കരുണയുള്ള മനുഷ്യന്‍

സഈദ് ഫാറൂഖി

മകനെ അദ്ദേഹം ചില കാര്യങ്ങള്‍ കൂടി ഏല്പിച്ചിരുന്നു: പണം തിരികെ അടയ്ക്കാന്‍ കഴിയാത്തതായി ആരെയെങ്കിലും കണ്ടാല്‍ നീ അവനോട് ക്ഷമിക്കണം. അവനില്‍ നിന്ന് ഒന്നും തന്നെ വാങ്ങരുത്.

പ്രശസ്തനായ ഒരു വ്യാപാരിയുണ്ടായിരുന്നു. അയാള്‍ അല്ലാഹുവിനെ മാത്രം ആരാധിക്കുന്നവനും ആളുകളോട് കരുണ കാണിക്കുന്നവനുമായിരുന്നു. ദരിദ്രരോടു സഹതപിക്കുകയും തന്റെ പണത്തില്‍ നിന്ന് അവര്‍ക്ക് കടം നല്‍കുകയും അവരോട് ക്ഷമ കാണിക്കുകയും ചെയ്യുമായിരുന്നു.

ഒരു ദിവസം ഒരു മനുഷ്യന്‍ അയാളുടെ വീട്ടില്‍ വന്നു. കച്ചവടം ചെയ്യാന്‍ ഒരു തുക കടം ലഭിക്കണമെന്ന ആഗ്രഹത്തിലായിരുന്നു ആ മനുഷ്യന്റെ വരവ്. വ്യാപാരി അയാള്‍ക്ക് ആവശ്യമുള്ളതെല്ലാം നല്‍കുകയും കടം വീട്ടാന്‍ ഒരു തീയതി നിശ്ചയിക്കുകയും ചെയ്തു.

മറ്റൊരാള്‍, വിവാഹം കഴിക്കാന്‍ പണം കടം ചോദിച്ച് അയാളുടെ അടുക്കല്‍ വന്നു. അയാള്‍ അവന്‍ ആവശ്യപ്പെട്ടതു നല്‍കുകയും തിരിച്ചടവിനുള്ള തീയതി നിശ്ചയിക്കുകയും ചെയ്തു.

മൂന്നാമതൊരാള്‍ തന്റെ ഉമ്മയുടെ ചികിത്സാ ചിലവിനു പണമന്വേഷിച്ചാണ് വന്നത്. അയാള്‍ക്കും ഈ വ്യാപാരി കടം നല്‍കുകയും വ്യവസ്ഥയുണ്ടാക്കുകയും ചെയ്തു.

ഏതൊരാള്‍ ഏതു കാരണം കൊണ്ട് സഹായാര്‍ഥനയുമായി വന്നാലും പിശുക്കു കാണിക്കാതെ ധനം നല്‍കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ രീതി.
കടം നല്‍കിയത് തിരികെ വാങ്ങാനുള്ള സമയമായപ്പോള്‍ വ്യാപാരി തന്റെ മകനെ അരികില്‍ വിളിച്ച് സാമ്പത്തിക ഇടപാടുള്ളവരില്‍ നിന്ന് പണം പിരിക്കാന്‍ ശട്ടം കെട്ടി.

യാത്രക്കൊരുങ്ങിയ മകനെ അദ്ദേഹം ചില കാര്യങ്ങള്‍ കൂടി ഏല്പിച്ചിരുന്നു: ''പണം തിരികെ അടയ്ക്കാന്‍ കഴിയാത്തതായി ആരെയെങ്കിലും കണ്ടാല്‍ നീ അവനോട് ക്ഷമിക്കണം. അവനില്‍ നിന്ന് ഒന്നും തന്നെ വാങ്ങരുത്'' എന്ന് അദ്ദേഹം പറഞ്ഞേല്പിച്ചിരുന്നു.

ഈ കഥ പറഞ്ഞവസാനിപ്പിച്ച് പ്രവാചകന്‍, 'അല്ലാഹു അവരോട് പൊറുക്കുകയും ജനങ്ങള്‍ക്കു വേണ്ടി പൊറുത്തവനെ സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കുകയും ചെയ്തു' എന്നു കൂട്ടിച്ചേര്‍ത്തു. (സ്വഹീഹുല്‍ ബുഖാരി)

കഥാപാഠം

ഒരു മുസ്ലിം മറ്റൊരാളോട് കരുണ കാണിക്കുകയും അവരെ പരിഗണിക്കുകയും, അവരെ സഹായിക്കുകയും, അവരുടെ ദുരിതങ്ങള്‍ ഒഴിവാക്കുകയും ചെയ്യണമെന്ന് ഈ കഥയില്‍ നിന്ന് മനസ്സിലാക്കാം. അല്ലാഹുവിന്റെ കാരുണ്യം വിശാലമാണെന്ന് മനസ്സിലാക്കുക.

അതിനാല്‍ ഈ മനുഷ്യന്‍ ചെയ്ത ചെറിയ പ്രവൃത്തി കൊണ്ട് അവന്‍ അല്ലാഹുവിന്റെ അടുക്കല്‍ വലിയ പ്രതിഫലം നേടി. റബ്ബ് അവന്റെ പാപങ്ങളെ പൊറുക്കുകയും അവനെ സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.