'നീയെന്താ കുറച്ചെടുക്കുന്നത് ?'
നയന തന്റെ ബാഗിലേക്ക് അച്ചാറുകളും കൊണ്ടാട്ടങ്ങളും പലഹാരപ്പൊതികളും എടുത്തുവെക്കുന്നതു കണ്ട് സുഷമ ചോദിച്ചു.
'അതോ, ആരും അങ്ങനെയൊന്നും വാങ്ങുന്നില്ലെടോ. ഓരോരുത്തര്‍ക്കും ഓരോ കാരണങ്ങളാണ്. ചിലര്‍ തിരിഞ്ഞുപോലും നോക്കൂല.'
''ആ... അതു നേരാ.''
''ഇന്നാളൊരു വലിയ വീട്ടില്‍ ചെന്നപ്പോള്‍ വല്ലാത്ത സങ്കടമായിപ്പോയി. ഞാന്‍ അവിടത്തെ കുട്ടികളോട് ഉമ്മയെ വിളിക്കാന്‍ പറഞ്ഞപ്പോള്‍ അവര്‍ അകത്തേക്കോടി. 'നിങ്ങളോടല്ലേ വേണ്ടാന്ന് പറയാന്‍ പറഞ്ഞത്' എന്ന ആക്രോശമാണ് അകത്തു നിന്ന് കേട്ടത്.
'വേണ്ടാന്ന് ഞങ്ങള് പറഞ്ഞതാണുമ്മാ, അവര് നിങ്ങളെ വിളിക്കാന്‍ പറഞ്ഞിട്ടാണ്' എന്ന് കുട്ടികള്‍ പറയുന്നുണ്ടായിരുന്നു. 'വേണ്ടാന്നും പറഞ്ഞ് വാതിലടച്ചാല് ഓല് പൊയ്‌ക്കോളും' എന്ന് പറയുന്നത് കേട്ടു.
പിന്നാലെ കുട്ടികള്‍ ഓടിവന്നിട്ട് വേണ്ടാന്നും പറഞ്ഞു വാതിലടച്ചു. അതിനു മുമ്പേ ബാഗുമെടുത്ത് ഞാന്‍ തിരിച്ചുനടന്നിരുന്നു. വലിയ വീടാണ്. സാധനം വാങ്ങിയില്ലേലും ഇവര്‍ക്കൊക്കെ മാന്യമായി പെരുമാറിക്കൂടേ?
നയനക്ക് സങ്കടം വന്നു. സുഷമയ്ക്കും സങ്കടം തോന്നി. അങ്ങനെ പല തരത്തിലുള്ള അനുഭവങ്ങളിലൂടെയാണല്ലോ അവളും കടന്നുപോവുന്നത്.
'നിങ്ങളിങ്ങനെ കഥയും പറഞ്ഞ് നിന്നോളി.'
ശൈലജ അവരെ നോക്കി പറഞ്ഞു.
'കെട്ടുകഥയൊന്നുമല്ല ന്റെ ശൈലജേ, ജീവിതകഥയാ.'
മറുപടി പറഞ്ഞത് സുഷമയാണ്:
'ഇങ്ങക്ക് വിറ്റുതീരുന്നില്ലാന്നുള്ള പരാതിയാണ് എപ്പോഴും. എന്തെങ്കിലുമൊരുപണി കിട്ടിയാല്‍ ഒരു നേരമെങ്കിലും കഴിഞ്ഞുകൂടാന്നുള്ള പ്രതീക്ഷയിലാണ് പുതിയ ഓരോരുത്തര്‍...'
ശൈലജ കണക്കുബുക്കില്‍ പുതിയ പേരു ചേര്‍ക്കുകയാണ്.
'പുതിയ ആള് വന്നോ?'
'പിന്നല്ലാതെ?'
നയന അവളെടുത്ത സാധനങ്ങള്‍ ബാഗിലെടുത്തുവെച്ച് കണക്കു കൊടുത്ത് പുറത്തിറങ്ങി. അപ്പോഴും ശൈലജ പുതിയ ആളുടെ കഷ്ടപ്പാടുകള്‍വിവരിക്കുന്നുണ്ടായിരുന്നു.
രണ്ടു ദിവസം കഴിഞ്ഞ് കമ്പനിയില്‍ നിന്ന് സാധനം എടുക്കുമ്പോള്‍ ശൈലജ പുതിയ ജീവനക്കാരിയെ നയനയ്ക്ക് പരിചയപ്പെടുത്തി:
'ഇതാട്ടോ ഞാന്‍ പറഞ്ഞ പുതിയ ആള്, നസീമ.'
നയന അവര്‍ക്ക് കൈ കൊടുത്തു.
'നയനേ, നീ ഇന്നു പോകുന്ന റൂട്ടിലാണ് ട്ടോ നസീമയുടെ വീട്. നേരത്തെ വീട്ടില്‍ പോകേണ്ട അത്യാവശ്യമുണ്ടെന്ന് പറഞ്ഞിട്ടിറങ്ങാന്‍ തുടങ്ങായിരുന്നു ഇവര്. ഇനി നിങ്ങള്‍ക്കൊരുമിച്ച് പോവാലോ?'
കൂട്ടിനൊരാളെ ഈ കച്ചവടത്തിന് ആവശ്യമില്ല. പ്രത്യേകിച്ചും വാക്‌സാമര്‍ഥ്യം ഉള്ളവരാണെങ്കില്‍ തനിക്ക് കിട്ടുന്നത് കുറയത്തേയുള്ളൂ. പക്ഷേ, അവര്‍ കച്ചവടത്തിനല്ലല്ലോ വീട്ടിലേക്കല്ലേ എന്ന് നയന സമാധാനിച്ചു.
രണ്ടാള്‍ക്കും ബസ്സില്‍ ഒരുമിച്ചിരിക്കാന്‍ സീറ്റ് കിട്ടി.
എവിടെയാ വീട്?
തലയത്തറ.
'അവിടെ?'
'ബസ്സ്റ്റോപ്പിനടുത്തു തന്നെ.'
സ്ഥലമെത്തിയപ്പോള്‍ നസീമ ഇറങ്ങി.
കുറച്ചു നാള്‍ മുമ്പ് തന്നെ ആട്ടിയോടിച്ച പോലെ ഇറക്കിവിട്ട അതേ വീട്ടിലേക്കാണല്ലോ നസീമ കയറിപ്പോയതെന്ന് ഞെട്ടലോടെ നയന തിരിച്ചറിഞ്ഞു.
ആ വീടിന്റെ മുറ്റത്ത് സാധനങ്ങള്‍ വാരിവലിച്ചിട്ടിരിക്കുന്നു. നിര്‍ത്തിയിട്ട ലോറിയിലേക്ക് വീട്ടുപകരണങ്ങള്‍ കയറ്റുന്നുണ്ട്.
പുതുതായി ജോലിക്ക് എത്തിയ സ്ത്രീയെക്കുറിച്ച് ശൈലജ പറഞ്ഞ കാര്യങ്ങള്‍ നയനയുടെ മനസ്സില്‍ അപ്പോഴാണ് വിങ്ങലായി തിരിച്ചുവന്നത്.
നയനയും വേഗം അവിടെയിറങ്ങി.
ഗള്‍ഫിലായിരുന്നു അവരുടെ ഭര്‍ത്താവ്. അന്ന് വരുമാനത്തെക്കാളും വ്യാപ്തിയില്‍ വലിയ സംഖ്യ ചെലവഴിച്ച് വീട് പണിതു. ജോലിയുണ്ടല്ലോ, കടമൊക്കെ അങ്ങനെ സാവധാനം വീട്ടാമെന്നും കരുതി.
ആ സമയത്ത് സംഭാവനയായും സമ്മാനമായും കാശ് വാരിവിതറി. അപ്രതീക്ഷിതമായി അദ്ദേഹത്തിന് രോഗം പിടിപെട്ടു. അതിനെത്തുടര്‍ന്ന് ജോലിയും പോയി. പണമില്ലാത്തതുകൊണ്ട് ചുറ്റും കൂടിയവരും പോയി.
''വീട് ബാങ്കുകാര്‍ ജപ്തി ചെയ്തു. വാങ്ങിയ കടം തിരിച്ചു കൊടുക്കാത്തതുകൊണ്ട് വിലപിടിപ്പുള്ള വീട്ടുപകരണങ്ങള്‍ കടക്കാര്‍ കൊണ്ടുപോവാണ്''- നസീമ പറഞ്ഞു.
''അല്ലേലും രണ്ട് മുറി മാത്രമുള്ള ആ വാടകവീട്ടില്‍ ഇതൊക്കെ എവിടെ വെക്കാനാണ്.''
കണ്ണീര്‍ നനവ് മറച്ച് നസീമ ചിരിക്കാന്‍ ശ്രമിച്ചു.
സ്വന്തമായി അഞ്ച് സെന്റ് സ്ഥലവും ചെറിയ വീടുമുള്ള താനെത്ര ഭാഗ്യവതിയാണെന്ന് അപ്പോള്‍ നയനക്ക് തോന്നി. അവളുടെ നയനങ്ങള്‍ നിറഞ്ഞു.