'രഫ്ത രഫ്ത വോ മെരീ...' മെഹ്ദി ഹസന്റെ മാന്ത്രിക സ്വരത്തില്‍ അലിഞ്ഞ് ഹൃദയം ഒഴുകിയങ്ങനെ ഡ്രൈവ് ചെയ്തു പോകുമ്പോള്‍ റോഡ് അതാ രണ്ടായി പിളരുന്നു! ''പടച്ചോനെ...!'
പെട്ടെന്ന് വണ്ടി ഡ്രിഫ്റ്റ് ചെയ്തു.
എന്‍.എച്ചിലെ ഡ്രൈവിങിന്റെ ഇപ്പോഴത്തെ ഒരു ട്രെന്‍ഡ് ഇങ്ങനെയാണല്ലോ. തിരിച്ച് മറ്റൊരു വഴി പോയി.
''പുതിയ റോഡിന്റെ പണികളെല്ലാം ഹലാക്കാണല്ലോ? മ്മടെയൊക്കെ പൈസേം മേടിച്ച് നിരത്തുണ്ടാക്കി, ഒരു മഴയില്‍ പൊട്ടാന്‍ പാകത്തില്‍ ഉള്ളതാക്കി വെച്ചേക്കുന്നു, കഷ്ടം!''
വീടുപണി നടക്കുന്നതിനാല്‍ സിറ്റ്ഔട്ടിന്റെ ഒത്ത നടുക്ക് ഇടുന്ന അജ്‌റക് പ്രിന്റഡ് തുര്‍ക്കി ടൈല്‍ മേടിക്കാന്‍ ഇറങ്ങിയതായിരുന്നു. മൂപ്പര്‍ ഉദ്ദേശിച്ച ഷോപ്പില്‍ നിന്ന് അതേ കട്ട തന്നെ ആയില്ലെങ്കില്‍ എന്റെ തല പിന്നെ കോലം വെക്കാനേ പറ്റൂ.
പൊന്മല എത്തിയപ്പോഴാണ് റോഡിന്റെ പിളര്‍പ്പ് കണ്ടത്. മറ്റൊരു ഇടുങ്ങിയ വഴിയിലൂടെ എന്റെ വണ്ടി എന്നെ ഉദ്ദേശിച്ച കടയുടെ അരികിലെത്തിച്ചു.
കടയിലേക്ക് കയറാന്‍ നില്‍ക്കുമ്പോള്‍ നരച്ച ബനിയന്‍ പാന്റ്‌സും ടീഷര്‍ട്ടും ധരിച്ച പത്തു വയസ്സുള്ള ഒരു ആണ്‍കുട്ടി എന്നെ കണ്ടതും അടുത്തേക്ക് ഓടിവന്നു.
'ടീച്ചറെ...! ങ്ങളോ! ഈ കടേക്ക് വന്നതാണോ? ന്റെ പെര ഈടെത്തന്നേണ്. ഇങ്ങള് ഇന്റെ പെരേക്കു വരിന്‍...'
അവനെന്റെ കൈയില്‍ പിടിച്ചു. ആശ്ചര്യത്തോടെ ഞാന്‍ ചോദിച്ചു: ''നെനക്ക് ഇന്നെ അറിയോ?''
'പിന്നെ! ങ്ങള് ഞങ്ങടെ ആര്‍ട്‌സിന്റെ പരിപാടിക്ക് സ്‌കൂളില്‍ വന്നീലെനോ? അന്ന് ങ്ങക്ക് സ്റ്റേജില് വന്ന് റോസാപ്പൂ തന്നത് ഞാനാ, ങ്ങള് പാട്ടു പാടീന്നീലെ...?'
'ആ, അമ്പടാ... ഇപ്പോ എനിക്ക് ഓര്‍മ വന്നൂട്ടോ. പൊന്മല എ.എം.യു.പി സ്‌കൂള്‍, അല്ലേ? അന്ന് പ്രാര്‍ഥന ചൊല്ലിയത് മോനായിരുന്നില്ലേ? ഇവിടെയാണോ മോന്റെ വീട്?'
ആന്നു പറഞ്ഞുതീരും മുമ്പ് അവന്‍ എന്റെ കൈ പിടിച്ച് ഒരു ഇടവഴിയിലൂടെ നടന്നു. ചാറ്റല്‍മഴയുണ്ടായിരുന്നു, നനുത്ത കാറ്റും. ഒരു ചെറിയ വളവ് തിരിഞ്ഞ് കുറേ ഓടിട്ട വീടുകള്‍ ഒന്നിച്ചുനില്‍ക്കുന്ന ഒരിടത്തേക്ക് അവന്‍ എന്നെ കൊണ്ടുപോയി.

മഴയും വെയിലുമേറ്റ് പൊടിഞ്ഞും കരുവാളിച്ചതുമായ താബൂക് കട്ടകള്‍ കൊണ്ടു പണിത മതിലും ഇരുമ്പിന്റെ ഗേറ്റും കടന്നു ചെല്ലുമ്പോള്‍ ഇളം പച്ച പെയിന്റടിച്ച ഇരട്ടകളെപ്പോലെ തോന്നുന്ന കുറേ വീടുകള്‍.
അതിലൊന്നില്‍ നിന്ന് ഒരു കുഞ്ഞിപ്പൂച്ച ഓടി വന്ന് അവന്റെ കാലുകളില്‍ ഉരുമ്മി, രണ്ടു കാലില്‍ നിന്നു ചാടി. അതിനെ എടുത്തവന്‍ തോളില്‍ വെച്ചു. ആനപ്പുറത്തിരിക്കുന്ന പാപ്പാന്റെ ഗമയില്‍ പൂച്ചക്കുട്ടി ഇരുന്നു.
പുറത്തു നിന്നു വരുന്നവര്‍ക്ക് ആദ്യ കാഴ്ചയില്‍ തന്നെ ആ ഇരട്ട വീടുകള്‍ നന്നായി ഇഷ്ടപ്പെടും.
അവന്റെ വരവറിഞ്ഞാണെന്നു തോന്നുന്നു, ''ഇജ്ജ് പപ്പടവും വേടിച്ചീലെ? അന്നോട് പറയാന്‍ മറന്നീനി'' എന്ന് പറഞ്ഞ് വെളുത്തു മെലിഞ്ഞു ശുഷ്‌കിച്ച ഒരു സ്ത്രീശരീരവും ശബ്ദവും പുറത്തേക്കു വന്നു.
എന്നെ കണ്ടതും അവരാകെ അങ്കലാപ്പിലായി.
'ഇതാരാടാ മുത്തോ?'
'ഇമ്മാ, അന്ന് ഞങ്ങടെ സ്‌കൂളിലെ പരിപാടിക്ക് വന്ന ടീച്ചറാ.'
'ആ, ഇജ്ജ് എപ്പളും പറച്ചില്ണ്ടല്ലോ, ആ ടീച്ചറാണോ ഇത്? കേറി ഇര്ക്കീ ട്ടോ. ഇക്ക് ആളെ അറിഞ്ഞീല, അതാ...'
''ഏയ്, അവനെ കണ്ടപ്പോള്‍, വെറുതെ ഒന്നു നിങ്ങളെയൊക്കെ കണ്ടുപോകാന്നു കരുതി...''
അവര്‍ എന്നെ അകത്തേക്ക് ക്ഷണിച്ചു.
അകത്തു കയറിയപ്പോഴാണ് ശരിക്കും ആ വീടുകള്‍ വെറും ഇരട്ടകളല്ലെന്നും സയാമീസ് ഇരട്ടകളെപ്പോലെയാണെന്നും തോന്നിയത്. രണ്ടു വീടുകളുടെയും വര്‍ക്ക് ഏരിയകള്‍ ഒട്ടിയാണിരിക്കുന്നത്. രണ്ടു വീട്ടില്‍ നിന്നും രണ്ടുമൂന്നു പടികള്‍ കഴിഞ്ഞാല്‍ ഒരു നടപ്പാത്തിയുണ്ട്, അതാണ് രണ്ടു വീടുകളെയും ഒന്നിപ്പിക്കുന്നത്. പുറത്തേക്കിറങ്ങാന്‍ ഒരു ഗ്രില്ലിട്ട വാതിലും.
മഴക്കാലമായതുകൊണ്ടുതന്നെ അകങ്ങളില്‍ പലയിടങ്ങളിലും തുണി വിരിച്ചിട്ടിരിക്കുന്നു. രണ്ടു മുറികളും ഒരു ബാത്‌റൂമും ഒരു അടുക്കളയും വര്‍ക്ക് ഏരിയയും പൂമുഖവുമുള്ള ഒരു കുഞ്ഞു കൂട്.
പൊട്ടിവീഴാറായ രണ്ടുമൂന്നു മരക്കസേരകള്‍ കോലായയിലുണ്ട്. അതിലും ഇളയതുങ്ങളുടെ കുഞ്ഞുവസ്ത്രങ്ങള്‍ ഉണക്കാനിട്ടിരിക്കുന്നു. എന്നെ കണ്ടതും അവര്‍ അതെല്ലാം വേഗത്തില്‍ പെറുക്കാന്‍ തുടങ്ങി.
'വേണ്ട, അതവിടെ കിടന്നോട്ടെ. മഴയല്ലേ, ഉണങ്ങേണ്ടേ?' ഞാന്‍ പറഞ്ഞു.
എന്നാലും അവരത് എടുത്തു മാറ്റിവെച്ചു. അവനെയും കൂട്ടി ചന്നം പിന്നം ആറു മക്കള്‍. അവന്‍ മാത്രമാണ് ആണായിട്ടുള്ളത്. കുട്ടികളെ നിറഞ്ഞു കാണുമ്പോള്‍ എനിക്ക് വലിയ സന്തോഷമാണ്, പെറാനും വേണല്ലോ ഒരു യോഗം.
അവന്റെ തൊട്ടുതാഴെയുള്ള അനിയത്തിക്കുട്ടി എന്റെ കൈയില്‍ പിടിച്ച്, ഒരു കീറിയ പായ വിരിച്ച കട്ടിലില്‍ ഇരുത്തി. അവളുടെ കുഞ്ഞുകൈകള്‍ എന്നെ തൊട്ടുകൊണ്ടിരുന്നു.
ഏകദേശം ആറു മാസമായ ഏറ്റവും ഇളയത് അതില്‍ കിടന്നുറങ്ങുന്നുണ്ട്. പുറത്തെ കോലാഹലങ്ങള്‍ ഒന്നും അവളെ ബാധിക്കുന്നില്ല. മുഷിഞ്ഞ ഒരു പഞ്ഞിത്തലയണ അവള്‍ താഴേക്കു വീഴാതിരിക്കാന്‍ തട വെച്ചിരിക്കുന്നു.
ഞാന്‍ അവളിലേക്ക് ചേര്‍ന്നിരുന്ന് അവളെ തലോടി. കുടിച്ച പാലിന്റെ കണിക അവളുടെ ചുണ്ടില്‍ തേന്‍ പോലെ കിടപ്പുണ്ട്. അമ്മിഞ്ഞയുടെ അമൃത് ഉറക്കത്തിലും നുണഞ്ഞുകൊണ്ടവള്‍ ഉറങ്ങുന്നത് ഞാന്‍ നോക്കിയിരുന്നു.
മെല്ലെ ഞാനെന്റെ നെഞ്ചൊന്നു തടവി അവളെ നോക്കി. അവളുടെ റോസാക്കവിളില്‍ ഒരു കൊതുക് വന്നിരുന്നു. ഞാന്‍ അതിനെ ആട്ടി. അവളൊന്നനങ്ങി. പതിയെ ഞാന്‍ അവളെ തടവി തട്ടിയിരുന്നു.
മുലകുടി മാറാത്ത ഒരു കുഞ്ഞ് എപ്പോഴും ഒപ്പമുണ്ടാകണം, ഒറ്റപ്പെടലിന്റെ ഇടനാഴികകളില്‍ തട്ടിവീഴാതെ ഒരമ്മമനസ്സിനെ തരളിതമാക്കാനെന്ന് എനിക്കു തോന്നി.
അടുത്ത വീട്ടിലെ ചേച്ചിയും മോനും അടുക്കള വഴി വന്ന് എത്തിനോക്കി ചിരിച്ചുനിന്നു. തിരിച്ച് ഞാനും. എല്ലാവരും എന്നെയും നോക്കി വിശേഷങ്ങള്‍ ചോദിച്ചും പറഞ്ഞും നിന്നു. അവന്റെ പൂച്ചയും ചുറ്റിത്തിരിഞ്ഞു കളിച്ചുകൊണ്ടിരുന്നു. ആ ചേച്ചിയുടെ മോള്‍ എനിക്കു കുടിക്കാന്‍ ചായയുമായെത്തി.

ഒരു വീടു പോലെ കഴിയുന്നവരായതുകൊണ്ടാകും പരസ്പരം കണ്ടറിയുന്നത്. അത് എന്നെ അദ്ഭുതപ്പെടുത്തി. ഇക്കാലത്തും ഒരുമയുടെ പൂമുഖം കണ്ടല്ലോ! സന്തോഷം.
ഞാനിറങ്ങാന്‍ നിന്നു. അപ്പോഴേക്കും അടുക്കളയില്‍ എന്നെ ഊട്ടാനുള്ള തത്രപ്പാട്.
വേണ്ടെന്ന് ഞാന്‍ പറഞ്ഞു. പറ്റില്ലെന്ന് കട്ടായം അവരും.
അടുത്ത വീട്ടിലെ ചേച്ചിയുടെ അനിയത്തി വന്നൂന്ന് അവരുടെ മകന്‍ വിളിച്ചുപറയുന്നത് കേട്ടു. അവര്‍ ഒരു ലേഡി കോണ്‍സ്റ്റബിളാണ് എന്ന് അവന്റെ ഉമ്മ പറഞ്ഞു.
'നേരം വൈകിയാല്‍ എടങ്ങേറാകും, മഴയല്ലേ?'
എല്ലാവരോടും സ്‌നേഹം പറഞ്ഞ് ഇറങ്ങുന്നേരം അവന്റെ കണ്ണുകളില്‍ സന്തോഷം മിന്നി. അവന്‍ എന്നെ വിളിച്ചപ്പോള്‍ കൂടെ വന്നല്ലോ എന്നതാണ് ആ തിളക്കത്തിന്റെ കാരണം.
ഞാന്‍ അവനെ എന്റെ നെഞ്ചോട് ചേര്‍ത്തു. അവന്റെ ഇളംകണ്ണുകളില്‍ ഈറന്‍ പൊടിയുന്നത് കണ്ട് എന്റെ ഖല്‍ബൊന്നു പിടഞ്ഞു. കുറേ നാളൊന്നും കണ്ടുപരിചയമില്ലല്ലോ? ഈ കുട്ടിക്ക് എന്നോട് ഇങ്ങനെ, ഇത്രമാത്രം പിരിശം തോന്നാന്‍ എന്താപ്പൊണ്ടായേ റബ്ബേ...?
അവനോടൊപ്പം വരുമ്പോള്‍ അവന്റെ ഇളയിതുങ്ങള്‍ക്ക് ഒന്നും മേടിച്ചില്ലല്ലോ എന്ന് അപ്പോഴാണ് ഓര്‍ത്തത്.
എന്റെ കൈയില്‍ ഉണ്ടായിരുന്ന കാശില്‍ നിന്ന് ആയിരം രൂപ എടുത്ത് ഞാന്‍ അവന്റെ കൈയില്‍ കൊടുത്തു: 'മോനൂ, നന്നായി പഠിച്ചു മിടുക്കനാവണം കേട്ടോ. നിന്റെ അനിയത്ത്യോള്‍ക്ക് മിഠായി മേടിച്ചു കൊടുക്കണേ.'
ആ കാശ് തിരിച്ച് എന്റെ കൈയില്‍ തന്നെ തന്നിട്ട് അവന്‍ പറഞ്ഞു: 'അന്ന് ഇങ്ങള് പ്രസംഗിക്കുമ്പം പറഞ്ഞില്ലേ, ചൂരല്‍മലയില് ഉരുള്‍പൊട്ടലുണ്ടായി, ഇപ്പേം ഇമ്മേം മറ്റെല്ലാരും കുടീം എല്ലാം പോയ ഒരു കുട്ടീടെ കഥ? അന്ന് ഇക്ക് അതു കേട്ടപ്പോ ഇന്നെപ്പോലെ തോന്നി.
അഞ്ചു കൊല്ലം മുമ്പ് കവളപ്പാറ ഇതേപോലെ ഒരു സംഭവം ണ്ടായീലേ? അന്ന് ന്റേം കുടീം ഇമ്മേം ഇപ്പേം കാക്കൂം താത്തേം എല്ലാരും പോയി. അന്ന് ഞങ്ങള് കൊറച്ചാള്‍ക്കാരാ മരിക്കാത്തത്. അന്ന് മണ്ണിന്റെ അടീല് പെടാതെ വന്നോരാ ഇബടെയുള്ള എല്ലാരും, ന്റെ കുറിഞ്ഞീടെ അമ്മപ്പൂച്ച അടക്കം.
ഞങ്ങക്ക് താമസിക്കാന്‍ കുറച്ചു നല്ല ആള്‍ക്കാര് കെട്ടിത്തന്ന കുടിയോളാണ് ഇതെല്ലാം. ഇബടെ ഞങ്ങക്ക് എല്ലാരുംണ്ട്‌പ്പോ...''
വിശ്വാസം വരാതെ ഞാന്‍ അവന്റെ കണ്ണുകളിലേക്ക് നോക്കി.
''ഇക്ക്... എല്ലാരുണ്ട് ടീച്ചറെ... ഈ പൈസ ടീച്ചറ് ചൂരല്‍മലയിലെ ഇന്നെപ്പോലുള്ള കുട്ട്യോള്‍ക്ക് കൊടുത്തോളീ... ഇങ്ങള് അന്നു പറഞ്ഞീലേ, ഓലും ഞമ്മടെ കുട്ട്യോളാണ്ന്ന്...?'
ചങ്കിടറി അവനത് പറയുമ്പോള്‍ അവന്റെ ഉള്ളിലെ പൊട്ടല്‍ എന്റെ ഹൃദയം തുളച്ചുകയറി. അറിയാതെ എന്റെ കണ്ണിലും മഴ പൊടിഞ്ഞു.
അതുവരെ മാനത്തു വിങ്ങിയ കാര്‍മേഘം ഉതിര്‍ന്നു വീഴാന്‍ തുടങ്ങി. അന്നേരം ഞാനും അവനും നനഞ്ഞ് പരസ്പരം പിടി വിടാതെ നിന്നു. അവിടെയുള്ള ഇളംപച്ച സയാമീസ് വീടുകളുടെ ഇറയത്തെ തുള്ളികളെ നോക്കി ഞാന്‍ തേങ്ങി.
അവന്റെ കൈ വിടുവിച്ച് ഞാന്‍ കാറിനരികില്‍ എത്തി.
പിറകില്‍ നിന്ന് ഇളംപച്ച കൂടുകള്‍ തുറന്നുവരുന്ന ചിറകടികളുടെ ശബ്ദം! വെളുത്ത ചിറകുകള്‍... തൂവലുകള്‍...!