പുതുക്കിപ്പണിത അടുക്കളയുടെ മുകളില്‍ പുകയോട് വെച്ചപ്പോള്‍ തന്നെ ഉമ്മ പറയാന്‍ തുടങ്ങിയതാണ് ഒരു ചില്ലോടിന്റെ കാര്യം. അന്ന് ശങ്കരന്‍ നായരുടെ കടയില്‍ ചില്ലോടൊന്നും ഉണ്ടായിരുന്നില്ല.
പുതുക്കിപ്പണിത അടുക്കളയുടെ മുകളില്‍ പുകയോട് വെച്ചപ്പോള്‍ തന്നെ ഉമ്മ പറയാന്‍ തുടങ്ങിയതാണ് ഒരു ചില്ലോടിന്റെ കാര്യം. കോലായില്‍ നിന്ന് അടുക്കളയിലേക്കു വരുന്ന ഇടനാഴിയില്‍ എപ്പോഴും ഇരുട്ടാണ്. അകത്തേക്കും അടുക്കളയിലേക്കുമുള്ള ഓട്ടത്തിനിടയില്‍ ഉയരവ്യത്യാസമുള്ള ഉമ്മറപ്പടികളില്‍ തട്ടിത്തടഞ്ഞ് വീഴാന്‍ പോകുമ്പോഴൊക്കെ ഉമ്മ ആവശ്യം ആവര്‍ത്തിക്കും.
അന്ന് ശങ്കരന്‍ നായരുടെ കടയില്‍ ചില്ലോടൊന്നും ഉണ്ടായിരുന്നില്ല. അതിനു വേണ്ടി ഓട്ടുകമ്പനി വരെ പോകുന്നത് നടപ്പുള്ള കാര്യമല്ല എന്നു പറഞ്ഞ് ഉപ്പ ഓരോ തവണയും നിരുല്‍സാഹപ്പെടുത്തുകയും ചെയ്യും.
പിന്നീടൊരിക്കല്‍ ഒരു നോമ്പുകാലത്ത് എന്തിലോ തട്ടിത്തടഞ്ഞ് ഉമ്മ ശരിക്കും വീണു. തുടയെല്ല് പൊട്ടി കിടപ്പിലായി.
ഒന്നും രണ്ടുമല്ല, നീണ്ട 12 വര്‍ഷം! ആദ്യം പ്ലാസ്റ്ററിട്ടു. അതുകൊണ്ട് മാറാഞ്ഞ് ഉഴിച്ചിലും പിഴിച്ചിലും ഒക്കെയായി. കുറേ കാശ് കളഞ്ഞതു മിച്ചം.
പഴയതുപോലെ മുറ്റത്തും തൊടിയിലും ഓടിനടന്നിരുന്ന ഉമ്മയായില്ലെങ്കിലും സ്വന്തം കാര്യങ്ങള്‍ ചെയ്യാനുള്ള ആവതുണ്ടാവും എന്നാണ് കരുതിയത്. ഒരു കാര്യവുമുണ്ടായില്ല. ഇടനാഴിയിലെ ഇരുട്ടില്‍ ഇട്ട ഒറ്റ കട്ടിലില്‍ ഉമ്മ കിടന്നു.
ആങ്ങളമാര്‍ ഓരോരുത്തരായി പുതിയ വീട് വെച്ച് കുടുംബത്തോടൊപ്പം ഒഴിഞ്ഞുപോയി. പെട്ടെന്ന് ഒരു ദിവസം ഉപ്പ ഓട്ടുകമ്പനിയില്‍ പോയി ചില്ലോട് വാങ്ങിക്കൊണ്ടുവന്നു. പണിക്കാരെ വിളിച്ച് ഇടനാഴിയിലെ പഴയ ഓട് മാറ്റി അതു വെക്കുന്നത് കണ്ടപ്പോള്‍ അദ്ഭുതം തോന്നി.
അപ്പോള്‍ ചില്ലോടിലൂടെ കടന്നുവന്ന വെളിച്ചം തട്ടി ഉമ്മയുടെ ചുളിവുവീണ കവിളുകള്‍ തിളങ്ങുന്നുണ്ടായിരുന്നു. വേദനയ്ക്കിടയിലും ഒരു ചെറിയ പുഞ്ചിരി ആ ചുണ്ടുകളില്‍ വിരിഞ്ഞു. ഒറ്റ ദിവസത്തേക്കു മാത്രം!
പിറ്റേന്നു രാവിലെ ഉപ്പ എന്നെ വിളിച്ച് തുണിയും കുപ്പായവും ഒക്കെ അലക്കി മടക്കി സഞ്ചിയിലാക്കി വെക്കാന്‍ പറഞ്ഞു.

''ഇങ്ങളെന്താ ഹജ്ജിനു പോവാണോ''ന്ന് ചോദിച്ചപ്പോള്‍ ഉപ്പാന്റെ മറുപടി കേട്ട് ഞെട്ടിപ്പോയി.
''ഞാന്‍ പഴയ തറവാട്ടിലേക്ക് താമസം മാറ്റാന്‍ പോണു. വെള്ളിയാഴ്ച ജുമുഅ കഴിഞ്ഞ് ഒരിടത്ത് പോകാനുണ്ട്. നീയും വരണം. ഒരു നികാഹിന്റെ കാര്യത്തിനാണ്. ഓളെ കൂട്ടിക്കൊണ്ടുവരാന്‍ പെണ്ണുങ്ങള്‍ ആരെങ്കിലും ചെല്ലണമെന്ന് അവര്‍ക്ക് ഒരേ നിര്‍ബന്ധം.''
പടച്ച തമ്പുരാനേ, എന്റെ ഒരു തലവിധി!
ചെലവിനു തരുന്ന ഉപ്പാനെ ധിക്കരിക്കാന്‍ പറ്റില്ല. കെട്ടിച്ച് കാര്യം തീര്‍ത്ത് വീട്ടില്‍ നില്‍ക്കുന്ന പെങ്ങള്‍ ആങ്ങളമാര്‍ക്കൊക്കെ ബാധ്യതയാണെന്ന് അറിയാഞ്ഞിട്ടല്ല, രണ്ടാമത് ഒരു പരീക്ഷണത്തിനു കൂടി നിന്നുകൊടുക്കില്ലെന്ന വാശിയായിരുന്നു.
പുതിയാപ്ല വേഷം കെട്ടി വന്ന രണ്ടും മൂന്നും കെട്ടിയ കെളവന്‍മാരെയൊക്കെ തിരിച്ചയക്കുമ്പോള്‍ ഉപ്പ മാത്രമാണ് കൂടെ നിന്നത്. ''വേണ്ടെങ്കി വേണ്ട, ന്റെ കാലം കഴിഞ്ഞാലും ഈ പെരേം തൊടീം നിനക്കുള്ളതാണ്. അതുകൊണ്ട് ജീവിക്കാലോ'' എന്നാണ് ഉപ്പ പറഞ്ഞത്.
പക്ഷേ, ഉമ്മാനോട് എന്തു പറഞ്ഞിട്ട് പോകും, ഉപ്പാന്റെ പുതിയ പെണ്ണിനെ കൂട്ടിക്കൊണ്ടുവരാന്‍?
ഒന്നും പറഞ്ഞു ബുദ്ധിമുട്ടേണ്ടിവന്നില്ല. ഉമ്മ എല്ലാം കേട്ടിരുന്നു.
''ഒന്ന് എണീറ്റിരിക്കാനും കൂടി ആവതില്ലാത്ത ഇന്നെപ്പെന്തിനാ പേടിക്ക്ണ്? ഖബറില് കിടക്ക്ണതും ഈ കിടക്ക്ണതും തമ്മില് വല്യ വ്യത്യാസൊന്നൂല്ലല്ലോ'' എന്നാണ് ഉമ്മ പറഞ്ഞത്. ഉമ്മാന്റെ അടുത്ത് നാത്തൂനെ വിളിച്ചാക്കി ഉപ്പാന്റെ കൂടെ പുറപ്പെടുമ്പോള്‍ ആരെയാണ് കെട്ടാന്‍ പോകുന്നത് എന്ന ആകാംക്ഷയൊന്നും തോന്നിയില്ല.
അവിടെ ചെന്നപ്പോഴല്ലേ ചിത്രം വ്യക്തമായത്. പുതിയപെണ്ണായി കുഞ്ഞിപ്പാത്തു ഒരുങ്ങി മുഖം തരാതെ നില്‍ക്കുന്നു. ആങ്ങളയുടെ കൂടെ ഓത്തുപള്ളിയിലും സ്‌കൂളിലും പോയിരുന്ന പെണ്ണ്. ഉച്ചനേരത്ത് ചോറുണ്ണാന്‍ മടി കാട്ടുന്ന അവന് ക്ലാസില്‍ ചെന്ന് ചോറ് വാരിക്കൊടുക്കുമ്പോള്‍ പെണ്ണ് വെള്ളം ഇറക്കി നില്‍പ്പുണ്ടാവും.
പാവം തോന്നി അവളുടെ വായിലും ഉരുളകള്‍ വെച്ചുകൊടുത്ത്, ആര്‍ത്തിയോടെ തിന്നുന്നതു നോക്കിയിരിക്കും. അവളെ ഇന്നു മുതല്‍ ഞാന്‍ എളേമയെന്നു വിളിക്കണോ? പുറത്ത് നിക്കാഹ് നടക്കുമ്പോള്‍ അകത്തിരുന്ന എന്റെ അടുത്തു വന്ന് കുഞ്ഞിപ്പാത്തൂന്റെ ഉമ്മ കരച്ചിലും പറച്ചിലും തുടങ്ങി.
അരികത്തിരുന്ന് കാതോര്‍ത്തപ്പോള്‍ തോന്നി, 'ഈ ചില്ലോട് അവള്‍ വീണുപോകുന്നതിനു മുമ്പേ വെച്ചിരുന്നെങ്കില്‍' എന്നായിരിക്കാം ഉപ്പ പറഞ്ഞതെന്ന്.
''പൊന്നുമോളേ, ഇങ്ങനൊക്കെ ആവുംന്ന് നിരീച്ചതല്ല. നിവര്‍ത്തികേടോണ്ട് സമ്മതിച്ചതാ. പൊന്നും പണ്ടോം കൊടുത്ത് കെട്ടിച്ചുവിടാന്‍ പാങ്ങില്ല. ഇന്റെ കാലം കയ്യിണേന്റെ മുമ്പ് എന്തെങ്കിലും ചെയ്യണ്ടേ? നശിച്ച് പോണത് കാണാന്‍ വയ്യാണ്ടാ. ഉമ്മയും നീയും കുടുംബക്കാരും ഇന്നോട് പൊറുക്കണം.''
പൊറുക്കാനും പൊറുക്കാതിരിക്കാനും ഞാനാരാണ്?
ഉപ്പ പോയതിനു ശേഷം ആ വലിയ വീട്ടില്‍ ഞാനും ഉമ്മയും മുഖത്തോടു മുഖം നോക്കി കഴിഞ്ഞു. പകല്‍ച്ചൂടില്‍ ചില്ലോടിലൂടെ പതിക്കുന്ന നിഴലില്‍ ളുഹ്‌റിന്റെയും അസ്‌റിന്റെയും സമയം കണക്കാക്കി, രാത്രികളില്‍ ഉദിക്കുന്ന ചന്ദ്രക്കല നോക്കി മാസപ്പിറവി കണ്ട് നുജൂമുകള്‍ എണ്ണിയങ്ങനെ കാലം കടന്നുപോയി.
നികാഹ് കഴിഞ്ഞ് കൊല്ലം തികയുന്നതിനു മുമ്പേ കുഞ്ഞിപ്പാത്തു ആദ്യത്തെ കുട്ടിയെ പ്രസവിച്ചു. പണ്ട് തത്തമാളുത്ത പറഞ്ഞപോലെ, പെണ്ണുങ്ങള്‍ക്കല്ലേ പേറും തീണ്ടാരീം നേരോം കാലോം ഒക്കെ? ആണുങ്ങള്‍ക്ക് അതൊന്നൂല്ലല്ലോ.
വര്‍ഷങ്ങള്‍ മൂന്നുനാലു കഴിഞ്ഞപ്പോഴേക്കും കുഞ്ഞിപ്പാത്തു ആളാകെ മാറി വല്യപാത്തു ആയി. മെലിഞ്ഞൊട്ടിയിരുന്ന പെണ്ണ് തടിച്ചുകൊഴുത്തു. കൈയിലും കഴുത്തിലും നിറയെ പൊന്നിട്ട് സ്വന്തം വീട് നന്നാക്കി അനിയത്തിമാരെ ഒക്കെ കെട്ടിച്ചു വിട്ട് രാജാത്തിയെപ്പോലെ വാഴുന്ന കാര്യം നാട്ടുകാര്‍ക്ക് പറഞ്ഞിട്ടും പറഞ്ഞിട്ടും മതിയായില്ല.
ഒപ്പം ഉപ്പാന്റെ സര്‍വ സമ്പാദ്യവും പല വഴിക്ക് ഒലിച്ചുപോയ കഥയും കേള്‍ക്കുന്നു. തുലാവര്‍ഷം തകര്‍ത്തു പെയ്തൊരു രാത്രിയിലാണ് ഉമ്മ മരിച്ചത്. ജീവിതത്തില്‍ വീണ്ടും തനിച്ചായ പോലെ.
സുബ്ഹി ബാങ്കിനൊപ്പം ചില്ലോട്ടിലൂടെ അരിച്ചിറങ്ങുന്ന വെളിച്ചത്തിന് മങ്ങലേറ്റ മാതിരി തോന്നി. പിന്നെയെപ്പോഴോ ജീവിതം അവസാനിപ്പിച്ചുകളഞ്ഞാലോ എന്നൊരു ചിന്ത ഉള്ളില്‍ പതിയെ ഉണര്‍ന്നു. ആ ചിന്ത പുതിയതൊന്നുമല്ല. പതിനഞ്ചാം വയസ്സില്‍ കല്യാണം കഴിഞ്ഞ് പടിയിറങ്ങി, രണ്ടു കൊല്ലം നീണ്ടുനിന്ന ദാമ്പത്യജീവിതം അവസാനിപ്പിച്ചു തിരിച്ചെത്തിയ അന്നു തുടങ്ങിയ ചിന്തയാണ്.
പ്രത്യേകിച്ച് ഒരു കാരണവും ഇല്ലാതെ പഞ്ചാരവാക്കുകള്‍ പറഞ്ഞ് വയറ്റില്‍ കിടന്ന കുഞ്ഞിനെയും കൊല്ലിച്ച് വീട്ടില്‍ കൊണ്ടുവന്നാക്കി അടുത്ത വെള്ളിയാഴ്ച തന്നെ മൂന്നു ത്വലാഖും ചൊല്ലിയ വിവരം പള്ളിയിലേക്ക് അറിയിച്ച മാന്യനെക്കുറിച്ചോര്‍ക്കുമ്പോഴൊക്കെ മനസ്സില്‍ കരുതിവെച്ച ഒരു തുണ്ട് കയര്‍ കഴുത്തില്‍ തനിയേ മുറുകാന്‍ തുടങ്ങും.
അപ്പോള്‍ ഉമ്മ പറയാറുള്ളതുപോലെ, പടച്ചോന്‍ തന്ന ജീവന്‍ കളയാന്‍ പടപ്പുകള്‍ക്ക് അവകാശമില്ലല്ലോ, അങ്ങനെ ചിന്തിക്കുന്നതുപോലും ശരിയല്ല എന്ന മനഃസ്ഥിതിയിലേക്ക് എത്തിച്ചേരും. വെറുതെ നാട്ടുകാര്‍ക്ക് കഥ മെനയാന്‍ എന്തിന് അവസരമൊരുക്കണം?
വല്ലപ്പോഴും പടി കയറി വന്നിരുന്ന ഉപ്പാനെ കുറച്ചു കാലമായി തീരെ കാണാതായപ്പോള്‍ ഒന്നു പോയി നോക്കിയതാണ്. കിടപ്പ് കണ്ടിട്ട് സഹിച്ചില്ല. വാതം പിടിച്ച് ഒരു വശം തളര്‍ന്നിരിക്കുന്നു. മുഖം ഒരു ഭാഗത്തേക്കു കോടിയിട്ടുണ്ട്. ആശുപത്രിയില്‍ നിന്നു മടക്കിയതാണ്.
''ഇജ്ജാതി കിടപ്പു കിടക്കണ ആളെ നോക്കാന്‍ ഞമ്മക്കൊറ്റക്ക് പറ്റൂല. ആരാച്ചാ കൊണ്ടുപൊയ്ക്കോ'' എന്നാണ് കുഞ്ഞിപ്പാത്തു മുഖത്ത് അടിച്ചപോലെ പറഞ്ഞത്.
പിന്നെ ഒന്നും ആലോചിച്ചില്ല, ഉപ്പാനെ വീട്ടിലേക്കു കൂട്ടിക്കൊണ്ടുവന്നു.
ഉമ്മ കിടന്ന അതേ കട്ടിലില്‍ കിടത്തിയപ്പോള്‍ നിറഞ്ഞൊഴുകുന്ന കണ്ണുകള്‍ മുകളിലേക്കുയര്‍ത്തി ഉപ്പ എന്തോ മന്ത്രിച്ചു. അരികത്തിരുന്ന് കാതോര്‍ത്തപ്പോള്‍ തോന്നി, 'ഈ ചില്ലോട് അവള്‍ വീണുപോകുന്നതിനു മുമ്പേ വെച്ചിരുന്നെങ്കില്‍' എന്നായിരിക്കാം ഉപ്പ പറഞ്ഞതെന്ന്.
പിന്നെ മെല്ലെ ആ കണ്ണുകള്‍ അടഞ്ഞു.