വിവാഹപൂര്‍വമായി നടക്കുന്ന നിശ്ചയം എന്ന വല്യ ചടങ്ങിനു ശേഷം വിപുലമായ നികാഹ് രണ്ടാം ഘട്ടമായി നടക്കുന്നു. പിന്നീട് കെങ്കേമമായി വിവാഹം. പരിഹാസ്യമായ പല ചടങ്ങുകളും ഉണ്ടാകുന്നു. ഇതിനിടയില്‍ നികാഹ് എന്ന മഹത്തായ കര്‍മത്തിന്റെ പവിത്രത സംരക്ഷിക്കപ്പെടുന്നില്ല.
വിവാഹപ്രായമായ ഒരു പെണ്‍കുട്ടിയെ അനുയോജ്യനായ ഒരു വരനെ കണ്ടെത്തി വിവാഹം ചെയ്തുകൊടുക്കുക എന്നത് രക്ഷിതാക്കളെ ഭയപ്പെടുത്തേണ്ട ഒന്നല്ല. എന്നാല്‍, ഇന്ന് മുസ്‌ലിം സമുദായത്തിലെ പെണ്‍മക്കളുടെ വിവാഹം ഒട്ടുമിക്ക കുടുംബങ്ങളിലും ഏറെ വേവലാതികളും ആശങ്കകളും നിറഞ്ഞതായി മാറിയിരിക്കുന്നുണ്ടോ?
ഇതിന്റെ പ്രധാന കാരണം സമുദായത്തിലും സമൂഹത്തിലും നിലനിന്നുവരുന്ന അത്യാചാരങ്ങളും ധൂര്‍ത്തും ദുരഭിമാനവുമാണെന്ന കാര്യത്തില്‍ സംശയമില്ല. ഇതിന് പ്രധാന കാരണം എന്താണെന്നും അതിന് പരിഹാരം എന്താണെന്നും നാം ആലോചിച്ചിട്ടുണ്ടോ?
വിവാഹത്തിന് വധുവിനെ അണിയിക്കാന്‍ ഏറ്റവും ചുരുങ്ങിയത് 20 മുതല്‍ 40 പവന്‍ വരെ സ്വര്‍ണാഭരണങ്ങളാണ് ഇന്ന് നല്‍കുന്നത്. ഇത് ഇടത്തരം കുടുംബങ്ങള്‍ക്ക് വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നു. ചില മുസ്‌ലിം ഭൂരിപക്ഷ പ്രദേശങ്ങള്‍ ഇതിന് അപവാദമായുണ്ട് എന്ന കാര്യം സന്തോഷകരമാണ്.
വിവാഹപൂര്‍വമായി നടക്കുന്ന ഫിക്‌സേഷന്‍ അഥവാ നിശ്ചയം എന്ന പേരില്‍ ഒരു വന്‍ ചടങ്ങിനു ശേഷം വിപുലമായ നികാഹ് രണ്ടാം ഘട്ടമായി നടക്കുന്നു. പിന്നീട് ഒട്ടുമിക്ക കുടുംബങ്ങളിലും വിവാഹം നടക്കുന്നത് ഒന്നോ രണ്ടോ വര്‍ഷങ്ങള്‍ക്കു ശേഷം വരന്‍ ഗള്‍ഫില്‍ നിന്ന് മടങ്ങിവന്ന ശേഷമാണ്.
ഒരു ദിവസം വിവാഹം വധുവിന്റെ വീട്ടില്‍, അടുത്ത ദിവസം വരന്റെ വീട്ടില്‍- ഇങ്ങനെ ഇരുഭാഗത്തുമുള്ള വീട്ടുകാരും ബന്ധുക്കളും സുഹൃത്തുക്കളും പരസ്പരം പങ്കെടുത്ത് സാഘോഷം മടങ്ങുന്നു. പിന്നീട് എണ്ണമറ്റ സല്‍ക്കാരങ്ങളുടെ നാളുകളാണ്.
ചിലയിടങ്ങളില്‍ വധുവിനെയും വരനെയും ഇരു വീട്ടുകാരും വരവേല്‍ക്കുന്ന പല കാഴ്ചകളും ഏറെ പരിഹാസം നിറഞ്ഞതാണ്. ഭക്ഷണവിഭവങ്ങളുടെ ധൂര്‍ത്തും ധാരാളിത്തവും ഇവിടെ പ്രകടമാകാറുണ്ട്. കുടുംബനാഥന്റെ അഹങ്കാരം വെളിപ്പെടുന്ന മേഖലയാണിത്.
ലക്ഷങ്ങളാണ് ഇതിന് ചെലവഴിക്കുന്നത്. ഇതിനിടയില്‍ നികാഹ് എന്ന ജീവിതത്തിലെ മഹത്തായ ആദരവോടെയുള്ള ഒരു കര്‍മത്തിന്റെ പവിത്രത സംരക്ഷിക്കപ്പെടുന്നില്ല. ഖുത്ബ നിര്‍വഹിക്കാന്‍ വരുന്ന പണ്ഡിതന്മാരുടെ കണ്‍മുമ്പില്‍ വെച്ച് കുറേ യുവാക്കള്‍ പടക്കം പൊട്ടിക്കുന്നു. മാത്രമല്ല, നികാഹിന്റെ ചടങ്ങുകള്‍ അല്‍പം നീണ്ടുപോയാല്‍ വിവാഹ സദസ്സ് അസ്വസ്ഥരാകുന്നു.
ഇനിയുമുണ്ട് വിവാഹമാമാങ്കത്തിന്റെ വ്യത്യസ്ത തലങ്ങള്‍. വിവാഹത്തിന്റെ തലേ ദിവസവും മറ്റുമായി മഞ്ഞ കല്യാണവും പച്ച കല്യാണവും. ചിലയിടത്ത് കൗമാരപ്രായമായവരുടെയും യുവതികളുടെയും ആട്ടവും പാട്ടും കൂത്തും. വിവാഹം മൂന്നു ദിവസവും അതില്‍ കൂടുതലും നീണ്ടുനില്‍ക്കുകയാണ്.
ഈ പരമ്പരയില്‍ എന്തെല്ലാം ആഭാസത്തരങ്ങളാണ് വേണ്ടതെന്ന് നിരന്തരം ഗവേഷണം നടന്നുകൊണ്ടിരിക്കുകയാണ്. ഒരു പെണ്‍കുട്ടിയെ വളര്‍ത്തി, പഠിപ്പിച്ച്, ചിലപ്പോള്‍ ജോലിയും കരഗതമാക്കിയ ശേഷമാണ് ഈ മാമാങ്കങ്ങളെല്ലാം നടത്തുന്നത്. ഇത് കഴിയുന്നതോടുകൂടി കുടുംബനാഥന്റെ നട്ടെല്ല് ഒടിയും.
യുവാക്കളും യുവതികളും ഏറെ വിദ്യാസമ്പന്നരാണിന്ന്. സ്ത്രീധനമായി തുകയോ ആഭരണമോ ആവശ്യപ്പെട്ടുകൊണ്ടുള്ള വിവാഹത്തിന് തയ്യാറല്ല എന്ന് എല്ലാ സമുദായത്തിലെയും യുവതീയുവാക്കള്‍ തീരുമാനമെടുക്കണം.
കൂട്ടുകുടുംബങ്ങളോടും നാട്ടുകാരോടും കടം വാങ്ങിയും ഉള്ളതെല്ലാം വിറ്റുമൊക്കെയാണ് ഈ കാര്യങ്ങളൊക്കെ പലരും നിര്‍വഹിക്കുന്നത്. കടക്കാരുടെ നിരന്തരമുള്ള ഓര്‍മപ്പെടുത്തലുകളും കുറ്റപ്പെടുത്തലും കാരണം ചിലരെങ്കിലും ബാങ്കുകളെ സമീപിക്കുന്നു. പലിശ എത്രയായാലും കുഴപ്പമില്ല, 'കുടുംബത്തിന്റെ അഭിമാനം' സംരക്ഷിക്കണം എന്നാണ് ചിന്ത.
അതിന്റെ പരിണിത ഫലമായി എല്ലാം വിറ്റുപെറുക്കി കാശുണ്ടാക്കേണ്ടിവരുന്നു. തികഞ്ഞ അരാജകത്വമാണ് ഈ ധൂര്‍ത്ത് വിളിച്ചുവരുത്തുന്നത്. ഇതിനെതിരെ നിരന്തര ബോധവല്‍ക്കരണം ആവശ്യമാണ്.
ഇന്ന് സമുദായത്തില്‍ യുവാക്കളും യുവതികളും ഏറെ വിദ്യാസമ്പന്നരാണ്. ഈ വസ്തുത നിലനില്‍ക്കെ യുവതീയുവാക്കള്‍ ഇക്കാര്യത്തില്‍ മാതൃക കാണിക്കണം. സ്ത്രീധനമായി തുകയോ ആഭരണമോ ആവശ്യപ്പെട്ടുകൊണ്ടുള്ള വിവാഹത്തിന് തയ്യാറല്ല എന്ന് എല്ലാ സമുദായത്തിലെയും യുവതീയുവാക്കള്‍ തീരുമാനമെടുക്കണം. മുസ്‌ലിം സമുദായാംഗങ്ങളെ നിരന്തരം ബോധവത്കരിക്കണം.
ഇക്കാര്യത്തില്‍ മഹല്ല് കമ്മിറ്റികള്‍ ആവശ്യമായ പ്രായോഗിക സമീപനം കൈക്കൊള്ളണം. അത്യാഡംബരത്തോടെയുള്ള വിവാഹച്ചടങ്ങുകളില്‍ നിന്ന് നാം വിട്ടുനില്‍ക്കണം. പണ്ഡിതന്മാര്‍ ഇത്തരം വിവാഹങ്ങള്‍ക്ക് നേതൃത്വം വഹിക്കുന്നത് നിരുത്സാഹപ്പെടുത്തണം.
സമൂഹത്തിലെ ഉന്നതരായ സമ്പന്നന്മാരെ ഇതൊന്നും ബാധിക്കുന്നില്ല. ഇടത്തരം കുടുംബങ്ങളെയാണ് ഇത് പ്രതിസന്ധിയിലാക്കുന്നത്. ഇതിനെതിരെ ഇസ്‌ലാമിക വീക്ഷണത്തിലൂടെ നടപ്പാക്കാന്‍ സാധിക്കുന്ന പദ്ധതികള്‍ മുന്നോട്ടുവെക്കാന്‍ മഹല്ല് കമ്മിറ്റികള്‍ തയ്യാറാകണം. നവോത്ഥാന സംഘങ്ങളും മുമ്പോട്ടുവരേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. വിവാഹം ലളിതമായി നടത്തുന്നതിനാണ് ഇനി ശ്രദ്ധിക്കേണ്ടത്.