്‍ക്കിടയില്‍ നിന്ന് പുറത്തുവന്നു. തന്റെ ജീവിതം ചിതറിപ്പോയ ഒരു പാഠപുസ്തകം പോലെ അര്‍ഥശൂന്യമായി തോന്നി.
സോഫ്റ്റ്വെയര്‍ എന്‍ജിനീയറുടെ കുപ്പായമണിഞ്ഞ് ഇറാനിലേക്ക് പോയത്, ചാനല്‍ റിപ്പോര്‍ട്ടറായ മുന്നയെ പരിചയപ്പെട്ടത്, ഒരിക്കലും വിച്ഛേദിക്കാന്‍ കഴിയാത്ത വിധത്തില്‍ ബന്ധം വളര്‍ന്നത്, അവളുടെ ആവശ്യപ്രകാരം ഉമ്മയെ അറിയിക്കാതെ നടന്ന പ്രണയ വിവാഹം, എല്ലാം ഉമ്മയില്‍ നിന്നു മറച്ചുവെക്കാന്‍ മെസ്സേജുകള്‍ ഡിലീറ്റ് ആക്കിയത്...
താന്‍ അവഗണിച്ച എത്രയെത്ര മിസ്സ് കോളുകള്‍... സഹികെട്ട് സിംകാര്‍ഡ് പോലും മാറ്റി. ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം, വാട്ട്‌സ്ആപ്പ് ഐഡികളും ഊരിയെറിഞ്ഞു, തന്റെ ജീവിതം പോലെ.
ഓര്‍മകളുടെ ഓളങ്ങള്‍ അയാളെ പശ്ചാത്താപ വിവശനാക്കി.
'ഗസ്സയിലെ പെണ്‍കുട്ടി' എന്ന റിപ്പോര്‍ട്ട് തന്റെ ജീവിതത്തിനുമേല്‍ കരിനിഴല്‍ വീഴ്ത്തി കടന്നുപോയത് അയാള്‍ ഓര്‍ത്തു. പാതിവെന്ത കരിക്കട്ട കൊണ്ട് ഗസ്സയിലെ ബാലിക തന്റെ വീടിന്റെ ചുമരില്‍ ഇങ്ങനെ എഴുതി; 'പ്രിയപ്പെട്ട അബ്ബാ.. സുബര്‍ഗത്തിന്റെ പൂന്തോട്ടത്തില്‍ നിങ്ങള്‍ ഒരു വൃക്ഷം കാണും. 'സിദ്‌റത്തുല്‍ മുന്‍തഹ' എന്ന വിധിയുടെ വൃക്ഷം. അതിലെ തളിരിലകള്‍ മുഴുവന്‍ കൊഴിഞ്ഞു വീണിട്ടുണ്ടാകും.
കാരണം ഡ്രോണുകള്‍ പിഞ്ചുകുഞ്ഞുങ്ങളെ മുഴുവന്‍ ചുട്ടരിച്ചല്ലോ... അവിടെ അബ്ബ പുതിയ കുറേ തളിരിലകളും പൂക്കളും വരച്ചുവെക്കണം... കുറെ ക്രയോണ്‍സും ഞാനിതാ കൊടുത്തയക്കുന്നു.'
തന്റെ ജീവിതമാകുന്ന കനല്‍ കഥയാണ് അവള്‍ കോറിയിട്ടത്.
ബോംബര്‍ വിമാനങ്ങള്‍ ശവപ്പറമ്പാക്കി മാറ്റിയ ജന്മനാട്ടിലെ കുഞ്ഞുങ്ങള്‍ക്ക് വേണ്ടി തേങ്ങിയ 'സുരയ്യ' എന്ന കുട്ടിയുടെ കദനകഥ പുറത്തു കൊണ്ടുവന്നത് മുന്ന എന്ന തന്റെ പ്രിയസഖി ആയിരുന്നു. അവളുടെ അബ്ബയും ഉമ്മിയും രണ്ട് ദിവസം മുന്നേ കുറെ മാംസ കഷണങ്ങളായി ചിതറി തെറിച്ചു പോയിരുന്നു.
ഈദിന് വാങ്ങിക്കൊടുത്ത മഞ്ഞപ്പൂക്കളുള്ള കുഞ്ഞുടുപ്പില്‍ ചോരപ്പൂക്കള്‍ വിരിഞ്ഞു. ഉമ്മയുടെ വയറ്റില്‍ തന്നെ പ്രിയപ്പെട്ട കുഞ്ഞനിയനും ഉണ്ടായിരുന്നു. ലോകം കാണാതെ അവനും വിട വാങ്ങി. അവനുവേണ്ടി സുരയ്യ സൂക്ഷിച്ചുവെച്ച കുഞ്ഞുടുപ്പുകളും നീലക്കണ്ണുള്ള പാവയും കളിപ്പാട്ടങ്ങളും മണ്ണില്‍ അലിഞ്ഞുചേര്‍ന്നു.
ലോക മനസ്സാക്ഷിയെ ഞെട്ടിച്ച ഈ റിപ്പോര്‍ട്ട് മുന്നക്ക് കുറെ അവാര്‍ഡുകള്‍ വാങ്ങിക്കൊടുത്തു. ലോകം മുഴുവന്‍ ഗസ്സയിലെ പിഞ്ചു ബാല്യങ്ങള്‍ക്കുവേണ്ടി പ്രതിഷേധിച്ചു. ഒരാഴ്ചത്തേക്ക് ഭീകരര്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു.
പക്ഷേ ബോംബര്‍ വിമാനങ്ങള്‍ വെറുതെയിരുന്നില്ല.
ഒരാഴ്ച കഴിഞ്ഞതും ചാനലിന്റെ ഓഫീസും പരിസരത്തെ കെട്ടിടങ്ങളും തകര്‍ത്തുകൊണ്ട് തീമഴ കോരിച്ചൊരിഞ്ഞു. തന്റെ പ്രിയപ്പെട്ട മുന്നയും പൊന്നുമോള്‍ 'മാഷിഖ'യും രണ്ട് തീഗോളങ്ങളായി ചിതറിത്തെറിച്ചു. ഞാന്‍ മാത്രം...!
ഒരുകാലത്തും തന്നെ ശപിക്കാത്ത മാതൃഹൃദയത്തിന്റെ തേങ്ങല്‍ ഒരു അഗ്‌നി പാതമായി കുടുംബത്തിനുമേല്‍ തീമഴ ചൊരിഞ്ഞതാണെന്ന് അയാള്‍ വേദനയോടെ ഓര്‍ത്തു.
(എം ജി എം നടത്തിയ കഥാ മത്സരത്തില്‍ രണ്ടാം സ്ഥാനം നേടിയ കഥ)
