വെള്ളവും മണ്ണും വായുവും നമ്മുടേതു മാത്രമല്ല


സ്രഷ്ടാവായ അല്ലാഹു എല്ലാ ജീവജാലങ്ങള്‍ക്കും ഒരേ അളവിലല്ല വിഭവങ്ങള്‍ നല്‍കിയിരിക്കുന്നത്. ഏറ്റക്കുറച്ചിലുകള്‍ സ്വാഭാവികം.

വിഭവസമാഹരണത്തിലും ഉപഭോഗത്തിലും പാലിക്കേണ്ട മിതത്വമാണ് മനുഷ്യനെ ഇതര ജീവജാലങ്ങളില്‍ നിന്ന് വ്യത്യസ്തനാക്കുന്നത്. എന്ത് എപ്പോള്‍ എങ്ങനെ ഉപയോഗിക്കണം എന്ന അറിവ് വിശേഷബുദ്ധിയുള്ള മനുഷ്യന്റെ പ്രത്യേകതയാണ്. സത്യനിഷേധികളാകട്ടെ സുഖമനുഭവിക്കുകയും നാല്‍ക്കാലികളെ പോലെ തിന്നുകൊണ്ടിരിക്കുകയും ചെയ്യുന്നു. നരകമാണ് അവര്‍ക്കുള്ള വാസസ്ഥലം. (വി.ഖു 47:12).

ഈ പ്രപഞ്ചത്തിലെ ജീവിതവിഭവങ്ങളായ വെള്ളം, മണ്ണ്, വായു തുടങ്ങിയവയെല്ലാം നമുക്കു മാത്രം അര്‍ഹതപ്പെട്ടതല്ല. നമുക്കു ചുറ്റിലുമുള്ള ഇതര ജീവജാലങ്ങളുടേതു കൂടിയാണ്. അവര്‍ക്കു കൂടി ഉപകാരപ്പെടേണ്ടതും ലഭ്യമാക്കേണ്ടതും മനുഷ്യരായ നമ്മുടെ ബാധ്യതയാണ്. ഖുര്‍ആന്‍ പ്രയോഗിക്കുന്നത് 'നിങ്ങള്‍ക്കും നിങ്ങളുടെ കന്നുകാലികള്‍ക്കും ഉപയോഗത്തിനായിട്ട്' (80:32) എന്നാണല്ലോ.

സ്രഷ്ടാവായ അല്ലാഹു എല്ലാ ജീവജാലങ്ങള്‍ക്കും ഒരേ അളവിലല്ല വിഭവങ്ങള്‍ നല്‍കിയിരിക്കുന്നത്. ഏറ്റക്കുറച്ചിലുകള്‍ സ്വാഭാവികമാണ്. എല്ലാവര്‍ക്കും ഒരുപോലെ സൗകര്യങ്ങളും അനുഗ്രഹങ്ങളും വിശാലമാക്കിക്കൊടുത്തിരുന്നെങ്കില്‍ ലോകം എങ്ങനെയായിത്തീരും എന്ന് ഖുര്‍ആന്‍ തന്നെ നമ്മെ ഓര്‍മപ്പെടുത്തുന്നുണ്ട്:

'അല്ലാഹു തന്റെ ദാസന്‍മാര്‍ക്ക് ഉപജീവനം വിശാലമാക്കിക്കൊടുത്തിരുന്നെങ്കില്‍ ഭൂമിയില്‍ അവര്‍ അതിക്രമം പ്രവര്‍ത്തിക്കുമായിരുന്നു. പക്ഷേ, അവന്‍ ഒരു കണക്കനുസരിച്ച് താന്‍ ഉദ്ദേശിക്കുന്നത് ഇറക്കിക്കൊടുക്കുന്നു. തീര്‍ച്ചയായും അവന്‍ തന്റെ ദാസന്‍മാരെപ്പറ്റി സൂക്ഷ്മജ്ഞാനമുള്ളവനും കണ്ടറിയുന്നവനുമാകുന്നു' (വി.ഖു 42:27).

ഇവിടെയുള്ള എല്ലാ ആസ്വാദനങ്ങളും നമുക്ക് എപ്പോഴും ആസ്വദിക്കാന്‍ കഴിഞ്ഞുകൊള്ളണമെന്നില്ല. അല്ലെങ്കില്‍ തന്നെ ചിലതിന് ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടത് അനിവാര്യമാണ്. യഥേഷ്ടം ഉപയോഗിക്കുക എന്നുള്ളതല്ല, ഓരോന്നിനും ഓരോ പരിധി നിശ്ചയിച്ചുകൊണ്ടും കൃത്യമായ അതിര്‍വരമ്പിനുള്ളില്‍ നിന്നുകൊണ്ടും ജീവിതത്തെ പ്രത്യേക വ്യവസ്ഥിതിയുടെ അടിസ്ഥാനത്തില്‍ ചിട്ടയോടെ മുന്നോട്ടുകൊണ്ടുപോകുന്നവനാണ് യഥാര്‍ഥ വിജയി എന്ന അര്‍ഥത്തിലേക്കാണ് വിശുദ്ധ ഖുര്‍ആന്‍ നമ്മെ ക്ഷണിക്കുന്നത്.

ഐഹിക ജീവിതത്തിന് സ്രഷ്ടാവ് ഒരു ക്രമം ഏര്‍പ്പെടുത്തിയിട്ടുണ്ട്. എല്ലാവരും തുല്യരാണെന്ന വെറുംവാക്കൊന്നും ആ സംവിധാനത്തില്‍ പ്രസക്തമല്ല.

ഐഹികലോകത്തെ ജീവിതത്തിന് സ്രഷ്ടാവ് ഒരു ക്രമം ഏര്‍പ്പെടുത്തിയിട്ടുണ്ട്. എല്ലാവരും തുല്യരാണെന്ന വെറുംവാക്കൊന്നും ആ സംവിധാനത്തില്‍ പ്രസക്തമല്ല. എല്ലാവരും ഒരുപോലെയാണെങ്കില്‍ ഈ ലോകം എന്നേ നശിച്ചുപോകുമായിരുന്നു. അതുകൊണ്ടാണ് അല്ലാഹു പറയുന്നത് ചിലരെ മറ്റു ചിലരേക്കാള്‍ ഉയര്‍ത്തി എന്ന്.

എല്ലാവരും തൊഴിലാളികളോ എല്ലാവരും സമ്പന്നരോ ആകുന്ന ഒരു ലോകമല്ല സ്രഷ്ടാവ് വിഭാവനം ചെയ്യുന്നത്. പരസ്പര സഹകരണത്തിലൂടെയും സഹായത്തിലൂടെയും ആശ്രയിച്ചും ജീവിക്കുമ്പോഴാണ് മനുഷ്യജീവിതത്തിന് ഒരു മനോഹാരിത ഉണ്ടാവുക.