അല്‍ഗോരിതം തെറ്റിപ്പോയവര്‍


സ്വര്‍ഗത്തിലെ പൂമ്പാറ്റകളായി മാറാന്‍ ഭൂമിയില്‍ നിന്ന് കൊഴിഞ്ഞുപോയ തന്റെ ആറു പൂക്കളെയോര്‍ത്ത് അവള്‍ പൊട്ടിക്കരഞ്ഞു. ദൃഢനിശ്ചയത്തോടെ അവള്‍ തന്റെ കൈ ഉദരത്തോട് ചേര്‍ത്തുപിടിച്ചു.

''നദീം യാ നദീം..'' നീയവിടെ എന്താ ചെയ്യുന്നത്? പെട്ടെന്ന് കയറിവാ. സുബ്ഹി ബാങ്ക് കൊടുക്കുന്നതിനു മുമ്പേ നമുക്ക് അവിടെ എത്തണം. അല്ലെങ്കില്‍... നീയൊന്ന് പെട്ടെന്ന് വാ നദീം.''

റുവൈദയുടെ നീട്ടിയ വിളി ഒരു മുഴക്കം പോലെ നദീമിന്റെ ചെവിയില്‍ പതിച്ചു. അവന്‍ പതിയെ ആ ചെറിയ മാന്‍ഹോളില്‍ നിന്ന് നിരങ്ങി നീങ്ങാന്‍ തുടങ്ങി. താന്‍ വെച്ച സാധനങ്ങള്‍ ഒരിക്കല്‍ കൂടി പരിശോധിക്കാനായി കൈയിലെ ലാമ്പ്ലൈറ്റ് ഒന്നുകൂടി ഉയര്‍ത്തിപ്പിടിച്ചു.

ആ അരണ്ട വെളിച്ചത്തില്‍ അവന്‍ തന്റെയും സഹോദരങ്ങളുടെയും പ്രിയപ്പെട്ട കളിപ്പാട്ടങ്ങളും പുസ്തകങ്ങളും ഒരിക്കല്‍ കൂടി നോക്കി. പെട്ടെന്ന് എന്തോ ഓര്‍ത്തപോലെ വീണ്ടും ഇരുമ്പുപെട്ടിയുടെ അരികെ കുനിഞ്ഞിരുന്ന് അത് പതിയെ തുറന്ന് ജ്യേഷ്ഠന്‍ ഹാത്തിമിന്റെ രണ്ട് പുസ്തകങ്ങള്‍ തിരഞ്ഞെടുത്തു. അതിലൊന്നില്‍ നിന്ന് മനോഹരമായ ഒരു ചാര്‍ട്ട് പുറത്തെടുത്ത് പതിയെ നിവര്‍ത്തിനോക്കി. ശേഷം സന്തോഷത്തോടെ അത് മടക്കി തിരികെ വെച്ച് പുസ്തകം ബനിയനിനുള്ളില്‍ തിരുകി ലൈറ്റും പിടിച്ചു നിരങ്ങിനീങ്ങി പുറത്തേക്ക് തിരിച്ചു.

വല്യുപ്പ ഉണ്ടാക്കിയതാണു പോലും വീടിന്റെ അടിയിലേക്കുള്ള ഈ കുഞ്ഞു നിലവറ. ഓര്‍ത്തപ്പോള്‍ നദീമിന് വല്യുപ്പയുടെ ദീര്‍ഘവീക്ഷണത്തില്‍ വല്ലാത്ത അഭിമാനം തോന്നി. വീട്ടിലെ വിലപ്പെട്ട പലതും സൂക്ഷിക്കുന്നത് ഇവിടെയാണ്. അല്ലെങ്കിലും വീട്ടിനുള്ളില്‍ എവിടെയാ ഇതൊക്കെ സൂക്ഷിക്കാനിടം?

വീടിന്റെ പകുതി ഭാഗം കഴിഞ്ഞ തവണത്തെ ബോംബിങില്‍ തകര്‍ന്നുപോയിട്ടുണ്ട്. ബാക്കിയുള്ള ഭാഗം എപ്പോള്‍ വേണേലും നിലംപൊത്താം എന്ന അവസ്ഥയിലും. രണ്ടു ദിവസമായുള്ള യുദ്ധവും ഗ്രനേഡുകളുടെയും ബോംബര്‍ വിമാനങ്ങളുടെയും ആക്രമണവും പൊടിയും പുകയും നിലവിളികളും ചോരയുടെ ഗന്ധവും ഓര്‍ത്തപ്പോള്‍ നദീമിന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകി. ഇവിടെ നിന്ന് സ്വര്‍ഗത്തിലേക്കൊരു പാലം കിട്ടിയിരുന്നെങ്കിലെന്ന് അവന്റെ പിഞ്ചുമനസ്സ് തേങ്ങി.

''നദീം... യാ ബുനയ്യ...''
കരച്ചിലിന്റെ വക്കോളമെത്തിയ ഉമ്മിയുടെ ശബ്ദം വീണ്ടും ചെവിയില്‍ പതിച്ചപ്പോള്‍ അവന്‍ പിടഞ്ഞുപിടഞ്ഞൊരുവിധം നിലവറയില്‍ നിന്ന് പുറത്തിറങ്ങി. എല്ലാവരും പോകാനായി ഒരുങ്ങി തന്നെയും പ്രതീക്ഷിച്ച് നില്‍ക്കുന്നത് കണ്ട നദീം വേഗം അവരുടെ കൂടെ കൂടി.

ചെറിയ ചെറിയ സംഘങ്ങളായി നടന്നും, ചെറിയ വണ്ടികളിലും കഴുതകളുടെ പുറത്തേറിയും തകര്‍ക്കപ്പെട്ട കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയിലൂടെ അവര്‍ മുന്നോട്ട് നീങ്ങി. ഇത്രയൊക്കെ അപകടാവസ്ഥയില്‍, തിരിച്ചു വരുമോ എന്ന് യാതൊരു പ്രതീക്ഷയും ഇല്ലാഞ്ഞിട്ടും അവിടെ കൂടിയ ഓരോരുത്തരുടെ മുഖത്തും പ്രതീക്ഷയുടെ നേര്‍ത്ത ഓരോ തിരിവെട്ടങ്ങള്‍ കാണുന്നുണ്ടായിരുന്നു.

പല വീടുകളിലും ഇതുപോലെ നിലവറകളുണ്ട്. അതില്‍ അവരുടെ സന്തോഷങ്ങളും. കാണുന്നവര്‍ക്കവ കുറച്ചു പുസ്തകങ്ങളോ കളിപ്പാട്ടങ്ങളോ വസ്ത്രങ്ങളോ പാത്രങ്ങളോ ആവാം. എന്നാല്‍ ആ പാവം മനുഷ്യര്‍ക്ക് അത് അവരുടെ സന്തോഷങ്ങളാണ്, പ്രത്യാശകളാണ്.

ഉയര്‍ന്നു പൊങ്ങിയിരിക്കുന്ന പൊടിപടലങ്ങളും ആ രാത്രിയുടെ നിശ്ശബ്ദതയെ ഇടയ്ക്കിടെ മുറിക്കുന്ന വെടിയൊച്ചകളും ദൂരെയെവിടെ നിന്നോ കേള്‍ക്കുന്ന ദീനരോദനങ്ങളും അവരെ അലോസരപ്പെടുത്തുന്നുണ്ടെങ്കിലും, സര്‍വ പ്രതീക്ഷകളും നഷ്ടപ്പെട്ടിട്ടും ദൂരെയെവിടെയോ തെളിയുന്ന പ്രത്യാശയുടെ ആ ഒരു തിരിവെട്ടം തേടി അവര്‍ പലായനം ചെയ്യുകയാണ്.

ജനിച്ചതുകൊണ്ട് ജീവിക്കാന്‍ വേണ്ടി പാടുപെടുന്ന ഒരുകൂട്ടം ഗതികെട്ട മനുഷ്യരുടെ പലായനം. പുലരിയോടടുത്ത നേരത്താണ് അവര്‍ അല്‍ അക്റം സ്‌കൂളിനു സമീപം എത്തിച്ചേര്‍ന്നത്. അതുവരെ ഉമ്മിയുടെ കൈയില്‍ പിടിച്ചു നടന്ന നദീം പെട്ടെന്ന് കൈ വിടുവിച്ച് മുന്നോട്ടു നടന്നു.

കുറച്ചു നേരം കൊതിയോടെ സ്‌കൂളിനെ നോക്കിനിന്നു. ഉമ്മി അവനെ വേദനിപ്പിക്കാതെ പിടിച്ചുവലിക്കുന്നുണ്ട്. എന്നിട്ടും അനക്കം കാണാതിരുന്നപ്പോള്‍ പതിയെ അവന്റെ ചെവിയില്‍ പറഞ്ഞു:

''ഹേ... നദീം.. നിനക്കറിയാലോ സുബ്ഹി കഴിയുന്നതിനു മുമ്പേ നമുക്ക് റഫയില്‍ എത്തണം. ഏതു നേരത്തും അവര്‍ നമ്മെ ആക്രമിച്ചേക്കാം. അതുകൊണ്ട് നോക്കിനിന്ന് കളയാനുള്ള നേരം നമ്മുടെ കൈയിലില്ല കുഞ്ഞേ... തിരിച്ചു വന്നിട്ട് സ്‌കൂളില്‍ പോകാം. മോന്‍ വേഗം നടക്ക്.''

അത് കേട്ടപ്പോള്‍ നദീമിന് ഇക്ക ഹുസൈനെയാണ് ഓര്‍മ വന്നത്. അന്ന് ഇതുപോലെ ഉമ്മിയുടെയും അബ്ബായുടെയും കൂടെ ഹുസൈനും ഹാത്തിമും കൂടി പോകുമ്പോഴാണ് ഒരു കാരണവുമില്ലാതെ അവനെ പട്ടാളം പിടിച്ചുകൊണ്ടുപോയത്. കള്ളനെന്ന് ആരോപിച്ച്, ഉമ്മിയും അബ്ബയും കണ്ടുനില്‍ക്കെയാണ് തോക്കിന്റെ ബാരല്‍ കൊണ്ട് ആദ്യം അവന്റെ ജനനേന്ദ്രിയവും പിന്നെ തലയും തല്ലി പൊളിച്ചത്.

അതേക്കുറിച്ച് പറയുമ്പോള്‍ അബ്ബയും ഹാത്തിമും അവര്‍ക്ക് വേദനിച്ചപോലെ കരയുമായിരുന്നത് നദീം ഓര്‍ത്തു. അന്നേരത്തെല്ലാം ഉമ്മി മാത്രം എല്ലാം ദൈവത്തിനു സമര്‍പ്പിച്ചു മിണ്ടാതെ ഇരിക്കുന്നത് കാണാം. അല്ലെങ്കിലും ഉമ്മിക്ക് വല്ലാത്തൊരു ധൈര്യമാണ്.

ഇപ്പൊ ഓര്‍ക്കുമ്പോള്‍ അവരെപ്പോലെ തനിക്കും വേദനിക്കുന്നതായി തോന്നി നദീമിന്. കണ്ണുകള്‍ നിറഞ്ഞൊഴുകാനും കൈകാലുകള്‍ തളരാനും തുടങ്ങി. അബ്ബയ്ക്ക് അപ്പോഴും വേദനിക്കുന്ന പോലെയുള്ള ഒരു മുഖഭാവമാണ്. അല്ലെങ്കിലും അബ്ബയുടെ മുഖത്ത് എപ്പോഴും വേദനയുടെ ഒരു കടല്‍ ഇരമ്പുന്നത് കാണാം. പെട്ടെന്ന് അതില്‍ നിന്ന് ശ്രദ്ധ മാറ്റി അവന്‍ ഉമ്മിയുടെ നേരെ തിരിഞ്ഞു.

''ഉമ്മീ... നമ്മള്‍ ഇങ്ങോട്ട് തിരിച്ചുവരുമോ?''
''അറിയില്ല നദീം. വന്നാല്‍ നമ്മള്‍ നമ്മുടെ ഖുദ്സില്‍ ജീവിക്കും. അല്ലെങ്കില്‍ ജന്നാത്തുല്‍ ഫിര്‍ദൗസില്‍.'' റുവൈദ അലക്ഷ്യമായി, എന്നാല്‍ വല്ലാത്ത ധൈര്യത്തോടെ പറഞ്ഞു.

''എന്നാലും എന്ത് തെറ്റാ ഉമ്മീ നമ്മള്‍ അവരോട് ചെയ്തത് ?''
''ഈ ഖുദ്‌സില്‍ പിറന്നത്.''

ഒരിക്കല്‍ കൂടി സ്‌കൂളിനെ തിരിഞ്ഞുനോക്കി നദീം മുന്നോട്ട് നടന്നു. ഉള്ളിലെവിടെയോ കത്തിച്ചുവെച്ച ചെറിയ വിളക്കിന്റെ പ്രകാശത്തില്‍ സ്‌കൂളിന്റെ ഇടിഞ്ഞു പൊളിഞ്ഞ ഭാഗം ഏതോ ഒരു ഭീകരരൂപിയെ പോലെ തോന്നിച്ചു. അവിടേക്ക് കണ്ണുപായിച്ച് നദീം പതിഞ്ഞ ശബ്ദത്തില്‍ പറഞ്ഞു:
''ഉമ്മീ... മുഅല്ലിം സ്‌കൂളില്‍ തന്നെയുണ്ട്. എങ്ങോട്ടും പോയിട്ടില്ല. അവിടെ എങ്ങാനും വല്ല ആക്രമണവും വന്നാല്‍...?''
റുവൈദ ശബ്ദം പുറത്തു വരാതെ ചെറുതായി ചിരിച്ചു.

''നിന്റെ മുഅല്ലിം എത്ര കാലമായി അതിനുള്ളില്‍ കിടന്ന് മരിക്കാന്‍ കാത്തിരിക്കുന്നു? അയാളവിടെ കാത്തിരുന്നു കാത്തിരുന്നു മരിച്ചു പോവുകയേ ഉള്ളൂ... അല്ലാതെ അയാളെ ആര് കൊല്ലാനാ?''

നദീമിന് ഉമ്മിയുടെ പരിഹാസം തീരെ ഇഷ്ടപ്പെട്ടില്ല.
''എന്റെ മുഅല്ലിം പാവമാണ്'' നദീം തര്‍ക്കിച്ചു.
''ആയിരിക്കും. എന്നാലും അയാളെ ആര്‍ക്കും വേണ്ട.'' റുവൈദ കുറുമ്പോടെ പറഞ്ഞു.
ഉമ്മിയുടെ നേരെ മുഖം കോട്ടിക്കാണിച്ച് നദീം മുന്നോട്ടു നടന്നു.

''മുഅല്ലിം മരിക്കണ്ട.'' അവന്‍ പതിയെ പറഞ്ഞു.
മുഅല്ലിമും സ്‌കൂളും സ്‌കൂളിലെ മനോഹര ദിനങ്ങളും അവന് അത്രയും പ്രിയപ്പെട്ടതായിരുന്നു. മുഅല്ലിമിന്റെ ഏറ്റവും പ്രിയപ്പെട്ട വരികളായ ദര്‍വേഷിന്റെ കവിത അന്നേരം അവന്റെ ചുണ്ടുകളില്‍ തത്തിക്കളിച്ചു.

''അവസാന ആകാശവും കടന്ന്
പക്ഷികളെങ്ങോട്ട് പറക്കാനാണ്...
അവസാന അതിര്‍ത്തിയും കഴിഞ്ഞ്
ഞങ്ങളെങ്ങോട്ട് പോകാനാണ്...''

വരികളുടെ അര്‍ഥം അവന്റെ വേദനയുടെ ആഴം കൂട്ടി. അതുവരെ അമര്‍ത്തിവെച്ചിരുന്ന ഭയം അവനിലേക്ക് ഇരച്ചുകയറി. അവന്‍ പതിയെ ഉമ്മിയോട് ചേര്‍ന്നുനിന്നു. ഉമ്മിയുടെ കൈക്കുള്ളിലെ സുരക്ഷിതത്വം അവന്റെ ഭയത്തെ കുറച്ചുകൊണ്ടുവന്നു.

അയാളുടെ കൈയില്‍ നിന്നു വീണുപോയ ആ പേപ്പര്‍ എടുത്ത് അവള്‍ നിവര്‍ത്തി നോക്കി: ''ഇന്നു മുതല്‍ അനിശ്ചിത കാലത്തേക്ക് സ്‌കൂളിന് അവധിയാണ്. യുദ്ധം കൊണ്ടല്ല. സ്‌കൂളിലെ മുഴുവന്‍ കുട്ടികളും ശഹീദായിരിക്കുന്നു.''

'ഇനി എന്നാണൊന്ന് സ്‌കൂളില്‍ പോകാന്‍ കഴിയുക?'
നദീം വേദനയോടെ ഓര്‍ത്തു. സ്‌കൂളിലെ അവസാന ദിനം ഓര്‍മയില്‍ തെളിഞ്ഞപ്പോള്‍ അവന്‍ തന്റെ നെഞ്ചോട് ചേര്‍ത്തുപിടിച്ച പുസ്തകങ്ങള്‍ ഒന്നുകൂടി അണച്ചുപിടിച്ചു.

പതിയെ അത് പുറത്തെടുത്ത് ഉമ്മിയെ നോക്കി അവന്‍ പറഞ്ഞു: ''ഉമ്മീ... എങ്ങാനും ഞാന്‍ ഖുദ്‌സിലേക്കല്ല ജന്നത്തിലേക്കാണ് മടങ്ങുന്നതെങ്കില്‍ ഉമ്മി ഈ പുസ്തകം സ്‌കൂളില്‍ കൊണ്ടുവെയ്ക്കണം.''
റുവൈദ അവനെ ആശ്ചര്യത്തോടെ നോക്കി.

''ഉമ്മീ... മുഅല്ലിം പറഞ്ഞിട്ടുണ്ട്. ഞങ്ങളില്‍ ആരെങ്കിലും ബാക്കിയാവുകയാണെങ്കില്‍ അതിന്റെ തെളിവായി എന്തെങ്കിലും ഒരടയാളം, അതൊരു പുസ്തകമാകട്ടെ പേനയാകട്ടെ, എന്തെങ്കിലും ഒന്ന് സ്‌കൂളില്‍ എത്തിക്കണമെന്ന്. ഒരിത്തിരി ജീവന്‍ ബാക്കിയുണ്ടേല്‍ മുറിവൊക്കെ മാറി ഞങ്ങള്‍ വരുന്നതും കാത്ത് മുഅല്ലിം ഇരിക്കുമെന്ന്.

ഉമ്മിയല്ലേ പറഞ്ഞത് അദ്ദേഹം മരിക്കില്ലെന്ന്. ഞാന്‍ ബാക്കിയായില്ലെങ്കിലും മുഅല്ലിം പ്രതീക്ഷയോടെ കാത്തിരുന്നോട്ടെ...''
നദീമിന്റെ വാക്കുകള്‍ കേട്ട റുവൈദ അവനെ ചേര്‍ത്തണച്ചു.

''ഞാനല്ല, നീ തന്നെ തിരിച്ചുവരും നദീം...''
അവള്‍ ആത്മവിശ്വാസത്തോടെ പറഞ്ഞു.
അഞ്ചാം നാള്‍ സ്‌കൂളിന്റെ പൊട്ടിപ്പൊളിഞ്ഞ അരമതിലില്‍ നദീമിന്റെ പുസ്തകങ്ങള്‍ കൊണ്ടുവെച്ച് തിരിയുമ്പോള്‍ ആരോ നടന്നു വരുന്ന പോലൊരു നിഴല്‍ റുവൈദയുടെ അരികെ പതിച്ചു. പേടിയോടെ അതിലേറെ വയ്യായ്കയോടെ ആ ചുട്ടുപൊള്ളുന്ന വെയിലില്‍ പതിയെ വേച്ചുവേച്ചു തൂണിനു മറവിലേക്ക് മറഞ്ഞുനിന്ന അവള്‍, ഒരു വലിയ പേപ്പറില്‍ എന്തോ എഴുതി ഒട്ടിക്കാനായി പുറത്തേക്ക് വരുന്ന മുഅല്ലിമിനെയാണ് കണ്ടത്.

പുറത്തേക്ക് വന്ന അയാളുടെ മങ്ങിയ കാഴ്ചയില്‍ ആദ്യം പതിഞ്ഞത് ആ പുസ്തകങ്ങളാണ്. സന്തോഷം കൊണ്ട് തുള്ളിച്ചാടി കൈയിലെ പേപ്പര്‍ കാറ്റില്‍ പറത്തി അയാള്‍ ആ പുസ്തകങ്ങളെടുത്ത് തിരിച്ചും മറിച്ചും നോക്കി. അപ്പോഴാണ് അതിനുള്ളില്‍ മനോഹരമായ ആ അല്‍ഗോരിതം ടേബിള്‍ അയാള്‍ കാണുന്നത്. പണ്ട് ഹുസൈന്‍ വരച്ച അതേ ടേബിള്‍!

''ഓ... ഇത് കൊണ്ടുതരാന്‍ ഞാന്‍ ഹാത്തിമിനെ ഏല്‍പിച്ചതായിരുന്നല്ലോ? അവനത് കൊണ്ടുതരാനുള്ള സമയം സര്‍വശക്തന്‍ കൊടുത്തില്ല. യാ ഹുസൈന്‍, നീയെത്ര കഴിവുള്ളവനായിരുന്നു. ഓ... നിന്റെ കഴിവുകളീ ലോകം അര്‍ഹിക്കുന്നില്ലല്ലോ കുഞ്ഞേ...

നദീം, എന്റെ പ്രിയപ്പെട്ടവനേ, നീ ജീവിച്ചിരിപ്പുണ്ടല്ലേ...'' എന്ന് വിളിച്ചുകൂവി ഓടിപ്പോകുന്ന മുഅല്ലിമിനെ കണ്ണീരോടെ നോക്കിനിന്ന് റുവൈദ നദീമിന്റെ വാക്കുകള്‍ ഓര്‍ത്തു. അന്നേരം സന്തോഷവും അഭിമാനവും അവളില്‍ വന്നു നിറഞ്ഞു. ജീവിതത്തിന്റെ അല്‍ഗോരിതം തെറ്റിപ്പോയവര്‍ക്ക് ഇതിലും മനോഹരമായി എങ്ങനെ പരസ്പരം കരുണ കാണിക്കാന്‍ കഴിയും?

അയാളുടെ കൈയില്‍ നിന്നു വീണുപോയ ആ പേപ്പര്‍ എടുത്ത് അവള്‍ നിവര്‍ത്തി നോക്കി.
''ഇന്നു മുതല്‍ അനിശ്ചിത കാലത്തേക്ക് സ്‌കൂളിന് അവധിയാണ്. യുദ്ധം കൊണ്ടല്ല. ഈ സ്‌കൂളിലെ മുഴുവന്‍ കുട്ടികളും ശഹീദായിരിക്കുന്നു.''

സ്വര്‍ഗത്തിലെ പൂമ്പാറ്റകളായി മാറാന്‍ ഭൂമിയില്‍ നിന്ന് കൊഴിഞ്ഞുപോയ തന്റെ ആറു പൂക്കളെയോര്‍ത്ത് അവള്‍ പൊട്ടിക്കരഞ്ഞു. ശരീരവും മനസ്സും ഒരുപോലെ മുറിവേറ്റിട്ടും വിരിയാന്‍ പോകുന്ന ഏഴാമത്തെ പൂവില്‍ പ്രതീക്ഷയര്‍പ്പിച്ച് അവള്‍ തിരിഞ്ഞുനടന്നു.

ആത്മവിശ്വാസത്തിന്റെയും അഭിമാനത്തിന്റെയും ശ്വാസം അവളില്‍ നിറഞ്ഞു. ദൃഢനിശ്ചയത്തോടെ അവള്‍ തന്റെ കൈ ഉദരത്തോട് ചേര്‍ത്തുപിടിച്ചു.