എളാപ്പ


''ഇത്തീമീനീ
സുനീഊ...
യിത്തീമീനീ ഊ
യിത്തീമീനീ
സുനീഊ...
യിത്തീമീനീ ഊ
യിത്തീമീനീ ഊ...''
ഇങ്ങനെയൊരു പാട്ട് കേട്ടിട്ടുണ്ടോ നിങ്ങളാരെങ്കിലും?

ഒട്ടും സാധ്യതയില്ല. പക്ഷേ, ഞാന്‍ കേട്ടിട്ടുണ്ട്, ഒരുപാട് തവണ. പള്ളിയില്‍ വെച്ച്, പുഴയോരത്തെ പാറയില്‍ വെച്ച്, അങ്ങാടിയില്‍ വെച്ച്, കല്യാണവീടുകളില്‍ വെച്ച്, എന്നു വേണ്ട എളാപ്പ എവിടെയൊക്കെയുണ്ടോ അവിടെയെല്ലാം പ്രത്യേക ശബ്ദത്തില്‍, നല്ല ഈണത്തില്‍ ഈ പാട്ടങ്ങനെ മുഴങ്ങും. കേള്‍ക്കുമ്പോള്‍ തോന്നും ഇത് അറബിപ്പാട്ടാണെന്ന്. നാട്ടുകാരില്‍ ചിലര്‍ പറഞ്ഞു ഇത് പാകിസ്താനി ഭാഷയാണെന്ന്. ഇറാനിയാണെന്ന് പറഞ്ഞവരുമുണ്ട്. ഏത് ഭാഷയാണെങ്കിലും എളാപ്പ ഭംഗിയായി ഈ പാട്ട് പാടും.